2022 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

ഏകാന്തം

ഒറ്റക്കിരിക്കുക എന്നത് വലിയ കാര്യമൊന്നും അല്ലെന്ന് എല്ലാരും പറയും. പല സാഹചര്യങ്ങളിൽ പലരും വീട്ടിലോ ഹോട്ടലിലോ അല്ലെങ്കിൽ കുളത്തിന്റെ കരയിലോ മറ്റോ ആയി ഒറ്റക്കൊക്കെ ഇരുന്നു കാണും. ബഹളമയമായ ഈ ലോകത്ത് നിന്ന് ഇത്തിരി ശാന്തി കിട്ടാൻ, ജോലിയുടെ സമ്മർദ്ദത്തിൽ നിന്ന് ഇത്തിരി അകന്ന് നിൽക്കാൻ, ചിലപ്പോഴെങ്കിലും ആരോടും പറയാൻ പറ്റാത്ത വീട്ടിലെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ എന്നിങ്ങനെയായി പലകാരണങ്ങളാൽ ഒറ്റക്കിരിക്കാൻ പലരും തീർച്ചയായും പലപ്പോഴായി കൊതിച്ച് കാണും. ഞാനും അങ്ങനെയാണ്. മിക്കവാറും സമയങ്ങളിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം. കാരണമൊന്നും ചോദിക്കരുത്; ഞാൻ പറയൂല്ല.

ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഒറ്റക്കിരിക്കാൻ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെങ്കിലും, യാത്രാ സംബന്ധിയായി ചില ഹോട്ടലുകളിൽ ഒറ്റക്ക് താമസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും, സമീപത്തെങ്ങും ഒരു മനുഷ്യജീവിയുടെ പോലും സാന്നിദ്ധ്യമില്ലാതെ ഒറ്റക്കിരിക്കാൻ,  രാത്രി കഴിയാൻ സാഹചര്യം കിട്ടിയത്, രണ്ടാഴ്ച മുൻപാണ്. 

ട്രെക്കിങ്ങും ഹൈക്കിങ്ങുമൊക്കെ കുറച്ച് കാലങ്ങളായി ചെയ്യാറുണ്ടെങ്കിലും ക്യാംപിങ്  തുടങ്ങിയത് ഈയ്യടുത്ത കാലത്താണ്; ശരിക്കും പറഞ്ഞാൽ കോവിഡ് തുടങ്ങിയതിന് ശേഷം. അങ്ങനെ, നാല് തവണകളായി പത്ത് ദിവസങ്ങളോളമെടുത്ത് അമേരിക്കൻ ഐക്യനാടുകളുടെ കിഴക്ക് ഭാഗത്തായി തെക്കുവടക്കായി നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ മലനിരകൾക്ക് മുകളിലൂടെയുള്ള,  2200 ഓളം മൈലുകൾ നീണ്ട് കിടക്കുന്ന അപ്പലാച്ചിയൻ ട്രെയിലിലൂടെ (AT), ഞങ്ങൾ നാലഞ്ച് സുഹൃത്തുക്കൾ, ഇതുവരെയായി അറുപതോളം മൈലുകൾ താണ്ടിയിട്ടുണ്ട്.കാട്ടിലൂടെയുള്ള നടത്തവും രാത്രിയിലെ കിടത്തവും, ഭക്ഷണം  വളരെ രസകരമാണ്. ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ, ദൈനംദിന ജീവിതത്തിലെ ജോലിപരമായും കുടുംബപരമായും സാമൂഹ്യപരവുമായുള്ള സംഘർഷങ്ങളില്ലാതെ, മൊബൈൽ കണക്ഷനുകളില്ലാതെ, ആവശ്യത്തിന് മാത്രം ഭക്ഷണം കഴിച്ച്, സ്വച്ഛന്ദമായ വായുവും ശ്വസിച്ചുകൊണ്ടുള്ള നടത്തവും കിടത്തവും. കയറ്റങ്ങളും ഇറക്കങ്ങളും, വിടവുകളും നിറഞ്ഞ ദുര്ഘടപാതകളിലൂടെ നടന്നുളള വ്യായാമം കഴിഞ്ഞ്, കാട്ടരുവിയിലെ ഒരു കുളിയും കഴിഞ്ഞ ശേഷം, സ്വല്പം ഭക്ഷിച്ച്, വൃക്ഷങ്ങൾക്കിടയിലെ നിരപ്പല്ലാത്ത തറയിൽ കെട്ടിയുയർത്തിയ താൽക്കാലിക കൂടാരത്തിൽ കിടന്നുറങ്ങുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.

ഈ അപ്പലാച്ചിയൻ ട്രെയിലിന്റെ ഏറ്റവും ദുർഘടമായ, 'റോളർ കോസ്റ്റർ' എന്ന് വിളിക്കപ്പെടുന്ന ഭാഗം കടന്ന് പോകുന്നത് ഞാൻ താമസിക്കുന്ന വീടിനടുത്ത് കൂടെയാണ്. വീട്ടിൽ നിന്ന് ഏകദേശം ഇരുപത് മൈലുകൾ ദൂരം മാത്രം. കഴിഞ്ഞ ഒരു യാത്രയിൽ ഈ റോളർ കോസ്റ്റർ ഞങ്ങൾ താണ്ടിയതാണ്. ആ ഒരു യാത്രയിലാണ് 'സാം മൂർ ഷെൽട്ടറി'നും (Sam Moore Shelter) 'ബേർസ് ഡെൻ ഓവർ ലുക്കി' നും (Bears Den Overlook) ഇടയിലൂടെ ഒഴുകുന്ന കൊച്ചരുവിയായ 'സ്പൗട്ട് റണ്ണി'ന്റെ (Spout Run) കരയിൽ ഞങ്ങൾ ഒരു രാത്രി ടെന്റ് കെട്ടി കഴിഞ്ഞുകൂടിയത്. 

'സ്പൗട്ട് റണ്ണി'ന്റെ കരയിൽ കഴിഞ്ഞ ആ ആദ്യരാത്രി, എന്നെ സംബന്ധിച്ചടുത്തോളം കാളരാത്രി ആയിരുന്നു. അന്ന് ഉച്ചക്ക് തീർത്തും ഇഷ്ടപ്പെടാതെ കഴിച്ച, പാതി മാത്രം വെന്ത സാൽമൺ ആയിരുന്നോ പ്രശ്നം, അതല്ല, രാത്രി നല്ലൊരുറക്ക് കിട്ടാൻ വേണ്ടി, കൈയ്യിൽ കരുതിയിരുന്ന റമ്മിൽ നിന്ന് ഒരു പെഗ്ഗടിച്ചതാണോ പ്രശ്നം, എന്നത് നിശ്ചയമില്ലെങ്കിലും, തീയൊക്കെ കൂട്ടി, ഭക്ഷണം പാകം ചെയ്തതിന് ശേഷം, അരുവിയിലെ നഗ്നനീരാട്ടും കഴിഞ്ഞ് തിരിച്ചെത്തിയ ഞാൻ നീട്ടി നീട്ടി വാളുവച്ചു. ഉച്ചക്ക് കഴിച്ച സാൽമനും, പെഗ്ഗിന്റെ കൂടെ കഴിച്ച ഏതോ ഒരു ടിൻഡ് മീനും, കുഴഞ്ഞ് മറിഞ്ഞ് അരുവിക്കരയിലെ മരച്ചുവട്ടിൽ പതിച്ചു. ഇതിനെക്കുറിച്ച് വിശദമായി 'വാളുകൾ തഴുകിയ റോളർ കോസ്റ്റർ' എന്ന ഒരു കുറിപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.

എന്തായാലും, ഞങ്ങൾ കിടന്നുറങ്ങിയ ആ സ്പൗട്ട് റൺ പ്രദേശം വളരെ മനോഹരമായിരുന്നു. മൂന്നു ഭാഗവും മലകളാൽ ചുറ്റപ്പെട്ട്, നടുവിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന അരുവിക്കരയിൽ, അരുവിയുടെ കളകളാരവം ശ്രവിച്ച് ആരുടേയും ശല്യമില്ലാതെ വിശ്രമിക്കാൻ പറ്റിയ ഒരു കാനനമദ്ധ്യം! അന്ന് അവിടെ നിന്ന് മടങ്ങും വഴിയാണ്, അതേ സ്ഥലത്ത് വീണ്ടും ഒരു തവണ കൂടി പോകാൻ എനിക്ക് ആശയുണ്ടായത്. 

കുറച്ച് ആഴ്ചകൾ കഴിഞ്ഞപ്പോൾ, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ, കുടുംബ സമേതം, അതേ അരുവിക്കരയിലൂടെ, അപ്പലാച്ചിയൻ ട്രെയിലിലൂടെ സാം മൂർ ഷെൽട്ടർ വരെ ഹൈക്ക് ചെയ്ത്, അതേ ദിവസം തന്നെ തിരിച്ച് പോന്നു. അവർക്ക് ഇഷ്ടപ്പെട്ടാൽ ഒരു ദിവസം, എല്ലാവരും വീണ്ടും അവിടെ പോയി കുടുംബ സമേതം ക്യാമ്പ് ചെയ്യാനായിരുന്നു പ്ലാൻ. ദുർഘടമായ പാത ആയിരുന്നതിനാൽ ചില കുടുംബങ്ങൾ അത്തരമൊരു പ്ലാനിൽ നിന്ന് തീർത്തും പിന്മാറി. ഒടുവിൽ എന്റെ കുടുംബവും വേറെ രണ്ട് കുടുംബങ്ങളും കൂടി ഒരു ദിവസം ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചു. പക്ഷേ സ്ത്രീജനങ്ങൾക്ക് അരുവിക്കരയിൽ രാത്രി കിടക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. പകരം, തുറന്ന് കിടക്കുന്നതാണെങ്കിലും, കിടന്നുറങ്ങാൻ ഒരു തറയും മേൽക്കൂരയുമുള്ള സാം മൂർ ഷെൽട്ടറിൽ ക്യാമ്പ് ചെയ്യാനാണ് അവർ താല്പര്യപ്പെട്ടത്. പേടിക്ക് പുറമേ, അവരെക്കൊണ്ട് അങ്ങനെ ചിന്തിപ്പിക്കാനുള്ള പ്രധാന കാര്യം, അവിടെയൊരു കക്കൂസ് ഉണ്ടെന്നുള്ളതും (നാറുന്നതാണെങ്കിലും) കൂടിയാണ്. 

അങ്ങനെ ഒരു രാത്രി, ഞങ്ങൾ സാം മൂർ ഷെൽട്ടറിൽ കഴിഞ്ഞ് പിറ്റേദിവസം ആവുമ്പഴേക്കും സ്ത്രീകൾക്ക് അത്തരം ഒരു ക്യാംപിങ് പരിപാടിയോട് താല്പര്യം കുറഞ്ഞു. ഒന്നാമത്, രാത്രിയിൽ പേടികൊണ്ടും തണുപ്പ് കൊണ്ടും  അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാമത്, മൂത്രമൊഴിക്കുന്നതും വെളിക്കിരിക്കുന്നതും, വളരെയധികം നാഗരികരായി മാറിയിരിക്കുന്ന അവരെ സംബന്ധിച്ചടുത്തോളം വളരെയധികം ദുഷ്കരമായിരുന്നു. അതുകൊണ്ട് തന്നെ, കുടുംബവുമൊത്തുള്ള ക്യാംപിങ് എന്ന പരിപാടി, കുട്ടികൾക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, അവരെയും കൊണ്ടുള്ള ഒരു ക്യാംപിങ് പിന്നീട് നടന്നില്ല. പക്ഷേ എന്റെ മനസ്സിൽ വീണ്ടും വീണ്ടും അവിടേക്ക് പോകാനുള്ള ആഗ്രഹം കൂടിക്കൂടി വരികയായിരുന്നു. ഒരു തവണ ശബരിമല കയറിയ ഭക്തന്മാർ, അവിടേക്ക് വീണ്ടും വീണ്ടും പോകണമെന്ന് പറയുന്നത് പോലെ!

സാധാരണ രീതിയിൽ, ഇവിടെ അമേരിക്കയിൽ ക്യാംപിങ് ചെയ്യുന്നതിന് പ്രത്യേകം നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങൾ ഉണ്ട്. ക്യാംപിങ് ഗ്രൗണ്ട് എന്ന് പറയും. ആ സ്ഥലങ്ങൾ കുറച്ച് കൂടി സുരക്ഷിതവും വെള്ളവും മറ്റ് ശൗച്യകർമ്മങ്ങൾക്കുള്ള ക്രമീകരങ്ങളും അവിടെ ഉണ്ടാവും. പക്ഷേ ഒരു നിശ്ചിത തുക ഫീസ് കൊടുക്കണം. എന്നെ സംബന്ധിച്ച്, അത്തരം ബഹളങ്ങൾക്കിടയിൽ ക്യാമ്പ് ചെയ്യാൻ ഒട്ടും താല്പര്യമില്ലാത്തയാളാണ്. അതുകൊണ്ട്, വീട്ടിൽ നിന്ന് എളുപ്പത്തിൽ എത്തിപ്പെടാവുന്നതും, ഫീസ് കൊടുക്കേണ്ടാത്തതുമായ സ്പൗട്ട് റൺ പ്രദേശത്ത്, തീർത്തും വന്യമായ സാഹചര്യം ആസ്വദിക്കാനായിരുന്നു ഞാൻ താല്പര്യപ്പെട്ടത്. വീട്ടിൽ നിന്ന് 40 മിനുട്ടുകൾ മാത്രം കാറിൽ യാത്ര ചെയ്ത്, റൂട്ട് 7 ൽ 'സ്നിക്കേഴ്സ് ഗ്യാപ്' എന്ന സ്ഥലത്ത് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ബേർസ് ഡെൻ വഴി മൂന്ന് മൈലുകളോളം വനത്തിനുള്ളിലേക്ക് അപ്പലാച്ചിയൻ ട്രെയിലിലൂടെ തെക്കോട്ടേക്ക് ഹൈക്ക് ചെയ്‌താൽ സ്പൗട്ട് റൺ എന്ന ഈ സ്പോട്ടിലെത്താം എന്നത് വളരെ അനുകൂലമായ ഘടകവുമാണ്. 

കഴിഞ്ഞ രണ്ട് വർഷങ്ങളായി ഞങ്ങൾ ആൺ സുഹൃത്തുക്കൾ മാത്രമായി നടത്തുന്ന, രണ്ടോ മൂന്നോ ദിവസങ്ങൾ നീളുന്ന അപ്പലാച്ചിയൻ ഹൈക്കിങ് യാത്രകൾ, ഈ വർഷം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ, ഒരു ദിവസത്തേക്കെങ്കിലും ഹൈക്ക് ചെയ്ത്, ക്യാമ്പ് ചെയ്ത് തിരിച്ച് വരാൻ ഞാൻ പദ്ധതിയിട്ടു. ആ വിവരം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ, അതിലൊരുവൻ എന്റെ കൂടെ വരാൻ സന്നദ്ധതയറിയിച്ചു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടെ കഴിഞ്ഞ സെപ്തംബർ മദ്ധ്യത്തിലെ ഒരു ശനിയാഴ്ച രാത്രി, സ്പൗട്ട് റൺ സ്പോട്ടിൽ ക്യാമ്പ് ചെയ്ത് തിരിച്ചു വന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ക്യാമ്പ് ചെയ്യാൻ എനിക്ക് പൂതി വന്നു തുടങ്ങി. പക്ഷേ ഈ തവണ വ്യക്തിപരമായ പലതരം കാരണങ്ങളാൽ, ആരും എന്റെ കൂടെ വന്നില്ല. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്' എന്ന തരത്തിലുള്ള ഒരു മുഹൂർത്തം അവിടെ സംജാതമാവുകയായിരുന്നു. 

ഞാൻ ഒരുക്കങ്ങളൊക്കെ ആരംഭിച്ചു. ഒക്ടോബർ ഒന്ന് ശനിയാഴ്ച പോകാനാണ് പ്ലാൻ. മലമുകളിലെ കാലാവസ്ഥ നോക്കിയപ്പോൾ, ആ ദിവസത്തെ രാത്രിയിലെ ചൂട് വെറും 36F (2C) ആണെന്ന കുറിപ്പ് കണ്ട്, മനസ്സ് തന്നെ മരവിച്ചത് പോലെ തോന്നി. പോരാഞ്ഞതിന്, വീട്ടുകാരി, 'നിങ്ങളിങ്ങനെ ഒറ്റക്ക് പോകണോ'... 'വല്ലാത്ത തണുപ്പല്ലേ'... എന്നിങ്ങനെയൊക്കെ പറഞ്ഞ് എന്നെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. പക്ഷേ എന്റെ മനസ്സിന്റെ ഏകാഗ്രത ഒന്നുകൊണ്ട് മാത്രം, അത്തരം കെണികളിൽ ഞാൻ വീണില്ല. 

ഒടുവിൽ ഒക്ടോബർ ഒന്നിന് ഉച്ചക്ക് രണ്ട് മണിയോട് കൂടി ഞാൻ പുറപ്പെട്ടു. രണ്ടേമുക്കാലിന് സ്നിക്കേഴ്സ് ഗ്യാപ്പിലെത്തിയതിന് ശേഷം, മൂന്ന് മണിയോട് കൂടി, മുപ്പതോളം പൗണ്ട് ഭാരമുള്ള ഹൈക്കിങ് ബാക്ക് പാക്കും പുറത്ത് കെട്ടി നടത്തം ആരംഭിച്ചു. ആരും കൂടെയില്ലാത്തത് കൊണ്ടും ആർക്കും വേണ്ടി കാത്ത് നിൽക്കാനില്ലാത്ത കൊണ്ടും, ഏകദേശം ഒന്നേകാൽ മണിക്കൂറുകൾ കൊണ്ട് തന്നെ, ഞാൻ സ്പൗട്ട് റണ്ണിലെത്തി. സാധാരണ രീതിയിൽ ആരെങ്കിലും കൂടെയുണ്ടാകുന്ന സമയത്ത്, ഒന്നേമുക്കാൽ മണിക്കൂറോളം എടുക്കുന്നതാണ്. തണുപ്പ് കാലം തുടങ്ങുന്ന സമയം ആയത് കൊണ്ടാവാം, മറ്റുള്ള ഹൈക്കേഴ്സും വളരെ വളരെ കുറവായിരുന്നു.

ഇരുട്ടും മുന്നേ പിടിപ്പത് പണികളുണ്ട്. ടെന്റ് കെട്ടണം, രാത്രി മുഴുവൻ കത്തിക്കാനായി ഉണക്ക മരക്കഷണങ്ങൾ സംഘടിപ്പിക്കണം. ടെന്റിടുന്ന സ്ഥലത്തിന് വളരെയടുത്തുള്ള ഉണക്ക മരക്കഷണങ്ങളൊക്കെ, ഇതിന് മുന്നേയുള്ള അവസരങ്ങളിൽ ഞങ്ങൾ കത്തിച്ച് തീർന്നത് കൊണ്ട്, കുറച്ച് ദൂരെ അലഞ്ഞ് വേണം അവ സംഘടിപ്പിക്കാൻ. 

ബാക്ക് പാക്ക് ഒരു പാറപ്പുറത്ത് ഇറക്കി വച്ച്, ചുറ്റുപാടുകളും ഒന്ന് വീക്ഷിച്ച ശേഷം, ചുരുട്ടിവെക്കാവുന്ന (ഉള്ളിലൊന്നും ഇല്ലെങ്കിൽ) ഒരു കുപ്പിയിൽ, വീട്ടിൽ നിന്ന് തന്നെ ഓറഞ്ച് നീരിനോടൊപ്പം ചേർത്ത് കൊണ്ടുവന്ന രണ്ടര പെഗ്ഗ് വോഡ്കയിൽ നിന്ന് രണ്ട് സിപ്പെടുത്തു. എന്റെ വരവറിയിച്ച് കൊണ്ട്, മൂന്ന് തവണ ഉച്ചത്തിൽ കുരവയിട്ടു. ഉന്മേഷം പതുക്കെ കൂടാൻ തൂങ്ങുന്ന നേരം, ടെന്റിന്റെ പണി ആരംഭിച്ചു. ടെന്റ് സെറ്റപ്പ് ചെയ്യാൻ തന്നെ ഏകദേശം മുക്കാൽ മണിക്കൂറോളം എടുത്തു. പിന്നെ കൈയിൽ കരുതിയിരുന്ന സാമാന്യം നീണ്ട ഒരു വലിയ വാളുമെടുത്ത് ഉണക്ക മരങ്ങൾ തേടിപ്പിടിച്ച് കൊണ്ടുവന്നു. ഏകദേശം ആറ് മണിക്ക് മുൻപായിത്തന്നെ വലിയ മരക്കഷണങ്ങളടക്കം ഒരു കെട്ട് ഉണക്ക മരങ്ങൾ എന്റെ ടെന്റിനടുത്ത് കൂമ്പാരമാക്കി കൊണ്ടു വച്ചു. വലിയ മരക്കഷണങ്ങൾ, മരങ്ങൾക്കും പാറകൾക്കുമിടയിലൂടെ വലിച്ച് കൊണ്ടുവരുന്നത് തീർത്തും പണിപ്പെട്ട പണിയായിരുന്നെങ്കിലും, വോഡ്ക വീണ്ടും ഞാൻ കുടിച്ചില്ല. കാരണം, രാത്രി, നന്നായി തണുക്കാൻ പോവുകയാണ്. എത്ര തീ കൂട്ടി കത്തിച്ചാലും ടെന്റിനുള്ളിൽ ഒരു തരി ചൂട് പോലും കയറില്ല. അപ്പോൾ, ഉറങ്ങുന്ന നേരത്ത് ചൂട് തരാനായി വോഡ്ക കാത്ത് വെക്കുകയാണ് ബുദ്ധി എന്നെനിക്ക് നന്നായറിയാം.

ഉണക്കയിലകൾ ആദ്യം കത്തിച്ച്, പതുക്കെ ചെറിയ ചുള്ളിക്കമ്പുകളിലേക്ക് തീ പടർത്തി, വലിയ മരക്കഷണങ്ങളിലേക്ക് തീയാളിക്കാൻ വീണ്ടും അര മണിക്കൂറെടുത്തു. കിടന്നാൽ ശരീരം മൊത്തം മുക്കിയെടുക്കാൻ പറ്റുന്ന അരുവിയിലെ ഒരു ഭാഗത്ത് കിടന്ന് ദിഗംബരധാരിയായി ഒരു തണുത്ത സ്നാനം നടത്തി. ഘോരമായ തണുത്ത വെള്ളത്തിൽ മുങ്ങി വിറച്ചുപോയ ശരീരവുമെടുത്ത് അഗ്നികുണ്ഡത്തിന്റെ അടുത്തേക്ക് തിരിച്ചോടിയതിന് ശേഷം മാത്രമേ തലയെങ്കിലും തുവർത്തണമെന്നുള്ള കാര്യം ഓർമ്മ വന്നുള്ളൂ. ഉടനെത്തന്നെ, ഇനി വരാൻ പോകുന്ന തണുപ്പിനെ പ്രതിരോധിക്കാൻ തൊപ്പിയടക്കമുള്ള സംവിധാനങ്ങൾ എടുത്തണിഞ്ഞു.

പോർട്ടബിൾ സ്റ്റവ് കത്തിച്ച്, കൊണ്ടുവന്നിരുന്ന പാക്കറ്റ് റൈസും ടിൻഡ് മത്തിയും ഒരുമിച്ചിട്ട്, ഉള്ളിയും തക്കാളിയും മസാലകളുമില്ലാത്ത ഒരുതരം മത്തിബിരിയാണി ഉണ്ടാക്കി. തണുത്ത് പോകാതിരിക്കാൻ അതെടുത്ത് തീക്കുണ്ഡത്തിനടുത്ത് കൊണ്ട് വച്ചു. അപ്പഴേക്കും ഏകദേശം ഇരുട്ടിത്തുടങ്ങിയിരുന്നു. തണുപ്പ് വീഴാനും തുടങ്ങി. വോഡ്ക കുടിക്കാതിരിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ വീണ്ടും ഇടവേളകൾക്കിടയിൽ സിപ്പ് ചെയ്ത് കൊണ്ടിരുന്നു. തീ ആളിക്കത്താൻ തുടങ്ങിയതോടൊപ്പം വയറ്റിനുള്ളിൽ കിടന്ന് വോഡ്കയും കത്താൻ തുടങ്ങി. സ്പൂണിൽ മത്തിബിരിയാണിയെടുത്ത്, വയറ്റിനുള്ളിൽ കത്തിക്കൊണ്ടിരുന്ന വോഡ്കയിലേക്ക് ഇടക്കിടെ ആഹുതി ചെയ്തുകൊണ്ടിരുന്നു. 

നാലോളം കിലോമീറ്റർ റേഡിയസിൽ, കത്തുന്ന തീയും ഞാനും മാത്രം. ഉറങ്ങാനായി ഇനിയും എത്രയോ സമയം ബാക്കി കിടക്കുന്നു. ഉച്ചത്തിൽ അലറിയാലും പാട്ടു പാടിയാലും പുലഭ്യം പറഞ്ഞാലും നഗ്നനൃത്തം ചെയ്താലും ഒരു പൂച്ചയും അറിയാൻ പോകുന്നില്ല. ചെറുപ്പത്തിൽ പഠിച്ച പാട്ടുകൾ മുതൽ, മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമാഗാനങ്ങൾ വരെ വളരെ ഉച്ചത്തിൽ കുറച്ച് നേരം പാടി. വോഡ്ക കുറച്ചധികം പണി എടുക്കാൻ തുടങ്ങിയപ്പോൾ, മതം കൊണ്ടും ജാതി കൊണ്ടും ഇസങ്ങൾ കൊണ്ടും നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്ന രാഷ്ട്രീയക്കാരെയും സമുദായ നേതാക്കളെയും അറിയാവുന്ന അങ്ങേയറ്റത്തെ തെറികൾ ഉപയോഗിച്ച് അത്യുച്ചത്തിൽ അഭിഷേകം ചെയ്തു. നാലഞ്ച് വർഷങ്ങൾ മുന്നേ എന്നോട് വളരെ വൃത്തികെട്ട രീതിയിൽ പെരുമാറിയ ഒരു ലെബനീസ് പ്രോജക്ട് മാനേജരെ മനസ്സിൽ ആവാഹിച്ച്, എരിയുന്ന തീയിലേക്ക് പത്തോളം തവണ കാറിത്തുപ്പിക്കൊണ്ട് സ്വയമായുണ്ടാക്കിയ ഭരണിപ്പാട്ടുകൾ പാടി. ചില പദപ്രയോഗങ്ങൾ ദേഷ്യത്തിന്റെ തീവ്രതയിൽ, തരംഗദൈർഘ്യം കൂടിപ്പോയതിനാൽ,  ചുറ്റുമുള്ള മലകളിൽ തട്ടി പ്രതിധ്വനിച്ച്, എന്റെ കാതിൽത്തന്നെ വന്നു പതിച്ചപ്പോൾ, പാലത്തിന്റെ മുകളിൽ എല്ലിൻ കഷ്ണം കടിച്ച് പിടിച്ചുകൊണ്ട് പ്രതിബിംബത്തോട് കുരക്കാൻ പോയ പട്ടിയെക്കുറിച്ച് ഞാനോർത്തു. 

തീക്കുണ്ഡത്തിനടുത്ത് ഉയർന്ന് നിന്നിരുന്ന ഏതോ ഒരു ചെടിയുടെ മേലെ, കരിഞ്ഞുണങ്ങി കിടന്നിരുന്ന ഒരു പൂച്ചെണ്ട് ഉരച്ച് പൊടിച്ച്, ഒരു പഴുത്തുണങ്ങിയ ഇലയിലിട്ട് ചുരുട്ടി, ശിവമൂലിയാണെന്ന് മനസ്സിൽ കരുതി പുകച്ചാലോ എന്ന് കുറച്ച് നേരം ആലോചിച്ചു. കുറച്ച് നേരം ആ മൃതമായ പൂവിനെ നോക്കി, അതിന്റെ ബാല്യകാലത്തെക്കുറിച്ച് ചിന്തിച്ചതല്ലാതെ  വേറെയൊന്നും ചെയ്തില്ല. കാഴ്ച വീണ്ടും ആളുന്ന തീയിലേക്ക് തിരിച്ചു.

വിശ്വസിക്കുന്ന ആളുകളുടെ പരിദേവനങ്ങൾക്ക് പോലും പരിഹാരം ഉണ്ടാക്കാൻ കഴിയാത്ത ദൈവങ്ങളെ, കുറച്ചധികമായിത്തന്നെ 'സംസ്‌കൃത' ഭാഷയിൽ വഴക്ക് പറഞ്ഞു. അരിശം തീരാഞ്ഞ് കത്തിക്കൊണ്ടിരുന്ന സാമാന്യം വണ്ണമുള്ള ഒരു മരക്കഷ്ണം എടുത്ത് കത്തുന്ന തീക്കുണ്ഡത്തിൽ പലതവണ ആഞ്ഞടിച്ചു. അതുണ്ടാക്കിയ ലക്ഷോപലക്ഷം തീപ്പൊരികൾ ആഗ്നേയാസ്ത്രം കണക്കെ വ്യോമസിംഹാസനമിരിക്കുന്ന ഇന്ദ്രപ്രസ്ഥത്തിലേക്ക് കുതിച്ചുയർന്നു. കത്തുന്ന വിറക് കൊള്ളി കൈയ്യിലേന്തി, അട്ടഹസിച്ചുകൊണ്ട് അഗ്നികുണ്ഡത്തിനെ വലം വെച്ച്, വീണ്ടും തീക്കൊള്ളി കൊണ്ട് ആഞ്ഞടിച്ചതിന് ശേഷമാണ് മനസ്സിൽ കയറിക്കൂടിയ തീച്ചാമുണ്ഡിയെ പുറത്തിറക്കി വെക്കാനായത്. 

അങ്ങനെ സ്വയം സമാധാനിക്കാൻ നടത്തിയ പൂജാകർമ്മങ്ങൾ ഒരു ചെറിയ സമാധാനം തന്നിരിക്കുന്നു എന്നത് ബോധ്യപ്പെടുത്താനായിരിക്കണം; ശരീരത്തിനുള്ളിൽ നിന്ന് അധോവായുവും ഉപരിവായുവും അനർഗ്ഗളമായി ഇടയ്ക്കിടെ പ്രവഹിക്കാൻ തുടങ്ങിയത്. ആ സമാശ്വാസങ്ങൾ ഓരോന്നും  ആസ്വദിച്ച് കൊണ്ട് തന്നെ, ഓരോന്നിനും അനുയോജ്യമായ ശബ്ദവിന്യാസങ്ങൾ ക്രമീകരിച്ച് അവയെ അനന്തവിഹായസ്സിലേക്ക് പറഞ്ഞ് വിട്ടു. സാധാരണയായുള്ള ദൈനംദിനജീവിതത്തിൽ, സദാചാരബോധത്തിന്റെയും പരിഷ്‌കൃതബോധത്തിന്റെയും പേരിൽ, ആൾക്കൂട്ടങ്ങൾക്കിടയിൽ പേടിച്ചും പതുങ്ങിയും ചെയ്യുന്ന ഈ കാര്യങ്ങൾ, ഇത്രയും ആസ്വദിക്കാൻ പറ്റുമെന്നത് എന്നെ സംബന്ധിച്ചടുത്തോളം ഒരു പുതിയ അറിവായിരുന്നു. 

അറിയാതെയെങ്കിലും ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോൾ, വൃക്ഷങ്ങൾക്കിടയിലൂടെ എത്തിനോക്കിയ ചന്ദ്രനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. പിന്നെ കുറച്ച് നേരം ചന്ദ്രനോടായി വർത്തമാനങ്ങൾ പറഞ്ഞു. നീൽ ആംസ്ട്രോങ് ശരിക്കും അവിടേക്ക് വന്നിട്ട് കാൽപാദങ്ങൾ പതിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ചന്ദ്രന്റെ മറുപടിയൊന്നും കിട്ടിയില്ല. ആംസ്ട്രോങ് ഷൂസ് ഇട്ട് അവിടെ ഇറങ്ങിയത് കൊണ്ടായിരിക്കാം, ചന്ദ്രൻ ഒന്നും മിണ്ടാതിരുന്നത്. 

ആ സമയത്താണ്, എന്തോ ഒരു ജീവി കരിയിലകൾക്കിടയിലൂടെ ഓടുന്നത് പോലെ എനിക്ക് തോന്നിയത്. കരടിയോ കാട്ടുപൂച്ചയോ അല്ലെങ്കിൽ കുറുക്കനോ ആവാം. ഫ്‌ളാഷ് ലൈറ്റ് തെളിച്ച് നോക്കിയെങ്കിലും ഒന്നിനെയും കണ്ടില്ല. എന്റെ പുലഭ്യങ്ങൾ കേട്ട്, അവയുടെ സ്വസ്ഥത ചിലപ്പോൾ നശിച്ച് കാണും. സ്വസ്ഥത കിട്ടാനാണ് ഞാനവിടെ എത്തിയതെന്ന് അവറ്റകൾക്ക് അറിയില്ലല്ലോ. കുറച്ചാളുകയേയും സംവിധാനങ്ങളെയും ഇത്രയും ഉച്ചത്തിൽ പരിഹസിച്ചും തെറി വിളിച്ചും മറ്റും മനസ്സ് സമാധാനപ്പെടുത്താൻ നാട്ടിലിരുന്ന് പറ്റാത്തത് കൊണ്ടാണ് ഞാൻ കാട്ടിലേക്ക് വന്നതെന്ന കാര്യവും അവറ്റകൾക്ക് അറിയില്ല. എന്തായാലും അവയുടെ സമാധാനം കുറച്ച് നേരത്തേക്ക് നശിപ്പിച്ചതിന് ഞാൻ അവയോട് മാപ്പ് പറഞ്ഞു.

വോഡ്ക തീർന്നതിനാൽ എന്റെ മനോവ്യാപാരങ്ങൾ കുറഞ്ഞു വന്നു. സമയം പതിനൊന്നായിരിക്കുന്നു. ഇനിയും അലറിയാൽ എന്റെ തൊണ്ട ചിലപ്പോൾ കീറിപ്പോകും. ആളിക്കത്തിക്കൊണ്ടിരുന്ന തീയുടെ തീവ്രത മൂത്രമൊഴിച്ച് കുറച്ചാലോ എന്ന് തോന്നിയെങ്കിലും, നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ അങ്ങനെ ചെയ്തില്ല. ആളുന്ന തീയിൽ നിന്ന് വല്ല തീപ്പൊരിയും വന്ന് ടെന്റിന് മേലെ വീണാലുള്ള കാര്യം ചിന്തയിൽ വന്നെങ്കിലും, കത്തുമ്പോൾ നോക്കിയാൽ പോരേ എന്ന് മനസ്സ്മന്ത്രിച്ചു. 

പതുക്കെ അരുവിയിലറങ്ങി, ഭക്ഷണപ്പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി, പാറപ്പുറത്ത് കമഴ്ത്തി വച്ചു. മീനിന്റെ മണം മണത്ത് കരടി വരാതിരിക്കാൻ, മീനിരുന്ന ടിന്നും മറ്റ് വേസ്റ്റുകളും ഒരു പ്ലാസ്റ്റിക് ബാഗിൽ കെട്ടി, ഒരു മരത്തിന്റെ ഒരു ശാഖയിൽ കെട്ടിത്തൂക്കി. മരം കയറാനറിയാത്ത കരടികളെയെങ്കിലും ഒഴിവാക്കാമല്ലോ.

തീക്കുണ്ഡത്തിലെ മരക്കഷണങ്ങളൊക്കെ വീണ്ടും ഒതുക്കിവച്ചു. കുറച്ചകലെപ്പോയി മൂത്രമൊഴിച്ച്, ടെന്റിന്റെ മുന്നിൽ വന്നു. എനിക്ക് എത്രത്തോളം ശബ്ദം ഉണ്ടാക്കാൻ പറ്റുമോ, അത്രയും ശബ്ദത്തിൽ ഒന്ന് കൂക്കിയതിന് ശേഷം ടെന്റിനകത്തേക്ക് പ്രവേശിച്ചു. ഊതിവീർപ്പിച്ച മെത്തയും തലയിണയും എന്നെ കാത്തുകിടപ്പുണ്ട്. എന്റെ വാളെടുത്ത് ഒരു വശത്ത് വച്ചു. കരടി ആക്രമിക്കാൻ വന്നാൽ, ആദ്യം കാണുന്നത് വാളായിരിക്കണം. 

പതുക്കെ സ്ലീപ്പിങ് ബാഗിനകത്തേക്ക് നൂണ് കയറി മലർന്ന് കിടന്നു. ടെന്റിന് മുകളിലുള്ള അരിപ്പ അടയ്ക്കാഞ്ഞതിനാൽ, എനിക്കപ്പോഴും ആകാശം കാണാം. ആകാശത്തെ നക്ഷത്രങ്ങൾ ഇലകൾക്കിടയിലൂടെ പറരതുന്നതിനിടയിൽ, മൂന്നാം ക്ലാസ്സ് മുതലുള്ള വൺവേ പ്രണയങ്ങൾ തിരമാലകൾ പോലെ പല പല ചിത്രങ്ങളേന്തി മനസ്സിലേക്ക് അലയടിച്ചെത്തി. കല്യാണരാവിന്റെ തിരമാല മലപോലെയുയർന്ന് കുതിച്ചെത്തുമ്പഴേക്കും എന്നെ നിദ്രാദേവി ആലിംഗനം ചെയ്തുകഴിഞ്ഞിരുന്നു. പുലർച്ചെ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ, അഗ്നികുണ്ഡം വീണ്ടും ഒന്ന് ചിട്ടപ്പെടുത്തി. അധികം വൈകാതെ തന്നെ വീണ്ടും ടെന്റിനകത്തേക്ക് കയറിയപ്പോൾ അനുഭവപ്പെട്ട കൂടിയ തണുപ്പിനെ പ്രതിരോധിക്കാൻ, ബാക്ക് പാക്കിനെ കെട്ടിപ്പിച്ച് വീണ്ടുംകണ്ണടച്ച് കിടന്നു. 

ഏഴരക്ക് എഴുന്നേറ്റ്, ഒരു കാപ്പിയുണ്ടാക്കിക്കുടിച്ച്, ഭൂമി കൂടുതൽ വളക്കൂറുള്ളതാക്കാനുള്ള യജ്ഞത്തിന് തുടക്കമിട്ടു. ഒഴിഞ്ഞ വയറുമായി തിരിച്ച് വന്നതിന് ശേഷം, ഓട്സിന്റെ ഒരു ഇൻസ്റ്റന്റ് പാക്കറ്റെടുത്ത് പ്രാതൽ തയ്യാറാക്കി വീണ്ടും ആമാശയത്തിലേക്കൊഴിച്ചു. തെയ്യം കഴിഞ്ഞ് പന്തലഴിക്കുന്നത് പോലെ, ടെന്റൊക്കെ അഴിച്ച്, വീണ്ടും ബാക്ക്പാക്ക് തയ്യാറാക്കി. അപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് അരുവിയിലെ വരുണനെക്കൊണ്ടു വന്ന് കുടിയിരുത്തി. അപ്പഴേക്കും സമയം രാവിലെ ഒൻപതര. അഗ്നിയും വരുണനും ഒരുമിച്ച് ലയിച്ച വട്ടത്തിന് മുന്നിൽ നിന്ന് മൂന്ന് തവണ ഉച്ചത്തിൽ അലറിക്കൂക്കി. ഒടുവിൽ, സ്പൗട്ട് റണ്ണിനോട് സലാം പറഞ്ഞ്, മണ്ണിലേക്ക് മാർപ്പാപ്പയുടെ മുത്തം നൽകി, തിരിഞ്ഞു നോക്കാതെ, ബഹളമയമായ യാഥാർത്ഥ്യലോകത്തിന്റെ കാപട്യങ്ങളിലേക്ക്, സമർദ്ദങ്ങളിലേക്ക് തിരിഞ്ഞു നടന്നു. അപ്പഴേക്കും, നടത്തം വഴി ശരീരത്തിന്റെയും, തലേന്ന് രാത്രി നടത്തിയ സമാധാനപൂജകൾ കൊണ്ട് മനസ്സിന്റെയും കനങ്ങൾ ശരിക്കും കുറഞ്ഞിരുന്നു. അതെ, ചില ഏകാന്തതകൾ ഒരു അനുഭവം തന്നെയാണ്!

***

2022 ഒക്‌ടോബർ 13, വ്യാഴാഴ്‌ച

യാനം സീതായനം - വായനാക്കുറിപ്പ്


നോവൽ: 'യാനം സീതായനം'
എഴുതിയത്: സിനി പണിക്കർ
പ്രസാധകർ: പൂർണ്ണ പബ്ലിക്കേഷൻസ്
താളുകൾ: 432
 
2022 ജൂൺ 18 നാണ് സുഹൃത്തായ സിനി പണിക്കരുടെ 'യാനം സീതായനം' എന്റെ കൈയ്യിൽ കിട്ടുന്നത്. ജൂൺ 23 ന് നാട്ടിലേക്ക് വിമാനം കയറിയപ്പോൾ വിമാനത്തിൽ വച്ചാണ് അതിന്റെ വായന തുടങ്ങിയത്. പകുതിയോളം വായിച്ച് തീർത്ത പുസ്തകം,നാട്ടിലെത്തിയതിന് ശേഷം വായിക്കാൻ പറ്റിയിരുന്നില്ല. പക്ഷേ വായനാതല്പരനായ എന്റെ അച്ഛൻ രണ്ടാഴ്ച സമയത്തിനുള്ളിൽ അത് വായിച്ച് തീർത്തു. 'കൊള്ളാം' എന്ന അഭിപ്രായവും പറഞ്ഞു. നാട്ടിലെ തിരക്കുകൾക്കിടയിൽ വായിക്കാൻ പറ്റാഞ്ഞതിനാൽ, തിരിച്ച് വന്നതിന് ശേഷം വായിക്കാമെന്ന് വച്ചെങ്കിലും, പുസ്തകം നാട്ടിൽ നിന്ന് എടുക്കാൻ മറന്നുപോയി. പിന്നീട് കഴിഞ്ഞ ആഗസ്ത് പകുതി കഴിഞ്ഞ ശേഷമാണ്, പുസ്തകം, ഒരു സുഹൃത്ത് വഴി തിരിച്ച് എന്റെ കൈയ്യിലെത്തിയത്. ഒടുക്കം കഴിഞ്ഞ ആഴ്ച കൊണ്ട്, ഞാനത് വായിച്ചു തീർത്തു.
 
എട്ടാമത്തെ വയസ്സിനുള്ളിൽ അച്ഛനാണ് എനിക്ക് രാമായണം കഥ മുഴുവൻ പറഞ്ഞു തരുന്നത്. രാത്രിയിൽ സുഹൃത്തുക്കളുമായുള്ള സൗഹൃദസല്ലാപങ്ങൾക്ക് ശേഷം, രാത്രി പത്ത് മണിക്ക് തിരിച്ച് വന്ന്, കഞ്ഞി കുടിച്ചതിന് ശേഷം, പാതിയുറക്കത്തിൽ നിന്ന് എന്നെയും മച്ചുനൻ വിന്വേട്ടനെയും വിളിച്ചുണർത്തി, മലർന്ന് കിടക്കുന്ന കട്ടിലിനടുത്ത് ഞങ്ങളെ നിർത്തിയിട്ടാണ് അച്ഛൻ കഥ പറഞ്ഞിരുന്നത്. കഥ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ, തലേന്ന് പറഞ്ഞ കഥയുടെ ഭാഗം ഞങ്ങൾക്ക് ചുരുക്കി വിവരിക്കേണ്ടാതായിട്ടുണ്ടായിരുന്നു. കഥ പറച്ചലിനിടയിൽ, വിന്വേട്ടൻ ഇടയ്ക്കിടെ ഉറങ്ങിപ്പോകുന്നത് കൊണ്ട്, ഇത്തരം ചുരുക്കിപ്പറയലുകൾ, അവനെ സംബംന്ധിച്ചടുത്തോളം അടി കിട്ടുന്ന ഏർപ്പാടുകളായി മാറിയെന്നത്, അച്ഛനെ, രാവണനെന്ന വില്ലന്റെ സ്ഥാനത്ത് നിർത്താൻ അവന് കാരണമായി.
 
എന്തായാലും, വളരെ സുഖകരമായി, രസകരമായ രീതിയിൽ അച്ഛൻ പറഞ്ഞു തന്ന രാമായണം തന്നെയാണ്, ഒരു കഥാപാത്രത്തെപ്പോലും മറക്കാതെ ഈ അമ്പതാം വയസ്സിലും രാമായണം മനസ്സിൽ നിൽക്കാനുള്ള പ്രധാന കാരണം. അതിന് ശേഷം വളരെക്കഴിഞ്ഞാണ്, വാല്മീകി രാമായണം മുതൽ പലപല രാമായണങ്ങളെ അറിഞ്ഞ് തുടങ്ങിയത്.
 
രാമായണം പറഞ്ഞു തരുന്ന സമയത്ത്, രാമനെന്ന കഥാപാത്രത്തിന്റെ ഓരോ ചെയ്തികളും ദൈവികമായല്ല അച്ഛൻ പറഞ്ഞു തന്നതെങ്കിലും, അച്ഛന്റെ മനസ്സ് രാമന്റെ ഭാഗത്തായിരുന്നെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. അവതാരപുരുഷനായ രാമൻ, മാരീചമാനിനെ പിടിക്കാൻ ഓടുന്നത് മുതൽ, കാര്യസാദ്ധ്യത്തിന്, കാര്യമറിയാതെ ബാലിയെ കൊല്ലുന്നതും, ലങ്കയിലേക്ക് കടല് കടക്കാൻ കഷ്ടപ്പെടുന്നതും, ലക്ഷ്മണൻ അമ്പേറ്റ് വീണിടത്ത് നിസ്സഹായനാകുന്നതും, വളരെ നിന്ദ്യമായി സീതയെ അഗ്നിപരീക്ഷക്ക് വിധേയയാക്കുന്നതും, ഒടുവിൽ ക്രൂരമായി സീതയെ ഗർഭാവസ്ഥയിൽ കാട്ടിലേക്ക് ഉപേക്ഷിക്കുന്നതും, എന്റെ കുഞ്ഞു മനസ്സിൽ പോലും അന്ന് ചോദ്യങ്ങൾ ഉളവാക്കിയിരുന്നു. പക്ഷേ അതിനെയൊക്കെ മൃദുവായെങ്കിലും അച്ഛനന്ന് ന്യായീകരിച്ചത് ഇത്തിരി പാടുപെട്ടിട്ടാണെന്നത്‌ പിന്നെയാണ് ഞാൻ മനസ്സിലാക്കിയത്.
 
ഒരു അതിമനോഹരമായ ഇതിഹാസകഥയെന്നതിലുപരി, രാമായണത്തെ വളരെ ദൈവികമായി കാണുന്നിടത്താണ് രാമായണത്തിന്റെ വികൃതവായന തുടങ്ങുന്നത്. മാനുഷികമായ പലതരം ന്യൂനതകളുമായി വാല്മീകി അവതരിപ്പിച്ച രാമൻ, കാലം പോകപ്പോകെ, മര്യാദാപുരുഷനായും, പിന്നീട് രാഷ്ട്രീയവൽക്കരിക്കപ്പെട്ട് ഒരു പ്രത്യേക സമൂഹത്തിന്റെ മുദ്രാവാക്യമായും മാറിയത് കാലത്തിന്റെ ഗതിയെ പിന്നോട്ടടിക്കുന്നതിന് സമമാണെന്ന് മനസ്സിലാകുന്നിടത്താണ് രാമായണത്തിന്റെ ഒരു പുനഃർവായന സാദ്ധ്യമാക്കിക്കൊണ്ട് സിനി പണിക്കരുടെ 'യാനം സീതായനം' എന്ന പുസ്തകം കൈയ്യിൽ കിട്ടുന്നത്.
 
'ചിന്താവിഷ്ടയായ സീത'യിലൂടെ കുമാരനാശാൻ സീതയുടെ മനോവ്യാപാരങ്ങളെ ഒരു കാവ്യമാക്കിയതിന് ശേഷം, സീതയുടെ കാഴ്ച്പ്പാടിലൂടെ രാമായണത്തെ അവലംബിച്ച് ഒരു സൃഷ്ടികർമ്മം നടത്തിയത് സിനിയാണെന്ന് തോന്നുന്നു. 'മീ ടൂ' പ്രസ്ഥാനം ഉണ്ടാക്കിയ അനുരണനങ്ങളാണ് സിനിയെക്കൊണ്ട് ഇത്തരമൊരു കൃതി നാടിന് സമ്മാനിക്കാൻ ഇടയാക്കിയെന്നത്, രാമായണത്തെ സംബന്ധിച്ചടുത്തോളം ഒരു വേറിട്ട ചിന്ത തന്നെയാണ്.

രാമായണം, രാമന്റെ അയനമല്ല, മറിച്ച്, സീതയുടെ അയനമായ സീതായനം തന്നെയാണെന്ന് പണ്ടേ അഭിപ്രായമുള്ള എനിക്ക്, നല്ല ഭാഷയിലെഴുതിയ 'യാനം സീതായനം' എന്ന പുസ്തകം, നല്ലൊരു വായനാനുഭവം തന്നെ തന്നിട്ടുണ്ട്. ദൈവികത്വം ആരോപിക്കപ്പെടുന്ന രാമൻ എന്ന കഥാപാത്രത്തിന്റെ ചില നിസ്സഹായതകൾ, സീതയുടെ രാമനോടുള്ള അഗാധമായ പ്രണയത്തിന്റെ വിവരണ പരിപ്രേക്ഷ്യത്തിൽ മുങ്ങിപ്പോയോ എന്ന സന്ദേഹം മാത്രമേ എനിക്കുള്ളൂ. ദൈവികത്വമുള്ള ഒരു കഥാപാത്രത്തിന് ഒരിക്കലും ചേരാത്ത പ്രവർത്തികൾ മൂലം, സീതയെന്ന കഥാപാത്രം അനുഭവിക്കുന്ന കഷ്ടതകൾ, വളരെ വികാരപരമായിത്തന്നെ 'യാനം സീതായനം' പ്രതിപാദിക്കുന്നുണ്ട്. സിനിയുടെ ഈ നോവൽ വായിച്ച്, അച്ഛന് തീർച്ചയായും സീതയോട് കുറച്ചധികം മനസ്സലിവ് ഉണ്ടായിക്കാണുമെന്ന് ഉറപ്പാണ്!

മുപ്പത് കൊല്ലത്തോളം അമേരിക്കയിൽ പ്രവാസിയായി ജീവിച്ച്, 'Drug Enforcement Administration' ൽ സയന്റിസ്റ്റായി ജോലിചെയ്യുന്ന സിനി, ഇതുവരെ ഒരു ചെറുകഥ പോലും എഴുതാത്ത സിനി, ഒരു വിശാലമായ നോവലെഴുത്തിലൂടെ തന്നെ, അവരുടേതായ ഒരു മുദ്രണം സാഹിത്യലോകത്തിന് ചാർത്തിയിരിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. മലയാളത്തോടും സാഹിത്യത്തോടുമുള്ള അഭിനിവേശം തന്നെയാണ് സിനിയുടെ എഴുത്തിന്റെ ശക്തി.

എന്തായാലും, സീത പറയുന്ന രാമായണകഥ, അല്ല സീതായനകഥ  വായിക്കാൻ, 'യാനം സീതായനം' നിങ്ങളെ ക്ഷണിക്കുന്നു. സിനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

***

2022 സെപ്റ്റംബർ 17, ശനിയാഴ്‌ച

ഓർമ്മകളിലെ നായീന്റെ മക്കൾസ്

(Picture Courtesy: Google)

തലക്കുറി കണ്ടിട്ട് ഏതെങ്കിലും മനുഷ്യരൂപികളെ തെറി പറഞ്ഞതായിരിക്കുമെന്ന് ഒരിക്കലും തെറ്റിദ്ധരിച്ച് പോകരുത്. തെരുവ് പട്ടികളെക്കുറിച്ച് ഘോരഘോരം വാർത്തകൾ വരുന്ന ഇക്കാലത്ത്, ഞാൻ മുഖാമുഖം അടുത്ത് കണ്ടിട്ടുള്ള, അല്ലെങ്കിൽ കാണേണ്ടിവന്നിട്ടുള്ള ചില പട്ടികളെ നിങ്ങൾക്ക് പരിചയപ്പെടുത്താമെന്ന് കരുതി, അത്രമാത്രം. പട്ടികളെക്കുറിച്ച് പറയുന്ന ഈ എഴുത്തിന്, 'നായീന്റെ മക്കൾ' എന്ന് എന്തിനാണ് തലവാചകം ഇട്ട് അസഭ്യം പറയുന്നത് എന്നും ചില നിപുണന്മാർ വിമർശിച്ചേക്കാം. അതിൽ വലിയ കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നായ = പട്ടി = ശുനകൻ = ശ്വാനൻ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പക്ഷേ, 'ശ്വാനൻ' എന്ന വാക്ക് കുറച്ച് കൂടി കൂടുതൽ സഭ്യവും, 'നായ' എന്നത് കുറച്ച് അസംസ്‌കൃതവുമാണെന്ന് കരുതുന്നവർ എന്നോട് പൊറുക്കുക. 'അധോവായു' എന്ന വാക്ക് ഉണ്ടാക്കുന്ന നാറ്റം, 'വളി' എന്ന വാക്ക് കേട്ടാൽ ഉണ്ടാകുന്ന നാറ്റത്തെക്കാൾ കുറവാണ് എന്ന് ശഠിക്കുന്നവരും എന്നോട് പൊറുക്കുക! ചില നായ്ക്കൾക്ക് ഉണ്ടായ ചില മക്കൾ മാത്രമാണ് നായീന്റെ മക്കൾ!! അത്തരത്തിൽ പരിചയമുള്ള ചില മക്കളെക്കുറിച്ച് പറയുന്നു എന്ന് മാത്രം.

എനിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ, ഞാൻ താമസിച്ചിരുന്നത് അച്ഛാച്ഛനും അച്ഛമ്മയും താമസിക്കുന്നിടത്തായിരുന്നു. പുതിയവീട്ടിൽ എന്ന് പറയും. അവിടെ അന്നൊരു പെൺപട്ടിയുണ്ടായിരുന്നു. കൊടിച്ചിപ്പട്ടി എന്ന് പറഞ്ഞ് ഞാൻ അതിന്റെ വില കളയുന്നില്ല! അതിന്റെ പേര് എന്താണെന്നൊന്നും ഓർമ്മയില്ല. അതിനെ ഗർഭിണിയായിട്ടോ അല്ലെങ്കിൽ കുറേ പട്ടിക്കുഞ്ഞുങ്ങൾക്കൊപ്പമോ മാത്രമേ ഞാൻ കണ്ടതായോർക്കുന്നുള്ളൂ. അച്ഛമ്മ മീൻ മുറിക്കുമ്പോൾ അതിന് ചുറ്റും ഈ പട്ടിയമ്മയും കുഞ്ഞുങ്ങളും കാണും. അച്ഛമ്മ ഒരു നീളൻ വടി അടുത്ത് വച്ചത് കൊണ്ടാവണം, ആ പട്ടിയമ്മ ഒരു നിശ്ചിത അകലത്തിൽ അതിന്റെ മക്കളെയും കൊണ്ട് അച്ചടക്കത്തോടെ നിന്നത്. വടിയുണ്ടായിട്ടും, അത് കണ്ടെന്ന് നടിക്കാതെ, കിട്ടിയ തഞ്ചത്തിൽ അവിടെയുണ്ടായിരുന്ന കണ്ടൻ പൂച്ച മീൻ കട്ടെടുക്കുന്നത് പോലും ഒരു നിസ്സംഗഭാവത്തിൽ നോക്കി നിൽക്കാനേ ആ പട്ടിയമ്മ ശ്രമിച്ചിട്ടുള്ളൂ.  ആർത്തി മൂത്തിരിക്കുന്ന പട്ടിക്കുഞ്ഞുങ്ങൾ, അച്ഛമ്മയുടെ സമീപത്ത് എത്തിപ്പെടാതിരിക്കാനും ആ പട്ടിയമ്മ ജാഗ്രത കാണിച്ചിരുന്നു. അച്ഛമ്മ ഇടയ്ക്കിടെ എറിഞ്ഞ് കൊടുക്കുന്ന മീൻ വേസ്റ്റുകൾ, സർക്കസ്സുകാരിയുടെ മെയ്‌വഴക്കത്തോടെ ചാടിപ്പിടിച്ച്, സ്വയം തിന്നാതെ, മക്കൾക്ക് കൊടുക്കുന്ന ആ കാഴ്ച, തീർത്തും സ്നേഹാർദ്രമായിരുന്നു.

പുതിയേടത്ത് വീട്ടിലെയും, അതിന് താഴെയുള്ള താഴെ പുതിയേടത്ത് വീട്ടിലെയും, മുകളിലത്തെ പറമ്പിലായുള്ള കയനിപ്പൊയിൽ വീട്ടിലെയും മീൻവേസ്റ്റുകൾ ഈ പട്ടിക്കുടുംബത്തിന്റെ കുത്തകാവകാശമായിരുന്നെന്ന് പറയാം. പക്ഷേ അതുകൊണ്ടൊന്നും അവയുടെ വയർ നിറയുമായിരുന്നില്ല.  അതുകൊണ്ടാവണം, ആ പട്ടിക്കുടുംബത്തിന്റെ ബാക്കിനേരത്തെ പൊറുതി പനോളിപ്പോയിൽ കള്ള് ഷാപ്പിലേക്ക് മാറ്റിയത്. തട്ടുകളായി തിരിച്ചിരിക്കുന്ന പറമ്പിലെ, ഒരു തിട്ടയുടെ ചെരിവിൽ സ്വയം കുഴിച്ചുണ്ടാക്കിയ മടയിലാണ് രാത്രി താമസമെങ്കിലും, ഉച്ച നേരത്തുള്ള കുറച്ച് സമയമൊഴിച്ചാൽ, പകൽ നേരം അധിക സമയവും കള്ള് ഷാപ്പിന്റെ പിന്നാമ്പുറത്തായിരിക്കും.

പ്രസവസമയത്ത് അഞ്ചാറ് പട്ടിക്കുഞ്ഞുങ്ങൾ ഉണ്ടാകുമെങ്കിലും, ഷാപ്പിൽ നിന്ന് മടങ്ങുന്ന വരവിൽ, ചിലദിവസങ്ങളിൽ കുട്ടികൾ കുറഞ്ഞിരിക്കും. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ, അതോ, ഭക്ഷണത്തിന് വേണ്ടി ആർക്കെങ്കിലും വിറ്റതാണോ എന്നൊന്നും ചോദിക്കാൻ പറ്റാത്തത് കൊണ്ട്, ഞങ്ങൾ വെറും കാഴ്ചക്കാരായിരുന്നു. ഷാപ്പിൽ പോകുന്ന പട്ടിയായത് കാരണമായിരിക്കണം, അതിന്റെ കൂടെ കളിക്കാൻ ഞങ്ങൾ കുട്ടികൾക്ക് അനുവാദമുണ്ടായിരുന്നില്ല. രാത്രികാലത്ത് സെക്യൂരിറ്റി നിൽക്കുന്ന ഗൂർഖകൾ, അവർ ഉറങ്ങിയിട്ടില്ലെന്നും, ജോലിയെടുക്കുന്നുണ്ടെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇടയ്ക്കിടെ വടി നിലത്തടിച്ച് ശബ്ദമുണ്ടാക്കുന്നത് പോലെ, ഈ പട്ടിയമ്മയും കുഞ്ഞുങ്ങളും ഇടയ്ക്കിടെ പാതിരാത്രി സമയത്ത് കുരച്ച് രാത്രികാലത്തെ സെക്യൂരിറ്റി പണി നന്നായെടുക്കുണ്ടെന്ന് വീട്ടിലെ അധികാരികളെ ബോധ്യപ്പെടുത്തിയതിനാൽ, തിട്ടച്ചെരുവിലെ മടയിലെ അവയുടെ താമസത്തിന് ആരും വിലക്ക് കല്പിച്ചിരുന്നില്ല. 

അങ്ങനെയിരിക്കേ പട്ടിയമ്മയുടെ കൂടെ ഒരു കറുത്ത ആൺ പട്ടിക്കുഞ്ഞ് മാത്രം ബാക്കിയായി. ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം, സാധാരണയായി വൈകുന്നേരങ്ങളിൽ കള്ള് ഷാപ്പിൽ നിന്നും പട്ടികൾ മടങ്ങിയെത്തുന്ന സമയത്ത് പട്ടിയമ്മ വീട്ടിൽ തിരിച്ചെത്തിയില്ല. കറുത്ത പട്ടിക്കുഞ്ഞ് മാത്രം ഒറ്റക്കാണ് വന്നത്. പിന്നീടൊരിക്കലും ആ അമ്മപ്പട്ടി വീട്ടിലേക്ക് മടങ്ങി വന്നില്ല. ആരും അന്വേഷിക്കാനോ ചോദിക്കാനോ പോയില്ല. അങ്ങനെയിരിക്കെയാണ്, ഞാൻ കാഞ്ഞിലേരി മഞ്ഞങ്കരയിലുള്ള എന്റെ അമ്മ വീട്ടിൽ പോയത്. അവിടെയെത്തിയപ്പോൾ അതാ, അവിടെ വേറൊരു കറുത്ത പട്ടിക്കുഞ്ഞ്. അവനൊരു പേരുമുണ്ട്, ടൈനി. പുതിയേടത്തെ കറുത്ത പട്ടിക്ക് ഞങ്ങൾ പേരൊന്നും ഇട്ടിരുന്നില്ല. കോഴികളെ വിളിക്കുമ്പോലെ 'ബ്ബ.. ബ്ബ.. ബ്ബ' എന്ന് മാത്രം വിളിക്കുമ്പോൾ, അടുത്തുണ്ടെങ്കിൽ, അമ്മപ്പട്ടിയും മക്കളും അടുത്തെത്തും. കോഴികളെ വിളിക്കുമ്പോൾ  'ബ്ബ.. ബ്ബ.. ബ്ബ' യുടെ കൂടെ 'കോഴി' കൂട്ടി  'കോഴി ബ്ബ.. ബ്ബ.. ബ്ബ' എന്നൊരു വ്യത്യാസം ഉണ്ടാകുമെന്ന് മാത്രം.

മഞ്ഞങ്കരയിലെ ടൈനിയെ സംബന്ധിച്ചടുത്തോളം അവൻ വളരെ വ്യത്യസ്തനാണ്. അവനെ മഞ്ഞങ്കരയിൽ കൊണ്ടുവന്നത് അന്ന് ബികോമിന് പഠിക്കുന്ന ബാലമ്മാമനാണ്. എന്റെ മറ്റുള്ള അമ്മാമന്മാരൊക്കെ പത്താംക്ലാസ്സിന് മുൻപായോ അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷമോ പഠിപ്പ് നിർത്തിയപ്പോൾ, ബാലമ്മാമൻ മാത്രമാണ് ബികോമിലേക്ക് തേരോട്ടം നടത്തിയത്. അങ്ങനെ ബികോം പഠിക്കുന്ന അമ്മാമൻ കൊണ്ടുവന്ന നായക്കും, അല്ല പട്ടിക്കും നല്ല വിദ്യാഭ്യാസം ഉണ്ടാകണമല്ലോ. അതുകൊണ്ട് തന്നെ ടൈനിയുടെ വിദ്യാഭ്യാസം നടന്നിരുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. 

ഞാനാദ്യമായിട്ടാണ് 'കമോൺ, 'ക്വോയറ്റ്', 'സിറ്റ് ഡൌൺ', ഈറ്റ്', 'ഷേക്ക് ഹാൻഡ്', 'ഷട്ട് അപ്പ്' എന്നൊക്കെയുള്ള വാക്കുകൾ കേൾക്കുന്നത്. ഈ വാക്കുകളൊക്കെ കേൾക്കുമ്പോൾ പട്ടി ചെയ്യുന്ന ആക്‌ഷൻ, അല്ലെങ്കിൽ അവന്റെ പ്രതികരണം കണ്ടിട്ടാണ്, അതിന്റെയൊക്കെ അർത്ഥം എന്തായിരിക്കുമെന്നൊക്കെ ഞാൻ ഊഹിച്ചെടുത്തത്. എനിക്ക് വല്ലാത്തൊരത്ഭുതമായിരുന്നു. എനിക്ക് പോലും അറിയാത്ത ഇംഗ്ലീഷ് ഭാഷ അറിയാവുന്ന പട്ടി! 

രാത്രിയിലത്തെ അത്താഴം കഴിക്കാൻ എല്ലാവരും അകത്ത് പോയപ്പോൾ ഞാൻ മാത്രം ടൈനിയുടെ അടുത്തിരുന്ന് അതിനെ സാകൂതം നോക്കിയിരുന്നു. ആരും അടുത്തില്ലെന്ന് ഉറപ്പ് വരുത്തിയപ്പോൾ, ഞാൻ അന്ന് പഠിച്ച ചില ഇംഗ്ളീഷ് പദങ്ങൾ ഒന്ന് ഉപയോഗിച്ച് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്റെ ഉച്ഛാരണം ടൈനിക്ക് മനസ്സിലാകുന്നുണ്ടോ എന്നറിഞ്ഞാലല്ലേ ഞാൻ ആ വാക്ക് ശരിക്കും പഠിച്ചു എന്ന് ഉറപ്പ് വരുത്താൻ പറ്റൂ. ആ പരീക്ഷണം കൈ കൊടുത്ത് തന്നെ തുടങ്ങാം എന്ന് കരുതി, ഞാൻ ടൈനിയുടെ മുന്നിലിരുന്ന് കൊണ്ട് 'ഷേക്ക് ഹാൻഡ്' എന്നൊരു ആജ്ഞ പുറപ്പെടുവിച്ചു. ബാലാമ്മാമന്റെ കൂടെ കുറച്ച് നേരം ഒരുമിച്ച് കണ്ടതിനാൽ ടൈനിക്ക് ഇപ്പോഴെന്നെ കുറച്ചൊക്കെ അറിയാം. 

എന്നാലും എന്റെ 'ഷേക്ക് ഹാൻഡ്' എന്ന ആജ്ഞ ടൈനി ഒട്ടുമേ അനുസരിക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെയൊരുത്തൻ അവിടെ കിടന്ന് അതിനോട് സംസാരിക്കുന്നുണ്ടെന്ന് പോലും അവൻ ഗൗനിച്ചില്ല. പല ടോണിൽ 'ഷേക്ക് ഹാൻഡ്' പറഞ്ഞിട്ടും കൈ ഇത്തിരി അതിനടുത്തേക്ക് നീട്ടിയിട്ടും അവനെന്നെ നോക്കുക പോലും ചെയ്തില്ല. ഒടുവിൽ ഞാൻ പിന്മാറാൻ തന്നെ തീരുമാനിച്ചു. കുനിഞ്ഞ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ്, പതുക്കെ അകത്തേക്ക് പോകാനായി ആദ്യത്തെ ചുവട് വെക്കാൻ ഒന്ന് ഒരുമ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ. അതുവരെ അടങ്ങിയിരുന്നിരുന്ന ടൈനി, അപ്പഴേക്കും എന്റെ ഇടത്തേ കാൽമുട്ടിൽ കടിച്ച് കഴിഞ്ഞിരുന്നു. കാൽ നീങ്ങുന്ന അവസ്ഥയിലായതിനാൽ, അവന് അവന്റെ പല്ല് എന്റെ മുട്ടിലേക്ക് ആഴ്ത്താൻ പറ്റിയിട്ടുണ്ടായിരുന്നില്ല. അവന്റെ കോമ്പല്ലുകൾ കൊണ്ട് രണ്ട് ചുവന്ന വാളുകൾ വരഞ്ഞത് പോലെ മുട്ടിന് മേൽ അടയാളം വന്നു. ചോര പൊടിയുന്നതിനോടൊപ്പം അലറിവിളിച്ച് കൊണ്ട് ഞാനകത്തേക്കോടി. 

കാര്യം മനസ്സിലാക്കിയ അമ്മച്ഛൻ (അമ്മയുടെ അച്ഛൻ) ബാലമ്മാമനെ എന്തോ വഴക്ക് പറഞ്ഞു. അത് കേട്ട് ദേഷ്യം വന്ന ബാലമ്മാമൻ ടൈനിയുടെ അടുത്ത് വന്ന് 'യു ബാസ്റ്റഡ്' എന്നും വിളിച്ച് ടൈനിയുടെ കഴുത്തിൽ കെട്ടിയ പട്ട പിടിച്ച് രണ്ട് മൂന്നടി പടപടേന്ന് പൊട്ടിച്ചു. എന്റെ നിലവിളിയുടെ കൂടെ ടൈനിയും കുറച്ച് നേരം നില വിളിച്ചു. കാഞ്ഞിലേരിയെന്ന മലയോരഗ്രാമത്തിലെ മഞ്ഞങ്കര വീട്ടിൽ നിന്ന് രാത്രികാലത്തൊക്കെ ഒരു ഡോക്ടറെ തേടിപ്പോവുക അന്നത്തെ കാലത്ത് എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്നെ ഒരു ഡോക്ടറെയും കാണിച്ചില്ല. പച്ചവെള്ളം കൊണ്ട് എന്റെ കാൽമുട്ടിലെ മുറിവ്  കഴുകി, അവിടെ ഉണ്ടായിരുന്ന ടിഞ്ചർ ഒരു പഞ്ഞിയിലൊഴിച്ച് മുറിവിന്റെ മേലെ വച്ച് ഒരു വെള്ള മുണ്ട് കീറിയ തുണി കൊണ്ട് കെട്ടിയതോടെ എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു. പേ വിഷബാധയെക്കുറിച്ചൊന്നും ആരും ഒന്ന് സംസാരിച്ചത് പോലുമില്ല. 

രണ്ട് ദിവസം കഴിഞ്ഞപ്പഴേക്കും എന്റെ കാൽമുട്ടിലെ കെട്ടഴിച്ചു. ഞാൻ പുതിയേടത്ത് തിരിച്ചെത്തി. ടൈനി കടിച്ചതിന്റെ ഭീകരമായ ഓർമ്മകൾ മനസ്സിലുണ്ടെങ്കിലും അവിടെ നിന്ന് പഠിച്ച ഇംഗ്ലീഷ് വാക്കുകൾ എന്നെ ത്രസിപ്പിച്ചിരുന്നു. ആ വിദ്യാഭ്യാസം പുതിയേടത്തുണ്ടായിരുന്ന കറുത്ത പട്ടിയിൽ പ്രയോഗിക്കാൻ ഞാൻ തീരുമാനിച്ചു. ആദ്യം ചെയ്തത്, ആ പട്ടിക്ക് ഒരു പേരിടുക എന്ന കർമ്മമായിരുന്നു. അതിന് അധികം ആലോചിക്കാനൊന്നും സമയം മിനക്കെട്ടില്ല. പുതിയേടത്തെ പട്ടിക്കും ഞാൻ ടൈനി എന്ന് തന്നെ പേരിട്ടു. എന്തായാലും പതിനഞ്ചോളം മൈലുകൾ ദൂരത്തിലുള്ള കാഞ്ഞിലേരിയിലെ ടൈനി, ഈ പുതിയേടത്തെ ടൈനിയെ കാണുവാനൊന്നും പോകുന്നില്ലല്ലോ.

പുതിയേടത്തെ ടൈനി, അതിന്റെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിൽ നല്ല രീതിയിൽ തന്നെ പുരോഗമിച്ച് വരുന്ന സന്ദർഭത്തിലായിരുന്നു ഒരു ദുഃഖവാർത്ത താഴെപുതിയേടത്ത് നിന്നും വന്നത്. പുതിയേടത്തെ പുതിയ ടൈനി, അവിടത്തെ മുറ്റത്ത് കിടന്ന് ചോര തൂറുകയും ചോര ഛർദ്ദിക്കുകയും ചെയ്യുന്നു. 

"ഷാപ്പീന്ന് ആരോ കാഞ്ഞിരക്കുരുവോ കാഞ്ഞിരത്തൊലിയോ കുപ്പിച്ചില്ലിന്റെ കൂടെ കൊടുത്തൂന്നാ തോന്നുന്നേ... അല്ലെങ്കിലിങ്ങനെ ചോര തൂറൂല്ല..." താഴെപുതിയേടത്തെ ബാലൻ വെല്ലിച്ഛൻ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു. 

ഒരു കീറിയ ചാക്കിന്റെ മേലെ താഴെപുതിയേടത്തെ മുറ്റത്ത് നീണ്ട നിവർന്ന് കിടക്കുകയായിരുന്നു ടൈനി. അവശനാണ്. തല പൊക്കാൻ അതിന് പറ്റുന്നുണ്ടായിരുന്നില്ല. ചാക്കിൽ അവിടവിടെയായി ഛർദ്ദിലും അതിന്റെ അപ്പിയും ഉണ്ടായിരുന്നു. അര മണിക്കൂറിനകം അവൻ നിശ്ചലനായി. പുതിയേടത്ത് വീടിന്റെ വടക്ക് ഭാഗത്ത്, അവന്റെ അമ്മ കുഴിച്ചുണ്ടാക്കിയ മടയ്ക്ക് അടുത്തായി അവൻ അന്ത്യ വിശ്രമം കൊണ്ടു. അതൊരു വല്ലാത്ത ദുഖമായിരുന്നു. ഇംഗ്ളീഷ് വിദ്യാഭ്യാസം തുടങ്ങിയെങ്കിലും, നിത്യേനയുള്ള ഷാപ്പിൽ പോക്ക് പരിപാടി അവൻ നിർത്തിയിരുന്നില്ല. അവിടെയുണ്ടായിരുന്ന ചില സമ്പർക്ക ദോഷങ്ങളായിരിക്കാം അവന് ഈ ഗതി സമ്മാനിച്ചത്. ഷാപ്പിൽ വരുന്ന ചില പട്ടിഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പക അതിന് വളം വച്ച് കൊടുത്തിട്ടുണ്ടാകാം.

ദിവസങ്ങൾ പോകുന്തോറും ദുഖത്തിന്റെ അളവ് കുറഞ്ഞു വരുമല്ലോ. ഞാനും പതുക്കെ നമ്മുടെ പുതിയേടത്തെ ടൈനിയുടെ ഓർമ്മകളിൽനിന്ന് മുക്തനാവാൻ തുടങ്ങി. ചാമാളി എൽ പി സ്‌കൂളിൽ പോകുന്ന വഴിക്കുള്ള വയലിൻ കരയിലാണ് പനോളിപ്പൊയിൽ കള്ളുഷാപ്പ്. കള്ളിനേക്കാൾ പ്രസിദ്ധമായിരുന്നു അവിടത്തെ ഭക്ഷണവിഭവങ്ങൾ. ഉപ്പിലിട്ട നെല്ലിക്കയും നാരങ്ങാമുട്ടായിയും കിട്ടുന്നത് കൊണ്ട്, സ്‌കൂളിൽ പോകുന്ന വഴിക്ക് ഞങ്ങൾ കുട്ടികളും അവിടെ കയറാറുണ്ടായിരുന്നു. അടുത്തെങ്ങും വേറൊരു കടകളും ഉണ്ടായിരുന്നില്ലെന്നത് ഞങ്ങളെ കള്ളുഷാപ്പിൽത്തന്നെ കയറാൻ നിർബന്ധിതരാക്കി എന്നതാണ് സത്യം. രണ്ട് പൈസക്ക് അഞ്ച് ഉപ്പിലിട്ട നെല്ലിക്ക കിട്ടുമെന്നുള്ളത് ഞങ്ങളെ സംബന്ധിച്ചടുത്തോളം അക്കാലത്തെ വലിയ ഡീലായിരുന്നു. അങ്ങനെ ഒരു ദിവസം പനോളിപ്പോയിൽ ഷാപ്പിൽ നെല്ലിക്ക വാങ്ങാൻ കേറിയപ്പോഴാണ് അവിടെ ഒരു പട്ടിയമ്മയെയും കുറെ കുഞ്ഞുങ്ങളെയും കണ്ടത്. അവയുടെ കളികൾ എന്നെയും കൂടെയുള്ള കുട്ടികളെയും ശരിക്കും രസം പിടിപ്പിച്ചു. അന്ന് വൈകുന്നേരം സ്‌കൂൾ വിട്ട്  വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ ഷാപ്പിൽ വീണ്ടും കയറി. തുടർന്ന് അവിടെയുണ്ടായിരുന്ന പട്ടിക്കുഞ്ഞുങ്ങളിൽ നിന്ന് നല്ലൊരു സുമുഖനെ എടുത്ത് വീട്ടിലേക്ക് നടന്നു. മച്ചുനൻ വിന്വേട്ടൻ എനിക്ക് സപ്പോർട്ടായിരുന്നു. പട്ടിക്കുഞ്ഞിന്റെ അമ്മ രൂക്ഷമായൊന്ന് നോക്കിയെങ്കിലും, ഞങ്ങളെ ചോദ്യം ചെയ്തില്ല. അവൻ പോയി രക്ഷപ്പെട്ടോട്ടെ എന്ന് കരുതിക്കാണും. അച്ഛാച്ഛന് പട്ടിക്കുട്ടികളെയൊന്നും വീട്ടിൽ കയറ്റുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട്, പട്ടിക്കുഞ്ഞിനെ വീട്ടിലേക്ക് കയറുന്ന നടയ്ക്കരികിലെ ചെമ്പരത്തിച്ചെടിയുടെ അടിയിൽ ഒളിപ്പിച്ചു. പക്ഷേ അവന് മിണ്ടാതിരിക്കാൻ അറിയില്ലല്ലോ. പട്ടിക്കുഞ്ഞിന്റെ ഒച്ച കേട്ട അച്ഛാച്ഛൻ ഒച്ച വെക്കാൻ തുടങ്ങി. ചോദ്യം ചെയ്യലിനൊടുവിൽ, എനിക്കും എന്റെ മച്ചുനനും അവനെ തിരിച്ച് ഷാപ്പിൽത്തന്നെ കൊണ്ടുപോയി വിടേണ്ടിവന്നു. 'നിങ്ങളെയൊക്കെ എന്തിന് കൊള്ളാം' എന്ന ഭാവമായിരുന്നു അപ്പോൾ അവന്റെ അമ്മപ്പട്ടിക്കുണ്ടായിരുന്നത്.

ആയിടയ്ക്കാണ് വീണ്ടും കാഞ്ഞിലേരിയിലേക്ക് അമ്മയുടെ കൂടെ ഒരു യാത്ര പോയത്. ഏകദേശം ഒരാഴ്ചയോളം അവിടെ നിൽക്കാനായിരുന്നു പരിപാടി. കാഞ്ഞിലേരി കുറേ ബന്ധു വീടുകളുണ്ട്. അതിലൊരു വീടായിരുന്നു, അമ്മച്ഛന്റെ അമ്മ താമസിച്ചിരുന്ന വാഴവീട്. അവിടെയുള്ള എല്ലാ വീടുകളിലും വാഴകൾ ഉണ്ടായിരുന്നെങ്കിലും, ആ വീടിന് മാത്രം എന്തുകൊണ്ട് വാഴവീട് എന്ന പേര് കിട്ടി എന്നെനിക്കറിയില്ല. വാഴവീട്ടിലും ഒരു പട്ടിയുണ്ട്, ടോമി. അവൻ ഏത് പുതിയ ആളുമായും നന്നായി ഇടപെടും. ആരെയും ഉപദ്രവിക്കില്ല. ആരോടും നല്ല മയത്തിൽ പെരുമാറുന്ന ഒരു നല്ല പട്ടി. മഞ്ഞങ്കരയിൽ നിന്ന് ഒരു കിലോമീറ്ററോളം വയലിലൂടെ നടന്നാൽ മാത്രമേ ഒരു തോട്ടുവക്കിലുള്ള വാഴവീട്ടിൽ എത്തുകയുള്ളൂ. ഞങ്ങൾ എത്ര തവണ മഞ്ഞങ്കരയിൽ നിന്ന് വാഴവീട്ടിലേക്കും, തിരിച്ചും പോയാലും ടോമി എല്ലായ്പ്പോഴും ഞങ്ങളുടെ ഒരു വഴികാട്ടിയായും സെക്യൂരിറ്റിയായും കൂടെയുണ്ടാകും. വഴിയിൽ വച്ച് ഞങ്ങൾ ആരോടെങ്കിലും സംസാരിച്ച് നിന്നാലോ മറ്റോ അവനും നിൽക്കും. പക്ഷേ ഓരോ ഇരുപതടിയിലും ഏതെങ്കിലും മരത്തിന്റെ ചുവട്ടിൽ ടോമി മൂത്രമൊഴിക്കുമ്പോൾ ഞങ്ങൾ അവനെ കാത്ത് നിൽക്കാറുണ്ടായിരുന്നില്ല. ഒരു സർവ്വതന്ത്രസ്വതന്ത്രനായിരുന്നു ടോമി. മഞ്ഞങ്കരയിലെ ടൈനി പക്ഷേ എല്ലായ്‌പോഴും ചങ്ങലയാൽ ബന്ധനസ്ഥനായിരുന്നു. ബാലാമ്മാമന്റെ സാന്നിദ്ധ്യമില്ലാതെ അവനെ പുറത്തിറക്കിയാൽ പൊല്ലാപ്പായിരുന്നു. ഒന്നുകിൽ ടൈനി മലയാളം പഠിക്കണം, അല്ലെങ്കിൽ എന്റെ അമ്മമ്മയടക്കം ബാക്കിയെല്ലാവരും ഇംഗ്ളീഷ് പഠിക്കണം എന്നതായിരുന്നു അവിടത്തെ അവസ്ഥ! 

അങ്ങനെ കാഞ്ഞിലേരിയിലുള്ള ഒരു ദിവസം സന്ധ്യക്ക്, ഞങ്ങൾ കുടുംബക്കാർ, വാഴവീടിനടുത്തുള്ള ഒരു ക്ഷേത്രത്തിലെ കാർത്തികപ്പാട്ട് മഹോത്സവത്തിന് പോയി. എന്തോ കാരണത്താൽ അമ്മ കൂടെ വന്നിരുന്നില്ല. പക്ഷേ ടോമി മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഒന്നുരണ്ട് കിലോമീറ്ററോളം നടന്ന് വേണം ക്ഷേത്രത്തിലെത്താൻ. കളമെഴുത്തും തോറ്റം പാട്ടും, കളം മായ്ക്കലുമൊക്കെ അന്നത്തെ അവിടത്തെ പ്രധാന ചടങ്ങാണ്. വൈകുന്നേരത്തെ ദീപാരാധന കഴിയുമ്പഴേക്കും നേരം ഇരുട്ടി. ഇനി കഞ്ഞികുടിച്ച് വരാമെന്നും പറഞ്ഞ് എല്ലാവരും ടോർച്ചിന്റെയും ഓലച്ചൂട്ടിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നിറങ്ങി. അടുത്ത ചടങ്ങുകൾ ഒൻപത് മണിക്കടിപ്പിച്ചേ തുടങ്ങുകയുള്ളൂ. രാത്രിയിലെ കഞ്ഞിയും പുഴുക്കും വാഴവീടിന്റെ നേരെ മുന്നിലായി വയലിനക്കരെയുള്ള കോന്നേരി വീട്ടിലായിരുന്നു ഏർപ്പാടാക്കിയിട്ടുള്ളത്. ടോമിയാണ് ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നത്. ഇടയ്ക്കിടെ പതുക്കെ കുരച്ച് അവൻ ഞങ്ങളുടെ വരവ് നാട്ടുകാരെ അറിയിക്കുന്നുണ്ട്.

വളരെപ്പെട്ടന്ന് തന്നെ എല്ലാവരും കഞ്ഞിക്കിരുന്നു. ഞാൻ വേഗം തന്നെ എല്ലാവരേക്കാൾ മുന്നേയായി കഞ്ഞികുടിച്ച് വാ കഴുകാനായി പുറത്തേക്കിറങ്ങി. ഇറയത്തിന് താഴെയുള്ള കുട്ടി ഇറയത്തിൽ ഒരു തൂണിന് താഴെയായി ബക്കറ്റിൽ വെള്ളവും പാട്ടയും വച്ചിട്ടുണ്ട്. ഞാൻ പാട്ട കൊണ്ട് വെള്ളം കോരി, വാ കുലുക്കുഴിഞ്ഞ് കൊണ്ട് പരിസരം വീക്ഷിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമായിരുന്നത് കൊണ്ട് ഒരു മങ്ങലോടെ മാത്രമേ എന്തെങ്കിലും കാണുന്നുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ബക്കറ്റിന് കുറച്ചപ്പുറത്തായി ടോമി കിടക്കുന്നത് കണ്ടത്. വട്ടത്തിൽ കിടന്നുകൊണ്ട്, അവന്റെ മുഖം അവന്റെ പിന്കാലിന്റെ ഉൾവശത്തായി പൂഴ്ത്തിക്കൊണ്ടാണ് കിടപ്പ്.

ടോമിയും ഞാനും നല്ല പരിചയമാണല്ലോ. പോരാത്തതിന് സൽസ്വഭാവിയും. അവന്റെ പ്രശാന്തസുന്ദരമായ മയക്കം കണ്ടിട്ട്, അതിന്റെ മൂർദ്ധാവിൽ ഒന്ന് തലോടാൻ എന്റെ മനസ്സ് കൊതിച്ചു. വായിലുണ്ടായിരുന്ന വെള്ളം ആവുന്നത്ര ദൂരേക്ക് നീട്ടിത്തുപ്പിക്കൊണ്ട്, ഞാൻ ടോമിയുടെ അടുത്തേക്ക് നീങ്ങി,  അവന്റെ അടുത്തായി കുനിഞ്ഞിരുന്നു. അവനൊരു അനക്കവുമില്ല; ഗാഡ്ഡവിശ്രമത്തിലാണ്. ഇനിയും നമ്മുടെ കൂടെ അമ്പലത്തിലേക്ക് വന്ന് രാത്രി മുഴുവൻ കാഴ്ചകൾ കണ്ട് നടക്കേണ്ടതാണല്ലോ. അവനെയൊന്ന് സാകൂതം വീക്ഷിച്ചശേഷം, എന്റെ വലത് കരം കൊണ്ട് ഞാനവന്റെ മൂർദ്ധാവിൽ പതുക്കെ തലോടി. അവനത് ആസ്വദിക്കുകയാണ്. തടവുന്നതിനിടയിൽ, 'എടാ.. നിനക്ക് കഞ്ഞിയൊന്നും വേണ്ടേ...' എന്ന് വെറുതെ പതുക്കെ ചോദിച്ചതേ ഉണ്ടായിരുന്നുള്ളൂ...

'അമ്മേ...' എന്ന് ഞാനലറി... എന്റെ ശബ്ദം കേട്ടതും, ആ പട്ടി കുനിഞ്ഞിരുന്ന എന്റെ മുഖം നോക്കി കടിച്ചതും ഒരുമിച്ചായിരുന്നു. അവനൊന്ന് കുരച്ചത് പോലുമുണ്ടായിരുന്നില്ല. എന്റെ നിലവിളി കേട്ടപ്പോൾ അവനും പേടിച്ച് പോയിക്കാണണം, അവൻ മുറ്റത്തേക്ക് ചാടിയിറങ്ങി. അപ്പഴേക്കും അകത്തുള്ളവർ ഓടി പുറത്തേക്കെത്തിയിരുന്നു. ഞാൻ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു. എന്റെ മുഖത്ത് നിന്ന് സാമാന്യം നല്ല രീതിയിൽ ചോര കീഴോട്ട് ഒഴുകി, കുപ്പായത്തിലേക്ക് പരന്നുകൊണ്ടിരുന്നു. 

"ഓ ഇത് കുറച്ചധികം ഉണ്ടല്ലോ... ഇടത്തേ കവിളില് മൂന്നാല് പല്ല് നല്ലോണം കൊണ്ടിട്ടുണ്ട്. ഇത് ആരെയെങ്കിലും ന്തായാലും കാണിക്കേണ്ടി വരും... കവിളില് ഒന്ന് രണ്ട് തൊള വന്നിട്ടുണ്ട്..." അമ്മയുടെ അമ്മാമനായ കൃഷ്ണമ്മാമൻ, എന്റെ മുറിവിന്റെ മേലെ, ടോർച്ച് അടിച്ചുകൊണ്ട് പറഞ്ഞു. 

"കുറച്ച് നല്ല വെള്ളത്തുണി വേഗം കൊണ്ടുവാ..." 

പിന്നെ അവിടെയൊരു ബഹളമായിരുന്നു. ആരൊക്കെയോ വെള്ളത്തുണിക്കീറുകളുമായി ഓടി വന്നു. എന്റെ മുഖം കഴുകിയതിന് ശേഷം തുണികൊണ്ട്, എന്റെ മുറിവിൽ അമർത്തിപ്പിടിച്ചു. അഞ്ചുമിനുട്ടിനകം, കടിച്ച ഭാഗത്ത് ഒരു തരിപ്പ് അനുഭവപ്പെട്ടത് കൊണ്ട്, എന്റെ കരച്ചിലിന് കുറച്ച് ശമനമായി. പക്ഷേ എന്റെ മുറിവ് കണ്ടിട്ട് എന്റെ ഇളയമ്മ വാവിട്ട് കരയാൻ തുടങ്ങി.

"ഇവനങ്ങനെ ആരേം കടിക്കാറില്ലല്ലോ...ഇന്നെന്താ പറ്റ്യേ..." കൊന്നേരിയിലെ പപ്പൻ വല്യച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞ്, മുറ്റത്തേക്കിറങ്ങി ആ പട്ടിയെ പിടിച്ച് ഒന്ന് രണ്ട് അടി കൊടുത്തു. ശേഷം അതിനെപ്പിടിച്ച് അതിന്റെ കൂട്ടിൽ ചങ്ങലക്കിട്ടു. അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്, അത് ടോമിയായിരുന്നില്ല, പകരം, ഒറ്റ നോട്ടത്തിൽ ടോമിയെപ്പോലെ തോന്നിക്കുന്ന അവിടത്തെ പട്ടിയായിരുന്നു. പരിചയമില്ലാത്ത പട്ടിയുടെ അടുത്ത് കിന്നാരം പറയാൻ പോയതായിരുന്നു, എനിക്ക് പറ്റിയ അമളി. ഈ പട്ടി അവിടെയുള്ളത് കാരണമായിരിക്കാം, ടോമി അവിടെയധികം നിൽക്കാതെ സ്ഥലം വിട്ടുകളഞ്ഞത്. ടോമിയെ അവിടെ കാണാനേ ഇല്ലായിരുന്നു.

അപ്പഴേക്കും രാത്രി ഏകദേശം, എട്ടരമണിയായിക്കാണണം. ആശുപത്രിയിൽ പോകണമെങ്കിൽ ഒന്നുകിൽ കൂത്തുപറമ്പിലോ അല്ലെങ്കിൽ മട്ടന്നൂരോ പോകണം. വാഹന സൗകര്യം കിട്ടാൻ ബുദ്ധിമുട്ടാണ്. 

"നമുക്ക് നമ്മുടെ കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെയടുത്ത് പോകാം. അയാളാവുമ്പോ ഒരു ഡോക്ടറിന്റെ ഗുണം ചെയ്യും..." ആരോ വിളിച്ചു പറഞ്ഞു.

കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെ വീട് അവിടെ നിന്നും ഏകദേശം ഒരു കിലോമീറ്റർ നടന്നാലെത്താം. ഒരു കുന്ന്, കാട്ടുവഴിയിലൂടെ കയറിയിറങ്ങണം. അതുതന്നെയാണ് പെട്ടന്ന് കിട്ടാവുന്ന ചികിത്സ എന്ന നിലയിൽ, എല്ലാവരും എന്നെയും ചുമലിലേറ്റി ടോർച്ചും ചൂട്ടുമായി വച്ചുപിടിച്ചു. 

പതിനഞ്ച് മിനുട്ടിനുള്ളിൽ ഞങ്ങൾ കുഞ്ഞിരാമൻ കമ്പൗണ്ടറിന്റെ വീട്ടിലെത്തി. അദ്ദേഹം വയറ് നിറച്ചും ശാപ്പാടടിച്ചതിന് ശേഷം, മുറ്റത്ത് കൂടെ ഉലാത്തുകയായിരുന്നു. എന്റെ കൂടെ ഏകദേശം പത്ത് പേരോളം ഉണ്ട്. ഞങ്ങളുടെ വരവ് കണ്ടിട്ട് അദ്ദേഹം ആദ്യമൊന്ന് പരിഭ്രമിച്ച് പോയിക്കാണണം.

"കമ്പൗണ്ടറേ... നമ്മളെ കൊന്നേരീലെ പാപ്പാട്ടന്റെ നായി കടിച്ചതാ..." കൃഷ്ണമ്മാമൻ അടുത്തറിയാവുന്നയാളെപ്പോലെ മൊഴിഞ്ഞു. 

എല്ലാവരും ചേർന്ന് എന്നെ അവിടത്തെ ഒരു കസേരയിൽ എന്നെ ഇരുത്തി. പരിഭ്രമം കാരണം, ഞാൻ പതുക്കെ വിങ്ങിവിങ്ങി കരയുന്നുണ്ട്. കമ്പൗണ്ടർ ഒരു ടോർച്ചെടുത്ത്, അദ്ദേഹത്തിന്റെ ഉണ്ടക്കണ്ണടയൊന്ന് ശരിയാക്കി, എന്റെ മുറിവ് പരിശോധിച്ചു. കമ്പൗണ്ടറിന്റെ മുഖം എന്റെ മുഖത്തിനടുത്തെത്തിയപ്പോൾ ചാരായത്തിന്റെ മണം!

"ഡോ... കൃഷ്ണാ.. ആ നായീന്റെ മോനെന്ത് കടിയാ കടിച്ചത്... ഇത് എന്നെക്കൊണ്ട് കൂട്ടിയാൽ കൂടൂന്ന് തോന്നുന്നില്ല. ഈ തുളഞ്ഞ കവിള് തുന്നേണ്ടി വരും. ആസ്പത്രീല് പോകുന്നതാ നല്ലത്..."  അറുപതിനും എഴുപത്തിനുമിടക്ക് പ്രായം തോന്നിക്കുമെങ്കിലും തോന്നിക്കുമെങ്കിലും വളരെ ഹാസ്യാത്മകമായിട്ടായിരുന്നു കമ്പൗണ്ടറിന്റെ സംസാരം.

"ഈ രാത്രി ഇവ്ട്ന്ന് എങ്ങനെയാ കുഞ്ഞിരാമാട്ടാ... ആസ്പത്രീല് പോവ്വ... ഇവ്ടെയടുത്ത് ഒരു വണ്ടിയും ല്ലാലോ... നടന്ന് എങ്ങനെയാ പോവ്വാ... " കൃഷ്ണമ്മാമൻ റീയാലിറ്റി വിവരിച്ചു. കൃഷ്ണമ്മാമനും അല്പം ലഹരിയിലാണ്. 

"എടാ... തുന്നാനുള്ള സൂചീം നങ്കീസും ണ്ടോന്ന് പോലും ഒറപ്പില്ല..."

"ങ്ങള് ന്തെങ്കിലും ബേഗം ചെയ്യപ്പാ....ന്തായാലും ആസ്പത്രീല് പോക്കൊന്നും പ്പം നടക്കൂല്ല..." കൃഷ്ണമ്മാമൻ ഉറപ്പിച്ചിരുന്നു.

"ഉം.. നോക്കട്ടെ... " അതും പറഞ്ഞ് കമ്പൗണ്ടർ അകത്തേക്ക് പോയി. പെട്ടന്ന് തന്നെ ഒരു വലിയ പെട്ടിയുമായി പുറത്തേക്ക് വന്നു. 

"ഡോ.. കുറച്ച് വെള്ളം തിളപ്പിക്ക്.. ഈ സൂചിയൊക്കെയൊന്ന് സ്റ്റെറിലൈസ് ചെയ്യണം..." അദ്ദേഹം അകത്തേക്ക് നോക്കി അദ്ദേഹത്തിന്റെ ഭാര്യയോട് പറഞ്ഞു. പിന്നെ കത്രികയും മറ്റുമായി വേറെ എന്തൊക്കെയോ സാധനങ്ങൾ അദ്ദേഹം അവിടെയുണ്ടായിരുന്ന മേശപ്പുറത്ത് എടുത്തു വച്ചു. അതിനിടയിൽ അദ്ദേത്തിന്റ ഭാര്യ, മേശപ്പുറത്തിരുന്ന ചില സാധനങ്ങളെടുത്ത് അകത്തേക്ക് പോയി. എന്തൊക്കെ സ്റ്റെറിലൈസ് ചെയ്യണമെന്ന് അവർക്ക് അറിവുണ്ടായിരിക്കും.

"അല്ല കമ്പൗണ്ടറെ.. ഇത് നായി കടിച്ചതല്ലേ.... അപ്പോ ഇവന് മറ്റേ ഇഞ്ചക്ഷൻ എടുക്കേണ്ടേ..." കൂടെ വന്നവരിൽ ആരോ സംശയം പ്രകടിപ്പിച്ചു.

"ഏത്... പ്രാന്തിന്റെ ഇഞ്ചക്ഷനാ...?

"ആ അത് തന്നെ... മറ്റേ... പൊക്കിന് ചുറ്റും വെക്കുന്ന ഇഞ്ചക്ഷൻ..."

"ഏയ്... ഇത്... കടിച്ചത്.... നമ്മടെ പാപ്പാട്ടന്റെ നായല്ലേ... അയിന് പിരാന്തൊന്നും ണ്ടാവൂല്ല... ബെർതെ ന്തിനാ പയിനാല് സൂചി ഈ കുഞ്ഞിക്കൊടലില് കുത്തിക്കേറ്റ്ന്ന്..." കമ്പൗണ്ടർക്ക് എന്തോ, കൊന്നേരിയിലെ പട്ടിയെക്കുറിച്ച് വളരെ ഉറപ്പുള്ളത് പോലെ. അതോ അദ്ധേഹത്തിന്റെ ഉള്ളിലെ ചാരായമാണോ പറഞ്ഞതെന്ന് ഉറപ്പില്ല.

"പാപ്പാട്ടന്റെ നായി... ഇവന്റെ ബെള്ത്ത മുഖം കണ്ടിറ്റ് ചെലപ്പം ഇവനെ ഉമ്മം ബെച്ചതായിരിക്കും.. ല്ലേ..." കമ്പൗണ്ടർ സ്വയം പറഞ്ഞ് ചിരിച്ചപ്പോൾ മറ്റുള്ളവരും കൂടെ ചിരിച്ചു.  

കമ്പൗണ്ടറിന്റെ ഭാര്യ, തിളപ്പിച്ചാറ്റിയ ചില സാധനങ്ങളുമായി പുറത്ത് വന്നു.

"ന്നാ കൃഷ്ണാ... ഞാൻ ന്റെ പണി തുടങ്ങ്വാണ്... ഓനെ.. ദാ വ്ടെ ഈന്റെ മേലെ കെടത്ത്...  ങ്ങള് ഒന്നുരണ്ടാള് ഇവന്റെ തല ശരിക്കും അമർത്തിപ്പിടിക്കണം. എനക്ക് കണ്ണിനും ചെറിയ പ്രശ്നാ... ഇവന്റെ തല ഒട്ടും അനങ്ങാൻ സമ്മയിക്കറ്... കേട്ടാ..." കമ്പൗണ്ടർ കത്രികയും സൂഹിയും സാമഗ്രികളുമായി തയ്യാറായി. 

എന്നെ അവിടെയുള്ള ഒരു ബെഞ്ചിന്റെ മേലെ മലർത്തിക്കിടത്തി. ആരൊക്കെയോ എന്റെ മുഖത്തിന് മേലെ ഒന്നുരണ്ട് ടോർച്ചുകൾ സെർച്ച് ലൈറ്റുകൾ പോലെ തെളിച്ച് പിടിച്ചു. കൃഷ്ണമ്മാമനും വേറെ ഒന്ന് രണ്ട് പേരും ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം എന്റെ തലയും കയ്യും കാലും അമർത്തിപ്പിടിച്ചു. പിന്നെ എന്റെ കവിളിന്റെ മേലെ നടന്നതെല്ലാം പച്ചക്കായിരുന്നു. മുറിവ് വൃത്തിയാക്കലും തുന്നലും  എല്ലാത്തിന്റെയും മേലെ പശയുള്ള ടേപ്പ് ഒട്ടിക്കലും മറ്റും അര മണിക്കൂർ കൊണ്ട് കഴിഞ്ഞു. അതിനിടയിൽ ഒരിഞ്ചക്ഷനും കുത്തിക്കയറ്റി. അതുവരേക്കും എന്റെ തലയൊന്നനക്കാൻ മറ്റുള്ളവർ എന്നെ സമ്മതിച്ചിരുന്നില്ല. കവിളിലായിരുന്നു തുന്നൽ പ്രക്രിയ നടക്കുന്നത് എന്നത് കൊണ്ട്, വാ തുറന്നൊന്ന് കരയാൻ പോലും എന്നെ സമ്മതിച്ചിരുന്നില്ല.

കവിളിലെ കുത്തിക്കെട്ടിന് ശേഷം, ഞങ്ങൾ കമ്പൗണ്ടറുടെ വീട്ടിൽ നിന്ന് ഇറങ്ങാനൊരുങ്ങി. കൃഷ്ണമ്മാമൻ  സ്വന്തം പോക്കറ്റിൽ കൈയ്യിട്ട് കുറച്ച് പൈസയെടുത്ത് കമ്പൗണ്ടർക്ക് നൽകാൻ ശ്രമിച്ചെങ്കിലും കമ്പൗണ്ടർ അതിന് ഒട്ടും വഴങ്ങിയില്ല. ഒടുവിൽ നമ്മൾ അവിടെ നിന്നിറങ്ങി. മഞ്ഞങ്കരയിൽ നിന്ന് കൂടെ വന്ന മറ്റുള്ളവർ അമ്പലത്തിലാണുള്ളത്. അതുകൊണ്ട്, മുഖത്ത് പഞ്ഞിക്കെട്ടുള്ള എന്നെയും കൂട്ടി എല്ലാവരും നേരെ അമ്പലത്തിലേക്ക് നടന്നു. അപ്പഴേക്കും അമ്പലത്തിലെ പരിപാടികൾ ഏകദേശം അവസാന ഘട്ടത്തിലെത്തിയിരുന്നു.    

ഞങ്ങൾ അമ്പലത്തിൽ എത്തുമ്പോൾ കളം മായ്ക്കൽ നൃത്തം നടക്കുകയായിരുന്നു. പക്ഷേ മുഖത്തെ പഞ്ഞിക്കെട്ടുമായി വന്ന എന്നെക്കണ്ടപ്പോൾ, ഒരു വേള എല്ലാവരുടെയും ശ്രദ്ധ എന്റെ നേരെയായി. കൂടുതൽ ചോദ്യങ്ങളായി. എല്ലാവർക്കും കൃഷ്ണമ്മാനും കൂട്ടരും മറുപടി പറഞ്ഞു കൊണ്ടേയിരുന്നു. 

ഒടുവിൽ, അമ്പലത്തിലെ പരിപാടികളെല്ലാം കഴിഞ്ഞ്, ഞങ്ങൾ മഞ്ഞങ്കരയിലേക്ക്‌ പുറപ്പെട്ടു. അമ്പലത്തിന്റെ പടിക്കെട്ടിറങ്ങുമ്പഴേക്കും ടോമി ഞങ്ങളെക്കാത്ത്  അവിടെ നിൽപ്പുണ്ടായിരുന്നു. 

പിറ്റേ ദിവസം തന്നെ ഞാൻ പുതിയേടത്ത് വീട്ടിലേക്ക് തിരിച്ചുവന്നു. ഒരാഴ്ചയോളം, എല്ലാ ദിവസവും കുഞ്ഞിരാമൻ കമ്പൗണ്ടറുടെ കൂത്തുപറമ്പിലുള്ള ഒരു ചെറിയ ഒറ്റ മുറി ക്ലിനിക്കിൽ പോയി മുറിവ് ഡ്രസ്സ് ചെയ്യേണ്ടതായിവന്നെങ്കിലും, ഒരാഴ്ചക്കുള്ളിൽ എന്റെ കവിളിലെ മുറിവുകൾ ഉണങ്ങിയിരുന്നു. 

മാസങ്ങൾ പിന്നെയും കഴിഞ്ഞു. മൂന്നാം ക്ലാസ്സ് കഴിഞ്ഞയുടനെ, അച്ഛനും അമ്മയും ഞാനും മൂന്നനുജന്മാരും എരുവട്ടിയിലെ മഠത്തിൽ വീട്ടിലേക്ക് താമസം മാറി. വീട്ടിൽ ഞങ്ങൾക്ക് ഞങ്ങളുടേതായ പശുക്കളും അവയ്ക്ക് കിടാങ്ങളും ഉണ്ടായി. ഈ പൈക്കൾക്ക് കമുകിന്റെ കൂമ്പാളയും കമുകിന്റെ പട്ടയും വളരെ ഇഷ്ടമാണ്. നമ്മുടെ താഴെയുള്ള രാമേന്ദ്രേട്ടന്റെ വിശാലമായ പറമ്പിൽ കമുക് ഇഷ്ടം പോലെയുണ്ട്. ഈ കമുകുകളിൽ നിന്നും താഴെ വീണ പട്ടയും കൂമ്പാളയും പെറുക്കാൻ ഞാനും അനിയന്മാരും രാവിലെത്തത്തന്നെ എഴുന്നേൽക്കും. പക്ഷേ പല ദിവസങ്ങളിലും നമ്മുടെ വീടിന്റെ മേലെ പറമ്പിലുള്ള വീടായ മഠത്തിൽ കുന്നത്തെ വീട്ടിലെ 'ലാലു' എന്ന കടിയൻ പട്ടി കാരണം, ഞങ്ങൾക്കതിന് കഴിഞ്ഞിരുന്നില്ല. അവനെ ചില ദിവസങ്ങളിൽ രാത്രി അഴിച്ചിടും. അവൻ പുറത്തായിരിക്കുന്ന അവസ്ഥയിൽ, അതിലൂടെ ആളുകൾക്ക് വഴി നടക്കുക പോലും വിഷമമുള്ള കാര്യമാണ്. എത്രയോ ദിവസങ്ങളിൽ അവൻ ഞങ്ങളെ ഓടിച്ച് വിട്ടിട്ടുണ്ട്. അവനെ ഏതെങ്കിലും പ്രാന്തൻ കുറുക്കൻ കടിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചിട്ട് പോലുമുണ്ട്.

ആയിടയ്ക്ക് അച്ഛന്റെ പെങ്ങളുടെ ഭർത്താവ് രാഘവളേച്ഛൻ, ഒരിക്കൽ വീട്ടിൽ വന്നു. സംസാരിക്കുന്ന കൂട്ടത്തിൽ, നാല് കാലുകളിലും കൂടി പതിനെട്ട് നഖങ്ങളുള്ള ഒരു കൊടിയൻ പട്ടിക്കുഞ്ഞിനെ കിട്ടുകയാണെങ്കിൽ, അറിയിക്കണമെന്ന് പറഞ്ഞു. പലദിക്കുകളിൽ പരതിയിട്ടും ഒന്നിനെയും കിട്ടിയില്ലത്രേ. പതിനെട്ട്  നഖങ്ങളുള്ള പട്ടികൾ ശൗര്യമുള്ളവരും ആക്രമണോൽസുകരും ആയിരിക്കുമെന്നാണ് ഏതോ ശുനകശാസ്ത്രവിദ്വാൻ അദ്ദേഹത്തെ അറിയിച്ചിട്ടുള്ളത്. മഠത്തിൽ കുന്നത്തെ രാജേഷിനോട് ചോദിച്ചപ്പോൾ ലാലുവിന് പതിനെട്ട് നഖങ്ങൾ ഉണ്ടെന്ന് അവൻ ഉറപ്പ് വരുത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. സാധാരണ നായ്ക്കൾക്ക് പതിനാറ് നഖങ്ങൾ മാത്രമുള്ളിടത്താണ് ഈ പതിനെട്ട് നഖങ്ങൾ! തുടർന്ന്, ലാലു സമ്മേളിക്കാൻ സാധ്യതയുള്ള അയല്പക്കത്തെ എല്ലാ കൊടിച്ചിപ്പട്ടികളുടെയും പ്രസവം കഴിഞ്ഞാൽ, അവയുടെ കിടാങ്ങൾക്ക് എത്ര നഖങ്ങൾ ഉണ്ടെന്ന് നോക്കലായിരുന്നു കുറച്ച് കാലത്തേക്ക് എന്റെ പണി. പക്ഷേ ലാലുവിന്റെ യഥാർത്ഥ ബീജം ആ കൊടിച്ചിപ്പട്ടികളിൽ സന്ദർശനം നടത്തിയിരുന്നില്ലെന്ന് വേണം അനുമാനിക്കാൻ; ആ ശ്വാനകിടാങ്ങൾക്കെല്ലാം പതിനാറ് നഖങ്ങൾ മാത്രമായിരുന്നു!

"ഓടിക്കോ... പിരാന്തൻ ബെരുന്നേ.. ഓടിക്കോ..." ഒരു ശനിയാഴ്ച ഉച്ചക്കടുപ്പിച്ച് ഞാനും നേരെ താഴെയുള്ള അനുജനും കൂടി വീട്ടുപറമ്പിൽ പശുവിനെ മേച്ചുകൊണ്ടിരിക്കുമ്പോൾ വീടിന്റെ തെക്കുഭാഗത്തായി കുറച്ചകലെ നിന്ന് വലിയ ബഹളം കേട്ടു. വീട് വളപ്പ് ഒരു മിനി കാട് തന്നെയാണ്. വീടിനെ ചുറ്റി കാട്ടിടവഴികൾ പോലെ ഇടവഴികളുണ്ട്. ജൂൺ ജൂലായ് മാസങ്ങളിലെ മഴക്കാലം കഴിഞ്ഞ് വരുന്നതേയുള്ളൂ. ഇടവഴികളിലൂടെയൊക്കെ ഉറവ് വെള്ളം ചെറുതായി ഒഴുകുന്നുണ്ട്. ഞാനും അനുജനും പശുക്കളെ വിട്ട് ബഹളം കേട്ട ഭാഗത്തേക്കോടി. അപ്പോൾ കുറച്ച് ദൂരെ നിന്ന് കിഴക്ക് ഭാഗത്തെ ഇടവഴിയിലൂടെ, ഒരു തവിട്ട് നിറത്തിലുള്ള പട്ടി മുന്നിലായും, അതിന്റെ പിന്നിലായി പത്തമ്പത് പേരും, വടിയും കുന്തവുമൊക്കെ പിടിച്ച് ഓടുകയാണ്. 

"പിരാന്തൻ നായാണ്... കടി കിട്ടണ്ട മക്കളേ... ഓടിക്കോ..." ഞങ്ങളെ കണ്ടപ്പോൾ കാളിത്താൻ ബാബു വിളിച്ചുപറയുന്നുണ്ടായിരുന്നു. പട്ടി ഏകദേശം ഞങ്ങൾ നിന്നിരുന്ന തിട്ടയുടെ താഴെക്കൂടിയുള്ള ഇടവഴിക്ക് താഴെ എത്താറായപ്പോൾ, ഞാനും അനുജനും പേടിച്ച്, അടുത്തുണ്ടായിരുന്ന കശുമാവിന്റെ മേലെ കുരങ്ങന്മാരെപ്പോലും തോൽപ്പിക്കുന്ന വിധം ഓടിക്കയറി. പട്ടിയും കൂടെയുള്ളവരും ഇടവഴിയിലൂടെ വടക്കുഭാഗത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളും കശുമാവിൽ നിന്നിറങ്ങി അവരുടെ പിന്നാലെക്കൂടി. 

ഓടിത്തളർന്ന പട്ടി, ഒടുവിൽ, ഞങ്ങളുടെ വീട്ടുപറമ്പിന്റെ വടക്ക് കിഴക്കേമൂലയിലുള ഒരു വെള്ളം നിറഞ്ഞ കുഴിയിൽ തളർന്ന് വീണു. പട്ടി തളർന്ന് വീണതും, കാഞ്ഞാൻ വാസുവേട്ടന്റെ പെരുത്തലമട്ടല് കൊണ്ടുള്ള അടി അതിന്റെ തലക്ക് മേലെ ആഞ്ഞ് പതിച്ചതും ഒരുമിച്ചായിരുന്നു. പിന്നെ ആരൊക്കെയോ അതിന്റെ മേലെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ആ പട്ടിയേക്കാളും ശൗര്യം, അതിന്റെ പിന്നാലെ ഓടിയവർക്കുണ്ടായിരുന്നു. ആ പട്ടി പോലും അതിന്റെ ജീവിതത്തിൽ ഇത്ര ക്രൂരത ആരോടും അതുവരെ കാണിച്ചിട്ടുണ്ടാവില്ല. അടി കൊണ്ട്, അതിന്റെ കണ്ണുകൾ തുറിച്ച് പുറത്തേക്ക് വരികയും, കുടല് പൊട്ടി കുടൽമാല തൂങ്ങി നിൽക്കുകയും ചെയ്തു. എന്നിട്ടും അത് ശ്വസിക്കാൻ വാ തുറക്കുമ്പോൾ, ആളുകൾ പിന്നെയും അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ അതിന്റെ അനക്കം പൂർണ്ണമായും നിലച്ചു. പറമ്പിന്റെ തിട്ടമേലെ നിന്ന് കൊണ്ട് ഈ കാഴ്ചകളൊക്കെ ഒരു പക്ഷിയുടെ കാഴ്ചയിൽ ഞങ്ങൾ സങ്കടത്തോടെ നോക്കിനിന്നു. ആ പാവം പട്ടിക്കായിരുന്നോ പ്രാന്ത്, അതോ അതിനെ  ക്രൂരമായി തല്ലിക്കൊന്നവർക്കായിരുന്നോ പ്രാന്ത് എന്ന സംശയം പോലും എനിക്കുണ്ടായി. എന്തായാലും, നാടിന് വേണ്ടി എന്തോ വലിയ കാര്യം ചെയ്തു എന്ന ആഹ്ളാദമായിരുന്നു, ആ ആൾക്കൂട്ടത്തിനുണ്ടായിരുന്നത്. പട്ടിക്ക് പ്രാന്തുണ്ടായിരുന്നോ എന്ന് നോക്കാൻ ഇനിയൊരു പോലീസുകാരനും വരില്ലല്ലോ. ഒടുവിൽ അയല്പക്കത്ത് നിന്നൊക്ക കൈക്കോട്ടും മറ്റും കൊണ്ടുവന്ന് അതിന്റെ കുഴിയടക്കം കഴിഞ്ഞ്, തിരിച്ച് വരുമ്പഴേക്കും, ഞങ്ങൾ മേക്കാൻ കൊണ്ടുപോയിരുന്ന ചോക്കാച്ചിയും വെള്ളച്ചിയും കിട്ടിയ തക്കത്തിൽ, വീട്ടുപറമ്പിലുണ്ടായിരുന്ന അഞ്ചാറ് വാഴത്തൈകൾ തണ്ടോടെ സാപ്പിട്ട് കഴിഞ്ഞിട്ടുണ്ടായിരുന്നു. 

കാലം പിന്നെയും കൊഴിഞ്ഞുപോയി. ഞാൻ പ്രീഡിഗ്രി കഴിഞ്ഞ് ഐടിഐയിൽ പഠിക്കുന്ന കാലം. എന്റെ വീട്ടിലും ഒരു ആൺപട്ടിക്കുഞ്ഞ് വന്നെത്തി. ഒരു കുടുംബസുഹൃത്ത് കൊണ്ടുവന്ന് തന്നതാണ്. അവനും പതിനാറ് നഖങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് ഞങ്ങൾ 'ടിങ്കു'വെന്ന് പേരിട്ടു. ടിങ്കുവിന്റെ ട്രെയിനർ ആയി ഞാൻ ചാർജ്ജെടുത്തു. പല പല പട്ടികളെയും കണ്ട് പരിചയിച്ചതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, ഞാൻ എന്റേതായ രീതിയിൽ ഒരു കരിക്കുലം തയ്യാറാക്കി. ഇംഗ്ളീഷും മലയാളവും  ടിങ്കുവിന് കൈകാര്യം ചെയ്യാൻ തരത്തിലായിരുന്നു ആ കരിക്കുലം. കൂട്ടത്തിൽ, ദിവസേന ചില ഡ്യൂട്ടികളും അവന് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നു. 

പക്ഷേ കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അവന് ഇതിലൊന്നും വലിയ താൽപര്യമില്ലെന്ന് മനസ്സിലായത്. തീർത്തും 'എ ലേസി ബോയ്'! ഇംഗ്ളീഷൊന്നും അവന്റെ തലയിൽ കേറുന്നുണ്ടായിരുന്നില്ല. മലയാളം തന്നെ വളരെ കഷ്ടപ്പെട്ടാണ് പഠിച്ചെടുത്തത്. വേറെ പട്ടികളെ കാണുമ്പോൾ ശൗര്യം പോയിട്ട് നാലുകാലിൽ അവരുടെ മുന്നിൽ നേരെ നിൽക്കാൻ പോലും അവനെക്കൊണ്ടാവില്ലായിരുന്നു. വേറും ഒരു നാണക്കാരൻ. പുറമെയുള്ള ഏത് പട്ടിയെക്കണ്ടാലും ആൺ പെൺ വ്യത്യാസമില്ലാതെ അവയെ മണപ്പിക്കുന്നതിലായിരുന്നു അവന് താൽപര്യം. കൊടിച്ചികളാണെങ്കിൽ മണപ്പിക്കലിൽ ഇത്തിരി ആക്രാന്തം കൂടുമെന്ന് മാത്രം. 

എന്തായാലും പത്രവിതരണക്കാരൻ രവീന്ദ്രേട്ടൻ, വഴിയിൽ നിന്ന് 'റ' ആകൃതിയിൽ എറിയുന്ന പത്രം, വീണിടത്ത് നിന്ന് കടിച്ചെടുത്ത് വീട്ടിലേക്ക് കൊണ്ടുവരിക എന്ന ദിനചര്യ അവൻ പഠിച്ചെടുത്തു. അവനെ ഞങ്ങൾ ചങ്ങലയിൽ ബന്ധിക്കാതെ സ്വതന്ത്രനായി വിടുകയാണ് ചെയ്തത്. ആ സ്വാതന്ത്ര്യം അവൻ നന്നായി ഉപയോഗിക്കുകയും ചെയ്തു. കന്നിമാസങ്ങളിൽ പല പല ജാഥകളിലും അവൻ പങ്കെടുത്തു. പല ദിവസങ്ങളിലും ടിങ്കുവിനെ കാണാനേ കിട്ടാറുണ്ടായിരുന്നില്ല. തെണ്ടി നടപ്പിനിടയിൽ നേരം കിട്ടിയാൽ മാത്രം വീട്ടിൽ കയറുന്ന അവസ്ഥ!

ആയിടയ്ക്കാണ് അച്ഛന് ചന്ദനക്കാംപാറയിലെ ഒരു പള്ളിക്കൂടത്തിൽ പ്രധാനാധ്യാപകനായി സ്ഥലം മാറ്റം കിട്ടിയത്. സ്‌കൂളിൽ പോയി ദിവസേന വന്നുകൊണ്ടിരുന്ന അച്ഛൻ, തിങ്കളാഴ്‌ച രാവിലെ പോയാൽ പിന്നെ വെള്ളിയാഴ്ച്ച വൈകുന്നേരം മാത്രമേ വീട്ടിൽ വരാറുണ്ടായിരുന്നുള്ളൂ. ഇത്  ടിങ്കുവിനെപ്പോലെ എനിക്കും വളരെ വലിയ സ്വാതന്ത്ര്യം നൽകി. ഞാനും രാത്രികളിൽ കൂട്ടുകാരുടെ കൂടെ പല പല പരിപാടികളിലും പങ്കെടുത്ത് വളരെ വൈകിയൊക്കെ വരാൻ തുടങ്ങി. അമ്മ ആദ്യമൊക്കെ പലതും പറഞ്ഞെങ്കിലും തെണ്ടുന്ന കാര്യത്തിൽ ഞാനും ടിങ്കുവും സമന്മാരാണെന്ന് മനസ്സിലാക്കിയതോടെ പിന്നീടൊന്നും പറയാതായി.

അങ്ങനെയിരിക്കേയാണ് ഞാൻ പഠിച്ച ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിൽ രണ്ട് ദിവസത്തെ സ്ഥാനതല സംസ്‌കൃത കലോത്സവം വന്നെത്തിയത്. പകൽ സമയത്ത് മാത്രമല്ല രാത്രിയിലും പരിപാടികൾ ഉണ്ടായിരുന്നു. എന്റെ മച്ചുനൻ വിന്വേട്ടനും ഞാനും എന്റെ രണ്ടനിയന്മാരും പഠിച്ചത് ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിലാണ്. എന്റെ അച്ഛൻ കുറച്ച് കാലം അവിടെയാണ് പഠിപ്പിച്ചിരുന്നത്. അതുകൊണ്ടാണ്, ഒന്നര മൈൽ അടുത്തുള്ള കതിരൂർ ഹൈസ്‌കൂളിന് പകരം, മൂന്നര മൈൽ ദൂരെയുള്ള ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിലേക്ക് ഞങ്ങളെ ചേർത്തത്. പുതിയേടത്ത് തന്നെ താമസിച്ചിരുന്ന വിന്വേട്ടന് ഒന്നര മൈൽ മാത്രമേ അവിടേക്ക് ഉണ്ടായിരുന്നുള്ളൂ. എന്തായാലും സംസ്‌കൃതോല്സവത്തിന് വരാൻ വിന്വേട്ടൻ എന്നെ ക്ഷണിച്ചു. പരിപാടിയൊക്കെ കഴിഞ്ഞ് രാത്രി വൈകുകയാണെങ്കിൽ, അവനും എന്റെ കൂടെ എരുവട്ടിയിലുള്ള വീട്ടിൽ വരാമെന്നായിരുന്നു ധാരണ.

അങ്ങനെ ചുണ്ടങ്ങാപ്പൊയിൽ ഹൈസ്‌കൂളിൽ സംസ്കൃതോത്സവത്തിന്റെ ആദ്യത്തെ ദിവസം വൈകുന്നേരം ഞാൻ പോയി. എന്റെ നാട്ടിൽ നിന്ന് ഞാൻ മാത്രമേ ഉള്ളൂ. എന്നാൽ വിന്വേട്ടന്റെ കൂടെ, പുതിയേടത്തെ വീട്ടു പരിസരത്തുള്ള, എനിക്കും അറിയാവുന്ന കുറേ കൂട്ടുകാർ ഉണ്ടായിരുന്നു. പരിപാടികളൊക്കെ ആസ്വദിച്ച്, ഞങ്ങളാലാവും വിധം ആഘോഷിച്ച്, പുലർച്ചെ ഒരു മണിക്ക്, വീടുകളിലേക്ക് മടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. രാത്രി പതിനൊന്ന് മണി മുതൽ തന്നെ തിരിച്ച് പോകാം എന്ന് ഞാൻ പറയുന്നുണ്ടെങ്കിലും, വിന്വേട്ടൻ എരുവട്ടി വരെ എന്റെ കൂടെ വരാമെന്ന ഉറപ്പിലാണ് ഞാനും ഒരു മണി വരെ അവരുടെ കൂടെ നിന്നത്. പാതി രാത്രിക്ക് സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്തിടത്തൂടെ ഒറ്റക്ക് നടക്കേണ്ടതാണ്. എനിക്കാണെങ്കിൽ മൂന്നര മൈലുകളോളം നടക്കാനുമുണ്ട്. രാത്രി വൈകിയ വേളകളിലൊക്കെ നടക്കാറുണ്ടെങ്കിലും, ഒരിക്കലും പാതിരാത്രിസമയത്ത് ഞാനൊറ്റക്ക് അതുവരെ നടന്നിരുന്നില്ല. 

ഞങ്ങൾ ചുണ്ടങ്ങാപ്പൊയിലിൽ നിന്ന് ഒരു മണിക്ക് പുറപ്പെട്ട് പത്തിരുപത് മിനുട്ടിനുള്ളിൽ ഉക്കാസ് മൊട്ടയിലെ മരമില്ലിനടുത്തെത്തി. അവിടെ നിന്നാണ് വിന്വേട്ടന്റെ സംഘത്തിന് വേർപിരിയേണ്ടത്. അവിടെയെത്തിയപ്പോൾ പക്ഷേ വിന്വേട്ടൻ കാലുമാറി. അവന് അവന്റെ കൂട്ടുകാരുടെ കൂടെ പോകണമത്രേ. പോരാത്തതിന് എന്നോടും അവന്റെ കൂടെ പുതിയേടത്തേക്ക് പോകാൻ പറഞ്ഞു. സത്യത്തിൽ കൊലച്ചതിയല്ലേ അവൻ ചെയ്തത്. ചതി നമ്മൾ സഹിക്കില്ലല്ലോ. കുറെയൊക്കെ അവനോട് കെഞ്ചിനോക്കിയെങ്കിലും അവന്റെ മനസ്സലിഞ്ഞില്ല. ദേഷ്യം വന്ന ഞാൻ 'ന്നാ ഞീ പോ...' എന്നും പറഞ്ഞ് ഒറ്റക്ക് എരുവട്ടിയിലേക്ക് വച്ചുപിടിച്ചു. പോകുന്ന പോക്കിൽ വിന്വേട്ടൻ എന്റെ കൂടെ വരുന്നുണ്ടോ എന്ന് നോക്കാൻ തിരിഞ്ഞ് നോക്കിയെങ്കിലും അവൻ മറ്റുള്ളവരുടെ കൂടെ ബഹളം വച്ചുകൊണ്ട് നടക്കുകയായിരുന്നു.

ഞാനും വിട്ടുകൊടുത്തില്ല, വിന്വേട്ടനുള്ള പണി എങ്ങനെ കൊടുക്കാമെന്ന് മനസ്സിൽ വിചാരിച്ച് കൊണ്ട് നിലത്ത് അമർത്തിച്ചവുട്ടി നടന്നു. അമാവാസി കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസമേ ആയിട്ടുള്ളൂ. അരണ്ട നിലാവെളിച്ചം മാത്രമേ തെളിഞ്ഞ ആകാശമായിട്ടും താഴെയെത്തുന്നുണ്ടായിരുന്നുള്ളൂ. പേടി എന്ന വികാരമൊന്നും മനസ്സിലുണ്ടായിരുന്നില്ല. മൈതാനപ്പള്ളി ശ്‌മശാനത്തിൽ രാത്രി ഒറ്റക്ക് കയറി ഒന്ന് രണ്ട മണിക്കൂറോളം ചിലവഴിച്ച എനിക്ക് മനുഷ്യരെ മാത്രമായിരുന്നു പേടി. മേലെ അഞ്ചാം മൈലും വേറ്റുമ്മലും മൈതാനപ്പള്ളിയുടെ ശ്മാശാനവും കഴിഞ്ഞ് ആറാം മൈലിൽ എത്തുമ്പഴേക്കും വീണ്ടും അര മണിക്കൂർ കഴിഞ്ഞ് കാണണം. സമയം ഏകദേശം പുലർച്ചെ രണ്ട് മണിയോടടുത്തിട്ടുണ്ടാവും. വീട്ടിലേക്ക്, ഇനിയും ഏകദേശം പത്ത് മിനുട്ടോളം ഇടവഴിയിലൂടെയും വയലിലൂടെയും നടക്കാനുണ്ട്. ആറാം മൈലിൽ പാനുണ്ട റോഡിലേക്കാണ് എനിക്ക് തിരിയേണ്ടത്. 

പാനുണ്ട റോഡിലേക്ക് കയറി ഏകദേശം അമ്പത് മീറ്ററോളം നടന്ന് കാണും. ചരൽക്കല്ലുകൾ തെറിപ്പിച്ച് വലിയ വായിൽ കുരച്ച് കൊണ്ട് പത്തോളം പട്ടികൾ, അല്ല, നായീന്റെ മക്കൾ എന്നെ വളഞ്ഞു. ആദ്യമായിട്ടാണ് ഞാനീത്തരത്തിൽ നായ്ക്കളുടെ സംഘാക്രമണം നേരിടുന്നത്. അവയൊക്കെ എന്റെ ചുറ്റും നിന്ന് വലിയ വായിൽ കുരയ്ക്കുകയാണ്. ആ കൂട്ടത്തിലെങ്ങാനും ടിങ്കു ഉണ്ടോ എന്ന് പരതി നോക്കിയെങ്കിലും കണ്ടില്ല. പറയാൻ പറ്റില്ലല്ലോ, കൂടെ നിന്ന് ചതിക്കുന്ന നായീന്റെ മക്കൾ വാണരുളുന്ന കാലമാണ്. 

ചില പട്ടികൾ ഇടക്ക് ഒന്ന് കടിക്കാനെന്നോണം മുന്നോട്ടായുന്നുണ്ട്. മാവുകളുടെയും തെങ്ങിന്റേയുമൊക്കെ മറയുള്ളതിനാൽ കാഴ്ച അവിടെ കുറച്ച് കുറവായിരുന്നു. ആറാം മൈലിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അവിടെ എത്തുന്നുണ്ടായിരുന്നില്ല. എന്നാലും നിഴലാട്ടം പോലെ എല്ലാ നായീന്റെ മക്കളെയും എനിക്ക് കാണാൻ കഴിയുന്നുണ്ട്. ഞാൻ മുണ്ടൊക്കെ മാടിക്കുത്തി, കുനിഞ്ഞ് കല്ലെടുത്ത് എറിയുന്നത് പോലെയൊക്കെ ആക്ഷൻ കാണിച്ചെങ്കിലും പുരോഗതിയൊന്നും ഉണ്ടായില്ല. ഇരുട്ടിൽ തപ്പിയിട്ട് എനിക്ക് ഒരു കല്ല് പോലും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അപ്പഴേക്കും എന്റെ മനസ്സിൽ ഭീതി ഉടലെടുത്തിരുന്നു. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല. ഓടിയാൽ അവറ്റകൾ എന്റെ ചന്തി കടിച്ച് കീറുമെന്നുറപ്പാണ്. കല്ലോ വടിയോ ഒന്നും കിട്ടുന്നുമില്ല. ഈ നായീന്റെ മക്കളുടെ പത്മവ്യൂഹം പൊളിച്ച് പുറത്ത് കടക്കാനും വഴിയില്ല.

ഒടുവിൽ, ഞാനും വല്ലാത്ത രീതിയിൽ പട്ടികളേക്കാൾ ഉച്ചത്തിൽ അലറാൻ തുടങ്ങി. എന്റെ അലർച്ച കേട്ടെങ്കിലും അടുത്തുള്ള വീട്ടുകാർ ആരെങ്കിലും വന്ന് സഹായിച്ചാലോ എന്നായിരുന്നു ചിന്ത. ഇടയ്ക്കിടെ ചില പട്ടികളെ ഞാൻ അടിക്കാനും ചവിട്ടാനും അവയെ പിടിക്കാൻ ആയുന്നത് പോലെയൊക്കെ കാണിക്കുന്നുണ്ട്. അതിന്റെ കൂടെ എന്റെ വല്ലാത്ത അലർച്ചയുമായപ്പോൾ രണ്ട് പട്ടികളൊഴിച്ച്  ബാക്കിയുള്ള പട്ടികൾ പേടിച്ചിട്ടോ എന്തോ, കുറച്ച് ദൂരെ മാറി തിട്ട ചാടി പറമ്പിലേക്ക് കയറി. ഒരു മെലിഞ്ഞ കറുത്ത പട്ടിയും വേറൊരു തടിയൻ പട്ടിയുമാണ് പിന്നെയും കുരച്ച് കൊണ്ട് അവിടെ നിന്നത്. കറുത്തവന് വല്ലാത്ത ശൗര്യമായിരുന്നു. അവന്റെ കാലുകളിൽ പതിനെട്ട് നഖങ്ങളുണ്ടോ എന്ന് നോക്കണമെന്ന് തോന്നിയെങ്കിലും, തൽക്കാലം ജീവൻ രക്ഷിക്കാനുള്ള യജ്ഞത്തിൽ മനസ്സുറപ്പിച്ച് നിർത്താൻ തീരുമാനിച്ചു. 

നിലത്ത് പരതിക്കൊണ്ടിരിക്കുന്നതിനിടയിൽ കിട്ടിയ ഒരു കല്ലെടുത്ത് ആ കറുത്ത മൂരാച്ചിയെ നോക്കി എറിഞ്ഞെങ്കിലും കൊണ്ടത് കൂടെയുണ്ടായിരുന്ന തടിയനാണ്. എന്തായാലും അവന് നന്നായി ഏറ് കൊണ്ടിരിക്കുന്നു. 'ക്യോ...' ന്നും പറഞ്ഞ് അവൻ അവിടെ നിന്നും ഓടി. പക്ഷേ കറുത്ത നായീന്റെ മോൻ വീണ്ടും എന്നോട് കൂടുതൽ അടുത്ത് വരികയാണ്. അവൻ എന്നെ എന്തായാലും കടിക്കുമെന്ന് ഏകദേശം എനിക്കുറപ്പായി. ബാക്കിയുള്ള പട്ടികൾ പറമ്പുകളിൽ നിന്ന് കുരച്ച് കൊണ്ട് അവന് മോറൽ സപ്പോർട്ട് കൊടുത്തുകൊണ്ടിരുന്നു. എന്റെ അലർച്ചയൊന്നും അവനെ പേടിപ്പിക്കുകയോ നാട്ടുകാരെ ഉണർത്തുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. ആലോചിക്കാനൊന്നും അധികം നേരമില്ല. രക്ഷപ്പെട്ടേ പറ്റൂ. 

എന്റെ മേലെ കറുത്ത നായീന്റെ മോന്റെ കടി വീഴുമെന്ന് ഉറപ്പായ നിമിഷം. ഞാൻ രണ്ട് കൈകളും കൂടെ നീട്ടി അവന്റെ മേൽത്താടിയും കീഴ്ത്താടിയും കൂട്ടിപ്പിടിച്ച്, മുഖമടച്ച് പിടിച്ച്, അവനെ വായുവിൽ പൊക്കി ഒരു കറക്ക് കറക്കി, ആ കറക്കലിൽത്തന്നെ അവന്റെ പിടിവിട്ടതും, ഞാൻ ജീവനും കൊണ്ട് അലറിയോടിയതും ഒരുമിച്ചായിരുന്നു. ആ ഓട്ടത്തിൽ, ആ കറുമ്പൻ എവിടെയോ വീണ് വേദനിച്ച് കരയുന്നത് എനിക്ക് കേൾക്കാമായിരുന്നു. ആ ഓട്ടത്തിനിടയിലാണ്, വഴിക്കുണ്ടായിരുന്ന ഒന്ന് രണ്ട് വീടുകളിൽ ലൈറ്റ് തെളിഞ്ഞത്. പക്ഷേ എന്ത്  കാര്യം? ഒരു മിന്നായം പോലെ ഉച്ചക്കുനി സ്‌കൂളും കഴിഞ്ഞ്, വീട്ടിലേക്ക് ബാക്കിയുള്ള ദൂരത്തിന്റെ പകുതിക്ക് മേലെയും ഞാനപ്പഴേക്കും ഓടിയെത്തിയിരുന്നു, എങ്ങനെയായാണ് ആ സമയത്ത് ആ കറുമ്പനെ അവന്റെ മുഖമടച്ച് പിടിക്കാൻ തോന്നിയതെന്നും, എങ്ങനെയാണ് വളരെ കൃത്യമായി അവന്റെ വായടച്ച് പിടിച്ച് പൊക്കി കറക്കാൻ പറ്റിയതെന്നുമാലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. അഥവാ, കഷ്ടകാലത്തിന് ഉന്നം തെറ്റിയിരുന്നെങ്കിൽ, എന്നെയവൻ കടിച്ച് കീറി മാലയിട്ടേനെ. കിതച്ച് വീട്ടിലെത്തുമ്പോൾ എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് വരുന്ന വഴി ടിങ്കുവും എന്റെ കൂടെ ഒപ്പം നട കയറി .

കാലം വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഞാൻ കൂടുതൽ ധിക്കാരിയും തോന്ന്യാസിയുമായി മാറി. ഒരു ശുഭ മുഹൂർത്തത്തിൽ അച്ഛനോടൊന്നും പറയാതെ ഞാൻ ബോംബെയിലേക്ക് നാടുവിട്ടു. ബോംബെ പട്ടികളുടെ വിഹാരരംഗമാണ്. താമസിച്ച എല്ലാ അപ്പാർട്ട്മെന്റുകൾക്ക് മുന്നിലും ഓരോ പട്ടികൾ കാവൽ കിടക്കുമായിരുന്നു. നമുക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം എന്തെങ്കിലും കൊടുത്താൽ മതി. കൊടുത്താലും കൊടുത്തില്ലെങ്കിലും അവ സ്നേഹത്തോടെ വാലാട്ടും. എന്നിരുന്നാലും ഏരിയ തിരിച്ചുള്ള പട്ടിസംഘങ്ങളുടെ സംഘർഷങ്ങൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല.

കാലത്തിന്റെ തോണിയിൽ ഞാൻ അമേരിക്കയിലെത്തിപ്പെട്ടു. അമേരിക്കയിലെ പട്ടികളുടെ നിലവാരം കണ്ടാൽ, ഒരു പട്ടിയായി ജനിക്കുന്നതായിരുന്നു നല്ലതെന്ന്, ഓരോ പട്ടികളെ കാണുമ്പോഴും തോന്നിപ്പോകും. വീട്ടിലെ അവയുടെ സ്ഥാനം, കാറിലെ സ്ഥാനം എന്നിവ കണ്ടാൽ ആർക്കാണ് കൊതി വരാത്തത്? ജാതകവും ലാസ്റ്റ് നെയിമും ഉള്ള പട്ടികളെ മക്കളെക്കാളും മനുഷ്യർ സ്നേഹിക്കുന്നത് കാണുമ്പോൾ ഞാനും എന്റെ ദേഹത്ത് രോമക്കാടും വാലും അറിയാതെ പരതിപ്പോകാറുണ്ട്. 

അമേരിക്കയിലെ ഒട്ടുമിക്ക സുഹൃത്തുക്കളുടെ വീട്ടിലും, പട്ടികൾ, രാജകുമാരന്മാരും കുമാരിമാരുമായി വാഴുന്നുണ്ട്. ഇഞ്ചി അയ്യങ്കാരെയും മൗഗ്ലി നമ്പ്യാരെയും എയ്ഞ്ചൽ നായരെയും മറ്റും അങ്ങനെയാണ് പരിചയപ്പെടുന്നത്. അങ്ങനെ ഈ ശുനകകുമാരന്മാരെയും കുമാരികളെയും പരിചയപ്പെട്ടപ്പോഴാണ്, ഭാവിയിൽ നടക്കാനിനിരിക്കുന്ന ഇവരുടെ വിവാഹങ്ങൾക്ക് ഇടനിലക്കാരനായാലോ എന്ന ചിന്ത എന്നിൽ ഉണ്ടാക്കിയത്. അതൊരു വേറിട്ട ചിന്തയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

അതിനിടയിൽ പട്ടി എന്നുള്ള രീതിൽ എനിക്ക് മതിപ്പ് ഉളവാക്കിയ പട്ടിയാണ് രാജാ രാമാട്ട്. എന്റെ ഒരു അമേരിക്കൻ ബന്ധുവിന്റെ പെറ്റാണ് രാജ. ഒരു ജർമ്മൻ ഷെപ്പേർഡ് കുലത്തിൽ പിറന്നവൻ. കണ്ടാൽ ആഡ്ഢ്യൻ. ഇടയ്ക്കിടെ അപ്പലാച്ചിയൻ മലകളിലെ അപ്പലാച്ചിയൻ ട്രെയിലിൽ കൂടി യാത്രചെയ്യുന്നതും മലമുകളിൽ ക്യാമ്പ് ചെയ്യുന്നതും എനിക്കും എന്റെ സുഹൃത്തുകൾക്കും ഒരു ശീലമാണ്. അങ്ങനെയൊരു അപ്പലാച്ചിയൻ യാത്രയിൽ നമ്മുടെ രാജാ രാമാട്ടും പങ്കെടുത്തു. മൂന്ന് ദിവസത്തെ നടത്തവും രണ്ട് ദിവസത്തെ ക്യാംപിങ്ങുമായിരുന്നു നമ്മുടെ പ്ലാൻ. 

നല്ല നല്ല ഇൻസ്റ്റിറ്റ്യൂയൂട്ടുകളിൽ നിന്നും ട്രെയിനിങ് കിട്ടിയിട്ടുള്ള പട്ടിയാണ് രാജ. ഇടക്കിടെ ചെറിയ വൺ ഡേ ക്രാഷ് കോഴ്‌സുകളും അവൻ ചെയ്യാറുണ്ട്. പക്ഷേ അവനൊരു പ്രശ്നമുണ്ട്. ട്രെയിനിങ് സമയത്ത് മനുഷ്യന്മാർ ഇച്ഛിക്കുന്നത് പോലെ അവൻ കൂടുതൽ അച്ചടക്കമുള്ളവനാവും. പക്ഷെ പുറത്ത് വന്നാൽ അവൻ വീണ്ടും പട്ടിയാകും. എന്ന് വച്ചാൽ, വേറെ പട്ടികളെക്കണ്ടാൽ അവന് അവരോട് സംസാരിക്കാതെ വിടാൻ പറ്റാറുണ്ടായിരുന്നില്ല. ഇവിടെ മനുഷ്യരുടെ  ആവശ്യം, സ്വന്തം പട്ടി വേറെ ഏത് പട്ടിയെക്കണ്ടാലും അവ കുരയ്ക്കാൻ പാടില്ലെന്നാണല്ലോ. ഒന്നുകിൽ അവരെ പഠിപ്പിച്ച ഇംഗ്ളീഷ് പറയുക, അല്ലെങ്കിൽ മിണ്ടാതെ തലയും കുനിച്ച് ആരെയും കണ്ടില്ലെന്ന രീതിയിൽ, ഞാൻ പട്ടിയല്ല, മറിച്ച് മനുഷ്യനാണ് എന്ന ഭാവത്തിൽ നടക്കുക. അതാണല്ലോ ഓരോ പട്ടിയുടമകളും അവരുടെ പട്ടിമക്കളിൽ നിന്നും കാംക്ഷിക്കുന്നത്. 

രാജാ രാമാട്ടിനും ഒരു മൗണ്ടൻ പരിശീലനമായിക്കോട്ടെ എന്ന ചിന്തയിലാണ് അവനെ അവന്റെ രക്ഷാകർത്താവ് നമ്മുടെ കൂടെ അപ്പലാച്ചിയൻ ട്രെയിൽ ട്രിപ്പിൽ കൂട്ടിയത്. ട്രെയിലിൽ എത്രയോ പേർ അവരവരുടെ പട്ടികളുമായി ഒരു ദിവസത്തെ യാത്രക്കും കൂടുതൽ ദിവസങ്ങളെടുക്കുന്ന യാത്രക്കുമായി വന്നിട്ടുണ്ട്. രാജക്ക് നല്ല ഘ്രാണശക്തിയാണ്. പട്ടികളുടെ മണം, അവന് വളരെ ദൂരത്ത് നിന്ന് തന്നെ കിട്ടും. പട്ടിമണം കിട്ടിയാലുടനെ അവൻ കുരയോട് കുരയായിരിക്കും. ഇത് കേൾക്കുമ്പോൾ രക്ഷാകർത്താവിന് ദേഷ്യം വരും. അവൻ ഇംഗ്ളീഷിൽ എത്ര പറഞ്ഞാലും എന്ത് തെറി പറഞ്ഞാലും രാജക്ക് പുല്ലാണ്, വെറും ഗ്രാസ്സ്. അവൻ ഒന്നും വക വെക്കുന്നുണ്ടായിരുന്നില്ല. ഇങ്ങനെ കുരച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ചില പട്ടികൾ എതിരേ വരും. അപ്പോഴാണ് രാജ നിയന്ത്രണം വിടുന്നത്. ഒരു രക്ഷയുമില്ലാത്ത കുര. പക്ഷേ മറ്റേ പട്ടിയാണെങ്കിൽ ഇങ്ങനെയൊരു പട്ടി അവനോട് മിണ്ടാൻ വേണ്ടി വെപ്രാളം കാണിക്കുന്നുണ്ടെന്ന ചിന്ത പോലും ഇല്ലാത്ത വിധത്തിൽ തല കുനിച്ച് നടപ്പായിരിക്കും. ആ പട്ടിയൊക്കെ മനുഷ്യനാകാനുള്ള ട്രെയിനിങ്ങിൽ ഡിസ്റ്റിങ്ഷൻ കിട്ടിയ പട്ടി തന്നെയായിരിക്കും.

ഇങ്ങനെ ആക്രാന്തം മൂത്ത് കുരക്കുന്ന സമയത്താണ് രാജയുടെ ഉടയോൻ അവനെ അവന്റെ കഴുത്തിലെ ലീഷ് ഉപയോഗിച്ച് ക്രെയിൻ പൊക്കുന്നത് പോലെ പൊക്കുന്നത്. അപ്പോൾ കഴുത്തിൽ ഘടിപ്പിച്ചിട്ടുള്ള പല്ലുപോലുള്ള ഒരു സാധനം അവന്റെ തൊണ്ടയിൽ ശക്തിയോടെ അമർന്ന് നിൽക്കും. അങ്ങനെ ആ ഇരുമ്പ് പല്ലുകൾ അതിന്റെ തൊണ്ടയിൽ അമരുമ്പോൾ, വേദന കൊണ്ട് അവന് കുരക്കാൻ പറ്റാതാവും. 'ങ്..ങ്..'എന്നൊരു ശബ്ദം മാത്രമേ പുറത്ത് വരൂ. അങ്ങനെ എത്രയോ പട്ടികൾ കടന്നുപോയി... എത്രയോ തവണ അവൻ തൂക്കിലേറ്റപ്പെട്ടു. രാത്രി ക്യാമ്പ് ചെയ്ത സ്ഥലത്തും വേറൊരു പട്ടിയുണ്ടായിരുന്നത് രാജയുടെ ഉറക്കം കെടുത്തി. അടുത്തുണ്ടായിട്ടും അവന് മറ്റേപ്പട്ടിയെ ഒന്ന് മണക്കാനോ നക്കാനോ പറ്റാത്ത കുണ്ഠിതം അവൻ രാത്രി മുഴുവൻ കുരച്ച് തീർത്തു. നമ്മുടെയും കൂടെയുള്ള അറിയാത്ത ഹൈക്കേഴ്സിന്റെയും ഉറക്കം നഷ്ടപ്പെട്ടു. ഇടയ്ക്ക് അവന്റെ ഉടയോൻ പോയി അവന് രണ്ട് മൂന്ന് പെട പെടച്ചു. എന്നിട്ടും ഒരു പട്ടിയാണെന്നുള്ള അഹങ്കാരത്തിലായിരുന്നു, രാജ. ആ മൂന്നു ദിവസങ്ങളിലെ നിരന്തരമായ യാത്രയിൽ, ഓരോ നിമിഷത്തിലും സ്വയം ഒരു പട്ടിയാണെന്ന് തെളിയിച്ച് കൊണ്ടേയിരിക്കുകയായിരുന്നു രാജ. അവനെ ഇംഗ്ളീഷിൽ ശാസിക്കുന്ന അവന്റെ രക്ഷാകർത്താവിനെ കാണുമ്പോൾ ആരാണ് പട്ടി എന്നതായിരുന്നു എന്റെ സംശയം.

എന്തായാലും പട്ടികളെ പട്ടികളായി കാണാനാണ് എനിക്കിഷ്ടം. ഇവിടെ പട്ടിയുടമകളായ പലയാളുകളുടെയും രീതികളും ചേഷ്ടകളും കാണുമ്പോൾ, അവരുടെയൊക്കെ പട്ടികൾ, മനുഷ്യർ പെരുമാറുന്നത് പോലെ അവയൊക്കെ പെരുമാറണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിപ്പോകും. പട്ടികൾക്ക് ചിരിക്കാനും നമ്മുടെ ഭാഷ സംസാരിക്കാനും അറിയില്ലെന്ന് അവർക്കും അറിയാമെങ്കിലും, അവരത് ആഗ്രഹിക്കുന്നുണ്ട്. എന്തായാലും അവയെ ചില വാക്കുകൾ പഠിപ്പിച്ച് അച്ചടക്കം പഠിപ്പിക്കുന്നതിൽ മനുഷ്യൻ തീർച്ചയായും വിജയിച്ചിട്ടുണ്ട്. പട്ടികൾ പട്ടി സംസർഗ്ഗമില്ലാതെ, മറ്റ് പട്ടികളുമായി ഇടപെടാൻ അനുവദിക്കപ്പെടാതെ, മനുഷ്യന്മാരുമായി മാത്രം സമ്പർക്കത്തിലേർപ്പെടുന്നത് കൊണ്ട്, പട്ടികൾക്ക് പരിണാമപരമായി പല മാറ്റങ്ങളും ഇനി പ്രതീക്ഷിക്കാവുന്നതേയുള്ളു. 

പട്ടികൾ ഇനിയും പുരോഗമിക്കട്ടെ. അങ്ങനെ പുരോഗമിച്ച പട്ടികളെക്കണ്ട്, മനുഷ്യൻ പട്ടികളുടെ പേരിൽ പറയുന്ന തെറികൾ അവസാനിപ്പിക്കട്ടെ. 'നായീന്റെ മക്കൾ' എന്ന് തെറിച്ചുവയോടെ വിളിക്കുന്ന ശൈലി, 'ശുനകപുത്രാ' എന്നുള്ള ആഡ്ഢ്യശൈലിയിലേക്ക് മാറട്ടെ. 

മൃഗങ്ങളെ പെരുത്തിഷ്ടമാണെങ്കിലും അവയെ അവയുടെ പാട്ടിന് വിടാനാണ് എനിക്കിഷ്ടം. സ്വന്തം ജീവിതം എങ്ങനെയെങ്കിലും നിലനിർത്താൻ പാടുപെടുന്നതിനിടക്ക് ഒരു പട്ടിപ്പെറ്റിനേയും കൂടി കൂടെ പോറ്റാനുള്ള ശേഷിയും ഇല്ല. പട്ടികൾ, പട്ടികളായിത്തന്നെ പട്ടി സാമ്രാജ്യങ്ങൾ ഉണ്ടാക്കട്ടെ. ഏത് കുതിരകയറുന്ന പട്ടിക്കും ഞാൻ മെലിഞ്ഞ കറുത്ത പട്ടിയെ ചുഴറ്റിയെറിഞ്ഞ കഥ ഓർമ്മയിരിക്കട്ടെ!

കുറിപ്പ്: എന്നെ ഒന്ന് രണ്ട് തവണ മോശമല്ലാത്ത രീതിയിൽ പട്ടി കടിച്ചിട്ടുള്ള കഥ, എന്റെ പൊണ്ടാട്ടിയോട് ഞാൻ പണ്ടേ പറഞ്ഞതാണ്. പണ്ട് പട്ടി കടിച്ചപ്പോൾ പട്ടിവാക്സിൻ എനിക്ക് നല്കാതിരുന്നതിന്റെ പ്രശ്നം ഞാനീയിടെയായി പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ആരോടോ അവൾ ഫോണിൽ പറയുന്നത്, കുറച്ച് ദിവസങ്ങൾ മുന്നേ എന്റെ കാതുകൾ ശ്രവിച്ചിട്ടുണ്ട്. 

***

2022 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

നാഭിക്കുഴിയിലെ 'കായം' (അലാക്കിന്റെ യാത്ര - 2)

(Picture courtesy: Google)

ആദ്യഭാഗം വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക:
ഉറഞ്ഞ് തുള്ളിയ കുടൽമാലകൾ (അലാക്കിന്റെ യാത്ര - 1)

ബാംഗ്ളൂർ എന്ന വലിയ നഗരത്തിലെ മാർത്തഹള്ളി എന്ന പട്ടണത്തിലാണ് അളിയനും കുടുംബവും താമസം. അവിടെയെത്തിയ രാത്രിയിൽ തന്നെ ഡോക്ടറെ കാണിച്ചാലോ എന്ന് ഞാൻ അന്വേഷിച്ചു. ഈ വൈകിയ സമയത്ത്  ക്ലിനിക്കുകളൊക്കെ അടച്ച് കാണുമെന്നും, ഇനി ആശുപത്രിയിൽ തന്നെ പോകേണ്ടി വരുമെന്നും വലിയ കുഴപ്പം ഒന്നും ഇല്ലെങ്കിൽ അടുത്ത ദിവസം പോകാമെന്നും എല്ലാവരും പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. ജീവനുണ്ടെങ്കിൽ പോയാൽ മതിയല്ലോ എന്നാണ് ആദ്യം ചിന്തിച്ചതെങ്കിലും, അടുത്ത ദിവസം എങ്ങനെ പുലർത്തിയെടുക്കാമെന്നായി പിന്നെയുള്ള ചിന്ത. നല്ല ചൂടുള്ള കഞ്ഞിവെള്ളവും ഇത്തിരി വറ്റും മാത്രം വാരിക്കുടിച്ച് ഞാൻ വീണ്ടും കിടന്നു. ഒന്ന് കുളിക്കാനനുള്ള ത്രാണി പോലും എനിക്കുണ്ടായിരുന്നില്ല.

എന്തായാലും രാത്രിയിൽ ഛർദ്ദിക്കാനൊന്നും തോന്നിയില്ല. എന്നാലും ഉറക്കം വളരെക്കുറവായിരുന്നു. ഏകദേശം രണ്ട് ദിവസങ്ങളായി ശരിക്കും ഉറങ്ങിയിട്ടില്ല. ഒടുവിൽ, എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. 

അന്ന് ഉച്ചക്ക് എന്റെ മൂത്ത മകൾ പാറുവിന്റെ ബാഗ്ലൂർ വെർഷൻ പിറന്നാൾ ആഘോഷത്തിന് അളിയൻ ജിതേഷ് പ്ലാനിട്ടിരിക്കുകയായിരുന്നു. അതിനായി, ബാംഗളൂരിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളെയൊക്കെ അവൻ ക്ഷണിച്ചിട്ടുണ്ട്. ആരെയൊക്കെ ക്ഷണിച്ചു എന്നെനിക്കറിയില്ലെങ്കിലും ആ ഒരു അന്തരീക്ഷത്തിൽ അങ്ങനെയൊരു പിറന്നാളാഘോഷം വേണോ എന്ന ശങ്കയിലായിരുന്നു ഞാൻ. അവൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, മോൾക്ക് വേണ്ടി പുത്തനുടുപ്പ് വാങ്ങിച്ചിട്ടുണ്ടെങ്കിലും, കുട്ടികളൊക്കെ ആഘോഷത്തിന് കാത്തിരിക്കുകയാണെങ്കിലും, ഞാൻ വെറുതെ ചോദിച്ചു: "നമുക്ക് ഈ പരിപാടി ക്യാൻസൽ ചെയ്തുകൂടേ...ക്ഷണിച്ചിട്ടുള്ളവരോട് എന്റെ അസുഖം കാരണമായി പറഞ്ഞാൽ പോരേ..."

എനിക്കാരെയും കാണണമെന്നേ ഉണ്ടായിരുന്നില്ല. അവരൊക്കെ വന്നാൽ അവരുടെ കൂടെയിരുന്ന്  സംസാരിക്കാനും സല്ലപിക്കാനുമുള്ള മനഃസ്ഥിതി എനിക്കൊട്ടും ഉണ്ടായിരുന്നില്ല. എന്തായാലും ക്യാൻസൽ ചെയ്യാനുള്ള എന്റെ ആഗ്രഹമൊന്നും നടന്നില്ല. പക്ഷേ അതിനിടയിൽ, എന്നെ സംബന്ധിച്ചടുത്തോളം നല്ലൊരു കാര്യമാണെങ്കിലും മോശമായൊരു കാര്യം നടന്നു. പാറു വീണ്ടും ഛർദ്ദിച്ചു. പിറന്നാൾകാരിക്ക് തന്നെ അസുഖമാവുമ്പോഴെങ്കിലും പിറന്നാൾ പരിപാടി ഉപേക്ഷിക്കുമെന്ന് ഞാനാശിച്ചു. ഞാൻ വീണ്ടും എന്റെ ആഗ്രഹം പറഞ്ഞെങ്കിലും എല്ലാവർക്കും വിമുഖതയായിരുന്നു. പക്ഷേ എന്റെ ഭാര്യാപിതാവിന്റെ മുഖത്ത് ഒട്ടും ഉത്സാഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഇടയ്ക്കിടെ എന്റെയടുത്ത് വന്നിരിക്കും. എങ്ങനെയുണ്ടെന്ന് ചോദിക്കും, നെറ്റിയിൽ കൈ വെക്കും. പുറത്ത് പോയി കുറച്ചിരുന്നതിന് ശേഷം വീണ്ടും വന്ന് അതേ കാര്യം ആവർത്തിക്കും.

ഒന്ന് ഛർദ്ദിച്ചെങ്കിലും പാറു വീണ്ടും ഉന്മേഷവതിയായി. അവൾ പിന്നെയും ഭക്ഷണം കഴിച്ചു. നല്ല കാര്യം തന്നെയാണെങ്കിലും എന്റെ കാര്യം അങ്ങനെയല്ലല്ലോ. ക്ഷണിച്ചവരോട് വരണ്ട എന്ന് വിളിച്ച് പറഞ്ഞ്, അവിടെയുള്ള ആളുകൾ മാത്രമായി പരിപാടി ചുരുക്കാൻ പറ്റുമോ എന്ന ശ്രമവും പൊളിഞ്ഞു.

പെട്ടന്ന് ഒരു ഡോക്ടറെ കാണാനായിരുന്നു എന്റെ ഉത്സാഹം. അവരൊക്കെ സാധാരണയായി കാണിക്കുന്ന ഡോക്ടർ തിങ്കളാഴ്ചയെ ഉണ്ടാവൂ എന്ന കാര്യം അപ്പോഴാണ് അളിയൻ പറഞ്ഞത്. തിങ്കളാഴ്ച ആവണമെങ്കിൽ ഒരു രാത്രി കൂടി പുലരണം. അതുവരെ പിടിച്ച് നിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അതിനടുത്ത് ഒരു ക്ലിനിക്കുണ്ട്. പക്ഷേ അവിടത്തെ ഡോക്ടർമാരെക്കുറിച്ച് ആർക്കും വലിയ അഭിപ്രായം പോരാ. എന്ത് വന്നാലും ശരി, വൈകുന്നേരം, പിറന്നാൾ പരിപാടിക്ക് ശേഷം, ആ ക്ലിനിക്കിൽ പോയി കാണിക്കാം എന്ന് ജിതേഷുമായി സംസാരിച്ച് ഉറപ്പിച്ചു. ജിതേഷില്ലെങ്കിൽ എനിക്കവിടെ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.

എന്നിരുന്നാലും എന്റെ പ്രശ്നങ്ങൾ അതേ തീവ്രതയിൽ മറ്റുള്ളവരെ കാണിക്കാതിരിക്കാൻ ഞാൻ അഭിനയിച്ചു കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കാം, ഞാൻ ഡോക്ടറെ കാണിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നപ്പോഴും അവിടെയുണ്ടായിരുന്നവർ അതിന് വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്.

ഉച്ചയോടടുപ്പിച്ച്, ബന്ധുക്കൾ ഓരോരുത്തരായി എത്താൻ തുടങ്ങി. വന്നയുടനെ എല്ലാവരും അന്വേഷിക്കുന്നത് എന്നെയാണ്. എനിക്കാണെങ്കിൽ  നടക്കാനുള്ള ആരോഗ്യം പോലും നഷ്ടപ്പെട്ടത് പോലെയാണ്. അവരൊക്കെ വരുമ്പോൾ, ഞാനൊന്ന് ഹാളിൽ പോയി ഇരിക്കും; പിന്നെ സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും വന്ന് കിടക്കും. എല്ലാവരും എന്നെക്കുറിച്ച് സഹതപിച്ചു. അതിനിടയിൽ അവിടെ വന്ന ഒരാൾ എന്നെ മുന്നേ കണ്ടിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും, ഞാനൊരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹത്തോട് കട്ടായം പറഞ്ഞ് മിണ്ടാതിരുന്നു. അദ്ദേഹത്തെ ഞാൻ മുന്നേ കണ്ടിട്ടുണ്ടോ എന്നൊന്നും ചിന്തിക്കാനോ, എപ്പഴാണ് തമ്മിൽ കണ്ടതെന്ന് ചോദിക്കാനോ എനിക്ക് തോന്നിയില്ല. എന്നിരുന്നാലും 'ഇവനെന്ത് പറ്റി' എന്ന തരത്തിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ തുറിച്ച് നോക്കിയത് ഞാൻ ഒരു കോണിൽക്കൂടെ കണ്ടു.

അവസാനം, കേക്ക് മുറിക്കുന്ന സമയമെത്തി. എല്ലാവരും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വയ്യാതിരിക്കുന്ന ഞാനും ഒരു ജീൻസും ടിഷർട്ടും ധരിച്ച്, ചുണ്ടിൽ പുഞ്ചിരിയുണ്ടെന്ന് വരുത്തി, മോളുടെ കൂടെ കുടുംബ സമേതം ഇരുന്നു. പല തരത്തിൽ, പല കോമ്പിനേഷനുകളിൽ ഫോട്ടോ എടുക്കേണ്ടതുണ്ടല്ലോ. കേക്ക് മുറിയും ബർത്ത്ഡേ പാട്ട് പാടലും കേക്ക് എല്ലാവരുടെ ചുണ്ടുകളിൽ വച്ചുകൊടുക്കുകയും ചെയ്യുന്ന പരിപാടികളൊക്കെ കഴിഞ്ഞു. എല്ലാവരും ഭക്ഷണം കഴിക്കാനായി കൈയ്യിൽ പ്ളേറ്റുകളെടുത്തു. ഞാനും വേഗത്തിൽ എന്തോ കഴിച്ചെന്നും വരുത്തി, പെട്ടന്ന് തന്നെ അകത്ത് പോയിക്കിടന്നു. അധികമാരും സംസാരിച്ച് വിഷമിപ്പിക്കാൻ വരാഞ്ഞത്, എനിക്ക് ശരിക്കും അനുഗ്രഹമായിരുന്നു. 

അതിനിടയിൽ, ജിഷയുടെ ഒരു അടുത്ത ബന്ധുവും ഭാര്യയും ഉള്ളിലേക്ക് വന്നു. "വേണുവേട്ടനും ജീഷേച്ചിക്കും ഈ ബുധനാഴ്ച വൈകുന്നേരം വീട്ടിൽ വരാൻ പറ്റുവോ?" 

"എടാ.. ഈ അവസ്ഥയിൽ ഞാൻ അമേരിക്കയിലേക്ക് തന്നെ പോവോന്ന് സംശയാ... എന്നിട്ടാ ഇനി നിന്റെ വീട്..." ഇവനൊക്കെ എങ്ങനെയെങ്കിലും അവിടുന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു എനിക്ക്. എന്നാലും പറ്റുന്ന പോലെ നോക്കാം എന്ന് ഞാൻ അവന് ഉറപ്പ് കൊടുത്തു. മടങ്ങിപ്പോകുന്ന പോക്കിൽ, ജിഷയോടും, ജിതേഷിനോടും അവന്റെ ഭാര്യയും എന്റെ മൂത്തമ്മാമന്റെ ഇളയ മകളുമായ മായയോടുമൊക്കെ, 'നിങ്ങളെല്ലാരും ചിക്കൻ കഴിക്ക്വല്ലോ... വേണുവേട്ടൻ മീൻ കഴിക്കില്ലേ... അപ്പോ മീൻ കറി റെഡ്യാക്കാം... മുട്ട കഴിക്കുന്നതിൽ പ്രശ്നോന്നുല്ല്യാലോ...' എന്നൊക്കെ ചോദിച്ച് ഉറപ്പ്  വരുത്തുന്നത്, ഞാൻ അകത്ത് കിടന്നു കൊണ്ട് കേട്ടു. എന്തായാലും ബുധനാഴ്ച രാത്രിയിലെ അത്താഴം, ജിഷയുടെ കസിൻ അനിയന്റെ വീട്ടിൽ സെറ്റായി.

"വേണുവേട്ടന് ഇനി മ്മളെ വീട്ടിലൊക്കെ വരാൻ ബുദ്ധിമുട്ടാവും ല്ലേ..." യെലഹങ്കയിൽ താമസിക്കുന്ന മൂത്തമ്മാമന്റെ മൂത്ത മകൾ പ്രിയയും ഭർത്താവ് ജയ്‌ദീപും വന്ന് പറഞ്ഞപ്പോൾ "ഒന്നും അറിഞ്ഞൂടാ... സാധ്യതയൊട്ടും കാണുന്നില്ല" കൂടുതലും ആംഗ്യഭാഷയിലായിരുന്നു പ്രതികരണം.

"ന്നാ സൗകര്യം പോലെ വരാൻ നോക്ക്... അല്ലെങ്കിൽ അടുത്ത വരവിൽ കാണാം..." എന്നും പറഞ്ഞ് അവരും ഇറങ്ങി.

അങ്ങനെ എന്റെ കസിൻ സന്ദീപും ഭാര്യ സനിനയും, ഭാര്യയുടെ കസിൻ സന്ദീപും ഭാര്യ മഞ്ജുഷയും, മഞ്ജുഷയുടെ അച്ഛനമ്മമാരും ഒന്ന് തല കാണിക്കാൻ വന്ന് മടങ്ങിപ്പോയി. അപ്പോഴാണ് നേരത്തേ എന്നെ അറിയാമെന്ന് പറഞ്ഞയാൾ, ജിഷയുടെ കസിന്റെ ഭാര്യാപിതാവാണെന്ന് എനിക്ക് മനസ്സിലായത്. അതെ, അദ്ദേഹത്തെ എനിക്കറിയാം, നേരത്തെ കണ്ടിട്ടുണ്ട്. പക്ഷേ ക്ഷമാപണത്തിനൊന്നും അപ്പോൾ സ്കോപ്പുണ്ടായിരുന്നില്ല. സനൂപും ഷൈനിയും കുട്ടികളെയെല്ലാം കൂട്ടി അവരുടെ വീട്ടിലേക്കും പോയി. ജിതേഷിന്റെ വീടിന്റെ തൊട്ടപ്പുറത്ത് തന്നെയാണ് അവരുടെ വീട്.

അങ്ങനെ എല്ലാവരും പോയപ്പോൾ, ഞാൻ ജിതേഷിനോട് 'ഒന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമോ' എന്ന് ചോദിച്ചു. എന്റെ മുഖത്തെ ദൈന്യത കണ്ടിട്ടാവണം, അവൻ ഉടനെത്തന്നെ അടുത്തുള്ള ക്ലിനിക്കിൽ പോകാമെന്ന് പറഞ്ഞു. ഞാനുടനെത്തന്നെ തയ്യാറായി, അവന്റെ കൂടെ കാറിൽ ക്ലിനിക്കിലേക്ക് പോയി.

നോക്കുമ്പോൾ അവിടെ വലിയ തിരക്കൊന്നുമില്ല. അവിടെയിരുന്നപ്പോൾ, അവിടെയുണ്ടായിരുന്ന വെള്ളക്കോട്ടിട്ട സിസ്റ്റർമാരുടെ കൂടെ ഒരു പയ്യൻ എന്തൊക്കെയോ കൊഞ്ചിക്കൊണ്ട് നടക്കുന്നത് കണ്ടു. ഒടുവിൽ ആ പയ്യൻ അപ്രത്യക്ഷനായി.എന്റെ ടോക്കൺ വിളിച്ചു. ഞങ്ങൾ ഉള്ളിൽ കയറി. നോക്കുമ്പോഴതാ, ആ പയ്യൻ അവിടെ ഒരു സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കിയിരിക്കുന്നു. അവന്റെ ഡ്രസ്സ് സംവിധാനം നേരത്തെ കണ്ടപ്പോൾ തോന്നിയത്, അവൻ അവിടത്തെ ഏതോ ഓഫീസ് സ്റ്റാഫായിരിക്കുമെന്നാണ്. എന്തായാലും എംബിബിഎസ് പാസായിട്ട് അധിനാളൊന്നുമായിരിക്കില്ല. പ്രവർത്തിപരിചയം തീരെയുണ്ടാവാനിടയില്ലാത്ത ഒരു ഡോക്ടർ!

എന്തായാലും ഞാനെന്റെ അസുഖം പറഞ്ഞു. നാട്ടിൽ നിന്ന് വാ തുറക്കാൻ പറ്റാത്തത് മുതലുള്ള എല്ലാ കഥയും. എങ്ങനെയെങ്കിലും മോർഫിൻ പോലുള്ള എന്തെങ്കിലുമൊരു ഇഞ്ചക്ഷൻ കിട്ടി വേദന കുറഞ്ഞാൽ മതി എന്നായിരുന്നു ഞാനപ്പോൾ ചിന്തിച്ചത്. സശ്രദ്ധം എന്നെ ശ്രവിച്ച അദ്ദേഹം, ഇത് വെറും അസിഡിക്-ഗ്യാസ്ട്രിക് പ്രശ്നമാണെന്ന് പ്രഖ്യാപിച്ചു. എന്ത് പണ്ടാരമായാലും എനിക്ക് പെട്ടന്ന് ആശ്വാസം വേണമെന്ന് ഞാനദ്ദേഹത്തോട് കേണു. മൂന്ന് ദിവസങ്ങൾ കഴിഞ്ഞാൽ യുഎസ്സിലേക്ക് പറക്കേണ്ടയാളാണ്. എന്നാലും ഇഞ്ചക്ഷൻ വേണമെന്ന് ഞാൻ തുറന്ന് പറഞ്ഞില്ല. 

അദ്ദേഹം പ്രസ്‌ക്രിപ്‌ഷൻ എഴുതാൻ തുടങ്ങി, പിന്നെ അത് വിശദീകരിക്കാനും. ഒരു അന്റാസിഡ് ഗുളികയും വേറെന്തോ ഗുളികയുമുണ്ട്. പിന്നെ ഒരു ഇഞ്ചക്ഷനും! അത് അവിടെത്തന്നെ എടുക്കാം. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്! എന്തായാലും ഇഞ്ചക്ഷനെടുത്തൽ പെട്ടന്നൊരു ആശ്വാസം കിട്ടുമല്ലോ എന്നോർത്ത് ഞാനാശ്വസിച്ചു. 

ജിതേഷ് ഉടനെ ഫാർമസിയിൽ പോയി മരുന്നുകൾ വാങ്ങി വന്നു. ഇഞ്ചക്ഷൻ മരുന്നെവിടെ എന്ന് ചോദിച്ച് വന്നത് നേരത്തെ ഡോക്ടറുമായി കൊഞ്ചിയിരുന്ന ഒരു മാലാഖയായിരുന്നു. വേറെ രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ ഡോക്ടർ വീണ്ടും പുറത്ത് ഉലാത്താൻ തുടങ്ങി. ജിതേഷ് ഇഞ്ചക്ഷൻ മരുന്നെടുത്ത് മാലാഖക്ക് കൊടുത്തു. എന്നോട് കിടക്കാൻ പറഞ്ഞു. ഇഞ്ചക്ഷൻ ചന്തിക്ക് വെക്കാനായിരിക്കും എന്നോട് കിടക്കാൻ പറഞ്ഞതെന്ന് ഞാൻ കരുതി. പക്ഷേ അവൾ എന്റെ വലത് കൈയ്യായിരുന്നു ഇഞ്ചക്ഷൻ വെക്കാനായി തിരഞ്ഞെടുത്തത്. കൈയ്യിൽ ഇഞ്ചക്ഷൻ വെക്കാൻ എന്തിനാണ് കിടക്കുന്നതെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. വേദനയുണ്ടാവുമോ എന്ന് ഞാൻ ഭയന്നെങ്കിലും, ആ മാലാഖ വളരെ സമർത്ഥമായി ഒരു പോറൽ വേദന പോലും അറിയിക്കാതെയായിരുന്നു ഇഞ്ചക്ഷൻ വച്ചത്. വളരെ സന്തോഷത്തിൽ അവരോട് നന്ദി പറഞ്ഞ് അവിടെനിന്നും ഇറങ്ങി, നേരെ വീട്ടിലേക്ക്.

വീട്ടിൽ വന്നപ്പഴേക്കും വൈകുന്നേരം ആറരയായി.രാത്രി കഴിക്കേണ്ടിയിരുന്ന മരുന്നുകൾ ഇത്തിരി നേരത്തേ കഴിച്ച് ഞാൻ വീണ്ടും കിടന്നു. ഇഞ്ചക്ഷൻ വച്ചതിന് ശേഷം, ചെറിയ ആശ്വാസം തോന്നിയത്, അവിടെയുണ്ടായിരുന്ന എല്ലാവരിലേക്കും പടർന്നിരുന്നു. 

ആശ്വാസം ഉണ്ടെന്ന പ്ലാസിബോ ഇഫക്ടിൽ ഏകദേശം ഒരു മണിക്കൂറോളം ഞാൻ മയങ്ങിക്കാണണം, വല്ലാത്തൊരു വിമ്മിട്ടത്തോടെ ഞാൻ എഴുന്നേറ്റു. എനിക്ക് വല്ലാതെ പരവേശം കൂടിയിരിക്കുന്നു. എഴുന്നേറ്റിരിക്കാനും വീണ്ടും കിടക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇഞ്ചക്ഷൻ വെറും പച്ചവെള്ളമായിരുന്നോ എന്ന് ഞാൻ ചിന്തിച്ച് പോയി. നാണം കൊണ്ട് എന്റെ വെപ്രാളനാട്യങ്ങൾ കുറച്ചൊക്കെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഒളിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ പരവേശം കണ്ട്, ഭാര്യാപിതാവ് പോയി വേറൊരു കട്ടിലിൽ കമഴ്ന്ന് വീണു. 

"അഥവാ എനിക്ക് വരാൻ  പറ്റിയില്ലെങ്കിലും നിങ്ങളുടെ യുഎസ് യാത്ര മുടക്കേണ്ട.. കേട്ടോ.. പാറൂന്റെ കോളജ് ഓറിയന്റേഷൻ പ്രോഗ്രാം ഒക്കെയുള്ളതല്ലേ... ഞാൻ ഇതൊക്കെ ഒന്ന് സുഖപ്പെട്ടതിന് ശേഷം പിന്നെ വന്നോളാം..." ഞാൻ അടുത്തിരുന്ന ജിഷയോട് പറഞ്ഞു. അവൾ എന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആ സമയത്ത് ഷൈനിയും സനൂപും അവിടേക്ക് വന്നു. 

"നമുക്ക് ഏതെങ്കിലും എമർജെൻസിയിൽ പോയാലോ... ഇതിങ്ങനെ പോയാ ശരിയാകുന്ന ലക്ഷണമില്ല... ഇങ്ങനെ  ശരിയാകൂല്ല..." ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.

"എന്നാപ്പിന്നെ നമുക്ക് മണിപ്പാൽ ഹോസ്പിറ്റലിൽ പോയാലോ..." സനൂപ് അതും പറഞ്ഞ് ഹോസ്പിറ്റൽ നമ്പർ കറക്കിക്കൊണ്ട് പുറത്തേക്ക് പോയി.

"കുറച്ച് എക്സ്പൻസീവ്‌ ഹോസ്പിറ്റലാണ്... ഏത് സമയത്തും നമുക്ക് പോവാം..." കുറച്ച് കഴിഞ്ഞ് സനൂപ് വന്നു പറഞ്ഞു.

ഈ സമയത്ത് വീട്ടിലെ എല്ലാ പെണ്ണുങ്ങളും ആണുങ്ങളും എന്റെ ചുറ്റിലുമായുണ്ട്. ഇടക്ക് എനിക്ക് ചൂട് വെള്ളം കൊണ്ടത്തരും.. 

"ഇപ്പൊ വേദന എങ്ങനെയുണ്ട്.... "

"കുറച്ച് കുറവുണ്ട്..."

പിന്നെ കുറച്ച് കഴിഞ്ഞ് ജീരക വെള്ളം കൊണ്ടുവരും.

"ഇപ്പൊ നേരത്തെയുള്ള വേദനയേക്കാൾ എത്ര കുറവുണ്ട് ?"

"അറിയില്ല ന്നാലും വേദന പോയീട്ടില്ല.."

ഇടക്ക് ജിഷ വയറിൽ തടവിത്തന്നു.

"ഇപ്പൊ വേദന എന്തായാലും കുറഞ്ഞിട്ടുണ്ടാവും..."

"ഇല്ല.. വലിയ കുറവൊന്നും ഇല്ല..."

ഇങ്ങനെ ഓരോ അഞ്ച് മിനുട്ടിലും ഓരോരോ തരത്തിൽ അവിടെക്കൂടിയിരുന്ന പെണ്ണുങ്ങൾ ഊഴം വച്ച് ഊഴം വച്ച് എന്നോട് ചോദിച്ചു കൊണ്ടിരുന്നത് എനിക്ക് തീർത്തും അസഹ്യമായിത്തോന്നി. ഉത്തരം പറഞ്ഞ് ഞാൻ മടുത്തു. മാത്രവുമല്ല സംസാരിക്കാൻ പോലും ശക്തിയില്ലാത്ത അവസ്ഥയാണല്ലോ.. സ്നേഹത്തിൽ പൊതിഞ്ഞ നിർദ്ദോഷകരമായ ചോദ്യങ്ങളാണെങ്കിലും ആ അവസ്ഥയിലും എനിക്ക് ചൊടിപ്പ് തോന്നിത്തുടങ്ങി.

ഇടക്ക് ആരോ വയറിന് ചൂട് പിടിപ്പിച്ചു.

"ഇപ്പോ വേദന തീർച്ചയായും കുറഞ്ഞിട്ടുണ്ടാവും... പത്തിന്റെ സ്കെയിലിൽ എത്രയുണ്ടാവും?" ചോദ്യം സ്മിതയുടേതായിരുന്നു.

"അളന്ന് നോക്കീട്ടില്ല... അളന്നിട്ട് പിന്നെ പറയാം... സ്കെയിൽ ആദ്യം കൊണ്ടുവാ... " എനിക്ക് പെട്ടന്ന് അങ്ങനെ പറയാനാണ് തോന്നിയത്.

"എനിക്ക് കിട്ടേണ്ടത് കിട്ടി... ഞാൻ പോവ്വാ..." അതും പറഞ്ഞ് കൊണ്ട് സ്മിത പുറത്തേക്ക് പോയി.

വയറ്റിലെ വൈക്ലബ്യം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ, ഞാനെന്റെ കാലൊക്കെ മേൽപോട്ടുയർത്തി ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങി. ഇതൊക്കെ കണ്ട്, അടുത്തുണ്ടായിരുന്നവർ പരിഭ്രമിച്ച് കാണണം. പക്ഷേ അവർ പരിഭ്രമിക്കുമെന്ന് കരുതി, എനിക്ക് എന്റേതായ രീതിയിൽ ആശ്വാസം കണ്ടെത്താതിരിക്കാനാവുമോ?

അതിനിടയിൽ ജിതേഷ്, മണിപ്പാൽ ഹോസ്പിറ്റലിലെ ഹെഡ് നഴ്‌സിനെ വിളിച്ചു. ഒരു ശാരദച്ചേച്ചി; ജിതേഷിന് അറിയുന്ന ആളാണ്. ഞങ്ങളുടെ നാട്ടുകാരിയാണ്. ഏകദേശം പന്ത്രണ്ട് വർഷങ്ങളായി മണിപ്പാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്‌സാണ്. ജിതേഷ് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. ഇപ്പോൾ അവിടെ വന്നാൽ എങ്ങനെയൊക്കെയാവും കാര്യങ്ങൾ, ആയപ്പോൾ അവർ ഡ്യൂട്ടിയിലുണ്ടോ... അല്ലെങ്കിൽ അറിയുന്ന ആരോടെങ്കിലും പറയുവാൻ പറ്റുമോ എന്നൊക്കെയായിരുന്നു അവന്റെ ചോദ്യങ്ങൾ.

ശാരദച്ചേച്ചി അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ജിതേഷിന്റെ അടുത്ത് നിന്നും കാര്യങ്ങൾ ഗ്രഹിച്ച ശാരദച്ചേച്ചി പക്ഷേ കുറച്ച് കാര്യങ്ങൾ ജിതേഷിനോട് പറഞ്ഞു.

"ലക്ഷണങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ വല്യ കുഴപ്പം ഉണ്ടാകില്ല. ഈ സമയത്ത് ഇങ്ങനെയുള്ള ലക്ഷണങ്ങൾ പലർക്കും ഉണ്ട്. നേരത്തെ കാണിച്ച ഡോകട്ർ പറഞ്ഞത് പോലെ അസിഡിക്-ഗ്യാസ്ട്രിക് കുഴപ്പം തന്നെയായിരിക്കും. കുറച്ച് നേരം ഇങ്ങനെയൊക്കെ തോന്നും. ഈ രാത്രി തൽക്കാലം ആശുപത്രിയിൽ പോകാതിരിക്കുന്നതാണ് നല്ലത്. അവരെ ശരിക്കും അറിയുന്നത് കൊണ്ട് പറയുവാണ്, അവർ ലോകത്തുള്ള സകല ടെസ്റ്റും ചെയ്യിപ്പിക്കും... പോരാത്തതിന് രാത്രി സീനിയർ ഡോക്ടർമാരാരും ഡ്യൂട്ടിയിൽ ഉണ്ടാവില്ല... ഏതെങ്കിലും ജൂനിയർ ഡോക്ടർമാരേ ഉണ്ടാവൂ... വേറെ വലിയ പ്രശ്നമൊന്നുമില്ലെങ്കിൽ, രാവിലെ മാത്രം ഹോസ്പിറ്റലിൽ പോയാ മതി"

കൂടാതെ ശാരദച്ചേച്ചി ഇതും കൂടെ പറഞ്ഞു:

"നിങ്ങൾക്ക് കഴിയുമെങ്കിൽ നമ്മുടെ നാട്ടിലൊക്കെ പണ്ട് ചെയ്യുന്നത് പോലെ  വയറ്റിൽ കുറച്ച് ചൂട് പിടിപ്പിക്ക്. പിന്നെ പൊക്കിളിൽ(നാഭിയിൽ) കുറച്ച് കായം ഉരുക്കിയൊഴിച്ച്, വയറ്റിൽ വല്ല അമൃതാഞ്ജൻ പോലുള്ള വല്ല ബാമും പുരട്ടിക്കൊടുത്ത് നോക്ക്.. ചിലപ്പോൾ കുറവ് വന്നേക്കും... അതായിരിക്കും നല്ലത് ..."

ജിതേഷ് ഫോൺ കട്ട് ചെയ്തതിന് ശേഷം, നേരെ വന്ന് എനിക്ക് ചുറ്റുമിരിക്കുന്ന ആളുകളോട് ഈ കാര്യം പറഞ്ഞു. പിന്നെയൊരു ബഹളമായിരുന്നു. ജിഷയുടെ അമ്മയാണ് കമാൻഡർ. അവർ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ടാസ്കുകൾ നൽകപ്പെട്ടു. 'ഇപ്പ ശര്യാക്കിത്തരാം' എന്ന ടോണായിരുന്നു അമ്മായിയമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. കൂട്ടത്തല്ലും അക്രമവും നടക്കുന്ന സ്ഥലത്ത്, പോലീസ് സൂപ്രണ്ട് 'ഫയർ..... ...' എന്നൊക്കെ വിളിച്ചലറുമ്പോലെ! കമാൻഡറിന്റെ ഓർഡറുകൾ അനുസരിച്ച്, മായ കായം പരതാൻ പോയി... ഷൈനി ഹോട്ട്പാക്ക് കൊണ്ടുവരാൻ പോയി. കമാണ്ടർ സ്വയം അമൃതാഞ്ജൻ എവിടെയാണെന്ന് നോക്കാൻ പോയി. ജിഷ എന്റെ കൂടെത്തന്നെയായി അവിടെയിരുന്നു.

ഇന്നത്തെ ആശുപത്രികളുടെ അവസ്ഥ നോക്കുമ്പോൾ ആശുപത്രിയിലെ ചികിത്സയുടെ കാര്യങ്ങളെക്കുറിച്ച് ശാരദച്ചേച്ചി പറഞ്ഞ കാര്യങ്ങൾ ശരിയാവാനേ വഴിയുള്ളൂ. രോഗി എന്നത് ആശുപത്രി എന്ന ഫാക്ടറിയിലെ വെറും അസംസ്‌കൃത വസ്തുവാണ്. വരുമാനം കൂട്ടാൻ ആ അസംസ്‌കൃത വസ്തുവിനെ ഏതുവിധേനയും ഉപയോഗിച്ചെന്ന് വരാം. എന്നാലും ആധുനിക ശാസ്ത്രം പഠിച്ച ഒരാൾ, വയറുവേദനക്ക്, നാഭിയിൽ കായം ഉരുക്കി ഒഴിക്കാൻ പറഞ്ഞത് എനിക്കത്ര ബോധിച്ചില്ല. നാട്ടിൽ പത്തിരുപത്തിരണ്ട് വർഷങ്ങളോളം തുടർച്ചയായി കഴിഞ്ഞ കാലത്തൊന്നും ഞാനെങ്ങനെയൊന്നും കേട്ടിട്ടില്ല. ഇതെന്താ ഈ നാഭി എന്ന് പറയുന്നത് വയറ്റിലേക്കിറക്കിവച്ച ഒരു നാളം ഒന്നും അല്ലല്ലോ. ഈ ഉരുക്കിയൊഴിക്കുന്ന കായം, ആ നാളത്തിൽക്കൂടി, നേരെ കുടൽമാലകൾക്ക് മേലെ വീഴുമെന്നാണോ ഇവരുടെയൊക്കെ ധാരണ? അങ്ങനെയാണെങ്കിൽ 

"അമ്മാ... നമ്മുടെ കറിക്കായം തന്നെയാണോ.. അതോ മരുന്നിനൊക്കെ എടുക്കുന്ന ചെറുകായം എന്ന് പറയുന്ന കായം ആണോ ?..." മായക്ക് സംശയം. എന്റെ പൊക്കിളിൽത്തന്നെ കായം കണ്ടേക്കാമെന്ന് പറയാൻ തോന്നിയെങ്കിലും നാക്ക് പൊങ്ങിയില്ല.

"ആ... നീ അവിടെയുള്ള ഏതെങ്കിലും കായം എടുത്ത് വെക്ക്.. ഞാനീ അമൃതാഞ്ജനം ഒന്ന് എവിടെയാണെന്ന് നോക്കട്ടെ..." അമ്മ മൊഴിഞ്ഞു.

"സ്മിതേ... നീ നിന്റെ ആ പച്ചമരുന്ന് ഇങ്ങെടുക്ക്.. അമൃതാഞ്ജനമൊന്നും ഞാൻ കാണുന്നില്ല..." സ്മിത തായ്‌ലൻഡിൽ നിന്നും കൊണ്ടുവന്ന, വളരെ പ്രത്യേകമായ ഒരു മണമുള്ള, അവിടത്തെ ലോക്കൽ ബാമായ ഒരു മരുന്നാണ് ഈ പച്ചമരുന്ന്.

"'അമ്മേ... ഈ കായം എങ്ങനെയാണ് ഉരുക്കേണ്ടത്..." മായക്ക് പിന്നെയും സംശയം. അമ്മ ഉടനെ അടുക്കളയിൽ പോയിക്കാണണം, അതിന് മറുപടിയൊന്നും കേട്ടില്ല.

കട്ടിലിൽ മലർന്ന് കിടന്നുകൊണ്ട് ഞാനീ സംഭാഷണങ്ങളെല്ലാം കേൾക്കുകയാണ്. സ്മിത പച്ചമരുന്നുമായി മുറിയിൽ എത്തി. അപ്പഴേക്കും എവിടുന്നോ അമൃതാഞ്ജനവും അവിടെയെത്തി. ജിഷ അമൃതാഞ്ജനമെടുത്ത് വയറിൽ തടവുന്നിതിനിടയിലാണ് ഉരുക്കിയ കായവുമായി അമ്മായിയമ്മ മുറിയിലേക്ക് കടന്ന് വന്നത്. പിന്നെ നടന്നത് തികച്ചും ഒരു കൂട്ടമായ ആക്രമണമായിരുന്നു, കൈയ്യേറ്റമായിരുന്നു.

പിന്നെ എനിക്ക് എന്റെ വയറ്റിലോ എന്റെ ശരീരത്തിലോ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ഷൈനിയും മായയും സ്മിതയും ജിഷയും അമ്മായിയമ്മയും എന്റെ കട്ടിലിന് ചുറ്റും ഇരിക്കുകയോ നിൽക്കുകയോ ആണ്. അതിനിടയിൽ അമ്മായിയപ്പൻ ഒന്നെന്നെയെത്തി നോക്കി, എന്നെക്കാൾ ക്ഷീണത്തിൽ തിരിച്ച് പോയത്, ഒരു മിന്നായം പോലെ ഞാൻ കണ്ടു. 

ഞാൻ ധരിച്ച ടി-ഷർട്ട് ഏകദേശം മുഴുവനായും നെഞ്ചിന് മുകളിൽ കയറ്റി വച്ചിരിക്കുകയാണ്. അമ്മായിയമ്മ ഉരുക്കിയ കായം എന്റെ നാഭിയിൽ ഒഴിക്കാൻ തുടങ്ങുമ്പോൾ എനിക്ക് ആ അവശതയിലും ചിരിയും തമാശയുമാണ് തോന്നിയത്.

"എന്റെ നാഭിയിൽ ഒഴിക്കാൻ കുറച്ചൊന്നും കായം പോരാ... ചിലപ്പോ അതീത്തന്നെ കുറച്ച് കായം കാണും..." എന്റെ നാഭിക്കുഴി ആഴവും വീതിയുമുള്ളതായിരുന്നു എന്നുള്ളതായിരുന്നു അങ്ങനെയൊരു ഡയലോഗടിക്കാൻ കാരണം.

എന്റെ ഡയലോഗ് കേട്ട് കൂടിയിരുന്നവർ പൊട്ടിച്ചിരിച്ചെങ്കിലും, എന്റെ നാഭിയിൽ ചൂടുള്ള കായം വീഴുന്നത് ഞാനറിഞ്ഞു. പിന്നെ എന്റെ വയറിന്റെ മേലെ നടന്നത്, വയലിൽ ഉഴവ് കാളകളെക്കൊണ്ട് ഉഴവിക്കും പോലെയോ, ഗുസ്തിഗോദയിൽ മല്ലയുദ്ധം നടത്തുന്നത് പോലെയോ ഉള്ള പ്രവർത്തനങ്ങളായിരുന്നു. ആരോ അമൃതാഞ്ജൻ പുരട്ടുന്നു, ആരോ തായ്‌ലൻഡിലെ പച്ചമരുന്ന് പുരട്ടുന്നു, പുരട്ടിയതിന് ശേഷം തിരുമ്മിത്തടവുന്നു, തടവലിനിടയിൽ ആരോ ഇടയ്ക്കിടെ ഹോട്ട് പാക്ക് വയറിന് മേലെ വെക്കുന്നു... അങ്ങനെ എന്തെല്ലാമോ എന്റെ വയറിന് മേലെ പരീക്ഷിക്കുകയാണ്. അഞ്ചും ആറും കൈകളുടെ ഒരുമിച്ചുള്ള പരാക്രമം! ഇതിന് മാത്രം എന്റെ വയറിന് വീതിയുണ്ടോ എന്ന് ഞാൻ ശങ്കിച്ചു. ഇത്രയും കൈകൾ എന്റെ വയറിന് മേലെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ശരിക്കും എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ശ്വാസം മുട്ടുന്നെന്ന് ഞാൻ വിളിച്ച് പറയുമ്പോൾ അമ്മായിയച്ഛൻ വീണ്ടും പേടിച്ചതല്ലാതെ, എന്റെ വയറിന്റെ മേലെയുള്ള പ്രവർത്തനങ്ങൾ തീരെ നിലച്ചിരുന്നില്ല. അവർക്കൊക്കെ ഭ്രാന്ത് പിടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഒന്നുകിൽ ഞാൻ മരിക്കും, അല്ലെങ്കിൽ മോഹാലസ്യപ്പെടും. ആ സമയത്ത്, എന്റെ വയറിന് മേലെ തെർമോമീറ്റർ വച്ച് ചൂട് നോക്കിയിരുന്നെങ്കിൽ, തെർമോമീറ്ററിലെ മെർക്കുറി പൊട്ടിയൊലിച്ച്, അതും എന്റെ നാഭിക്കുഴിയിൽ വീണ്, കായത്തിന്റെ കൂടെ കലർന്നേനെ! ചൂട് പിടിച്ചും പല കൈകളാൽ ഒരുമിച്ച് തിരുമ്മിയും തടവിയും എന്റെ വയറിന്റെ ചൂട് അത്രക്കും ഉയർന്നിരുന്നു.

എനിക്കൊന്ന് അനങ്ങാൻ പോലും വയ്യാത്ത വിധത്തിലായിരുന്നു അമ്മായിയമ്മയുടെ നേതൃത്വത്തിൽ എന്റെ ഉദരരോഗ ചികിത്സയുടെ ആസൂത്രണവും പ്രയോഗവും നടന്നുകൊണ്ടിരുന്നത്. കുരുക്ഷേത്രയുദ്ധഭൂമി പോലെ എന്റെ വയറങ്ങനെ പരന്നു കിടന്നു. മലർന്ന് കിടന്നുകൊടുക്കുക എന്നത് മാത്രമേ എനിക്കപ്പോൾ കരണീയമായിട്ടുണ്ടായിരുന്നുളളൂ. വയറ് കുത്തിക്കീറിയെടുത്ത് എന്റെ കുടൽമാലകൾ കഴുത്തിലണിഞ്ഞ് അമ്മായിയമ്മയും സംഘവും കോമരങ്ങൾ തുള്ളുമ്പോലെ ഉറഞ്ഞ് തുള്ളിക്കളയുമോ എന്ന് ഒരു വേള ഞാൻ ഞാൻ ഭയപ്പെട്ടു. ഈ ഭീതിദമായ രംഗം കാണാൻ വയ്യാഞ്ഞിട്ടായിരിക്കണം, ജിതേഷിനെയോ സനൂപിനെയോ ഞാനവിടെ ദർശിച്ചില്ല, ചുരുങ്ങിയത്, അവരുടെ ശബ്ദം പോലും ഞാൻ കേട്ടില്ല!

"മതിയായേ.. എന്റെ വേദന പോയേ..." ഒടുവിൽ എനിക്ക് അങ്ങനെ ഉച്ചത്തിൽ അലറിപ്പറയേണ്ടി വന്നു. 

"ഇപ്പൊ എങ്ങനെയുണ്ട്?" എല്ലാവരുടെയും ചോദ്യം ഏകദേശം ഒരുമിച്ചായിരുന്നു. ഇതുവരെയുള്ള ജീവിതത്തിൽ ഒരു പക്ഷെ അവർ ചെയ്ത പ്രവർത്തികളിൽ ഏറ്റവും വിജയകരമായതും ചാരിതാർത്ഥ്യം നൽകിയതുമായി പ്രവർത്തി ഇതാണെന്നുള്ള ഒരു ഭാവം അവരിൽ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി. ഒരു യുദ്ധം കഴിഞ്ഞത് പോലെ. ഞാനും അവരും ഒരുപോലെ കിതക്കുകയായിരുന്നെങ്കിലും, അവരിൽ ഒരു മന്ദഹാസം സ്ഫുരിച്ച് മുഖത്ത് നിഴലിച്ചിരുന്നു. ആ സമയത്തെങ്കിലും 'മതിയായേ...' എന്ന് ഞാൻ അലറിയില്ലായിരുന്നെങ്കിൽ, അവർ തീർച്ചയായും അമ്മിക്കുട്ടി കൊണ്ടുവന്ന് എന്റെ വയറ്റിലിടിച്ചേനെ!

ഞാൻ അവരോട് കൈ കൂപ്പിയതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല. ഇപ്പോ വേദന കുറഞ്ഞെന്ന് അവരെ ആംഗ്യഭാഷയിൽ അറിയിച്ചു. വേദന മാറിയില്ലെന്ന് പറഞ്ഞാൽ അവർ വീണ്ടും എന്റെ വയറിന് മേലെ നൃത്തം ചെയ്യുമെന്ന് ഞാൻ ഭയന്നു.

സത്യത്തിൽ ഞാൻ മോഹാലസ്യത്തിലേക്ക് വഴുതുകയായിരുന്നു. അറിയാതെ ഞാൻ ഉറങ്ങിപ്പോയി. പിന്നെ ഉറക്കമുണർന്നപ്പഴേക്കും സമയം പാതിരാ കഴിഞ്ഞു കാണണം, മറ്റുള്ളവർ ഉറക്കമായിരുന്നു. പക്ഷേ അപ്പഴേക്കും എന്റെ വയറ്റിലെ പ്രശ്നം പമ്പ കടന്ന് പോയിരുന്നു. കായമാണോ, അതോ അമൃതാഞ്ജനമാണോ, തായ്‌ലൻഡിലെ പച്ചമരുന്ന് ബാം ആണോ, അതോ അവരുടെ കൈപ്രയോഗങ്ങളായിരുന്നോ, അതോ അവയുടെ ആകത്തുകയായിരുന്നോ എന്താണ് പ്രവർത്തിച്ചതെന്നറിയില്ല, എന്റെ വേദന പോയിരിക്കുന്നു. അമ്മായിയമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണം കാരണം, പേടിച്ചവശരായ കുടൽമാലകൾ യഥാസ്ഥാനത്ത് വീണ്ടും ശാന്തരായി ഇരുന്നുപോയിക്കാണണം; ഞാൻ വീണ്ടും വയറിന് മേലെ പതുക്കെ തടവിക്കൊണ്ട് മിണ്ടാതെ കിടന്നു. 

പിറ്റേന്ന് കാലത്ത് മറ്റുള്ളവർ എഴുന്നേൽക്കും മുന്നേ ഞാൻ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ചു. ശരീരത്തിന് നല്ലൊരു സുഖം തോന്നുന്നുണ്ട്. മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ കക്കൂസിലേക്ക് എന്തെങ്കിലുമായി ദാനം ചെയ്യുന്നത്. തലേ ദിവസം പ്രവർത്തിച്ചത് പോലെ ആരെങ്കിലും വയറിന് മേലെ പ്രവർത്തിക്കുകയാണെങ്കിൽ, ഏത് തരം ശോധനക്കുറവുള്ളവരും  ഇത്തരത്തിൽ ദാനശീലരായിപ്പോകുമെന്ന് അന്നെനിക്ക് മനസ്സിലായി.

പതുക്കെ മറ്റുള്ളവരും എഴുന്നേറ്റു. കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ മുഖത്ത് കാര്യമായ ഒരു പ്രസാദം വന്നത് അവരെ എല്ലാവരെയും സന്തോഷവാന്മാരാക്കിയിരുന്നു. 

"വയറ്റിലെ പ്രശ്നങ്ങൾ പോയെന്നാണ് തോന്നുന്നത്" എല്ലാരേയും മാറി മാറി നോക്കി, ഞാനെന്റെ തത്സമയ സ്വാസ്ഥ്യത്തെക്കുറിച്ച് അറിയിച്ചു. കുറച്ച് പേർ അടുക്കളയിലും, കുറച്ച് പേര് തീൻ മേശക്ക് ചുറ്റുമായി രാവിലെ ചായ കുടിക്കുകയാണ്. മായയും അമ്മായിയമ്മയും, പ്രാതൽ ഉണ്ടാക്കാനുള്ള തിരക്കിലുമാണ്.

"ഓ എന്തായിരുന്നു ഇന്നലത്തെ അവസ്ഥ... ഞങ്ങളൊക്കെ ശരിക്കും പേടിച്ച് പോയിരുന്നു... ന്തായാലും ഇപ്പൊ വേദന പോയല്ലോ..." ജിഷയുടെ അച്ഛൻ ആശ്വാസമുതിർത്തു.

"ഞാനും പേടിച്ച് പോയിരുന്നു... പക്ഷേ ഇവരൊക്കെക്കൂടി എന്നെ ഞെക്കിക്കൊന്നുകളയുമോ എന്നായിരുന്നു എന്റെ പേടി" ഈ അവസ്ഥയിൽ വേറെന്ത് പറയാനാണ്?

"അങ്ങനെ ചെയ്തില്ലെങ്കില് ഇപ്പൊ നീ ആസ്പത്രീല് കെടക്ക്വായിരിക്കും... നിനക്ക് ഇങ്ങനെയുള്ള ചികിത്സകളിലൊന്നും വിശ്വാസമില്ലല്ലോ... ന്തായാലും ഇപ്പൊ സമാധാനം ണ്ടല്ലോ... " ദോശ ചുടുന്നതിനിടയിൽ അമ്മായിയമ്മ പറഞ്ഞു. ഞാനൊന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

"വേണുവേട്ടൻ മെലിഞ്ഞിരിക്കാൻ വേണ്ടി ഭക്ഷണം കണ്ട്രോള് ചെയ്ത് കഴിക്കുന്നത് കൊണ്ടാ ഈ വയറ്റിലെ പ്രശ്നങ്ങള്... ഇത്തിരി ചോറല്ലേ ഇപ്പോ കഴിക്കലുള്ളൂ... കുട്ടികള് പോലും ഇതിനേക്കാൾ കഴിക്കും..." ഷൈനി അവളുടെ ഒരഭിപ്രായം പറഞ്ഞു.

"അങ്ങനെയാണെങ്കില് എന്റെ അമ്മക്ക് വയറ്റിൽ പ്രശ്നങ്ങൾ വന്നതോ, പാറുവിന് വയറ്റിൽ ഉരുണ്ട് കൂടിയതോ... അവരൊക്കെ എന്നേക്കാൾ ഭക്ഷണം കഴിക്കുന്നവരല്ലേ... ഞാനൊരിക്കലും പട്ടിണി കിടക്കാറില്ല... വാരിവലിച്ച് കഴിക്കാറില്ലെന്നേ ഉള്ളൂ... ഇരുന്ന് ജോലി ചെയ്യുന്ന എനിക്കെന്തിനാ ഒരു പ്ളേറ്റ് നിറച്ചും ചോറ്?" ഞാൻ എന്റെ ന്യായം നിരത്തി.

" ചിലപ്പോ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ടായിരിക്കും. ചെറുപയറോ അല്ലെങ്കിൽ കിഴങ്ങോ .. അങ്ങനെയെന്തെങ്കിലും..." മായയും അവളുടെ ഒരു നിഗമനം അറിയിച്ചു.

"നിങ്ങളൊക്കെ കഴിച്ച സാധനങ്ങളല്ലേ ഞാനും കഴിച്ചുള്ളൂ... ഇതൊക്കെ പണ്ടേ കഴിക്കുന്നതല്ലേ..."

"അല്ല.. ചിലപ്പോ വേണുവേട്ടന് ചില സാധനങ്ങൾ ഇപ്പോൾ പിടിക്കുന്നുണ്ടാവില്ല..." 

"അങ്ങനെയാണെങ്കിൽ, പാറൂനും ദേവൂനും വയറ്റിൽ പ്രശ്നം ഉണ്ടായതോ..."

"അവർക്ക് നിങ്ങളെപ്പോലെ പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ..."

"ഒരാഴ്ച മുന്നേ വരെ ഞാനെല്ലാ സാധനങ്ങളും കഴിച്ചിരുന്നല്ലോ... അപ്പോഴൊന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ.... ഇതൊക്കെ ഈ നാശം പിടിച്ച വൈറൽ പനിയുടെ ലക്ഷണങ്ങൾ തന്നെയായിരിക്കണം... ഓരോരുത്തർക്കും ഓരോ തരത്തിൽ.. അല്ലേങ്കില്ലെന്തെങ്കിലും ഫുഡ് പോയിസൻ..."  അല്ല പിന്നെ... ഞാനെന്ന അരോഗഗാത്രന് അത്രപെട്ടെന്ന് ഇത്തരം രോഗങ്ങൾ വരുമെന്ന് സമ്മതിച്ച് കൊടുക്കാൻ പറ്റുമോ?

"ഓ... ഇന്നലെ എന്നോടെന്തായിരുന്നു ദേഷ്യം... വേദന എങ്ങനെയുണ്ട് ന്ന് മാത്രേ ചോദിച്ചുള്ളൂ..." സ്മിത ചിരിച്ച് കൊണ്ട് പറഞ്ഞു. കൂടെ എല്ലാവരും ചിരിച്ചു.

അങ്ങനെ ഞാൻ പതുക്കെ പഴയ ജീവിതക്രമത്തിലേക്ക് ചുവടുകൾ വച്ചു. ഞങ്ങൾ അവിടെയുള്ളത് കൊണ്ട്, മായയുടെയും ഷൈനിയുടേം കുട്ടികൾ സ്‌കൂളിൽ പോയില്ല. ആ തിങ്കളാഴ്ച ഞാൻ മുഴുവനായി വിശ്രമിച്ചു. പിറ്റേന്ന് ജിതേഷ് കുട്ടികളെയും കൂട്ടി മാളിൽ പോയപ്പോൾ, ഞാനും കൂടെപ്പോയെങ്കിലും കുറച്ച് ക്ഷീണം തോന്നാതിരുന്നില്ല, അവിടെ നിന്ന് കുട്ടികൾ പലതും വാങ്ങിക്കഴിച്ചു. കൂട്ടത്തിൽ പിസയും. പിസയും വിഴുങ്ങി വന്ന പാറുവിന് അന്ന് രാത്രി വീണ്ടും വയറ് വേദന വന്നു. ഒരാൾക്കല്ലെങ്കിൽ വേറൊരാൾക്ക് പ്രശ്നങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച യുഎസ്സിലേക്ക് പോകുന്നതിന് മുൻപായെങ്കിലും എല്ലാവരുടെയും ആരോഗ്യം ശരിയാവേണ്ടതുണ്ട്. പിറ്റേന്ന്, ബുധനാഴ്ച തന്നെ അവളെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി. ആ മരുന്ന് കഴിച്ചപ്പോൾ അവൾക്ക് കുറച്ച് ആശ്വാസമായി. 

ഈ ബുധനാഴ്ച  ദിവസമാണ്, ജിഷയുടെ അടുത്ത ബന്ധുവെന്ന് നേരത്തെ പറഞ്ഞ യുവാവും ഭാര്യയും ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഞാനെന്തായാലും വരുന്നില്ലെന്ന് ജിഷയോട് പറഞ്ഞു. എന്തായാലും 'അവൻ കല്യാണൊക്കെ കഴിഞ്ഞതിന് ശേഷം ആദ്യായിട്ട് വിളിച്ചതല്ലേ... പോവ്വാതിരിക്കുന്നത് മോശല്ലേ...' എന്നും പറഞ്ഞ് ബാക്കിയുള്ളവർ വൈകുന്നേരം, രാജമംഗലയിലേക്ക് പോകാൻ പദ്ധതിയിട്ടു. 

വൈകുന്നേരം, ഞാനും ജിഷയുടെ അമ്മയും അച്ഛനും ഒഴിച്ചുള്ളവർ,  രാജമംഗലയിലേക്ക് പുറപ്പെട്ടു. യാത്രാസമയവും ട്രാഫിക് ജാമും, കുശലഭാഷണവും സദ്യയും ഒക്കെ കഴിഞ്ഞ് വരുമ്പോൾ, രാത്രി നന്നേ വൈകുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഏകദേശം രണ്ട് മണിക്കൂറുകൾ കഴിഞ്ഞ് അവരെയൊന്ന് വിളിച്ച് നോക്കിയപ്പോൾ, അവർ, അവരുടെ മടക്ക യാത്ര തുടങ്ങിയിരുന്നു. ഭക്ഷണം വഴിയിൽ വച്ച് കഴിച്ച് വരുമ്പഴേക്കും വൈകുമെന്നും അറിയിച്ചു. സ്വന്തം അനിയനെപ്പോലെ മനസ്സിൽ കൊണ്ടുനടക്കുന്നവന്റെ വീട്ടിൽ ആദ്യമായി പോയിട്ട്, അതും കാര്യമായി ക്ഷണിച്ചതിന് ശേഷം പോയിട്ട്, ഭക്ഷണം കിട്ടിയില്ലേ എന്ന് ഞാൻ വെറുതേ ചോദിച്ചപ്പോൾ ജിഷ ഒന്നും മിണ്ടിയില്ല. മീൻ കഴിക്കുമോ, ചിക്കൻ കഴിക്കുമോ എന്നൊക്കെ അവൻ ചോദിച്ചതാണല്ലോ എന്ന് ഞാൻ വീണ്ടും ഓർമ്മിപ്പിച്ചപ്പോഴും അവളൊന്നും മിണ്ടിയില്ല. 

ജിഷയുടെ അന്തരംഗത്തിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. ആങ്ങള പെങ്ങന്മാരും മക്കളും മാത്രമല്ല, എന്റെ പെങ്ങളെയും കൂട്ടി 'വാ നമുക്ക് പ്രിയപ്പെട്ട അനുജന്റെ വീട്ടിൽ പോയി ചാപ്പാട് കഴിച്ചേച്ചും വരാം' എന്നും പറഞ്ഞ് കൂട്ടിപ്പോയിട്ട്, അവിടെ നിന്ന് വെറും ബേക്കറി ഉണ്ടയേ കിട്ടിയുള്ളൂ എന്ന് വച്ചാൽ ഇത്തിരി ഗദ്ഗദം ചിലപ്പോൾ ഊർന്ന് വന്നിട്ടുണ്ടാകാം. അങ്ങോട്ട് ഫോൺ വിളിച്ചാൽ മാത്രം കണക്ഷൻ കിട്ടുന്ന 'ന്യൂജൻ' ബന്ധുവാണെങ്കിലും ഇങ്ങനെയൊരു പ്രതീക്ഷാനൊമ്പരം എന്റെ അളിയനും ജിഷയും പ്രതീക്ഷിച്ച് കാണില്ല. നവദാമ്പത്യമധുരം പറന്ന് നടന്ന് ആഘോഷിക്കുന്നതിനിടയിൽ, ചിലപ്പോൾ അതിഥികൾ വന്നിരിക്കുന്ന അവസ്ഥയിൽ പോലും പരസ്പരം മൊബൈൽ കളികളിൽ ഏർപ്പെട്ട് പോയത് കൊണ്ടാവാം ഭക്ഷണം പാചകം ചെയ്യാനോ അല്ലെങ്കിൽ, ചുരുങ്ങിയത് 'ന്യൂജൻ' സ്റ്റൈലിൽ പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനോ സഹോദരസമാനദമ്പതികൾ മറന്നുപോയത്! അല്ലെങ്കിൽ, 'നീ ചെയ്യ്.. അല്ല.. നീ ചെയ്യ്...' എന്ന് പരസ്പരം പറഞ്ഞ് സമയം പോയിക്കാണണം! എന്തായാലും കുടലുമാലകളുടെ നൃത്തം എന്നെ രക്ഷിച്ചു. അല്ലെങ്കിൽ 'എന്റെ മീൻകറി എവിടെയെടാ...' എന്ന് അവിടെ വച്ച് തന്നെ ചിലപ്പോൾ ഞാൻ ചോദിച്ചേക്കുമായിരുന്നു.

പിന്നെ ജിഷയോട് ഞാനൊന്നും ചോദിക്കാൻ പോയില്ല... അവളുടെയും അവളുടെ അനിയന്റെയും കാര്യമല്ലേ... പോകട്ടും.

എന്തായാലും രാത്രി പതിനൊന്ന് മണിക്ക് അവർ തിരിച്ച് വരുമ്പഴേക്കും വേറൊരു വാർത്തയും ചെവിയിലെത്തി. അവരുടെ കൂടെ പോയിരുന്ന എന്റെ ഇളയ പുത്രി ദേവുവിനും വയറു വേദന! ഇനി എന്ത് ചെയ്യും? രാത്രി വൈകിയിരിക്കുന്നു. പിറ്റേന്ന് വൈകുന്നേരം വിമാനം കയറേണ്ടവരാണ്... ഇരുപത്തിനാല് മണിക്കൂറോളം യാത്ര ചെയ്യേണ്ടവരാണ്.... യാത്രക്കിടയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ...? ആർക്കും ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. ചോദ്യങ്ങൾ ഓരോരുത്തരുടെയും മനസ്സിലായിരുന്നു.

"അവൾക്കും പാറുവിന്റെ മരുന്ന് കൊടുത്താലോ..." ജിഷ തീർത്തും ഉന്മേഷമില്ലാതെ ചോദിച്ചു. 

"അത് ശരിയാവുമോ? രണ്ടും ഒരേ പ്രശ്നമാണെന്ന് നമുക്കെങ്ങനെയാ അറിയുക..?" എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.

"എനിക്ക് ചെയ്തത് പോലെ കായം പുരട്ടി നോക്ക്..." കേട്ടവരൊക്കെ അറിയാക്കാതെ ചിരിച്ചുപോയി. 

എന്തായാലും, ഭൂരിപക്ഷാഭിപ്രായം പ്രകാരം, പാറുവിന്റെ അതേ മരുന്നുകൾ ദേവുവും കഴിച്ചു. വ്യാഴാച പ്രഭാതം പൊട്ടിവിടർന്നു. ഇനി ആരും വയറുവേദന എന്നൊന്നും പറയല്ലേ... ആരും ഛർദ്ദിക്കല്ലേ എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഭാഗ്യം നമ്മളെ തുണച്ചിരിക്കണം. ആർക്കും ഒരു കുഴപ്പവും അന്ന് ഉണ്ടായില്ല. എല്ലാവരും സാധാരണ പോലെ ഭക്ഷണം കഴിച്ചു. മൂന്ന് മണിക്ക് രണ്ട് കാറുകളിലായി ദേവനഹള്ളിയിലുള്ള എയർപോർട്ടിലേക്ക് പുറപ്പെട്ടു. ചെക്കിങ്ങിനും സെക്യൂരിറ്റി ക്ലിയറൻസിനും ശേഷം, എയർപോർട്ടിൽ നിന്നും എല്ലാവരും പാവ് ബാജിയും കഴിച്ചു. എട്ടേ മുക്കാലിന്, സ്മിതയും മോളും ബാങ്കോക്കിലേക്കും, ഒൻപതേകാലിന്, ഞങ്ങൾ, ട്രാൻസിറ്റ് സ്റ്റോപ്പായ ദുബായിലേക്കുമുള്ള വിമാനങ്ങൾ കയറി. അലാക്കിന്റെ ബാഗ്ലൂർ യാത്ര അവസാനിച്ചതിന് ശേഷം, എന്നെ രക്ഷിച്ച കായത്തിന്റെ ഓർമ്മകളോടെ, തീർത്തും ശാന്തരായ കുടലുമാലകളോടെ പുതിയൊരു യാത്രയുടെ തുടക്കം!

***

2022 ഓഗസ്റ്റ് 21, ഞായറാഴ്‌ച

ഉറഞ്ഞ് തുള്ളിയ കുടലുമാലകൾ (അലാക്കിന്റെ യാത്ര - 1)

(Image Source: Google)

"എന്റെ ഇതുവരെയുള്ള ജീവിതത്തില് ഇത് പോലൊരു നശിച്ച യാത്ര ഞാൻ നടത്തീട്ടില്ല" എന്റെ അമ്മായിയമ്മ, വീട്ടിനകത്തോട്ട് കയറുന്നതിനിടയിൽ, അങ്ങേയറ്റം ശാപധ്വനിയോടെയായിരുന്നു അത്രയും പറഞ്ഞത്.

"പണ്ടാരമടക്കാനായിട്ടുള്ള നാറിയ യാത്ര... അലാക്കിന്റെ യാത്ര..." ഞാനകത്ത് നിന്നും കമഴ്ന്ന് കിടക്കുന്നതിനിടയിൽ പ്രതിവചിച്ചു.

"അല്ല, നീയിതെപ്പാണ് ഉള്ളീ കേറിയത്? നീ അകത്തോട്ട്  കേറുന്നതൊന്നും ആരും കണ്ടില്ലല്ലോ..." അതെ, ശരിയാണ്, നീണ്ടൊരു യാത്രക്ക് ശേഷം വണ്ടിയിൽ നിന്നിറങ്ങി, ആർക്കും പിടികൊടുക്കാൻ നിൽക്കാതെ ഞാനെന്റെ അളിയന്റെ ബാങ്കളൂരിലെ വീടിന്റെ ഒരു മുറിക്കകത്ത് കയറിക്കിടക്കാൻ തുടങ്ങിയത് ആരും കണ്ടിരുന്നില്ല. അസഹ്യമായ വയറ്റിലെ പ്രശ്നങ്ങളായിരുന്നു കാരണം.ഞങ്ങളൊരു കൂട്ടം ആളുകൾ ഒരു വലിയ ട്രാവലറിൽ വന്നിറങ്ങിയപ്പോൾ, സ്വീകരണ വർത്തമാനങ്ങൾക്കിടയിൽ ഞാൻ പതുക്കെ വഴുതിമാറിയത് ആരും കണ്ടിരുന്നില്ല. തമാശ കലർന്ന ഒരന്ത്യത്തിലേക്ക് ആ വയറുവേദന എത്തുമെന്നും ആരും പ്രതീക്ഷിച്ചില്ല!

അതെ, അതൊരു വല്ലാത്ത യാത്രയായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷം, യുഎസ്സിൽ നിന്ന് നാട്ടിലേക്ക് പോയതാണ്. വെക്കേഷന് നാട്ടിൽ പോവുക എന്നാണ് സന്തോഷത്തോടെ പറയാറുള്ളതെങ്കിലും, ഈ നാട്ടിൽ പോക്ക്, ഒരിക്കലും വളരെ റിലാക്സ്ഡ് ആയി ആഘോഷിക്കപ്പെടുന്ന ഒന്നല്ല. സത്യത്തിൽ, വളരെ ഹെക്ടിക് ആണ് ഈ നാട്ടിൽ പോക്ക് എന്നുള്ളത്. നാട്ടിലേക്കും തിരിച്ചുമുള്ള നീണ്ട യാത്ര മാത്രമല്ല, നാട്ടിൽ പോയാൽ നടത്തപ്പെടുന്ന നിരന്തരമായ ബന്ധുമിത്രാദിസന്ദർശനങ്ങളും ഒടുക്കമൊടുക്കം, വല്ലാത്ത മടുപ്പാണ് ഉണ്ടാക്കുക. ഇഷ്ടപ്പെട്ട് ചെയ്യുന്നതാണെങ്കിലും, മടക്ക ദിവസമാവുമ്പഴേക്കും, മനുഷ്യന് യാത്രകൾ മടുത്തിട്ടുണ്ടാവും. എന്തായാലും, ഇത്തവണയും നാട്ടിൽ കറക്കങ്ങൾക്ക് കുറവൊന്നും ഇല്ലായിരുന്നെങ്കിലും, പെരുമഴമൂലം, മുൻ വെക്കേഷനുകളെക്കാൾ യാത്രകൾ കുറവായിരുന്നു എന്ന് തന്നെ പറയാം.

കുറേക്കാലങ്ങളായുള്ള പതിവിന് വിപരീതമായി, ഇത്തവണ, ജൂലൈ മാസത്തിൽ അതിഗംഭീരമായ മഴയായിരുന്നു വടക്കൻ കേരളത്തിൽ പെയ്തത്. നിന്ന് പെയ്യുന്ന മഴ, പുറത്തിറങ്ങാൻ എല്ലാത്തരത്തിലും മടി തോന്നിക്കുന്ന മഴ. എന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുംവിധം, വീടിന് ചുറ്റും നല്ല രീതിയിൽ തന്നെ ഉറവകൾ പൊട്ടിയൊലിക്കാൻ തുടങ്ങിയിരുന്നു. വഴികളിൽ കാലുകൾ അമർത്തി വെക്കുമ്പോൾ, സൂക്ഷിച്ചില്ലെങ്കിൽ ആഴ്ന്ന് പോവുന്ന അവസ്ഥ!

ഈ പെരുമഴക്കാലം കാരണമാവണം, നാട്ടിൽ മുഴുവൻ പനിയുടെ വാർത്തകളാണ്. കൊറോണ കൂടടങ്ങിയിട്ടില്ലെങ്കിലും, കൊറോണയെ ആരും വകവെക്കുന്നതായി തോന്നിയില്ല. പക്ഷേ, എല്ലാ വീടുകളിലും പലർക്കും പനിയാണ്, പക്ഷേ കൊറോണയല്ല!

എന്തായാലും, കഴിഞ്ഞ പത്തിരുപത് വർഷങ്ങളുടെ ഇടയിൽ നാട്ടിൽ നടത്തിയിട്ടുള്ള സന്ദർശനങ്ങളൊക്കെ ഞങ്ങളെ സംബന്ധിച്ചടുത്തോളം പനിരഹിതമായിരുന്നു. കുട്ടികൾക്ക് ഇടക്ക് ചെറിയ ജലദോഷവും ജലദോഷപ്പനിയും വരുമെന്നല്ലാതെ മറ്റ് പൊല്ലാപ്പുകൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ, പനിയൊന്നും വരില്ല എന്ന ആത്മവിശ്വാസത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.

ജൂലൈ 28 നാണ് തിരിച്ച് യുഎസ്സിലേക്ക് പുറപ്പെടുന്നത്. ബാങ്കളൂരിൽ നിന്നാണ് വിമാനയാത്ര തുടങ്ങുന്നത്. പല കാരണങ്ങളാലും ബാങ്കളൂരിലാണ് ഞങ്ങൾ സാധാരണയായി നാട്ടിലേക്കുള്ള യാത്രയിൽ വിമാനമിറങ്ങുന്നത്. ബാങ്കളൂരിൽ നിന്ന് കണ്ണൂരുള്ള വീട്ടിലേക്ക് പിന്നെയും ഏഴ് മണിക്കൂറോളം യാത്രയുണ്ട്. വിമാന നിരക്ക് കുറവായിരിക്കുമെന്നതിനാലും, അളിയന്റെ വീട്ടിലേക്കുള്ള യാത്ര യുഎസ്സിൽ നിന്നുമുള്ള യാത്രയുടെ കൂടെത്തന്നെ club ചെയ്യാമെന്നതിനാലുമാണ് ബാങ്കളൂർ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ യാത്രയിൽ, പക്ഷേ അളിയൻ ബാങ്കളൂരിൽ ഇല്ലായിരുന്നു. നാട്ടിൽ ചില ചടങ്ങുകൾ ഉണ്ടായിരുന്നതിനാൽ അളിയനും കുടുംബവും നാട്ടിലായിരുന്നു. അതുകൊണ്ട്, ബാങ്കളൂരിൽ വിമാനമിറങ്ങിയ ഉടനെത്തന്നെ, നേരത്തെ തീരുമാനിച്ച പ്രകാരം നാട്ടിൽ നിന്ന് വന്ന ഒരു ടാക്സിയിലാണ്, ഞങ്ങൾ നാട്ടിലേക്ക് യാത്ര പുറപ്പെട്ടത്. വൈകുന്നേരം നാലരക്കടുപ്പിച്ച് തന്നെ താവളത്തിന് പുറത്ത് കടന്നെങ്കിലും, ഇളയമ്മയുടെ മകൻ ശ്രീജുവും ഭാര്യ സിത്താരയും ഞങ്ങളെ കാണാൻ വന്നതിനാൽ അരമണിക്കൂറോളം അവരുമായി കുശലം പറഞ്ഞു. ഒടുവിൽ, വൈകുന്നേരം അഞ്ച് മണിക്കാണ് യാത്ര തുടങ്ങിയതെന്നതിനാൽ, ബാങ്കളൂരിലെ വൈകുന്നേരത്തെ ഗതികെട്ട ട്രാഫിക് മറികടക്കാൻ കുറെ സമയമെടുത്തു. മാക്കൂട്ടത്തിലെ ചുരത്തിൽ എത്തുമ്പഴേക്കും അർദ്ധരാത്രിയെന്നതിന് പുറമേ, കോരിച്ചൊരിയുന്ന മഴയുമായിരുന്നു. ഒടുവിൽ വീട്ടിലെത്തുമ്പഴേക്കും പുലർച്ചെ രണ്ട് മണിയായി. ഒൻപത് മണിക്കൂറോളം എടുത്ത ആ രാത്രിയാത്ര തന്നെ ഞങ്ങളെ  സംബന്ധിച്ചടുത്തോളം, വളരെ മടുപ്പുളവാക്കാക്കിയിരുന്നു. ഇനിയൊരിക്കലും ഇങ്ങനെയൊരു യാത്ര ചെയ്യില്ലെന്ന് അപ്പോൾത്തന്നെ ചിന്തിച്ച് പോയതാണ്.

പത്താം ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചിരുന്ന ഞങ്ങളുടെ കൂട്ടുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഒരു മീറ്റിങ്ങിൽ പങ്കെടുക്കുക എന്നുള്ളതായിരുന്നു എന്നെ സംബന്ധിച്ച് ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്രയുടെ മുഖ്യ ഉദ്ദേശ്യവും, യാത്രയുടെ മുഖ്യ ആകർഷണവും. അതിൽ പങ്കെടുക്കുന്ന 90  ശതമാനം പേരെയും, ഏകദേശം മുപ്പത്തഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കാണാൻ പോകുന്നത്.

നാട്ടിലെത്തിയതിന്റെ പിറ്റേന്ന് തന്നെ, അളിയൻ നാട്ടിൽ വച്ച പുതിയവീട്ടിൽ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരുന്നു. ഞങ്ങളും അതിൽ പങ്ക് കൊള്ളാൻ പോയി. അവിടെയെത്തിയ ഉടനെത്തന്നെ, ഭാര്യയുടെ കുഞ്ഞമ്മാവൻ, ഫ്രിഡ്ജിൽ സൂക്ഷിച്ച് വച്ച തെങ്ങിൻ കള്ള് എനിക്കെടുത്ത് തന്ന് സൽക്കരിച്ചത് മാമനോടുള്ള എന്റെ ഇഷ്ടത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അതിന്റെ പിറ്റേന്നായിരുന്നു കോട്ടയത്തുള്ള ഡിസിബുക്സിലേക്കുള്ള യാത്ര. ആദ്യമായി എഴുതിയ നോവൽ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഉടമ്പടി ഒപ്പിടാനാണ് കോട്ടയത്തേക്ക് പോകുന്നത്. തലശ്ശേരിയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള സെക്കന്റ് എസി ടിക്കറ്റ് മലബാർ എക്സ്പ്രസിന് നേരത്തെയേ ബുക്ക് ചെയ്തിരുന്നു. രണ്ട് യാത്രകളും മുഴുവൻ സമയ രാത്രിയാത്രയായിരുന്നു. മാസ്ക് ധരിച്ച് കൊണ്ട് തന്നെയായിരുന്നു യാത്രയിലെ ഉറക്കം. ഞാൻ കോട്ടയത്തെത്തുന്നത് പ്രമാണിച്ച്, അഞ്ചാറ് കൂട്ടുകാരും പല സ്ഥലങ്ങളിൽ നിന്നായി അവിടെ എത്തിയിട്ടുണ്ട്. ഡിസി ബുക്സുമായുള്ള ഉടമ്പടി ഒപ്പിട്ടതിന് ശേഷം, കോട്ടയത്തുണ്ടായിരുന്ന ജൂൺ 27 പകൽ മുഴുവൻ കുമരകത്തുള്ള ഒരു റിസോർട്ടിൽ ഗംഭീരമായി ആഘോഷിച്ചു. നീന്തൽകുളത്തിലെ നീരാട്ടും, കുപ്പികളുടെ ആറാട്ടും അവിടെ നടത്തപ്പെട്ടു.

കോട്ടയത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷമായിരുന്നു, നാട്ടിൽ പെരുമഴ തുടങ്ങിയത്. പെരുമഴ ഒന്നവസാനിച്ചപ്പോൾ, ആവുന്നത് പോലെ, ബന്ധുമിത്രാദികളുടെയൊക്കെ വീട്ടിൽ പോയി അവരെയൊക്കെ സന്ദർശിച്ചു. ചെല്ലുന്ന വീടുകളിൽ നിന്നെല്ലാം പലഹാരങ്ങളും ചായയും ഹോർലിക്‌സും തരം പോലെ കഴിച്ചു. എത്ര വേണ്ടാ എന്ന് പറഞ്ഞാലും, ഇങ്ങനെ പലഹാരം തീറ്റിക്കുക എന്നുള്ളതാണ് സ്നേഹവായ്പ്പ് അറിയിക്കാനുള്ള ഏക മാർഗ്ഗം എന്ന് വിശ്വസിക്കുന്ന ബന്ധുമിത്രങ്ങളുടെ സ്‌നേഹനിർഭരമായ നിർബന്ധങ്ങൾക്ക് വഴിപ്പെടുക എന്നതാണ്, മുഖം കറുപ്പിക്കാതെ പുറത്ത് കടക്കാനുള്ള ഏക എളുപ്പവഴി. വീട്ടിൽ തിരിച്ചെത്തുമ്പഴേക്കും വയറൊരു പരുവത്തിലായിട്ടുണ്ടാവും, എന്നിരുന്നാലും അടുത്തദിവസവും ഇതുപോലെ തുടരും. എന്ത് പറഞ്ഞാലും അവരെയൊക്കെ കാണാതെ തിരിച്ച് വന്നാൽ, മനസ്സിനൊരു വിഷമമാണ്. അങ്ങനെ പല യാത്രകളിലും തിരക്കുകളാൽ കാണാൻ കഴിയാഞ്ഞ ചില ആളുകളെ പിന്നീടൊരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല.

കണ്ണൂർ ഐടിഐയിൽ ഒരു മിച്ച് പഠിച്ചവരായ ചിലർ കുവൈത്തിൽ നിന്നും സൗത്താഫ്രിക്കയിൽ നിന്നുമൊക്കെയായി അതേ സമയം നാട്ടിൽ ഉണ്ടായിരുന്നു. ഒരുമിച്ച് കൂടാനുള്ള ശ്രമങ്ങൾ ഒടുവിൽ ഞങ്ങളെ എത്തിച്ചത് എറണാകുളത്തായിരുന്നു. അതും പത്താം ക്ലാസ്സുകാരുടെ മീറ്റിങ്ങിന്റെ തലേ ദിവസം. തലശ്ശേരിയിൽ നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെട്ട് ഒൻപതരക്ക് എറണാകുളത്തെത്തി. പെട്ടന്ന് തല്ലിക്കൂട്ടിയ പരിപാടിയായതിനാൽ,  പന്ത്രണ്ടോളം ആൺ കൂട്ടുകാർ മാത്രമേ എറണാകുളത്ത് വന്നിരുന്നുള്ളൂ. ഒരിക്കലും യുവത്വം മരിക്കാത്ത ആ കൂട്ടുകാർ കുറച്ച് നേരത്തേക്ക്, അവിടെയൊരു റിസോർട്ടിൽ ഒത്തുകൂടി. എന്നിട്ട് അന്ന് വൈകുന്നേരം നാലുമണിക്ക് തന്നെയുള്ള ആലപ്പുഴ-കണ്ണൂർ എക്സ്പ്രസിന് തിരിച്ച് പോന്നു. പിറ്റേന്ന്, ജൂലൈ പതിനേഴിന് പത്താം ക്ലാസ്സുകാരുടെ കൂട്ടായ്മ തലശ്ശേരിയിൽ വച്ച് തന്നെ വളരെ ഗംഭീരമായി കഴിഞ്ഞു. കൂട്ടുകാരോടൊത്ത്, ഒരു പതിനഞ്ച് കാരനായി ആ ദിവസം മുഴുവൻ മനസാ വ്യാപരിക്കാൻ സാധിച്ചു.

ഈ എറണാകുളം യാത്രയിലാണ് ആദ്യമായി എനിക്കൊരു അസുഖത്തിന്റെ ലക്ഷണം അനുഭവപ്പെടാൻ തുടങ്ങിയത്. മധുപാനസമേതമായി ഒരു മീൻ കഷണം വായിലേക്കിടാൻ തുടങ്ങിയപ്പോൾ, വാ ശരിക്കും തുറക്കാൻ കഴിയുന്നില്ല. മേൽത്താടിയും കീഴ്താടിയും, വിരലുകൾ കൊണ്ട്  ബലം പ്രയോഗിച്ച് കുറച്ച് വിടർത്തിയാൽ ഭക്ഷണം കഴിക്കാം. പക്ഷേ സംസാരിക്കുന്നതിനൊന്നും കുഴപ്പമില്ല. 'നീരിറക്ക'മായിരിക്കും, പെട്ടന്ന് മാറിക്കോളും എന്നൊക്കെയാണ് കരുതിയത്. അതുകൊണ്ട് മധുപാനത്തിന് കുറവൊന്നും വരുത്തിയില്ല. ഒരേയൊരു ആഗ്രഹം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ; അടുത്ത ദിവസത്തെ പത്താം ക്ലാസ്സ് കൂട്ടായ്മയിൽ പങ്കെടുക്കാനാവാതെ പോകരുത്!

ഇതേ സമയത്ത്, വീട്ടിൽ അനുജന്റെ മകന് പനി വന്നിരുന്നു. വീടിന്റെ ചുറ്റുവട്ടത്തും പനി ഏറിയും കുറഞ്ഞുമൊക്കെയുണ്ട്. ഇക്കാരണം കൊണ്ട് തന്നെ, ഇത്തിരി അധികപ്രസംഗമായാലും ശരി, ഇത്തിരി പൊങ്ങച്ചമായാലും ശരി എന്നൊക്കെ ചിന്തിച്ച്, കഴിയുന്നത്രയും വീട്ടിൽ പോലും മാസ്ക് ധരിച്ചാണ് എന്റെ നടപ്പ്. മക്കളോടും ഭാര്യയോടും കഴിയുമെങ്കിൽ മാസ്ക് വെക്കാനുള്ള ഒരുപദേശവും കൊടുത്തു. പക്ഷേ എന്റെ നിർദ്ദേശങ്ങളൊക്കെ അവർ  നിഷ്കരുണം തള്ളിക്കളഞ്ഞു. ഇതിനിടയിൽ ഭാര്യക്കും മക്കൾക്കും ചെറിയ പനിയും ജലദോഷവും ഒന്നുരണ്ട് തവണയായിട്ട് വന്നുപോവുകയും ചെയ്തിരുന്നു. ആ സമയത്ത്, അവൾ അവളുടെ അച്ഛന്റെ വീട്ടിലായിരുന്നത് കാരണം അവർ വീട്ടിൽ മാസ്കിടുന്നതിനെക്കുറിച്ച് ഞാനധികം വേവലാതിപ്പെട്ടിരുന്നില്ല. എന്നാലും അവർ എന്നെക്കാൾ കൂടുതൽ ശ്രദ്ധിക്കണമായിരുന്നെന്ന് തോന്നിയിരുന്നു. എന്തെങ്കിലും കാരണവശാൽ  ഞങ്ങളുടെ മടക്കയാത്രയിൽ പ്രശ്നങ്ങളുണ്ടാവരുതല്ലോ! 97F എന്ന ശരീരോഷ്മാവ് 98F ആയാൽത്തന്നെ വിമാനയാത്ര തടയുന്ന സമയമാണ്. അതുകൊണ്ട്,ഞാൻ എന്റേതായ രീതിയിൽ മുൻകരുതലുകൾ എടുത്തുകൊണ്ടിരുന്നു. ആ എനിക്കാണ് ഇപ്പോൾ വാ തുറക്കാൻ പറ്റാത്തത്. വാ ശരിക്ക് തുറന്ന്, പല്ല് പോലും തേക്കാൻ പറ്റാത്ത അവസ്ഥ!

എറണാകുളത്ത് നിന്ന് ജൂലൈ 16 ന് രാത്രി 11:30 ക്ക് തിരിച്ചെത്തി, പിറ്റേന്ന് സ്‌കൂൾ കൂട്ടായ്മയിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തുമ്പഴേക്കും ആകെ മൊത്തം തളർന്നത് പോലെ തോന്നിയിരുന്നു. നിർത്താതെയുള്ള യാത്രകളും നിർത്താതെയുള്ള മഴയും, ഈർപ്പം ഒട്ടും വിട്ടുമാറാതെയുമുള്ള കാലാവസ്ഥയും മറ്റുമായിരിക്കാം കാരണമെന്ന് ഞാൻ വെറുതെ ഊഹിച്ചു. ഒന്ന് ശരിക്ക് വിശ്രമിച്ചാൽ എല്ലാം ശരിയാവുമെന്നും കരുതി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ശരീരത്തിനൊരു ഉത്സാഹം തോന്നിയെങ്കിലും, വാ തുറക്കാൻ പറ്റാത്ത പ്രശ്നം അതേപോലെ തുടരുന്നതോടൊപ്പം, എന്റെ കൈകളിലെ സന്ധികളിലും വേദന തോന്നാൻ തുടങ്ങി. കൈ പൊക്കാൻ ശരിക്കും വിഷമിച്ചു. എന്നാലും അതൊന്നും വക വെക്കാതെ പിറ്റേ ദിവസവും എന്റെ അച്ഛന്റെ ഭാഷയിൽ, അലയാൻ പോയി. ഏകദേശം പന്ത്രണ്ടോളം ബന്ധു വീടുകളിൽ സന്ദർശനം നടത്തിയിട്ട് രാത്രി വൈകി വീട്ടിലെത്തുമ്പഴേക്കും എനിക്കൊരു പനിക്കോള് തോന്നിത്തുടങ്ങി. 

പിറ്റേന്ന് എഴുന്നേൽക്കുമ്പോഴേക്കും പനി വണ്ണത്തിൽ കേറിത്തുടങ്ങിയിരുന്നു. അതേ സമയത്ത്, എന്റെ വേറൊരനുജന്റെ മകൾക്കും പനി തുടങ്ങി. അനുജൻ തന്നെ മുൻകൈയെടുത്ത് വീടിനത്ത് തന്നെയുള്ള പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ടോക്കണെടുത്തു. ഇനി എന്നെ സംബന്ധിച്ചടുത്തോളം കൂടുതൽ ജാഗരൂകനായിരിക്കേണ്ടതാണ്. തിരിച്ച് പോകേണ്ടുന്ന ദിവസം അടുത്തെത്താറായിരിക്കുന്നു. യാത്ര മാറ്റിവെക്കുക എന്നൊക്കെ പറഞ്ഞാൽ അത് ഭയങ്കര ചിലവുള്ള കാര്യമാണ്. മാത്രവുമല്ല ജോലിയെയും ബാധിക്കും. 

ഇത്തവണ ബാങ്കളൂരുള്ള അളിയന്റെ വീട്ടിൽ പോയി രണ്ട് ദിവസം താമസിക്കാൻ സാധിച്ചിരുന്നില്ല. അളിയൻ താമസിക്കുന്ന അതേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ എന്റെ ഇളയമ്മയുടെ മോളും കുടുംബവും കഴിഞ്ഞ ഒരു വർഷമായിട്ട് താമസിക്കുന്നുണ്ട്. അവരുടെ മക്കളൊക്കെ വലിയ ക്ളാസ്സുകളിലായതിനാൽ, പ്രവർത്തിദിവസങ്ങളിൽ അവിടെ പോയി അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നായിരുന്നു എന്റെ തീരുമാനം, ആയതിനാൽ, ഏതെങ്കിലും ഒരു വീക്കെൻഡിൽ അവിടെ പോയി വീണ്ടും നാട്ടിൽ തിരിച്ച് വന്ന്, യുഎസ്സിലേക്ക് തിരിച്ചുള്ള യാത്രാ സമയത്ത് നേരെ ബാങ്കളൂർ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു എന്റെ പദ്ധതി. അതൊരു മിനക്കെട്ട പരിപാടിയാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അങ്ങനെ തീരുമാനിച്ചത്. ബാങ്കളൂരിലേക്ക് രണ്ട് തവണ യാത്ര ചെയ്യുന്നത് മണ്ടത്തരം തന്നെയാണല്ലോ. എന്നാലും പിള്ളേരുടെ പഠിപ്പ്, ഞങ്ങളെക്കൊണ്ട് പൊയ്പ്പോകരുതെന്ന നിർബന്ധബുദ്ധി കാരണം മാത്രമായിരുന്നു അങ്ങനെയൊരു തീരുമാനം എടുത്തത്.

പക്ഷേ, അളിയനോ, ഇളയമ്മയുടെ മോൾക്കോ ഒന്നും അതൊരു പ്രശ്നമല്ലായിരുന്നു. മക്കളൊക്കെ ഇതിനകം തന്നെ ഒന്നുരണ്ട് ദിവസങ്ങൾ അവധിയെടുക്കാനും തയ്യാറായിട്ട് തന്നെയാണ് ഇരിപ്പ് എന്നാണ് അവർ അറിയിച്ചത്. പോരാഞ്ഞതിന് പഠിപ്പിന്റെ കാര്യത്തിൽ അവരൊക്കെ self drivers ആണെന്നും പറഞ്ഞപ്പോൾ, ഞാനെന്റെ യാത്ര ഒറ്റ യാത്രയാക്കി മാറ്റി. യുഎസ്സിലേക്ക് പോകുന്ന സമയത്ത്,  മൂന്നോ നാലോ ദിവസങ്ങൾ മുന്നേ ബാങ്കളൂരുവിൽ പോവുക, അളിയന്റെയും പെങ്ങളുടെയും കുടുംബത്തിന്റെ കൂടെ കുറച്ച് ദിവസം  ചിലവിടുക,പിന്നെ അവിടെ നിന്ന് നേരിട്ട് യുഎസ്സിലേക്ക് പറക്കുക, സമയം ലാഭം, മിനക്കേട് ലാഭം! 

ആദ്യം ഒരു ഇന്നോവ വാനിലാണ് പോകാൻ തീരുമാനിച്ചതെങ്കിലും, ഇത്തവണ ബാങ്കളൂരുവിലേക്ക് ഭാര്യയുടെ അനുജത്തിയും മകളും വരുന്നുണ്ടെന്നതിനാൽ ഒരുമിച്ച് യാത്ര  ചെയ്യുന്നതിനായി,ഒരു ട്രാവലർ ബുക്ക് ചെയ്തു. ഭാര്യയുടെ അനുജത്തിയും മകളും ബാങ്കോക്കിലാണ്. നാട്ടിൽ  പുതുതായി പണിഞ്ഞ വീട്ടിലെ ഗൃഹപ്രവേശനത്തിന് വന്ന് തിരിച്ച് പോവുകയാണ്. അനുജത്തിയുടെ ഭർത്താവ് നേരത്തേ തന്നെ ബാങ്കോക്കിലേക്ക് തിരിച്ച് പോയിരുന്നു. സ്വന്തം വീട്ടിൽ കുറച്ച് ദിവസം കൂടി അധികം താമസിച്ചിട്ട്, തിരിച്ചു പോവുകയാണ് അനുജത്തിയും മകളും. ഞങ്ങൾ യുഎസ്സിലേക്ക് തിരിക്കുന്ന അതേ ദിവസം തന്നെയാണ് അവരുടെ ബാങ്കോക്കിലേക്കുള്ള വിമാനവും. ഫ്‌ളൈറ്റുകളുടെ സമയത്തിനിടയിൽ വെറും അര മണിക്കൂർ മാത്രം.അങ്ങനെയാകുമ്പോൾ, ബാങ്കളൂരിലേക്കുള്ള യാത്രയും അവിടെയുള്ള താമസവും ഒരുമിച്ചാകാമല്ലോ. എന്റെ ഭാര്യക്കും അനുജത്തിക്കും അവരുടെ ഒരേയൊരു പൊന്നാങ്ങളക്കും കുറേക്കാലം കൂടി ഒരുമിച്ച് താമസിച്ച് തമാശകൾ പറഞ്ഞ് ചിരിച്ച് രസിക്കാനൊരവസരം! എനിക്കും എന്റെ ബാങ്കളൂരിലുള്ള കൂട്ടുകാരെ കാണാനൊരവസരം!

ഞാനും അനിയന്റെ മകളും ഹെൽത്ത് സെന്ററിൽ പോയി ഡോക്ടറെ കാണിച്ചു. നല്ല ക്ഷീണമുണ്ടായിരുന്നു എനിക്ക്. ജലദോഷവും മൂക്കൊലിപ്പും ചുമയും ഇതുവരെ തുടങ്ങിയിട്ടില്ല. പക്ഷേ എനിക്കെത്രയും പെട്ടന്ന് രോഗവിമുക്തി നേടേണ്ടിയിരുന്നു. ജൂലൈ 23 നാണ് ബാങ്കളൂരുവിലേക്ക് പോകുന്നത്. അവിടെ നിന്ന് ജൂലൈ 28 നാണ് അമേരിക്കയിലേക്ക് പോകേണ്ടത്. കുറച്ച് പുസ്തകങ്ങളും ബേക്കറികളും അല്ലറചില്ലറ സാധനങ്ങളുമൊക്കെ വരുന്നതിന് മുന്നോടിയായി വാങ്ങിക്കേണ്ടതുണ്ട്. കുറച്ച് സാധനങ്ങൾ ഇതിനിടയിൽ തന്നെ വാങ്ങിച്ചിരുന്നു. പനി പിടിച്ചതോട് കൂടി, പട്ടണത്തിൽ പോയി സാധനങ്ങൾ വാങ്ങിക്കാൻ എനിക്ക് പറ്റാതായി. കുറച്ച് വിശ്രമിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ഭാഗ്യത്തിന് ഭാര്യ ജിഷയുടെ ജലദോഷമൊക്കെ അപ്പഴേക്കും മാറിയതിനാൽ, എന്റെ അനുജന്റെ കൂടെ പോയിട്ടാണ്, അവൾ എനിക്ക് വേണ്ടുന്ന പുസ്തകങ്ങളും മറ്റ് സാധനങ്ങളും വാങ്ങിച്ചത്. 

ഹെൽത്ത് സെന്ററിൽ നിന്ന് തന്നെ മരുന്നുകൾ കിട്ടി. എല്ലാം ഫ്രീയാണ്. ഞാനാദ്യമായിട്ടായിരുന്നു ആ ഹെൽത്ത് സെന്ററിൽ പോകുന്നത്. അവിടത്തെ സെറ്റപ്പുകളും ചിട്ടവട്ടങ്ങളും എന്നെ ശരിക്കും ആകർഷിച്ചു. ഒരു സർക്കാർ സ്ഥാപനമാണെന്ന തരത്തിലുള്ള വൃത്തികേടുകളോ അഭംഗിയോ അവിടെയുണ്ടായിരുന്നില്ല. ഒരു ഡോസ് മരുന്ന് കഴിച്ചപ്പോൾ തന്നെ എന്റെ സന്ധിവേദനകളും പനിയും പമ്പ കടന്നിരുന്നു. എന്നാലും ക്ഷീണം മാറുന്നുണ്ടായിരുന്നില്ല.

ഇതിനിടയിൽ എന്റെ മൂത്തമകളുടെയും, എന്റെ നേരെ താഴെയുള്ള അനുജന്റെ മൂത്ത മകളുടെയും പിറന്നാൾ ദിവസങ്ങളെത്തി. ജൂലൈ പത്തൊൻപത്തിന് അനുജന്റെ മകളുടെയും ജൂലൈ 21 ന് എന്റെ മകളുടേയും പിറന്നാളുകളാണ്. അങ്ങനെ ജൂലൈ 19 ന് എന്റെ  നേരേതാഴയുള്ള അനുജൻ ബാലചന്ദ്രന്റെ വീട്ടിൽ ചെറിയൊരു 'കേക്ക് മുറി' ചടങ്ങ് നടത്താൻ പരിപാടിയായി. ആ സമയമാവുമ്പഴേക്കും ചെറിയ തോതിൽ പനിയും തലക്കനവും കാരണം, എന്റെ അമ്മ മൂടിപ്പുതച്ച് കിടപ്പായി. ജൂലൈ 19 ന് ശേഷം, ജൂലൈ 21 ന് എന്റെ വേറൊരനുജന്റെ വീട്ടിലും ഒരു പിറന്നാൾ പാർട്ടി നടത്താൻ ധാരണയായി. അവൻ അവന്റെ പുതിയ വീട്ടിൽ താമസമായിട്ട് ഒരു വർഷം ആവുന്നതേയുള്ളൂ. ആ വീട്ടിൽ, ഞങ്ങൾ എല്ലാ ജ്യേഷ്ഠാനുജന്മാരും നാട്ടിലുള്ളതിനാൽ ഒരു കേക്ക് മുറിയും, അത് കഴിഞ്ഞ് അവിടെത്തന്നെ എല്ലാവരും  ഒരുമിച്ച് കിടന്നുറങ്ങാനായിരുന്നു പ്ലാൻ.  ഈ രണ്ട് പരിപാടികളിലും അമ്മക്ക് പങ്കെടുക്കാൻ പറ്റിയില്ല. മരുന്നുകൾ കഴിച്ച് കൊണ്ടാണ് ഞാൻ നടക്കുന്നത്. ഒരു  ഉഷാറുമില്ലെങ്കിലും, എല്ലാവരുടെയും കൂടെ ഒരുമിച്ച് കൂടാൻ വേണ്ടിയുള്ള ആഗ്രഹമായിരുന്നു ഉള്ളിൽ.

പനി മാറിയെങ്കിലും, ഈ സമയമാവുമ്പഴേക്കും എനിക്ക് ജലദോഷവും മൂക്കൊലിപ്പും ചുമയും തുടങ്ങിയിരുന്നു. മാസ്ക് വച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല എന്ന് തോന്നിയെങ്കിലും, ആളുകൾ കൂടുമ്പോഴൊക്കെ മാസ്ക് ഇട്ടിട്ട് തന്നെയായിരുന്നു എന്റെ നടപ്പ്.

വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുന്നത് വേറൊരു മിനക്കെട്ട ജോലിയാണ്. ഞങ്ങൾക്കെല്ലാവർക്കും കൂടി ആറ് വലിയ പെട്ടികൾ തന്നെയുണ്ട്. മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ നാട്ടിൽ നിന്ന് തന്നെ പൊടിച്ച് കൊണ്ടുവരികയാണ് സാധാരണ പതിവ്. അവയൊക്കെ പതിവായി ഞാനാണ് പായ്ക്ക് ചെയ്തിരുന്നത്. പക്ഷേ ഇത്തവണ എനിക്കൊന്നിനും ഒരു ഉഷാറില്ല. ഒടുവിൽ ആ ജോലിയും ജിഷ ഏറ്റെടുത്തു. എന്നാലും എനിക്ക് തൃപ്തി  ആവുന്നുണ്ടായിരുന്നില്ല. ഞാൻ ചെയ്താലേ എല്ലാം ശരിയാകൂ എന്ന ധാരണയാണ് എന്നെ ഭരിച്ചുകൊണ്ടിരുന്നത്. എല്ലാ പെട്ടികളും തൂക്കം നോക്കി ഒതുക്കി വെക്കേണ്ടതുണ്ടല്ലോ. ഒടുക്കം ബാങ്കളൂരിലേക്ക് പോവുന്നതിന്റെ തലേ ദിവസം ഉച്ചയാവുമ്പഴേക്കും ഞാനും കൂടി ഇടപെട്ട് പെട്ടികളൊക്കെ തയ്യാറാക്കി. കൊണ്ടുപോകേണ്ട സാധനങ്ങളൊക്കെ എടുത്തു വച്ചു. 

പക്ഷേ മാരികൾ എന്നെ വിടാൻ തയ്യാറായിരുന്നില്ല. ഉച്ച കഴിയുമ്പഴേക്കും എനിക്ക് വയറ്റിൽ ചില വൈക്ളബ്യങ്ങൾ ആരംഭിച്ചു. വേദനയില്ല, പക്ഷെ നിരന്തരമായ ഒരുതരം ഉരുണ്ടു കൂടലും വായു നിറയുന്നത് മാതിരിയുള്ള പ്രതീതിയും. ആകപ്പാടെ ഒരു വല്ലായ്മ.  ഇരിക്കാനും നിൽക്കാനും പറ്റാത്തത് പോലെയുള്ള വൃത്തികെട്ട അവസ്ഥ. അകത്ത് പതുങ്ങി, അടങ്ങിയൊതുങ്ങി, കിട്ടിയ ആഹാര ദഹപ്പിച്ച് അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്ന എന്റെ കുടലുമാലകൾ, പാമ്പുകൾ കെട്ടുപിണഞ്ഞ് നൃത്തം വെക്കുന്നത് പോലെ എന്റെ വയറ്റിനുള്ളിൽ കിടന്ന് പുളയുകയാണ്. ഇതിനിടയിൽ, എന്റെ മടക്കയാത്ര പ്രമാണിച്ച്, ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇവരൊക്കെ വരുമ്പോൾ സാധാരണ സന്തോഷിക്കാറുള്ള എനിക്ക് ഇത്തവണ ഒരു തരത്തിലും സന്തോഷിക്കാൻ പറ്റുന്നില്ല. അവരോട് സമാധാനത്തിൽ ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റുന്നില്ല. അവർ വീട്ടിൽ വരുന്നത് പോലും എനിക്ക് വെറുപ്പായി തുടങ്ങിയിരുന്നു. വരാതിരുന്നാൽ അത്രയും സമയം എനിക്ക് ചുരുണ്ട് കൂടി കിടക്കാമല്ലോ.

രാത്രിയായപ്പോൾ, എന്റെ പരവേശം പിന്നെയും കൂടി വന്നു. പിറ്റേന്നുള്ള ബാങ്കളൂർ യാത്ര ഒഴിവാക്കിയാലോ എന്ന് ഒരു മാത്ര ഞാൻ  ചിന്തിച്ചു. ഇത്തരം സാഹചര്യത്തിൽ നീണ്ട യാത്ര ചെയ്യുന്നത് കൂടുതൽ  അപകടമാണെന്ന ചിന്ത എന്നെ പിടികൂടി. എന്നാലും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. എന്റെ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാവരും വളരെയധികം തയ്യാറെടുപ്പുകളിലാണ്. ബാങ്കളൂരിലെത്തി ചെയ്യണ്ട കാര്യങ്ങളുടെ പട്ടിക എന്റെ മക്കളും അവിടെയുള്ള കുട്ടികളും എന്തൊക്കെയോ പരിപാടികളിട്ടിരുന്നു. മാത്രവുമല്ല, ഭാര്യയുടെ അനുജത്തിയും മകളും കൂടെ വരുന്നുണ്ട്. ഇനി ഈ അവസാന നിമിഷത്തിൽ, ഈ യാത്ര ക്യാൻസൽ ചെയ്യണമെന്ന് ഞാൻ പറഞ്ഞാൽ, അതിന്റെ പ്രതിധ്വനികൾ എങ്ങനെയാവും എന്നതിനെക്കുറിച്ച് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല. അതുകൊണ്ട് തന്നെ, ഞാനാരോടും ഒന്നും പറഞ്ഞില്ല. എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ, കുഴപ്പമില്ലെന്ന് മാത്രം പറയും.

ഒരുവിധം, ആരെയും ഒന്നും കാര്യമായി അറിയിക്കാതെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഭാര്യയും മക്കളുമൊക്കെ സ്ഥല പരിമിതികൾ കാരണം പലയിടങ്ങളിലായാണ് കിടന്നിരുന്നത്. കൂടെ ആരും കിടക്കാഞ്ഞതിനാൽ  എന്റെ പരവേശം ആരും അധികം അറിഞ്ഞില്ല. അതെനിക്കും സൗകര്യമായി.

രാത്രി എനിക്ക് ഉറക്കം ഒട്ടും വന്നില്ല. കുടലുമാലകളെ എങ്ങനെ ഒതുക്കിക്കിടത്താം എന്ന ചിന്ത മാത്രം. വെറുതെ കമഴ്ന്നും ചെരിഞ്ഞും മലർന്നും കിടന്ന്, എങ്ങനെ കിടന്നാലാണ് ഉറങ്ങാൻ പറ്റുക എന്ന പരീക്ഷണത്തിലായിരുന്നു ഞാൻ. അലാറം വച്ചിരുന്നെങ്കിലും, ഉറങ്ങാൻ പറ്റാത്തത് കൊണ്ട്, നാല് മണിക്ക് തന്നെ ഞാൻ എഴുന്നേറ്റു. രാവിലെ ഏഴരക്ക് പുറപ്പെടാനാണ് പരിപാടി. ഏഴ് മണിക്ക് വണ്ടി വീട്ടിലെത്തും. 

എഴുന്നേറ്റ് പല്ലൊക്കെ തേച്ചു. കുളിക്കാനായി വെള്ളം ചൂടാക്കാൻ അടുപ്പത്ത് വച്ചു. ചൂട് വെള്ളം കുടിച്ച് വയറ്റിലെ പ്രശനം തീരുമോ എന്ന് നോക്കാൻ, ഒന്ന് രണ്ട് ഗ്ളാസ് ചൂടുവെള്ളം കുടിച്ചു. പക്ഷേ പ്രശനം അതേപോലെ തന്നെ തുടർന്നു. ശ്വാസോച്ഛ്വാസത്തിന്റെ കൂടെ ഇടക്കിടക്ക് മൂളിയാൽ ആശ്വാസം കിട്ടുന്നുണ്ട്. ആരും അടുത്തില്ലാത്തപ്പോൾ ഞാൻ മൂളിക്കൊണ്ടിരുന്നു. കുളിച്ച് വരുമ്പഴേക്കും മണി അഞ്ചരയായി. അപ്പഴേക്കും മറ്റുള്ളവരും ഉണർന്നിരുന്നു. ആരും അറിയാതെ മൂളാൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു.

എന്റെ പ്രശ്നത്തിന്റെ ഗാമഭീര്യം ആരെയും അറിയിക്കാൻ എനിക്ക് മനസ്സ് വന്നില്ല. മാത്രവുമല്ല, അത് ചിലപ്പോൾ സ്വാഭാവികമായോ അല്ലെങ്കിൽ  ബാങ്കളൂരിൽ എത്തിയായാലുടനെ ഡോക്ടറെ കാണിച്ചോ മാറിക്കോളുമെന്ന ചിന്തയായിരുന്നു മനസ്സിൽ. കൂടുതൽ പരവേശം പുറത്ത് കാണിച്ച് മറ്റുള്ളവരുടെ ഉന്മേഷം കെടുത്തേണ്ടെന്ന് ഞാൻ കരുതി. എങ്കിലും, എന്റെ ആ നിലയിലുള്ള അവസ്ഥ കണ്ടിട്ട് തന്നെ അവരുടെ ഉന്മേഷം പകുതിയും നഷ്ടപ്പെട്ടിരുന്നു. 

ഏഴ് മണിക്ക് തന്നെ ട്രാവലർ വീട്ടിലെത്തി. അനുജന്മാരും അവരുടെ ഭാര്യമാരും മക്കളും വീട്ടിലെത്തി. ആകപ്പാടെ ബഹളം. അതിനിടയിൽ, എന്റെ നേരനുജന്റെ ഭാര്യക്കും കലശലായ പനിയായത് കാരണം അവൾ രാവിലെ വീട്ടിൽ വന്നിരുന്നില്ല. എന്റെ വീട്ടിലും അനുജന്മാരുടെ വീട്ടിലും എല്ലാം  പനിക്കാരാണ്. അമ്മയ്ക്കും ഇപ്പോൾ വയറ്റിൽ പ്രശ്നങ്ങൾ ഉണ്ട്. ശോധനക്കുറവും കരണ്ടുള്ള വേദനയും. എന്നാലും പാവം അമ്മയും രാവിലെത്തന്നെ എഴുന്നേറ്റിരുന്നു. 

പെട്ടികൾ അനുജന്മാരും വണ്ടിയുടെ ഡ്രൈവറും കൂടിയെടുത്ത് വണ്ടിക്കകത്ത് വച്ചു. അധികമൊന്നും സംസാരിക്കാതെ അച്ഛനമ്മമാരുടെ കാലുകൾ തൊട്ട് വന്ദിച്ച്, ഞാൻ നേരെ വണ്ടിക്കകത്ത് കയറിയിരുന്നു. അധികം നിൽക്കാൻ പറ്റുന്നില്ലെന്ന ക്ഷമാപണത്തോടെയായിരുന്നു ഞാൻ വണ്ടിയിൽ കയറി ഇരുന്നത്. അധികം വൈകാതെ ഭാര്യയും മക്കളും കയറി. എല്ലാവരോടും ഒന്നുകൂടി കൈ വീശി, ഞങ്ങൾ വീട്ടിൽ നിന്ന് പുറപ്പെട്ടു.

വണ്ടിയുടെ ഡ്രൈവറെ ഞാൻ ആദ്യമായി കാണുകയാണ്. എന്റെ ഭാര്യയുടെ നാട്ടുകാരനാണ് അദ്ദേഹം. എന്നിരുന്നാലും ഞാൻ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തോടും എന്റെ പ്രശം വളരെ ചുരുക്കി ഞാൻ പറഞ്ഞതിനാൽ അദ്ദേഹവും കുറേ നേരം മൗനം ഭജിച്ചു. എന്നിരുന്നാലും സാഹചര്യത്തിന്റെ സമ്മർദ്ദം മാനിച്ച്, ജിഷ ഡ്രൈവറുമായി ചില നാട്ടുകാര്യങ്ങൾ സംസാരിച്ചതുകൊണ്ട് എനിക്കും സമാധാനമായി.

ഇനി നമുക്ക് പോകേണ്ടത്, മട്ടന്നൂർക്കാണ്. അവിടെ എയർപോർട്ടിനടുത്താണ് ഭാര്യയുടെ അനുജത്തി സ്മിതയുടെ വീട്. അവിടെച്ചെന്ന് അവരെയും കൂട്ടണം. ഞങ്ങളവിടെ എത്തുമ്പഴേക്കും കാലത്ത് എട്ട് മണിയായിരുന്നു. സ്മിതയും മകളും വീടൊക്കെ പൂട്ടി, താഴെയുള്ള അവളുടെ ഭർത്താവിന്റെ അച്ഛൻ താമസിക്കുന്ന വീട്ടിൽ താക്കോൽ ഏൽപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അപ്പോഴാണ് ജിഷയുടെ അച്ഛനും അമ്മയും അവിടെ എത്തിയത്. അവരും ബാങ്കളൂർക്ക് വരുന്നുണ്ട്. പക്ഷേ അവർ അവരുടെ തന്നെ വാഗൺ-ആർ കാറിലാണ് വരുന്നത്. അളിയൻ ജിതേഷിന്റെ വീട്ടിലേക്കുള്ള തേങ്ങയും ചില പച്ചക്കറികളും ഒക്കെ അതിലാണുള്ളത്.

വണ്ടി അവിടെ എത്തിയ ഉടനെത്തന്നെ, സ്മിതയുടെയും മോളുടെയും പെട്ടികൾ എടുത്ത് വണ്ടിയിൽ കയറ്റി. ട്രാവലറിന്റെ ഡ്രൈവറും ജിഷയുടെ അച്ഛനമ്മമാർ പോകുന്ന വണ്ടിയുടെ ഡ്രൈവറുമാണ് അതൊക്കെ ചെയ്തത്.  എനിക്ക് വലിയ കുഴപ്പമില്ല എന്ന് ഞാൻ അഭിനയിച്ചുകൊണ്ടിരുന്നെങ്കിലും, കിട്ടുന്ന സമയത്ത് ഞാൻ അവിടെയുള്ള സോഫയിൽ കമഴ്ന്ന് കിടന്നു. സ്മിതയുടെ ഭർത്താവിന്റെ പ്രായമായ അച്ഛനെ അവരുടെ വീട്ടിൽ പോയി കാണണമെന്നുണ്ടെങ്കിലും വയറ്റിലെ ആകുലത കാരണം അതിന് തുനിഞ്ഞില്ല. ഈ അവസ്ഥയിൽ അവിടെപ്പോയാൽ, എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് അവരോടും വിശദീകരിക്കേണ്ടിവരും. എന്തായാലും ഒരാഴ്ച മുന്നേ അവിടെ പോയപ്പോൾ അദ്ദേഹത്തെ കണ്ടതല്ലേ എന്ന് സ്വയം സമാധാനിച്ചിരുന്നു. ഇനി വൈകാതെ പോകാം എന്നും പറഞ്ഞ് എഴുന്നേറ്റപ്പോഴാണ്, സ്മിതക്കൊരു ഫോൺ വന്നത്. സ്മിതയുടെ ഭർത്താവിന്റെ മൂത്ത ജ്യേഷ്ഠനായിരുന്നു. അവർ കണ്ണൂർ സിറ്റിയിലാണ് താമസം. സ്മിത പോകുന്നത് പ്രമാണിച്ച് ഏട്ടനും കുടുംബവും വരുന്നുണ്ടത്രേ.വരുന്ന വഴിയ്ക്ക് വിളിക്കുകയാണെന്നും, ഇരുപത് മിനുട്ടിൽ എത്തുമെന്നും പറഞ്ഞപ്പോൾ, അവൾ ഓക്കേ പറഞ്ഞു. 

സ്മിതയെയും ഏകമകളെയും യാത്രയാക്കാൻ ആരെയും അവിടെ കണ്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. തൊട്ടു താഴെ, അവളുടെ ഭർത്താവിന്റെ പഴയവീടുണ്ട്. ഭർത്താവിന്റെ അച്ഛൻ വയ്യാതെ കിടപ്പിലാണെങ്കിലും, ഭർത്താവിന്റെ പെങ്ങളും അവരുടെ കുടുംബവും അവിടെത്തന്നെയുണ്ട്. പക്ഷേ ആരെയും സ്മിതയുടെ വീട്ടിൽ കണ്ടില്ല. എന്റെ വീട്ടിൽ നിന്ന് ഞങ്ങൾ പുറപ്പെടുമ്പോഴുള്ള രംഗം ഞാൻ അറിയാതെ ഓർത്തുപോയി. ഒരേ കാര്യങ്ങൾ തന്നെ, പലയിടങ്ങളിലും പലതരത്തിലായിരിക്കുമെന്ന കാര്യം, പണ്ടാരോ പറഞ്ഞത് പോലെ ഞാനോർത്തു. മാത്രവുമല്ല, എന്റെ വീട്ടിലെ വരുംദിവസങ്ങളിലുള്ള അവസ്ഥ,  ഇന്ന് കണ്ടത് പോലെത്തന്നെ ആയിരിക്കണമെന്നില്ലല്ലോ. ഓരോരുത്തർക്കും ഓരോരോ മുൻഗണനകളും അവരുടേതായ അവസ്ഥകളും, കാലം വരുത്തിവെക്കുന്ന മാറ്റങ്ങളും കാണുമല്ലോ. ഒരേ കാര്യത്തിനെ അവലംബിച്ച്, ഒരു സ്ഥലത്ത് കണ്ടത് പോലെത്തന്നെ വേറൊരു സ്ഥലത്ത് കാണണം എന്ന് ചിന്തിക്കുന്നത് അർത്ഥശൂന്യമാണെന്ന തത്വചിന്ത, ഉടനെത്തന്നെ ആരോ എന്റെ മസ്തിഷ്കത്തിൽ കുത്തിവച്ചത് ഉടനെത്തന്നെ ഞാനറിഞ്ഞു. എന്തായാലും, മറ്റാരും വന്നില്ലെങ്കിലും, അവളുടെ ഭർത്താവിന്റെ മൂത്ത ഏട്ടൻ വരുന്നുണ്ടല്ലോ! വരാൻ ഇത്തിരി നേരം വൈകിയത്, ക്രിമിനൽ കുറ്റമൊന്നും അല്ലെന്നതിനാൽ, ഞാനത്തരം 'വേണ്ടാത്ത' ചിന്തകൾ, അവിടെത്തന്നെ അടുപ്പ് കൂട്ടി കത്തിച്ച് ചാരമാക്കിക്കളഞ്ഞു.

എനിക്കാണെങ്കിൽ എങ്ങനെയെങ്കിലും അവിടെ നിന്ന് ഒന്ന് പുറപ്പെട്ടാൽ മതിയെന്നായിരുന്നു. വയറ്റിലെ ഉരുണ്ടു കൂടൽ കാരണം, കുടലുമാലകളുടെ താണ്ഡവം കാരണം, ഛർദ്ദിക്കാൻ വരുന്നില്ലെങ്കിലും ഒന്ന് വിരലിട്ട് ഛർദ്ദിച്ചാലോ എന്ന് ചിന്തിച്ചിരിക്കുന്ന സമയമാണ്. സ്മിത പോകുന്നതിനെക്കുറിച്ച് സ്മിതയുടെ ഭർത്താവിന്റെ ഏട്ടന് നേരത്തേ അറിവുള്ളതാണ്. എട്ട് മണിക്ക് പുറപ്പെടും എന്ന കാര്യവും അറിയാം. അവർക്ക് ബൈ ബൈ പറയണം എന്നുണ്ടെങ്കിൽ നേരത്തെ തന്നെ വരാമായിരുന്നല്ലോ എന്ന് ഞാൻ ചിന്തിച്ചു. കാരണം ബാഗ്ലൂർ യാത്ര അങ്ങനെയാണ്. രാവിലെ എത്ര നേരത്തെ പോകുന്നോ അത്രയും നല്ലതാണ്. വൈകുന്നേരത്തെ സിറ്റി ട്രാഫിക്കിൽ പെടാതെ വീട് എത്തിയാൽ രക്ഷപ്പെട്ടു. പക്ഷേ, ഇവിടെ യാത്ര അനന്തമായി വൈകുകയാണ്. ഓരോ മണിക്കൂർ നാട്ടിൽ നിന്നും വൈകുന്നത്, അതിന്റെ മൂന്നിരട്ടി സിറ്റി ട്രാഫിക്കിൽ പെടുവാൻ സാധ്യത കൂട്ടും! എന്തായാലും ഇരുപത് മിനുട്ടുകളല്ലേ കാത്തിരിക്കേണ്ടതുള്ളൂ. കൂടാതെ, വരുന്നത് സ്മിതയുടെ ഭർത്താവിന്റെ ഏട്ടനുമാണല്ലോ. എന്ത് തിരക്കുണ്ടായിരുന്നാലും, അദ്ദേഹത്തെ അവഗണിച്ചത് പോലെ പൊയ്ക്കളയുന്നത്, നല്ലതല്ലെന്ന് തന്നെ ഞാൻ കരുതി. പോരാഞ്ഞതിന്, എന്റെ ഈ വരവിൽ അദ്ദേഹത്തെ കണ്ടിട്ടുമില്ല. അദ്ദേഹത്തെ ഒന്ന് കാണുക കൂടി ചെയ്യാലോ.

പക്ഷേ ഏകദേശം ഒരു മണിക്കൂർ കാത്തിരുന്നിട്ടും അദ്ദേഹം വരുന്നത് കാണുന്നില്ല. ഞാനറിയാതെ തന്നെ മനസ്സിൽ ദേഷ്യം ഇരച്ച് കയറുന്നുണ്ടായിരുന്നു. വയറ്റിലെ പ്രശ്നങ്ങളാണ് അതിന് എരുവ് കൂട്ടുന്നത്. ഇയാൾക്ക് കുറച്ച് നേരത്തെ പുറപ്പെട്ടുകൂടായിരുന്നോ എന്ന് വെറുതെ ചിന്തിച്ചു. ഇതിനിടയിൽ, ഭാര്യാപിതാവും മാതാവും അവരുടെ വണ്ടിയിൽ അവിടെ നിന്ന് പുറപ്പെട്ടു. അവർക്ക്, അവരുടെ കൂടെ സഹായത്തിന് വീട്ടിൽ നിൽക്കുന്ന കമലയെ ഇരിട്ടിയിൽ ഇറക്കേണ്ടതുണ്ടായിരുന്നു. ജിഷയുടെ അമ്മയും അച്ഛനും പോയിക്കഴിഞ്ഞപ്പോൾ സ്മിതയുടെ ഭർത്താവിന്റെ അളിയൻ, അവരുടെ ഓഫീസിൽ പോകുന്ന പോക്കിൽ, കൈയ്യൊന്ന് പൊക്കിക്കാണിച്ച് വേഗത്തിൽ നടന്നകന്നു.

ഒരു സ്പ്രൈറ്റോ അല്ലെങ്കിൽ ഏതെങ്കിലുമൊരു കാർബണേറ്റഡ് ഡ്രിങ്കോ കുടിക്കാൻ ഞാൻ മനസാ  ആഗ്രഹിച്ചു. ഇതിനിടയിൽ, സ്മിത, വീട് പൂട്ടി താഴെയുള്ള അവരുടെ തറവാട് വീട്ടിൽ പോയി താക്കോൽ കൊടുത്തു. ഇനിയും കാത്തു നിൽക്കാതെ വണ്ടി പുറപ്പെടാം എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ പിന്നെയും മനസ്സ് മാറ്റി. ഏകദേശം ഒരു മണിക്കൂറിന് മുകളിലായി കാത്തിരുന്നത് വെറുതെയാകുമല്ലോ. എന്തായാലും വണ്ടി വീടിന്റെ മുന്നിൽ നിന്നും എടുത്ത്, അവർ വരുന്ന വഴിയിൽ പാർക്ക് ചെയ്യാൻ തീരുമാനിച്ചു. അവിടെ നിർത്തുന്ന സമയത്ത്, അടുത്തുള്ള ഏതെങ്കിലും കടയിൽ പോയി സ്പ്രൈറ്റ് വാങ്ങാനായിരുന്നു എന്റെ പദ്ധതി. അത്രയും സമയം ലാഭിക്കാലോ.

വണ്ടി സ്മിതയുടെ വീട്ടിൽ നിന്നും അവരുടെ മുന്നിലുള്ള ഇടുങ്ങിയ വഴിയിൽ ഇറങ്ങിയപ്പോൾ,  സ്മിതയുടെ ഭർത്താവിന്റെ അനുജൻ, അവരുടെ ഗേറ്റ് വരെ വന്ന് കൈ വീശി. അപ്പോഴാണ്, അവനും അവിടെയുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. ഒടുവിൽ, അടുത്ത് തന്നെയുള്ള, മട്ടന്നൂർ-കണ്ണൂർ റോഡിൽ, വിമാനത്താവളത്തിലേക്ക് പോകുന്ന ഭാഗത്തായി വണ്ടി നിർത്തിയിട്ടു. ഞാൻ അടുത്തുള്ള കടയിൽ പോയി സ്പ്രൈറ്റ് വാങ്ങിവരുമ്പഴേക്കും, സ്മിതയുടെ ഭർത്താവിന്റെ ഏട്ടനും കുടുംബവും വണ്ടിക്കരികിൽ എത്തിയിരുന്നു. അവർ സ്മിതയോടും മകളോടും കുശലങ്ങൾ ചെയ്യുന്ന തിരക്കിലാണ്. വയറ്റിലെ പ്രശ്നം കാരണം, അവരോട് ചെറിയ തോതിൽ ക്ഷമാപണം നടത്തി, അധികമൊന്നും സംസാരിക്കാതെ, സ്പ്രൈറ്റും പിടിച്ച് ഞാൻ നേരെ വണ്ടിക്കകത്ത് കയറിയിരുന്നു. അദ്ദേഹം, എന്തെങ്കിലും തെറ്റിദ്ധരിച്ച് കാണുമോ? 

അധികം വൈകാതെ സ്മിതയും മോളും വണ്ടിയിൽ കയറിയപ്പോൾ, നമ്മൾ അവിടെ നിന്നും പുറപ്പെട്ടു. അപ്പഴേക്കും ഏകദേശം സമയം ഒൻപതേ മുക്കാൽ ആയിരുന്നു. ഒന്നര മണിക്കൂറോളം വേസ്റ്റ്! രാവിലെ, പുറപ്പെടുന്നതിന് കുറച്ച് മുൻപായി മാത്രം എന്തുകൊണ്ടാണ് അദ്ദേഹത്തിന് അദ്ദേഹത്തിന്റെ അനുജന്റെ ഭാര്യ പോകുന്നതിനെക്കുറിച്ച് ബോധോദയമുണ്ടായത് എന്നത് എനിക്കൊട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ സ്മിതയെ ഫോണിൽ വിളിച്ച സമയത്ത്, അവർ അവിടെ നിന്ന് പുറപ്പെട്ടിട്ട് പോലുമുണ്ടാകില്ല! അല്ലാതെ, രാവിലത്തെ സമയത്ത്, ഇരുപത് മിനുട്ടെന്നും പറഞ്ഞിട്ട്, ഒന്നര മണിക്കൂറെടുക്കാൻ മാത്രമുള്ള ട്രാഫിക് ജാമൊന്നും കണ്ണൂരിൽ ഉണ്ടാകില്ലല്ലോ!

ഞാനെന്ന ആൾ വണ്ടിയിൽ ഉണ്ടെന്ന തോന്നൽ പോലും കൊടുക്കാതെയായിരുന്നു എന്റെ ഇരുപ്പ്. ഇടക്ക് ചുമക്കുകയോ, മൂക്ക് ചീറ്റുമ്പഴോ മാത്രമേ എന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നുള്ളൂ. വണ്ടിയിൽ സ്മിതയും മറ്റും ഉണ്ടായിരുന്നത് കൊണ്ട്, എന്റെ 'ആശ്വാസമൂളൽ' പ്രക്രിയ ഞാൻ നിർത്തിയിരുന്നു. വയറ്റിലെ പ്രശ്നത്തിന്റെ തീവ്രതക്ക് മുന്നിൽ, നല്ല തോതിലുള്ള ജലദോഷം പോലും നാണിച്ച് നിൽക്കുകയാണെന്ന് എനിക്ക് തോന്നി.

വണ്ടിയിൽ നിവർന്ന് കിടക്കാൻ ശ്രമിച്ചും, ഇരിക്കാൻ ശ്രമിച്ചും ഞാൻ എങ്ങനെയൊക്കെയോ സമയം കളഞ്ഞുകൊണ്ടിരുന്നു. സ്മിതയും മകളും കൂടി വണ്ടിയിൽ കയറിയപ്പോൾ മുതൽ വണ്ടിയിൽ ആളനക്കങ്ങൾ കാര്യമായി കൂടി. ജിഷയും സ്മിതയും തമ്മിലും, അവരും ഡ്രൈവറും തമ്മിലും, കുട്ടികൾ തമ്മിലും വിവിധ  ഭാഷണങ്ങൾ. അവ കേട്ടും കേൾക്കാതെയും, ഞാൻ വണ്ടിയുടെ പിന്നിൽ മനസ്സിലും വയറ്റിലും ഞരങ്ങിക്കൊണ്ടിരുന്നു. ഇരിട്ടിയിലെത്തിയപ്പോൾ ഭാര്യാപിതാവിന്റെ വണ്ടി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അവിടെ നിന്ന് ഒരുമിച്ചായിരുന്നു പിന്നെയുള്ള യാത്ര. പരിചയമുള്ള ചന്ദ്രേട്ടനായിരുന്നു അവരുടെ വണ്ടി ഓടിച്ചിരുന്നതെങ്കിലും, ഇത്തവണ ആരോടും സംസാരിക്കാൻ ഞാൻ പോയില്ല.

ചുരം കയറി, വിരാജ്പേട്ടയിലേക്ക് തെറ്റുന്ന കവലയിൽ വണ്ടിയെത്തിയപ്പോൾ, എല്ലാവരും അവിടെയുള്ള 'കൂർഗ് ഗേറ്റ്' എന്ന റെസ്റ്റാറന്റിൽ ചായ കുടിക്കാൻ കയറി. ഞാൻ വണ്ടിയിൽ തന്നെയിരുന്നു. സത്യത്തിൽ ഒന്നെഴുന്നേറ്റ് നടക്കാൻ പോലും ഞാൻ മടിച്ചു. വണ്ടിയിൽ ഒറ്റക്കായപ്പോൾ ഞാൻ വീണ്ടും സ്വയം മൂളാൻ തുടങ്ങി. ഒരാശ്വാസം കിട്ടുമല്ലോ. അങ്ങനെ മൂളിക്കൊണ്ടിരിക്കുമ്പോഴാണ്, ഒന്ന് ഛർദ്ദിച്ച് നോക്കിയാലെന്താ എന്ന തോന്നൽ എനിക്കുണ്ടായത്. നല്ല കാലത്തിന് നാലഞ്ച് പ്ലാസ്റ്റിക് സഞ്ചികൾ കൈയ്യിൽ കരുതിയിരുന്നു. ലഘുഭക്ഷണവും ചായയും വയറ്റിൽ നിറയ്ക്കാൻ പോയവർ തിരിച്ച് വരുമ്പഴേക്കും ഞാൻ വിരലിട്ട് ഛർദ്ദിച്ച്, വയറ്റിൽ ഉണ്ടായിരുന്നതൊക്കെ പുറത്തെടുത്തിരുന്നു. ഛർദ്ദിച്ചപ്പോൾ ശരിക്കും നല്ലൊരാശ്വാസം തോന്നി. ഉള്ളിലെ കുറച്ച് സ്രവങ്ങൾ പുറത്തേക്ക് കളഞ്ഞപ്പോൾ കുടലുമാലകൾ ഒന്നടങ്ങിയത് പോലെ.

വണ്ടി വീണ്ടും പുറപ്പെട്ടു. പിന്നിലത്തെ സീറ്റിൽ കിടക്കാമെന്ന്  വച്ചാൽ, വണ്ടിയുടെ ആട്ടത്തിനനുസരിച്ച് കുടൽമാല തലയിലേക്കും അവിടെ നിന്ന് കാലിലേക്കും പോകുന്ന അവസ്ഥയുണ്ടായി. അതുകൊണ്ട് കിടക്കുന്നത് കൂടുതൽ പ്രശ്നമുള്ളതായി തോന്നുമെങ്കിലും കുറെ നേരം ഇരിക്കുമ്പോൾ, കുറച്ച് പിന്നെയും കിടക്കാൻ തോന്നും. പെട്ടന്ന് എഴുന്നേൽക്കുമെങ്കിലും. ഇടയ്ക്കിടെ ഒന്നുഷാർ കിട്ടാൻ വേണ്ടി സഞ്ചിയിൽ ഛർദ്ദിക്കുന്ന പരിപാടി തുടർന്ന് കൊണ്ടിരുന്നു. ഞാൻ പിൻസീറ്റിൽ നിന്ന് ഛർദ്ദിക്കുമ്പോൾ, പിള്ളാര് മുന്നിൽ ഇരുന്നു കൊണ്ട് എന്തൊക്കെയോ സാധനങ്ങൾ തിന്നുന്നുണ്ടായിരുന്നു. ഒരാൾ വയറ്റിലുള്ളത് പുറത്തെടുക്കാൻ ശ്രമിക്കുന്നു, കുട്ടികൾ വയറ്റിലേക്ക് സാധനങ്ങൾ തള്ളിക്കയറ്റിക്കൊണ്ടിരിക്കുന്നു!

ഇതിനിടയിൽ, എന്റെ മൂത്ത മകൾ പാറുവിനും വയറ്റിൽ എന്തോ പ്രശ്നങ്ങൾ തോന്നാൻ തുടങ്ങി. ഇത് കുടലുമാലകളുടെ സംഘനൃത്തത്തിന്റെ ആരംഭമാണോ എന്ന് ഞാൻ സംശയിച്ചു. പാറുവും ഒടുവിൽ ഒരു സഞ്ചിയെടുത്ത്, അതിൽ ഛർദ്ദിച്ചു. പക്ഷേ ആ ഒരു ഛർദ്ദിയോടെ അവൾക്ക് വലിയ കുഴപ്പമില്ലായിരുന്നു. ഉച്ചക്ക് ഊണ് കഴിക്കാൻ എല്ലാവരും ഇറങ്ങിയപ്പോഴും, ഞാൻ വണ്ടിയിൽ നിന്ന് അനങ്ങിയില്ല. എന്റെയും പാറുവിന്റെയും ഛർദ്ദിൽ സഞ്ചിയും പിടിച്ചായിരുന്നു ജിഷ ഊണ് കഴിക്കാൻ ഇറങ്ങിയത്. പാറു ഛർദ്ദിച്ചെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാനൊന്നും അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. അവൾ ഊണൊക്കെ നന്നായി കഴിച്ചെന്നാണ് റിപ്പോർട്ട് കിട്ടിയത്. എല്ലാവരുടെയും ശാപ്പാട് കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ, വെറുതെയൊന്ന് മൂത്രമൊഴിക്കാൻ തോന്നിയത് കൊണ്ട് മാത്രം, റെസ്റ്റ് റൂമിലേക്ക് പോയി. നിർജ്ജലീകരണം കാരണമായിരിക്കാം, മൂന്ന് നാല് മഞ്ഞത്തുള്ളികൾ മാത്രമേ പുറത്തേക്ക് വന്നുള്ളൂ.

വഴിയിൽ വച്ച് ഇളനീർ കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ഡ്രൈവർ വഴിയരികിൽ നിർത്തി ഒരു ഇളനീർ കൊണ്ടുവന്നു തന്നു. കുറച്ച് നേരത്തേക്ക് അത് വയറ്റിൽ കിടന്നെങ്കിലും പെട്ടന്ന് തന്നെ, അത് കൈയ്യിലിരുന്ന പുതിയ സഞ്ചി പെട്ടന്ന് നിറയ്ക്കാൻ ഉപകരിച്ചു. 

വൈകുന്നേരം അഞ്ച് മണിക്ക് മുന്നേയായിത്തന്നെ ഞങ്ങൾ ബാങ്കളൂർ സിറ്റി ട്രാഫിക്കിൽ കയറി. ഒടുക്കത്തെ  ട്രാഫിക്കായിരുന്നു. കൂട്ടത്തിൽ രണ്ട് ഡ്രൈവർമാർക്കും പോകുന്ന വഴിയെക്കുറിച്ച് സന്ദേഹമായി. ചന്ദ്രേട്ടൻ ഇടയ്ക്കിടെ ജിഷയുടെ അച്ഛനമ്മമാരോടൊപ്പം ബാങ്കളൂരിൽ  വരുന്നയാളാണെങ്കിലും, അദ്ദേഹത്തിന് പൊതുവെ വഴികളെക്കുറിച്ച് വലിയ നിശ്ചയമില്ലായിരുന്നു. കൊറോണാ സമയം ആയത് കൊണ്ട്, ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ജിഷയുടെ അച്ഛനും അമ്മയും ചന്ദ്രേട്ടനും ബാങ്കളൂരിലേക്ക് വരുന്നത്. വഴിയിൽ മുഴുവനായും എന്ന് പറഞ്ഞത് പോലെ മരാമത്ത് പണികൾ നടക്കുന്നുണ്ടായിരുന്നത് ട്രാഫിക്ക് കുടുക്ക് കൂടുതൽ മുറുക്കിക്കൊണ്ടിരുന്നു. പോരാത്തതിന് ഞങ്ങൾ പുറപ്പെട്ടതും വൈകിയായിരുന്നല്ലോ.

എന്തിനധികം പറയുന്നു, നിരങ്ങിനിരങ്ങിയുള്ള ആ യാത്ര അവസാനിച്ച്, ജിതേഷിന്റെ അപ്പാർട്ട്മെന്റ് കോംപ്ലക്‌സിന്റെ മുൻവശത്തെ പാർക്കിങ് ലോട്ടിലെത്തുമ്പഴേക്കും സമയം രാത്രി ഒൻപത് മണിയായിരുന്നു. ഏഴ് മണിക്കൂറിന് പകരം, ഏകദേശം പന്ത്രണ്ട് മണിക്കൂറോളമെടുത്ത യാത്ര!

വണ്ടി അവിടെ എത്തുമ്പഴേക്കും അളിയനും കുടുംബവും, ഇളയമ്മയുടെ മകൾ ഷൈനിയും അവളുടെ ഭർത്താവ് സനൂപും മക്കളും ഞങ്ങളെ പുറത്ത് നിന്ന് തന്നെ സ്വീകരിക്കാൻ എത്തിയിരുന്നു. എനിക്കാണെങ്കിൽ, എങ്ങനെയെങ്കിലും അകത്ത് പോയി ഒന്ന് കിടന്നാൽ മതിയെന്നായിരുന്നു. എന്റെ സ്വന്തം സാധനങ്ങളോ പെട്ടിയോ ഒന്നും എടുക്കാൻ  മിനക്കെടാത്തതെ, ഞാൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി. കൈയ്യിൽ ഛർദ്ദിലുള്ള സഞ്ചിയും ഉണ്ടായിരുന്നു. അത് അവിടെ എവിടേക്കെങ്കിലും ചുഴറ്റി എറിഞ്ഞാലോ എന്ന് ആദ്യം  ചിന്തിച്ചെങ്കിലും, പിന്നീട് അതിൽ നിന്ന് പിന്മാറി. ആരും കാണാതെ ആ സഞ്ചി ജിഷയെ ഏല്പിച്ചു. അവൾ ആ സഞ്ചിയിലുള്ളത് എന്താണെന്ന് നോക്കുന്നതിനിടയിൽ, ജിതേഷിനോടും അവന്റെ ഭാര്യ മായയോടും ഷൈനിയോടും മക്കളോടും ഒക്കെ ചിരിച്ചെന്ന് വരുത്തി, ഞാൻ പതുക്കെ വീട്ടിനകത്തേക്ക് നടന്നു. ഒട്ടും വൈകാതെ, ഒരു മുറിക്കകത്തെ കട്ടിലിൽ കയറി, കമഴ്ന്ന് കിടപ്പായി. ഉറഞ്ഞ് തുള്ളുന്ന കുടലുമാലകളെ ഒന്നു മെരുക്കണമല്ലോ.

അങ്ങനെ കിടക്കുമ്പോഴാണ് എല്ലാവരും പതുക്കെ അകത്തേക്ക് കയറി വന്നത്. പെട്ടികളൊക്ക ജിതേഷും സനൂപും ഷൈനിയും മായയും ഒക്കെ ചേർന്ന് ഉള്ളിലെത്തിച്ചു കാണും. അതൊന്നും നോക്കാനോ ഞങ്ങളുടെ പാസ്സ്‌പോർട്ടുകൾ പോലും വച്ചിരുന്ന ബാഗ് ഉള്ളിലെത്തിയോ എന്ന് പോലും നോക്കാനോ ഞാൻ മിനക്കെട്ടില്ല. അങ്ങനെ ചിന്തിക്കാനൊന്നുമുള്ള ചിന്താശേഷി ആ സമയത്തുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ഒരാശ്വാസം കിട്ടാൻ വേണ്ടി അത്യാഗ്രഹിക്കുകയായിരുന്നു ഞാൻ. ആ രാത്രി തന്നെ ഒരു ഡോക്ടറെ കണ്ട്, കുടലുമാലകളുടെ തോന്ന്യാസം അവസാനിപ്പിച്ച് കളയാമെന്ന ചിന്ത, എന്റെ ആരോഗ്യപരമായ ഈഗോയിസത്തിൽ കുടുങ്ങി മരിച്ചുപോയി.

***

ഭാഗം - 2നാഭിക്കുഴിയിലെ 'കായം' (അലാക്കിന്റെ യാത്ര - 2)