2013, മാർച്ച് 17, ഞായറാഴ്‌ച

ഒരു പ്രണയവിചാരം

ശ്രീ

പ്രണയം. പ്രണയം മനസ്സിന്റെ ഒരു വർ‍ണാഭമായ വികാരം ആണ്. അതിനു കാലമോ കോലമോ ഒന്നും ഒരു തടസ്സമല്ല. മനസ്സുകൊണ്ടെങ്കിലും പ്രണയിക്കാത്ത ആളുകൾ‍ ചുരുക്കമാവും. അങ്ങനെ അല്ലെങ്കില്‍ അത് കള്ളം ആയിരിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാൻ‍ നിങ്ങളെ എന്റെ പഠനകാലത്തേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം.

പണ്ട് എന്റെ പഠനകാലത്ത് ഞാൻ‍ കുറച്ചൊക്കെ എഴുതുമായിരുന്നു. പക്ഷെ ഒന്നും ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. അവയിൽ നിന്ന് ഒരു ഏട് ഞാൻ‍‍ ഇവിടെ പ്രസിദ്ധപ്പെടുത്തട്ടെ. ഞാന്‍ പലപ്പോഴായി എഴുതിയ ഒരേ ഗണത്തിലുള്ള എങ്കിലും പല സ്വഭാവങ്ങളിൽ‍പെട്ട മൂന്നു കവിതകള്‍ ഇത്തിരി മാറ്റത്തോടും ഒത്തിരി കൂട്ടിച്ചേർക്കലോടും കൂടി ഒരു ശൃംഖലയില്‍ കോര്‍ത്തിണക്കിയാണ് ഇവിടെ അവതരിപ്പിക്കുന്നത്.

ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന്റെ (ഉത്സവക്കാഴ്ചകളെപ്പറ്റി നമുക്ക് വേറെ ഒരു കവിതയില്‍ പ്രതിപാദിക്കാം) ഒരു ദിവസത്തെ സായാഹ്നത്തില്‍ അമ്പലനടയിലെ ആല്‍ത്തറക്കു മേലെ താന്‍ മനസ്സില്‍ സ്നേഹിക്കുന്ന പെണ്ണിനോട് തന്റെ മനസ്സ് തുറക്കുവാന്‍ ഒരു ആണ്‍തരി കാത്തിരിക്കുന്നതാണ് രംഗം. അവന്റെ പ്രണയവിചാരം (അത് എന്റേതാവണം എന്നില്ല! ഒരു കവിക്ക്‌ ആരുടെ ചിന്തയിലും വിചാരത്തിലും കയറിപ്പറ്റാം! :) ) എന്റെ പഠനകാലത്തെ ചിന്തകളിലൂടെ .... നിങ്ങളുടെ കണ്ണുകളെ ക്ഷണിക്കുന്നു. ഈ കവിത എന്റെ ഇന്നത്തെ ചിന്തകളിലൂടെ എന്റെ പ്രിയതമയ്ക്ക് സമർപിക്കുന്നു.


വാഷിംഗ്ടണ്‍ ഡി സി യിൽ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്ന ഒരു സാഹിത്യ സംഗീത വേദിയിൽ ഞാൻ ഈ കവിത അവതരിപ്പിച്ചതിന്റെ (12 ഒക്ടോബർ 2013) ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.


മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക
                                                                         
കാത്തിരിപ്പ്‌:
--------------------
എന്തിതു കഷ്ടമേ എത്രയോ നേരമായ് 
പന്തിരഹിതമായ് കാത്തിരിക്കുന്നു ഞാൻ‍ 
പന്തം കൊളുത്തുന്നു അറിയാതെയെന്മനം 
കുന്തം കൊണ്ടായുവാനന്തിവെട്ടത്തിലും

അമ്പലനടയിലെ ചലദലത്തണലിലായ് 
കൂടണഞ്ഞീടുന്ന പറവകൾ‍ ചുറ്റിലായ് 
ചിലക്കുന്നു കാറുന്നു പുണരുന്നു പാടുന്നു 
പുലമ്പുന്നു കളിയാക്കി  എന്റെയന്തർഗതം

ഇതു തന്നെയല്ലേ അവൾ‍ വരും നടവഴി 
തുറക്കുവാനുണ്ടെനിക്കെന്റെ മനോഗതം 
ക്ഷേത്രത്തിലെക്കുപോം മിഴികളെ മറയ്ക്കുവാൻ‍
തത്രപ്പെട്ടു ഞാൻ ആൽത്തറമീതെയായ്

ദിനകരൻ‍ മറയുന്നു വട്ടമായ് അ‍ദ്ധമായ് 
പനമുകളിൽ‌ പൊങ്ങുന്നു ഭീമനായ്‌ അമ്പിളി 
മിന്നിത്തുടങ്ങുന്നു മാനത്ത് പൊട്ടുകൾ‍ 
മിഴികൾ‍ തുറക്കുന്നു കൂരകൾ‍ മുന്നിലായ്

വരുമോ വിഭോ! ഇനിയുമിരിക്കണോ 
തരിച്ചുപോം പാദങ്ങളാട്ടിക്കൊണ്ടോ‍ത്തു ഞാൻ‍ ‌
ഇരച്ചു കയറുന്നു തിമിരം ഘോരമായ് 
നുരഞ്ഞു പതയുന്നു വികാരം പലവിധം

എങ്കിലും തിരഞ്ഞു ഞാൻ‍ സ്വയം ആശ്വസിക്കുവാൻ‍ 
അമ്പലോത്സവത്തിനായ് എത്തിടും സഞ്ചയം 
ചലനങ്ങളൊക്കെയും നിഴലാട്ടമൊക്കെയും 
അവളുടേതകുവാൻ‍ ആഗ്രഹിച്ചൂ

ആഗമനം:
---------------
കിലുക്കം വളകിലുക്കം കിലുക്കം മണികിലുക്കം 
കലുങ്കിൽ‍ തട്ടുന്ന തിരമാല പോലെ 
പാദസരങ്ങളാൽ‍ കുപ്പിവളകളാൽ 
പാതയിലൂടെന്റെ മാനസസുന്ദരി

അന്നനടയിൽ തുളുമ്പുന്നു കവിൾ‍ത്തടം 
പാറിപ്പറക്കുന്നു വസ്ത്രജാലങ്ങളും 
വിടരുന്നു കേശം പരക്കുന്നു വായുവിൽ‍ 
ഓടത്തിലൂടെ പോം നാരിന്റെ പോക്കുപോൽ‍

സ്വേദബിന്ദുക്കളിൽ‍ തട്ടുന്ന രശ്മിയാൽ
വദനം തിളങ്ങുന്നു രത്നസമാനമായ്‌ 
കാണുന്നൂ വരകൾ പുരികക്കൊടികളായ് 
വണ്ണം കുറഞ്ഞൊരു ചന്ദ്രക്കല പോലെ

എന്തോ തിളങ്ങുന്നഞ്ജനം പോൽമുഖ-
ത്താഹാ! തിളങ്ങുന്ന കണ്ണുകളാണവ 
മുല്ലമൊട്ടുപോൽ‍ തിളങ്ങുന്ന ദന്തങ്ങളോ-
മൽമുഖത്തിലെ ചുണ്ടിന്റെ പിന്നിലായ്

വിടരുന്ന പൂ പോലെ ചുണ്ടുകൾ‍ വിടരുന്നു 
വണ്ടിനെപോലെന്നധരം നുകരുവാൻ
വർണ്ണനാതീതമായ് സൌഭാഗ്യതാരമായ്‌ 
വന്നണഞ്ഞാളെന്റെ സിന്ദൂരമാനസം

സമാഗമം:
----------------
ഒന്നു നിൽക്കണേ ഈ പന്ഥാവിൻ‍ നടുവിൽ‍ നീ 
ഒത്തിരിയോതുവാനെനിക്കുണ്ടനവധി !
കണ്ടൂ ഞാൻ നിന്നെ എൻ‍ കണ്ണിണ നിറയെ 
കാണുവാനിനിനിന്നകക്കാമ്പു മാത്രം !

എത്രയോ നാളായ് കാത്തിരിക്കുന്നു ഞാൻ
തത്രപ്പെടുന്നീ നിമിഷമിതേവരെ 
വൃഥായലഞ്ഞു ഞാൻ കാണുവാൻ നിന്നെ 
വ്യക്തമായറിയുവാനയച്ചൂ സഹചരെ.

ദാഹിച്ചുപോയീ ഞാൻ നിൻ സൗരഭത്തിൽ
മോഹിച്ചുപോംതരാം നാട്യഭാവങ്ങളാൽ
ആകാരാമോ ഹാ ! വശ്യം എന്തിനേറെ, 
ആഗ്രഹിക്കാതിരിക്കുവാനാവുമോ !

ചന്തത്തിലൊട്ടുമേ കാര്യമില്ലെങ്കിലും
നിന്റെ ലോലമാം ചിന്താമാലരുകൾ‍
എന്റെ ചിന്തകളാകുന്ന വണ്ടുകൾ
കണ്ടൂ കലോത്സവ വേദികളിൽ‍

എന്നെ നായകസ്ഥാനത്ത് നിത്തിയോ
നിന്റെ കിനാക്കളാം അഭ്രത്തിൻ‍ പാളികൾ‍
കിട്ടിയോ തിരുകിയ കടലാസുചീളുകൾ‍
പേനകൾക്കുള്ളിലും കുടതന്‍ മടക്കിലും

മുടിയിൽ തിരുകുവാൻ‍ തരട്ടെ എന്നാശിച്ചു
അമ്പലക്കുളത്തിലെ ആമ്പൽ‍ പൂവുകൾ
കരിവിളക്കിലെ കരി എടുത്തിട്ടു ഞാൻ
ആശിച്ചു നിന്നുടെ പുരികം മിനുക്കുവാൻ

ചിന്തിച്ചു നോക്കീ ഞാനെന്റെ ജീവിതം
നീയില്ലാതെയായിട്ടെങ്ങനെയായിടും
അന്തവുമില്ലാ അതിനൊരു ചന്തവുമില്ലാ
എന്തുമേ ചൊല്ലണമെന്നൊരു തിട്ടവും

മാനസസരസ്സിന്റെ ഓരത്തിലെത്തുന്നു
യുഗ്മഗാനത്തിലെ ശീലുകൾ‍ കേട്ടു ഞാൻ‍
ചിരിക്കൂ നീ നിന്റെ മനമൊന്നു തുറക്കൂ
ചരിക്കാം നമുക്കീ പന്ഥാവിലിരട്ടയായ്

കേൾ‍ക്കുന്നുണ്ടോ സഖേ എൻ ഖണ്ഡകാവ്യം 
ഉൾക്കാമ്പിലുദിക്കുന്നൊരു പ്രേമകാവ്യം 
എത്രയോ കാലമായ് ഉദ്യമിക്കുന്നു ഞാ-
നെത്തുവാൻ കൊതിപൂണ്ട്‌ നിൻ ചാരെയണയുവാൻ

തിരിഞ്ഞു നോക്കീ അവൾ‍ പൊഴിച്ചു നിന്നൂ
പരിപൂർ‍ണ്ണചന്ദ്രന്റെ ആയിരം രശ്മികൾ
സ്തബ്ധനായ് നിന്നു ഞാൻ‍ സംഘ‍ഷ ഭീതിയിൽ‍
എല്ലാം അലിഞ്ഞിട്ടില്ലാതെ ആവുമോ

പക്ഷെ മൊഴിഞ്ഞവൾ‍ മണിമുത്തുകൾ‍ പോലെ
നിഷ്കളങ്കയായ് സുസ്മേരവദനയായ് 
നീ അയച്ചൊരു വണ്ടുകളൊക്കെയും
തുരന്നിട്ടു കയറീ എന്‍ മാനസത്തിൽ‍

നീ ഇറുത്തോരാ ആമ്പലിൻ‍ മലരുകൾ
തിരുകിത്തരൂ ഈ കൂന്തൽ‍ക്കനങ്ങളിൽ
വിരലിൻ‍ തുമ്പിലെ കരിവിളക്കിന്‍കരി
കൊണ്ടു വരയ്ക്കൂ പുരികക്കൊടികളെ

മാനസസരസ്സിന്റെ തീരത്തിരിക്കുവാൻ
മനസ്സിന്റെ ജാലകം മലക്കെ തുറന്നു ഞാൻ‍
ഇനിയെൻ‍ കിനാക്കളിൽ‍ നായകസ്ഥാനത്തു
നിന്റെയീ വദനം മാത്രമേ കാണൂ

ആപാദചൂടം  കോരിത്തരിച്ചുപോയ്‌
ആമോദം അശ്രുബിന്ദുക്കളിൽ കുതിർന്നുപോയ്
ആലിംഗനത്തിൽ മറന്നുപോയ്‌ പരിസരത്താ-
കമാനം നിറഞ്ഞുപോയ് കാണികൾ

സമാപനം:
----------------
പൊഴിച്ചൂ പ്രകൃതി സന്തോഷാശ്രു പോലവേ
പൊഴിഞ്ഞൂ ജലകണം തുള്ളിപോൽ‍ മന്ദമായ്‌
തഴുകീ മാരുതൻ‍ മന്ദമായ് തലോടി
തുഴഞ്ഞൂ പക്ഷികൾ‍ ആകാശവീഥിയിൽ‍

മരം പൊഴിച്ചൂ വൃക്ഷജാലങ്ങളും
മൂകരായ്‌ നിന്നുപോയ് ജീവജാലങ്ങളും
ആഗ്രഹിച്ചുപോയ്‌ ലോകൈകജീവിതം
ആവർത്തീച്ചീടുവാൻ‍ നിമിഷങ്ങളീവിധം

ഹാ! പ്രപഞ്ചമേ ഭാസുരം! ഭാസുരം !
ഹന്ത ! മോഹനം ജീവിതം കോമളം !
പതിച്ചൂ മനങ്ങൾ പരസ്പരം, കാണാതെ 
പതിഞ്ഞൂ ഇണകൾ ഹാരമായ്‌ ചേർന്നുപോയ്

സാക്ഷീ മനോഹരീ പ്രകൃതീ വിഭൂഷിതേ
സാദരം നമിക്കുന്നെന്നാമോദമാനസം !

                                                        *************************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും  ആയിരിക്കും.

                                                          **********************

2013, മാർച്ച് 3, ഞായറാഴ്‌ച

കാടൻ ചിന്തയുടെ ചുടലതാളം

ഈ ഒരു കവിതയിൽ‍  എന്റെ ഭൂതകാലത്തിന്റെ ഒരു ഏട്ടിലെ ചില അംശങ്ങളുണ്ട്. ഇപ്പറഞ്ഞ ചിന്തകൾക്ക്  ഇന്നത്തെ എന്റെ വർത്തമാന ചിന്തകളുമായി ഒരു തരത്തിലും സാമ്യമില്ല. സാഹചര്യങ്ങളാണ് ചിന്തകളെ നയിക്കുന്നത്. ചിന്തകൾ അത്യാവശ്യവുമാണ്. ആരുടെ സാഹചര്യങ്ങളും ചിന്തകളെ  കാട് കേറാതിരിക്കാൻ സഹായിക്കട്ടെ.

കവിതയിൽഒരു ആത്മസംഘർഷമാണ്  പ്രതിപാദിച്ചിരിക്കുന്നത്. എല്ലാ സംഘർഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ആത്മഹത്യയാണ് മാർഗമെന്ന് ആത്മാവ് ദേഹത്തോട് പറയുന്നതും തദ്വാരാ ദേഹത്തിൽ നിന്ന് ആത്മാവ്വിട പറയുന്നതുമായ ഒരു മുഹൂർത്തം സ്വന്തം കണ്മുന്നിൽ കാണുന്നതാണ് ഇവിടെ  കാടൻ ചിന്തയായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഒരു കവിത മാത്രമാണ്. ഇവിടെ ആരോടും പരിഭവിക്കുകയോ ആരെയും പരിഹസിക്കുകയോ ചെയ്യുന്നില്ല.

ഈ കവിത ഞാൻ‍ എന്റെ മാതാപിതാക്കൾ‍ക്ക്‌ സമർപ്പിക്കുന്നു.

കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.




മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ നേരിട്ടു കേൾക്കുക

ശ്രീ

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം
അന്ത്യം കുറിക്കട്ടെ പാളം

ചിന്തകൾ‍ കൊണ്ടുമെൻ‍  കർമങ്ങളെക്കൊണ്ടും
എന്തു ഞാൻ നേടിയെന്നോർ‍ക്കാം
പന്താടുന്ന തരത്തിലീ ജീവിതം
അന്തരാളത്തിൽ‍ ചുഴിഞ്ഞൂ
ആത്മാവിനെന്തു പിഴച്ചൂ

ഈ ലോകത്തിന്റെ കോണിൽ‍ ഒരിക്കൽ‍ ഞാൻ‍
ഞാൻ‍ തന്നെ അറിയാതെ വന്നൂ
വളരുന്ന നാളിൽ ഞാൻ‍ തന്നെ അറിയാതെ
ദീനത്തിലായിട്ടമർ‌ന്നൂ
ഗാത്രം കീറി മുറിച്ചൂ

അസ്ഥിതൻ ‍മജ്ജയും കരളിന്റെ നീരും
മലമൂത്രരക്തവും ചികഞ്ഞിട്ടു നോക്കിയും
മരുന്നുകൾ‍ കുത്തിയും തൊലിപ്പുറം കീറിയും
ആർക്കുമേ ഒന്നുമേ തിരിയാതെയായി
എല്ലാം ഒരുതരം മരീചികയായി

ജീവിതാന്തങ്ങളെ കൂട്ടിമുട്ടിക്കുവാൻ
പാടുപെടുന്നോരു താതന്റെ
ജീവിതഭാണ്‍ഡത്തിൻ‍ ഭാരത്തിനപ്പുറം
കൂനിന്മേൽ‍ കുരുവായി ഞാനും
വേവാത്ത ചോറായി ഞാനും

ആഗ്രഹസാഫല്യമെന്തെന്നറിയാതെ
മാളത്തിലായുള്ള ബാല്യം
കൂട്ട് ചേരുന്നിടം കൂട്ടുവാൻ‍ പറ്റാതെ
മൂലക്കിരുത്തിയ ബാല്യം
ശോഷിച്ചു പോയൊരു ബാല്യം

ജനകന്റെ ഭാണ്‍ഡത്തിൻ‍ കെട്ടു മുറുകുമ്പോൾ‍
പഴിക്കാനായൊരു ജീവൻ
മാനസം ലാളന തേടുന്ന നേരം
തലോടാൻ‍ വന്നില്ലൊരാളും
ഗദ്ഗദം മാത്രമായ് ബാക്കി ‍

വീട്ടിലെ താളങ്ങൾ‍ താളത്തിലാക്കുവാൻ
പാടുപെടുന്നൊരു കാലം
നാട്ടിലെ കാര്യങ്ങൾ‍ കൂടിക്കുമിഞ്ഞോരു
ഗോളമായ് താതന്റെ താളം
കോലമായ് താതന്റെ കായം

സമകാലീന സൗകാര്യാന്തരങ്ങളാൽ
ആൾക്കൂട്ടത്തിൽ‍ തനിച്ചിരുന്നു
വിദ്യകൾ‍ പലതും കൈവശമില്ലാതെ
കൂട്ടരാൽ‍ ഞാനും വലിഞ്ഞിരുന്നു
നീറ്റലാലെന്മനം വീണിരുന്നു

മുട്ടുകൾക്കുള്ളിലും വീട്ടിലെ കർമങ്ങൾ
ചിട്ടയാം മട്ടിൽ‍ കടന്നു പോയീ
എന്നിരുന്നാലും ഇടക്കൊക്കെ അച്ഛന്റെ
സ്നേഹത്തിൻ‍ തീവ്രത ഞാനറിഞ്ഞു
കടമകൾ‍ ത‍ൻ കട്ടി ഞാനറിഞ്ഞു

നിലവറക്കുള്ളിലെ റാന്തൽ വിളക്കു  പോൽ‍
കണ്ടില്ല ഞാനാ മാനസത്തെ
എനിക്കില്ലാത്തതുമതുമാത്രമായി
ആരാലും കാണാത്തകക്കണ്ണ്‍
ഉണ്ടായിരിക്കേണ്ട ദീർഘദൃഷ്ടി

വീട്ടിലെത്തുമ്പോൾ ഭീതി വിളമ്പുന്ന
മൌന വിഷാദിയായ് താതൻ‍
ചിന്തിച്ചു ചിന്തിച്ചു വളരുന്ന നേരം
കൌമാരമെത്തിയെൻ മുന്നിൽ
വല്ലാത്ത ചിന്തകളായി എന്നിൽ‍

അമാന്തം കൂടാതെ കൂസലുമില്ലാതെ
ധിക്കാരിയായി നടന്നു
കൂട്ടരെപ്പോലെ വിക്രിയ കാട്ടുവാൻ‍
ധൃതികാട്ടി ധൂളിയിൽ ഞാൻ‍ നടന്നു
ദോളനം കേൾക്കാതെ ഞാനകന്നു

അന്നത്തിനൊട്ടുമേ ബുദ്ധിമുട്ടില്ല
പിന്നെയും ചിന്തകൾ കാട്ടിലായി
ഇത്തരം ചിന്തകൾ‍ക്കുള്ളിലും നൂണിട്ടു
ദീനം കണ്ണ് മിഴിച്ചു നോക്കി
കാലന്റെ കണ്ണ് തുറിച്ചു നോക്കി

അതെന്റെ താളം, കുടിലിന്റെ താളം
എല്ലാം അവതാളമാക്കി മാറ്റി
ഞാനൊരു വേതാളമായി മാറി
തെക്കേ ചുടലയിൽ‍ താളമായി
മാവിൻ‍ ചുവട്ടിൽ‍ ബഹളമായി

മറുതരക്ഷസ്സുകൾ‍ പിറുപിറുത്തു
കാലൻ‍ കോഴി കരഞ്ഞു
പ്രേതപിശാചുക്കൾ ഓടിയെത്തി
യക്ഷികൾ  ചുടലയിൽ ചടുലമാടി.

ഭസ്മക്കുളത്തിൽ കുളി കഴിഞ്ഞു
വെള്ളപ്പുതപ്പു പുതച്ചു
ചൂട്ടു കളത്തിൽ‍ കളം വരഞ്ഞു
ഞാൻ‍‍ ആ കളത്തിൽ‍ കിടന്നു.

ജീവന്റെ ആത്മാവ് തുടുതുടുത്തു
പരമാത്മാവ് ചിരിച്ചു
ദേഹം ദേഹിയെ നോക്കി നിന്നു
ചുടലയിൽ‍ നാളം പടർ‍ന്നു

ദേഹി ദേഹത്തെ വലം പിരിഞ്ഞു
പരിരംഭണത്തിൽ‍ അമർന്നു
ദേഹി തൻ‍ കണ്ണു നിറഞ്ഞു
ദേഹത്തിനോടായ് പറഞ്ഞു

ആളുന്ന തീയിൽ‍ എരിഞ്ഞൊന്നടങ്ങുവാൻ
തയ്യാറാവട്ടെ ദേഹം
പാളുന്ന ജീവിതതാളത്തിനിത്തിരി
ആശ്വാസമാവട്ടെ നാളം

                                                               ****************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                ***************

2013, മാർച്ച് 2, ശനിയാഴ്‌ച

ഒരു കള്ളുകുടിയു​ടെ ഓര്‍മയ്ക്ക്

എന്റെ നാട്ടിലെ നല്ല കള്ളുകുടിയന്മാരാൽ‍  പേരു കേട്ട ഒരു കള്ള് ഷാപ്പ്‌ ആണ് "കാളിയിലെ കള്ള് ഷാപ്പ്". പല നാടുകളിൽ‍ നിന്നും ഇവിടെ കള്ള് ‌ കുടിക്കാനും അതോടൊപ്പം നല്ല നാടൻ‍ വിഭവങ്ങൾ‍ ആസ്വദിക്കാനും ഇവിടെ ആളുകൾ എത്താറുണ്ട്. നല്ല പച്ചപ്പും വിശാലമായ കായലോരവും ഇവിടം മനോഹരമാക്കുന്നു. ഒരു നല്ല കള്ളു കുടിയനും അല്ലെങ്കിൽ‍ ഒരു കലാസ്വാദകനും ഈ കവിത ആസ്വദിക്കാൻ‍ പറ്റുമെന്ന് കരുതുന്നു.

എന്റെ ഒരു അനുഭവം അവിചാരിതമായി  ഒരു  കവിതാശകലത്തിന്റെ രൂപത്തിൽ‍  എനിക്ക് എന്നാലാവുംവിധം നല്ലതെന്നു തോന്നിയ ഈണത്തോടെയും താളബോധത്തോടെയും പദസഞ്ചലനത്തോടെയും ഇവിടെ കുറിച്ചു കൊള്ളട്ടെ. നിങ്ങൾ‍ നിങ്ങളാലാവും വിധം നന്നായി പാടുക. ഈ കവിതയിലൂടെ കാളിയിലെ കള്ള് ഷാപ്പിനു കൂടുതൽ‍ പ്രസിദ്ധി ഉണ്ടാവട്ടെ. ഈ കവിത എല്ലാ നല്ല കള്ള് കുടിയന്മാർ‍ക്കും സമർ‌പ്പിക്കുന്നു.

[കവിതകൾ വായിച്ചു മനസ്സിലാകുന്നതിനേക്കാൾ കേട്ടു മനസ്സിലാക്കാനാണ് എളുപ്പം എന്ന് തോന്നിയപ്പോൾ ശബ്ദവും ശ്വാസവും ഒന്നും  നന്നല്ലെങ്കിലും എന്നാലാവുന്ന രീതിയിൽ ഒരു ശ്രമം നടത്തിയതാണ് താഴെ കാണുന്ന ശബ്ദരേഖ. എഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്ന താളവും രീതിയും അറിയിക്കുവാനുള്ള ഒരു എളിയ ശ്രമം.  തെറ്റുകൾ പൊറുത്ത് നിങ്ങൾക്ക് നിങ്ങൾക്കാവുന്ന രീതിയിൽ നന്നാക്കാൻ ശ്രമിക്കാം.  എല്ലാവരും  ആസ്വദിക്കുമെന്ന് കരുതിക്കൊളളട്ടെ.]


മുകളിലത്തെ ശബ്ദരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

കാളീലെ കള്ളു ഷാപ്പിനു ഉണ്ടൊരു മണം
അത് തെങ്ങിന്റെ മണം അല്ല കള്ളിന്റെ മണം.
ഹ ഹ ഹായ്‌

മണം പൂകി അകം പൂകി കേറിയിരുന്നു
മനം തൂകിയിരുന്നൂ.
ഹൊ ഹൊ ഹൊയ്
മണം പൂകി....

മൂലക്കിരുന്നു പാടും മീശക്കാരൻ‍,
മേശമേൽ‍ കൊട്ടിയാടും വയറന്‍ ചേട്ടൻ‍
താളത്തിൽ‍ ആടിപ്പാടി ഷാപ്പുകാരൻ‍,
നീളന്‍ കുപ്പിയിൽ‍ കള്ളുമായി മുന്നിലെത്തി

ഓലക്കൂരക്കീഴേ പടിഞ്ഞിരുന്നൂ,
ഓലമറയ്ക്കുളേള  ഞെളിഞ്ഞിരുന്നൂ.
കള്ളിൻ‍ കുടം ഞങ്ങൾ‍ മോന്താനായി,
തൊള്ള തുറന്നു പിടിച്ചുവല്ലോ.

കള്ളിന് കൂട്ടായി ഞണ്ട് കറി പിന്നെ-
ചെമ്മീൻ‍ കറി , പോരാ കോഴിക്കറി
ഹ ഹ ഹായ്‌...

കപ്പ കടലപ്പുഴുക്കുകളും, തൊട്ടു -
കൂട്ടി രസിക്കുവാൻ‍ അച്ചാര്‍ കൂട്ടം.
ഹൊ ഹൊ ഹൊയ്
കപ്പ...

ചർച്ചകൾ രാഷ്ട്രീയം, സാങ്കേതികം
പെണ്ണ് പിടക്കോഴി ഭാവികളും.
ഇത്തിരി നേരം മോന്തിയപ്പോൾ‍
ഉള്ളിലെ താളങ്ങൾ‍ മേളമായി

മേളക്കൊഴുപ്പേകാൻ‍ വാദ്യമായി
വാദ്യത്തിൽ‍ താളത്തിൽ‍ ആട്ടമായി
ഓലപ്പുരയ്ക്കുള്ളിൽ‍ വീതി പോരാ,
ഞങ്ങൾ‍  കായൽത്തീരം വന്നണഞ്ഞുവല്ലോ

വെക്കും ചുവടുകൾ‍ തകതിമിതൃമിതയ്
പാടുന്ന പാട്ടുകൾ‍ ഹൊയ്‌യാരെ ഹൊയ്‌യാ
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്...

കാളീലെ...

കായലോരത്തെ തെങ്ങിൻ‍ കീഴിൽ‍
വഞ്ചിപ്പാട്ടിന്റെ താളങ്ങൾ‍ ഘോഷമായി
മേലെ പറക്കും  കുരുവി  പോലെ
ഞങ്ങൾ‍ താഴെ പറക്കുന്ന പക്ഷികളായ്

മത്തിന്റെ മോഹ വലയത്തിന്മേൽ‍
മാരിവില്ലുകൾ‍ ചാമരം തീര്‍ത്തുവച്ചു
മത്തിന്റെ കെട്ടുകൾ‍ പൊട്ടിക്കുവാൻ‍
മഴക്കാറുകൾ‍ വൃഷ്ടികൾ‍ തീർ‍ത്തുവച്ചു

തോർ‍ത്തു മുണ്ടുകൾ‍ തലയിൽ‍ ചുറ്റി
കള്ളിൻ‍ കുടത്തിന്‍മേൽ‍ താളം കൊട്ടി
കൊട്ടിക്കലാശത്തിൻ‍ ചാരുതയിൽ‍
പാട്ടിന്റെ താള സമാപ്തിയായി

മഴ നൃത്തം ചടുലം, ആനന്ദം പ്രകടം
തിന്തതെയ് തിന്തകതൃമുതെയ്
തിന്തതെയ്....

കാളീലെ...

                                                             **********************

ഈ കവിതയുടെ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചും വിഷയവിശകലന രീതിയെക്കുറിച്ചും പദവിതരണ രീതിയെക്കുറിച്ചും താളത്തെ കുറിച്ചും ഒക്കെ ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വളച്ചുകെട്ടലുകളില്ലാതെ തീർ‍ച്ചയായും ഇവിടെ രേഖപ്പെടുത്തുക.

                                                                    **************