കഥാപാത്രങ്ങൾ: നന്മ, തിന്മ, അച്ഛൻ, അമ്മ, രണ്ട് മക്കൾ, ഒരു കൈക്കുഞ്ഞ്.
Scene 1
[After intro. നന്മ അരങ്ങത്ത് പ്രവേശിക്കുന്നു. Central overhead light or spot light to light only the character. രംഗത്ത് വെളിച്ചം തെളിയുന്നു...]
നന്മ : Ladies and gentlemen, how are you all doing? I know you guys are doing good... no? I am not hearing anything.. ok. ok
ഓ, ഞാനെന്തിനാ ആംഗലേയത്തിൽ സംസാരിക്കുന്നത്? നിങ്ങൾ ഏവരും മലയാളികൾ ആണല്ലോ. അപ്പോൾ നമുക്ക് മലയാളത്തിൽത്തന്നെ തുടരാം. വിഷയം എന്താണെന്ന് നിങ്ങൾക്ക് ഇപ്പോൾത്തന്നെ മനസ്സിലായിക്കാണുമല്ലോ. വളരെ ഗൗരവമുള്ള വിഷയമാണ്... ആഗോളവിഷയമാണ്... നമ്മുടെ സ്വന്തം കേരളക്കരയെ ബാധിക്കുന്ന വിഷയമാണ്. ഇനി വരുന്ന രംഗങ്ങൾ കൺതുറന്നു കാണുക. മനസ്സിരുത്തി കൺതുറന്നു കാണുക... കണ്ടുകൊണ്ടേ ഇരിക്കുക.. കണ്ടുകൊണ്ടേ ഇരിക്കുക....
[കണ്ടുകൊണ്ടേ ഇരിക്കുക എന്ന് പലപ്രാവശ്യം താഴ്ന്ന ശബ്ദത്തിൽ ഉരുവിട്ടുകൊണ്ട് നന്മ രംഗം വിടുന്നു.]
[കുട്ടികൾ തമാശകളൊക്കെ പറഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നു . എതിർവശത്ത് നിന്ന് തിന്മ പ്രവേശിക്കുന്നു. തിന്മയുടെ നടത്തത്തിൽ ഒരു നിഗൂഢതയുള്ളത് പോലെ തോന്നിക്കുന്നു. കുട്ടികളും തിന്മയും പരസ്പരം മറികടക്കുന്നു. കുട്ടികൾ തിന്മയെത്തന്നെ സാകൂതം നോക്കിക്കൊണ്ടാണ് നടക്കുന്നത്. മറികടന്നപ്പോൾ അവർ തിന്മയെ തിരിഞ്ഞ് നോക്കുന്നുണ്ട്. കുട്ടികൾ വീണ്ടും മുന്നോട്ട് നടന്നപ്പോൾ തീർത്തും അപ്രതീക്ഷിതമായി തിന്മ അവരെ ശബ്ദമുണ്ടാക്കി വിളിക്കുന്നു.]
തിന്മ: ശ്.. ശ്...
[കുട്ടികൾ നടത്തം നിർത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നു. തിന്മ അവരെ കൈ കൊണ്ട് ആംഗ്യം കാട്ടി അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ തിന്മയുടെ അടുത്തേക്ക് പോകാൻ മടിച്ച് അവിടെത്തന്നെ നിൽക്കുന്നു. തിന്മ വീണ്ടും ആംഗ്യം കാണിച്ച് വീണ്ടും അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ വരാത്തത് കൊണ്ട് തിന്മ അവരുടെ അടുത്തേക്ക് നീങ്ങുന്നു. കുട്ടികൾ ഭയപ്പാടോടെ ഓടാൻ ഭാവിക്കുന്നു.]
തിന്മ: അവിടെ നിൽക്കൂ... നിങ്ങളെ ഞാനൊന്നും ചെയ്യില്ല... പകരം നിങ്ങൾക്ക് ഞാനൊരു സമ്മാനം തരാം...
[കുട്ടികൾ നിൽക്കുന്നു. തിന്മ അവരുടെ അടുത്തെത്തുന്നു]
കുട്ടി(Girl): ആരാ... നിങ്ങളെ കണ്ടിട്ട് പേടി തോന്നുന്നു....
തിന്മ: അയ്യോ മക്കളേ എന്നെ പേടിക്കുകയേ വേണ്ട... പകരം ഞാൻ നിങ്ങളെ സഹായിക്കാൻ വന്നതാണ്... ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം ഉണ്ടാക്കാം... ആവോളം ചോക്ക്ലേറ്റും ഐസ്ക്രീമുമൊക്കെ വാങ്ങിക്കഴിക്കാം. പണം ഉണ്ടായാൽ പിന്നെ നാട്ടുകാരൊക്കെ നിങ്ങൾ പറയുന്നത് പോലെ കേൾക്കും...കാറിൽ രാജാവിനെപ്പോലെ സ്കൂളിൽ പോകാം. എന്താ നിങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണ്ടാന്നുണ്ടോ?
കുട്ടി(Boy): വേണം... ഞങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണം...
തിന്മ: ആ... അതാണ്... പണം.... പണം ആർക്കാണ് വേണ്ടാത്തത്... പണം തരുന്ന സുഖം... അതാണ് യഥാർത്ഥ സുഖം... എന്നാൽ മാമൻ പറയുന്നത് പോലെ കേൾക്കാമോ....
കുട്ടി(Girl): കേൾക്കാം... [boy agreeing to it by action]
തിന്മ: പക്ഷേ പണം വേണമെങ്കിൽ സംഗതി രഹസ്യമായിരിക്കണം... അച്ഛനോടും അമ്മയോടും പോലും ഇപ്പോൾ പറയരുത്... പണം കയ്യിൽ കുമിഞ്ഞ് കൂടിയതിന് ശേഷം.. ഒരു ദിവസം സർപ്രൈസായിട്ട് അവരോട് പറഞ്ഞാ മതി... റെഡിയാണോ....?
കുട്ടി(Girl): അതിന് ഞങ്ങളെന്താണ് ചെയ്യേണ്ടത്...?
[തിന്മ ഒരു പൊതി മൂത്ത കുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്നു... കുട്ടികൾ വാങ്ങുന്നില്ല.]
കുട്ടി(Boy): അയ്യോ... ഇതെന്താ...?
തിന്മ: മടിക്കേണ്ട... ധൈര്യമായി വാങ്ങിച്ചോളൂ... ഈ പൊതി സൂക്ഷിച്ചു വയ്ക്കണം. ഇതിൽ ഇരുപത് കുഞ്ഞ് കുഞ്ഞ് പൊതികളുണ്ട്... നിങ്ങൾ... ഈ ഓരോ കുഞ്ഞ് പൊതികളും രഹസ്യമായി.... നിങ്ങളുടെ കൂട്ടുകാർക്ക് വിൽക്കണം. ഓരോ പൊതിക്കും മാമൻ നൂറ് രൂപാ വീതം നിങ്ങൾക്കു തരും... എത്ര രൂപാ...?
കുട്ടികൾ(Together): നൂറ് രൂപ...??
തിന്മ: അതെ നൂറ് രൂപാ... അപ്പോൾ 20 പൊതികൾ വിറ്റാൽ നിങ്ങളുടെ കീശയിൽ എത്ര പൈസയ്ണ്ടാവും ?
[കുട്ടികൾ കണക്ക് കൂട്ടുന്നത് പോലെ ഭാവിക്കുന്നു... പരസ്പരം സംസാരിക്കുന്നു... ഒടുവിൽ രണ്ടുപേരും ഒരു ധാരണയിൽ എത്തുന്നു]
കുട്ടി (Boy): 2000 രൂപ...
തിന്മ: മിടുക്കൻ.... അപ്പോ വിൽക്കാമോ....
കുട്ടി(Girl): അതിന്... ഞങ്ങൾക്ക് വിൽക്കാൻ അറിയില്ലല്ലോ...
തിന്മ: അത് സാരമില്ല... വിൽക്കാനുള്ള വിദ്യകൾ ഞാൻ നിങ്ങളെ പഠിപ്പിക്കാം...
കുട്ടികൾ: (പരസ്പരം കുശുകുശുക്കുന്നു)
തിന്മ:നിങ്ങൾ ഈ പൊതി വിൽക്കുകയാണെങ്കിൽ... ഒരു മാസം കൊണ്ട്... നിങ്ങൾക്ക് ഒരു ലക്ഷം രൂപയുണ്ടാക്കാം... അങ്ങനെ ഒരു കൊല്ലം കൊണ്ട് പന്ത്രണ്ട് ലക്ഷം രൂപായുണ്ടാക്കാം... കൂടുതൽ വിറ്റാൽ.. അതിലും കൂടുതൽ...
കുട്ടി (Girl): ന്റമ്മോ... പന്ത്രണ്ടു ലക്ഷമോ...
കുട്ടി(Boy): അതൊക്കെ ഒരുപാടു പൈസയല്ലേ... അത്രയും പണം എവിടെയാ വയ്ക്കുക ...
[കുട്ടികൾ പിന്നെയും കുശുകുശുക്കുന്നു]
തിന്മ: അതൊന്നും നിങ്ങൾ വിഷമിക്കേണ്ട... അതിനൊക്കെയല്ലേ മാമൻ നിങ്ങളുടെ കൂടെയുള്ളത്... അങ്ങനെ വിറ്റ് വിറ്റ് നിങ്ങളുടെ കയ്യിൽ പണം കുമിഞ്ഞ് കൂടിയാൽ.... ദാ... ആ കാണുന്ന മലയില്ലേ.... ആ സ്ഥലം മുഴുവനും നിങ്ങൾക്ക് വില കൊടുത്ത് വാങ്ങാം... അവിടത്തെ മരങ്ങൾ വെട്ടി വിൽക്കാം... പിന്നെ ആ മല ഇടിച്ച് നിരത്തി റിസോർട്ട് ഉണ്ടാക്കാം... അവിടെ കൊട്ടാരം പണിയാം... കൂടുതൽ കൂടുതൽ പൈസയുണ്ടാക്കാം... നമ്മുടെ സുരേന്ദ്രൻ മുതലാളിയെപ്പോലെ...
കുട്ടികൾ(Together): ആ.. ആ... എന്നാ ഞങ്ങൾ റെഡിയാണ് ...
തിന്മ: ആ... അങ്ങനെയാണ് നല്ല കുട്ടികൾ... നിങ്ങളിനി ലക്ഷപ്രഭുക്കളാണ്... അല്ല കോടീശ്വരന്മാരാവാൻ പോവ്വാണ്.... അപ്പോ ഈ കെട്ട് ധൈര്യമായി പിടിച്ചോളൂ... (കെട്ട് കുട്ടികൾക്ക് നേരെ നീട്ടുന്നു... കുട്ടികൾ അത് വാങ്ങുന്നു.) ബാക്കി കാര്യങ്ങൾ ഞാൻ പിന്നാലെ പറഞ്ഞ് തരാം കേട്ടോ...
കുട്ടി(Boy): എന്നാപിന്നെക്കാണാം മാമാ... ബൈ....
[എല്ലാം അംഗീകരിച്ച ഭാവത്തിൽ കുട്ടികൾ രംഗം വിടുന്നു... തിന്മയും ബൈ പറയുന്നു]
തിന്മ: (വളരെ നിഗൂഢവും, ക്രൂരവുമായ ഭാവത്തിൽ) പാവം കുട്ടികൾ... അവരിനി എന്റെ അടിമകൾ... അവരിനി പൈസക്കായിവരും... അവരുടെ അവയവങ്ങൾ ഞാൻ ചൂഴ്ന്നെടുക്കും... എന്റെ കച്ചവടം പൊടിപൊടിക്കും... ഈ കാണുന്ന കാട് മുഴുവൻ വെട്ടിത്തെളിച്ച്, മലകൾ മുഴുവൻ ഇടിച്ച്... വയലുകൾ നിരത്തി റിസോർട്ടുകളും മാളുകളും പണിയും.... അതെനിക്കൊരു ലഹരിയാണ്.. ഹഹഹഹ...
[ലൈറ്റ് അണയുന്നു... ]
Scene 2
[അരങ്ങത്ത് ലൈറ്റ് വീണ്ടും തെളിയുന്നു... സന്തോഷകരമായൊരു കുടുംബരംഗം; ചുരം സിനിമയിലെ താഴെപ്പറയുന്ന ഗാനം പശ്ചാത്തലത്തിൽ:
"താരാട്ടിൻ ചെപ്പുതുറക്കും ഉണ്ണിക്കണ്ണാ മിഴിപ്പൂട്ട്...
താരാട്ടിൻ ചെറു ചെപ്പു തുറക്കും ഉണ്ണിക്കണ്ണാ മിഴിപൂട്ട്..." ]
[അച്ഛൻ, അമ്മ, ആൺകുട്ടി, പെൺകുട്ടി. അമ്മയുടെ കൈയ്യിൽ ഒരു കൈക്കുഞ്ഞ്. അമ്മ കുഞ്ഞിനെ താരാട്ടുന്നു. അച്ഛനും മൂത്ത കുട്ടികളും പലതരത്തിലുള്ള ഗൃഹാന്തരീക്ഷ പരിപാടികളിൽ ഏർപ്പെടുന്നു. ഏകദേശം രണ്ട് മിനുട്ട് കഴിഞ്ഞ് രംഗം അവസാനിക്കുന്നു.]
[വളരെ സന്തോഷകരമായ ഭാവങ്ങളോടെ കുടുംബം സ്റ്റേജിൽ നിന്നും പോകുന്നു. നന്മ പ്രവേശിക്കുന്നു.]
Scene 3
നന്മ: നിങ്ങൾ കണ്ടില്ലേ...? എത്ര സന്തോഷകരമായ ജീവിതം? ആരും അസൂയപ്പെട്ടുപോകും... അല്ലേ...
[പെൺകുട്ടിയും ആൺകുട്ടിയും പ്രവേശിക്കുന്നു. നന്മയെ ശ്രദ്ധിക്കുന്നു. നന്മ കുട്ടികളേയും ശ്രദ്ധിക്കുന്നു]
കുട്ടി(Boy): മാമൻ ഏതാ? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?
നന്മ : ഞാൻ ഇവിടെത്തന്നെയുള്ള ആളാ. നിങ്ങൾ കണ്ടിട്ടില്ലെന്നേയുള്ളൂ. പല രൂപത്തിലാണ് എന്നെ ആളുകൾ കാണുന്നത്...സുഹൃത്തായി കാണുന്നവരുണ്ട്, രക്ഷകനായി കാണുന്നവരുണ്ട്, അങ്ങനെ പലതും... മക്കൾക്കെന്നെ മാമൻ എന്നു വിളിക്കാം.
കുട്ടി(Girl): (മറ്റേ കുട്ടിയോട്) നമ്മളിന്നലെ പരിചയപ്പെട്ട മാമന്റെ ആരെങ്കിലുമായിരിക്കുമോ ?
നന്മ: ഇന്നലെ പരിചയപ്പെട്ട മാമനോ? അതേതു മാമൻ ?
കുട്ടി(Boy): അല്ല... ഇതുപോലെ അല്ല...
കുട്ടി(Girl): ആ മാമന്റെ വേഷം വേറെയാണ്... ആ മാമനെയും ഞങ്ങളിതുവരെ കണ്ടിട്ടില്ലായിരുന്നു...
നന്മ: നിങ്ങൾ സ്വപ്നം കണ്ടതാവും...
കുട്ടി (Boy): അല്ല... ഞങ്ങൾ ശരിക്കും കണ്ടതാണ്....
കുട്ടി(Girl): ഈ മാമനും മറ്റേ മാമനെപ്പോലെ പൊതി വിൽക്കാൻ വന്നതായിരിക്കുമോ ?
കുട്ടി (Boy): (മറ്റേ കുട്ടിയെ കൂടുതൽ പറയുന്നതിൽ നിന്ന് തടയുന്നു...) ശ്...
നന്മ: നിങ്ങളെന്തോ ഒളിക്കുന്നുണ്ടല്ലോ... എന്നോട് സത്യം പറയൂ.... മറ്റേ മാമൻ എന്ത് വിൽക്കാൻ വന്നതാണ് ...? അയാൾ നിങ്ങളെ എന്തെങ്കിലും വിൽക്കാൻ ഏൽപിച്ചോ?
കുട്ടി (Girl): അത്... രഹസ്യമാണ്.... പറയാൻ പറ്റൂല്ല....
കുട്ടി (Boy): വാ... നമുക്ക് പോവ്വാം...
[ആൺകുട്ടി പെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്ചു കൊണ്ട് രംഗം വിടാൻ ശ്രമിക്കുന്നു.]
നന്മ: (കുട്ടികളെ തടഞ്ഞ് കൊണ്ട്) അല്ല.. അല്ല... നിങ്ങളെന്തോ ഒളിക്കുന്നുണ്ട്... നിങ്ങളുടെ മുഖത്തുള്ള ഭയപ്പാട് എനിക്ക് കാണാൻ പറ്റും.... എന്നോട് സത്യം പറയൂ.... സത്യം പറഞ്ഞില്ലെങ്കിൽ നിങ്ങൾ അപകടത്തിൽ പെടും.... പിന്നെ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല...
കുട്ടി (Boy): ഞങ്ങൾക്ക് അത് പറയാൻ പറ്റില്ല... (വീണ്ടുംപെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്) വാ... നമുക്ക് പോവ്വാം....
നന്മ: നിങ്ങളെ ആരോ പറ്റിച്ചെന്നു തോന്നുന്നു കുട്ടികളേ... എന്നോട് സത്യം പറയാതെ നിങ്ങളെ ഞാൻ വിടില്ല... അല്ലെങ്കിൽ നിങ്ങൾ എന്തോ ഒളിക്കുന്നു എന്ന കാര്യം ഞാൻ നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കും...
കുട്ടികൾ: അയ്യോ... അവരോട് ഒന്നും പറയല്ലേ...
നന്മ: എന്നാൽ കാര്യം തെളിച്ച് പറയൂ...
[പെൺകുട്ടി മടിച്ച് മടിച്ച് താഴ്ന്നശാബ്ദത്തിൽ പറയുന്നു]
കുട്ടി (ഗേൾ ): മറ്റേ മാമൻ ഞങ്ങളുടെ കയ്യിൽ കുറച്ചു പൊതികൾ തന്നു.
നന്മ: ഓ.. ഹോ... അങ്ങനെയാണോ? അയാൾ തന്ന സാധനം എന്നെയൊന്നു കാണിക്കൂ...
[കുട്ടികൾ മടിച്ച് മടിച്ച് ഒരു പൊതി പുറത്തെടുത്ത് നന്മയെ കാണിക്കുന്നു. നന്മ തുറന്ന് നോക്കി അത്ഭുതപ്പെടുന്നു.]
നന്മ: (നീട്ടി മൂളുന്നു. അത്ഭുതവും ആശ്ചര്യവും ഭയവും കലർന്ന ഭാവം) ഹ്മ്മ്മ്.... അപ്പോൾ ഇതാണ് കാര്യം... നിങ്ങൾക്ക് ഈ സാധനം തന്നയച്ചയാൾ നിങ്ങളെ ഒരു വലിയ കെണിയിൽ പെടുത്തിയിക്കുകയാണ്... ഇത് മയക്കുമരുന്നാണ്.... നാടിനെ മയക്കി പണം കൊയ്യുന്ന മയക്കുമരുന്ന്... പിടിക്കപ്പെട്ടാൽ ദീർഘകാലം നിങ്ങൾ ജയിലിൽ കിടക്കും...
കുട്ടി (Boy): ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു...
കുട്ടി (ഗേൾ): പെട്ടന്ന് പണം ഉണ്ടാക്കാമെന്ന് മറ്റേ മാമൻ പറഞ്ഞപ്പോ....
നന്മ: മക്കളേ... ഇങ്ങനെയാണ് നമ്മുടെ നാട് നശിക്കുന്നത്... നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്നത്.... പെട്ടന്ന് പണക്കാരനാകാനുള്ള ആർത്തിയാണ് എല്ലാവർക്കും... ഇങ്ങനെയുണ്ടാക്കിയ പണം അവർ ഈ ഭൂമിയെത്തന്നെ നശിപ്പിച്ചു കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നു.. അങ്ങനെ വരൾച്ചയും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നു...
കുട്ടി (Boy): സോറി മാമാ...
കുട്ടി(Girl ): ഇനി ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല...
നന്മ: മാമനിപ്പോ നിങ്ങളെ കണ്ടത് നന്നായി... (പ്രേക്ഷകരോടായി) ഞാൻ പല വർഷങ്ങളായി മനുഷ്യ നന്മക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അതിനായി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ വേഷത്തിൽ. ഇനി എന്തെല്ലാം വേഷങ്ങൾ വേണ്ടി വരുമോ ആവോ? പക്ഷേ പല കാരണങ്ങളാലും ഇതുവരെ പരാജയങ്ങളാണ് കൂടുതലായി എനിക്ക് സംഭവിച്ചിട്ടുള്ളത്. ഹ്...ഉം... എന്തായാലും എന്റെ ശ്രമങ്ങൾ എന്നെങ്കിലുമൊരിക്കൽ വിജയിക്കും... നന്മയുടെ വിജയം... അത് ഞാൻ നേടും. പ്രതീക്ഷയാണല്ലോ നമ്മളെ മുന്നോട്ടുനയിക്കുന്നത്. നിങ്ങളുംഎന്നോടൊപ്പം കൂടില്ലേ?
കുട്ടികൾ: ആ... തീർച്ചയായും ഞങ്ങൾ കൂടെ നിൽക്കും... (നന്മയെ നോക്കി തലയാട്ടി).
കുട്ടി(ബോയ്).. സ്കൂളിൽ പോകാൻ സമയമായി.... നമ്മൾ പോകട്ടെ...
[കുട്ടികൾ വിളികേട്ടുകൊണ്ട് രംഗം വിടുന്നു]
നന്മ: (പ്രേക്ഷകരോട്) നോക്കൂ... എത്ര നിഷ്കളങ്കരാണവർ? പിള്ള മനസ്സിൽ കള്ളമില്ലന്നല്ലേ? നമ്മളും ഇങ്ങനെയായിരുന്നില്ലേ? ജീവിതം നമ്മളെഎത്ര മാറ്റിമറിച്ചു ... ചിലർ പിടിച്ചുപറിക്കാർ... ചിലർ ഉപദ്രവകാരികൾ... കുട്ടികളെപ്പോലും വെറുതെ വിടാത്തവർ... ഭരണകർത്താക്കളെന്നും ഉദ്യോഗസ്ഥരെന്നുമൊക്കെപ്പറഞ്ഞ് മറ്റൊരുകൂട്ടർ... നമ്മുടെ ഈ മനോഹരമായ ഭൂമിക്ക് തുരങ്കം വയ്ക്കാൻ കൂട്ടുനില്ക്കുന്നവർ... ഇവരെല്ലാംകൂടി അനധികൃതമായി കയ്യേറിയ കാടുകൾക്കും... മുറിച്ച് മാറ്റിയ മരങ്ങൾക്കും... നിർമ്മാണങ്ങൾ പാടില്ലാത്ത സ്ഥലത്ത് കെട്ടിയുയർത്തിയ മണിസൗധങ്ങൾക്കും... മലകൾ തുരന്ന് നിർമ്മിച്ച പാറമടകൾക്കും... മലിനമാക്കിയ പുഴകൾക്കും... നികത്തിയ വയലേലകളും... എന്തെങ്കിലും കയ്യും കണക്കുമുണ്ടോ? ആരോട് പറയാൻ... ആരോട് ചോദിക്കാൻ? പക്ഷേ നിങ്ങളിലാണെന്റെ പ്രതീക്ഷ. നിങ്ങളെന്നോടൊപ്പമുണ്ടെങ്കിൽ നമുക്കൊരുമിച്ച് ഒരു ദിവസം വിജയിക്കാം... വിജയിക്കും... നമുക്കീ കളങ്കിതമാക്കപ്പെട്ട ഭൂമിയെ വീണ്ടും മനോഹരമായൊരു പൂങ്കാവനമാക്കി അടുത്ത തലമുറകളിലേക്ക് കൈമാറാം... ഈ ഭൂമിയെ നശിപ്പിക്കാൻ ഒരുമ്പെട്ട് വരുന്നവരെ തുരത്തിയോടിക്കാം... പക്ഷേ ചില അനർത്ഥങ്ങൾ നമുക്ക് എത്ര ശ്രമിച്ചാലും ഒഴിവാക്കാനാവില്ലല്ലോ...
Scene 4
[ലൈറ്റണഞ്ഞ് വീണ്ടും തെളിയുന്നു... വീണ്ടും കുടുംബരംഗം. അമ്മ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അച്ഛൻ ഉള്ളിൽ നിന്നും കടന്നു വരുന്നു. കുട്ടികൾ ഒരുങ്ങി നിൽക്കുന്നു...]
കുട്ടി(Boy): മണിക്കുട്ടി ഇന്നുഞാനൊരു മത്തങ്ങാ ബലൂൺ വാങ്ങിക്കും.
കുട്ടി (ഗേൾ): എനിക്ക് പീപ്പി മതി.
അച്ഛൻ: എന്റെ മിനീ... നിന്റെ ഉടുത്തൊരുക്കം ഇനീം കഴിഞ്ഞില്ലേ... നിന്റെയൊരു ഒടുങ്ങാത്ത ഒരുക്കം... മലയിലെ വേല കഴിഞ്ഞാലും നിന്റെയൊരുക്കം തീരില്ലല്ലോ... ഞങ്ങൾ മൂന്ന് പേരും ഒരുങ്ങിക്കഴിഞ്ഞല്ലോ... നീ വരുന്നുണ്ടോ ഇല്ലയോ...?
അമ്മ: തീർന്നു ഹരിയേട്ടാ. ദാ... വന്നു
[ഇടിമുഴക്കം കേൾക്കുന്നു. Sound and backdrop as possible. ]
അച്ഛൻ: ഓ.... ഒരു മഴക്കോള് കാണുന്നല്ലോ... ഇതെന്താ ഈ അകാലത്തിലൊരു മഴ.... ഇനിയിന്ന് വേല നടക്കുമോ ആവോ..
അമ്മ: അയ്യോ എന്റെയീ തയ്യാറെടുപ്പുകളെല്ലാം വെറുതെയായല്ലോ... കഷ്ടായിപ്പോയി...
[മഴയുടെയും ഇടിയുടെയും ശബ്ദം മുഴങ്ങുന്നു കൂടി കൂടി വരുന്നു...]
അച്ഛൻ: എൻറെ വള്ളിയൂർക്കാവിലമ്മേ... മഴ കടുക്കുകയാണല്ലോ...
കുട്ടി (Girl ): മഴ വന്നാലുംകുടയുണ്ടല്ലോ...നമ്മൾക്ക് വേലക്ക് പോവ്വാം അമ്മേ... ഞങ്ങക്ക് ബലൂണും പീപീയുമൊക്കെവേണം.
അച്ഛൻ: ഒന്നടങ്ങിയിരിക്ക് മക്കളേ... പെരുമഴയാണെന്ന് തോന്നുന്നു....
കുട്ടി (Boy): ഞങ്ങളുടെ കൂട്ടുകാരൊക്കെ വരും... അവര് ഞങ്ങളെ കാത്തിരിക്കും...
അമ്മ: ഇത്രയും വലിയ മഴക്ക് നിങ്ങളുടെ കൂട്ടുകാരൊന്നും വേലക്ക് പോകൂല്ല മക്കളേ...
കുട്ടി (Girl): അച്ഛനോട് പറയമ്മേ...
അമ്മ: നോക്കട്ടെ മക്കളേ... മണിക്കുട്ടാ... നീ പോയി പുറത്തെ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികളെടുത്ത് വേഗം വാ...
[ആൺകുട്ടി പുറത്തേക്കോടുന്നു. ഇടിയും മഴയും കടുക്കുന്നു. Sound, light and backdrop as possible. അച്ഛനും അമ്മയും പേമാരിയിൽ ഭയചകിതരാകുന്നു. പേമാരിയിലും കാറ്റിലും വീടും പരിസരവും ഉലയുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെടുന്നു.]
അമ്മ: നാശം... കറന്റും പോയല്ലോ... മോളെ നീ അകത്തെ മുറിയുടെജനവാതിലുകൾ അടക്കൂ...
[പെൺകുട്ടി ഉള്ളിലേക്ക് പോകുന്നു]
അച്ഛൻ: (ഫോണിൽ) സഹദേവാ ഭയങ്കര മഴയും കാറ്റുമാണല്ലോ. കുട്ടികളൊക്കെ ആകെ വിരണ്ടിരിക്കുവാ... ആ അതെയതെ... സാധാരണ കേൾക്കാത്ത എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടല്ലോ... ഓഹ്... മലയിൽ ഉരുൾപൊട്ടലോ... ഈശ്വരാ... നമ്മളിനി എന്തുചെയ്യും? ഓ... ഫോണിന്റെ ചാര്ജും തീരാറായല്ലോ.... എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ....
അച്ഛൻ: (ഫോൺ കീശയിലിടുന്നു... അടുത്തുള്ള കുട്ടിയെ വാരിപ്പുണരുന്നു.) എടീ... മലയിൽ ഉരുള് പൊട്ടീന്നാ സഹദേവൻ പറഞ്ഞത്... കരടിമല മുഴുവൻ പൊട്ടിയത്രേ... ഉരുളിവിടെയെത്താൻ... ഇനി അധികം വൈകൂല്ലാ... അതിന് മുന്നേ നമുക്ക് പിള്ളാരെയുമെടുത്ത് രക്ഷപ്പെടാം.... എടാ മണിക്കുട്ടാ.. . മണിക്കുട്ടനെവിടെ... (അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.)
അമ്മ: അയ്യോ... സത്യമാണോ ചേട്ടാ... അയ്യോ... ഒരു കാര്യം ചെയ്യൂ... നിങ്ങൾ എത്രയും പെട്ടന്ന് ആ മെമ്പർ തോമാച്ചനെ ഒന്നുവിളിക്ക്... മണിക്കുട്ടാ... മോനേ മണിക്കുട്ടാ... ഇനി തുണിയൊന്നും എടുക്കാൻ നിക്കണ്ട.... നീ വേഗം ഇങ്ങോട്ട് വാ...
[അച്ഛൻ തോമാച്ചനെ ഫോൺ വിളിക്കാൻ നോക്കുന്നു. കിട്ടുന്നില്ല. ഭാര്യയോട് ]
അച്ഛൻ : എഡീ തോമാച്ചനെ കിട്ടുന്നില്ല... ഇനിയൊണെന്നും നോക്കാനില്ല... ഞാനാ പൈക്കളെയും കോഴികളെയും തുറന്ന് വിടാം... (ഉള്ളിലേക്കോടി വീണ്ടും പുറത്തോട്ട് വരുന്നു..)
അമ്മ: റേഷൻകാർഡും ആധാറും വെച്ച പ്ലാസ്റ്റിക്ക് ബാഗ് കാണുന്നില്ലല്ലോ ചേട്ടാ...
[മൂത്ത കുട്ടി ഉള്ളിലേക്കോടി വാവയെ എടുത്ത് കൊണ്ട് വരുന്നു]
അച്ഛൻ: ഇനി അതിനൊന്നും സമയം ഇല്ലാ.... ഉരുളിന്റെ ശബ്ദം കേക്കുന്നുണ്ട്.. വേഗം വാ....
[ആകെ മൊത്തം ബഹളങ്ങളും രോദനവും... ഉള്ളുലക്കുന്ന പിന്നാമ്പുറ ദൃശ്യങ്ങളും ശബ്ദാവിഷ്കാരങ്ങളും...]
[After a buildup സ്റ്റേജ് ലൈറ്റ് അണയുന്നു. ]
Scene 5
[ലൈറ്റ് ഓൺ ആകുമ്പോൾ, അച്ഛനും മകളും മാത്രം നിലവിളിച്ചുകൊണ്ട് നിൽക്കുന്നു. പ്രോജൿഷൻ കിട്ടുകയാണെങ്കിൽ, പിന്നണിയിൽ ഉരുൾ പൊട്ടി എല്ലാം നശിച്ച്, വിജനമായ, ഛിന്നഭിന്നമായ ഒരു ഭൂമികയുടെ ചിത്രം.].
അച്ഛൻ: (വിലപിച്ചുകൊണ്ട്) അയ്യോ എന്റെയെല്ലാം പോയേ...ഞങ്ങളുടെ കുഞ്ഞുവാവയും മിനിയും മണിക്കുട്ടനും എവിടെ? ഒരാഴ്ചയായിട്ടും അവരുടെ ഒരു വിവരവും ഇല്ലല്ലോ... ഇനി... ആർക്കുവേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്? അയ്യോ... എന്റെ ബന്ധുക്കളും നാട്ടാരുമെല്ലാം ഒലിച്ചുപോയല്ലോ... ഇനി ഞങ്ങളെന്തിന് ജീവിച്ചിരിക്കണം? അയ്യോ... ഇതെന്തൊരു ദുർവ്വിധിയാണ് ദൈവമേ... (പൊട്ടിപ്പൊട്ടിക്കരയുന്നു).
[ലൈറ്റണഞ്ഞതിന് ശേഷം രംഗം മാറുന്നു... വീണ്ടും ലൈറ്റ് തെളിയുന്നു. നന്മ ദുഃഖഭാരത്താൽ സ്റ്റേജിന്റെ നടുക്ക് മുട്ടുകുത്തിനിന്ന് വിലപിക്കുന്നു]
Scene 6
നന്മ: നിങ്ങളിതു കണ്ടില്ലേ... ഞാനിവിടെ വീണ്ടും പരാജിതനായല്ലോ.... എത്രയോ കാലമായി ഞാനെന്റ സഹോദരങ്ങളെ രക്ഷിക്കാനായി പ്രയത്‌നിക്കുന്നു. എനിക്കീ കൊച്ചു കുടുംബത്തെപ്പോലും രക്ഷിക്കാനായില്ലല്ലോ... ഉണർന്നു പ്രവൃത്തിക്കേണ്ട സമയമായിരിക്കുന്നു... പൂർവ്വാധികം ശക്തിയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം... അതിക്രമിച്ചിരിക്കുന്നു... ഈ വിനാശങ്ങൾ തടഞ്ഞേ മതിയാവുള്ളൂ...
[വശത്തുനിന്നും തിന്മ നടന്നടുക്കുന്നു. പൊട്ടിച്ചിരിക്കുന്നു. നന്മ തിരിഞ്ഞുനോക്കുന്നു ]
തിന്മ: (പൊട്ടിച്ചിരിക്കുന്നു) ഹ ഹ ഹ...
നന്മ: (തിന്മയോട്) നീയാരാണ്?
തിന്മ: (വീണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട്) ഹ ഹ ഹ...എന്നെ നിനക്കറിയില്ല അല്ലേ...? ഇക്കണ്ടനാശമെല്ലാം കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ല അല്ലേ...? മനുഷ്യകുലം കാലങ്ങളായി എന്നോടാണ് ചേർന്ന് നിൽക്കുന്നത്. എത്രകാലമായി ഞാനിത് തുടരുന്നു... എനിക്കീ കർമങ്ങൾ ചെയ്തു തരാൻ എത്രയോ ആളുകൾ രാവും പകലുമില്ലാതെ പണിയെടുക്കുന്നു... അവരെയൊക്കെ തടയാൻ (നന്മക്ക് നേരെ കൈചൂണ്ടി ) താനെത്ര കാലമായി പരിശ്രമിക്കുന്നു... തനിക്ക് ഒരു തരി പോലും അതിൽ വിജയിക്കാനായോ...? ഇനിയും കിടന്ന് മിനക്കെടാതെ തോറ്റ് തലകുനിച്ച് മടങ്ങുന്നതാണ് നിനക്ക് നല്ലത്...
നന്മ: ഓഹോ... ഇത്രകാലമായി ഞാൻ തേടി നടക്കുന്ന ദുഷ്ടശക്തി നീയാണല്ലേ? അതെ... നിന്നെ തോൽപ്പിക്കാൻ ഞാൻ കുറേക്കാലമായി പരിശ്രമിക്കുന്നു. ഒരിക്കൽ ഞാൻ നിന്റെ മേൽ വിജയം നേടുക തന്നെ ചെയ്യും. നീ എത്രമേൽ ശക്തി കാട്ടിയാലും, എത്രമേൽ വിനാശങ്ങൾ വിതച്ചാലും ഞാൻ അതിനെതിരായി പരിശ്രമിച്ച് കൊണ്ടേയിരിക്കും... നിനക്കിനി അധികം ആയുസ്സില്ലാ... നീയീ കളിച്ചത്.... നിന്റെ അവസാനത്തെ കളിയാണ്...
തിന്മ: ഹ ഹ ഹ... വിജയം... അതെപ്പോഴും എന്റേത് തന്നെയല്ലേ... നീകണ്ടില്ലേ ഈ നടന്ന ഉരുൾപൊട്ടൽ മുതൽ കാലാകാലങ്ങളായി എത്രയെത്ര സർവ്വനാശങ്ങൾ...? നീ രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് ആർത്തിയാണ്... ഭൂസ്വത്തിനോട്... പൊന്നിനോട്... മണിമാളികകളോട്... ആർഭാടങ്ങളോട്... ചമയങ്ങളോട്.... എന്തിനധികം പറയണം.... ഈ ആർത്തി മൂത്ത് മൂത്ത് അവന് ഇന്ന് കണ്ണ് കാണാതായിരിക്കുന്നു... ഈ ആർത്തി മനുഷ്യനുള്ളിടത്തോളം കാലം നിനക്ക് എന്നെ തോൽപ്പിക്കാനാവില്ല.... അവന് ആർത്തി മൂക്കാനും അവന്റെ സ്വബോധം നശിക്കാനുമുള്ള എന്റെ പ്രവർത്തികൾ ഇതിനകം തന്നെ വിജയം നേടിയിരിക്കുന്നു... നിനക്ക് എന്നോടൊപ്പം ചേരാം... തോൽക്കുന്നതിനേക്കാൾ എത്രയോ നല്ലത് അതാണ്...
നന്മ: നീ ഈ പാവം മനുഷ്യരുടെ സ്വബോധത്തെ, സന്മാർഗ്ഗത്തെ, മൂല്യചിന്തകളെ, അച്ചടക്കത്തെ... ഇവയെല്ലാം നശിപ്പിച്ച് ഈ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി... ഇനി അതിന് അധികം ആയുസ്സില്ല... ഇനിയും കൂടുതൽ കാലം ജയിച്ചുകൊണ്ടിരിക്കാമെന്നത് നിന്റെ വ്യാമോഹം മാത്രമാണ്. അതിനുള്ള പ്രവർത്തനങ്ങൾക്ക് എന്നോടൊപ്പം ഇവിടുത്തെ യുവജനങ്ങളുണ്ട്... ഞങ്ങൾ നിനക്കെതിരെ സന്ധിയില്ലാ സമരം... അല്ല യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു... അതിന്റെ അവസാന നിമിഷങ്ങളിലെ വിജയഭേരികളാണ് നീയിപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത്... (പശ്ചാത്തലത്തിൽ പട്ടാളച്ചുവടിന്റെ ശബ്ദവിന്യാസങ്ങൾ - കുറഞ്ഞ ശബ്ദത്തിൽ)
തിന്മ: ഹ ഹ ഹ... നിന്റെ പ്രയത്നം... അതൊക്കെ നിഷ്‌ഫലമാക്കാൻ എനിക്ക് നിമിഷങ്ങൾമാത്രം മതി...
നന്മ: ദുഷ്ടാ... ഇനി വാക്കുകൾക്ക് പ്രസക്തിയില്ല... പ്രവർത്തികൾ മാത്രം.... അണിചേർന്ന് വരുന്ന യുവജനതയെ ജയിക്കാൻ നിനക്കാവില്ല... ഇത് നിന്റെ അവസാനത്തെ അട്ടഹാസമാണ്...
[നന്മ തിന്മയുടെ മേലേക്ക് ചാടിവീച്ചുന്നു. fight between നന്മ & തിന്മ with flickering light and fight music. നന്മയെ തിന്മ ചവിട്ടിവീഴ്ത്തുന്നു. തിന്മ അട്ടഹസിച്ച് നില്ക്കുന്നു. ]
തിന്മ: ഹ ഹ ഹ....
[പട്ടാളച്ചുവടിന്റെ താളമുള്ള പാട്ട് കേൾക്കാൻ തുടങ്ങുന്നു. അതിന്റെ താളത്തിനനുസരിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ പല ഭാഗങ്ങളിൽ നിന്നായി അരങ്ങിലേക്ക് പ്രവേശിക്കുന്നു. പാട്ടിനോടൊപ്പിച്ചുള്ള ചുവഡുകളുടെ ഭാഗമായി നന്മയെ അവർ എഴുന്നേൽപ്പിക്കുന്നു; തിന്മയെ വീഴ്ത്തുന്നു. നന്മ ചെറുപ്പക്കാരോടൊപ്പം ചുവടുകൾ വയ്ക്കുന്നു... പാട്ടവസാനിക്കുന്നതോടെ എല്ലാവരും നിശ്ചലരായി നിൽക്കുന്നു.]
Song:
സമയമായ്... സമയമായ്... സമയമായ്... സമയമായ്...
സമയമായ് സഹജരേ ഉണരുവാൻ സമയമായ്
സമയമായ് സമീപനം സമൂലമായി മാറുവാൻ
പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ
മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ
കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ്
സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ
മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ
വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ
മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ
സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ
സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ
ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം
CONCLUSION DIALOGUE:
യുവത്വത്തിലാണ് നമ്മുടെ പ്രതീക്ഷ. 52 ശതമാനത്തിലേറെ യുവതയുള്ള ഇന്ത്യ, ലോകത്തിന്റെ പ്രതീക്ഷയുടെ മുന്നിൽ ചിറകുവിരിച്ചു നിൽക്കുന്നു. ഇവർ നമ്മുടെ അഭിമാനം ഉയർത്തിപ്പിടിക്കുകയും ലോകനന്മക്കായി പ്രവർത്തിക്കുകയും ചെയ്യും എന്ന പ്രതീക്ഷയോടെ ഞങ്ങളിവിടെ തിരശ്ശീല താഴ്ത്തുന്നു...
ലോകാഃ സമസ്താ സുഖിനോ ഭവന്തു!
--------------------------------------------------------ശുഭം--------------------------------------------------------