നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം. മുപ്പത് വർഷങ്ങൾ മുന്നേ പുതുക്കിപ്പണിഞ്ഞതെങ്കിലും ഇന്നും പഴമ മണക്കുന്ന, ആധുനിക മോടികളൊന്നുമില്ലാത്ത ഞങ്ങളുടെ തറവാട് വീടിന്റെ വടക്ക് ഭാഗത്തെ കുട്ടി ഇറയത്ത് അമ്മയുടെയും രണ്ടനുജന്മാരുടെയും കൂടെ സൊറ പറഞ്ഞിരിക്കുകയായിരുന്നു... കെട്ട്യോളും കുട്ട്യോളും കെട്ട്യോളുടെ വീട്ടിലേക്ക് പോയതിനാൽ കസിന്സിന്റെയൊക്കെ കൂടെ അതുവരെയുണ്ടായിരുന്ന കുട്ടി ബഹളങ്ങളൊക്കെ തൽക്കാലത്തേക്ക് ശമിച്ചിരിക്കുന്ന സമയം...ഇളയ അനുജൻ, ഇപ്പോൾ നാട്ടിൽത്തന്നെ കൃഷിയും റബ്ബർ
കാര്യങ്ങളുമൊക്കെയായി തിരക്കിലാണ്... അവൻ ആറേഴ് കോഴികളെയും വളർത്തുന്നുണ്ട്...
പുറത്ത് മഴ തിമർത്ത് പെയ്യുകയാണ്. അപ്പോഴാണ് കോഴിക്കൂട്ടങ്ങൾ ഒന്നടങ്കം മഴ നനയാതിരിക്കാൻ വടക്കുഭാഗത്തെ മുറ്റത്തിന് മുകളിലായിട്ട് ഇട്ടിരിക്കുന്ന ടിൻ ഷീറ്റ് പന്തലിന്റെ അടിയിലേക്ക് ഓടിയിരമ്പിയെത്തിയത്. എത്തിയ ഉടനെ അതിലൊരു കറുമ്പിക്കോഴി നല്ല വലുപ്പത്തിൽ അത്യാവശ്യം ജലാംശത്തോടുകൂടി പരത്തിയൊന്ന് വിസർജ്ജിച്ചു.
“എല്ല കോയേ… നിനക്ക് കിട്ടിയാലൊന്നും പഠിക്കൂല്ലേ… ഫ... പോ... പോ… മുരളി അടുത്തുള്ളതൊന്നും നിങ്ങള് കാണ്ന്നില്ലേ…?” അടുത്തിരുന്ന അമ്മ ആ കറുമ്പിക്കോഴിയടക്കം എല്ലാ കോഴികളെയും അവിടുന്ന് ആട്ടിയോടിക്കാൻ ശ്രമിച്ചു...
ഓടിപ്പറന്ന് പുറത്തേക്ക് പോകുന്നതിനിടയിൽ വേറൊരു കോഴിയും വളരെ അയഞ്ഞ രീതിയിൽ വളരെ ധൃതിപ്പെട്ട് വിസർജ്ജിച്ച് കളഞ്ഞു... മറ്റു കോഴികൾ വേഗം തന്നെ പുറത്തേക്ക് കുതിച്ചെങ്കിലും വിസർജ്ജിച്ച കോഴി വളരെ പതുക്കെ, ഇത്തിരി എന്തിയേന്തിയാണ് പുറത്തേക്ക് പോകാൻ ശ്രമിച്ചത്…
“ഓ... ഇതാന്നോ കഴിഞ്ഞ വർഷം മുരളി വടിയെടുത്തെറിഞ്ഞ് കാലൊടിച്ച കോയി...?” ഞാനെന്റെ സംശയം തീർക്കാൻ ശ്രമിച്ചു.
“ആ… അത് തന്നെ അത് തന്നേ…” അമ്മ എന്റെ സംശയം തീർത്ത് തന്നു.
കഴിഞ്ഞ വർഷം നാട്ടിൽ വന്നപ്പോഴായിരുന്നു അത് സംഭവിച്ചത്. ഇതേ പോലെ മുറ്റത്ത് കയറിത്തൂറിയ ആ കറുമ്പിപ്പിടയെ ഒരു വാരിക്കഷ്ണം എടുത്തെറിഞ്ഞ് മുരളി അതിന്റെ കാലൊടിച്ച് കളഞ്ഞത് അപ്പഴായിരുന്നു. എത്രയോ ദിവസങ്ങളിലെ അവന്റെ പരിശ്രമത്തിന് ഫലമുണ്ടായ ദിവസമായിരുന്നു അത്.
“ഒരൊറ്റ ചെടി ഈട്യള് ഈടെ വെച്ചേക്കൂല്ല… എല്ലത്തിന്റെയും ചോട് ചിള്ളിപ്പറിച്ച് നശിപ്പിച്ച് കളയും… പോരാത്തേന് തൂറുന്നത് ഈ മിറ്റത്തും…” ഇങ്ങനെ പിറുപിറുത്തോണ്ടായിരുന്നു അവന്റെ അന്നത്തെ ഏറ്.
അതിന് ശേഷം ഒന്നൊന്നര ആഴ്ച നടക്കാൻ വയ്യാഞ്ഞ കോഴിയെ ഒന്ന് രണ്ട് തവണ സ്‌കൂട്ടറിൽ എടുത്ത് കൊണ്ട് പോയി ഡോക്ടറെ കാണിച്ചാണ് അതിനെ സുഖപ്പെടുത്തിയത്... പട്ടാളക്കാരനായ എന്റെ നേരെ താഴെയുള്ള അനുജൻ അന്ന് നാട്ടിലില്ലാഞ്ഞത് കൊണ്ട് മാത്രം അന്നാ കറുമ്പിക്കോഴി അത്താഴക്കറിയാകാതെ രക്ഷപ്പെട്ടതാണ്. ഈ കോഴികളുടെ കൂടെ വളരെ രാജകീയമായി വിലസി വിരാജിച്ചിരുന്ന ഒരേയൊരു പൂവനെ ഞാൻ നാട്ടിൽ വരുന്നതിന് രണ്ട് മാസങ്ങൾ മുന്നേയാണ് അവൻ കത്തിക്കിരയാക്കി ഭക്ഷണധർമ്മം കാത്ത് സംരക്ഷിച്ചത്.
അന്നത്തെ ചികിത്സ കാരണമായിരിക്കണം, ഈ കറുമ്പിപ്പിടയുടെ ഇടതുകാലിൽ ഇപ്പോൾ വലിയൊരു മുഴ പോലെയുള്ള ഒരു തടിപ്പുണ്ട്.
കുറഞ്ഞും കൂടിയുമിരുന്ന മഴ വീണ്ടും കൂടിയപ്പോൾ മുരളി അകത്തേക്ക് കയറാൻ വെമ്പിയ കോഴികളെ ഉന്നം വെക്കാൻ ശ്രമിച്ചു.
“എന്തിനാടാ നീ ഇങ്ങനെ ഈ കോഴികളെ ഉപദ്രവിക്കുന്നത്...? ഒന്നും അല്ലെങ്കിലും നിങ്ങളെല്ലാരും ഇതിന്റെ മുട്ട തിന്നുന്നതല്ലേ...”
“അല്ല പിന്നെ... ഞാനീ കോയ്യളെ എന്റെ കെടക്കേല് പിടിച്ച് കെടത്താം…” അവൻ ചിരിച്ച് കൊണ്ട് രോഷം പൂണ്ടു.
“ഒന്നുകില് ഇവറ്റകളെ കൂട്ടിലടച്ച് പോറ്റ്… അല്ലെങ്കിൽ ഈ കോഴിക്ക്രിഷിയേ വേണ്ടാന്ന് വെക്ക്… അല്ലാണ്ട് ഇവയെ നിന്റെ ഭാഷയും സംസ്ക്കാരോം പഠിപ്പിക്കാൻ പറ്റ്വോ…?” ഞാനും തമാശയെന്നോണം ചിരിച്ചോണ്ട് പറഞ്ഞു.
“ഇങ്ങള് മിണ്ടാണ്ട് നിക്കപ്പാ... കോഴി മിറ്റത്ത് തൂറിയാൽ ഞാനെറിയും...” മുരളി നയം വ്യക്തമാക്കി. അതിനിടയിൽ അമ്മ കോഴി വിസർജ്ജ്യങ്ങൾ കോരിക്കളഞ്ഞ് വെള്ളമൊഴിച്ച് വൃത്തിയാക്കിയിരുന്നു.
ശരിയാണ്, പണ്ട് കുട്ടിക്കാലത്ത് ഞാനും ഈ കോഴികളെ പല കാരണങ്ങളാലും കല്ലെറിഞ്ഞിട്ടുണ്ട്. തരം കിട്ടിയാൽ വാഴകളും തെങ്ങിൻ തൈയ്യും പച്ചക്കറികളും മുച്ചൂടും തിന്ന് കളയുന്ന എന്റെ വെള്ളച്ചിയെയും ചോക്കച്ചിയെയും (എന്റെ കുട്ടിക്കാലത്തെ കൂട്ടുകാരായിരുന്ന പശുക്കൾ) ഞാൻ അതികഠിനമായി അടിച്ചിട്ടുണ്ട്. അടികൊണ്ടടികൊണ്ട് ഒടുവിൽ പലതവണ വെള്ളച്ചി എന്റെ മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുമടക്കി നമസ്കരിച്ചിട്ടുണ്ട്. പശുക്കളെ മേക്കുമ്പോൾ വാഴയും മറ്റും പശു തിന്ന് കളഞ്ഞതിന് അച്ഛന്റെ അടുത്ത് നിന്ന് ഞങ്ങൾക്ക് കിട്ടുന്ന ശകാരത്തിനും തല്ലിനും ഞാനും നേരെ താഴെയുള്ള അനുജനും അരിശം തീർക്കുന്നത് ആ പാവങ്ങളുടെ മേലെയായിരുന്നു.
കോഴികൾ വെറും കോഴികളാണെന്നും പശുക്കൾ വെറും പശുക്കളാണെന്നും അവ മനുഷ്യരല്ലെന്നും അവർക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാൻ കഴിയില്ലെന്നും അവയ്ക്ക് മനുഷ്യരുടെ ഭാഷ മനസ്സിലാകില്ലെന്നും അവയെ സംബന്ധിച്ചടുത്തോളം അവയ്ക്ക് തിന്നാൻ പറ്റുന്നതൊക്കെ അവയുടെ ഭക്ഷണങ്ങളാണെന്നും മൃഗങ്ങളെ എത്ര മെരുക്കിയാലും അതിനൊക്കെ ഒരതിരുണ്ടെന്നും മൃഗങ്ങളുടെ അന്തഃരംഗം മനസ്സിലാക്കുവാൻ മനുഷ്യരുടെ രംഗബോധത്തിന് പരിമിതികളുടെന്നും മനുഷ്യൻ വെറും സ്വാർത്ഥതല്പരനാണെന്നും ഈ ഭൂമിയും പ്രകൃതിയും അവർക്കും അവകാശപ്പെട്ടതാണെന്നൊക്കെ ഞാൻ മനസ്സിലാക്കിയത് വളരെക്കഴിഞ്ഞാണ്.
എന്തായാലും ഈ ഫിലോസഫികളൊക്കെ പറഞ്ഞുകൊണ്ടുള്ള ഒരു പ്രസംഗത്തിന് എന്റെ വീടിന്റെ വടക്കേപ്പുറം പാകമായിട്ടില്ലെന്ന കാര്യം മനസ്സിലാക്കിയത് കൊണ്ട് അവിടെ കേൾവിക്കാരോ കൈമുട്ടലുകളോ കൂക്കിവിളികളോ ഉണ്ടായില്ല.
അതേ സമയം മഴ കുറച്ചൊന്ന് കുറഞ്ഞു. കോഴികൾ തൊടിയിലേക്കിറങ്ങി വീണ്ടും ചിള്ളിപ്പറിക്കാൻ തുടങ്ങി. ഞങ്ങൾ വേറെ പല കാര്യങ്ങളും പറഞ്ഞുകൊണ്ട് അവിടെത്തന്നെ തുടർന്നു.
അപ്പോഴാണ് അലറിവിളിച്ചുകൊണ്ട് കോഴികൾ ഓരോന്നായി ഓടിയും പറന്നും മുറ്റത്തേക്കോടിക്കിതച്ചെത്താൻ തുടങ്ങിയത്. ആകപ്പാടെ കോഴികളുടെ ബഹളം. എന്താണെന്ന് നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.
ഏതോ ഒരു ഒറ്റയാനായ നാടൻ വേട്ടപ്പട്ടി, അല്ല തെണ്ടിപ്പട്ടി, അവന്റെ വേട്ടക്കിറങ്ങിയതാണ്. ഉച്ചഭക്ഷണം എവിടെ നിന്നും തരപ്പെടാഞ്ഞത് കൊണ്ടാവാം അവൻ ഇത്തിരി വാശിയിലായിരുന്നു. കോഴികളുടെ പേടിച്ചരണ്ട ബഹളം കേട്ടതും കണ്ടതും കൊണ്ട് ബഹളമുണ്ടാക്കിയ ഞങ്ങൾ ബഹളമുണ്ടാക്കിയിട്ടും അവൻ തിരിഞ്ഞോടാൻ തയ്യാറായില്ല. ചിതറിയോടിയതിനിടയിൽ ഒറ്റപ്പെട്ട് പോയ കോഴികളെ തിരഞ്ഞ് പിടിച്ച് പിടിക്കാൻ ശ്രമിക്കുകയായിരുന്നു അവൻ. ഒരു വേള അവന്റെ ധൈര്യത്തിൽ ഇത്തിരി മതിപ്പ് തോന്നിപ്പോവുകയും ചെയ്തു.
പക്ഷേ അബലകളായ കോഴികളുടെ കൂട്ടക്കരച്ചിൽ ആ ധീരനായ വേട്ടക്കാരനോടുള്ള മതിപ്പൊക്കെ ഇല്ലാതാക്കാൻ പോന്നവയായിരുന്നു. മുട്ട തരുന്ന കോഴികളോടുള്ള പ്രതിപത്തി, ആ പട്ടിയോടുള്ള വെറുപ്പായി പരിണമിച്ചു. അമ്മയും മുരളിയും കൂടെ ഞാനും അവനെ തുരത്താനുള്ള പലതരം ഏർപ്പാടുകളിൽ വ്യാപൃതരായി.
എന്ത് ചെയ്തിട്ടും സുല്ലിട്ട് തിരിഞ്ഞോടാൻ തയ്യാറാകാഞ്ഞ അവനെ എങ്ങനെ തുരത്തും എന്നാലോചിച്ച് ബഹളം വെച്ചുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തിന്റെ അതിരിൽ ഒരു കല്ല് കണ്ടത്.
ചില സമയങ്ങളിൽ വളരെ അവിചാരിതമായി ചില കാര്യങ്ങൾ കൃത്യമായി സംഭവിക്കും. അവന്റെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെയുള്ള ഓട്ടത്തിനിടയിൽ, കല്ലെടുത്ത് എറിഞ്ഞ എന്റെ ഏറ് കൊണ്ടത് കൃത്യമായി അവന്റെ പിൻകാലിൽ എവിടെയോ ആണ്.
“ബ്യാ….ഔ… ബ്യാ….ഔ…” ആ ഏറുകിട്ടിയപ്പോൾ അവൻ കരഞ്ഞുകൊണ്ട് അതിവേഗം തിരിഞ്ഞുനോക്കാതെ തിരിഞ്ഞോടി.
കോഴികളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനിടയിൽ തെരുവ് പട്ടിയുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തെക്കുറിച്ച് ഞാൻ മറന്നുപോയോ? കോഴിയുടെ കാലെറിഞ്ഞൊടിച്ച മുരളിയുടെ പ്രവർത്തിയെ തിരുത്താൻ മനസ്സിൽ പ്രസംഗിച്ച ഞാൻ, ഭക്ഷണം തേടിയിറങ്ങിയ വേട്ടപ്പട്ടിയുടെ കാലിൽ എറിഞ്ഞതിനെ ‘ഹിപ്പോക്രസി’ എന്നായിരിക്കാം, ഓടിപ്പോവുമ്പോൾ ആ പട്ടി വിളിച്ച് പറഞ്ഞുകൊണ്ടിരുന്നത്! അതിന്റെ കാലൊടിഞ്ഞിട്ടുണ്ടാവുമോ ആവോ?
***