2015, ഫെബ്രുവരി 16, തിങ്കളാഴ്‌ച

ഡോ. ഷാനവാസെന്ന പാഠം

ലോകത്തിലുള്ള എല്ലാത്തിനേക്കുറിച്ചും എഴുതാൻ ആർക്കും ആവില്ല. പക്ഷേ മനസ്സിൽത്തട്ടുന്ന ചില കാര്യങ്ങൾ വന്നു പെട്ടാൽ അറിയാതെ ചില കാര്യങ്ങൾ എഴുതിപ്പോകുന്നു. ഒരു ചെറിയ fungal infection തെറ്റായി രോഗ നിർണ്ണയം നടത്തി, ആറ് വയസ്സ് മുതൽ പതിനാറ് വയസ്സ് വരെ അഞ്ച് കൊല്ലം ക്ഷയത്തിനും കുറച്ചു കാലം filariasis (മന്ത്) നും പിന്നെ മറ്റ് പല രോഗങ്ങൾക്കും ചികിൽസിക്കപെടുകയും, സർവ്വോപരി അർബുദമാണെന്ന് സംശയിക്കപ്പെടുക പോലും ചെയ്യപ്പെട്ടവനെന്ന നിലയിൽ പല പല ആശുപത്രികളുമായും ഡോക്ടർമാരുമായും ബന്ധപ്പെടേണ്ടി വന്ന ഒരു ജന്മമാണ് എന്റേത്. ആ ഓർമ്മകളുടെ മൂശയിൽ നിന്നാണ് ഞാൻ ഡോ. ഷാനവാസിന്റെ മരണത്തെ നോക്കിക്കാണുന്നത്.



ഏകദേശം ഒരു വർഷം മുന്നേയാണ്‌ കോഴിക്കോടിനടുത്ത നിലമ്പൂരിലെ പി.സി. ഷാനവാസെന്ന ഭിഷഗ്വരനെ ഞാൻ 'ഫേസ്ബുക്കെ'ന്ന മാദ്ധ്യമത്തിൽ കാണുന്നത്. ഒരുപക്ഷേ 36 ആം വയസ്സിലുള്ള ആദ്ദേഹത്തിന്റെ അകാലമരണത്തിന് ശേഷമാണ് അദ്ദേഹം ശരിക്കും ആരായിരുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ചിത്രം ലഭ്യമാകുന്നത്. കണ്ണ് പോയാലല്ലേ കണ്ണ് എന്തായിരുന്നു എന്ന് ശരിക്കും മനസ്സിലാകുക അല്ലേ? അങ്ങനെ ഒരു ചെറിയ ജീവിതം പക്ഷേ ഒരു വലിയ ജന്മം പൊലിഞ്ഞു എന്നല്ലാതെ വേറെന്ത് പറയാൻ.

'പാവങ്ങളുടെ വൈദ്യൻ' (Doctor of Poor) ആയിരുന്നു ഡോ. ഷാനവാസ്. സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധന്റെ ജോലി ചെയ്യുന്നതോടൊപ്പം ഒഴിവ് സമയങ്ങളിൽ വിശ്രമമേയില്ലാതെ, കാട് കയറി ആദിവാസികളെയും മറ്റ് നിരാലംബരേയും അങ്ങോട്ട്‌ കയറിച്ചെന്ന് തികച്ചും സൗജന്യമായി ചികിത്സിക്കുകയും അവർക്ക് വേണ്ട മരുന്നും ഭക്ഷണ സാധനങ്ങളും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു മഹാമനസ്കനായിരുന്നു ഷാനവാസ്. പത്ത് ലക്ഷം മുടക്കി പഠിച്ച് ഡോക്ടറായി രൂപപ്പെട്ടാൽ പത്ത് കോടിയും, ആ പത്ത് കോടി നൂറ് കോടിയുമായി മാറ്റാൻ വെമ്പൽ കൊള്ളുന്ന ഭിഷഗ്വാരന്മാർ അരങ്ങ് വാഴുന്ന നാട്ടിലാണ് സ്വന്തം വരുമാനം ഉപയോഗിച്ചുള്ള ഈ മഹാമനസ്കത കാട്ടൽ അദ്ദേഹം നടത്തിയിരുന്നത്. ഈ മഹാമനസ്കത കാട്ടുന്ന സമയത്ത് ആയിരങ്ങൾ ഫീസും വാങ്ങി സ്വകാര്യ ചികിത്സ നടത്തിയിരുന്നെങ്കിൽ ഡോ ഷാനവാസും കോടീശ്വര പദവിയിൽ എത്തിയേനെ. പക്ഷേ ഒരു നല്ല ഹൃദയത്തിന്റെ ഉടമയായതിനാൽ കോടീശ്വരനായില്ലെന്നതോ പോകട്ടെ, സ്വന്തം ജീവിതം പോലും ശരിക്ക് ജീവിക്കാൻ മറന്നു പോയ തീർത്തും ആർഭാടരഹിതമായ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു ഷാനവാസിന്റേത്.

പക്ഷേ എന്തുകൊണ്ടോ എന്നറിയില്ല, ഈ മഹാമനസ്കതക്കിടയിലും ആർഭാടരഹിത ജീവിതത്തിനിടയിലും നമ്മുടെ നാട്, നമ്മുടെ നാടിന്റെ ഭരണാധികാരികൾ അദ്ദേഹത്തിന് മനഃസ്സമാധാനം കൊടുത്തോ എന്നുള്ളത് വളരെ പ്രസക്തമായ ഒരു ചിന്താവിഷയമാണ്. 'പട്ടിയൊട്ട് പുല്ല് തിന്നുകയുമില്ല, പശുവിനെക്കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന് പറഞ്ഞത് പോലെയാണ് നമ്മുടെ ഭരണ-ഉദ്യോഗസ്ഥപ്രഭൃതികളുടെ നിലപാടുകൾ.

ആദിവാസികളെ സൗജന്യമായി ചികിത്സിക്കുന്നതോടൊപ്പം കൊള്ളലാഭം കൊയ്യുന്ന മരുന്ന് ലോബികൾക്കെതിരേയും  അനാവശ്യ 'ലാബ് ടെസ്റ്റു'കൾക്കെതിരെയും ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ കൊള്ളരുതായ്മകൾക്കെതിരേയും മറ്റും ശബ്ദമുയർത്തിയതിന്റെ പേരിൽ അധികാരികളാൽ നിരന്തരം വേട്ടയാടപ്പെട്ട് സ്വൈര്യവും സ്വസ്ഥതയും നഷ്ടപ്പെട്ട് മാനസിക സംഘർഷം പിടിപെട്ട ഒരവസ്ഥയിലൂടെയായിരുന്നു മരണത്തിന് മുന്നേയുള്ള കുറച്ച് കാലം അദ്ദേഹം പോയിക്കൊണ്ടിരുന്നത്.

ജില്ലാ ആരോഗ്യവകുപ്പ് മേധാവിയുടെ ചില അന്യായ ഇടപാടുകളെ തുറന്ന് കാട്ടിയതിന്റെ പേരിൽ ദൂരസ്ഥലത്തേക്ക് സ്ഥലം മാറ്റമായിരുന്നു അദ്ദേഹത്തിന് പ്രതിഫലമായിക്കിട്ടിയത്. ആരോഗ്യ വകുപ്പ് മേധാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ മേലാളരും ഷാനവാസിന് കൂച്ചുവിലങ്ങിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നീതിപൂർവ്വമായ ചികിത്സയിലൂടെ ചിലവ് കുറഞ്ഞ മരുന്നുകൾ നല്കുകയും അനാവശ്യമായ ലാബ്‌ ടെസ്റ്റുകൾ ഒഴിവാക്കുകയും ചെയ്യുക വഴി മരുന്ന്-ലാബ് ലോബികളുടെ ഹിറ്റ്‌ ലിസ്റ്റിൽ പെട്ട അദ്ദേഹത്തിനെതിരേ കള്ളക്കേസുകളുടെയൊരു കൂമ്പാരം സൃഷ്ടിക്കപ്പെട്ടിരുന്നു. മദ്യപിച്ച് ജോലിക്കെത്തിയെന്നും പറഞ്ഞ് അദ്ദേഹത്തിനെതിരെ കൊടുത്ത വക്കാലത്ത് കാരണം നിശ്ചയിച്ചുറപ്പിച്ച കല്യാണം പോലും മുടങ്ങിപ്പോയ അവസ്ഥ അദ്ദേഹത്തിനുണ്ടായി. ഷാനവാസിന്റെ ജനകീയതയിൽ അരിശം പൂണ്ട ഒരു പറ്റം ഡോക്ടർമാരും മേല്പറഞ്ഞ ലോബികളും അദ്ദേഹത്തിനെതിരേ പടവാളെടുത്തത്, ആദിവാസികളുടെ കണ്‍കണ്ട ദൈവത്തിന്റെ പല പ്രവർത്തികൾക്കും വിഘ്നം വരുന്ന അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇതിൽ ഖിന്നനായിരുന്ന ഷാനവാസിന് പലതിലും തുണയായത് കോടതി വിധികളായിരുന്നു.

പണക്കൊഴുപ്പിന്റെ പേരിൽ വിവരമില്ലാതെ തെണ്ടി നടന്ന് കോടികൾ മുടക്കി ക്ലാസ്സിൽ പോലും കയറാതെ സ്വാശ്രയമായും അല്ലാതെയും ഡിഗ്രികൾ കടലാസിൽ സമ്പാദിച്ച് ആതുര സേവനം എന്ന മേഖല കുട്ടിച്ചോറാക്കിയ ഭിഷഗ്വരന്മാരുടെ നാട്ടിൽ ഡോ ഷാനവാസ് തികച്ചും വ്യത്യസ്തനായിരുന്നു. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം സത്യസന്ധത കാണിക്കുകയും ആ ജോലിയുടെ സാമൂഹിക മഹത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയും ചെയ്ത കറകളഞ്ഞ സാത്വികൻ. ഇന്ന് കേരളത്തിലെന്നല്ല ഭാരതത്തിലാകമാനം ഡോക്ടർമാരുടെയടുത്ത് പോകാൻ ജനങ്ങൾക്ക് ഭയമാണ്. ഒരു മരുന്ന് ചീട്ട് എഴുതിയതിന്റെ പേരിൽ യാതൊരുളുപ്പുമില്ലാതെ ഏതൊരു പരമദരിദ്രന്റെ പക്കൽ നിന്നും ആയിരങ്ങൾ വാങ്ങാൻ മടിയില്ലാത്ത വർഗ്ഗമായി ഭിഷഗ്വരന്മാർ മാറിയിരിക്കുന്നു. ഒട്ടുമേ ചിന്തിക്കാതെ എല്ലാത്തിനും യന്ത്രങ്ങളെ ആശ്രയിക്കുന്ന. ജലദോഷത്തിന് പോലും സ്കാനിംഗും രക്തപരിശോധനകളും എക്സ്റേയും നിർദ്ദേശിക്കുന്ന വെറും ഏജന്റുമാരായും മരുന്ന് നിർദ്ദേശകരായും മാത്രം ഇന്നത്തെ വൈദ്യന്മാർ തരംതാണിരിക്കുന്നു. വെറും ഒരു പനിക്ക് നാലായിരത്തിന്റേയും അയ്യായിരത്തിന്റെയും ചിലവ് മരുന്നിനും കൂലിക്കും വേണ്ടി ഉണ്ടാകുന്നു. പണം ചിലവായാലും രോഗം മാറില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നു. തെറ്റായ രോഗ നിർണ്ണയങ്ങൾ കൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് പതിനൊന്നു വർഷത്തെ സാധാരണ ജീവിതമായിരുന്നു. ഇങ്ങനെയൊക്കെ എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

മാന്യമായ പണസമ്പാദനംഒരിക്കലും തെറ്റല്ല. സ്വന്തം ജീവിതം കളഞ്ഞ് ആരെയും നന്നാക്കണമെന്നും ആരും പറയുന്നില്ല. എന്നാലും അത്യാർത്തി മൂലം കാഴ്ച നഷ്ടപ്പെട്ടവനെപ്പോലെ പണം പണം എന്ന് മാത്രം ചിന്തിച്ച് നടക്കുന്ന ഡോക്ടർമാർ നാടിന് ശാപം തന്നെയാണ്. മരുന്ന് കമ്പനികളുടെയും ലാബുകളുടെയും ഏജന്റുമാരായി പ്രവർത്തിച്ച് അവനവന്റെ ഏഴും അതിലപ്പുറവും തലമുറകൾക്ക്‌ ജീവിക്കാനാവശ്യമുള്ള കാശ് സമ്പാദിക്കാൻ ഒരുമ്പെടുന്ന ഡോക്ടർമാരെ പച്ചക്ക് കത്തിച്ചില്ലെങ്കിലും അവരുടെ ഒരു വിരലെങ്കിലും ഒടിച്ച്, അവരെ പാഠം പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതോടൊപ്പം പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് കീശ വീർപ്പിക്കുന്ന മരുന്ന്-ലാബ്-രാഷ്ട്രീയ ലോബികൾക്കെതിരെയും ജനങ്ങൾ പടവാളെടുക്കേണ്ട കാലം വന്നെത്തിയിരിക്കുന്നു. ഈത്തരം സന്ദർഭത്തിൽ ആളുകൾ അറിയാതെ തന്നെ മാവോവാദികളും നക്സലൈറ്റുകളും ആയിപ്പോകും എന്നുള്ളത് മേലാളന്മാർ മനസ്സിലാക്കിയേ പറ്റൂ.

നേരായ രീതിയിൽ പ്രവർത്തിച്ചാൽ ഭിഷഗ്വരന്മാരെ ദൈവം (ദൈവമില്ലെങ്കിൽ പോലും)  പോലെ ആളുകൾ കണക്കാക്കും. ഡോ ഷാനവാസിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്‌. അദ്ദേഹത്തെ ആദിവാസികൾ ദൈവമായോ ദൈവദൂതനായോ അല്ലെങ്കിൽ അതിനും അപ്പുറമായോ കണ്ടു. അദ്ദേഹത്തിന്റെ മരണം ആദിവാസികൾക്ക് തീരാ നഷ്ടവും മരുന്ന്-ലാബ്-ഉദ്യോഗസ്ഥ-രാഷ്ട്രീയ ലോബികൾക്ക് ഒരു അനുഗ്രഹവുമായിരിക്കും. ഷാനവാസ് തുടങ്ങി വച്ച കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇനി എന്ത് സംഭവിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ എഴുതുന്ന എനിക്കും ഈ എഴുത്തിൽ കൂടുതൽ ചെയ്യാനാവുമോ എന്ന ശങ്കയുണ്ട്. അദ്ദേഹം തുടങ്ങി വച്ച കാരുണ്യപ്രവർത്തനങ്ങൾ തുടരാൻ ഒരു കൂട്ടായ്മ ഉണ്ടായേ പറ്റൂ. അതിൽ നല്ലവരായ പുതിയ ഷാനവാസുമാർ അണിചേരുമെന്ന് പ്രതീക്ഷിക്കാം. എന്നാലേ ഈ അകാലത്തിൽ പൊലിഞ്ഞു പോയ പൂവിന്റെ വാസന നമുക്ക് എന്നുമെന്നും നിലനിർത്താൻ പറ്റുകയുള്ളൂ. ഏത് മേഖലയിലും അർഹിക്കുന്നവരും കഴിവുള്ളവരും മാത്രം കടന്നു ചെല്ലട്ടെ.

*****

2015, ഫെബ്രുവരി 14, ശനിയാഴ്‌ച

പ്രണയസമസ്യ

പഠനകാലത്ത് പെണ്‍ സുഹൃത്തുക്കളാൽ ചിലർക്കുണ്ടായേക്കുന്ന അനുഭവങ്ങൾ.... ഒരു പ്രണയാഭ്യർത്ഥനയിൽ തുടങ്ങിയ ആ അനുഭവങ്ങൾ, ഒരുതരം വേറിട്ട രീതിയിലാവുമ്പോൾ അതിന് ഒരേ സമയത്ത് തന്നെ, ചിലപ്പോൾ മനസ്സിലാകുവാൻ പോലും പ്രയാസമാകും വിധം, പലതരം ഭാവങ്ങൾ കൈവരുന്നു, അനിർവ്വചനീയമായ വികാരങ്ങളുടെ പ്രവാഹങ്ങളുണ്ടാകുന്നു, ആ വികാരഭാവപ്രവാഹങ്ങളുടെ ഒഴുക്കിന്റെ ഗതിവിഗതികൾ, ആ ഒഴുക്കിന്റെ ഭാഗമായിട്ടുകൂടി സാമാന്യബോധത്തിന് അന്യമായി നിൽക്കുന്നു. അതിന് ഒരു സമസ്യാഭാവം കൈവരുന്നു.

ഇവിടെ നടക്കുന്നത്, ഒരു പെണ്ണുമായി നടക്കുന്ന അകാരണങ്ങളായ ചില കശപിശകളാണ്. ഉത്തരം കാണാൻ പറ്റാത്തതരത്തിലുള്ള ഗതിവ്യതിയാനങ്ങൾ ആ സംഭവത്തിനുണ്ടാകുന്നു. ആ സമസ്യയിലേക്ക് കേൾവിക്കാരായി / കാണികളായി നിങ്ങളെ ക്ഷണിക്കുന്നു; സംഭവം മനസ്സിലായില്ലെങ്കിൽ കയറിയിടപെട്ടുകളയല്ലേ  :) ആലാപനത്തിലെ സ്വരതാളശ്വാസവ്യതിയാനങ്ങളോട് സദയം ക്ഷമിക്കുക.
ശ്രീ


എന്തിനീ നാടകമഭിനയിക്കുന്നു നീ
പന്താടുന്നൂ തവ ജീവിതം കൊണ്ടഹോ
നോക്കൂ എന്റെ മുഖത്തേക്കൊന്നു നീ
നാശോന്മുഖമാം മമ ലോകൈക ജീവിതം

ചിന്തിക്കുന്നുണ്ടോ നീ എന്റെ പക്ഷം
ചന്തമാം ചിരി കൊണ്ടായില്ല ഒന്നും
ജീവിതമെന്നത്‌ മഹാസാഗരം സഖേ
പവിത്രമെന്നൊന്നിവിടെയൊന്നില്ലെടോ

കുറേക്കാലമായ് അളക്കുന്നെന്നെ നീ
നിർത്താറായില്ലേ നിന്റെയീ വിഭ്രാന്തികൾ
എന്തെടോ നിനക്കിങ്ങനെ തോന്നുവാൻ
ബുദ്ധിയില്ലേ നിനക്കെന്നോളമത്രയും

തീർക്കാം കെട്ടാം മാനസക്കോട്ടകൾ
തരാട്ടാം സ്വയം സ്വപ്നമാം തൊട്ടിലിൽ
ചങ്ങാത്തമാവാം ഒരുമിച്ചു കഴിയാം
മങ്ങാത്ത ലീലാവിലാസങ്ങളാവാം

ഒന്നുണ്ട് പക്ഷെ ചിന്തിക്കണം സഖേ
ഒക്കാത്തതൊന്നും ചേർക്കരുതൊരിക്കലും
തകർക്കരുതൊരിക്കലും സൃഷ്ടികർത്താക്കളെ
തീർക്കാം തീർപ്പുകൾ ഭാവനാ പൂരിതം

ചൊല്ലാം നിനക്ക് തുറക്കാം ചെപ്പുകൾ പക്ഷെ
വല്ലാതാവുമോ എന്നാണെൻ ഭയം
വേണ്ടാ ചോല്ലേണ്ടാ ഒന്നുമിങ്ങോട്ടിനി
മിണ്ടാതെയിരിക്കണം വരും കാലങ്ങളിൽ

ആശംസിക്കുന്നു ഞാൻ ഒരു മോഹന ജീവിതം
അർപ്പണം മംഗളം പൂക്കളായ് തോന്നണം
തോന്നരുതൊരിക്കലും നീരസം എന്നോട്
തീർക്കണം മാനസം ചിരിച്ചുകൊണ്ടെപ്പൊഴും

വേണ്ടതിന്നൊക്കെ പാപം ചെയ്യുന്ന ഞാൻ
വേണ്ടാത്ത ഭാരങ്ങൾ തലയിലേറ്റുമ്പൊഴും
ഓർത്തുപോയീ ഞാനെന്റെ വിവരിച്ച സാഹസം
ചീർത്തു പോയീ വശം പാപഭാരങ്ങളാൽ

പൊട്ടിക്കരഞ്ഞുപോയ്‌ അവളെന്റെ തോഴി
തിട്ടപ്പെടുത്തുവാൻ ഏറെയായ് ഗദ്ഗദം
അലിഞ്ഞുപോയീ മനം തുനിഞ്ഞിറങ്ങി ഞാൻ
അലകളാമടലുകൾ തട്ടി നിരത്തുവാൻ

കേഴുന്നൂ സഖേ നിൻ താപമോർത്തു ഞാൻ
പഴിക്കുന്നൂ സ്വയം വേണ്ടാസനങ്ങളാൽ
ഓർത്തില്ല ഞാൻ നിന്റെയീത്തരം ന്യൂനത
ഓർക്കാതെ ചെയ്തതാണീത്തരം ചെയ്തികൾ

പ്രിയനാം സുഹൃത്തിന്റെ വായ്ത്താരി കേട്ടു ഞാൻ
ചെയ്തൂ ഞാനന്നവന്റെമോ ദത്തിനായ്
എഴുതാനെനിക്കേറെ ഇഷ്ടമാണ് പക്ഷെ
എഴുതിനാൽ ഇതാദ്യമാണീത്തരം അനുഭവം

എന്തുമേ തരത്തിലാവട്ടെ നീ എന്നാലും
ചിന്തിക്കേണ്ടതാണാദ്യമേ തന്നെ ഞാൻ
വഴിയില്ല അറിയാൻ എനിക്കീ നിങ്ങളെ
വൈകിയെത്തിയ മൂഢനായ്പോയി ഞാൻ

ബലിയാടാണ് ഞാൻ തോഴീ നിന്റെ മുന്നിൽ
വലിഞ്ഞു കിടക്കുകയാണിന്നെന്റെ മാനസം
അനുഭവിക്കേണം എന്‍ മനം നീറണം
പനി പിടിക്കേണം എഴുന്നേക്കാതാവണം

ഒരുതരത്തിലും എനിക്കില്ല നീരസം
പരുക്കനാവാൻ കഴിയാതെയല്ല
വെറുതെ വിട്ടേക്കണം ഈ മഹാപരാധിയെ
വീഴ്ത്തരുതേ നീ ഒരുതരം കുരുക്കിലും

ചങ്ങാത്തമാവാം വീണ്ടും പഴയപോൽ
പങ്കിടാം കാലം പരിധി വച്ചെങ്കിലും
വേണ്ടാത്തതൊന്നും ചെയ്യില്ല മേലിനി
വേണ്ടതിന്നൊക്കെ ചെയ്യും പ്രതിവിധി

മിണ്ടാതിരിക്കുവാനാവില്ലൊരിക്കലും
മണ്ടുവാനോ ഛെ മോശമീ പുരുഷന്
മിണ്ടാതെ മണ്ടുന്നതിലേറെ ഭേദം
ചണ്ടാലസുതനായ്‌ ജനിക്കുന്നതത്രേ

പാവമാണ് ഞാൻ സുഹൃത്തേ ക്ഷമിക്കണം
ആവതാണെങ്കിൽ ചെയ്യാം പരിഹാരം
എഴുന്നേൽക്കൂ സഖീ കരയരുതൊരിക്കലും
പഴിക്കരുതെന്നെ ചിരിച്ചുകൊണ്ടെങ്കിലും

തിരിഞ്ഞു നോക്കീലവൾ നിന്നില്ല അറിയുവാൻ
തരിമ്പു പോലുമീ വിതുമ്പുന്ന മാനസം
തരിച്ചു നിന്നുപോയ് അറിയാതെ ഊഴിയിൽ
തിരിഞ്ഞു നടക്കുന്ന പെണ്ണിനെ നോക്കി ഞാൻ

വീണ്ടും കലങ്ങി മറിഞ്ഞു പോയ്‌ മാനസം
തീണ്ടി ഞാൻ വീണ്ടും അപരാധമാടുവാൻ
ഏറ്റെടുത്തു ഞാൻ അപരന്റെ സാഹസം
തേറ്റകൊണ്ടാഞ്ഞു നോവിച്ചു രസിക്കുവാൻ

പെരുമാറേണ്ടതീത്തരമല്ല സോദരീ
പരുക്കനായ്തന്നെ പിടിച്ച പിടികളാൽ
താഴുമ്പോൾ ഉയരുമെന്നുള്ള ദർശനം
താഴ്ത്തിക്കൊണ്ട് നീ വീഴ്ത്തുകയല്ലെടോ

അരിശം തീരുന്നിലെടോ വിറക്കുന്നൂ കരം
തരിക്കുന്നൂ മനം പൊട്ടിത്തെറിക്കുവാൻ
പരീക്ഷിക്കരുതെന്റെയുൾക്കാമ്പിനെ
പരിധി വിട്ടാൽ പിന്നെ അന്തമില്ലെന്നായിടും

നിലക്ക് നിന്നാൽ നല്ലതാണ് നിനക്ക -
ല്ലാതെ വന്നാൽ ചൊല്ലുന്നില്ല ഞാൻ
ഞെളിയുകവേണ്ടാ അത്രയ്ക്കൊന്നുമില്ലാ
തെളിയാതെയിരിക്കുന്നതാ നല്ലതീയെൻ മനം

അനുഭവമെനിക്കുണ്ട് എത്രയോയീത്തരം
ഇനിയത്തരം വേലകൾ വേണ്ടെന്നു വച്ചാലും
വിടില്ലല്ലോ എന്നെ നിന്നെപ്പോലുള്ളവൾ
വടിയെടുക്കണമെന്നതോ നിൻ മതം

ആവശ്യമെനിക്കില്ലീത്തരം പ്രകടനം
അവശ്യമാണെന്നു തോന്നുന്നു ഉത്തോലകം
പശപോലെ പറ്റിപ്പിടിപ്പിക്കണം നിന്നെ
മൂശയിൽ മാറ്റി വാർത്തെടുക്കേണമോ

ഖേദിക്കുന്നില്ലെടോ ഇപ്പൊഴീ മാനസം
പദങ്ങളാൽ തീർത്തു ഞാൻ തീരാത്ത ഭാരം
വേണ്ടതുതന്നെ നിനക്കീത്തരം ചെയ്തികൾ
വേണ്ടുന്നതൊക്കെയും വേണ്ടാതെയായ് വരും

മുണ്ഡനം ചെയ്യുന്നെന്മനം നിന്നെപ്പോലുള്ളവൾ -
ക്കണ്ഡം കണക്കാണ് പിണ്ടത്തിനത്രേ
പെണ്‍ബുദ്ധി പിൻബുദ്ധിയെന്ന വായ്ത്താരികൾ
വീണ്‍വാക്കുകളല്ലാതാക്കുന്നു നിങ്ങൾ

അല്ലയോ ബ്രഹ്മമേ തീർത്തു നീ ഞങ്ങളെ
ഇല്ലാത്ത ഭാവരസാങ്കങ്ങളാടുവാൻ
കുത്തിനോവിച്ചും ചിരിച്ചും കളിച്ചും
തത്തിക്കളിക്കുന്നു ജീവിതം ഭൂമിയിൽ

*****

2015, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ

ശ്രീ 

(കുറിപ്പ്:  ഇതൊരു ചെറുകഥയല്ല, ഇത്തിരി നീളക്കൂടുതലുണ്ട്. ഈ കഥയിലും ഞാനൊരു കഥാപാത്രമായി അവതരിക്കുന്നുണ്ടെങ്കിലും (അതെന്റെ ശൈലിയാകാം, അല്ലെങ്കിൽ കാല്പനികതയും സ്വാനുഭവങ്ങളും കൂടിക്കലരുമ്പോഴുണ്ടാകുന്ന അനിവാര്യതയുമാകാം), വിരസമാകില്ല എന്നെനിക്കുറപ്പുണ്ട്. ഈ കഥയിലെ കഥാപാത്രങ്ങൾക്ക്, ഇപ്പോൾ ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും സാമ്യമില്ല. അഥവാ സാമ്യം തോന്നുകയാണെങ്കിൽ, അത് തികച്ചും യാദൃശ്ചികമാണ്.)




1980 മെയ്‌ 5 തിങ്കളാഴ്ച ആണെന്നാണ് എന്റെയോർമ്മ. എനിക്കന്ന് കൃത്യം എട്ട് വയസ്സും ഇരുപത്തിനാല് ദിവസവും പ്രായം. ഞങ്ങൾ അച്ചാച്ഛന്റെ വീട്ടിൽ നിന്നും വേറൊരു വീട്ടിലേക്ക് താമസം മാറുകയാണ്. രാവിലെത്തന്നെ എല്ലാവരും കുളിച്ച് ഓരോരോ സാധനങ്ങളുമായി പുറപ്പെട്ടു. മൂന്ന് കിലോമീറ്റർ മാത്രമേ  ദൂരമുള്ളൂ എന്നത് കൊണ്ട് അച്ഛൻ, ഇളയച്ഛൻ, അച്ഛാച്ഛൻ, ഞാൻ,  എന്റെ മൂത്ത മച്ചുനൻ, രണ്ട് അനുജന്മാർ, അമ്മ, അമ്മയുടെ ഒക്കത്ത് ഒരു വയസ്സായ ഇളയ അനുജൻ എന്ന ക്രമത്തിലായിരുന്നു യാത്ര. ഓരോരുത്തരും പെട്ടികളും സഞ്ചികളും ഒക്കെ ആയിട്ട് തലയിലും കൈയ്യിലും ചുമലിലും, ആവുന്ന പോലെ സാധനങ്ങൾ എടുത്തിട്ടുണ്ട്. എന്റെ തലയിലൊരു സാമാന്യം വലുപ്പമുള്ള ഒരു പെട്ടിയും ഇളയച്ഛൻ രണ്ടു കസേരകളുമായിരുന്നു എടുത്തിരുന്നത്. മച്ചുനനാകട്ടെ, അമ്മയുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഇരുമ്പ് പെട്ടിയും. പോകുന്ന വഴിക്ക് തറവാട്ടമ്പലത്തിൽ കേറി തൊഴുത്‌ നെയ്യമൃത് സംഘത്തിന്റെ പ്രാതലും കഴിച്ചാണ് വീട്ടിൽ കേറിയത്.

തറവാട്ട് വീട്ടിൽ ഞാൻ മുന്നേ ഒന്ന് രണ്ട് തവണ അമ്മയുടെ കൂടെ വന്നിട്ടുണ്ട്, തറവാട്ടമ്പലത്തിൽ കറുകഹോമവും മൃത്യുഞ്ജയഹോമവും മറ്റും കഴിപ്പിക്കാൻ വരുമ്പോഴായിരുന്നു ആ വരവുകൾ... അന്നൊക്കെ, ഒരു കാട്ടുപ്രദേശത്തുള്ള, അടുത്തെങ്ങും വീടുകളില്ലാത്ത, ഒരു വീട്ടിൽ കയറുന്നത് പോലെയൊക്കെയേ തോന്നിയിട്ടുള്ളൂ. അമ്മ മുറികളൊക്കെ ഒന്ന് തൂത്ത് വാരി വൃത്തിയാക്കിയാൽ പിന്നെയും അച്ഛാച്ഛന്റെ വീട്ടിലേക്ക് പോകും. അതായിരുന്നു പതിവ്. പക്ഷേ ഇന്ന് മുതൽ ഞാൻ അവിടെ താമസിക്കുകയാണെന്ന് ഓർത്തപ്പോൾ പകച്ചുപോയി. എന്തിനാണ് എല്ല്ലാവരെയും വിട്ട് ഈ വീട്ടിലേക്ക് താമസം മാറ്റുന്നതെന്ന് ചോദിക്കാനൊന്നും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

ഒരു വലിയ പറമ്പ് മുഴുവൻ കാട്. വീടാണെങ്കിൽ ചാണകം തേച്ച്, ഓലമേഞ്ഞ്, ഇരുട്ട് പിടിച്ച്, മച്ചൊക്കെ ചിതല് പിടിച്ച് 'ഇപ്പൊ താഴെ വീഴും' എന്ന നിലയിലും. പാമ്പും കീരിയും പഴുതാരയും തേളും കുറുക്കനും മറ്റും പകൽ സമയത്തും പറമ്പിൽ വിരാജിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ഈ കാട് പിടിച്ച പഴയ തറവാട്ട് വീട്ടിലേക്കുള്ള മാറ്റം എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു. മാത്രവുമല്ല, എന്റെ മച്ചുനന്മാരെയും മച്ചുനിച്ചിമാരെയും,  അച്ഛമ്മ, അച്ചാച്ഛൻ എന്നിവരെയൊക്കെ വിട്ട് വരാൻ വല്ലാത്തെ മടിയായിരുന്നു. എങ്ങനെയെങ്കിലും തിരിച്ചു പോകണം എന്ന ആശ മനസ്സിൽ വല്ലാതെ കെട്ടിക്കിടന്നു.

ജൂണ്‍ രണ്ടിന് പുതിയ സ്കൂളിൽ മനസ്സില്ലാമനസ്സോടെ നാലാം തരത്തിൽ ചേർന്നു. എല്ലാവരും പുതിയവർ. എന്നെപ്പോലെ തന്നെ നാലാം തരത്തിൽ ആദ്യമായി ആ പള്ളിക്കൂടത്തിൽ ചേർന്ന പ്രമോദുമായി ഞാൻ പെട്ടെന്ന് ചങ്ങാത്തത്തിലായി. നന്നായി സംസാരിച്ച് ആരെയും പെട്ടെന്ന് കൈയ്യിലെടുക്കുന്ന സ്വഭാവക്കാരനായിരുന്നു പ്രമോദ് . വെളുത്ത്, സമാന്യം തടിച്ചുരുണ്ട് ഇത്തിരി നീളൻ മുടിയുമായി കുണുങ്ങി കുണുങ്ങി നടക്കുന്ന ഒരു സുന്ദര പ്രകൃതം. അത് കൊണ്ട് തന്നെ അവനെ കഥാ പ്രസംഗത്തിനും, നാടകാഭിനയത്തിനും മറ്റും സ്കൂളിൽ നിന്ന് തിരഞ്ഞെടുത്തു. പ്രമോദിന് പ്രായത്തിനെക്കാളും ബുദ്ധിയുണ്ടോ എന്നെനിക്ക്   തുടക്കത്തിലേ സംശയം ഉണ്ടായിരുന്നു. നന്നായി പഠിക്കുന്നത് കൊണ്ടും കലാപരിപാടികളൊക്കെ ഉള്ളതിനാലും അവനെ എല്ലാവർക്കും വല്യ കാര്യമായിരുന്നു. എനിക്ക് പ്രമോദും ദീപനും മാത്രമായിരുന്നു അടുത്ത കൂട്ടുകാർ, പക്ഷേ പ്രമോദിന് സ്കൂളിൽ എല്ലാവരുമായും നല്ല ബന്ധം ഉണ്ടാക്കാൻ പറ്റി. അപ്പുറത്തെ പെണ്‍പള്ളിക്കൂടത്തിലും അവന് ആരാധകരുണ്ടായി. എന്നാലും ഞങ്ങൾ മൂന്ന്‌ പേരായിരുന്നു കൂടുതൽ കൂട്ട്.

നാലാം ക്ലാസ്സ് പകുതിക്ക് വച്ച് നമ്മുടെ ക്ലാസ്സിൽ ഒരു പുതിയ കുട്ടി കൂടി വന്നു. ഷൈജു. അവൻ അതുവരെ സേലത്തായിരുന്നു പഠിച്ചിരുന്നത്. അവന്റെ കുടുംബം നാട്ടിലേക്ക് താമസം മാറ്റിയത് കൊണ്ട് അവനും ഞങ്ങളുടെ സ്കൂളിൽ എത്തി. സേലത്ത് പഠിച്ചത് കൊണ്ട് തമിഴ് അറിയുമെങ്കിലും മലയാളവും  അവന് നന്നായി വഴങ്ങുമായിരുന്നു. പ്രമോദ് അവനെ വലവീശിപ്പിടിച്ച് ഞങ്ങളുടെ കൂട്ടത്തിൽ ചേർത്തു.

ഇതിനിടെ എന്റെ കുഞ്ഞ് മനസ്സ് വേദനിക്കുന്ന കുറച്ച് സംഭവങ്ങൾ ഉണ്ടായി.

ഒരു ദിവസം ഉച്ചക്ക്, ആരോ കുടുംബത്തിൽ മരിച്ചെന്നും പറഞ്ഞ്, അമ്മ സ്കൂളിൽ വന്നു.

"ഞാനും അച്ഛനും ആട്ത്തേക്ക് പോവ്വ്വാണ്. വൈന്നേരം വെരുമ്പം നേരം ബഉം (വൈകും), അഓണ്ട് ക്ലാസ്സ് കയിഞ്ഞാ നേരെ അപ്പൂട്ട്യേട്ടന്റെ വീട്ടില് പോയിക്കോളണം, മടങ്ങി വെരുമ്പം കൂട്ടിക്കോളാം."

നാണം കുണുങ്ങിയായ എനിക്ക് പുതിയ ആൾക്കാരെ സമീപിക്കാനും പരിചയപ്പെടാനും മറ്റും വല്ലാത്ത സങ്കോചമായിരുന്നു. അത് കൊണ്ട് തന്നെ ഞാനാകപ്പാടെ ഒരു പരവേശത്തിലായി. ബന്ധുവീട്ടിൽ പോകാതിരിക്കാൻ വഴി ആലോചിച്ചപ്പോഴാണ് അച്ഛാച്ഛന്റെ അടുത്ത് പോയാലോ എന്ന് മനസ്സ് പറഞ്ഞത്. ഗുരുവായ പ്രമോദും അത് ശരി വച്ചു. അവസാനം ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാനാരോടും പറയാതെ നേരെ അച്ഛാച്ഛന്റെ അടുത്തേക്ക്   വച്ചുപിടിച്ചു,  ആരോടും പറയാതെയാണ് ഞാനവിടെ എത്തിയതെന്ന് അറിഞ്ഞപ്പോൾ അച്ചാച്ഛൻ പരിഭ്രാന്തനായി. അച്ഛാച്ഛൻ എന്റെ മൂത്ത മച്ചുനനെ വീട്ടിലേക്ക് പറഞ്ഞയച്ചു. എന്നോട് അവന്റെ കൂടെ പോകാൻ പറഞ്ഞെങ്കിലും ഞാൻ പോയില്ല. കുറേ ദിവസം കഴിഞ്ഞ് ആ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. മച്ചുനൻ എന്റെ വീട്ടിലെത്തുമ്പഴേക്കും അവിടെ സംഗതി പൊടിപൂരം ആയിരുന്നു. മടങ്ങിയെത്തിയ അച്ഛനും അമ്മയും അയൽക്കാരും എനിക്ക് വേണ്ടി പരതലോട് പരതലാണ്‌. അവർ തോട്ടിലും കുളത്തിലും കിണറിലും ഒക്കെ പരതി, എല്ലാവരോടും ചോദിച്ചു. പക്ഷെ ആർക്കും ഒരു വിവരോം ഇല്ല. അങ്ങനെ അന്ധാളിച്ച് ഇരിക്കുമ്പഴാണ് മച്ചുനൻ അവിടെ എത്തിയത്. എന്തായാലും പിറ്റേന്ന് എനിക്ക് കിട്ടിയ അടിക്ക് കണക്കുണ്ടായിരുന്നില്ല. സ്കൂളിൽ നിന്നും കിട്ടി വേണ്ടുവോളം. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാനും കരുതിയിരുന്നില്ല. പക്ഷേ പരക്കെ അടി കിട്ടിയതിന്റെ ദേഷ്യം ഞാൻ മനസ്സിൽ കുറിച്ചു വച്ചു.

അങ്ങനെയിരിക്കേ 'സ്കൂൾ എക്സ്കർഷൻ' വന്നു. മൂന്ന് രൂപാ മാത്രമേ കൊടുക്കേണ്ടതുള്ളൂ എങ്കിലും അച്ഛൻ എന്നെ വിട്ടില്ല. എന്നെ കൂടാതെ ബാക്കി എല്ലാവരും പഠന യാത്രക്ക് പഴശ്ശി പ്രൊജക്ടിൽ പോയി, ഞാൻ  മാത്രം ക്ലാസ്സിൽ ബാക്കിയായി. എനിക്ക് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല ആ സംഭവം. പ്രമോദ് എന്റെ പൈസ എടുക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ഈ സംഭവവും എന്റെ മനസ്സിലെ നെരിപ്പോടിൽ ഒരു കനലായി ഞാൻ കരുതി വച്ചു.

വേറൊരു സംഭവം എന്റെ എന്റെ തലമുടി വെട്ടലായിരുന്നു. അച്ഛാച്ഛന്റെ കൂടെയായിരുന്നപ്പോൾ, 'വാടാ.. കുടുമ മുറിക്കാം' എന്നും പറഞ്ഞ് അച്ഛാച്ഛൻ നമ്മുടെയൊക്കെ തലമുടി വെട്ടിക്കാൻ അച്ഛാച്ഛന്റെ കൂട്ടുകാരനായ ഒരു വയസ്സൻ ബാർബറിന്റെയടുത്ത് കൊണ്ടുപോകുമായിരുന്നു. പക്ഷേ പുതിയ വീട്ടിലെത്തിയപ്പോൾ അച്ഛൻ തന്നെ കത്രികയെടുത്ത് എന്റെയും അനിയന്മാരുടെയുമൊക്കെ മുടി വെട്ടാൻ തുടങ്ങി. അച്ഛൻ മുടി മുറിച്ചാൽ, തലയിൽ ഒരു ചട്ടി കമഴ്ത്തി വച്ചാൽ എങ്ങനെയിരിക്കുമോ അതുപോലിരിക്കുന്നതിനാൽ, എനിക്ക് ആ മുടി വെട്ടൽ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ബാക്കിയെല്ലാ ചങ്ങാതിമാരും 'ബച്ചൻ കട്ടും' 'സ്റ്റെപ്പ് കട്ടും' ഒക്കെ ചെയ്ത് സുന്ദരന്മാരായിരിക്കുമ്പോൾ ഞാൻ മാത്രം, എലി കരണ്ടപോലുള്ള തലയുമായി സ്കൂളിൽ പോകണം.  'തൈക്കുണ്ടി'ൽ (തെങ്ങിന് വേണ്ടി വെട്ടിയ ആഴമുള്ള തടം) ഇരുന്നുകൊണ്ട് മുടി വെട്ടിയിട്ട് അച്ഛൻ പോയാൽ ഞാൻ അവിടെയിരുന്ന്, അന്നെനിക്കറിയാമായിരുന്ന എല്ലാ വൃത്തികെട്ട പദപ്രയോഗങ്ങളും അച്ഛനെതിരേ ഉപയോഗിക്കുമായിരുന്നു. ഇത് കാണുമ്പോൾ, എന്റെ അനുജൻ 'ഇപ്പൊ അച്ഛനോട് പറയും' എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും ഇങ്ങനെ വൃത്തികെട്ട് മുടി മുറിച്ച എന്റെ തല, എങ്ങനെ നാട്ടുകാരെ കാണിക്കും എന്ന നൊമ്പരചിന്തയിലായിരുന്നു ഞാൻ.

ഇങ്ങനെയുള്ള കൊച്ചു കൊച്ചു നീരസങ്ങൾ എന്റെ മനസ്സിൽ കൂടിക്കൂടി വന്നു. കൂടാതെ ചെരുപ്പില്ല, വീട്ടിൽ കറണ്ടില്ല, ക്ലോക്കില്ല, റേഡിയോ ഇല്ല, ആകെയുള്ളത് രണ്ട് ഷർട്ടുകൾ, മിട്ടായി വാങ്ങാൻ പൈസ തരില്ല എന്നൊക്കെയുള്ള കുറേ ആവലാതികളും എന്റെ കൂടെ എല്ലായ്പ്പോഴുമുണ്ടായി. പച്ചക്കറിക്ക് വെള്ളം നനക്കണം, വീട്ടിലെ മറ്റ് ജോലികൾ ചെയ്യണം, ചാണകം വാരണം അങ്ങനെ പല പല വിഷമങ്ങൾ !എങ്ങനെയെങ്കിലും ആ ദുരിതത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. സ്കൂളിലെത്തിയാൽ, ഈ വിഷയങ്ങളൊക്കെ ഗൌരവമായി വീക്ഷിക്കുന്ന പ്രമോദ് അടുത്ത് വന്നിരുന്ന് സമാധാനിപ്പിക്കും. ഷൈജുവിന് അവന്റെ അച്ഛനുമായി എന്തോ ദേഷ്യമുണ്ട്. "നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം, ഞാൻ ചിലതൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്"  എന്നൊക്കെ പറയും. ദീപന് വീട്ടിൽ വലിയ പ്രശ്നങ്ങളൊന്നും ഇല്ല. പ്രമോദിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ഞങ്ങളാരും ചോദിച്ചതുമില്ല. അവൻ ഞങ്ങളുടെ 'ലീഡറ'ല്ലേ? ലീഡർക്ക് എന്ത് വിഷമം !

അവനെ എങ്ങനെ ഞങ്ങളുടെ ലീഡറാക്കാതിരിക്കും? പ്രമോദ്, ഒരു ദിവസം ക്ലാസ്സിൽ വച്ച് റബർ ബാൻഡ് കയ്യിൽ കുടുക്കി നാണുമാഷിന്റെ തലയിലേക്ക് കടലാസ് അമ്പ് തൊടുത്തു. മാഷ്‌ കണ്ടത് എന്റെ കൈയ്യിലെ റബർ ബാൻഡായിരുന്നു. ഞാൻ ഇരുന്ന ഇരുപ്പിൽ മൂത്രം ഒഴിച്ചുപോകുന്ന അവസ്ഥ. "ആരാടാ അമ്പെയ്തത്" എന്ന് നാണു മാഷ്‌. എന്നോട് എഴുന്നേക്കാൻ പറഞ്ഞു. പക്ഷേ ഉടനെ തന്നെ പ്രമോദ് "മാഷേ ഞാനാണ്" എന്ന് പറഞ്ഞ് എഴുന്നേറ്റത് കൊണ്ട്, ഞാൻ മൂത്രമൊഴിക്കാതെയും അടികിട്ടാതെയും രക്ഷപ്പെട്ടു. അവന് അടി കിട്ടിയെങ്കിലും അവനോട് എന്റെ മനസ്സിൽ ഒരു ആരാധന ഉടലെടുത്തിരുന്നു. എന്റെ പ്രശ്നങ്ങൾക്കെല്ലാം പ്രമോദിന്റെ വക പരിഹാരം ഉണ്ടാകുമെന്ന ചിന്ത എന്നിലുടലെടുത്തു.

പ്രമോദ് അങ്ങനെ നമ്മളുടെയൊക്കെ ഹീറോ ആയി വിളങ്ങി നിൽക്കുകയാണ്. അവൻ പല പല സംഭവങ്ങളും വീര കഥകളും വിവരിക്കും. നമ്മൾ അതൊക്കെ കേട്ടു നിൽക്കും. അവൻ, ഫൂലൻ ദേവിയും മാൻസിംഗുമൊക്കെയുൾപ്പെടുന്ന ചമ്പൽ കൊള്ളക്കാരെപ്പറ്റിയും കായംകുളം കൊച്ചുണ്ണിയെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിച്ച് അവരെ ഞങ്ങളുടെ ആരാധനാ പാത്രങ്ങളാക്കി മാറ്റി. ഇവന് ഇത്രയൊക്കെ വിവരമോ എന്നൊക്കെ ആലോചിച്ച് ഞാനും ദീപനും താടിക്ക് കൈ കൊടുത്ത് അത്ഭുതപ്പെട്ടിരിക്കും. സിനിമാക്കഥകളിലും അവന് നല്ല അറിവായിരുന്നു. ജയൻ, ജയഭാരതി, ഷീല, നസീർ, എം. ജി. ആർ, അമിതാബ് ബച്ചൻ എന്നിവരെ ക്കുറിച്ചും സിനിമാഭിനയത്തെ ക്കുറിച്ചും അവൻ ഉച്ചയ്ക്കുള്ള ഇടവേളകളിൽ നമുക്ക് ക്ലാസ്സെടുക്കും. നമുക്ക് എല്ലാവരാലും അറിയപ്പെടുന്ന ആളുകളാവണം എന്നതായിരുന്നു അവന്റെ ഫിലോസഫി. തമഴ് സിനിമകളൊക്കെ കണ്ട് പല പല സ്റ്റൈലുകളും വശമായിരുന്നതിനാൽ ഷൈജുവും സിനിമാ ക്ലാസ്സിൽ പ്രമോദിനെ സഹായിക്കാറുണ്ടായിരുന്നു. ഈ സമയത്തൊക്കെ മറ്റു കുട്ടികൾ, അതിലേ ഇതിലേ ഓടിയും അടുത്തുള്ള വെള്ളച്ചാലിൽ നിന്ന് 'ബാലൻ പേക്കനെ' (വാൽമാക്രിയെ) പിടിച്ചും കളിക്കുകയായിരിക്കും.

ജില്ലാ കലോത്സവത്തിന് മലയാളം കൈയ്യെഴുത്തിന് എന്നെയും രാജൻ മാഷെഴുതിയ ഒരു പാട്ട്, ആംഗ്യപ്പാട്ട് രൂപത്തിൽ അവതരിപ്പിക്കാൻ പ്രമോദിനേയും രാജൻ മാഷ്‌ കൂട്ടിക്കൊണ്ടുപോയി. നല്ലൊരു പാട്ടായിരുന്നു രാജൻ മാഷ് എഴുതിയത്. എന്റെ ഓർമ്മയിലെ ആ പാട്ട് ഇവിടെ കുറിക്കാം.

"പണ്ടൊരു ദിവസം ചങ്ങാതീ
മണ്ടേങ്കാവിൽ പോയപ്പോൾ
ചെണ്ടക്കാരൻ വച്ചു തകർത്തു
അടിതട ഇടിതട അമ്പട വമ്പട
അമ്പലനടയിൽ പട പട തകൃതോം
തകൃതോം തകൃതോം തരികിട തകൃതോം

ആന വരുന്നേ ചങ്ങാതീ
വമ്പൻ കൊമ്പൻ ചങ്ങാതീ
പന്തലിലുയർന്നൊരു വെട്ടത്തിൽ
കൊമ്പുകുലുക്കി നിൽപ്പുണ്ടേ
-----------
-----------
പോട്ടീയമിട്ടുകൾ ഡിം ഡിം ഡിഡിംഡിം
പൊള്ളലേറ്റോരാന വിരണ്ടു മണ്ടി
എല്ലാരുമെല്ലാരുമോടി മറയവേ
വല്ലാതെ പേടിച്ച് ഞാനുമങ്ങോടിനാൻ"

ഞങ്ങൾക്ക് രണ്ടുപേർക്കും മൂന്നാം സ്ഥാനം കിട്ടിയെങ്കിലും അതിലും വലിയൊരു സംഭവം പ്രമോദവിടെ ഒപ്പിച്ചിരുന്നു. രാജൻ മാഷുടെ സുഹൃത്തായ ഒരു മാഷുടെ അഞ്ചാം ക്ലാസ്സുകാരിയായ സുന്ദരിയായ മകൾ അവിടെ പാട്ടുമാൽസരത്തിന് വന്നിരുന്നു. എങ്ങനെയാണെന്നറിയില്ല, പക്ഷേ എന്തൊക്കെയോ അഭിനയിച്ച് കാണിച്ചും, വാക് ചാതുരി കൊണ്ടും, അവൾ പ്രമോദിന്റെ കൂടെത്തന്നെയായി. അവരുടെ കളികൾ ഒരു പൊട്ടനെപ്പോലെ ഞാൻ നോക്കിനിന്നു. വൈകുന്നേരം, തിരിച്ചു വരാറായപ്പോൾ ഒരു കടലാസിൽ എന്തോ എഴുതി അവൾക്ക് കൊടുത്തിട്ടാണ് അവൻ രംഗം വിട്ടത്. തിരിച്ചു വരുമ്പോൾ ചോദിച്ചപ്പഴാണ് പറഞ്ഞത്, അവനെഴുതിയത് 'I Love You' എന്നായിരുന്നത്രേ. എനിക്കൊരു പുതിയ അറിവായിരുന്നു ആ സംഭവം.

അങ്ങനെ സംഭവബഹുലമായ ഞങ്ങളുടെ നാലാം ക്ലാസ് ജീവിതം കടന്നു പോയി. അവധി ദിനങ്ങൾ കഴിഞ്ഞ് വീണ്ടും സ്കൂൾ തുറന്നു. ഞങ്ങളൊക്കെ അഞ്ചാം ക്ലാസ്സിലെത്തി. നാലാം ക്ലാസ്സിൽ നാണുമാഷോട് 'ഹാജർ' പറയണമായിരുന്നെങ്കിൽ ഇനി അഞ്ചാം ക്ലാസ്സിൽ രാജൻ മാഷോട് 'പ്രസന്റ് സാർ' എന്ന് പറയണം. ഇനി മുതൽ കടലാസ് പെൻസിലിന് പകരം പേന ഉപയോഗിക്കാം. നാലാം ക്ലാസ്സ് സമയത്ത് സ്ഥിരം മൂത്രമൊഴിച്ചിരുന്ന തെങ്ങ് ഉണങ്ങിപ്പോയിരിക്കുന്നു. രണ്ട് മാസം മൂത്രം കിട്ടാത്തതിനാലാണ് ഉണങ്ങിപ്പോയതെന്ന് ഷൈജു അഭിപ്രായപ്പെട്ടു. പക്ഷേ അതിലും വലിയ മാറ്റം കണ്ടത് പ്രമോദിലായിരുന്നു.

നാലാം ക്ലാസ്സിലേത് പോലെ ഇടവേളകളിലെ ഞങ്ങളുടെ ഇരിപ്പ്, ഒന്നുകിൽ ചെങ്കല്ല് കൊത്തിക്കൊത്തിയുണ്ടായ കപ്പണക്കുളത്തിലോ അല്ലെങ്കിൽ, സ്കൂളിന് കിഴക്ക് വശത്തുള്ള തറയോട് ചേർന്ന് ചരിഞ്ഞ് വളർന്നു പൊങ്ങിയ വരിക്കപ്ലാവിന്റെ ചുവട്ടിലോ ആയിരിക്കും. ഈ സ്ഥലങ്ങളിൽ ഇരിക്കുമ്പോൾ ആരും കാണില്ല എന്നത് ഞങ്ങളുടെ സ്വകാര്യത സൂക്ഷിച്ചു.  ഈ തവണ, പ്രമോദ് കൂടുതൽ കൂടുതൽ കാര്യങ്ങൾ പറയാൻ തുടങ്ങി. അവൻ മൂന്നാം ക്ലാസ്സിലായിരുന്നപ്പോ തൊട്ടപ്പുറത്തെ നാലാം ക്ലാസ്സിലെ പെണ്‍കുട്ടിയുടെ പാവാട, ക്ലാസ്സുകൾ വേർതിരിക്കുന്ന 'ഹാർഡ് ബോർഡ്' ചുവരിന്റെ അടിയിൽക്കൂടെ അവളറിയാതെ പൊക്കിയതും, പെണ്‍കുട്ടികളുടെ മൂത്രപ്പുരയുടെ മതിലിൽ കയറി ഒളിഞ്ഞു നോക്കിയതും, അവന്റെ വീട്ടിൽ വിരുന്നിന് വന്ന് രാത്രി താമസിച്ച നവദമ്പതികളുടെ ചേഷ്ടകൾ വർണ്ണിച്ചും മറ്റും അവൻ വിവരിച്ചത് കേട്ട് ഞങ്ങളൊക്കെ അന്തം വിട്ടു നിന്നു. ഇതുപോലെ എത്രയെത്ര പുതിയ വിവരങ്ങൾ പ്രമോദ് ഞങ്ങൾക്ക് തന്നിരിക്കുന്നു!  മാത്രവുമല്ല, ഞങ്ങളൊക്കെ ഈ ലോകത്തെ സംഭവങ്ങളൊന്നും അറിയാത്ത വെറും പമ്പര വിഡ്ഢികളാണെന്നും തോന്നിപ്പോയി. പുതിയ അറിവുകൾ ഓരോന്നായി കേട്ടു കേട്ട് ഞങ്ങളൊക്കെ സ്വപ്നലോകത്തെന്ന പോലെയുള്ള ചിന്തകളിൽ പെട്ട് കോരിത്തരിക്കാറുണ്ടായിരുന്നു.

ഞങ്ങളുടെ സ്കൂളിന്റെ തൊട്ടപ്പുറത്തെ പെണ്‍പിള്ളേരുടെ സ്കൂളിൽ എപ്പോഴും ഒരു കണ്ണ്  നട്ടിട്ടാണ് പ്രമോദിന്റെ ഇരുപ്പും നടപ്പുമെല്ലാം. ഞങ്ങളോടെല്ലാവരോടും ആ സ്കൂളിലെ ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നതായിട്ട് സങ്കല്പ്പിക്കാൻ അവൻ ആവശ്യപ്പെട്ടു. ഭാവിയിൽ ഉപകാരപ്പെടാൻ ആണത്രേ. അവരെ സ്വാധീനിക്കാൻ / 'ഇംപ്രസ്സ്' ചെയ്യാൻ, അവൻ പല അടവുകളും പ്രയോഗിക്കും. ഒരു ദിവസം, പ്രമോദ് ഷൈജുവിനോട് അവരുടെ മുന്നിൽ ഒരു നൃത്തം ചെയ്യാൻ പറഞ്ഞു. അതിലിടയ്ക്ക്, അവന്റെ രണ്ട് പെങ്ങന്മാരടക്കം കുറച്ച് പെണ്‍പിള്ളാരെ പ്രമോദ് നമ്മുടെ പ്ലാവിൻ ചുവട്ടിൽ എത്തിച്ചിരുന്നു. അവനങ്ങനെയാണ്. വല്ലാത്തൊരു 'കമാന്റിംഗ് പവർ'  അവനുണ്ടായിരുന്നു. ആദ്യം മടിച്ചെങ്കിലും, പ്രമോദ് ഒരു തവണ കൂടി ആവശ്യപ്പെട്ടപ്പോൾ ഷൈജു ഒരു തമിഴ് പാട്ട് പാടി ചുവട് വച്ചു. വരികൾ ഏകദേശം ഇങ്ങനെ ആയിരുന്നു:

"ണാണ്ടാ ഗപ്പുണ്ടാ നല്ല മുത്ത് വാളാ
വെള്ളിപ്പറമ്പെടുത്താ വാടാ പോടാ
ഡിഷ്‌ക പോടാ പോടാ... ഡിഷ്‌ക പോടാ..."

പ്രമോദ് ചില കാര്യങ്ങൾ മുൻകൂട്ടി കാണുമായിരുന്നു. ഒരിക്കൽ കണക്കിന്റെ ക്ലാസ്സ് പരീക്ഷക്ക് അവൻ ക്ലാസ്സിൽ വന്നില്ല. അടുത്ത ദിവസം അവനു വേണ്ടി പ്രത്യേകം പരീക്ഷ ഉണ്ടായിരുന്നു. ചോദിച്ച ചോദ്യങ്ങൾ രാവിലെത്തന്നെ എന്നോട് ചോദിച്ചു. ഞാൻ എനിക്കോർമ്മയുള്ള എല്ലാ ചോദ്യങ്ങളും അവനു പറഞ്ഞു കൊടുത്തു. ഫലം വന്നപ്പോ, അവന് ഇരുപത്തഞ്ചിൽ ഇരുപത്തഞ്ച്, എനിക്ക് ഇരുപത്തിരണ്ട്. മനപ്പൂർവ്വമാണ് അവൻ പരീക്ഷക്ക് വരാതിരുന്നത് എന്ന് പറഞ്ഞപ്പോഴാണ് അവന്റെ ബുദ്ധിയുടെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത്.

അങ്ങനെയിരിക്കേ ഒരു ദിവസം, അവൻ സ്കൂളിൽ ഒരു സിഗരറ്റ് പെട്ടി കൊണ്ട് വന്നു. അതിൽ രണ്ടു സിഗരറ്റുകൾ ഉണ്ടായിരുന്നു. വീട് അടുത്തായിരുന്നത് കൊണ്ട് ഉച്ച ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ വേഗം തിരിച്ചു വന്നു. നമ്മൾ നാല് പേരും കപ്പണക്കുളത്തിൽ ഒത്തുകൂടി. സിഗരറ്റ് വലിക്കാൻ അവൻ ഞങ്ങളെ നിർബന്ധിച്ചു. സിനിമയിലൊക്കെ അഭിനയിക്കണമെങ്കിൽ സിഗരറ്റ് വലിക്കാൻ പഠിക്കണം, കള്ള് കുടിക്കാൻ പറ്റണം, ഹിപ്പി മുടി ഉണ്ടാവണം, പെണ്‍പിള്ളാരെ നോക്കാനും അവരെ കമന്റടിക്കാനും പഠിക്കണം, നാണം ഉണ്ടാവരുത് എന്നൊക്കെ അവൻ പറഞ്ഞു. ലോക പരിചയം ഉള്ള ഷൈജുവും അത് ശരി വച്ചു.

എന്നാലും സിഗരറ്റ് വലിക്കാൻ എനിക്കും ദീപനും മടി. പ്രമോദ് ഒന്നെടുത്തു കത്തിച്ചു. എന്നിട്ട് 'കൂളാ'യി ഒരു പുകയെടുത്ത് ഉള്ളിലേക്കിറക്കി, പിന്നെ കാള മൂക്ക് ചീറ്റുന്ന പോലെ മൂക്കിലെ രണ്ട് ദ്വാരങ്ങളിലൂടെയും പുക വരുത്തി ഞങ്ങളെ വിസ്മയിപ്പിച്ചു. പിന്നെ ഷൈജു ഒരു പുകയെടുത്ത് വായിൽക്കൂടിത്തന്നെ പുക ഒരു വര പോലെ പുറത്ത് വിട്ടു. ദീപനും ഞാനും വലിച്ചില്ല. ധൈര്യം കിട്ടിയില്ല എന്നതാണ് ശരി. എന്നാലും എപ്പഴെങ്കിലും ഒന്ന് വലിച്ചു നോക്കാൻ അത് മനസ്സിനെ ഒന്ന് പാകപ്പെടുത്തിയെന്നതാണ് ഒരു ഗുണമുണ്ടായത്!

വീട്ടിൽ അച്ഛൻ ദിനേശ് ബീഡി വലിച്ചിരുന്നു. വീട്ടിൽ വരുന്ന അധിക പുകവലിക്കാരും ദിനേശ് ബീഡിയാണ് വലിച്ചിരുന്നത്‌. ഒരു ദിവസം കൈക്കോട്ട് പണിക്കു വന്ന കുമാരേട്ടനും എന്റെ കള്ളുകുടിയനായ അമ്മാവനും കൂടി സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

കുമാരേട്ടൻ: "ഞാൻ 'സാധൂ' ന്റെ ആളാ. ദിനേശന് പൈശേം ആധികാ, മാത്രോല്ലാ അയിന് ഒരു രസോം ഇല്ല"

അമ്മാവൻ: "ഒന്ന് പോടോ, അഅ് ഞീ ഒരിക്കേം ബലിക്കാത്തോണ്ടാ, ഒന്ന് ബലിച്ച് നോക്ക്"

ഈ സംസാരം എന്നെ ബീഡിയുടെ രുചി എന്താണെന്നറിയാനുള്ള ഒരു താല്പര്യം ജനിപ്പിച്ചു. പ്രമോദ് സ്കൂളിൽ കൊണ്ടുവന്ന സിഗരറ്റും മനസ്സില് കിടപ്പുണ്ട്. സ്കൂളില്ലാത്ത ഒരു ദിവസം ഉച്ച കഴിഞ്ഞ സമയം. വീട്ടിൽ ആരുമില്ല. അമ്മ തുണികൾ അലക്കുകയാണ്. അമ്മാവൻ ജനാലയുടെ മുകളിൽ വച്ച ദിനേശ് ബീഡിയുടെ കെട്ട് ഞാൻ കണ്ടു. ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം ഒരു ബീഡിയെടുത്ത് പതുക്കെ വീട്ടിലെ ഗുരുകാരണവ-പരദേവതാ സങ്കൽപമുറി (വീട്ടിലെ കോവിലാണ് ഈ മുറി. സ്ത്രീകൾ ഈ മുറി തുറക്കാൻ പാടില്ല. വർഷത്തിൽ ഒരിക്കൽ 'ഇളനീർ കൊത്തിവെപ്പ്' എന്ന ചടങ്ങിന് മാത്രമേ ഈ മുറി തുറക്കുകയുള്ളൂ.) യുടെ മുന്നിലുള്ള, ഞാൻ പഠിക്കുന്ന മുറിയിലെത്തി വാതിലടച്ചു. പിന്നെ ബീഡി കത്തിച്ച് ഒന്ന് പുകച്ചു. പുക അകത്തെടുത്തതും ചുമച്ചു പോയി. ആ സമയത്ത് തന്നെയായിരുന്നു അമ്മ ഉണങ്ങിയ തുണികൾ അകത്ത് കൊണ്ട് വെക്കാൻ വേണ്ടി വന്നത്. ആരുമില്ലാതിരുന്ന സമയത്ത് ബീഡിയുടെ മണം കിട്ടിയപ്പോൾ അമ്മ ഉച്ചത്തിൽ പറയാൻ തുടങ്ങി:

"ആരാ ഇവിടെ, ആരാ ഇവ്ടെ വന്നേ"

ഞാനൊന്നും മിണ്ടിയില്ല. അമ്മ മണം പിടിച്ച് പിടിച്ച് എന്റെ വാതിലിന് മുട്ടാൻ തുടങ്ങി. ഞാൻ വാതിൽ തുറന്നു.

"ആരാ ഇവ്ടെ വന്നേ, ആരാ ബീഡി വലിച്ചേ? "
"ഇപ്പം  കുമാരേട്ടൻ വന്നിനേനു. അവര് വലിച്ചതാ"
"ഇവ്ടെ വാ, നിന്റെ വായി കാണിക്ക്"

മുഖത്തിരു വശത്തും, തലക്കും പുറത്തും ഒക്കെയായിട്ട് അമ്മയുടെ കൈ വീഴാൻ താമസമുണ്ടായിരുന്നില്ല.

"അച്ഛൻ വരട്ടെ, അപ്പോ കാണാം"

അതപകടം ആണെന്നറിഞ്ഞത് കൊണ്ട് ഞാൻ കെഞ്ചി:

"അയ്യോ.. ബേണ്ടമ്മേ... ഇനി ഞാനൊരിക്കേം ബീഡി വലിക്കൂല, സത്യം"
"എന്നാ, ഈ കാരണോന്മാരുടെയും പരദേവതയുടെയും മുമ്പിൽ സത്യം ചെയ്യ്‌"

പറയേണ്ട താമസം, ഞാൻ പരദേവതയുടെ പടിക്കൽ സ്രാഷ്ടാംഗം വീണു. എന്നിട്ട് ഉച്ചത്തിൽ അമ്മ കേൾക്കാൻ ഞാനൊരിക്കലും പുകവലിക്കില്ലെന്ന് സത്യം ചെയ്തു.

"ഇനി ഞാനൊരിക്കേം വീട്ടീന്ന് പുക വലിക്കൂല്ല. അഥവാ വലിക്കേണ്ടി വന്നാൽ എന്നെ രക്ഷിക്കണം" എന്നായിരുന്നു അപ്പോഴും മനസ്സിലുണ്ടായിരുന്നതെന്നത് വേറെ കാര്യം.

അതോടെ അമ്മ പോയി, എന്റെ ശ്വാസം നേരെയാവുകയും ചെയ്തു. വിശാലമായ പറമ്പിൽ പോയി ആരും കാണാതെ പുകവലിക്കാൻ ഓർമ്മ വരുത്താത്ത എന്റെ ബുദ്ധിയോട് എനിക്ക് തന്നെ പുച്ഛം തോന്നി. ഈ വിവരം അടുത്ത സ്കൂൾ ദിവസം തന്നെ പ്രമോദുമായി പങ്കിട്ടു. അവനെന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു.

"യു ആർ സെലക്റ്റഡ്"

എന്റമ്മേ, ഞാൻ ഞെട്ടിപ്പോയി. ഞാൻ ഒന്ന് പകച്ച്, അവനെത്തന്നെ നോക്കുകയാണ്. അവനെപ്പോഴും അങ്ങനെയാണ്. നമ്മൾ വിചാരിക്കാത്ത കാര്യങ്ങളാവും അവൻ പറയുക.

"അതേടാ, നിന്നെയും എന്റെ സംഘത്തിൽ ചേർത്തിരിക്കുന്നു."
"എന്ത് സംഘം?"
"കൊള്ളസംഘം. ചമ്പൽ കൊള്ളക്കാരില്ലേ അത് പോലെ. ബാക്കി ഇന്നുച്ചക്ക് പറയാം."

അന്നുച്ചക്ക്, വരിക്കപ്ലാവിന്റെ കീഴിൽ ഞങ്ങളെല്ലാവരും ഒത്തുകൂടി.

"സ്കൂള് പൂട്ടിയേരം, ഞാൻ കൊറേ ആലോചിച്ച് തീരുമാനിച്ചതാ...ഞമ്മക്ക്  നാടുവിടണം.  ഒര്  കൊള്ളസംഘം ണ്ടാക്കണം. ഞാനൊരു പ്ലാന്ണ്ടാക്കീറ്റ്ണ്ട്" പ്രമോദ് പറഞ്ഞു തുടങ്ങി.

"ഇനിക്ക്, ഇന്റെ വീട്ടിൽ പ്രശ്നല്ലേ, പണം ണ്ടാക്കണ്ടേ? ജീവിതം ആഘോഷിക്കണ്ടേ? ഇനിക്ക് എക്സ്കർഷന് പോലും പൈശ തന്നിറ്റില്ലല്ലോ "  എന്നോടായി പറഞ്ഞു

"ഷൈജു, ഇനിക്ക് ഇന്റെ അച്ഛനോട് പ്രതികാരം ചെയ്യണ്ടേ?" (ഷൈജുവിന്റെ അമ്മയും അച്ഛനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടായിരുന്നു)

"എനക്ക് പൈശയ്ണ്ടാക്കണം. ഞമ്മളെല്ലാരും ഒന്നിച്ചാ ഞമ്മക്ക് കൊറേ പൈശയ്ണ്ടാക്കാം. "

"കൊള്ള സംഘം ണ്ടാക്കാൻ പറ്റീറ്റില്ലേങ്കില്, ഞമ്മക്ക് പോയി സിനിമേല് അഭിനയിക്കാം. എന്തായാലും ഞമ്മക്ക് നാട് വിടണം. മദ്രാസിലെത്തീറ്റ് ആട്ന്ന് തീരുമാനിക്കാം. ഞമ്മളെ യാത്രക്ക് വേണ്ടി ഇപ്പളേ പൈശയ്ണ്ടാക്കി തുടങ്ങാം. കിട്ടുന്ന സ്ഥലത്ത്ന്നൊക്കെ പൈശയെടുത്ത് വെക്കണം. സ്വർണ്ണോ വെള്ളിയോ മറ്റോ ഉണ്ടെങ്കിലത്. കൊറച്ചു പൈശ ഞമ്മളെയടുത്ത് ഉണ്ടായേ പറ്റൂ. ഒരോരുത്തരും അഞ്ഞൂറുറുപ്പിയയെങ്കിലും ണ്ടാക്കണം. സ്വർണ്ണം കിട്ടിയാൽ പെട്ടന്ന് പൈശയ്ണ്ടാക്കാം."

"അത് മാത്രം പോര, ഞമ്മൾ നാലാളും തമിഴും ഹിന്ദിയും പറ്റ്വെങ്കിൽ ഇംഗ്ലീഷും പഠിക്കണം. കൊറെ സിനിമകൾ കാണണം. ആൾക്കാര് കൂടി നിക്കുന്നിടത്ത്‌, മൊഖത്ത് നോക്കി 'ഡയലോഗ്' പറയാൻ പറ്റണം."

ഇതൊക്കെ ഇവൻ തന്നെയാണോ പറയുന്നത് എന്നായിരുന്നു എന്റെ ചിന്ത. അതോ ഇവനെക്കൊണ്ടു വല്ലവരും പറയിപ്പിക്കുന്നതോ? അഞ്ഞൂറ് രൂപ എന്നൊക്കെ പറഞ്ഞാൽ ചില്ലറ പൈസയാണോ ? ഞാനാണെങ്കിൽ അന്ന് വരെ ഒരേയൊരു സിനിമയെ കണ്ടിട്ടുള്ളൂ... The Wild Elephant... അച്ഛൻ കാണിച്ച് തന്ന ഒരേയൊരു സിനിമ... സംഭാഷണം ഒന്നും മനസ്സിലാവാതെ കുറെ മൃഗങ്ങളെ കണ്ട സിനിമ... ജയനെയും നസീറിനെയും സീമയെയും സിനിമാ പോസ്റ്ററുകളിലല്ലാതെ ഞാൻ കണ്ടിട്ടില്ല. അങ്ങനെയുള്ള എന്നോടാണ് സിനിമാഭിനയം... മദ്രാസ് എന്നൊക്കെ പറയുന്നത്.

"നിങ്ങളെല്ലം കൂടെയ്ണ്ടാഊല്ലേ?"

എന്നും പറഞ്ഞ് പ്രമോദ് കൈ മലർത്തി നീട്ടി. എന്തിനാണ് കൈ നീട്ടിയതെന്ന് എനിക്ക് മനസ്സിലായില്ല. ഒത്തിരി സിനിമകൾ കണ്ട് പരിചയമുള്ള ഷൈജുവിന് കാര്യം പിടി കിട്ടുകയും പ്രമോദ് പറഞ്ഞതൊക്കെ അംഗീകരിക്കുന്നു എന്ന മട്ടിൽ പ്രമോദിന്റെ കൈയ്യിൽ ഒരടി വച്ചു കൊടുക്കുകയും ചെയ്തു. വീട്ടുകാരോടുള്ള മനസ്സിലുള്ള കലിപ്പ് തീർക്കാൻ പറ്റിയ മാർഗ്ഗം എന്ന നിലയിൽ, ഞാനും മടിക്കാതെ പ്രമോദിന്റെ കൈയ്യിൽ അടിച്ചു. ഇത്തിരി ശങ്കയോടെ ദീപനും.

"ഞാൻ നാളെ ഒരു സാധനവുമായി വരും... അപ്പോ കണമുണാന്ന് പറേറ്..." പ്രമോദ് ഗൗരവത്തോടെ മൊഴിഞ്ഞു.

"അതെന്ത് സാധനാ..." എല്ലാവരും ഒരുമിച്ചായിരുന്നു ചോദിച്ചത്.

"അതൊക്കെയ്ണ്ട്...."

പിറ്റേന്ന് ഞങ്ങൾ കപ്പണക്കുളത്തിന്റെ താഴ്ചയിൽ ഒത്തുകൂടി. അപ്പോഴാണ് നാലായി മടക്കിയൊരു വെളുത്ത കടലാസ് പ്രമോദ്, അവന്റെ ട്രൗസറിന്റെ  കീശയിൽ നിന്നും പുറത്തെടുത്തത്. അവനത് നിവർത്തു. എന്നിട്ട് ഞങ്ങളുടെ നേരെ നീട്ടി. 

"നിങ്ങളെല്ലാരും ഇതിലൊപ്പിടണം... സാധാരണ ഒപ്പല്ല... ധൈര്യള്ളോരുടെ ഒപ്പ്..."

ഞാനാ കടലാസ് വാങ്ങി. ദീപനും ഷൈജുവും അതിലേക്ക് ഉറ്റ് നോക്കി. അതിലിങ്ങനെ എഴുതിയിരിക്കുന്നു:

'ഈ കടലാസിൽ താഴെപറയുന്ന ഞാനടക്കമുള്ള നാലുപേരും ഞങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം നാട് വിടാൻ തീരുമാനിച്ചിരിക്കുന്നു. ഫൂലൻ ദേവിയാണ് ഞങ്ങളുടെ നേതാവ്. ഞങ്ങൾക്ക് പാവങ്ങളെ സഹായിക്കണം. പാവങ്ങളെ കഷ്ടപ്പെടുത്തുന്ന ആൾക്കാരെ ഞങ്ങൾ തോക്ക് കൊണ്ട് നേരിടും. ഞങ്ങൾ പണമുണ്ടാക്കി പാവങ്ങൾക്ക് വിതരണം ചെയ്യും. ഞങ്ങളുടെ അച്ഛനമ്മമാർക്ക് ഞങ്ങൾ പണം അയച്ച് കൊടുക്കും. വലിയ ആളുകളായി ഞങ്ങൾ തിരിച്ച് വരും. ഈ കാറിനകളിൽ ഞങ്ങൾ നാലുപേരും ഒറ്റക്കെട്ടാണെന്ന് ഞങ്ങളിവിടെ ഞങ്ങളുടെ സ്വന്തം ചോര കൊണ്ട് ശപഥം ചെയ്യുന്നു.' - അതിന് താഴെ ഞങ്ങൾ നാലുപേരുടെ പേരുകളും ക്രമത്തിലെഴുതിയിട്ടുണ്ട്. അതിൽ പ്രമോദിന്റെ പേരിന് വലത് വശത്തായി ചുവപ്പ് നിറത്തിൽ വിരല് കൊണ്ട് വരഞ്ഞത് പോലെ ഒരു മാർക്കുണ്ട്.

ഞങ്ങൾ മൂന്നു പേരും അന്തിച്ച് പരസ്പരം നോക്കി. പിന്നെ പ്രമോദിനെ നോക്കി. അപ്പോഴാണ് പ്രമോദ് തലേ ദിവസം പറഞ്ഞ സാധനം എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.

"വായിച്ചില്ലേ... ഇനി നിങ്ങെല്ലാരും ഞാൻ ചെയ്തത് പോലെ ഒപ്പിട്... ചോര കൊണ്ട്..."

"ഇനിക്കെന്താടാ പെരാന്താ... ചോരേനക്കൊണ്ടെന്തിനാ ഒപ്പിടുന്നത്... പെന്നോണ്ട് ഇട്ടാപ്പോരേ..." ഷൈജുവിന്റെ സംസാരത്തിന് ഒരു വിറയൽ ഉണ്ടായിരുന്നു...

ഞങ്ങളും ഷൈജു പറഞ്ഞത് ശരിയാണെന്ന അർത്ഥത്തിൽ തല കുലുക്കി.

"ഏയ് അതൊന്നും പറ്റൂല്ല... ഞങ്ങൾ ധൈര്യം ഉള്ള ആൾക്കാരല്ലേ... സാധാരണക്കാരല്ലല്ലോ... മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്ത വലിയ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യാൻ പോകുന്നത്. അതുകൊണ്ട് അയിനൊര് പവറ് വേണം..."

"എനക്ക് ചോരയെടുക്കാൻ പേടിയാ... എനക്ക് പറ്റൂല്ലേ..." ദീപൻ അവന്റെ കൈകൾ പോക്കറ്റിൽ തിരുകിക്കൊണ്ട് പറഞ്ഞു.

"എനക്കും പേടിയാ..." ഞാനും വിയോജിപ്പ് രേഖപ്പെടുത്തി.

"എന്നാപ്പിന്നെ ഞമ്മക്കീ പരിപാടി വേണ്ടാന്ന് വെക്കാം എന്താ... ധൈര്യം ഇല്ലാത്തോർക്കൊന്നും പറഞ്ഞപണിയല്ല ഇത്..." പ്രമോദ് എന്റെ കയ്യിൽ നിന്ന് കടലാസ് പിടിച്ച് വാങ്ങി. 

ഞങ്ങൾ മൂന്ന് പേരും വീണ്ടും പരസ്പരം നോക്കി. 

"അത് പറ്റൂല്ല... ഞമ്മക്ക് ആ കാര്യങ്ങളൊക്കെ ചെയ്യാൻ പറ്റും... പക്ഷേ ഈ ചോര കൊണ്ടുള്ള ഒപ്പാണ് പ്രശ്നം...." ഞങ്ങൾ മൂന്നു പേരും ഒരുമിച്ച് പറഞ്ഞു.

"ഞാൻ ഒപ്പിട്ടല്ലോ... പിന്നെ നിങ്ങൾക്കെന്താ... ഇട്ടാല്..."

"അത് ചോന്ന മഷിയാണോന്ന് എനക്ക് സംശയോണ്ട്..." ദീപൻ കുളത്തിലേക്ക് ഒരു കല്ലെടുത്തിട്ട് കൊണ്ട് പറഞ്ഞു.

"അപ്പോ നിങ്ങക്ക് എന്നെ വിശ്വാസോം ഇല്ലാല്ലേ... അപ്പൊ ഈ പരിപാടി ഞമ്മക്കിവിടെ നിർത്താം... ഇനി ശരിയാവൂല്ല... ആദ്യം നേതാവിനെ വിശ്വാസം വേണം... അല്ലെങ്കിൽ എല്ലാം പൊട്ടിപ്പൊളിഞ്ഞ് പോവും... ഫൂലൻ ദേവി എങ്ങനെയാണ് നേതാവായതെന്ന് നിങ്ങക്കറിഞ്ഞൂടെ...?" പ്രമോദ് അവിടെ നിന്ന് എഴുന്നേറ്റു. പോവാനായി തുനിഞ്ഞു.

"നീ പോവല്ലപ്പാ... ഞമ്മളൊപ്പിടാം... പക്ഷേ എങ്ങനെയാ ചോര കൊണ്ട് ഒപ്പിടുകാന്ന് അറിഞ്ഞൂട..." ഷൈജു പോവാൻ തുനിഞ്ഞ പ്രമോദിന്റെ കൈ പിടിച്ചു.

അപ്പോൾ ഞാനും ദീപനും പരസ്പരം നോക്കി. ഞങ്ങൾക്ക് വേറൊന്നും പറയാൻ ഉണ്ടായിരുന്നില്ല.

"എന്നെ വിശ്വാസമാണോ..." പ്രമോദ് ഞങ്ങൾ എല്ലാവരോടാണ് ചോദിച്ചു.

ഞങ്ങൾ അതെയെന്ന് തലയാട്ടി. 

"എന്നാൽ ചോര കൊണ്ട് ഒപ്പിടാൻ ഞാൻ സഹായിക്കാം... ചെറിയ വേദന ഉണ്ടാവൂന്ന് മാത്രേ ള്ളൂ ..."

പ്രമോദ് ഉടനെത്തന്നെ അടുത്തുണ്ടായിരുന്ന ഒരു കൈതമുള്ളിന്റെ അറ്റം പൊട്ടിച്ചെടുത്തു. 

"കൈ നീട്ട്..." അവൻ ഷൈജുവിന്റെ കൈ തന്നെ ആദ്യം പിടിച്ചു. എന്നിട്ട് അവന്റെ ഇടത്തേകൈയ്യുടെ പെരുവിരലിൽ മുള്ളുകൊണ്ട് ഒരു കുത്ത് കുത്തി.

"ആഹ്... " ഷൈജു അറിയാതെ നിന്ന നിൽപ്പിൽ നിന്ന് പൊങ്ങിപ്പോയി. 

പ്രമോദ്, കടലാസ് നിലത്ത് വച്ച്, ഷൈജുവിന്റെ പേരിന് വലത് വശത്തായി, ഷൈജുവിന്റെ ചോര പൊടിഞ്ഞ വിരൽ അമർത്തി വലിച്ചു.

പിന്നെ അതേപോലെ ഞങ്ങളുടെയും ഒപ്പിടുവിച്ചു. 

"ഇപ്പഴാണ് ഞങ്ങൾ ശരിക്കുമൊരു ടീമായത്..." പ്രമോദ് ഞങ്ങളെ കെട്ടിപ്പിടിച്ചു. 

ഞങ്ങളെല്ലാവരും തിരിച്ച് ക്ലാസ്സിലേക്ക് നടന്നു. ചോര പൊടിഞ്ഞ പെരുവിരൽ വായിലിട്ട് നക്കിക്കൊണ്ടായിരുന്നു ഞങ്ങൾ മൂന്ന് പേരും പ്രമോദിന്റെ പിന്നിലായി നടന്നത്.

അങ്ങനെ സ്കൂളിലെ ഒരു നാടകത്തിൽ അഭിനയിക്കാനാണെന്നും പറഞ്ഞ് ഞാൻ മുടി വളർത്താൻ തുടങ്ങി. അച്ഛന്റെ കീശയിൽ നിന്നും അമ്മയുടെ പെട്ടിയിൽ നിന്നും ഒക്കെ ചില്ലറകൾ മോഷ്ടിക്കാൻ തുടങ്ങി. വിലപ്പിടിപ്പുള്ള എല്ലാത്തിന്റെ മേലും ഒരു കണ്ണ് വെക്കും. എല്ലാ ദിവസവും ഫൂലൻ ദേവിയുടേയോ മാൻസിംഗിന്റേയോ കഥകൾ വായിക്കും. വായിച്ച കഥകൾ തന്നെ  വീണ്ടും വീണ്ടും വായിക്കും. അമ്പിളിമാമൻ ഇംഗ്ലീഷ് പതിപ്പുകൾ സംഘടിപ്പിച്ച് ചിത്രകഥകളിലെ ഡയലോഗുകൾ പറഞ്ഞ് പഠിക്കാൻ തുടങ്ങി. പശുവിനെയൊക്കെ മേച്ച് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ, കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച് മുടിയൊക്കെ നീട്ടി വലിയ ബംഗ്ലാവിൽ പരിപാലകരുടെ ഇടയിൽ ഇരിക്കുന്നതായിട്ടൊക്കെയുള്ള സ്വപ്‌നങ്ങൾ കാണാൻ തുടങ്ങി. ഇടയ്ക്കൊക്കെ അമ്മയെ സഹായിച്ചുകൊണ്ട് കുസൃതിക്കെന്നപോലെ ചോദിക്കും:

"അമ്മേ ഞമ്മക്കൊക്കെ സിനിമാ നടന്മാരാകാൻ പറ്റ്വോ?"
"ആന്താടാ ഇപ്പൊ ഇങ്ങനൊരു ചോദ്യം?"
"പറ്റ്വോ?"
"പറ്റും.. പക്ഷേ, നന്നായി പഠിക്കണം, ഭാഷകള് പഠിക്കണം, നല്ല ഉയരോം ശരീരോം ഒക്കെ വേണം."
"ഞാനൊന്ന് നോക്കട്ടെ"
"പോടാ പോയി പഠിക്കെടാ" എന്നും പറഞ്ഞ് അമ്മ എന്നെ ഓടിച്ചു വിടും.

അഞ്ചാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ അടുക്കാറായി. പരീക്ഷ കഴിഞ്ഞ് സ്കൂളടച്ചാൽ, പണം ശരിയാകുന്ന മുറക്ക് മദിരാശിയിലേക്ക് നാടുവിടാനായിരുന്നു പ്ലാൻ.  പ്രമോദ്‌ ഏകദേശം എല്ലാ ദിവസവും ഞങ്ങളുടെ പണസമാഹരണത്തിന്റെ കണക്കെടുക്കും.

പരീക്ഷക്ക്‌ മുന്നിലുള്ള അവസാനത്തെ കണക്ക് ഇങ്ങനെയായിരുന്നു:

പ്രമോദ്: അവന്റെ പെങ്ങളുടെ ഒരു ജോഡി കമ്മൽ, 287 രൂപ, പോകുന്ന പോക്കിൽ വേണമെങ്കിൽ അവന്റെ ഏട്ടന്റെ വാച്ചും കട്ടെടുക്കും.
ദീപൻ: 412 രൂപ, പിന്നെ അവന്റെ സ്വർണ്ണ മാല (അവന്റെ അച്ഛന് ഒരു ലോറിയുണ്ട്)
ഷൈജു: 180 രൂപ
ഞാൻ: 208 രൂപ (അമ്മ പശുവിൻ പാൽ വിറ്റുണ്ടാക്കുന്ന പണപ്പെട്ടിയിൽ നിന്നും മോഷ്ടിച്ചത് )

എന്റെയും ഷൈജുവിന്റെയും പണസമാഹരണം നിലവാരത്തിനൊത്ത് ഉയരാത്തതിൽ പ്രമോദ് ഉൽകണ്ഠ രേഖപ്പെടുത്തി. സത്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും ആ കാര്യത്തിൽ ദുഃഖമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് രണ്ടാഴ്ച ആവുമ്പഴേക്കും എങ്ങനെയെങ്കിലും കുറേ പണം സംഘടിപ്പിക്കുമെന്ന് ഞാനും ഷൈജുവും വാക്ക് കൊടുത്തു.

പരീക്ഷയൊക്കെ എങ്ങനെയൊക്കെയോ കഴിഞ്ഞു. അല്ലെങ്കിൽത്തന്നെ ഇനി സ്കൂൾ പഠിപ്പും പരീക്ഷയുമൊക്കെ എന്തിനാണെന്ന ചിന്ത മനസ്സിൽ വരാൻ തുടങ്ങി. ഇനി ജീവിതത്തിലെ പരീക്ഷകളാണല്ലോ വരാൻ പോകുന്നത്. മനസ്സിൽ ആശകളും ആശങ്കകളും ഉന്മേഷവും ഒക്കെ കൂടെ ഒരു വല്ലാത്ത അവസ്ഥ.

അവസാനത്തെ പരീക്ഷ കഴിഞ്ഞ അന്ന്, ഞങ്ങൾ നാല് പേരും കപ്പണക്കുണ്ടിൽ ഒത്തുകൂടി. പ്രസാദ് അവസാനത്തെ പ്ലാൻ അവതരിപ്പിച്ചു.

"ഇനി രണ്ടായ്ച്ച കയിഞ്ഞാ വിഷ്വല്ലേ? വിഷൂന്റന്ന് ഞമ്മക്ക് ഇവിടുന്ന് നാട് വിടാം. അന്ന് എല്ലാരും കണി കാണാൻ നേരം പൊലരുമ്പന്തന്നെ എണീക്കൂലേ... ആ സമയത്താകുമ്പം പടക്കം പൊട്ടിക്കുന്നേന്റെം മറ്റും തെരക്കിൽ  ഞമ്മളെ ആരും ശ്രദ്ധിക്കൂല. കൈ നീട്ടം കിട്ടിയൊടനെ ആരും കാണാണ്ട് വീട്ടീന്ന് മുങ്ങണം. കുപ്പായോം ചീർപ്പും കണ്ണാടീം മറ്റ് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും എടുക്കണം. ഒരു ജോഡി കീറിയ കുപ്പായോം ട്രൌസറും വേണം. ആറാം മൈലിലെ കെണറ്റിന്റെയട്ത്ത് രാവിലെ അഞ്ചരക്ക് കാണാം. ആദ്യത്തെ തലശ്ശേരിക്കുള്ള ബസ്സീത്തന്നെ കേറണം. ആരെങ്കിലും ചോയിച്ചാല് തിരുവങ്ങാട്ടമ്പലത്തിലേക്കാണെന്ന് പറഞ്ഞാ മതി. "

നമ്മൾ മൂന്നു പേരും മൂന്ന് യന്ത്രങ്ങൾ പോലെ തല കുലുക്കി. പ്രമോദിന്റെ അപാരമായ പ്ലാനിംഗിനെ പുകഴ്ത്തി.

"കീറിയ കുപ്പായോം ട്രൌസറും എന്തിനാ?"  - ദീപന് സംശയം... അതേ സംശയം ഞങ്ങൾക്കുമുണ്ടായിരുന്നു. നമ്മളും ദീപനെ പിന്താങ്ങി.

"അതില്ലേ ഞാമ്പറയാം... തലശ്ശേരി റെയിൽവേ സ്റ്റേഷൻ മുക്കിൽ ബസ്സിറങ്ങീട്ട് ഞമ്മളാദ്യം റെയിൽവേ സ്റ്റേഷനിൽ കേരും. എന്നിറ്റ് ആരും കാണാണ്ട് ഞമ്മക്ക് ഈപ്പറഞ്ഞ കീറിയ ട്രൌസറും കുപ്പായോം ഇടണം. എന്നിറ്റ് ഞമ്മളെ കുപ്പായത്തിൽ കൊറച്ച് മണ്ണും മറ്റും ഇട്ടിറ്റ് വൃത്ത്യേടാക്കണം. എന്നാപ്പിന്നെ ഞമ്മളെ ആരിക്കും പിന്നെ മനസ്സിലാഊല. എല്ലാരും വിചാരിക്കും എരന്ന് നടക്ക്ന്ന കുട്ട്യളാണെന്ന്."

" ഹാ അത് ശരിയാ... അല്ലെങ്കില് ആരെങ്കിലും എട്‌ന്നാന്നൊക്കെ ചോയിച്ചാ ഞമ്മള് കുടുങ്ങും. മാത്രോല്ല, ഈ കരി പെരങ്ങിയ കുപ്പായോം മൊഖോം മറ്റും കണ്ടാ ഞമ്മളോട് ആരും ടിക്കറ്റിനും ചോയിക്കൂല.   ഞാമ്പണ്ട് സേലത്ത്ന്നെല്ലം വേരുമ്പം കണ്ടിറ്റ്ണ്ട്"  - ഷൈജു അവന്റെ അനുഭവം പറഞ്ഞു.

"വെരി കറക്റ്റ്" ലീഡർ ഷൈജുവിനെ പുകഴ്ത്തി.

"അപ്പോ രാവിലെന്നെ മദ്രാസിന് തീവണ്ടിയ്ണ്ടോ?" ഞാൻ ചോദിച്ചു

"സേലം ബരെ പോആൻ എനക്കറിയാം. സെലോം കയിഞ്ഞിറ്റല്ലേ മദ്രാസ്" ഷൈജു, അവന്റെ ജ്ഞാനം അറിയിച്ചു.

"രാവിലെന്നെ മദ്രാസ്സിന് തീവണ്ടിയില്ലെങ്കില്, വടക്കോട്ടെക്കുള്ള  ഏതെങ്കിലും തീവണ്ടി പിടിച്ച് ഞമ്മക്ക് ഷോർണ്ണൂര് എറങ്ങാം." - ദീപൻ അവന്റെ ഭൂമിശാസ്ത്രവിവരം അറിയിച്ചു.

"വടക്കൊട്ടെക്കല്ലട... തെക്കോട്ടേക്കല്ലേ ഞമ്മക്ക് പോഅണ്ട്യെ ?" - ഷൈജു തിരുത്തി.

"അതെ ഞമ്മക്ക് തെക്കോട്ടേക്കാന്ന് പോഅണ്ടത്. പക്ഷേ ദീപൻ പറഞ്ഞേല് കാര്യോണ്ട്. അങ്ങ് കൊച്ചിക്കോ, തിരുഓനന്തരത്തേക്കോ മറ്റോ പോഉന്ന ഏതെങ്കിലും വണ്ടീക്കേരീറ്റ് ഞമ്മക്ക് ഷോർണ്ണൂര് എറങ്ങാം. ആട്ന്നാഉമ്പോ വേറെ കൊറേ തീവണ്ടികള് മദ്രാസിലേക്ക് ണ്ടാഉം." - പ്രമോദ് ദീപനെ പകുതി പിന്താങ്ങി.

"എടാ, പാലക്കാട്ടൂന്നാന്ന് മദ്രാസ്സിലേക്ക് കൊറേ ട്രെയിനുകളുള്ള." - ഷൈജു വീണ്ടും അവന്റെ വിവരം വെളിപ്പെടുത്തി.

"അപ്പോ ഷോർണ്ണൂര്ന്ന്  പാലക്കാട്ടേക്ക് പോണ്ടിവെരും അല്ലേ?" ഞാൻ സംശയം പ്രകടിപ്പിച്ചു. അച്ഛൻ, ഒരിക്കൽ കേരളത്തിന്റെ മാപ്പ് വിവരിച്ച് തന്നിരുന്നത് തുണയായി.

"ചെലപ്പോ അങ്ങനെ വേണ്ട്യേരും. അതൊക്കെ ഞമ്മക്ക് ഷോർണ്ണൂരെത്തീറ്റ് തീരുമാനിക്കാം. എന്നിറ്റ് മദിരാശീലെത്തിയാല് ആടെ ഏതെങ്കിലും ചായപ്പീട്യേലോ മറ്റോ ഞമ്മക്ക് പണിക്ക് കേരാം. കൊറച്ചാടെ നിന്നിറ്റ് സിനിമേക്കേരണോ ചമ്പലിലേക്ക് പോണോന്നൊക്കെ ആട്‌ന്ന് ഞമ്മക്ക് തീരുമാനിക്കാം. എന്താ പറേന്ന്?"

"പിന്നെ അമ്മേനെ കാണണംന്നൊക്കെ പറഞ്ഞ് ഒരിക്കേം കരയാനൊന്നും പാടൂല്ല. നല്ല ധൈര്യം വേണം. കൊറച്ച് കഷ്ടപ്പാടെല്ലം ണ്ടാഉം. പക്ഷേ കൊറച്ച് കയ്യുമ്പം ഞമ്മള്ടട്‌ത്ത്ള്ളപോലെ ആര്ടട്ത്തും പൈശയ്ണ്ടാഊല്ല."

ഇതും പറഞ്ഞ് പ്രമോദ് കൈ നീട്ടി. ഞങ്ങളെല്ലാവരും പ്രമോദിന്റെ കയ്യുടെ മേലെ കൈ വച്ച് സന്നദ്ധത അറിയിച്ച് ഐക്യദാർഡ്ഡ്യം പ്രകടിപ്പിച്ചു. ഭാവിയിലെ സംഘത്തലവന്റെ ആസൂത്രണമികവിൽ ഞങ്ങൾ വളരെയധികം സംതൃപ്തരായിരുന്നു.

"എന്നാ വിഷു ആഉമ്പത്തേക്കും പൈസയ്ണ്ടാക്കാൻ മറക്കണ്ട"

പിരിയാൻ നേരം ദീപനൊരു ചോദ്യം കൂടി ചോദിച്ചു.

ഞമ്മളെ സംഘത്തിനൊര് പേര് വേണ്ടേ ?

"ഓ അത് ശരിയാ...എന്ത് പേരാപ്പാ ഇപ്പൊ ഇടുആ... " സംഘത്തലവൻ ചിന്തയിലാണ്ടു.

" 'ഉച്ചക്കുനി സംഘം' എന്നായാലോ" ദീപൻ തന്നെ ഒരു നിർദ്ദേശം വച്ചു.

ഞങ്ങളുടെ സ്കൂളിന്റെ പേര് തന്നെയായിരുന്നു സംഘത്തിന്റെ പേര്. ഞങ്ങൾ ആ പേര് ഏറ്റു പിടിച്ചു. പ്രമോദും പിന്താങ്ങിയതോടെ സംഘത്തിന്റെ നാമകരണം കഴിഞ്ഞു. അതോടെ നമ്മൾ അന്നത്തേക്ക് പിരിഞ്ഞു. ഇനി വിഷുവിന്റെയന്ന് രാവിലെയേ കാണൂ. നമ്മളെല്ലാരും ഒരു വല്ലാത്ത മാനസിക നിലയിലായിരുന്നു. ഏകദേശം രണ്ടാഴ്ച കഴിഞ്ഞാൽ നമ്മൾ നാല് പേരും ഈ നാട്ടിൽ കാണില്ല. യാത്രയുടെ കാര്യം ഓർത്തപ്പോത്തന്നെ പേടിയായി. എന്തായാലും ഒറ്റക്കല്ലല്ലോ, ലീഡറായി പ്രമോദും, യാത്ര ചെയ്ത് പരിചയമുള്ള ഷൈജുവും മറ്റും ഉണ്ടല്ലോ. ഷൈജുവിനാണെങ്കിൽ തമിഴും അറിയാം.

ഇനി പണമുണ്ടാക്കണം. പണമായിട്ട് കിട്ടാൻ എനിക്കും ഷൈജുവിനും ബുദ്ധിമുട്ടാണ്. പക്ഷേ എങ്ങനെയെങ്കിലും ഉണ്ടാക്കിയെ പറ്റൂ. പിന്നീട് പണമുണ്ടാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമമായിരുന്നു.

വീട്ടിൽ, എന്റെ ചെറിയമ്മ താമസിച്ച് പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞിട്ടും എന്റെ തലമുടി വെട്ടാത്തതിനെക്കുറിച്ച് സംസാരം ഉണ്ടായി. വിഷുവിനടുപ്പിച്ച് വെട്ടാം എന്നച്ഛൻ പറഞ്ഞപ്പോൾ ഞാൻ അറിയാതെ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

വിഷുവിനടുപ്പിച്ച് ഒരു ദിവസം, ഉച്ച കഴിഞ്ഞ്, ഇളയമ്മ അവരുടെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു.  പെട്ടെന്ന് ഇളയമ്മ ഇരുട്ട് പിടിച്ച പടിഞ്ഞിറ്റകത്ത് നിന്ന് ഓടി വന്ന് കരയാൻ തുടങ്ങി.

"ഏച്ചീ ..... പടിഞ്ഞിറ്റാത്തെ മൂലപ്പലേമ്മല് ബെച്ചിര്ന്ന 100 ഉറുപ്പിയ കാണ്ന്നില്ല. അയിന്റെ കൂടെ ബെച്ച എന്റെ ഒരു ജോഡി കമ്മലും ആടെയില്ല........ഹീ..ഹീ"

അമ്മ ഉടനെ ഓടി വന്നു.

"ഇവ്ട്ന്നാരാപ്പാ ഇപ്പം പൈശേം സ്വർണ്ണോം എടുക്കണ്ടേ? നീ ശെരിക്കും നോക്ക്"

"അല്ലേച്ചി... ഞാൻ എല്ലാട്ത്തും പരതി. മരുന്നിന്റെ ആ മഞ്ഞ അളൂലാ ഞാൻ രണ്ടും ഇട്ട് വെച്ചേ"

"അതിപ്പം ആരെടുക്കാനാപ്പാ? ... ഡാ നിങ്ങളാരെങ്കിലും എളേമ്മേന്റെ കാതിലും പൈശേം കണ്ടിനോ"

ഞാൻ കൈ മലർത്തി. അനിയന്മാർ രണ്ടാളും തലയാട്ടി കൈ മലർത്തി. ഇളയ അനിയന് വെറും മൂന്ന് വയസ്സ് മാത്രം ഉണ്ടായിരുന്നതിനാൽ അവന് കുഴപ്പമില്ല.

"പിന്നെ ഇതേട്യാ പോണ്ടേ പടച്ചോനേ... ? നീ ആ ടോർച്ചിങ്ങെടുക്ക്... ഞാനൊന്ന് നോക്കട്ടെ." - അമ്മ ആകപ്പാടെ വല്ലാതായിരിക്കുന്നു.

അമ്മ പടിഞ്ഞിറ്റകത്തെ മുക്കിലും മൂലയിലും എല്ലാം ടോർച്ച് വെട്ടത്തിൽ പരതാൻ തുടങ്ങി. എവിടെയും പൈസയുമില്ല, സ്വർണ്ണവുമില്ല. പിന്നെ എല്ലാം വാരി വലിച്ചിട്ട് പരതാൻ തുടങ്ങി.

"എടാ... നിങ്ങളാരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ സത്യം പറഞ്ഞോ... ഇവ്ട്ന്ന് ബേറ്യാരും എടുക്കൂല്ല. പൊറത്ത്ന്നാരും ഈ ഇര്ട്ടത്ത് വെരൂല്ല."

"ഇല്ലമ്മേ... ഞാനാ ഭാത്ത് പോഅലേ ഇല്ല. അല്ലേങ്കിലും എനക്ക് ഇര്ട്ടിനെ പേട്യാ..." - ഞാൻ തറപ്പിച്ച് പറഞ്ഞു.

അനിയന്മാരും എടുത്തിട്ടേ ഇല്ലെന്ന് ആണയിട്ടു.

അമ്മ പിന്നെ പടിഞ്ഞിറ്റകം വിട്ട് തെക്കേ അകത്തും വടക്കേ അകത്തും എല്ലായിടത്തും പരതാൻ തുടങ്ങി. ഞാനും അമ്മയെ സഹായിക്കാൻ കൂടി. ഇളയമ്മയും പരതുന്നുണ്ട്. പക്ഷേ പൈസയും സ്വർണ്ണവും മാത്രം കണ്ടില്ല. ഇളയമ്മ കരച്ചിൽ നിർത്താതായി. ബസ്സിന്റെ സമയം കഴിഞ്ഞതിനാൽ, ഇനി ഇന്നത്തെ പോക്ക് നടക്കില്ല എന്നും പറഞ്ഞ് പിന്നെയും കരച്ചിലായി.

അമ്മയും ഞാനും പരതിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് ഇളയമ്മയും വരും. അനിയന്മാരാണെങ്കിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിന്നകത്ത്‌ എല്ലായിടത്തും പരതിയിട്ടും സാധനം കിട്ടാഞ്ഞത് കൊണ്ട്, അമ്മ ഞാൻ സാധാരണ പഠിക്കാനിരിക്കുന്ന പുറത്തുള്ള മുറിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

"ആട്യൊന്നും ണ്ടാഊല്ലമ്മേ... എന്റെ പുസ്തകൊന്നും ബലിച്ചിടറേ.."

"എട്യാ ഉള്ള്ന്ന് നോക്കണല്ലോ... അങ്ങനെ കളയാൻ പറ്റ്വോ ? ചെറിയ പൈസേന്റെ മൊതലാന്നോ കാണാണ്ടായെ ?"

"അല്ലമ്മേ, എന്റെ മുറീല് ഞാൻ മാത്രല്ലേ കേരലുള്ളൂ..."

"ഇനി ഈട്യല്ലേ നോക്കാൻ ബാക്കിയ്ള്ളൂ... ഈട്യേം കണ്ടിറ്റില്ലേങ്കില് വേറെ വല്ല വയ്യും (വഴിയും) നോക്കണ്ട്യേരും,... അച്ഛനോടും ചോയിച്ച് നോക്കാം"

അമ്മ എന്റെ മുറിയിലും കേറി പരതാൻ തുടങ്ങി. എന്റെ എഴുത്തുപെട്ടിയും പുസ്തകം തൂക്കി വെച്ചിരിക്കുന്ന തൂക്കും എല്ലാം നോക്കി. പക്ഷേ ഒന്നും കണ്ടില്ല. അപ്പഴേക്കും അച്ഛൻ വന്നു.

"നിങ്ങള്... ഇവള് പടിഞ്ഞിറ്റാത്തെ മൂലപ്പലേമ്മല് ബെച്ചിരുന്ന പൈശേം കമ്മലും കണ്ടിര്ന്നോ?"

"ഏയ്... ഞാൻ കണ്ടിറ്റില്ല....എന്താ.. എന്തു പറ്റി ?..." അച്ഛൻ കാര്യം തിരക്കി.

"അത്... ഇവളുടെ പൈശേം കമ്മലും പടിഞ്ഞിറ്റാത്ത് വെച്ചട്ത്ത്ന്ന് കാണ്‌ന്നില്ല.....  ഒരൊന്നന്നര മാസായീറ്റ് അതാട്ത്തന്നെയ്ണ്ടേനും പോലും...   എന്നാലും എന്റീശ്വരാ അതേട്യാ പോയേ ..."

"ഓഹോ ... അതൊന്നു നോക്കണല്ലോ... " അച്ഛൻ, അച്ഛന്റെ ഗാംഭീര്യത്തിൽ മൊഴിഞ്ഞ് പരിസരം നിരീക്ഷിക്കാൻ തുടങ്ങി.

അമ്മ പതുക്കെ എന്റെ മുറിയിൽ നിന്നും പുറത്ത് വരാനായി തുനിഞ്ഞു. പിന്നെയെന്തോ ആലോചിച്ച പോലെ തിരിഞ്ഞൊന്നു നോക്കി ഒന്നാലോചിച്ചു. പിന്നെ നേരെ ചെന്ന് എന്റെ മുറിക്കുള്ളിലൂടെ മാത്രം കയറിച്ചെല്ലാവുന്ന വീട്ടിലെ ഗുരുകാരണവ-പരദേവതാ സങ്കല്പമുറിയുടെ വാതിൽ തള്ളിത്തുറന്നു.

എന്റെ ഉള്ളൊന്ന് കാളി. അമ്മ അതും ഒരു സ്ത്രീ, പരദേവതയുടെ മുറി തുറക്കുകയോ? അതും വർഷത്തിൽ ഒരു തവണ - 'ഇളനീർ കൊത്തിവെപ്പി'ന് മാത്രം തുറക്കുന്ന മുറി അകാലത്തിൽ തുറക്കുകയോ? ഇത് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. എന്റെ കണക്ക് കൂട്ടലുകൾ മുഴുവൻ പിഴച്ചിരിക്കുന്നു. സംഭവങ്ങൾ കൈവിട്ടുപോയിരിക്കുന്നു. അപ്പോൾത്തന്നെ അവിടുന്ന് ഓടിപ്പോയാലോ എന്ന് തോന്നിയ നിമിഷം. പക്ഷേ എങ്ങനെ ഓടാൻ.... തല കറങ്ങുന്നത് പോലെയൊക്കെ ഒരു തോന്നൽ..

അമ്മ പരദേവതാ മുറിയുടെ വാതിൽ മലർക്കെ തുറന്ന് ടോർച്ചെടുത്ത് ഉൾഭാഗം പരിശോധിക്കാൻ തുടങ്ങി. പിന്നെ കേട്ടത് അമ്മയുടെ ഒരു രോദനമായിരുന്നു.

"എന്റെ പരദേവതേ... ഇവനെന്തിനാ ഈ പണിയൊപ്പിച്ചത്? അതും ഇവ്ടെത്തന്നെ വേണേന്വോ.... "

അതും പറഞ്ഞ് അമ്മ ഓരോ സാധനങ്ങളായി പുറത്തെടുത്തിടാൻ തുടങ്ങി. ഒരു കുഞ്ഞു സഞ്ചിയിൽ കുറച്ച് കുപ്പായങ്ങൾ, അടപ്പുള്ള ഒരു 'ഡബ്ബ'യിൽ കുറേ ചില്ലറത്തുട്ടുകൾ, ഒരു പഴയ പേഴ്സിൽ കുറച്ച് രൂപാ, വേറൊരു ഡബ്ബയിൽ ഇളയമ്മയുടെ പഴയ വെള്ളി പാദസരം, അമ്മയുടെ ഒരു സ്വർണ്ണ മോതിരം, പിന്നെ ഇത്ര നേരവും പരാതിയ ഇളയമ്മയുടെ കമ്മലും കൂടാതെ ചമ്പൽ കൊള്ളക്കാരെക്കുറിച്ചുള്ള നാലഞ്ച് പുസ്തകങ്ങൾ, ഒരു ഭൂപടം, രണ്ട് സിനിമാ പുസ്തകങ്ങൾ, ഒരു ഇംഗ്ലീഷ് കീശാനിഘണ്ടു, തമിഴ്-മലയാളം പഠനസഹായി.....

പിന്നെ അമ്മക്ക് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു. സാധനങ്ങൾ വലിച്ചിച്ചിട്ട്‌ കഴിഞ്ഞതും എന്റെ തലയിൽ ടോർച്ചുകൊണ്ട് അടി വീണതും ഒരുമിച്ചായിരുന്നു. ഞാൻ മൂക്കടിച്ച് താഴെ വീണു. പിന്നെ തലങ്ങും വിലങ്ങും അടികളുടെ പൂരമായിരുന്നു. അനിയന്മാർ വാവിട്ട് കരയാൻ തുടങ്ങി. വേദനിച്ചെങ്കിലും ഞാനൊരു വല്ലാത്ത നഷ്ടബോധത്തിലായിരുന്നു. കണ്ണുനീര് വന്നെങ്കിലും കരച്ചിലിന് അധികം ശബ്ദം പുറത്ത് വന്നിരുന്നില്ല. അപ്പഴേക്കും അച്ഛനും ക്രൈം സീനിലെത്തി. അമ്മ അലറിത്തല്ലുകയാണ്.

"എന്താടായിത്?  ഇതൊക്കെ നീയല്ലേ കൊണ്ടാച്ചേ...."

"എനക്കറീല്ലമ്മേ.... എനക്കറിഞ്ഞൂടമ്മേ...."

"നീയെന്താ നായേ കര്തിയേ? നിന്റെ കള്ളക്കളി ആരും കാണൂല്ലാന്നാ? പരദേവതയാടാ ഇതിപ്പം കാണിച്ച് തന്നേ.. അല്ലെങ്കില് ഞാനെന്തിനാ ഈ മുറിയിപ്പം തൊറന്നത്?.. നീ ആളൊരു വമ്പനാണല്ലോ... അച്ചിക്കള്ളൻ... മിണ്ടാണ്ടിരിക്ക്ന്ന കണ്ടില്ലേ.... ഇങ്ങനെയൊന്ന് ഈ തറവാട്ടിൽത്തന്നെ ജനിച്ചല്ലോ....."

"നിങ്ങള് കണ്ടോ... നിങ്ങളെ മോന്റെ കൊണം കണ്ടോ.... എന്തൊക്കെയാ കട്ട് കൊണ്ടാച്ചേന്ന് നോക്ക്... തെണ്ടി, കള്ളൻ... പറയിപ്പിക്കാൻ ജനിച്ച സാധനം..."

അച്ഛൻ പുറത്തെടുത്തിട്ട സാധനങ്ങളോരോന്നും പരിശോധിക്കുകയാണ്.

"നീ മാറി നിക്ക്..." അച്ഛൻ അമ്മയോടായി പറഞ്ഞു... അച്ഛൻ ആകെ ദേഷ്യം കൊണ്ട് വിറക്കുകയാണ്. സ്വതവേ അച്ഛന്റെ മുന്നിൽ പോലും പേടിച്ചിട്ട് ഞാൻ പോകാറുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോ മനസ്സു കൊണ്ടും ശരീരം കൊണ്ടും വീണുകിടക്കുകയാണല്ലോ.

"ഇതെല്ലം എന്ത്ന്നാടാ? ഈ കാണ്ന്നയെല്ലം എന്താ? നീയെന്തിനാ ഈ പൈശയെല്ലം എടുത്തത്? ഈ സ്വർണ്ണോം വെള്ളീയെല്ലം നിനക്കെന്തിനാ ?

ഞാൻ തല കുമ്പിട്ട് കിടക്കുകയാണ്

"പറയെടാ.. നിന്റെ നാവേട്യാ പോയെ" അപ്പഴേക്കും എനിക്ക് അച്ഛന്റെ വകയും രണ്ട് മൂന്ന് കൈ പ്രയോഗങ്ങളേറ്റിരുന്നു.

"അത്.. അത്..."
"എന്ത് കത്.. കത്‌.... ഈ കൊള്ളക്കാര്ടെയല്ലം പുസ്തകം നിനക്കെന്തിനാ? അതൂം.. വായിക്കുന്ന പൊസ്തകം എന്തിനാ ഒളിപ്പിച്ച് വെച്ചേ ? ഈ സിനിമാ പുസ്തകം എന്തിനാ? നീയെന്താ ജയന്റെ മരുമോനാന്നോ ?" അതും പറഞ്ഞ് അച്ഛൻ മേൽക്കൂരക്കിടയിൽ തിരുകി വച്ചിരുന്ന ഞങ്ങളെ സ്ഥിരം അടിക്കാൻ ഉപയോഗിച്ചിരുന്ന പുളിവടിയെടുത്തു. സാധാരണ പുളിവടിയെടുക്കുമ്പോ അമ്മ തടസ്സം പിടിക്കാൻ വരുന്നതാണ്, പക്ഷേ ഇപ്പൊ അമ്മ അനങ്ങുന്നില്ല, ഇടക്ക് അമ്മയും ദേഷ്യം കൊണ്ട് എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ട്. ഇതൊക്കെ കണ്ട് എന്റെ എളേമ്മ വാതിലിന് പുറകിൽ ഒളിച്ചു. അനിയന്മാരും എളേമ്മയും  ഇടക്കിടക്ക് എത്തിനോക്കുന്നത് എനിക്ക് കാണാം. വടിയും എടുത്ത് അച്ഛൻ വീണ്ടും ചോദ്യങ്ങൾ തുടങ്ങി.

"എടാ എല്ലം ശെരിക്കും തൊറന്ന് പറഞ്ഞോ... അല്ലെങ്കില് നിന്റെ കാര്യം പോക്കാ.. നിന്നെ ഞാനിന്ന് ശെരിപ്പെടുത്തും..."

എന്നിട്ടും ഞാൻ ഒന്നും പറഞ്ഞില്ല... എന്ത് പറയും? കൊള്ളക്കാരനാകാൻ   തുനിഞ്ഞ കഥയോ....

"കണ്ടില്ലേ അവന്റെ ധിക്കാരം കണ്ടില്ലേ? എന്തെങ്കിലും ഓൻ മിണ്ടുന്നുണ്ടോ? അഹങ്കാരി.. കള്ളൻ..." അമ്മക്ക് കലി അടങ്ങുന്നില്ല. അപ്പഴേക്കും പുളിവടി ഒന്ന് രണ്ട് തവണ എന്റെ കാലിലും ചന്തിക്കും വീണിരുന്നു.

"പറയെടാ.. ഈ പൈശ നിനക്കെന്തിനായിരുന്നു? ഈ പുസ്തകെല്ലം ഒളിപ്പച്ചയെന്തിനാ?... ഈ സഞ്ചീം കുപ്പായോം കൊണ്ടെന്താ നീ നാട് വിടാൻ പോആ?.... പറയെടാ കഴ്തേ...." അടി പിന്നേം വീണു. ഞാൻ കിടന്ന് പുളഞ്ഞു പോയി. ഇനി അടി താങ്ങാൻ എനിക്കാവില്ല. ഇനി കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നത് തന്നെയാണ് നല്ലത് എന്നെനിക്ക് തോന്നി. അല്ലെങ്കിലെന്റെ കാലും കൈയ്യും തലയും എല്ലാം പൊട്ടിച്ചിതറുമെന്ന ചിന്ത എന്റെ മൌനത്തിന് അന്ത്യം വരുത്തി.

"ഇല്ലച്ഛാ ഞാമ്പറയാച്ഛാ.... എല്ലം പറയാച്ഛാ..."  ഞാൻ കരഞ്ഞോണ്ട് കാര്യങ്ങളോരോന്ന് പറയാൻ തുടങ്ങി. നമ്മളുടെ പണസമാഹരണത്തെപ്പത്തിയും കൊള്ളസംഘത്തിനെപ്പറ്റിയും സിനിമാഭിനയ പ്ലാനിനെപ്പറ്റിയും എല്ലാം തത്ത പറയുമ്പോലെ ഞാൻ പറഞ്ഞു. അച്ഛനും അമ്മയും ഇതൊക്കെ കേട്ട് തലയിൽ കൈ വച്ചിരിക്കുകയാണ്.

"എന്റെ ഗുരുകാർണ്ണോമ്മാരേ ഇവനാള് മോശോല്ലല്ലോ.... ഇവന്തെന്ന്യാന്നോ ഇതെല്ലം പറേന്നത്?... കൊള്ളസംഘോ... ഇവനോ.... കൊള്ളക്കാരനാകാൻ പോആനോ?..... അതൂ ഈ ട്രൌസറൂട്ട്, ഇവ്ട്ന്ന് തലശ്ശേരി വരെപോലും ഒറ്റക്ക് പോആനറിയാത്തോൻ.....  ജ്യേഷ്ഠ....   " അമ്മ സങ്കടപ്പെട്ട് വീണ്ടും തല്ലാൻ വന്നു.

"വേണ്ട..." അച്ഛൻ അമ്മയെ തടഞ്ഞു.
"ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം... അപ്പോ നീയെന്താ പറഞ്ഞേ...? കൊള്ളസംഘാ സിനിമയാ....  ഞീയും നിന്റെ ചങ്ങായിമാരും കൊള്ളാലോ..." ഓരോ വാക്ക് പറയുമ്പോഴും എനിക്ക് അടി കിട്ടുന്നുണ്ടായിരുന്നു.

"എന്തെല്ലാടാ കട്ടത്?.. പൈശ, സ്വർണ്ണം , വെള്ളി..... കാട്ട്കള്ളന്മാര് വെരെ ഇങ്ങനെ കക്ക്വോ?..... പെറുക്കി... ഫാ...." അതും പറഞ്ഞ് ആഞ്ഞൊരു ചവിട്ടായിരുന്നു.... ഞാൻ തെറിച്ച് മുറ്റത്ത് വീണുപോയി. മുറ്റത്ത് നിന്ന് വീണ്ടും കിട്ടി... അപ്പഴേക്കും അമ്മ ഇടപെട്ടു.

"എടാ നീയിനി കക്ക്വോ...?  പറ നീയിനി കക്ക്വോ..."
"ഇല്ലമ്മേ... കക്കൂല്ലമ്മേ ഇനി കക്കൂല്ലമ്മേ...."
"നിനക്ക് കൊള്ളസംഘം ഉണ്ടാക്കണോ? "
"വേണ്ടമ്മേ"
"ഇനി നാട് വിട്വോ ?"
"ഇല്ലമ്മേ"
"സിനിമേല് പോണോ ?..."
"വേണ്ടമ്മേ..."

ഓരോന്ന് ചോദിക്കുമ്പോഴും അമ്മ കവിളിൽ അടിക്കുന്നുണ്ടായിരുന്നു. അമ്മ എണ്ണയും വലിച്ച് വീണ്ടും ഗുരുകാരണോന്മാരുടെ പടിക്കൽ കൊണ്ടുപോയി.

"ചെയ്യ്‌.. സത്യം ചെയ്യ്‌...വേഗം.. ഇനി ഇങ്ങെനെയൊന്നും ണ്ടാഊല്ലാന്ന് സത്യം ചെയ്യ്‌.."

ഞാൻ സ്രാഷ്ടാംഗം വീണ് നമസ്കരിച്ച് സത്യം ചെയ്തു. അങ്ങനെ അടി നിന്നു. അച്ഛനപ്പോഴും എന്തൊക്കെയോ പറഞ്ഞ് മുറുമുറുക്കുന്നുണ്ടായിരുന്നു.

"ഇങ്ങനെയ്ണ്ടോ കുട്ട്യള്... കള്ളൻ... കാലമാടൻ... പറയിപ്പിക്കാനായി ജനിച്ച സാധനം... ഓന്റ്യൊര് കൊള്ളസംഘോം സിനിമേം... ഖള്ളൻ..."

വീട്ടിലാകെയൊരു യുദ്ധം കഴിഞ്ഞ അവസ്ഥ. അനിയന്മാരും എളേമ്മയും ഒന്നും മിണ്ടുന്നില്ല. ആരുമാരും കുറച്ചു നേരത്തേക്ക് അനങ്ങിയില്ല. കുറച്ച് കഴിഞ്ഞപ്പോൾ, അടി കിട്ടിയ ക്ഷീണത്തിൽ  ഞാനുറങ്ങിപ്പോയി. പിന്നെയെഴുന്നേറ്റത് പിറ്റേന്ന് കാലത്ത് മാത്രമായിരുന്നു. അപ്പഴേക്കും എന്റെ വെളിപ്പെടുത്തലിന്റെ പിൻബലത്തിൽ, എന്റെ ചങ്ങാതിമാർ നാട് വിടുന്നതൊഴിവാക്കാനായി, അച്ഛൻ എന്റെ ചങ്ങാതിമാരുടെ വീടുകളിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു. എന്റെ കയ്യും കവിളും കാലുമെല്ലാം നീര് വന്ന് വീങ്ങി തടിച്ചതിനാൽ വീങ്ങിയിറുങ്ങിയ കണ്ണുകൊണ്ട് എല്ലാം കണ്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. എല്ലാ പ്ലാനും പൊളിഞ്ഞ് തരിപ്പണമായതിലായിരുന്നു എന്റെ വേദന മുഴുവൻ... ഈ സംഭവത്തിന് ശേഷം കുറേ ദിവസം വീട്ടുതടങ്കൽ പോലെയുള്ള ഒരവസ്ഥയിലായിരുന്നു ഞാൻ. എവിടെയെങ്കിലും ഓടിപ്പോയ്ക്കളയുമോ എന്നാ ഭയം കൊണ്ടാകാം, എപ്പോഴും ആരുടെയെങ്കിലും കണ്ണ് എന്റെ മേലെ ഉണ്ടാവുമായിരുന്നു.

വിഷുവും കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ സ്കൂളിൽ നിന്ന് ടി സി യും വാങ്ങി, എന്നെ വേറൊരു പള്ളിക്കൂടത്തിൽ ചേർത്ത്, ഞങ്ങൾ സുഹൃത്തുക്കൾ കാണുന്നതും ഇല്ലാതാക്കിയപ്പോൾ അച്ഛനും അമ്മയും കൂടി തകർത്തത് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒരു വലിയ കൊള്ളസംഘത്തേയോ അല്ലെങ്കിൽ ഭാവിയിലെ സിനിമാ നടന്മാരെയോ ഒക്കെയായിരുന്നു !


*****