[എനിക്കുണ്ടായ ഒരു യഥാർത്ഥ അനുഭവമാണ് ഈ ഒരു രചനക്ക് അടിസ്ഥാനം. ആയതിനാൽ,പ്രതിപാദ്യവിഷയവുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകൾ ഇവിടെ പ്രതിപാദിച്ചിട്ടില്ലെങ്കിലും, ചില യാഥാർത്ഥ്യങ്ങൾ ഞാൻ ഇവിടെ പറയുന്നത് എന്റെ കവിതയിലേക്കെത്തിചേരുവാനുള്ള ഒരു ആമുഖം ഒരുക്കുവാൻ വേണ്ടിയാണ്. അത്, ഒരു കവിത എഴുതുന്ന ആൾ എന്ന നിലയിൽ എന്റെ കല്പിത അവകാശമായി ഞാനെടുക്കുന്നു. ഇത് വായിക്കുന്നവരിൽ ഈ പ്രതിപാദ്യവിഷയവുമായി നേരിട്ട് ബന്ധമുള്ള ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള വൈകാരികത ഉണ്ടാക്കിയെങ്കിൽ ഞാൻ ഇവിടെ എന്റെ ഹൃദയത്തിൽ തട്ടി ക്ഷമ ചോദിക്കുന്നു. അഥവാ വൈകാരിക വേലിയേറ്റം ഉണ്ടാവുമെന്ന് സംശയം ഉണ്ടെങ്കിൽ നേരെ ചുവടെയുള്ള കവിതയുടെ ഭാഗത്തേക്ക് പോകാം. തെറ്റുകളൊന്നും പറയുന്നില്ല എന്ന ഉത്തമബോദ്ധ്യത്തോടെ....]
2013 ജൂലായിലെ ആദ്യത്തെ വാരം ഒരു പ്രഭാതത്തിൽ എനിക്ക് ഫിലാഡൽഫിയയിലുള്ള എന്റെ ഭാര്യയുടെ ചെറിയച്ഛന്റെ സ്ഥാനത്തിരിക്കുന്ന ഒരു ബന്ധുവിന്റെ ഫോണ്‍ വന്നു. സന്ദേശം ഇതായിരുന്നു - "ടെക്സാസിൽ താമസിക്കുന്ന എന്റെ നല്ല പാതിയുടെ ഒരു കസിന്റെ ഭർത്താവ് കുടുംബത്തോടൊപ്പം ഫ്ളോറിഡയിൽ ഒരു ചടങ്ങിനു പോയപ്പോൾ മിയാമി തീരത്തെ ഉല്ലാസത്തിനിടയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരിക്കുന്നു. നമുക്ക് എന്ത് ചെയ്യാൻ പറ്റും?" ഫേസ്ബുക്ക് തുറന്നു നോക്കിയപ്പോൾ മറ്റു ചില ബന്ധുക്കളിൽ നിന്ന് ഒന്ന് രണ്ടു സ്വകാര്യ സന്ദേശങ്ങളും, ഫോണിൽ ഒരു മിസ്സ്ഡ് കാളും ഇതിനോടനുബന്ധിച്ച് കണ്ടു. ആ സന്ദേശങ്ങളിൽ ഉടനെ അവരുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിരിക്കുന്നു.
ഇങ്ങനെ ഒരു കസിൻ എന്റെ ഭാര്യക്ക് ടെക്സാസിൽ ഉണ്ടെന്നു എനിക്കറിയാമായിരുന്നെങ്കിലും അവരുടെ ചില കുടുംബാംഗങ്ങളെയും അറിയാമെങ്കിലും ഈ പറയുന്ന കസിനുമായി ഒരു തരത്തിലുള്ള വാർത്താവിനിമയങ്ങളും എനിക്കോ എന്റെ ഭാര്യക്കോ ഉണ്ടായിരുന്നില്ല. അവരുമായി പറയത്തക്ക തരത്തിലുള്ള ഒരു അകൽച്ചയും ഇല്ലാതിരുന്നതുകൊണ്ട് ബന്ധപ്പെടാതിരിക്കാനുള്ള കാരണവും അജ്ഞാതമായിരുന്നു. ഞങ്ങൾ ഫ്ളോറിഡയിൽ താമസിക്കുന്ന കാലത്ത് അവിടേക്ക് റോഡ് മാർഗ്ഗം പോകുവാൻ താല്പര്യപ്പെട്ടെങ്കിലും നടന്നിരുന്നില്ല. ഭാര്യയുടെ ഈ കസിന്, പള്ളിക്കൂടത്തിൽ പഠിക്കുന്ന മിടുക്കരായ രണ്ടു കുഞ്ഞുങ്ങളാണ്. മരിച്ച അദ്ദേഹം, ഈ മൂന്നു പേരെയും ഒരു സന്നിഗ്ദ്ധഘട്ടത്തിലാക്കിയാണ് അദ്ദേഹത്തിന്റെ വൈകിയ നാൽപതുകളിൽ യാത്രയായത്.
അകാലത്തിൽ പൊലിഞ്ഞു പോയ ആ ദേഹത്തെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. മേല്പറഞ്ഞ പ്രകാരം എനിക്ക് മരണ വിവരവും വച്ചു ഫോണ്‍ വന്നപ്പോൾ എന്ത് ചെയ്യണം എന്ന ഒരു ശങ്കയിൽ ഇത്തിരി നേരം തരിച്ചിരുന്നു. കാരണം മറ്റൊന്നും അല്ല, ഒന്നാമത് എനിക്ക് കിട്ടിയ കസിന്റെ മൊബൈൽ അക്കത്തിൽ എങ്ങനെ വിളിക്കും എന്ന ചിന്ത, പിന്നെ വേറെ കിട്ടിയ അവരുടെ ഒരു ചങ്ങാതിയുടെ ഫോണിൽ വിളിച്ച്, ഞാൻ ഈ മരിച്ചു പോയ ആളുടെ ഭാര്യയുടെ കസിന്റെ ഭർത്താവാണെന്ന് പറഞ്ഞാൽ, ഈ പറയുന്ന ഒരു കസിനെപ്പറ്റി ഇതുവരെ കേട്ടിട്ടില്ലല്ലോ എന്ന് ആ സുഹൃത്ത് ശങ്കിക്കുമോ എന്ന ആശങ്ക. ഈ ആശങ്ക കാരണം ഞാൻ നമ്മുടെ ഫിലാഡൽഫിയ ബന്ധുവുമായി സംസാരിച്ചു. നിർഭാഗ്യവശാൽ അദ്ദേഹത്തിനും ടെക്സാസ് ബന്ധുവുമായി സമ്പർക്കം ഉണ്ടായിരുന്നില്ല. അങ്ങനെ നമ്മൾ രണ്ടുപേരും ഒരേ തോണിയിലെ ആൾക്കാരായി.
എന്തായാലും ഇതിപ്പോ ശങ്കിച്ച് മൂഡ്ഡനായി ഇരിക്കേണ്ട ഒരു ഘട്ടമല്ലല്ലോ. അങ്ങനെ ഒടുക്കം ഞാൻ അവരുടെ സുഹൃത്തിന്റെ ഫോണ്‍ നമ്പരിൽ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി (ഇതേ സമയം ഫിലാഡൽഫിയ ബന്ധുവും വളരെ തീവ്രതയിൽ ടെക്സാസിലെ ആൾക്കാരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു). മരണം അമേരിക്കയിൽ ആയതിനാൽ ഇനി എന്ത് എന്ന ചോദ്യം എന്നെ വീണ്ടും അലട്ടി. കാരണം ഇവിടെ ഒരു മരണശേഷമുള്ള നിയമ നടപടികൾ സുതാര്യമാണെങ്കിലും സങ്കീർണമാണ്. ഈ സങ്കീർണത ഒക്കെ ഈ സുഹൃത്തുക്കൾ എന്ന് പറയുന്നവർ സമയം എടുത്തു കൈകാര്യം ചെയ്യുമോ, രണ്ടു കൊച്ചു കുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന എന്റെ കുടുംബത്തെ ഇങ്ങു ദൂരെ മേരിലാൻഡിൽ (മേരിലാൻഡിൽ നിന്നും ടെക്സാസിൽ എത്താൻ വിമാനത്തിൽ നാല് മണിക്കൂർ സമയം വേണം.) വിട്ടിട്ട് ഞാൻ ഫ്ളോറിഡയിൽ പോകണോ അതോ ടെക്സാസിൽ പോകണോ അതോ അവരെ എല്ലാവരെയും കൂട്ടിപ്പോകണോ എന്നൊക്കെയായി എന്റെ ചിന്ത. മാത്രവുമല്ല, കൂട്ടിപ്പോയാൽ മാത്രം പോരല്ലോ, ഈ ഒരു സമയത്ത് പിള്ളാരെയും കൊണ്ട് അവരുടെ വീട്ടിൽ അല്ലെങ്കിൽ ഹോട്ടലിൽ അതും അല്ലെങ്കിൽ അവരുടെ സുഹൃത്തുക്കളുടെ വീടുകളിൽ താമസിക്കുന്നത് അനുചിതമാകുമെന്നു കരുതി. പിള്ളാർക്ക് സംഭവത്തിന്റെ തീവ്രത ഒന്നും അറിയില്ലല്ലോ.
എന്തായാലും എന്റെ കുട്ടികളെ ഒരു ഇവിടെ(മേരിലാൻഡിൽ) ഒരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ട് ടെക്സാസിലുള്ള ആളുടെ കസിനായ എന്റെ ഭാര്യയേയും കൂട്ടി ടെക്സാസിൽ പോകാം എന്ന് ആദ്യം തീരുമാനിച്ചു, കാരണം എന്റെ ഭാര്യക്ക് കുറഞ്ഞത് അവളുടെ കസിനെ അറിയാമല്ലോ. ഒപ്പം ഫിലാഡൽഫിയയിലുള്ള ബന്ധുവിനെയും വിളിച്ചു. അവരും വരാൻ തയ്യാറായി. പക്ഷെ വീണ്ടും സംശയങ്ങൾ ബാക്കി കിടന്നു. ഇവിടെ കുട്ടികളെ ഒന്നുരണ്ടു ദിവസത്തേക്ക് വേറൊരു സുഹൃത്തിന്റെ വീട്ടിൽ ആക്കിയിട്ടു പിന്നെ അത് നീണ്ടുപോയാലോ? അവരുടെ പല്ലുതേപ്പ്, കുളി, സ്കൂൾ, മുതലായവ ... എല്ലാം അവര് നോക്കുമെങ്കിലും യാത്ര നീണ്ടുപോയാൽ പ്രശ്നമാവില്ലേ? തിരക്കിട്ട ചർച്ചകൾ .... ഇനി അധികം ചിന്തിക്കാനൊന്നും വയ്യ, അവസാനം തീരുമാനിച്ചു ആണുങ്ങൾ മാത്രം പോകാം. ഫ്ളോറിഡയിൽ പോകേണ്ട എന്ന് കസിന്റെ സഹൃത്തുക്കൾ ആവശ്യപ്പെട്ട പ്രകാരം നമ്മൾ ടെക്സാസിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു. അപ്പഴേക്കും അറിഞ്ഞു ഈ മരണപ്പെട്ട ആളിന്റെ പെങ്ങളും കുടുംബവും അവരുടെ വീടിനടുത്ത് തന്നെ ഉണ്ട്. മാത്രവുമല്ല വേറൊരു വളരെ അടുത്ത ബന്ധു ആസ്ട്രേലിയയിൽ നിന്നും എത്തുന്നുണ്ട് എന്ന്. അതോടെ നമുക്ക് വളരെ സമാധാനമായി.
അങ്ങനെ ഞാനും ഫിലാഡൽഫിയ ബന്ധുവും രണ്ടു വിമാനങ്ങളിൽ ഏകദേശം ഒരേ സമയം ടെക്സാസിൽ എത്തിച്ചേർന്നു. അതിനും മുന്നേ ഭാര്യയുടെ കസിനും സുഹൃത്തുക്കളും ഫ്ളോറിഡയിൽ നിന്ന് ടെക്സാസിലെ അവരുടെ വീട്ടിൽ എത്തിച്ചേർന്നിരുന്നു. ഞങ്ങൾ ഹോട്ടലും റെന്റൽ കാറും മുന്നേ തന്നെ ബുക്ക് ചെയ്തിരുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞത് കാരണം നമ്മൾ രണ്ടുപേരും നേരെ ഹോട്ടലിലേക്ക് പോയി. പിറ്റേന്ന് അതിരാവിലെത്തന്നെ ഞങ്ങൾ അവരുടെ വീടിലേക്ക് പോയി. അപ്പഴേക്കും മരിച്ചിട്ട് ഒരാഴ്ച ആവാറായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടി എന്റെ ഭാര്യയുടെ കസിനെ പോയിക്കണ്ടു. ഈ സന്ദർഭത്തിൽ എന്ത് സംസാരിക്കാനാണ്? ദുഃഖം പങ്കുവെക്കുവാനല്ലാതെ വേറെ ഒന്നും സാദ്ധ്യമല്ലാത്ത പരിസരം.
ആ ദിവസം തന്നെ മൃതശരീരം ടെക്സാസിലെ വീടിനടുത്തുള്ള ഫ്യുനറൽ ഹോമിൽ എത്തിച്ചേർന്നു. അന്ന്, മരിച്ച അദ്ദേഹത്തിന്റെ സഹധർമിണിക്കും വളരെ അടുത്ത ആൾക്കാർക്കും വേണ്ടി ഒരു 'പ്രൈവറ്റ് വ്യൂയിംഗ്' ഏർപ്പെടുത്തിയിരുന്നു. വീട്ടിലെ രംഗവും ഫ്യുനറൽ ഹോമിലെ രംഗങ്ങളും സത്യം പറഞ്ഞാൽ എന്റെ ചിന്തകൾക്ക് അതീതമായിരുന്നു. കുടുംബം എന്നൊക്കെ പറഞ്ഞു ഏകദേശം പത്തുപേർ മാത്രം, ബാക്കി ഒക്കെ അവരുടെ പരിചയക്കാരും സുഹൃത്തുക്കളുമാണ്.
ഈ പരിചയക്കാർ എന്ന് പറയുന്നവരുടെ വികാര പ്രകടനങ്ങളും അവരുടെ, കാര്യങ്ങൾ ചെയ്യുവാനുള്ള ശുഷ്കാന്തിയും ഈ കുടുംബത്തിന്റെ ഭാവിക്ക് വേണ്ടി ഉള്ള അവരുടെ കരുതലും പദ്ധതികളും ഒക്കെത്തന്നെ എന്നെ ഇരുത്തി ചിന്തിപ്പിച്ചു. ഈ മറുനാട്ടിൽ നമ്മുടെ നാട്ടിൽ ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇവരൊക്കെ ചെയ്യുന്നു. ഞാൻ എന്റെ ജീവിതത്തിൽ ആ നിമിഷം വരെ പരിച്ചയിച്ചതിനെക്കാളും കേട്ടറിഞ്ഞതിനെക്കാളും എത്രയോ ഉന്നതിയിലായിരുന്നു ഈ മറുനാടാൻ മലയാളികൾ. ഇതിനു നേതൃത്വം കൊടുക്കുന്ന ആൾക്കാരാകട്ടെ, അവർ ഭൂമിയോളം താണിരിക്കുന്നത് പോലെ തോന്നി. അവരുടെ ചലനങ്ങൾ, പ്രവർത്തികൾ, വികാരവായ്പുകൾ, കണ്ണുനീരുകൾ ഇവയിൽ സത്യസന്ധതയുടെ, ആത്മാർഥതയുടെ, ബന്ധം എന്ന് പറയുന്ന ബന്ധത്തിന്റെ കണികകൾ ഓരോ തണുവിലും മുറ്റിനിന്നിരുന്നു. ഞാൻ കുറച്ചെങ്കിലും പ്രതീക്ഷിച്ചിരുന്ന ഒരു തരം യാന്ത്രികതയുടെ ഒരു കണിക പോലും അവിടെ കാണാൻ ഇല്ലായിരുന്നു.ബന്ധുക്കൾ എന്ന പേരിൽ അവിടെയെത്തിയ ഞങ്ങൾ രണ്ട്പേർക്കും അവിടെ സത്യത്തിൽ ഒന്നും ചെയ്യുവാനുണ്ടായിരുന്നില്ല, വെറും കാണികൾ മാത്രമായിരുന്നു. എല്ലാ ചടങ്ങുകളും ആവുന്ന രീതിയിൽ വളരെ ഗംഭീരമായി അവർ നടത്തുന്നത് കണ്ടപ്പോ, മനസ്സിന്റെ മൂലയിൽ ചിന്തകളുടെ ഒരു വേലിയേറ്റമായിരുന്നു. രണ്ടു ദിവസത്തിൽ കൂടുതൽ അവധി എടുക്കാൻ മനസ്സില്ലാതിരുന്ന ഞാൻ, അവിടെ കണ്ടത് ഒരാഴ്ചയായി ജോലിക്ക് പോകാത്ത ഒരു മണിക്കൂറിലധികം ഉറങ്ങാത്ത ഒരു പറ്റം സുഹൃത്തുക്കളെയായിരുന്നു. ഉറക്കമൊഴിച്ച് സ്ത്രീകൾ എന്റെ ഭാര്യയുടെ കസിന് രാവും പകലും കൂട്ടിരുന്നു, ആ വീട്ടിലെ കാര്യങ്ങൾ നോക്കി നടത്തി. കസിന്റെ കുട്ടികളുടെ കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു. അന്തരിച്ച അദ്ദേഹവുമായുള്ള ആ കൂട്ടുകാരുടെ സൌഹൃദത്തിന്റെ ആഴം ഞാൻ അവിടെയുണ്ടായിരുന്ന ഓരോ നിമിഷവും അനുഭവിച്ചറിയുകയായിരുന്നു. ഞങ്ങളുടെയോ നാട്ടിലുള്ളവരുടെയോ നേരിട്ടുള്ള ഒരു ആവശ്യവും ഈ സന്തപ്ത കുടുംബത്തിന് ആവശ്യമില്ലെന്ന് ഈ സുഹൃത്തുക്കളുടെ കൂട്ടായ്മ കണ്ടപ്പോൾ എനിക്ക് തോന്നിപ്പോയി.
ഞാൻ അവിടെ കുറെ പേരുമായി സൗഹൃദം ഉണ്ടാക്കുകയും അതിൽ കുറേപെരോട് അടുത്തിടപഴകുകയും ചെയ്തത് ഒരു ഭാഗ്യമായി കരുതുന്നു. എന്തായാലും ബന്ധം, സ്വന്തം എന്നൊക്കെ പറയുന്നതിന്റെ കാതൽ, രക്തബന്ധത്തിനുമപ്പുറം ഓരോരുത്തരും തമ്മിൽ എങ്ങനെ ബന്ധപ്പെടുന്നു, ഏത് രീതിയിൽ ബന്ധപ്പെടുന്നു എന്നതിലാണ് ഇരിക്കുന്നത് എന്ന് എന്റെ മനസ്സിൽ ഒന്ന് കൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആ സന്ദർഭം.
എല്ലാവരും ഫ്യുനറൽ ഹോമിൽ മരണപ്പെട്ട ആളുടെ സ്വകാര്യ ദേഹദർശനം നടത്തുന്ന സമയത്ത് എന്റെ മനസ്സ് ഇങ്ങനെ ഒരുതരം വല്ലാത്ത ചിന്തകളിലൂടെ കടന്നുപോകുകയായിരുന്നു. ആ സമയത്ത് എന്റെ തൂലിക അറിയാതെ ചലിച്ചപ്പോൾ (ഐഫോണിൽ കോറിയിട്ടത്) ഉണ്ടായതാണ് താഴെക്കാണുന്ന കവിത. എല്ലാവർക്കും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ ഉണ്ടാവട്ടെ.
ഒരു നഗ്നയോട്ടം എന്നൊക്കെ കേൾക്കുമ്പോൾ, കേൾക്കാൻ ഒരു രസം ഉണ്ടല്ലേ? ചില ആണുങ്ങൾക്ക്, ഓടിയത് ഒരു പെണ്ണായിരിക്കുമോ എന്നൊരു
സംശയം കൂടി ചിലപ്പോൾജനിച്ചേക്കാം. ആണുങ്ങളുടെ കുളിര് കോരിയ, സ്വാഭാവികമായ അത്യാഗ്രഹമായിത്തന്നെ അതങ്ങനെയങ്ങ് കിടക്കട്ടെ.
ഒരു ഭംഗിയേറിയ ഗ്രാമപ്രദേശത്താണ് എന്റെ വീട്. ഈ
വീട്ടിലേക്ക് ഞങ്ങൾ താമസിക്കാൻ വരുമ്പോൾ എനിക്ക് ഏകദേശം എട്ട് വയസ്സ് പൂർത്തിയായിക്കാണും. അമ്മയുടെ കുടുംബത്തിന്റെ ആരൂഡ്ഡമായ ഈ തറവാട്, കൂട്ട് കുടുംബപ്രകാരം ഭാഗം കഴിഞ്ഞപ്പോൾ, ഞങ്ങൾക്കായിരുന്നു അവിടെ കയറിത്താമാസിക്കാനുള്ള 'ഭാഗ്യം' കിട്ടിയത്. അതുവരെ ഞങ്ങൾ,
ഞങ്ങളുടെ അച്ഛന്റെ
വീട്ടിലായിരുന്നു താമസം.
പക്ഷേ ആദ്യമാദ്യം, ആ വീടുമാറ്റം എനിക്ക് ഒട്ടും പിടിച്ചിട്ടുണ്ടായിരുന്നില്ല. കാരണം, വൈദ്യുതിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഒരുവിധം നല്ല സൗകര്യം ഉണ്ടായിരുന്ന വീടായിരുന്നു അച്ഛന്റെത്. ഈ അമ്മയുടെ തറവാടാണെങ്കിൽ ഒരു പഴയ ഓലമേഞ്ഞ രണ്ടു നിലക്കെട്ടിടം. അകത്താണെങ്കിൽ കൂനാക്കൂരിരുട്ട്, ജനാലകൾ തീരെ ചെറുത്, പൊട്ടിപ്പൊളിഞ്ഞ മച്ച്, ചോരുന്ന മേൽക്കൂര, കുണ്ടും കഴിയുമൊക്കെയുള്ള തറ, വീടിന് ചുറ്റും കാട്. ഇരുട്ട് കാരണം, അകത്തു കയറാൻ ഞങ്ങൾ കുട്ടികൾക്ക് ഭയങ്കര പേടിയായിരുന്നു. അകത്തുകയറിയാൽ ഒരു അഞ്ച് മിനുട്ടിന് ശേഷം പതുക്കെ, കുറച്ചൊക്കെ നമുക്ക് കാണാൻ സാധിക്കുമായിരുന്നു. നിലത്ത് പായ വിരിച്ച് രാത്രി ഉറങ്ങാൻ കിടന്നാൽ, രവിലെയാവുമ്പഴേക്കും പായയുടെ പകുതി ചിതൽ തിന്നിരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും വല്ല തേളോ, പഴുതാരയോ, കുമ്പളപ്പാറ്റയോ നമ്മളെ കുത്തിയിരിക്കും. രാത്രിയായാൽ കടവാതിലുകൾ പേടിപ്പെടുത്തി വീട്ടിനുള്ളിൽ പറക്കുന്നുണ്ടാകും. രാത്രി ഒന്നും രണ്ടും സാധിക്കണമെങ്കിൽ ചൂട്ട് കത്തിച്ച് പറമ്പിലേക്കിറങ്ങണം. തെക്കുഭാഗത്ത് കാട് പിടിച്ചിരിക്കുന്ന കുടുംബ ശ്മശാനം. ഇങ്ങനെയൊക്കെയായിരുന്നാൽ നമ്മൾ പേടിക്കാതിരിക്കുമോ? ഇതൊന്നും പോരാഞ്ഞ് വീട്ടിന്റെ തെക്കുഭാഗത്തൊരു ഗുരുകാരണവ-പരദേവതാ സങ്കല്പവും. ഉടവാളും പീഠങ്ങളുമൊക്കെയായി ആണ്ടിൽ ഒരിക്കൽ മാത്രം തുറക്കുന്നതും മറ്റുള്ള സമയത്ത് അടഞ്ഞു കിടക്കുന്നതുമായ ഒരു ഇരുട്ടു മുറി. ഈ സങ്കൽപം കാരണം, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊക്കെയുള്ള കുറേ നിബന്ധനകൾ. സ്ത്രീകൾക്കാണെങ്കിൽ (വീട്ടുകാരി ആയതിനാൽ പ്രത്യേകിച്ച് അമ്മക്ക്) അവരുടെ മാസമുറ സമയത്ത് കിഴക്കുഭാഗത്തും തെക്കുഭാഗത്തും പോകാൻ പാടില്ല. മാത്രവുമല്ല, കിണറിൽ നിന്ന് വെള്ളം എടുക്കരുത്, പാചകം ചെയ്യരുത്, പശുവിനെ കറക്കരുത് എന്നൊക്കെയുള്ള കുറേ ചട്ടവട്ടങ്ങൾ. ഈ ചട്ടവട്ടങ്ങൾ കാരണം ഞാൻ പതുക്കെ ഈ സങ്കല്പ്പത്തെ മനസ്സിൽ വെറുക്കാൻ തുടങ്ങി. മാസത്തിലൊരിക്കൽ അമ്മക്ക് രണ്ടു മൂന്നു ദിവസത്തേക്ക് ഈ പറഞ്ഞ അയിത്തങ്ങൾ ഉള്ളത് മൂലം, ഞങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. ഇതൊക്കെ കാരണം ഞാൻ ഈ പുതിയ സ്ഥലത്തെ കൂടുതൽ വെറുത്തു.
പക്ഷേ ദിവസങ്ങൾ കഴിയുന്തോറും, ഞാൻ, പതുക്കെ പതുക്കെ ആ പുതിയ
സ്ഥലം ഇഷ്ടപ്പെട്ടു തുടങ്ങി. കാരണം, രണ്ടേക്കറോളം മുഴുവൻ കാട്
പിടിച്ചു കിടക്കുന്ന ഒരു സ്ഥലമായിരുന്നു അത്. അവിടെയാണെങ്കിൽ ഇല്ലാത്ത മരങ്ങളില്ല...
രണ്ടു വലിയ പുളി മരങ്ങളും, വാകയും, പനയും, ആ നാട്ടിൽ മറ്റു
വീട്ടുപറമ്പുകളിലില്ലാത്ത മരങ്ങളൊക്കെ നമ്മുടെ വീട്ടുപറമ്പിലുണ്ടായിരുന്നു. അത്
മാത്രമോ? പല തരത്തിലുള്ള പക്ഷികളും
മറ്റു ജീവികളും. കുറുക്കൻ, കീരി, വിവിധ തരം പാമ്പുകൾ, കാട്ടുകോഴി, കാലൻകോഴി, വലിയ വവ്വാലുകൾ, വലിയ എട്ടുകാലികൾ, തേളുകൾ, പഴുതാരകൾ, പെരുച്ചാഴികൾ, മുള്ളൻ പന്നികൾ എന്ന് വേണ്ട, അത് വരെ ഞാൻ
കണ്ടിട്ടില്ലാത്ത പലതരം ജീവികൾ. ജീവികളെയും പ്രകൃതിയെയും ഇഷ്ടപ്പെട്ടിരുന്ന
എനിക്ക് വേറെ എന്ത് വേണം?
നമ്മുടെ പൊട്ടിപ്പൊളിഞ്ഞ കിണറിൽ ഒരു പാമ്പ് സ്ഥിരം താമസക്കാരനായിരുന്നു. അവനും പുറത്തുള്ള അവന്റെ ചില കൂട്ടുകാരും കൂടി ചിലപ്പോ നമ്മുടെ വീട്ടിനുള്ളിൽ പരിശോധനക്ക് വരും. നമ്മളെ പരിശോധിക്കാനല്ല, പക്ഷെ വീട്ടിനുള്ളിലെ പത്തായത്തിനടിയിലും നെല്ലറക്കടിയിലും ഒക്കെ തവളകൾ ഉണ്ടോ എന്ന് അന്വേഷിക്കാനായിരുന്നു അവരുടെ വരവ്. നമ്മുടെ ഇരുട്ട് പിടിച്ച മുറിക്കുള്ളിലെ പത്തായത്തിനടിയിലും നെല്ലറക്കടിയിലും ഒക്കെ കറുപ്പും ചെമപ്പും കലർന്ന നിറത്തിലുള്ള തവളകൾ സ്ഥിരം താമസക്കാരായിരുന്നു. ചാണകം തേച്ച തറയായതിനാൽ വേനൽക്കാലത്തും നല്ല കുളിര് അവറ്റകൾക്ക് കിട്ടിയിരുന്നു കാണും. മാത്രവുമല്ല, പറക്കുന്ന വലിയ കൂറകളുടെയും, കട്ടുറുമ്പുകളുടെയും താവളവും പത്തായത്തിനടിയിലായതിനാൽ ശാപ്പാടിനും പഞ്ഞം ഉണ്ടായിക്കാണില്ല. സന്ധ്യാസമയത്ത് ഈ തവളകളെല്ലാം ജാഥയായി പുറത്തേക്ക് ചാടിപ്പോകും. അറിയാതെയോ മറ്റോ അവറ്റകളുടെ മേലെ കാല് വച്ചുപോയാൽ അധോവായു പൊട്ടി പുറത്ത് പോകുന്ന പോലെ ഒരു ശബ്ദം കേൾക്കാമായിരുന്നു.
എന്തായാലും, ഈ തവളകളെ
പിടിക്കാൻ വരുന്ന പാമ്പുകൾ മറ്റു ഉപദ്രവങ്ങളൊന്നും ചെയ്തിരുന്നില്ല. അവർക്ക്
അവരുടെ പണി, നമുക്ക് നമ്മുടെ പണി എന്ന
മട്ടായിരുന്നു. എന്നാലും വളരെ അടുത്തുള്ള ലോഹ്യമോന്നും നമ്മൾ
തമ്മിലുണ്ടായിരുന്നില്ല താനും. കർക്കിടകക്കൊത്തും തുലാക്കൊത്തും ഒന്നും നമ്മുടെ
പറമ്പത്ത് ഇല്ലാത്തതുകൊണ്ട് ഈ പറഞ്ഞ ജീവികൾക്കൊക്കെ ഒരു സ്വർഗ്ഗമായിരുന്നു നമ്മുടെ
പറമ്പ്.
അങ്ങനെ ഞങ്ങൾ, എന്ന് വച്ചാൽ ഞാനും എന്റെ മൂന്ന് അനുജന്മാരും ആ തറവാട്
വീട്ടിലെ പറമ്പിൽ ആടുകൾക്ക് തൊട്ടാവാടി പറിച്ചു കൊടുത്തും
കോഴിക്കുഞ്ഞുങ്ങൾക്ക് കാവലിരുന്നും പശുക്കളെ മേച്ചും മരച്ചീനികളും വാഴകളും ഒക്കെ കൃഷി ചെയ്തും മറ്റും വളർന്നു. അതിലിടക്ക് വിദ്യാഭ്യാസം നമ്മൾക്ക് ആവുന്നപോലെ മുറക്ക്
നടക്കുന്നുണ്ട്. വേനലവധിയായാൽ പിന്നെ നമ്മളൊക്കെ മാവിന്റെ മുകളിലും പ്ളാവിന്റെ
മുകളിലും തന്നെയായിരിക്കും. പന്തല് കുത്തിയും, തൊണ്ട് വണ്ടികൾ ഉണ്ടാക്കിയും കശുവണ്ടി
പെറുക്കിയുമൊക്കെ നമ്മൾ കൌമാരക്കാരായി.
ഞാൻ പത്താം തരമൊക്കെ
കഴിഞ്ഞ് പ്രീ ഡിഗ്രീക്ക് പഠിക്കുന്ന സമയം. ആയിടക്ക് ഒരു വേനലാണ് സന്ദർഭം. നമ്മുടെ
വീട് ഓലമേഞ്ഞതായിരുന്നു എന്ന് പറഞ്ഞല്ലോ. ആ വീട് മേയാനുള്ള ഓല മുഴുവൻ
മടഞ്ഞിരുന്നത് അമ്മ ഒറ്റക്കായിരുന്നു. നമ്മൾ നമ്മളാലാവും വിധം സഹായിക്കും. ഈ ഓല
മടയാൻ ഒത്തിരി ചടങ്ങുകളുണ്ട്. ആദ്യം ഓല വെട്ടി ചീന്തിയെടുക്കണം. പിന്നെ ആ ഓല വെള്ളം
ഒഴിച്ചോ തോട്ടിൽ മുക്കി വച്ചോകുതിരാൻ
വെക്കണം. എന്നിട്ടാണ് മടയാൻ എടുക്കുക.
നമ്മൾ ഓല നനച്ചിരുന്നത്, വെള്ളത്തെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. വേനലായതു കൊണ്ട് ഓല നനച്ചു വെള്ളം പാഴാക്കിയിരുന്നില്ല. ഓരോ മാവിന്റെ ചുവട്ടിലും തെങ്ങിന്റെ ചുവട്ടിലും മാറി മാറി ഓല വെച്ചു വെള്ളം ഒഴിക്കും. മരത്തിനും വെള്ളം കിട്ടും ഓലയും കുതിരും. ഈ സന്ദർഭങ്ങളിൽ ചിലപ്പോൾ, ചിലപ്പോളല്ല, അധികവും നമ്മൾ കുളിച്ചിരുന്നതും ഈ മരങ്ങളുടെ ചുവട്ടിൽ കുതിരാൻ വച്ചിരിക്കുന്ന ഓലയുടെ മുകളിൽ കയറിനിന്നുകൊണ്ടായിരുന്നു. കാട് പിടിച്ചിരിക്കുന്ന പറമ്പായതിനാലും അടുത്തൊന്നും വീടുകളില്ലാതിരുന്നതിനാലും ഈ കുളി നടക്കുന്ന മരച്ചുവട്ടിലൊന്നും കുളിമറ ഉണ്ടായിരുന്നില്ല. ആര് കാണാനാണ്? മാത്രമല്ല നമുക്ക് പ്രത്യേകിച്ച് ഒരു കുളിമുറിയും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം.
നമ്മുടെ വീട്ടിൽ ഒരു പട്ടിയുടെ സ്വഭാവമുള്ള ഒരു പൂച്ചയുണ്ടായിരുന്നു. ചൊക്രു. എന്താ ഈ പട്ടിയുടെ സ്വഭാവമുള്ള പൂച്ച എന്നല്ലേ? പറയാം. നമ്മുടെ വീട്ടിൽ ഒരു പട്ടിയുണ്ടായിരുന്നു, ടിങ്കു. അവന്, അവനൊരു പട്ടിയാണെന്ന വിചാരം പോലും ഉണ്ടോയെന്നു സംശയമായിരുന്നു. നമ്മൾ പട്ടികൾക്കായി മാറ്റി വച്ച, അല്ലെങ്കിൽ പട്ടികൾ ചെയ്യും എന്ന് കരുതിയിരുന്ന ജോലികളൊന്നും അവൻ ചെയ്തിരുന്നില്ല. ഏതു സമയത്തും അവന്റെ വിഭാഗത്തിലുള്ള നാരീമണികളുടെ പിൻഭാഗം മണപ്പിച്ച് ഊര് തെണ്ടലായിരുന്നു അവന്റെ പണി. അതിലിടയ്ക്ക് ചിലപ്പോൾ നമ്മുടെ വീട്ടിലും കേറിവരും. കന്നിമാസമാണെങ്കിൽ അവൻ വീട്ടിൽ നിന്ന് നീണ്ട അവധിയിലായിരിക്കും. ഇതൊക്കെ കണ്ടിട്ടാവണം, നമ്മുടെ ചൊക്രു, ടിങ്കുവിന്റെ ജോലിയും ഏറ്റെടുത്തു. ഈ ചൊക്രുവാണെങ്കിൽ, നമ്മുടെ വീട്ടിലേക്ക് ഇടവഴിയിൽ നിന്ന് കയറി വരുന്ന പടിക്കെട്ടിന്റെ ഒരു ഭാഗത്തായിട്ടാണ് കിടക്കുക. ആര് വീട്ടിലേക്ക് കേറിവരുമ്പോഴും ചൊക്രു മ്യാവൂ.. മ്യാവൂ ന്ന് കരയും. ചൊക്രു കരയുന്നത് കേട്ടാൽ നമുക്ക് മനസ്സിലാകും ആരോ വരുന്നുണ്ടെന്ന്. പിന്നെ നമ്മൾ പറമ്പിലൊക്കെ ഏത് കാര്യത്തിന് ഇറങ്ങിയാലും ചൊക്രുവും കൂടെ വരും. പക്ഷേ ഈ മാന്യനായ ചൊക്രു, വീടിരിക്കുന്ന പറമ്പ് വിട്ട് പുറത്തിറങ്ങില്ല. അവന്റെ കൂട്ടുകാരിപ്പൂച്ചകൾ അവനെത്തേടി ഇങ്ങോട്ടാണ് വന്നിരുന്നത്, അവന്റെ ഒരു ഗ്ളാമറേയ്...
അങ്ങനെ ഒരു ദിവസം, ഒരു വേനലിൽ, നമ്മുടെ പശുക്കളായ, കൂടപ്പിറപ്പുകളായ ചോക്കച്ചിയെയും വെള്ളച്ചിയെയുമൊക്കെ മേച്ച് ഞാൻ വീട്ടിൽ മടങ്ങിയെത്തി. വെള്ളച്ചിയെ തെക്കുഭാഗത്തുള്ള പൊട്ടൻ പ്ളാവിന്റെ ചുവട്ടിലും ചോക്കച്ചിയെ പുളിമരത്തിന് ചുവട്ടിലും കെട്ടിയശേഷം എനിക്ക് ഒന്ന് കുളിക്കാൻ മോഹം തോന്നി. വൈകുന്നേരം ഒരു നാലോ അഞ്ചോ മണി ആയിക്കാണും. ഞാനൊരു വലിയ തൊട്ടിയിൽ മുഴുവൻ വെള്ളം നിറച്ച് അതും തൂക്കി വീട്ടുപറമ്പിലെ വടക്ക് പടിഞ്ഞാറേ മൂലയിലുള്ള കുറ്റ്യാട്ടൂർമാവ് ലക്ഷ്യമാക്കി നടന്നു. അവിടുന്നാണ് ഇന്നത്തെ എന്റെ കുളി. അപ്പോ നമ്മുടെ ചൊക്രു അദ്ദേഹവും കുറുകുറുത്തുകൊണ്ട് എന്റെ കാലിന് ചുറ്റും, അവന്റെ പിൻഭാഗം മുഴുവൻ കാണിക്കുന്ന തരത്തിൽ വാലും പൊക്കിപ്പിടിച്ചിട്ട് എന്റെ കൂടെ നടക്കാൻ തുടങ്ങി. അധികം താമസിയാതെ ഞാനും ചൊക്രുവും വെള്ളവുമായി മാവിന്റെ ചുവട്ടിലെത്തി.
ഇത്തിരി ശങ്ക തോന്നിയതിനാൽ നേരെ അടുത്തുള്ള നമ്മുടെ കുഴിക്കക്കൂസിൽ കയറി, വയറ് ഇത്തിരി കാലിയാക്കാൻ ശ്രമിച്ചു. അതിനു ശേഷം തിരിച്ചു വന്ന്, അടുത്തുണ്ടായിരുന്ന രണ്ടു
മൂന്ന് ഉണക്ക തെങ്ങോലകൾ മാവിന് ചുറ്റും പേരിന് മറയായി കുത്തി നിറുത്തി. എന്നിട്ട് ജലാഭിഷേകത്തിന്നായി തയ്യാറെടുത്തു. കുപ്പായവും
കോണകവും തോർത്തും ഒക്കെ മാവിന്റെ ഒരു കൊമ്പിൽ തൂക്കിയിട്ടു. മാവിൽ പലയിടങ്ങളിലായി കൂട് കെട്ടിയിരുന്ന
കടിയൻ ഉറുമ്പുകൾ കോണകത്തിൽ കയറിക്കൂടി, ആക്രമണോത്സുകരായി എന്റെ വീട്ടിലേക്ക് വരുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. എന്നാലും
ശങ്കകളൊക്കെ മാറ്റി വച്ച് പതുക്കെ നീരാട്ട് തുടങ്ങി.
ഈ സമയം നമ്മുടെ ചൊക്രു, ഇടക്കിടെ, അവിടെയും ഇവിടെയും ഒക്കെ അവന്റെ നീളൻ വാല് പൊക്കി പിന്നാമ്പുറത്തൂടെ ജലധാരാപ്രയോഗം ചെയ്യുന്നുണ്ട്. ഞാൻ ഒന്ന് രണ്ട് കപ്പ് വെള്ളം ദേഹത്ത് ഒഴിച്ചു കാണും. ആ സമയം എവിടെ നിന്നാണെന്നറിയില്ല, ഒരു എലി, ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ ഓടിവന്ന് ഞാൻ കുളിക്കുന്ന മാവിന്റെ തൊട്ടടുത്തുണ്ടായിരുന്ന കുളിരുമാവിന്റെ മോളിലക്ക് ഓടിക്കേറി. ഇത് കാണേണ്ട താമസം, നമ്മുടെ ചൊക്രുവും അവന്റെ ജലധാരാപ്രയോഗം പെട്ടന്ന് നിർത്തിയിട്ട്, എലിയെപ്പിടിക്കാൻ ഓടി കുളിര് മാവിൽ കേറി. ഞാൻ, ഒരു ചലച്ചിത്ര സംഘട്ടനം കാണുന്ന തരത്തിലുള്ള ആവേശത്തിൽ കുളിയൊക്കെ നിറുത്തി കുളിരുമാവിന്റെ മോളിലേക്ക് നോക്കി. ഇനി എന്ത് സംഭവിക്കും?? ചൊക്രു എലിയെ പിടിക്കുമോ? അതോ എലി രക്ഷപ്പെടുമോ? നമ്മുടെ വീട്ടു പറമ്പിൽ സ്ഥിരം നടക്കുന്ന ഒരു സംഘട്ടനം ഉണ്ടായിരുന്നു.... പാമ്പും കീരിയും തമ്മിൽ... ഇന്നത് ചൊക്രുവും എലിയും തമ്മിലായിട്ടാണ്... എന്നൊക്കെ മനസ്സിൽ ചിന്തകൾ മാറി മാറി വന്നു. ആ ആവേശമൊക്കെ ചോർന്നുപോയത് നിമിഷ നേരം കൊണ്ടായിരുന്നു. ഞാൻ പെട്ടന്ന് കാണുന്നത് എലിയും നമ്മുടെ ധൈര്യശാലിയായ ചൊക്രുവും ഒരേതരം ഭാവത്തിൽ കുളിരുമാവിന്റെ മേലെ നിന്ന് താഴേക്ക് വീഴുന്നതാണ്. ഇവ രണ്ടിന്റെയും പിന്നാലെ മൂന്നാമാതൊരു സാധനവും താഴെവീഴുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. അതൊരു നെടുനീളൻ പാമ്പായിരുന്നു... എന്റെ ജനിച്ചപടി രൂപം കണ്ടിട്ടാണോ എന്നറിയില്ല, പാമ്പിനും ഒരുതരം പതർച്ചയുണ്ടായോ എന്ന് ഞാനൊരു നിമിഷം ശങ്കിച്ചു. സാധാരണ, പാമ്പിനെ കണ്ടാൽ ഞാൻ പേടിക്കാറില്ലെങ്കിലും ഈ നഗ്നമായ അവസ്ഥയിലായതിനാലാണോ അതോ പാമ്പിന് ഞാൻ കാരണം അതിന്റെ ഇരയെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായാലോ എന്ന് ഭയന്നതിനാലാണോ അതോ എന്റെ ഉള്ളിന്റെ ഉള്ളിലെ പേടി കാരണമായിരുന്നോ എന്നൊന്നും അറിയില്ല, അലറി വിളിച്ചുകൊണ്ട് നിന്ന നിപ്പിൽ നിന്ന് ഞാനും ഓരൊറ്റയോട്ടം. ആകെ ഒരു കണ്‍ഫ്യൂഷൻ.... എലി ഒരു വഴിക്ക്.. ചൊക്രു മറ്റൊരു വഴിക്ക്... പാമ്പ് വേറെരു വഴിക്ക്.. ഞാൻ എന്റെ വഴിക്ക്.... എന്റെ കണ്ണുമടച്ചുള്ള ആ
ഓട്ടത്തിൽ ഞാൻഎത്തിനിന്നത് നമ്മുടെ വീട്ടുപറമ്പും കഴിഞ്ഞ്,വീട്ടുപറമ്പിന്റെ വടക്ക് ഭാഗത്തുള്ള പാടവരമ്പത്തായിരുന്നു.
പാടത്ത് കിളച്ചുകൊണ്ടിരുന്ന കുഞ്ഞാണേട്ടൻ, "നീ
എന്താ മോനെ ഇമ്മാതിരി വേഷത്തിൽ ഇവിടെ നിക്കുന്നത്?" എന്ന് ചോദിക്കുമ്പഴാണ്
എനിക്ക് സ്ഥലകാലബോധം ഉണ്ടാവുന്നത്. പിന്നെ വീണ്ടും ഒരലർച്ചയോടെ കുറ്റ്യാട്ടൂർ
മാവിന്റെ ചുവട്ടിലേക്ക് ഓടിയത് ഇന്നും ഓർക്കുന്നു..... ആ നഗ്നയോട്ടം..... ഇതൊക്കെ
സത്യം തന്നെയായിരുന്നോഅതോ കിനാവായിരുന്നോ? ആ.... ആർക്കറിയാം ?....
ഞങ്ങൾ ഒരു കൂട്ടം സുഹൃത്തുക്കൾ കൂടി ഒരു ഹ്രസ്വ ചലച്ചിത്രം ഉണ്ടാക്കാനുള്ള ഒരു പരിശീലന പ്രയത്നത്തിലാണ്. ആദ്യത്തെ സംരംഭം. അതിന്റെ trailer 2014 ഏപ്രിൽ 26 ന് നമ്മൾ പുറത്തിറക്കി. അത് മുഴുമിക്കാനുള്ള ശ്രമം തുടരുന്നു.
കഥ: പ്രസാദ് നായർ
തിരക്കഥ, സംവിധാനം, നിർമ്മാണം: സാജു കുമാർ
ക്യാമറ, ചിത്രസംയോജനം : സുരേഷ് നായർ
പാട്ട്, സഹായങ്ങൾ : വേണുഗോപാലൻ കോക്കോടൻ
അഭിനേതാക്കൾ
അമ്മാവൻ: പ്രബീഷ് പിള്ള
കൃഷ്ണൻ നായർ : സാജു കുമാർ
സരോജിനി : ജിഷ രവീന്ദ്രൻ
രമേശൻ : രതീഷ് നായർ
കുട്ടൻ : ജിനേഷ് കുമാർ
വേലക്കാരി : ദിലീന പിള്ള
ഈ ഒരു നാടകം, 2013 ലെ KCS ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്. 2013 ഡിസംബർ 17 നു മഞ്ഞു വീണതിനാൽ, ആഘോഷങ്ങൾ 2014 ജനുവരി 11 ന് ആണ് നടന്നത്.
നാടകം എഴുതിയത് : ശ്രീ: പ്രസാദ് നായർ
സംവിധാനം : ശ്രീ: സാജു കുമാർ
ശബ്ദലേഖനം: സുരേഷ് നായർ അഭിനേതാക്കൾ:
കള്ളൻ: പ്രബീഷ് പിള്ള
കള്ള് കുടിയൻ: സാജു കുമാർ
നീലി: വേണുഗോപാലൻ കോക്കോടൻ (ശബ്ദം: ജിഷ രവീന്ദ്രൻ - എന്റെ പത്നി)
പണക്കാരൻ: ജയശങ്കർ (ശബ്ദം: വേണുഗോപാലൻ കോക്കോടൻ)
ചെറുപ്പക്കാരൻ: സുമേഷ് നമ്പ്യാർ
കള്ളന്റെ ഭാര്യയുടെ ശബ്ദം: വൃന്ദ സുരേഷ്
ഈ വർഷത്തെ (2014) വിഷു ആഘോഷത്തിന്, വാഷിങ്ങ്റ്റണ്‍ ഡി സി യിലെ നായർ സർവീസ് സൊസൈറ്റിയുടെ ഭാരവാഹികളായ രതീഷ് നായരും അരുണ്‍ സുരേന്ദ്രനാഥും എന്നോട് ഒരു വിഭിന്ന രീതിയിലുള്ള ഒരു ആശയം അവതരിപ്പിക്കാമോ എന്ന് ആരാഞ്ഞതിന്റെ ഫലമായിട്ടാണ് ഈ ഒരു സംഭവം അരങ്ങിൽ കയറിയത്. ഈ വർഷത്തെ പ്രത്യേക പരിപാടിയായിരുന്ന, തിരുവരങ്ങ് - ന്യൂ ജേഴ്സി അവതരിപ്പിച്ച നാടകത്തിന് (എം ടി യുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിക്കൊണ്ടുള്ള നാടകം - വിരാടം) ഒരു ചാക്യാറിനെ ആവശ്യമായിരുന്നു. ആയതിനാൽ ഞാനും എന്റെ ആശയം അവതരിപ്പിക്കാൻ പൂർണമായി ചാക്യാർ കൂത്തായിട്ടല്ലെങ്കിലും ആ ഒരു ഉദ്യമത്തിന് മുതിർന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രബീഷ് പിള്ളയാണ് എന്റെ വസ്ത്രാലങ്കരത്തിൽ ഈ വിഷയം അരങ്ങത്ത് അവതരിപ്പിച്ചത്. ഇത് അവതരിപ്പിക്കാൻ ധൈര്യം കാട്ടിയ അദ്ദേഹത്തിൻറെ മനസ്സിനെ ഈ അവസരത്തിൽ സ്മരിച്ചു കൊള്ളട്ടെ.
വിഷുവിനെക്കുറിച്ച്
സാമാന്യ ജനത്തിന് ചില അറിവുകൾ നല്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇതിലൂടെ
ശ്രമിച്ചിട്ടുള്ളത്. ഇതിന് നാല് ഭാഗങ്ങളുണ്ട്. അവസാനത്തെ (അഞ്ചാമത്തെ) ഭാഗം വിരാടം
എന്ന നാടകത്തെക്കുറിച്ചുള്ളതാണ്. ആദ്യത്തെ നാല് ഭാഗങ്ങൾക്കും അവയുടെ ചലച്ചിത്ര
രേഖകളും കൊടുത്തിട്ടുണ്ട്. വിരസത തോന്നുമെങ്കിലും കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം
അറിയിക്കുക.
നാരായണ നാരായണ... സുഹൃത്തുക്കളേ
കലാസ്നേഹികളേ... നിറഞ്ഞു നില്ക്കുന്ന ഈ ഒരു സദസ്സിനു മുന്നിൽ നിൽക്കുമ്പോൾ
എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു. നാരായണ നാരായണ... നിങ്ങൾക്ക് എന്നെ
കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടോ? ആവോ.. നാരായണ നാരായണ...
നല്ല ശാപ്പാടൊക്കെ കഴിച്ച് കുടവയറൊക്കെ നിറച്ച് ഇരിക്കുന്ന അവസ്ഥയിൽ സന്തോഷമല്ലാതെ
മറ്റെന്താ.. അല്ലേ? ആ കൂട്ടത്തിൽ ഞാൻ, നിങ്ങളെ, നിങ്ങളുടെ
മനസ്സ് കുളിർക്കുന്ന ചില കാഴ്ച്ചകളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാം. അതോടൊപ്പം
ഇത്തിരി വിജ്ഞാനം കൂടിയായാലോ? റോക്കറ്റ്
ശാസ്ത്രമൊന്നുമല്ല കേട്ടോ... എന്നാലും വിജ്ഞാനത്തിന്റെ ചെറിയ ചെറിയ ഗുളികകൾ ഞാൻ
ഉരുട്ടി അങ്ങട്ട് എറിഞ്ഞു തരാം.... എന്താ?
നമ്മൾ
ഇന്ന് ഇവിടെ എന്തിന്റെ പേരിലാണ് ഇവിടെ കൂടിയിരിക്കുന്നത്? വിഷു.. അല്ലേ? വിഷു എന്ന്
പറഞ്ഞാൽ എന്താണ്? ആർക്കെങ്കിലും ഒന്ന് പറഞ്ഞു തരാൻ പറ്റ്വോ?
വിഷു എന്ന് പറഞ്ഞാൽ... നല്ല കുപ്പായം വാങ്ങിച്ചുടുക്കുക, കണി കാണുക, കൈ നീട്ടം വാങ്ങുക അല്ലെങ്കിൽ
കൊടുക്കുക.. പിന്നെ ശട പടോന്നു പടക്കം പൊട്ടിക്കുക, പിന്നെ
നല്ല ശാപ്പാടടിക്കുക.. അല്ലേ? ഇതൊക്കെ ആയാൽ നമ്മുടെ
വിഷുവിജ്ഞാനമായി. എല്ലാവരുടെയും കാര്യമല്ല കേട്ടോ... എന്നാലും ഇത്തിരി ഭൂരിപക്ഷം
ആയിരിക്കാം... എന്ന് വച്ചു നിങ്ങൾ തിരിച്ചിങ്ങോട്ട് ചോദ്യമൊന്നും ചോദിച്ചു കളയരുത്
കേട്ടോ...ഞാൻ സർവജ്ഞനൊന്നുമല്ല... എനിക്കറിയുന്ന ചില വിവരങ്ങൾ പങ്കു
വെക്കാം... വിരോധല്ല്യല്ലോ?...
എന്താണ് വിഷു എന്ന വാക്കിന്റെ
അർത്ഥം? 'വി ആർ ഷൂ' എന്നാണോ? ഹും....
വിഷു എന്നാൽ 'തുല്യം' എന്നാണ് സംസ്കൃതത്തിൽ
അർത്ഥം. വിഷുവിന് എന്താണ് തുല്യം?
ആണും
പെണ്ണും ആയിരിക്കും :) എന്നാൽ അല്ല. വിഷു ആഘോഷിക്കുന്ന ദിവസം രാത്രിയും
പകലും ഏകദേശം തുല്യമായിരിക്കും. മീനരാശിയിൽ നിന്ന് മേടരാശിയിലേക്കുള്ള സൂര്യന്റെ
പ്രയാണമാണ് (നാടൻ ഭാഷയിൽ സംക്രമം എന്ന് പറയും) വിഷു. ഏകദേശം അതേ സമയത്ത് തന്നെ
നമ്മുടെ ഈ (ചൂണ്ടി) അശ്വതിയുടെ... അല്ല അശ്വതി നക്ഷത്രത്തിന്റെ ആരംഭവും
കുറിക്കുന്നു.. ശകവർഷത്തിലെ ചൈത്രമാസത്തിലാണ്
വിഷു കൊണ്ടാടപ്പെടുന്നത്. അതുകൊണ്ട് തന്നെ വിഷുവിനെ ചൈത്രവിഷു എന്നും
പറയും. ഭാരതീയ സംസ്കാര പ്രകാരം സൂര്യൻ മേടരാശിയിലേക്ക് കടക്കുന്ന സന്ദർഭമാണ്
പുതുവർഷമായി കൊണ്ടാടപ്പെടുന്നത്. പക്ഷേ നമ്മൾ മലയാളികൾക്ക് ഇന്നും ചിങ്ങമാസ്സം ആണോ
മേടമാസം ആണോ ആദ്യത്തെ മാസം എന്ന സംശയം ഇന്നും നിലനിൽക്കുന്നു. ഇല്ലേ?? നാരായണ
നാരായണ...
അപ്പോളെന്താണീ രാശി? ജ്യോതിഷികളൊക്കെ
നമ്മളെ പറഞ്ഞു പറ്റിക്കാനുപയോഗിക്കുന്ന വാക്ക്, അല്ലെ? എന്നാൽ, ഭൂമിക്ക്
ചുറ്റും സാങ്കല്പികമായി കണക്കാക്കിയിട്ടുള്ള 360 ഡിഗ്രി
യുള്ള വൃത്തത്തെ 12 ഭാഗമായി കൃത്യമായിട്ട് വിഭജിച്ചാൽ കിട്ടുന്ന ഓരോ 30 ഡിഗ്രി
ഭാഗത്തെയുമാണ് രാശി എന്ന് പറയുന്നത്. മേട രാശി, ഋഷഭ രാശി, തുടങ്ങി 12 എണ്ണം. ക്രിസ്തുവിനും
2500 വർഷങ്ങൾക്ക് മുന്നേ അഗസ്ത്യമഹർഷിയും ഭൃഗുമഹർഷിയുമൊക്കെ
ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.ഇന്നത്തെ ആധുനിക
ബഹിരാകാശ ശാസ്ത്രമൊക്കെ വരുന്നതിന്ന് എത്രയോ മുന്നേത്തന്നെ, നമ്മോടടുത്തു
കിടക്കുന്ന ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചുമൊക്കെ നമ്മുടെ
ഋഷിവര്യന്മാർ വളരെയധികം പഠിച്ച് ഭാരതീയ ജ്യോതിശാസ്ത്രം എന്ന ശാസ്ത്രശാഖ
ആവിഷ്കരിച്ചിരുന്നു. പണ്ടത്തെ നമ്മുടെ കാരണവന്മാർ ഇതൊന്നും വെറുതെയങ്ങ്
പറഞ്ഞതല്ലെന്ന് മനസ്സിലായില്ലേ? അവരൊക്കെ കാലങ്ങളെടുത്ത്
പലതും നിരീക്ഷിച്ച് പഠിച്ചതിനു ശേഷമാണ് ഇതൊക്കെ പറഞ്ഞു വച്ചിട്ടുള്ളത്. പിന്നെ
അതിന്റെ കൂട്ടത്തിൽ ഉറങ്ങിക്കിടക്കുന്ന ജനങ്ങളെ ഒന്ന് ഉന്മേഷവാൻമാരാക്കാനും അതിന്റെയൊക്കെ കൂടെ കൃഷികൾ ഒക്കെ ഒന്ന്
ഉഷാറാക്കാനും ചില ആഘോഷങ്ങളുടെയൊക്കെ ഒരു മേമ്പൊടി കൂട്ടിചേർത്തെന്നേ ഉള്ളൂ.. ആ സമയത്തെ
ഓരോ സ്ഥലത്തെ കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ചു ആഘോഷങ്ങൾ
മാറിയിരിക്കും... പക്ഷെ ഒരു തട്ടിപ്പും
ഇതിനു പിന്നിൽ ഇല്ല. വളരെ നഗ്നമായ ശാസ്ത്രം തന്നെയാണ് വിഷുവിന്ന് പിന്നിലെ കാതൽ. അല്ലേ, വിശ്വസിക്കാൻ
കൊള്ളില്ലേ? നാരായണ നാരായണ...
അങ്ങനെ വന്നു വന്ന് ഈ സൂര്യന്റെ
രാശി മാറ്റം ഒക്കെ നാം മലയാളികൾക്ക് മാത്രമേ ഉള്ളോ? എന്നാലല്ല, നമ്മുടെ അയൽപക്കമായ
തമിഴ്നാട്ടിൽ അത് 'പുത്താണ്ട്' ആണ്. കർണാടകത്തിലും
ആന്ധ്രയിലും ഈ സമയം 'ഉഗാദി' ആണ്. മഹാരാഷ്ട്രയിൽ 'ഗുഡി
പദ് വാ' ആണ്... ആസ്സാമിൽ ബിഹു, പഞ്ചാബിൽ ബൈസാഖി, അങ്ങനെ
ഇന്ത്യയൊട്ടാകെ ഈ സമയം പല പേരിലും അറിയപ്പെടുന്നുണ്ട്. ഇങ്ങനെ വല്ലതും നിങ്ങൾ
കേട്ടിട്ടുണ്ടോ? നാരായണ നാരായണ...
ഈ
രാശിയെയും ഞാറ്റുവേലയെയും നക്ഷ്ത്രങ്ങളെയും കുറിച്ചൊക്കെ ഒരു ക്ളാസ് തന്നെയങ്ങ്
എടുത്താൽ നിങ്ങൾക്ക് ദാഹിക്ക്വോ? കൂട്ടത്തിൽ കുറച്ചു
കവടി നിരത്തി ജ്യോതിഷവും പറയാം എന്താ ...? പറ്റുമെങ്കിൽ
ജാതകം തന്നാൽ അതുംനോക്കാം..... എന്നിട്ട് വേണം
നിങ്ങളെന്നെകല്ലെറിയാൻ ... Jനാരായണ നാരായണ...
എന്തായാലും ഈ വിഷുവിന്, വിഷുവിനെക്കുറിച്ച്
കുറെ പുതിയ കാര്യങ്ങൾ പഠിച്ചില്ലേ? ഇനിയും നമ്മൾ ചില പുതിയ
പുതിയ രസകരമായ അറിവുകളുമായി വരാം. അതുവരേക്കും നിങ്ങളുടെ കണ്ണിനും കാതിനും കുളിർമ
തരാൻ ഇവിടെ ചില പരിപാടികളൊക്കെയുണ്ട്.. അപ്പഴേക്കും ഞാൻ ഒന്ന് വിശ്രമിച്ചിട്ട്
വരാം... നാരായണ നാരായണ...
(ആദ്യത്തെ
കലാപരിപാടികളുടെ ഗണം ആരംഭിക്കുന്നു.)
2.കണിക്കൊന്നയുടെ കഥ.
(കാഥികൻ
വീണ്ടും അരങ്ങത്തേക്ക് വരുന്നു. കാണികളെ ഒക്കെ നോക്കി ചിരിച്ച് ...
സന്ദർഭത്തിനനുസരിച്ച് ചില പൊടിക്കൈകൾ പ്രയോഗിക്കാം)
നാരായണ
നാരായണ...എങ്ങനെയുണ്ടായിരുന്നു നമ്മുടെ കലാകാരന്മാരുടെ കലാവിരുന്നുകൾ? മോശം
പറയാൻ പറ്റ്വോ? ഹലോ.. എല്ലാവരും ഉഷാറ് തന്നെയല്ലേ? അല്ലേ? (ചെറിയ
കാത്തിരിപ്പ്) നമ്മൾ നേരത്തെ വിഷു എന്താണെന്നൊക്കെ പറഞ്ഞു... വിഷുവിന്റെ
ചടങ്ങുകളെക്കുറിച്ചൊക്കെ നിങ്ങൾക്ക് പലർക്കും പരിചയം ഉണ്ടാകും... എന്റെയൊക്കെ
ചെറുപ്പത്തിൽ, വിഷുക്കാലം വന്നാൽ നമ്മളൊക്കെ മാവിന്റെ മോളിലും
പുളിമരത്തിന്റെ മോളിലും ഒക്കെയായിരിക്കും. ഇഷ്ടം പോലെ മാങ്ങയും ചക്കയും ഒക്കെ
തിന്ന്, തൊടി മുഴുവൻ ഓടി നടന്ന്... എന്താ പറയാ.. ഒരു വളരെ നല്ല
കാലം... നമ്മുടെ ഇവിടുത്തെ കുട്ടികൾക്ക്, ഇതൊക്കെ ചിലപ്പോ കേട്ടുപോലും
പരിചയം കാണില്ല... (ആരെയെങ്കിലും ചൂണ്ടി) നിനക്ക് മരം കേറാനറിയോ? നാരായണ
നാരായണ...
അതൊക്കെ അവിടെ നിക്കട്ടെ.. ഞാൻ
പറഞ്ഞു വന്നത്, വിഷുക്കാലത്ത് നമ്മൾക്ക് വേറെ ഒരു മരംകയറ്റജോലിയും കൂടി
ഉണ്ടായിരുന്നു. എന്താന്നറിയോ? കണിക്കൊന്നപ്പൂവ്
പറിക്കാൻ ... കണിക്കൊന്ന കണ്ടിട്ടില്ലേ.... മനോഹരമായി മഞ്ഞനിറത്തിൽ കുലകുലയായി
തൂങ്ങി നിൽക്കുന്ന പൂവ്.. കണിക്കൊന്നക്ക് വേറൊരു പ്രസിദ്ധമായ പേരും കൂടിയിണ്ട്...
അറിയാമോ നിങ്ങൾക്ക് ? 'കർണ്ണികാരം' .. കേട്ടിട്ടില്ലേ.. 'കർണ്ണികാരം
പൂത്തു തളിർത്തു...' പിന്നെ 'കർണ്ണികാര തീരങ്ങൾ
കഥകളിയുടെ പദമാടി...കർപ്പൂരക്കുളിർകാറ്റ് കളിവഞ്ചിപ്പാട്ടായി'... ഇതിന്റെ ബാക്കി വരികൾ ഒന്നും ചോദിക്കരുത് കേട്ടോ... നാരായണ നാരായണ...
നമ്മളെന്താ
പറഞ്ഞു വന്നത്?കണിക്കൊന്നയെപ്പറ്റി അല്ലേ? ...ആർക്കെങ്കിലും കണിക്കൊന്നയുടെ പുറകിലുള്ള രസകരമായ കഥയറിയോ?ചിലവർക്ക്
അറിയാമായിരിക്കും.. എന്നാലും അറിയാൻ പാടില്ലാത്തവർക്ക്വേണ്ടി,
ഞാനാകഥ ഇവിടെ പറയാം. കഥ കേൾക്കാൻ
ഇഷ്ടല്ലേ? നാരായണ നാരായണ...
അപ്പൊ
ദാ കഥകേട്ടോളൂ...
ഈ കഥ നമ്മുടെ സാക്ഷാൽ ഭഗവാൻ
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശരിയായ ആത്മീയതയുടെ ആന്തരിക ഭംഗിയെയാണ്
കണിക്കൊന്ന പ്രതിനിദാനം ചെയ്യന്നത്. ഈ കണിക്കൊന്നപ്പൂവ് വളരെ ഭംഗിയുള്ളതാണെങ്കിലും
എന്റെ അച്ഛൻ കൊന്നമരം വെട്ടിക്കളയുമായിരുന്നു. എന്തിനാണെന്നറിയോ? അച്ഛൻ
പറയും കൊന്നമരം മണ്ണിലെ വളം വല്ലാണ്ടങ്ങ് വലിച്ചെടുക്കും, അതുകൊണ്ട്
തെങ്ങിൽ കായ്പ് കുറയും എന്നൊക്കെ.... കഷ്ടം അല്ലേ ? അപ്പൊ നമ്മളെന്താ പറഞ്ഞു
വന്നത്? ഓ.. കൊന്നപ്പൂവിന്റെ ഐതിഹ്യം.... നാരായണ നാരായണ... ശരി
കേട്ടോളൂ.
ഒരു സ്ഥലത്ത് ഒരു പാവപ്പെട്ട
വീട്ടിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു ... (ഒരു 10 വയസ്സുള്ള ഏതെങ്കിലും ഒരു
ആണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ച് ദാ.. ഇവനെപ്പോലെയിരിക്കും) ആ പയ്യനാണെങ്കിലോ ഒരു
പരമ കൃഷ്ണഭക്തൻ... അവൻ വീടിനടുത്തുള്ള ഒരു കൃഷ്ണന്റെ അമ്പലത്തിൽ ദിവസവും പോയി
പ്രാർത്ഥിക്കും... ഈ കുട്ടിക്കാണെങ്കിൽ അത്യാഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.
ആകെപ്പാടെ ഉണ്ടായിരുന്ന ഒരു ആഗ്രഹം കൊച്ചു ഗോപാലകൃഷ്ണനെ ഒന്ന് നേരിൽ കാണണം എന്നത്
മാത്രം... കഷ്ടം അല്ലേ ? ഒരു കോടി ഡോളർ ഒക്കെ ആഗ്രഹിച്ചൂടെ ഈ കുട്ടിക്ക് അല്ലേ? പക്ഷെ
ഈ കുട്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ആകെ
ചോദിക്കുന്നത്.. കൃഷ്ണാ... നീ ഒന്ന് ഒരു കൊച്ചു കൃഷ്ണനായി എന്റെ മുന്നിൽ ഒന്ന്
വര്വോ' എന്ന് മാത്രം... എന്നാലും പണത്തിനു ചോദിക്കില്ല. :)
നാരായണ നാരായണ...
അങ്ങനെ ഒരു ദിവസം ഈ കുട്ടിയുടെ
ഭക്തിയിൽ നമ്മുടെ ഭഗവാൻ കൃഷ്ണൻ സംപ്രീതനായി. കുട്ടിയുടെ മുന്നിൽ (ആരെയെങ്കിലും
ചൂണ്ടിക്കാണിച്ചുകൊണ്ട് ..ദാ ഇവനെപ്പോലെ ) ഒരു കൊച്ചു കള്ളകൃഷ്ണനായിട്ട്
പ്രത്യക്ഷപ്പെട്ടു. ഇത് കണ്ടമാത്രയിൽ നമ്മുടെ പയ്യൻ ഒരു മരത്തൂണ് പോലെ അങ്ങ്
സ്തബ്ധനായിപ്പോയി.. കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീരങ്ങോട്ട് പ്രവഹിക്കാൻ
തുടങ്ങി... പേടിച്ചിട്ടല്ല കേട്ടോ.. ആനന്ദാശ്രു... ആനന്ദാശ്രു.. നാരായണ നാരായണ...
കൃഷ്ണൻ
പറഞ്ഞു... ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു.. നിന്റെ ഏതാഗ്രഹവും പറഞ്ഞോളൂ..
നമ്മുടെ കുഞ്ഞ് കരഞ്ഞോണ്ട്
പറഞ്ഞു... കൃഷ്ണാ എന്റെ ഏറ്റവും വലിയ ആഗ്രഹം ഇതിനകം തന്നെ സാധിച്ചിരിക്കുന്നു.
ഞാനെന്റെ കണ്‍ കുളിർക്കെ നിന്നെ കണ്ടൂലോ... ഇനി എനിക്ക് വേറെ ആഗ്രഹങ്ങളൊന്നും
തന്നെയില്ല. ഈ മറുപടി കൃഷ്ണനങ്ങ് ഇഷ്ടപ്പെട്ടു. കൃഷ്ണൻ ഉടനെ അരയിലുള്ള
സ്വർണ്ണത്തിന്റെ അരഞ്ഞാണമഴിച്ച് നമ്മുടെ പയ്യൻസിന് കൊടുത്തു. എന്നിട്ട്
അപ്രത്യക്ഷനായി. നാരായണ നാരായണ...
നമ്മുടെ ഈ കുട്ടി
സന്തോഷപരവശനായിട്ട് നേരെ അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടി. എന്നിട്ട്
സംഭവിച്ച കാര്യങ്ങളൊക്കെ അണുവിട നൽകാതെയങ്ങട് വിവരിച്ചു. പക്ഷേ അവന്റെ ഒരു
കൂട്ടുകാരനും ഈ കഥ വിശ്വസിച്ചില്ല. ഒരാൾ പറഞ്ഞു ഈ അരഞ്ഞാണം സ്വർണ്ണമേയല്ല...
മറ്റൊരുത്തൻ പറഞ്ഞു ഇത് മുക്കാണ്.. എന്നൊക്കെ.. ഇത് കേട്ട് നമ്മുടെ പയ്യനാകെ
സങ്കടമായി. നാരായണ നാരായണ...
അടുത്ത
ദിവസം അമ്പലത്തിലെ പൂജാരി പൂജയ്ക്ക് വേണ്ടി ശ്രീകോവിൽ തുറന്നപ്പോളെന്താ കഥ...
ഭഗവാന്റെ മൂർത്തിയുടെ അരയിലെ അരഞ്ഞാണം കാണ്മാനില്ല. പൂജാരി... ഭഗവാന്റെ അരഞ്ഞാണം
കാണാനില്ലാ എന്ന്നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി ..
നാട്ടുകാരൊക്കെ വിവരം അറിഞ്ഞു. കാട്ടുതീപോലെ വിവരം പരന്നു. അന്വേഷണത്തിൽ നമ്മുടെ
പയ്യന് അരഞ്ഞാണം കിട്ടിയ കഥ നാട്ടുകാരറിഞ്ഞു.നാരായണ
നാരായണ...
ഒട്ടും വൈകാതെ എല്ലാവരും ഈ
കുട്ടിയുടെ വീട്ടിലെത്തി. അവര് കള്ളാ... അരഞ്ഞാണക്കള്ളാ എന്നൊക്കെ അലറി വിളിച്ചു
കൂവുന്നുണ്ട്. സ്വന്തം മകനെ കള്ളാ കള്ളാ എന്നൊക്കെ ആവർത്തിച്ച് വിളിക്കുന്നത് കുട്ടിയുടെ അമ്മക്ക് തീരെ
സഹിച്ചില്ല. എന്റെ മകൻ കളവു ചെയ്യാനോ?ഒരിക്കലുമില്ല..
എന്തൊക്കെ കരഞ്ഞു പറഞ്ഞിട്ടും നാട്ടുകാർ ചെവിക്കൊണ്ടില്ല. അവസാനം സങ്കടവും
ദേഷ്യവും സഹിക്കാതെ ആ അമ്മ നമ്മുടെ കൊച്ചു കുട്ടിയെ പൊതിരെയങ്ങട് തല്ലി. എന്നിട്ട്
അവന്റെയടുത്തുനിന്ന് അരഞ്ഞാണം എടുത്തിട്ട് ഒരൊറ്റയേറ്... ആ അരഞ്ഞാണം നേരെ പോയി ഒരു
മരത്തിൽ തങ്ങി. എന്തൊരതിശയം.. ഉടനെ ആ മരത്തിൽ, ഇലകൾക്ക് പകരം വളരെ
മഹോഹരങ്ങളായ പുഷ്പങ്ങൾ വിരിഞ്ഞു. ആ പൂവാണത്രേ നമ്മുടെ കൊന്നപ്പൂവ്.. ഊൗ.. ഇനി ഈ കഥ
കേട്ട് നിങ്ങളാരും നിങ്ങളുടെ അരഞ്ഞാണോം എടുത്തോണ്ട് പുറത്തുള്ള മരത്തിലോട്ടു
എറിയരുത് കേട്ടോ :) നാരായണ നാരായണ...
കണിക്കൊന്നയുടെ
കഥ പറഞ്ഞ് സമയം പോയി.... ഇനി കുറച്ച് നയനോന്മേഷകരമായ കലാപരിപാടികൾ കാണാം ... അത്
കഴിഞ്ഞു ഞാൻ വേറെ ചില കാര്യങ്ങൾ പറയാം.നാരായണ
നാരായണ...
നാരായണ നാരായണ... നമ്മൾ നേരത്തെ
കേട്ട കണിക്കൊന്നക്കഥ എങ്ങനെയുണ്ടായിരുന്നു? നിങ്ങൾ ഈ കഥ ആദ്യായിട്ട്
കേട്ടതാണോ? (ചെറിയ കാത്തിരിപ്പ്) നമ്മൾ കണിക്കൊന്നയുടെ കാര്യം പറഞ്ഞത്
എന്തിനായിരുന്നു?... ആ.. നമ്മൾ വിഷുക്കണിയെപ്പറ്റി തുടങ്ങിയതായിരുന്നു.
അല്ലേ... ശരി... നമ്മൾ എന്തിനാണ് വിഷുക്കണിയൊരുക്കുന്നത് ? തമാശക്കാണോ? ഒരു
രസം അല്ലേ.... നമ്മൾ പണിപ്പെട്ട്.. കഷ്ടപ്പെട്ട് ഇല്ലാത്ത ഉറക്കം കളഞ്ഞ് പുലർച്ചെ
കണി കാണുന്നതെന്തിനാണ് ? ഈ കണി എന്ന് പറഞ്ഞാലെന്താ? വല്ല എലിക്കെണിയോ മറ്റോ
ആണോ? (പുഞ്ചിരി) :) നാരായണ നാരായണ...
കണി
എന്ന് പറയുന്നത്, നമ്മൾ ഒരു ദിവസം കാണുന്ന ആദ്യത്തെ
കാഴ്ചയാണ്.പുതുവർഷാരംഭത്തിന്റെ ശുഭാരംഭത്തിൽ തന്നെ
ആദ്യം നമ്മൾ ഒരു നല്ല കാഴ്ച കണ്ടാൽ,ആ വർഷം മുഴുവൻ അതിന്റെ പ്രതിഫലനം നിലനിൽക്കും എന്നതിനെ പ്രതീകാത്മകമായി
കൊണ്ടാടുന്ന ചടങ്ങാണ് വിഷുക്കണി. അപ്പോപ്പിന്നെ ഈ ആർക്കുംഒരു വിഷമവും ഉണ്ടാക്കാത്ത, എന്നാലും പുത്തൻ
പ്രതീക്ഷകൾ തരുന്നതുമായ ഈ ചടങ്ങ് നമ്മൾ വേണ്ടെന്ന് വെക്കണോ? :) നാരായണ നാരായണ...
അതിരിക്കട്ടെ, ഒരു
വിഷുക്കണി വെക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം? അതിൽ തീർച്ചയായും
ചെയ്യേണ്ട ചില കാര്യങ്ങളുണ്ടോ? അതിന് സത്യത്തിൽ ഉത്തരം എന്റെയടുത്തില്ല :) എന്നാലും
നമ്മൾ, നമ്മൾക്ക് നല്ലത് എന്ന് തോന്നുന്ന ചില കാഴ്ചകൾ ഒരുക്കുക.
അതായിരിക്കും അതിന്റെ ശരി. എന്നാലും കാലാകാലങ്ങളായി പിന്തുടർന്നു പോരുന്ന ചില
കാര്യങ്ങളെപ്പറ്റി പറയാം. നാരായണ നാരായണ...
അപ്പൊ വിഷുക്കണി വെക്കുന്ന കാര്യം.
ആദ്യം നമ്മളെന്ത് ചെയ്യും? നമ്മൾ വലിയ ഒരു ഉരുളിയെടുക്കും അല്ലേ ? ഈ
ഉരുളിക്ക് ശരിക്കും എന്തെങ്കിലും അർത്ഥതലങ്ങൾ ഉണ്ടോ? എന്റെ അറിവ് പ്രകാരം, നമ്മൾ
ഇന്ന് കാണുന്ന ഓടിന്റെ ഉരുളി ആയിരുന്നില്ല മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.
പഞ്ചലോഹപ്പാത്രം ആയിരുന്നു. പഞ്ചലോഹത്തെ വളരെ ദൈവികമായിട്ടായിരുന്നു
കരുതിപ്പോന്നിരുന്നത്. പഞ്ചലോഹത്തിന്റെ പ്രസക്തിയെന്താണ്? പഞ്ചലോഹത്തിലൂടെ
പ്രതിനിദാനം ചെയ്യുന്നത്, പഞ്ചഭൂതങ്ങളെയും അതിലൂടെ ഈ ലോകത്തിനെത്തന്നെയുമാണ്. ഈ ലോകത്തിനെ നമുക്ക്
ഉരുളിയിൽ കാണാൻ പറ്റുമെന്നാണോ? :) നാരായണ നാരായണ... അതിലൂടെ
അർത്ഥമാക്കുന്നത്, ഈ ലോകത്തിലുള്ള സകല നല്ല കാര്യങ്ങളെയും നാം ആ
പാത്രത്തിലൊരുക്കുന്ന പല രൂപങ്ങളിൽ ദർശിക്കുന്നതായിട്ടാണ്. നാരായണ നാരായണ...
ഈ പഞ്ചലോഹവും പഞ്ചഭൂതങ്ങളും എന്താണ്? ഭൂതങ്ങൾ
അഞ്ചു ലോഹങ്ങൾ പിടിച്ചിരിക്കുന്നു എന്നാണോ? :) സ്വർണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, നാകം
(ഇവയുടെയൊക്കെ പീര്യോഡിക് ടേബിളിലെ പേരുകൾ എല്ലാവർക്കും അറിയോ?) ഇവ ചേർന്നതാണ്
പഞ്ചലോഹങ്ങൾ. ഭൂമി, ജലം, അഗ്നി, വായു, ആകാശം
(അഥവാ അനന്തത) കൂടിയതാണ് പഞ്ചഭൂതങ്ങൾ. അല്ലാതെ രാക്ഷസ ഭൂതങ്ങൾ അല്ല. :)
പഞ്ചഭൂതങ്ങളാണ് ഭാരതീയ ശാസ്ത്രപ്രകാരം എല്ലാ വസ്തുക്കളുടെയും നിർമാണത്തിന്ന് ആധാരമായിട്ടിരിക്കുന്നത്. 'പഞ്ചഭൂത സമന്വയേ സർവ്വ നിർമ്മാണ കാരണേ'... നാരായണ നാരായണ...
വിഷുക്കണിയിലേക്ക്തിരിച്ചു വരാം. അപ്പോൾ പഞ്ചലോഹത്തിന്റെ
പാത്രത്തിൽ നമ്മൾ എന്തെല്ലാം വെക്കും?
അക്ഷതം - അതെന്താ? മഞ്ഞളും തവിട് പോകാത്ത
അരിയും കൂടിയുള്ള ഒരു മിശ്രിതം. മഞ്ഞൾ ഒരു രക്ത ശുദ്ധീകരണിയായി കരുതപ്പെടുന്നു.
അരിക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു പ്രതീകാത്മകത വേണ്ടതുണ്ടോ? അത്
നമ്മുടെ അന്നം തന്നെയാണ്. പിന്നെ..
നവധാന്യങ്ങൾ
- എതെങ്കിലും ഒൻപത് ധാന്യങ്ങൾ എടുക്കാം. അത് നവ ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
പിന്നെ..
ജലം - ജലം ജീവന്റെ തന്നെ
അമൃതാണെന്ന് കേട്ടിട്ടില്ലേ? പിന്നെ വേറെന്താ...
സ്വർണ്ണം അഥവാ പണം - സ്വർണ്ണം സത്യത്തിൽ സമ്പത്തിനെയും
അഭിവൃദ്ധിയെയുമാണ് കാണിക്കുന്നത്. അല്ലാതെ ആർഭാടത്തെയല്ല. അത് കഴിഞ്ഞ്...
ദീപം
- ദീപം പ്രകാശത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. അതിലൂടെ ആന്തരികമായ
അറിവിനെയും അത് ബോധവൽക്കരിക്കുന്നു. അന്ധകാരം ഇല്ലാത്ത ഒരവസ്ഥ. പിന്നെ...
പുസ്തകം
- വിദ്യാഭ്യാസത്തെ അഥവാ അറിവിനെ പ്രതിനിധീകരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള
വിദ്യ കൈയ്യിലില്ലെങ്കിൽ നമ്മളെല്ലാം പൊട്ടന്മാരായിപ്പോയേനെ അല്ലെ? :)
പിന്നെയൊരു
കണ്ണാടി കൂടി വെക്കാം - കണ്ണാടിയിലൂടെ നാം നമ്മത്തന്നെ
കാണുന്നതോടൊപ്പം ഈ ഒരുക്കിവച്ചതിനെയൊക്കെ നമ്മിലേക്ക് പ്രതിഫലിപ്പിക്കുന്നതായി
കാണിക്കുന്നു. അതിലൂടെ എല്ലാ നന്മകളും നമ്മിലേക്ക് ആവാഹിച്ച്ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള ഉദ്ദേശശുദ്ധി നമ്മിൽ ഉണ്ടാവട്ടെ
എന്നാണ്അത് കൊണ്ട് ഉദ്ദേശിക്കുന്നത്.നാരായണ നാരായണ...
പിന്നെ
നമുക്ക് നല്ലത് എന്ന് തോന്നുന്ന എന്തും വെക്കാം. പച്ചക്കറികളും പഴങ്ങളും പൂക്കളും
മധുരവുമൊക്കെ വെക്കാം.എല്ലാം കൂടെ ഈ ലോകത്തിലെ സകല
നന്മകളെയും വർഷാരംഭത്തിൽത്തന്നെ കാണുകയും അവ നമ്മിലേക്ക് തന്നെ
പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് വിഷുക്കണിയുടെ ഉദ്ദേശ്യം.
ഹൂ.... ഞാൻ പറഞ്ഞു തളർന്നു. ഇത്തിരി
വെള്ളം കുടിച്ചിട്ട് ബാക്കി പറയാം.... ഇനി
കൂടുതലൊന്നുമില്ല കേട്ടോ... അത് വരേയ്ക്കും കുറച്ചു കൂടി കലാപരിപാടികൾ ആസ്വദിക്കൂ... നാരായണ നാരായണ...
(അടുത്ത
ഭാഗത്തെ കലാപരിപാടികൾ. )
4.കണി കാണുന്നതും ചില്ലറ
തത്വശാസ്ത്രവും
(ഈ ഭാഗത്ത് പ്രായോഗികമായ
ചില തത്വശാസ്ത്രങ്ങളെയാണ് ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുള്ളത്. ആഖ്യാതാവ് വീണ്ടും
അരങ്ങത്ത്)
നാരായണ
നാരായണ...എന്നെക്കണ്ട് കണ്ടങ്ങ്മടുത്തോ? ഏതായാലും ഇവിടെ നിങ്ങൾക്കാർക്കും
വിരസത തോന്നുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പ്രസന്ന മുഖം കണ്ടാൽ
അറിയില്ലേ... നമ്മൾ നേരത്തെ എവിടെ വച്ചാണ് നിർത്തിയത്?...ഹാ.. അങ്ങനെ നമ്മൾ
വിഷുക്കണിയൊരുക്കി അല്ലേ?സാധാരണ വീട്ടിലെ ഗൃഹനാഥനും
കുട്ടികളും ഒക്കെ കൂർക്കം വലിച്ചു ഉറങ്ങുമ്പോഴായിരിക്കും ഗൃഹനാഥ, വിഷുദിനപ്പുലർച്ചയിലേക്കായി വിഷുക്കണിയൊരുക്കി വെക്കുന്നത്. പാവം.. ഈ
ആണുങ്ങൾ എപ്പഴും അങ്ങനെയാ... സുഖിയന്മാരാ അല്ലെ? നാരായണ
നാരായണ...
അങ്ങനെ നേരത്തെ പറഞ്ഞപോലെ ഈ
ഒരുക്കിവച്ചിരിക്കുന്ന കണി കാണാൻ, വിഷുവിന്റെ അന്ന്
പുലർച്ചെ വീണ്ടും നമ്മുടെ ഗൃഹനാഥ തന്നെ
ആദ്യം എഴുന്നേറ്റ്, മൂത്തവയസ്സിൽ നിന്ന് തുടങ്ങി, വീട്ടിലെ
ആൾക്കാരെയൊക്കെ വിളിച്ചുണർത്തി കണ്ണ് പൊത്തിക്കൊണ്ട് വന്ന് കണി കാണിക്കും.... ഹാ
എന്തൊരു രസം.... എന്നാലും ഉറക്കം പോയതിൽ സങ്കടം കാണും. പക്ഷെ ഈ കണി കാണുന്ന മാതിരി
ആ വർഷത്തെ ഫലം വന്നാലോ? അത് നഷ്ടപ്പെടുത്താൻ ആർക്കെങ്കിലും പറ്റ്വോ? അല്ലേ.. അപ്പൊ ഉറക്കം
പോയാലും സാരല്യ.. ഭാവി നന്നാവട്ടെ... എന്നിട്ട് ചില സുഖിയന്മാർ പോയി വീണ്ടും
കിടന്നുറങ്ങും.. നാരായണ നാരായണ...
പക്ഷേ നമ്മുടെ കുഞ്ഞുങ്ങളെ കണി
കാണിക്കുന്ന കാര്യമാണ് കഷ്ടം... അല്ലേ... നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?... ചില ആളുകൾ അവരുടെ കുഞ്ഞുങ്ങളെ നിദ്രാവസ്ഥയിൽത്തന്നെ എടുത്തു കൊണ്ട്
വന്ന് കണിക്ക് മുന്നിലിരുത്തി മുട്ടിയും തട്ടിയും ഒക്കെ വിളിക്കും...
പിള്ളേരാണെങ്കിൽ വാവിട്ട് നിലവിളിക്കും... പിള്ളമനസ്സിൽ കള്ളം ഇല്ലല്ലോ.. അവർക്ക്
ഭാവി ശോഭാനമായാലെന്ത് അല്ലെങ്കിലെന്ത്? കുഞ്ഞുങ്ങൾ എന്തോ
ഭീകരാവസ്ഥ നോക്കുന്നപോലെയാണ് വിഷുക്കണി നോക്കുക. കുറ്റം പറയാൻ പറ്റ്വോ?....
എന്നുവച്ച്
അവരെ കാണിക്കാതിരിക്കാൻ പറ്റ്വോ? ചുളുവിൽ കിട്ടുന്ന
അവരുടെ ശോഭനമായ ഭാവി കളയാൻ ഒക്ക്വോ?.... ഇല്ല,... അപ്പൊ അവർക്ക് ഇഷ്ടപ്പട്ടില്ലെങ്കിലും സാരല്ല്യ....
അവരുടെ കണ്ണ് കുത്തിത്തുറന്ന് കാണിക്കുക തന്നെ... നാരായണ നാരായണ...
ഇങ്ങനെയൊക്കെ
നിർബന്ധിച്ച് കണി കാണിച്ചതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ?പിള്ളേരുടെ
കാര്യം പോകട്ടെ... ചുരുങ്ങിയത് ഇങ്ങനെ പല സംഭവങ്ങളും നമ്മുടെ ഇടയിലുണ്ടെന്നു അവരെ
അറിയിക്കാൻ പറ്റും... പക്ഷെ വലിയവരുടെ കാര്യമോ?...പൊരുളറിയാതെ കണി
കണ്ടിട്ട് വല്ല കാര്യോം ഉണ്ടോ? ആ പൊരുൾ ജീവിതത്തിൽ
പകർത്താതെ എന്താ കാര്യം? നാരായണ നാരായണ...
നമ്മൾ വ്രതം നോൽക്കുന്നതു
പോലെത്തന്നെയാണ് ഇതും... നമ്മളധികം പേരും പല വ്രതവും നോൽക്കുന്നവരല്ലേ.. ഏകാദശി
വ്രതം, ശിവരാത്രി വ്രതം..., തിങ്കളാഴ്ച വ്രതം....
അങ്ങനെ പലതും.. ശിവരാത്രി വ്രതത്തിന് ഉറക്കം വരാതിരിക്കാൻ ചീട്ടുകളി എന്ന ഉപാധി
സ്വീകരിച്ചവരാണ് നമ്മൾ :) 365 ദിവസങ്ങളുള്ള ഒരു വർഷത്തിൽ ഒന്നോ രണ്ടോ ദിവസം വ്രതം
നോറ്റാൽ നമ്മൾ പൂർണ്ണ ശുദ്ധൻമാരായി എന്നാണ് നമ്മളുടെ വിശ്വാസം.... ബാക്കിയുള്ള
ദിവസങ്ങളിൽ പോത്തിനെയും തിന്ന് കള്ളും
കുടിച്ച് കൈക്കൂലിയും വാങ്ങി നാട്ടുകാരുടെ
മേൽ കുതിരകയറും... ഇതാണ് ഇക്കാലത്തെ ശരാശരി നമ്മൾ. സത്യത്തിൽ ഇതിന്റെ നേർവിപരീതമായാണ് നാം
പ്രവർത്തിക്കേണ്ടത്. രണ്ടോ മൂന്നോ ദിവസം കള്ളുകുടിച്ച് ചീട്ടുകളിച്ചാലും, ബാക്കി
363 ദിവസം നന്നായി ജീവിച്ചാൽ നേരത്തെ പറഞ്ഞതിലും നല്ലതല്ലേ? പറഞ്ഞൂന്നേ
ഉള്ളൂ ട്ടോ... ഇനി ഞാൻ രണ്ടു ദിവസം കള്ള് കുടിക്കാൻ പറഞ്ഞൂന്നും പറഞ്ഞു എന്നെ
കോടതി കേറ്റരുത്! നാരായണ നാരായണ...
അപ്പോൾ വ്രതം നോൽക്കുന്നതിലോ കണി
കാണുന്നതിലോ അല്ല കാര്യങ്ങൾ.. അതൊക്കെ പ്രതീകാത്മകമാണ്... അതിന്റെയൊക്കെ പൊരുൾ
ജീവിതത്തിൽ പകർത്താതെ, സ്വാംശീകരിക്കാതെ എന്ത് ചെപ്പടി വിദ്യ കാണിച്ചിട്ടും ഒരു
കാര്യോം ഇല്ല. ഭക്തിയും യുക്തിയും ഒരുമിച്ചു പോകുമോ? ഇല്ല... ഭക്തിയും
ബുദ്ധിയും ഒരുമിച്ചു പോകുമോ? കുറച്ച് ബുദ്ധിമുട്ടാണ്.
അതുപോലെ പണവും സാമാന്യബുദ്ധിയും ഒരുമിച്ചുണ്ടാവാൻ ഇത്തിരി പാടുപെടും. പക്ഷെ
യുക്തിയും ബുദ്ധിയും തീർച്ചയായും ഒരുമിച്ചു പോകും യുക്തിയും ഭക്തിയും ബുദ്ധിയും
നിങ്ങൾക്ക് ഒരുമിച്ചു കൊണ്ടുപോകാൻ പറ്റിയാൽ തീർച്ചയായും നിങ്ങൾക്ക്
ശാന്തിപൂർണ്ണമായ ഒരു ജീവിതം ഉണ്ടാകും.
കണി കണ്ടു കഴിഞ്ഞിട്ട് കൈനീട്ടം
എന്നൊരു പരിപാടിയുണ്ട്. ആളുകളുടെ ധാരണ എത്ര വലിയ കൈനീട്ടം കിട്ടുന്നോ അതോ
കൊടുക്കുന്നോ അത്ര വലുപ്പത്തിൽ സമ്പത്ത് ഉണ്ടാകുമെന്നാണ്. 100 രൂപ കൈനീട്ടം
കൊടുത്ത അമ്മാവനെ പുകഴ്ത്തിയും 1 രൂപ കൈനീട്ടം കൊടുത്ത മുത്തച്ഛനെ ഇകഴ്ത്തിയും
സംസാരിക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. അല്ലേ? പക്ഷേ ഇതും പ്രതീകാത്മകം
തന്നെയാണ്. കൊടുത്ത പണത്തിലല്ല, അതിന്റെ അർത്ഥങ്ങൾക്കാണ്
നാം വില കൊടുക്കേണ്ടത്. അർത്ഥങ്ങളറിയാതെ, കഴിയുന്നതും കാര്യങ്ങൾ
ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.. കാരണം ആ സമയം പാഴാക്കാതെ അതിനു വേണ്ടി കാശ്
ചെലവാക്കാതെ നാലഞ്ച് പുത്തനുണ്ടാക്കുന്ന വല്ല കാര്യോം ചെയ്യാലോ?! നാരായണ
നാരായണ...
ഇതൊക്കെ
പോകട്ടെ... വടക്കേ മലബാറിൽ പശുക്കളെ വിഷുക്കണി കാണിക്കുന്ന ഒരു ചടങ്ങുണ്ട്. പശുവിന്
ഈ കാണിക്കുന്നത് വിഷുക്കണിയാണോ അതോ മറ്റുവല്ലതും ആണോ എന്നൊക്കെയുള്ള അറിവുണ്ടാകുമോ
എന്നെനിക്കറിയില്ല. പുലർച്ചേ തന്നെ വിളക്കും പച്ചക്കറികളുമൊക്കെയായി കണി കാണിക്കാൻ
തൊഴുത്തിൽ പോകും. പശുവാണെങ്കിലോ, ആകെ
പരിഭ്രമിച്ചെഴുന്നേറ്റ് ചാണകമൊക്കെ ഇട്ട്, മൂത്രമൊക്കെ ഒഴിച്ച്,
കൊച്ചുകുട്ടികൾ മിഴിച്ചു നോക്കുന്നത് പോലെ നോക്കും.
പക്ഷെ ഒരു കാര്യത്തിൽ പശു സന്തോഷിക്കും, കാരണം കണി വച്ച
ചക്കയും വെള്ളരിക്കയുമൊക്കെ പശുവിനുള്ളതാണ്. ഇതിലൊക്കെ വല്ല കാര്യോം ഉണ്ടോ?
കാര്യം ഇല്ലാതില്ല. നമുക്ക് പാലും ചാണകവുമൊക്കെത്തരുന്ന സാധുമൃഗമായ
പശുവിനോട് ബഹുമാനം കാണിക്കാനുള്ള ഒരു ചടങ്ങായെങ്കിലും കണ്ടുകൂടെ? പശുവിനോട് ബഹുമാനം കാണിച്ചാൽ മനുഷ്യന്റെ മാനം പോകുമോ? കണി കാണുന്ന സമയത്ത് മാത്രം ഭഗവദ്ഗീത വായിക്കുന്ന എത്രയോ പേര് ഉണ്ട്.
എന്നിട്ട് വീമ്പടിക്കും ഞാനും ഗീത വായിച്ചിട്ടുണ്ടെന്ന് !... ഇതാണ് ഇന്നത്തെ ലോകം...നാരായണ നാരായണ...
അയ്യോ...
വിഷുക്കണി കാണുന്നതിനെപ്പറ്റി പറയാനാണ് ഞാൻ വന്നത്... എന്നിട്ട് കാട് കേറി തത്വ
ശാസ്ത്രം പറഞ്ഞോണ്ടിരിക്ക്വാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാകും... :)പറയേണ്ടതത്രയും പറഞ്ഞിട്ട് ഇനി
മാപ്പപേക്ഷിച്ചിട്ടെന്താ കാര്യം... പറഞ്ഞു പോയില്ലേ :)
അപ്പൊ ഇനി കണി കാണുമ്പോ ചെയ്യേണ്ട കാര്യങ്ങൾ പറയാം.. കണി
കാണാൻ ഇരുന്നാൽ, കണി വച്ച എല്ലാ
സാധനങ്ങളെയും എന്റെ ജീവിതത്തിൽ കിട്ടുമാറാകണേ എന്നൊന്നും പ്രാർത്ഥിച്ച് കളയരുത് അതൊക്കെ
വിഡ്ഡിത്തമാണ്. വാൽക്കണ്ണാടി മുന്നിൽ
കണ്ടു എന്ന് വച്ച് ചീർപ്പ് എടുത്ത് മുടി ചീകാൻ തുനിയരുത്. Jചെയ്യേണ്ടത് ഇതാണ്… സർവ്വ ഐശ്വര്യങ്ങളും
മനസ്സമാധാനവും പ്രദാനം ചെയ്യണേ എന്ന് ഉള്ളു തുറന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി.
മാത്രവുമല്ല ഈ പുതുവർഷാരംഭം തൊട്ട് ഞാൻ നല്ലത് മാത്രമേ ചെയ്യൂ എന്ന്
പ്രതിജ്ഞയെടുക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. വേറൊരു മന്ത്രം
ചൊല്ലിയില്ലെങ്കിലും 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന് കൂടി
ഉരുവിട്ടാൽ വളരെ നന്ന്. കാരണം മനുഷ്യന് ഒറ്റക്ക് ഒരു ജീവിതം ഇല്ല
തന്നെ. മറ്റുള്ളവർക്ക് സുഖം ഇല്ലാത്തിടത്തോളം നമുക്കും ശരിയായ സുഖം ഉണ്ടാവില്ല.
നാരായണ നാരായണ...
എന്നാൽ
പിന്നെ കണി കണ്ടില്ലേ... വേഗം പോയി പടക്കംപൊട്ടിച്ചോളൂ....
അല്ലെങ്കിൽ .വേണ്ട.. കലയുടെ മാലപ്പടക്കത്തിന് തീ കൊടുക്കാൻ ചില കലാകാരന്മാർ
തയ്യാറായി നിപ്പുണ്ട്...ആസ്വദിക്കൂ ട്ടോ.....നാരായണ
നാരായണ...
(വീണ്ടും
കലാപരിപാടികൾ....)
5.വിരാട സംഗ്രഹം
(കാഥികൻ
അവസാനവട്ടം അരങ്ങത്തു വരുന്നു. ഇവിടെ അവസാനത്തെ പരിപാടിയായ'വിരാടം'എന്ന നാടകത്തെക്കുറിച്ച്
ഒരു സംഗ്രഹം കൊടുക്കുന്നു.)
അങ്ങനെ
നിങ്ങൾ കണിക്കൊന്ന പറിച്ചു,കണി വെച്ചു,കണി കണ്ടു.... പടക്കം പൊട്ടിച്ചു... കുറെ പുതിയ അറിവുകൾ നേടി... ഇനിയെന്താ
എന്ന് എന്നോട് വല്ല ചോദ്യവും ഉണ്ടോ?എന്തായാലും ഇനിയാണ് പ്രധാനപ്പെട്ട സദ്യ വരാൻ പോകുന്നത്. എന്താ ദ് കഥ...
എന്നാണോ?സദ്യ
ഇപ്പൊ കഴിച്ചതല്ലേ ഉള്ളൂ.. വീണ്ടും ശാപ്പാടോ എന്നായിരിക്കും... J എന്നാൽ
ശപ്പാടല്ല... ഈ വർഷം നിങ്ങൾക്കായി ഒരു പ്രത്യേക വിരുന്ന് തന്നെ നമ്മൾ
ഒരുക്കിയിട്ടുണ്ട്.ആകാംക്ഷയുണ്ടോ? ...ഞാൻ പറയാം അതാണ്'വിരാടം'. തിരുവരങ്ങ് - ന്യൂ ജെഴ്സി, അണിയിച്ചൊരുക്കുന്ന
നാടകം.
ഈ
നാടകത്തിന്റെ കഥാസംഗ്രഹംനിങ്ങൾക്കറിയോ?കഥയറിയാതെ ആട്ടം കാണണോ? Jകഥ മുഴുവൻ
അറിഞ്ഞാൽ പിന്നെ ആട്ടം എന്തിനാ കാണുന്നെ അല്ലെ? J നിങ്ങൾക്ക് കഥ നന്നായി മനസ്സിലാകുവാൻ,സംഭവം കൂടുതൽ
ഗ്രഹിക്കാൻ,ഞാൻ കഥചുരുക്കി പറയാം.ഈ കൂടിയിരിക്കുന്നവരിൽ ആരൊക്കെ എം. ടി യുടെ'രണ്ടാമൂഴം'എന്ന നോവൽ
വായിച്ചിട്ടുണ്ട്? എം ടിയെ അറിയാമായിരിക്കുമല്ലോ... എം ടി വാസുദേവൻ നായർ. മലയാളത്തിൽ ഉണ്ടായിട്ടുള്ള
ഒരു മഹത്തായ നോവലാണ് രണ്ടാമൂഴം. എന്താണ് രണ്ടാമൂഴത്തിന്റെ പ്രത്യേകത?അവിടെയാണ് എം ടി യുടെ
പ്രസക്തി. നമ്മുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും ഇത്രയേറെ വേറിട്ട വീക്ഷണകോണിൽ
വീക്ഷിച്ച ഒരു സാഹിത്യകാരൻ മലയാളത്തിലോ ഇന്ത്യയിൽത്തന്നെയോ വേറെയില്ല.
രണ്ടാമൂഴത്തിൻറെ ഏറ്റവും മഹത്തായ വിജയം അത് വായനക്കാരനെ ചിന്തിക്കാൻ
പ്രോഹത്സാഹിപ്പിക്കുന്നു എന്നിടത്താണ്.
മഹാഭാരതത്തിലെ
ചില ഏടുകളെ, പ്രത്യേകിച്ച് പാണ്ഡവരുടെ
അജ്ഞാതവാസക്കാലത്തെ വിരാടരാജ്യത്തുള്ള ഒരു ഭാഗത്തെ, പഞ്ചപാണ്ഡവരിൽ
രണ്ടാമനായ ഭീമന്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുകയാണ് എം ടി രണ്ടാമൂഴത്തിൽ
ചെയ്യുന്നത്. രണ്ടാമന്റെ ഊഴമാണ് രണ്ടാമൂഴം. മറ്റൊരാളും കാണാത്ത, ചിന്തിക്കാത്ത ഒരു അന്വേഷണ ചാതുര്യത്തോടെയാണ് എം
ടി രണ്ടാമൂഴം തുടങ്ങുന്നത്. ആസ്വാദക മനസ്സുകകളെ ഉദ്ദീപിപ്പിക്കുകയും സ്വന്തം മനസാക്ഷിക്ക്
നേരെ ചോദ്യങ്ങൾ എറിയാൻ ഉതകുന്ന കഥാസന്ദർഭങ്ങളും ഈ നോവലിൽ ഉടനീളം ഉണ്ട്.
എം
ടിയുടെ കണ്ണിൽ, നമ്മുടെ ഭീമന്റെ അവസ്ഥ സത്യത്തിൽ
ദുഃഖം നിറഞ്ഞതായിരുന്നു. ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ഠന് മാറ്റി
വച്ചിട്ടുള്ളതാണ് എന്ന അറിവോടെ തന്നെ വളരുന്ന ഭീമന്‍. സ്വയം എടുത്തണിഞ്ഞ മന്ദന്‍
പരിവേഷം… കഴിവുണ്ടെങ്കിലും, തേരോട്ടത്തിലോ
അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്ത, അതില്
പരിശീലിപ്പിക്കാത്ത ഗുരു... തടിയന്‍
മന്ദന്‍ ഗദ പഠിച്ചാല്‍ മതി... , ഷണ്ഡൻ പാണ്ഡുവിൻറെ മകൻ
എന്നൊക്കെയുള്ള വ്യക്തിത്വപ്രതിസന്ധി
അനുഭവിക്കുന്ന കൌമാരം.... ആരോടും പരിഭവം പറയാതെ മന്ദന്‍ വേഷം സ്വയം ഏറ്റെടുക്കുന്ന ഭീമന്റെ.. ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ട
ഭീമന്റെ.. വേറിട്ട ഒരു വ്യക്തിത്വം ഇവിടെ കാണാൻ പറ്റും... പാഞ്ചാലിയുടെ ആഗ്രഹപൂരീകരണത്തിന്ന് കല്യാണസൌഗന്ധികം തേടിപ്പോയതും, പാഞ്ചാലിയുടെ ശപഥം നിറവേറ്റാൻ കുരുക്ഷേത്രയുദ്ധത്തിൽ ദുഃശ്ശാസനന്റെ മാറ് പിളർന്നു ചോരയോഴുക്കിയതും, അവസാനം, കൌരവരാജാവ് ദുര്യോധനനെ കൊന്ന് രാജ്യം തിരിച്ചു പിടിച്ചതുമൊക്കെ ഭീമനാണെങ്കിലും വീരസ്യം കാണിക്കാതെ വെറും രണ്ടാമനായി ഒതുങ്ങിക്കൂടുകയായിരുന്നു ഭീമൻ.
കാലങ്ങളായി
മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ചന്തുവിൻറെ പ്രതിച്ഛായ മാറ്റി വരച്ച എം ടി, ഭീമന്റെ
പ്രതിച്ഛായയും ഇവിടെഭംഗിയായി മാറ്റിമറിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള ഭീമന്റെ വേറിട്ട
വ്യക്തിത്വത്തിന്റെ നടകാവിഷ്കാരമാണ് 'വിരാടം'. നിങ്ങൾ തീർച്ചയായും ആസ്വദിക്കും..
കണ്ടു നോക്കൂ.... J