2014 സെപ്റ്റംബർ 24, ബുധനാഴ്‌ച

മലയാളമേ സ്വരരാഗമേ - KAGW THEME SONG

ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തിൽ നടക്കുമെന്ന് ഞാനെന്റെ വിദൂര സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഭാഗ്യത്തിന്റെ ബലത്തിൽ മാത്രം, ഈയൊരു വലിയ ലോകത്ത് എനിക്ക് വേണ്ടി കരുതിയ ചെറിയ ഒരു പാട്ടാണ് ഇത്. കാരണം എന്നേക്കാൾ കഴിവുള്ള എത്രയോ എഴുത്തുകാരിവിടെ ഉണ്ടാവുമ്പോൾ എനിക്കുതന്നെ ഈ നറുക്ക് വീഴേണ്ടിയിരുന്നില്ല.


ഈ പാട്ടിന്റെ ആദ്യത്തെ രംഗാവതരണം ചുവടെ:

2013 ലെ  കെ. എ. ജി. ഡബ്ല്യൂ വിന്റെ കേരള ദിനാഘോഷം, നവംബർ രണ്ടിന് മേരിലാന്റിലെ ബെത്തസ്ഡയിൽ വച്ചായിരുന്നു നടന്നത്. അവിടെ വച്ച് കെ. എ. ജി. ഡബ്ല്യൂ വിന്റെ മുൻ അദ്ധ്യക്ഷനായിരുന്ന ശ്രീ. രജീവ് ജോസഫ്‌, എന്നോട് ഭാവനാപരമായ, വളരെ പുരോഗമനപരമായ ഒരു ആശയം അവതരിപ്പിക്കുയുണ്ടായി. അതെന്തായിരുന്നു എന്ന് വച്ചാൽ കെ. എ. ജി. ഡബ്ല്യൂ വിന് അവരുടെതായ ഒരു ആശയഗാനം [ഒരു ആൻഥം (Anthem) രീതിയിൽ ] ഉണ്ടാക്കുവാനുള്ള താൽപര്യമായിരുന്നു. എഴുതിക്കിട്ടിയാൽ ശ്രീമാൻ സാജൻ അത് ചിട്ടപ്പെടുത്തുമെന്നും അറിയിച്ചു. 2013 ലെ  ഓണപ്പരിപാടികൾക്ക്,  അതിന്റെ ആശയങ്ങൾ ചിട്ടപ്പെടുത്തുന്നതിനിടയിൽ കണ്ട പരിചയം മാത്രമേ സാജനുമായി ഉണ്ടായിരുന്നുള്ളൂ.

മറുനാടാൻ മലയാളിയുടെ വീക്ഷണ കോണിലൂടെ മലയാളത്തെയും കേരളത്തെയും സംബന്ധിച്ച് ഹ്രസ്വമായി, ഈണത്തിൽ ഒരു ഗാനം, അതായിരുന്നു വേണ്ടിയിരുന്നത്. 2013 ലെ ക്രിസ്തുമസ്സ് ആഘോഷത്തിന് പറ്റില്ലെങ്കിൽ 2014 ലെ വേനൽക്കാല ആഘോഷത്തിനെങ്കിലും തയ്യാറായാൽ നന്നായിരുന്നു എന്നറിയിച്ചു. ഞാൻ എന്റേതായ രീതിയിൽ ശ്രമിക്കാമെന്നും, എന്നാലും മറ്റുള്ള ആരോടെങ്കിലും കൂടെ എഴുതാൻ പറഞ്ഞ്, കൂട്ടത്തിൽ മികച്ചത് എടുക്കുന്നതായിരിക്കില്ലേ നല്ലത് എന്ന് ഞാനും പറഞ്ഞു.


(രജീവ് ജോസഫ്, സാജൻ, സ്റ്റീഫൻ & ഞാൻ)

ചില ചടങ്ങുകൾക്ക്  ശേഷം രാത്രി വൈകി വീട്ടിലെത്തി. അർദ്ധരാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വന്നില്ല. മനസ്സിൽ രജീവ്ആവശ്യപ്പെട്ട സംഭവം ഉരുണ്ടു കളിച്ചത്  കാരണം എന്തോ ഒരുതരം വല്ലായ്ക.... ആ കിടത്തത്തിൽ ഒരു അര മണിക്കൂർ  കൊണ്ട് എന്റെ ഐഫോണിൽ  കോറിയിട്ടിട്ടാണ് ആദ്യത്തെ ഉദ്യമം തുടങ്ങിയത്. കെ. എ. ജി. ഡബ്ല്യൂ വിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശ്രീ. രജീവ് ജോസഫിന്റെ പ്രേരണപ്രകാരം ഒരു ഗാനം പിറന്നല്ലോ എന്നാ ചിന്ത മാത്രം ആശ്വാസം പകർന്നു.

പാട്ട് കൊടുത്തിട്ട് ഒന്ന് രണ്ടു മാസം കഴിഞ്ഞിട്ടും ഒരു അനക്കവും ഉണ്ടായില്ല. അങ്ങനെ ഒരു ദിവസം സാജൻ എന്നെ വിളിച്ചു പറഞ്ഞു, "ചേട്ടാ, പാട്ടൊക്കെ വളരെ നന്നായിട്ടുണ്ട്. പല്ലവി ഗംഭീരം, പക്ഷേ അനുപല്ലവിയുടെയും ചരണത്തിന്റെയും ഈണം നമുക്കൊന്ന് മാറ്റിപ്പിടിക്കണം. എന്നാലേ അതിനു ജീവനുണ്ടാകൂ" എന്നൊക്കെ. ഞാൻ പറഞ്ഞു, "സാജാ, ഇത്രയൊക്കെ എഴുതാനേ എനിക്ക് പറ്റൂ, ഇനി ഇതിനെ മാറ്റി എഴുതുക എന്നൊക്കെ വച്ചാ...".  "ചേട്ടനെക്കൊണ്ടാവും,  ഒന്ന് ശ്രമിച്ചു നോക്ക്..." എന്നൊക്കെ സാജൻ. ഒരു നീരസത്തോടെ, "നോക്കാം" എന്ന് ഞാൻ. ഞാൻ പാട്ടിനെ ഒന്ന് ഉടച്ച് വാർത്ത് അയച്ചു കൊടുത്തു. സാജന് തൃപ്തി പോരാ. പിന്നെയും ഒന്ന് രണ്ട് തവണ കൂടി മാറ്റിക്കൊടുത്തു. സാജന്റെയടുത്ത് ഒരു രക്ഷയുമില്ല. ഈ പരിപാടി തന്നെ നിർത്തിയാലോ എന്ന് എനിക്ക് തോന്നിത്തുടങ്ങി.


(സാജൻ, വിജയ്‌ യേശുദാസ്, ഞാൻ)

ഒടുവിൽ സാജൻ പറഞ്ഞു, "ചേട്ടാ ഞാനൊരു ഈണം തരാം, ശ്രമിച്ചു നോക്കൂ ..". "ആദ്യം ഈണമിട്ട് ഞാൻ ഇതുവരെ പാട്ടെഴുതിയിട്ടില്ല സാജാ.." "പറ്റും ചേട്ടാ..." സാജൻ ഒരു ഈണം തന്നു. എനിക്കാണെങ്കിൽ ഈ 'ലലലലാല ലാലലാല' മനസ്സിലാകുന്നുമില്ല. എന്നാലും ഒന്ന് ഇരുന്ന് ശ്രമിച്ചു നോക്കി. ആശയങ്ങൾ ചോരാതെ,  വീണ്ടും വിപുലപ്പെടുത്തി, പാട്ട് ഒന്ന് കൂടി ഉടച്ചുവാർത്തിട്ട് അയച്ചു കൊടുത്തു. സാജനെ സംബന്ധിച്ചടുത്തോളം ഒരു 85-90% മാത്രമേ ഞാൻ ഈണവുമായി നീതി പുലർത്തിയുള്ളൂ. പക്ഷേ പുതിയ വരികളുടെ താളവും ഭാഷയും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. അങ്ങനെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരുദിവസം രജീവിന്റെ വീട്ടിൽ നമ്മൾ മൂന്നുപേരും കൂടിയിരുന്നാണ് പാട്ടിന് ഒരു അന്ത്യരൂപം കൊടുത്തത്. ഈ ഒരു പ്രക്രിയയിൽ ഞാനും കുറേ കാര്യങ്ങൾ പഠിച്ചു.


(സാജൻ, ശബ്ദരേഖാസഹായി, നാരായണൻ കുട്ടി, രജീവ് ജോസഫ്, വിജയ്‌ യേശുദാസ്, ഞാൻ എന്നിവർ സ്റ്റുഡിയോയിൽ)

പിന്നെ സാജന്റെ ശ്രമഫലമായി സ്റ്റീഫൻ ദേവസ്സി ഈ പാട്ടിന് ഘനഗംഭീരമായ പശ്ചാത്തലസംഗീതം ഒരുക്കുകയും, നാരായണൻ കുട്ടിമേനോന്റെ അക്ഷീണശ്രമഫലമായി വിജയ്‌ യേശുദാസിന്റെ കർണ്ണാനന്ദകരമായ ശബ്ദവും കൂടിയായപ്പോൾ പാട്ട്, എന്റെ പരിധി വിട്ട് പോകുകയായിരുന്നു. പക്ഷേ ഈ പാട്ട് ഈ തരത്തിൽ എത്തുമെന്ന് ആദ്യമേ നിരീക്ഷിച്ച ഒരാളുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ സാജൻ തന്നെ. സ്റ്റീഫൻ ദേവസ്സിയുടെ വാദ്യവൃന്ദസംഘാംഗങ്ങൾ, സജി ജോസ്, ജെൻസണ്‍ ജോസ്, മനോജ്‌ ശ്രീനിലയം, തോമസ്‌ കുര്യൻ എന്നിവരെക്കൂടാതെ ഈയ്യൊരു സൃഷ്ടിയിൽ എനിക്ക് എല്ലാവിധ പിന്തുണയും തന്ന എന്റെ സഹധർമ്മിണി ജിഷ, എന്നെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിച്ച എന്റെ സഹൃദയരായ സുഹൃത്തുക്കൾ, പിന്നെ പാട്ടിനെ ഈയ്യൊരു തലത്തിൽ എത്തിക്കാൻ ശ്രമിച്ച മറ്റെല്ലാവർക്കും നന്ദി.

നാടിനെയും ഉറ്റവരെയും ദൂരെയാക്കി മറുനാട്ടിൽ വന്നുപെട്ട, കേരളത്തെയും മലയാളത്തെയും സ്നേഹിക്കുന്ന നമ്മൾ മലയാളികൾക്ക്, മലയാളവും അതിന്റെ പൈതൃകവും  എന്നെന്നും നിലനില്ക്കണേ എന്ന് ആഗ്രഹിക്കുന്നതരത്തിലുള്ള ഒരു ഗീതമാണ്‌ ഞാൻ ഉദ്ദേശിച്ചത്. അതു തന്നെയാണല്ലോ  ഇവിടത്തെ ഓരോ മലയാളി സംഘടനകളുടെയും പ്രാഥമികോദ്ദേശ്യവും. ഒരു ആൻഥം (Anthem) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നതും ഒരു പ്രാർത്ഥനാഗീതമോ സങ്കീർത്തനമോ പുകഴ്ത്തലോ ഒക്കെത്തന്നെയാണല്ലോ. 

കേരളത്തെയും മലയാളത്തെയും കുറിച്ച് കേൾക്കുമ്പോൾ ആരുടെ മനസ്സിലും പെട്ടെന്ന് തോന്നാവുന്ന ചില പദങ്ങളും, സ്ഥലനാമങ്ങളും, ഉത്സവങ്ങളും, കലകളും പുഷ്പങ്ങളും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ, കേരളത്തിന്റെ ദേശീയ പുഷ്പവും, ദേശീയ മൃഗവും, ദേശീയ പക്ഷിയും ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഈ പറഞ്ഞ സംഭവങ്ങൾ ചേർത്തുവച്ചു കൊണ്ട്, അതിൽ കുറച്ചു കാല്പനികതയും ആഗ്രഹങ്ങളും വികാരങ്ങളും കൂടി ചേർത്തിട്ടാണ് ഈ ഗാനം മുഴുമിക്കാൻ ശ്രമിച്ചിട്ടുള്ളത്. 


(സ്റ്റീഫൻ, മനോജ്‌ ശ്രീനിലയം എന്നിവരോടൊപ്പം)

എന്റെ അറിവിൽ, കഴിഞ്ഞ നാല് കൊല്ലമായി, രജീവ് ജോസഫ് എന്ന മനുഷ്യന്റെ  ദീർഘദൃഷ്ടിയിൽ വിരിഞ്ഞ, കെ എ ജി ഡബ്ല്യൂവിന്  ഒരു ആശയഗാനം എന്ന ഉൽക്കടമായ ആഗ്രഹം ഇല്ലായിരുന്നുവെങ്കിൽ ഈ ഒരു പാട്ട് ഉണ്ടാകുമായിരുന്നില്ല. അതും മറ്റു മുൻപരിചയങ്ങൾ ഇല്ലാതിരുന്നിട്ട് കൂടി അദ്ദേഹം എന്നോട് ഈയ്യൊരു പാട്ട് എഴുതാൻ ആവശ്യപ്പെട്ടത് ഇന്നും എനിക്കൊരു അത്ഭുതമാണ്. 

എന്നോട് പാട്ടെഴുതാൻ ആവശ്യപ്പെട്ട് ഒരു കൊല്ലത്തിനുള്ളിൽത്തന്നെ ആ പാട്ട് അതിന്റെ എല്ലാ ഭംഗിയോടും കൂടെ 2014 ലെ ഓണാഘോഷത്തിന്റെ കൂടെ സ്റ്റീഫൻ ദേവസ്സിയുടെ സാന്നിദ്ധ്യത്തിൽ പുറത്തിറക്കാൻ പറ്റിയതിൽ സർവ്വശക്തന് നന്ദി. ഈ പാട്ട്  കെ. എ. ജി. ഡബ്ല്യൂ വിൽ മാത്രമായി ഒതുക്കാതെ, എല്ലാ മലയാളികൾക്കുമായി, പ്രത്യേകിച്ച് എല്ലാ പ്രവാസി മലയാളികൾക്കുമായി സമർപ്പിക്കുന്നു.


(പാട്ടിന്റെ സി ഡി പുറത്തിറക്കുന്നു)

വരികളിലേക്ക്:

മലയാളമേയെൻ സ്വരരാഗമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദം ആവേണമേ

പൂർവ്വികരേ നിൻ സ്മൃതികൾ എന്നിൽ പുളകം നിറയും അമൃതം, സരസം, സുകൃതം
തിരുവോണം പൂരം കേരം സുന്ദര ദേശം ചമയും സഗുണം, കമലം, മധുരം
തെയ്യക്കോലം പീലിവിടർത്തും മയിലായ് ചെയ്യും നടനം
കരിയുടെ ചന്തം വേഴാമ്പലുമായ് കോർക്കും കൈരവഹാരം
സൂര്യോദയമായ് ജീവാമൃതമായ് ഉയിരുക വാനിൽ നീ.... മലയാളമേ....
(കേദാരമേ..  ആരാമമേ...)

കഥകളി കളരിത്തുള്ളൽകൂത്തുകൾ നിളയിൽ തീർക്കും കലയുടെ സ്വർഗ്ഗം, സൂക്തം, ദിവ്യം
കോവളതീരം ഗവിയും മോഹന ജലകേളികളായ് ഗ്രാമം
മതവർണ്ണങ്ങൾ ഭേദം കൂടാതിടപഴകുന്നൊരു ഭവനം
ഉന്നതി തേടും ജീവിതവഴിയിൽ മാതാവായ് വാഴൂ.... മലയാളമേ ...
(ഹൃദന്തമേ... കർണ്ണികാരമേ...)

(ജന്മാന്തരം ജനസഞ്ചയം വാഴ്ത്തേണമേ...)

********************************പാട്ട് വന്ന വഴികൾ ****************************
മൂന്നാമത്തെ ഉദ്യമം:
മലയാളമേയെൻ സ്വരരാഗമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദമാവേണമേ (2)

കോൾമയിർ കൊള്ളട്ടെ കോമളമാമെന്റെ
കുലജന്മതാവഴി സ്മൃതികളുമായ്
കേരവും പൂരവും ഓണവും ചമയിച്ച
കേദാരകേരളകർണ്ണികാരം  (2)

കളരിപ്പയറ്റും കഥകളിയും കൂടെ
കോവളതീരവും  ജലകേളിയും
കരിയുടെ ചന്തവും വേഴാമ്പലും കോർത്ത
കൈരവപൈതൃകപാരിജാതം (2)

ജീവിതവിജയപന്ഥാവിലെ ജീവനായ്
ജനനിയായ്‌ അമരേന്ദുപൌർണമിയായ്
ജാതിമതദേശഭേദങ്ങളില്ലാതെ
ജനതതി വാഴ്ത്തട്ടെ ജന്മാന്തരം (2)

രണ്ടാമത്തെ ഉദ്യമം: 
മലയാളമേയെൻ സ്വരരാഗമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദമാവേണമേ

കേരവും തിരുവോണവർണ്ണവും ചമയിച്ച
കേരളമാകുന്ന കേദാരമേ
കോൾമയിർ കൊള്ളട്ടെ കോമളമാമെന്റെ
കുലജന്മതാവഴിയോർത്തിടുമ്പോൾ

ജാതിമതദേശഭേദങ്ങളില്ലാതെ
ജന്മാന്തരങ്ങളിൽ വാഴേണമേ
ജീവിതവിജയത്തിൽ ജീവവായുവായ്
ജനനിതൻ സ്ഥാനത്തിരിക്കേണമേ

പാരിജാതം പരി കർണ്ണികാരം പോലെ
പൈതൃകപുഷ്പമായ് വിരിയേണമേ
പാമരപണ്ഡിതനാട്യങ്ങളില്ലാത്ത
പൂരപ്രകാശമായ് തെളിയേണമേ

കളരിപ്പയറ്റും കഥകളിയും കൂടെ
കോവളതീരവും  ജലകേളിയും
കരിയുടെ ചന്തവും വേഴാമ്പലും തീർത്ത
കൈരവഹാരമായ് തീരേണമേ

ആദ്യത്തെ ഉദ്യമം: 
മലയാളമേ മലയാളമേ
മാമല നാടിന്റെ ലയതാളമേ
മറുനാടൻ മലയാളിയാകുമീ മനിതന്
മനതാരിൽ മകരന്ദമാവേണമേ

കല്പവൃക്ഷമാം കേരത്തിൻ നാടാകും
കേരളമാകുന്ന കേദാരമേ
കോൾമയിർ കൊള്ളട്ടെ കോമളമാമെന്റെ
കുലജന്മതാവഴിയോർത്തിടുമ്പോൾ

ജാതിമതദേശഭേദങ്ങളില്ലാതെ
ജന്മാന്തരങ്ങളിൽ വാഴേണമേ
ജീവിതവിജയത്തിൽ ജീവവായുവായ്
ജനനിതൻ സ്ഥാനത്തിരിക്കേണമേ

പാരിജാതത്തിന്റെ പരിമളം വീശുന്ന
പൈതൃകപുഷ്പമായ് വിരിയേണമേ
പാമരപണ്ഡിതനാട്യങ്ങളില്ലാതെ
പൂമാലയായെന്നിൽ വീഴേണമേ


പാട്ടിലൂടെ ഞാൻ ഉദ്ദേശിച്ച ആശയത്തിന്റെ വളരെ ഹ്രസ്വമായ വിവരണം ചുവടെ:
എന്റെ പ്രിയപ്പട്ട മലയാളമേ, എന്റെ സ്വരവും രാഗവുമായ മലയാളമേ, നീ, മലകളും പുഴകളും നിറഞ്ഞു കിടക്കുന്ന നമ്മുടെ നാടായ കേരളത്തിന്റെ ലയവും താളവുമാണ്‌. മറുനാട്ടിൽ വന്നുകിടക്കുന്ന മലയാളിയായ എനിക്ക് നീ എന്നെന്നും എന്റെ മനസ്സിൽ മധുരമൂറുന്ന നറുതേനായി മാറേണമേ. ഞാൻ നിന്നെ ഒരിക്കലും മറക്കാതിരിക്കണേ.

കേരളത്തിലെ എന്റെ മഹാന്മാരായ പൂർവ്വികരേ, നിങ്ങളുടെയും നിങ്ങളുടെ മഹത്തായ കർമ്മങ്ങളുടെയും  ഓർമ്മകൾ, എന്നിലെന്നും രോമാഞ്ചം കൊള്ളിക്കുന്ന അമൃതമാണ്. ആ ഓർമ്മകൾ സരസമാണ്, അവ എന്റെ സുകൃതമാണ്. ഓണാഘോഷങ്ങളും പൂരാഘോഷവും, സമ്പൽസമൃദ്ധമായ കേരവൃക്ഷവും ഒക്കെക്കൂടെ  നീ സൽഗുണസമ്പന്നതയോടുകൂടിയ മനോഹാരിത ചമയുന്നു. ആ മനോഹാരിത  താമരപ്പൂവ് പോലെ ആകർഷകമാണ്, അത് മധുരമൂറുന്നാതാണ്. നിന്നിൽ തെയ്യക്കോലങ്ങൾ, മയിലിന്റെ പീലിവിടർത്തിയുള്ള നടനം പോലെ വളരെ മനോഹരമായി നൃത്തം ചെയ്യുന്നു. ചന്തം വെച്ചു നടക്കുന്ന ഗജവീരന്മാർ വേഴാമ്പലുമായിച്ചേർന്ന് ആമ്പൽപ്പൂവിന്റെ മനോഹരമായ മാല നിന്നിൽ ചാർത്തുന്നു. ജീവന്റെ നിലനിൽപ്പിന്നാധാരമായ തേജസ്സുറ്റ സൂര്യോദയം പോലെ, ജീവന്റെ അമൃതായി നീ നിന്റെ പ്രകാശം എല്ലായിടത്തും പരത്തുക, എന്റെ ആത്മാവായി ജീവശ്വാസമായി വാനിൽ, വായുവിൽ എന്നുമെന്നും ജീീവിക്കുക.

മനോഹരിയായ നിളാനദിയിൽ കഥകളിയുടെയും, കളരിയുടെയും, കൂത്തിന്റെയും മറ്റു പല കലകളുടെയും സ്വർഗ്ഗങ്ങൾ തീർക്കപ്പെടുന്നു (കേരളകലാമണ്ഡലം നിളാതീരത്താണല്ലോ). ആ മനോഹരങ്ങളായ അനുഷ്ഠാനകലകളിൽ നിന്ന് ദിവ്യങ്ങളായ സൂക്തങ്ങൾ ഉയരുന്നു. മനോഹരമായ കോവളതീരവും കണ്ണിന് കുളിരേകുന്ന ഗവിയുടെ കാഴ്ച്ചകളും ജലകേളികളുമൊക്കെയായി നിന്റെ ഗ്രാമങ്ങൾ വളരെ മോഹനമായിരിക്കുന്നു. നിന്നിൽ എല്ലാ നാനാജാതിമതസ്ഥരും ഒരു വ്യത്യാസങ്ങളുമില്ലാതെ, വളരെ ഇണങ്ങി, ഇടപഴകിക്കഴിയുന്നു. ജീവിതോന്നതവഴിയിൽ എന്റെ സ്വന്തം അമ്മയായി നീയും നിന്റെ ഓർമ്മകളും എല്ലായ്പോഴും എന്റെ കൂടെ ഉണ്ടാവുക.

അവരവരുടെ ജന്മാന്തരങ്ങളിൽ ജനങ്ങൾ നിന്നെ എന്നും എല്ലായ്പ്പോഴും വാഴ്ത്തട്ടെ.

(പാട്ട് എഴുതിയവകയിൽ കിട്ടിയ ഫലകം സ്വീകരിക്കുന്നു)


*******

2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച

തെരുവിലെ ശാന്തി

ശ്രീ

വലിയ പട്ടണങ്ങളിലെ ചില വൃത്തികെട്ട മൂലകളിൽ‍  നമ്മളൊക്കെ പലപ്പോഴും കണ്ടിട്ടുള്ള ഒരു കാഴ്ച. അവരൊക്കെ അവിടെ എങ്ങനെ വന്നു എങ്ങനെ എത്തിപ്പെട്ടു ഒന്നും നമുക്കാർക്കും അറിയില്ല. അവർ‍ വിധിയുടെ ബലിമൃഗങ്ങളാണ്. വിധിയുടെ ബലത്തിൽ‍ വന്നു ചേർ‍ന്ന സൗകര്യങ്ങളിൽ‍ മതിമറന്ന്, മറ്റുള്ളവരുടെ വണ്ണത്തെ താരതമ്യം ചെയ്ത്, നമ്മൾ പലരും ആ ഒരു ലോകത്തെ കാണുന്നില്ല; അഥവാ കണ്ടില്ലെന്നു നടിക്കുന്നു.

എന്നിരുന്നാലും അത്തരം ആളുകളിൽ ഒരുതരം അനിർവ്വചനീയമായ ഒരു ശാന്തി അവരുപോലും കാണാതെ ഒളിഞ്ഞു കിടക്കുന്നതായി ഞാൻ കാണുന്നു. നമുക്കാർക്കും ഒരിക്കലും അനുഭവിക്കാൻ കഴിയാത്ത ശാന്തി. ഈ ലോകത്ത് മറ്റുള്ളവരെ നോക്കി ജീവിച്ചു ജയിക്കാനുള്ള തത്രപ്പാടിൽ നമുക്ക് നഷ്ടമാവുന്ന അനിവാര്യമായ ശാന്തി. ഈ കാഴ്ചപ്പാട് എന്റേത് മാത്രമാണ്, എന്റേത് മാത്രം.

                                                                         

പടരുന്നതാ പടലങ്ങളായ് പുക
വിടരുന്നു വളകളായ് ശുഷ്കമാമധരം വഴി
പോകുന്നൂ ഇരട്ടക്കുഴൽ‍ വച്ച വണ്ടി പോൽ
മൂക്കിനാൽ ചീറ്റുന്ന ധൂമജാലങ്ങളായ്

ഒട്ടുന്നൂ കവിളുകൾ കൂമ്പുന്നൂ മുഖം
അടിചേർത്തുവച്ചോരിടങ്ങഴി പോലവേ
കാറ്റടിക്കുമ്പോലെ താഴുന്നു പൊങ്ങുന്നു
പറ്റിയിരിക്കുന്ന നെഞ്ചുതൻ‍ കൂടുകൾ

കണ്ണുകളിറുക്കുന്നൂ ചവയ്ക്കുന്നൂ വൃഥാ
കണ്ണടയ്ക്കുന്നൂ തുറക്കുന്നൂ മേൽക്കുമേൽ
വിറയ്ക്കുന്നുണ്ടാ കൈകൾ, വിരലുകൾ‍ വെറുതെ
പിറുപിറുക്കുന്നൂ താനേ ചിണുങ്ങുന്നൂ

ചിന്തിക്കുന്നുണ്ടെന്തോ കാര്യമായ് വളരെ
ചന്തമായ് ചിരിക്കുന്നു മുറിപ്പല്ലുകൾ കാട്ടി
വീഴുന്നൂ കണ്ണുനീര്‍ ഇടയ്ക്കിടെ തുടയ്ക്കുന്നു
പഴിക്കുന്നു ഇടയ്ക്കിടക്കെന്തോ മൊഴിയുന്നു

തിരിച്ചറിയുന്നില്ലാ കാലുകൾ‍ കൈയ്യുകൾ‍
പിരിച്ചിട്ടിരിക്കുന്നു കയറിലെ ചൂടി പോൽ‍
വിരലുകൾ ചലിക്കുന്നു  വല്ലാത്തവണ്ണം
പരലുകൾ തത്തിത്തിമർക്കുന്ന പോലെ

ഒട്ടിയിട്ടുണ്ടാ വയർ പുറത്തോ-
ടൊട്ടിയിട്ടുണ്ടൊരു നേർരേഖ പോലെ
കണ്ഠം പതുങ്ങി ച്ചുരുങ്ങിയിരിക്കുന്നു
കണ്ടത്തിലുള്ള ബകത്തിൻ‍ കഴുത്ത് പോൽ

മെലിഞ്ഞിരിക്കുന്നു ഉണക്കക്കമ്പു പോൽ
പൊലിഞ്ഞിരിക്കുന്നു കണ്ണിൻ പ്രകാശവും
ആണ്ടിരിക്കുന്നൂ കണ്ണുകൾ‍ കുഴികളിൽ
നീണ്ടിരിക്കുന്നൂ കേശമീശാദികൾ‍

നരച്ചിട്ടുണ്ടാ മുടികള്‍ കൊഴിഞ്ഞിട്ടുമുണ്ട്
നീറുവാൻ കാര്യങ്ങൾ ഉണ്ടെന്നു തോന്നിടും
പ്രായമേറെ ഇല്ലെന്നു തോന്നുന്നു പക്ഷെ
ആയമില്ലല്ലോ ഇനി ഒട്ടുമേ ദൂരം

ആഞ്ഞു വലിച്ചോണ്ട് തുപ്പുന്നതാ പുക
പാഞ്ഞടുക്കുന്നൊരു കരിവണ്ടിയെ പോൽ
ഇറുക്കുന്നുണ്ടവൻ ഹീനമാം ആടകൾ‍
പാറുന്നു മന്ദമായ് കാറ്റിന്റെ കൈകളിൽ

ആയുന്നൂ വീണ്ടും അയ്യോ കഷ്ടമേ
അണഞ്ഞുപോയല്ലോ  കത്തുന്ന ബീഡി
തപ്പുന്നൂ മറ്റൊന്ന്  അരയിലും മീതെയും
തിരിയുന്നു ചുറ്റും വളയം കണക്കെയും

കിട്ടിപ്പോയീ അവനു മുഴുനീളനൊന്നു
ചാടിക്കൊണ്ടതാ കൊളുത്തുന്നു വീണ്ടും
അടക്കുന്നൂ പശി പുകകൊണ്ടു വീണ്ടും
ചടഞ്ഞിരുന്നൂ തെരുവിന്റെ മൂലയിൽ

എല്ലും തൊലുമായ് വ്യാകുലചിത്തനായ്
മർത്യകുലത്തിൽ ഭൂലോകജാതനായ്
മറ്റുള്ള മാറ്റുള്ള മാലോകരൊക്കെയും
മാറ്റമില്ലാതെ ഊറ്റം കൊൾകവേ

പാഴ്ജന്മങ്ങളായ് പഴിച്ചുകൊണ്ടൂഴിയിൽ
ആഴി പിഴിഞ്ഞോണ്ട് നാഴിക തള്ളവേ
പ്രകൃതിയിലീത്തരം വികൃതികൾ തകൃതിയിൽ
കുതന്ത്രങ്ങൾ തന്ത്രത്തിലാകൃതി കൊൾകവേ

ചിന്തിച്ചു ചിന്തിച്ചു ചിന്തനം പൂണ്ടിട്ടു
അന്തിച്ചു ദന്തം കടിച്ചോണ്ട് നിന്നു ഞാൻ
ഗദ്ഗദം പൂണ്ടിട്ടു ചിന്തിച്ചു നിന്നു ഞാൻ
എന്തിനീ കോലങ്ങളീത്തരം ഭൂമിയിൽ

ഈ സ്ഥൂല ജീവൻ എവിടെനിന്നെത്തീ
ഈ കൃശഗാത്രം എവിടെ പിഴച്ചൂ

അമ്മതൻ ഗർഭത്തിൽ മന്ത്രം പിഴച്ചോ
പിതാവിന്റെ പീഡകൾ പാടുകൾ വീഴ്ത്തിയോ
ഗൃഹാന്തരീക്ഷം മധുശാലയായതോ
മധുമദ്യമോദകം തലക്കുത്തിലിട്ടുവോ

ശകാരം കുറഞ്ഞിട്ടു സീൽക്കാരമായതോ
പ്രേമത്തില്‍ പ്രമേഹത്തിൻ പൂക്കൾ വിരിഞ്ഞതോ
ശുക്രനക്ഷത്രം പടിഞ്ഞാറു പൊങ്ങിയോ
ശനിയിൽ കണ്ടകൻ കേമദ്രവത്തിലോ

മനസ്സിന്റെ തന്ത്രികൾ ആലോലമായതോ
തപസ്സിന്റെ താപം തീപ്പന്തമായതോ
പെണ്ണിന്റെ ശാപം സർപ്പങ്ങളായതോ
അതോ ഇത് നിന്റെ താപസ വേഷമോ

ആഡ്ഡ്യസമൂഹം കല്ലെറിഞ്ഞിട്ടുവോ
അതോ ഈ കുളം സ്വയമേവ തോണ്ടിയോ
എന്നിരുന്നാലുമെന്റെ സഹോദരാ
ഒരുകാര്യമുണ്ടെനിക്കസൂയ്യ തോന്നുവാൻ

നിന്നോളമാർക്കുണ്ട് ശാന്തിയീലോകത്ത്
നിന്നോളമാർക്കുണ്ട് ശാന്തി
ഒന്നുമേ വേണ്ടാ ചിന്തിക്കവേണ്ടാ
നാളെയെപ്പറ്റി ചിന്തയേ വേണ്ടാ

മത്സരമില്ലാ ആർഭാടമില്ലാ
കൈക്കൂലിയൊട്ടും കൊടുക്കവേണ്ടാ
പഠിച്ചിട്ടു റോക്കറ്റ് വിട്ടു പഠിക്കുവാൻ
നാസയിൽ പോകേണ്ട കാര്യമില്ലാ

കെട്ടിയ പെണ്ണിന് പൊന്നു വരുത്തേണ്ട
കുട്ടികൾക്കാപ്പിളും വാങ്ങവേണ്ടാ
മാളിക കെട്ടേണ്ട മദ്ദളം കൊട്ടേണ്ട
മനതാരിലാശങ്ക തീരെ വേണ്ടാ

പണത്തിന്റെ മത്തിലും വീഴുകില്ലാ
പെണ്ണിനെ കേറി പിടിക്കുകില്ലാ
ആരാന്റെ അർത്ഥത്തിലാർത്തി ഇല്ലാ
വീരവാദങ്ങൾ മുഴക്കുകില്ലാ

എന്റെ കാര്യമോ എന്റെ കാര്യമോ

രാവിലെ ഏക്കണം കസറത്തു ചെയ്യണം
ഇസ്തിരി വെക്കണം പട്ടിയെ തൂറ്റണം
കോട്ടിട്ടു പോകണം കാറുകൾ വാങ്ങണം
കിടന്നിട്ടുറങ്ങുവാൻ മാളിക തീർക്കണം

അന്നം ഭുജിക്കുവാൻ കോഡുകൾ തീർക്കണം
വണ്ണം കാട്ടുവാൻ കടങ്ങളിൽ മുങ്ങണം
പാർട്ടിക്ക് പോകണം പിള്ളരെ പോറ്റണം
ഭിഷഗ്വരനാക്കുവാൻ ഡൊണേഷൻ കൊടുക്കണം

മോടികൾ കൂട്ടുവാൻ ചായങ്ങൾ തേക്കണം
മേദസ്സ് നോക്കണം ഇൻസുലിൻ കുത്തണം
കൃഷിഭൂമി മാറ്റി പൂന്തോപ്പുകൾ തീർക്കണം
ജീവിതം ജയിക്കുവാൻ കോടതി കേറണം

പാപങ്ങൾ ചെയ്തിട്ട് നോമ്പുകൾ നോക്കണം
മതത്തിന്റെ പേരിൽ കടിപിടി കൂടണം

ഇതൊന്നും ഒട്ടുമേ ചിന്തിക്കവേണ്ടാ
എന്റെ സഹോദരാ എന്റെ സഹോദരാ
നിന്റെ ശാന്തിതന്നെയാണാത്മശാന്തി
എന്മനം തേടുന്ന നിത്യ ശാന്തി

നിന്റെ പുഞ്ചിരിക്കിടയിലും ശാപമായ്
പശിയെന്ന പാശം പശ കൊണ്ടു പൂശി
നിന്റെ വാർത്തകളിത്രയായ് മാത്രം
നിന്റെ കർമങ്ങളിത്രയായ് മാത്രം

അതൊന്നകറ്റുവാൻ പശിയൊന്നകറ്റുവാൻ
കരങ്ങൾ നീട്ടണം തുട്ടുകൾ വീഴ്ത്തണം
ഭോജ്യം ഭുജിക്കണം ധൂമ്രം പുകയ്ക്കണം
വിസർജനം ചെയ്യണം ചുരുണ്ടിട്ടു കൂടണം

പിന്നെ സ്വയമേവ അറിയാതെ
ഒരേ ഒരു മന്ത്രമായ്
മാനവജാതിതൻ ജീവിത മന്ത്രമായ്
ദീനം വിനാ മാലോക ജീവിതം
അനായാസേന മമ ദേഹ മോചനം


                                                                *********************

‍കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.

                                                                  *******************