ഒന്നാം ഭാഗം: ആദ്യമായ് രണ്ടുപേരോടൊപ്പം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 1)
കാലങ്ങൾ വീണ്ടും ഉരുണ്ടുകൊണ്ടിരുന്നു. ആദ്യമായി ചാരിത്യം നഷ്ടപ്പെട്ട പ്രിയപ്പെട്ട ബ്രഷ്, അതിന്റെ ജീവിതം ജീവിച്ച് തീർന്നതിന് ശേഷം, സ്വാഭാവികമായുള്ള അതിന്റെ കാലയവനികാന്തരപ്രവേശനം നടത്തി. പിന്നീട്, ഏകനായി നിൽക്കുമ്പോഴൊക്കെ, പഴയ ബ്രഷ് പുനർജ്ജനിച്ചെന്നോണം, പലവിധ രൂപത്തിലും നിറത്തിലും, പുതിയ ബ്രഷുകളായി എന്റെ കൂടെ കാലങ്ങളായി വന്നുകൊണ്ടേയിരുന്നു.
എന്റെ ജീവിതചക്രവും കാലത്തിന്റെ കൂടെ കറങ്ങിക്കൊണ്ടിരുന്നു. എന്റെ താവളങ്ങൾ മാറി. കൂടെ സുഖിച്ച് ജീവിക്കാനായി ഒരു സഖി കൂടെ വന്നു. ആ സഖിയും അവളുടെ പ്രിയപ്പെട്ട ബ്രഷിനെ കൂടെക്കൂട്ടിയിരുന്നു. ആ ബ്രഷും മാസങ്ങളെടുത്ത് രൂപാന്തരം നടത്തിക്കൊണ്ടിരുന്നു. ഞങ്ങളുടെ സുഖങ്ങൾക്ക് നുര പകർന്ന് കൊണ്ട്, ഞങ്ങൾക്ക് മക്കൾ പിറന്നു. അവരുടെ കൂട്ടിനായി, ചെറുപ്പത്തിലേ അവർക്കും പുതിയ ബ്രഷുകളെ പരിചയപ്പെടുത്തി, കൂടെ കൂട്ടിക്കോളാൻ അനുമതി കൊടുത്തു. കുഞ്ഞ് ബ്രഷുകളാണെങ്കിലും കാലാന്തരത്തിൽ അവയും വളർന്നു. ബ്രഷുകളുടെ എണ്ണം വീട്ടിൽ കൂടി വന്നപ്പോൾ, പഴയ അനുഭവത്തിന്റെ വെളിച്ചത്തിൽ, ഞാനെന്റെ സ്വന്തം ബ്രഷിന്റെ കാര്യത്തിൽ കൂടുതൽ ജാഗരൂകനായി.
പണ്ട്, നാട്ടിലായിരുന്നപ്പോൾ, ബ്രഷിന്റെ കാര്യത്തിൽ, ശ്രദ്ധ പുലർത്തേണ്ട കാര്യമേ ഇല്ലായിരുന്നു. കാരണം, ഉമിക്കരിയായിരുന്നു ഞങ്ങളുടെ മുഖ്യമായ പല്ല് വൃത്തിയാക്കൽ ദ്രവ്യമായി ഉപയോഗിച്ചിരുന്നത്. ചില അവസരങ്ങളിൽ, മാവില ചുരുട്ടിയും, വേപ്പിൻ തണ്ട് ചതച്ചും അതുമല്ലെങ്കിൽ, തേങ്ങകൾ കുലയിൽ തൂങ്ങിനിൽക്കുന്ന കുലച്ചിൽതണ്ട് ചതച്ചുമാണ് ചെറുപ്പത്തിലൊക്കെ പല്ല് തേച്ചിരുന്നത്. ഒരു ബ്രഷ് ഉണ്ടായിരുന്നത്, വല്ലപ്പോഴും നടത്തുന്ന ഏതെങ്കിലും യാത്രയിൽ ഉപയോഗിക്കാനായി മാത്രം ഭദ്രമായി മാറ്റിവച്ചിട്ടാണ് ഉണ്ടായിരുന്നത്. അമ്മ മാത്രമാണ്, ചില പല്ലുകൾ അടർത്തിമാറ്റേണ്ടി വന്നതിന് ശേഷം, സ്ഥിരമായി ബ്രഷ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ, അക്കാലത്ത്, ബ്രഷിന്റെ കാര്യത്തിൽ ഒരു വേവലാതിയും ഇല്ലായിരുന്നു.
ബോംബെയിലായിരുന്നപ്പോൾ, കുളിമുറിയിലെ ജനാലയുടെ കീഴ്ഭാഗത്തുള്ള ചെറിയ പ്രതലത്തിലും, കണ്ണാടിയുടെ കീഴെയുമൊക്കെയായട്ട്, വളരെ അലസമായിട്ടായിരുന്നു ബ്രഷ് സൂക്ഷിച്ച് വച്ചിരുന്നത്. കാലം കഴിഞ്ഞ്, അഞ്ചും ആറും യുവാക്കളുടെ കൂടെ സഹമുറിയാനായി കഴിയേണ്ടി വന്നപ്പോൾ, ബ്രഷിനെ, അന്യ സമ്പർക്കം ഇല്ലാതിരിക്കാൻ, പ്രത്യേകം മാറ്റി വെക്കേണ്ടി വന്നു. സമ്പർക്കത്തിൽ നിന്നാണല്ലോ, ബന്ധങ്ങളിലെ താളങ്ങൾ മറ്റ് തലങ്ങളിലേക്ക് വളർന്ന് തുടങ്ങുന്നത്.
ഇരുപത് കൊല്ലങ്ങൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി.എന്റെ ജീവിതനിലവാരം ഉയർന്ന് തുടങ്ങി. സ്വന്തമായി വീട് വാങ്ങി. അതിന്റെ ചുവട് പിടിച്ച്, ബ്രഷുകൾക്ക് വിശ്രമിക്കാനും അതിന്റേതായ രീതിയിലുള്ള ചില വസ്തുക്കൾ വീട്ടിൽ സ്ഥാനം പിടിച്ചു. അവിടെയുമിവിടെയുമൊക്കെയായി തൻറേതായ സ്ഥിരം വിശ്രമസ്ഥാനമില്ലാതിരുന്ന എന്റെ ബ്രഷ്, ഭാര്യയുടെ ബ്രഷിനോടൊപ്പം അതിനൊരുക്കിക്കൊടുത്ത കളിത്തട്ടിൽ സല്ലപിച്ചിരിക്കാൻ തുടങ്ങി. ഞങ്ങൾ ഏഴാം കടലും കടന്ന് അമേരിക്കയിലെത്തി. ബ്രഷ് ഹോൾഡറിന്റെ രൂപങ്ങൾക്കും ആഢ്യത്തം കൂടി. ഞങ്ങളുടെ ബ്രഷുകളോടൊപ്പം മക്കളുടെ ബ്രഷുകളും ഒരുമിച്ച് വിശ്രമിക്കാൻ തുടങ്ങി. മക്കളുടെ ബ്രഷുകൾ സ്ഥിരം കൂടെയുണ്ടാവുന്നത്, ഞങ്ങളുടെ ബ്രഷുകളുടെ സ്വകാര്യത നശിപ്പിക്കുന്നു എന്ന പരാതി ഉണ്ടായപ്പോൾ, മക്കളുടെ കിടപ്പറ തന്നെ ഞങ്ങൾ മാറ്റിക്കളഞ്ഞു. കൂടെ അവർക്കായി, അവരുടേതായ കുളിമുറിയും ഒരുക്കിക്കൊടുത്തു. ആ തഞ്ചത്തിൽ, അവരുടെ ബ്രഷുകളെ, വേറൊരു മനോഹരമായ ബ്രഷ് ഹോൾഡറിലേക്ക് മാറ്റി, അവരുടെ കുളിമുറിയിലേക്ക് മാറ്റി കുടിയിരുത്തി. ഇതൊക്കെ കണ്ട്, എന്റെയും ഭാര്യയുടെയും ബ്രഷുകൾ, അവരുടെ ഹോൾഡറിൽ കിടന്ന് മതിമറന്ന് കെട്ടിപ്പിടിച്ചു. നഷ്ടപ്പെട്ട സ്വകാര്യത വീണ്ടുകിട്ടിയല്ലോ!
പിന്നെയും ഞങ്ങളെല്ലാവരും ദിവസേനയുള്ള പല്ല് തേപ്പ് തുടരുകയും, കൂടുതൽ പ്രകാശത്തോടെ നിത്യേന വെളുക്കെ ചിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്തു. ടൂത്ത്പേസ്റ്റുകൾ കലങ്ങിയ വെള്ളം, രാവിലെയും രാത്രിയും പതിവായി മണ്ണിലേക്കുള്ള ഊർന്നിറക്കം തുടർന്നു.
ആപ്പീസിൽ ജോലിക്ക് പോയിരുന്ന കാലത്ത്, ഞാനായിരുന്നു വീട്ടിൽ ആദ്യം എഴുന്നേറ്റിരുന്നത്. പല്ലുതേപ്പടക്കമുള്ള പ്രഭാതകർമ്മങ്ങൾക്ക് ശേഷം, ചില കായികാഭ്യാസങ്ങളും കഴിഞ്ഞ് വേണം ആപ്പീസിൽ പോകാൻ. അങ്ങനെയൊരു ശീലം, അറിയാതെ തന്നെ എന്നെ പിടികൂടിയിരുന്നു. ഇതിനിടയിൽ, ഭാര്യക്ക്, സ്‌കൂൾ ടീച്ചറായി ജോലി കിട്ടി.തുടർന്ന്, അവളും ഏകദേശം എന്നോടൊപ്പം എഴുന്നേക്കാൻ തുടങ്ങി. പിന്നെ കൊറോണ വന്നു. എന്റെ ജോലി വീട്ടിൽ നിന്ന് തന്നെ ചെയ്യാമെന്നായി. സ്‌കൂളടച്ചത് കൊണ്ട് അവളും വീട്ടിലിരിപ്പായി. പിന്നെ സ്‌കൂൾ തുറന്നു. പാവം, അവൾക്ക് വീണ്ടും സ്‌കൂളിലേക്ക് പോയിത്തുടങ്ങേണ്ടി വന്നു. എന്റെ ജോലി സ്ഥിരമായെന്ന പോലെ വീട്ടിൽ നിന്ന് തന്നെയായി. അവൾ എന്നെക്കാൾ മുന്നേ എഴുന്നേക്കാൻ തുടങ്ങി. ഭാര്യ കാറിൽ കയറി പോവുമ്പോൾ ടാറ്റാ പറയേണ്ടത് കൊണ്ട്, ആ സമയത്തിനടുപ്പിച്ച് മാത്രമായി എന്റെ എഴുന്നേൽപ്പ്.
അങ്ങനെ ഒരു ദിവസം കാലത്ത് എഴുന്നേറ്റ്, പല്ല് തേക്കാനായി ഞാൻ ബ്രഷെടുത്തു. ബ്രഷ് കയ്യിലെടുത്ത ഉടനെ, അതിന്റെ നാരുകളുള്ള ഭാഗം തടവുന്നത് എന്റെ വെറുതേയുള്ള ശീലമാണ്. ആ ശീലം വച്ച്, അന്നും ഞാനാ ബ്രഷിന്റെ വായിലേക്ക് കടത്തുന്ന, നാരുകളുള്ള ഭാഗത്ത് കൂടെ വെറുതെ വിരലുകളോടിച്ചു. വിരലുകളോടിച്ചതും, പൊടുന്നനെ എന്റെ വിരലുകൾ നാരുകളിൽ നിന്നും അടർന്ന് മാറി. വിരലുകൾക്ക് വല്ലാത്ത അറപ്പും വെറുപ്പും തോന്നിയിരുന്നു. അപ്പഴാണ് എനിക്കും കാര്യം മനസ്സിലായത്; എന്റെ ബ്രഷിലെ നാരുകൾ നനഞ്ഞിരിക്കുന്നു. സാധാരണ ഗതിക്ക് വളരെ ഉണങ്ങിക്കിടക്കേണ്ടുന്ന എന്റെ ബ്രഷ്, എങ്ങനെ നനഞ്ഞു എന്നാലോചിച്ച് എനിക്ക് വല്ലായ്മയുണ്ടായി.
ഇതുവരെ ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഭാര്യ അറിയാതെ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചോ? അതുമല്ലെങ്കിൽ പഴയ ബ്രഷാണെന്ന് കരുതി, ഏതെങ്കിലും പ്രതലം വൃത്തിയാക്കാൻ ഉപയോഗിച്ചോ? എനിക്ക് സംശയമായി. സംശയം തീർക്കാനായി, ഞാനവളുടെ ബ്രഷ്, സാദരം കൈയ്യിലെടുത്തു. അതിന്റെ നാരുകളുള്ള ഭാഗം വളരെ ലോലമായി തലോടി. അത് നന്നായി ഉണങ്ങിയിരിക്കുന്നു.
'ഹമ്പടി... കേമീ... നീ ആള് കൊള്ളാലോ...' ഞാനെന്റെ മനസ്സിൽ പറഞ്ഞു.
പിന്നെ അധികമൊന്നും ആലോചിച്ചില്ല. ഞാൻ രണ്ട് ബ്രഷുകളുമെടുത്ത് താഴേക്കോടി. സ്‌കൂളിലേക്ക് യാത്രപുറപ്പെടാനുള്ള അവസാനത്തെ ഒരുക്കത്തിനിടയിൽ കണ്ണാടിക്ക് മുന്നിലായിരുന്നു അവൾ.
"നിനക്ക് ബോധമില്ലേ... മാഡം..."
"എന്താ മനുഷ്യാ... ഇന്നും രാവിലത്തെ പതിവൊന്നും തെറ്റിച്ചില്ലല്ലോ... എന്തെങ്കിലും ഉണ്ടാവ്വല്ലോ എലാ ദിവസോം... ഏതെങ്കിലും ഒരു ദിവസം നിങ്ങള് ചിരിച്ചോണ്ട് എഴുന്നേറ്റ് വന്നിട്ടുണ്ടോ...?"
അതെന്തോ അങ്ങനെയാണ്, ചിരിക്കാൻ ശ്രമിച്ചാലും എന്റെ മുഖം ഇരുണ്ടിരിക്കും. എന്റെ ആ ജന്മവൈകല്യം ഭാര്യ ഇതുവരെ മനസ്സിലാക്കിയിട്ടുമില്ല. എന്നാലും, മനസ്സിലൊന്നുമില്ലെങ്കിലും, നല്ലതൊന്നും ഒരിക്കലും പറയാതെ, കുറ്റം മാത്രം എടുത്ത് പറയുന്ന ഒരു വൈകല്യം എനിക്കുണ്ട് എന്നത് അവൾക്ക് ഇതിനകം എന്നെക്കുറിച്ച് മനസ്സിലായിരുന്നു. അതുകൊണ്ട്, ഇത്തരം ഒച്ചവെക്കലുകളൊന്നും അവളെ കാര്യമായി ബാധിക്കാറുണ്ടായിരുന്നില്ല.
"ഒരു കാരണോം ഇല്ലാണ്ട് ഞാൻ ഒച്ച വെക്കാറില്ല..."
"ഓ... കേക്കട്ടെ... ഇന്നത്തെ പ്രശ്നം എന്താണ്...?"
"നീ എന്തിനാ എന്റെ ബ്രഷെടുത്ത് പല്ല് തേച്ചത്...?"
"ങ്ഹേ... എന്ത്..? ഞാൻ നിങ്ങളുടെ ബ്രഷെടുത്ത് പല്ല് തേച്ചെന്നോ...? അസംഭവ്യം... നിങ്ങൾക്ക് രാവിലെത്തന്നെ പ്രാന്തായോ മനുഷ്യാ...?"
"നോക്ക് ... നീ ഇത് തൊട്ട് നോക്ക്... എന്റെ ബ്രഷ് നനഞ്ഞിരിക്കുന്നു... നിന്റെ ബ്രഷ് ഒട്ടും നനഞ്ഞിട്ടില്ല..."
"അത് പിന്നെ പല്ല് തേച്ചാൽ ബ്രഷ് നനയൂല്ലേ...?"
"നീ തമാശ കള... "
"നിങ്ങളുടെ ബ്രഷെടുത്ത് നിങ്ങള് തേച്ചാൽ നിങ്ങളുടെ ബ്രഷ് നനയൂല്ലേ?"
"അപ്പൊ നീ ഇന്ന് പല്ല് തേച്ചില്ലേ? നിന്റെ ബ്രഷെന്താ ഇങ്ങനെ ഉണങ്ങിയിരിക്കുന്നത്?"
"ഞാൻ പല്ല് തേച്ചിട്ട് ഒന്നൊന്നര മണിക്കൂറായില്ലേ... അത്രേം നേരം കൊണ്ട് ഉണങ്ങിപ്പോയതായിരിക്കും..."
"ഹ... ഇതെന്താ ഹീറ്ററ് വച്ചിട്ടല്ലേ നിന്റെ ബ്രഷ് ഉണക്കുന്നത്... ഒന്നര മണിക്കൂർ കൊണ്ട് അവളുടെ ബ്രഷ് ഉണങ്ങി പോലും... മാഡം... ഞാൻ ഇതുവരെ എന്റെ പല്ല് തേച്ചിട്ടില്ല... ദാ വേണേ മണപ്പിച്ച് നോക്ക്..."
എന്നിട്ട് ഞാനവളുടെ മുഖത്തേക്ക് ശക്തിയായി ഊതി.
"ഇത് നട്ട പ്രാന്ത് തന്നെ... പിച്ചും പേയും പറയാതെ, നിങ്ങള് പോയി വേണേ വീണ്ടും കെടന്നുറങ്ങിക്കോ... ഞാൻ ഓർടെ ബ്രഷെടുത്ത് തേച്ചു പോലും... എനക്ക് നിങ്ങളെപ്പോലെ പിരാന്തൊന്നുമില്ല..." അതും പറഞ്ഞ് കെട്ട്യോളങ്ങ് ഇറങ്ങിപ്പോയി. ദേഷ്യം വന്നത് കൊണ്ട്, ടാറ്റ പറയാൻ ഞാൻ താഴെ ഗരാജിലേക്ക് പോയില്ല.
എന്തായാലും ഇനി നനഞ്ഞ ബ്രഷ് കൊണ്ട് പല്ല് തേക്കാൻ ഞാനില്ല. ഫ്രഞ്ച് കിസ്സ് കൊടുത്താലും ശരി, കെട്ടിപ്പിടിച്ചാലും ശരി, ഭാര്യ തേച്ച ബ്രഷ് കൊണ്ട് പല്ല് തേക്കാൻ എനിക്ക് മനസ്സ് വന്നില്ല.
ജീവിതത്തിന്റെ സ്റ്റാറ്റസ് മാറിയത് കൊണ്ട്, പുതിയ ബ്രഷുകളുടെ ഒരു കെട്ട് വീട്ടിലുണ്ടായിരുന്നതിനാൽ, വേറൊരു ബ്രഷെടുത്ത് അന്നത്തെ പല്ല് തേപ്പ് നടത്തി. ദുഃഖമുണ്ടായിരുന്നെങ്കിലും, ക്രൂരതയാണെന്ന് അറിയാമെങ്കിലും, ചാരിത്ര്യം നഷ്ടപ്പെട്ട ബ്രഷ് അശുദ്ധമായത് കൊണ്ട്, അതിനെ ദൂരെയൊരിടത്ത് മാറ്റി വച്ചു. പിന്നീടെപ്പഴെങ്കിലും വാഷ്ബേസിനോ മറ്റോ കഴുകുമ്പോൾ, ചെറിയതും ഇടുങ്ങിയതുമായ അരികുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാലോ?
പക്ഷേ, ഈയൊരു സംഭവം, പണ്ടെങ്ങോ ഉറങ്ങിക്കിടന്ന, അല്ലെങ്കിൽ, കാലം കൊണ്ട് സ്വയം ഉണക്കാൻ ശ്രമിച്ച പഴയ മനോവേദനകളെ വീണ്ടും പൊടിതട്ടിയുണർത്തി. മനസ്സിൽ വീണ്ടും ശങ്കകളും ആശങ്കകളും നിറഞ്ഞു. ഒരു തവണ നടന്ന പീഡനം വീണ്ടും ആവർത്തിക്കുമ്പോൾ, ആരുടെ മനസ്സായാലും വല്ലാതെ പതറിപ്പോകും. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച് പോകും.
ചിന്തകൾ കാട് കയറി. ആത്മഹത്യയും ഒളിച്ചോട്ടവുമെല്ലാം ഒരു തരം ഭീരുത്വമാണെന്നാണല്ലോ പൊതുവേയുള്ള ധാരണകൾ. തീർത്തും പൊരുതാതെ തോറ്റുകൊടുക്കുന്നത് പീഡകർക്ക് വളവുമാകുമല്ലോ. ഒരു തവണ അറിയാതെ വഴങ്ങിപ്പോയിടത്ത് നിന്ന് ഇരുപത് വർഷക്കാലം തുടർച്ചായി സുരക്ഷിതമായി നിൽക്കാൻ കഴിഞ്ഞത് തന്നെ ഒരു തരത്തിൽ നോക്കിയാൽ പൊരുതി നേടിയ വിജയം തന്നെയാണല്ലോ. അതുകൊണ്ട് ഇത്തവണയും തോറ്റുകൊടുക്കില്ലെന്ന് തന്നെ മനസ്സ് പ്രഖ്യാപിച്ചു. ഇനി ഇതിന്റെ പേരിൽ, ബാക്കിയുള്ള ജീവിതം കളഞ്ഞ് കുളിക്കുന്നത് മൂഢതയാണ്. പണ്ട് ലഭിച്ച സൈക്കോളജി പാഠങ്ങൾ വീണ്ടും ഉപയോഗിക്കേണ്ട സമയമാണ്. പോരാടുക തന്നെ.
ഈ സംഭവത്തോടെ, ഇരുപത് കൊല്ലം മുന്നേ ആർജ്ജിച്ച ജാഗരൂകത വീണ്ടും പരിപോഷിപ്പിച്ച്, സ്വന്തം ബ്രഷിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്റെ ബ്രഷ് വെക്കാൻ ഞാൻ വേറൊരു ബ്രഷ് ഹോൾഡർ വാങ്ങിച്ചു. ആ ബ്രഷിന് കൂട്ടായി ഓർഗാനിക് ഹെർബൽ ടൂത്ത്പേസ്റ്റും വാങ്ങി വച്ചു. ദിവസവും രാവിലെ സഹധർമ്മിണി എഴുന്നേറ്റ് പല്ല് തേക്കാൻ പോകുന്നേരം, മൂത്രമൊഴിക്കാൻ പോകുന്നെന്ന വ്യാജേന, അവളുടെ പിന്നാലെ മാസ്റ്റർ ബാത്റൂമിലേക്ക്, ഞാനും എഴുന്നേറ്റ് പോകാൻ തുടങ്ങി. എന്റെ ബ്രഷ് അവൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക മാത്രമാണ് ഉദ്ദേശം. കഷ്ടകാലത്തിന് അവളെടുത്ത് ഉപയോഗിച്ച് കഴിഞ്ഞിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. മാത്രവുമല്ല, ദൃക്‌സാക്ഷികളില്ലെങ്കിൽ, അറിയാതെ ഉപയോഗിച്ച് പോയതാണെന്ന് പോലും അവൾ ഒരിക്കലും സമ്മതിച്ച് തരികയുമില്ല! തമ്മിൽ ഭേദം, കഷ്ടപ്പെട്ടാണെങ്കിലും സ്വയം ജാഗരൂകനാവുക തന്നെ.
ദിവസങ്ങൾ പിന്നെയും കടന്ന് പോയി. ഓരോ ദിവസവും ബ്രഷിന്റെ ചാരിത്ര്യം സംരക്ഷിക്കുന്നതിൽ ഞാൻ വിജയിച്ച് പോന്നു. ആത്മധൈര്യം വർദ്ധിച്ച് വന്നു. പക്ഷേ എത്ര സംരക്ഷിക്കപ്പെട്ടാലും സംഭവിക്കേണ്ടത് സംഭവിക്കുമല്ലോ. ലോകത്ത് ലഭ്യമായിട്ടുള്ള സകല സുരക്ഷയും കൊടുത്തിട്ടും, പരീക്ഷിത്ത് മഹാരാജാവിന് പോലും രക്ഷപ്പെടാൻ സാധിച്ചിട്ടില്ലല്ലോ. എത്ര ശ്രമിച്ചിട്ടും, ശർമ്മിഷ്ഠക്ക് പോലും സർപ്പദംശനത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞിട്ടില്ലല്ലോ. പിന്നെയാണോ എന്റെ വെറുമൊരു ബ്രഷ്? വരേണ്ടത് വഴിയിൽ തങ്ങില്ലെന്നത് കാട്ടായം. അങ്ങനെ ഒരു ദിവസം, ആ ശപിക്കപ്പെട്ട നിമിഷം വന്നു ചേർന്നു.
അന്നത്തെ ദിവസം രാവിലെ പതിവ് പോലെ സഹധർമ്മിണി എഴുന്നേറ്റു. കുളിമുറിയിലെ ലൈറ്റ് ഓൺ ചെയ്തു. CFL ബൾബാണ്; ആദ്യം കുറച്ച് നേരം വീര്യം കുറഞ്ഞ് കത്തിയതിന് ശേഷമാണ് പൂർണ്ണമായ പ്രകാശം നൽകുക. എഴുന്നേറ്റയുടനെ കണ്ണിലേക്ക് ഭീതിദപ്രകാശം വീഴുന്നത് കണ്ണിന് മോശമാണല്ലോ. കണ്ണും മുഖവുമൊക്കെ കഴുകിയതിന് ശേഷം, അവൾ ബ്രഷെടുത്ത്, പേസ്റ്റും പുരട്ടി, പല്ല് തേക്കാൻ തുടങ്ങി. പിന്നാലെ ഞാനും, മൂത്രമൊഴിക്കാൻ ഉള്ളിലേക്ക് കയറി. ഞങ്ങൾ ഭാര്യയും ഭർത്താവുമാണല്ലോ; പ്രസവം വരെ കണ്ടിട്ടുള്ളതിനാൽ, പല്ലു തേക്കുന്നിടത്ത് കയറുന്നത് കൊണ്ട് ഔചിത്യക്കേടൊന്നും വരാൻ സാധ്യതയൊന്നുമില്ലെന്ന് എനിക്ക് നന്നായറിയാം.
ഉള്ളിലേക്ക് കടന്നയുടനെ, കണ്ണാടിയിൽ കണ്ട കാഴ്ച കണ്ട് എന്റെ ബോധം മങ്ങി, കണ്ണിലിരുട്ട് കയറാൻ തുടങ്ങി. എന്റെ ബ്രഷാണ് അവളുടെ വായിൽ കിടന്ന് ഉള്ളിലോട്ടും പുറത്തോട്ടും കയറിയിറങ്ങി ഞെരിഞ്ഞമരുന്നത്!
"ഡീ..." എന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് വാമഭാഗം വല്ലാതങ്ങ് ഞെട്ടി. അവളുടെ വായിലുണ്ടായിരുന്ന പേസ്റ്റ് കുഴമ്പ്, അവളുടെ വായിൽ നിന്നും അറിയാതെ തെറിച്ച് പോയി.
"എന്താ... മനുഷ്യാ... ഈ ഏഴരപ്പുലർച്ചക്ക് ഇങ്ങനെ അലറുന്നത്...?"
"നിനക്കറിയില്ല അല്ലേ... നീ നിന്റെ അണ്ണാക്കിലുരച്ച് കളിക്കുന്ന ബ്രഷ്, ആരുടേയാ... ഒന്ന് നോക്ക്..."
"എന്റേതല്ലാതെ പിന്നെ ആരുടേയാ..."
"നീ നിന്റെ ഉണ്ടക്കണ്ണ് തുറന്ന് നോക്ക്..." ഞാൻ കിതക്കുകയായിരുന്നു.
അപ്പഴാണ് അവളുടെ കണ്ണുകൾ അവളുടെ കൈയ്യിലുള്ള ബ്രഷിലേക്ക് വീണത്.
"ഇതെന്റെ ബ്രഷല്ലാതെ നിങ്ങളുടെ ബ്രഷാണോ... കണ്ണ് തുറന്ന് നോക്ക് മനുഷ്യാ... രാവിലെത്തന്നെ പിച്ചും പേയും പറഞ്ഞ് വന്നേക്കുന്നു... വേറൊന്നും കിട്ടീല്ലേ ഇന്ന് അടി കൂടാൻ?" നാരുകളുള്ള ഭാഗം നോക്കി അവളെന്നെ നോക്കി അലറി. ആ അലർച്ചയിൽ ഞാനും ഒന്ന് ഞെട്ടി.
"നീ അതിന്റെ മറുപുറം കൂടി നോക്കീട്ട് അലറ്..."
അവൾ ബ്രഷ് തിരിച്ച്, അതിന്റെ പിൻഭാഗം നോക്കി. അപ്പോഴാണ് അവൾക്ക് ബോധോദയം ഉണ്ടായത്. അത് അവളുടെ ബ്രഷല്ല!!
സ്വന്തം ബ്രഷ് അല്ലെന്ന് തിരിച്ചറിഞ്ഞ മാത്രയിൽ, അവളുടെ കൈയ്യിലുള്ള ബ്രഷ്, അറിയാതെ വാഷ് ബേസിനിലേക്ക് വീണു. അവളുടെ ഇടത് കൈ നെറ്റിയിലേക്ക് ഒന്ന് രണ്ട് തവണ ഇടിച്ച് അവളുടെ നീരസം പ്രകടിപ്പിച്ചു. 'പറ്റിപ്പോയി' എന്നർത്ഥത്തിൽ, എന്നെ ദയനീയമായി നോക്കി. എന്റെ ബ്രഷിനെ പീഡിപ്പിക്കുന്നത് നേരിൽ കണ്ട അവളുടെ ബ്രഷിന്റെ ബോധം അപ്പോഴും തെളിഞ്ഞിരുന്നില്ല.
പിന്നെയെല്ലാം വളരെപ്പെട്ടെന്നായിരുന്നു. അധികം സംസാരമൊന്നും ഉണ്ടായില്ല. ദുഃഖഭാരം കൊണ്ടെന്നപോലെ വീർത്ത് പിടിച്ച മുഖവുമായി, എന്നെ നേരിട്ട് നോക്കാൻ പറ്റാതെ, സ്വന്തം ബ്രഷും അവളുടെ ടൂത്ത് പേസ്റ്റും എടുത്ത്, പുറത്തോട്ടേക്ക് ഒറ്റ നടത്തമായിരുന്നു. അവളുടെ മെലിഞ്ഞ കാലുകളിലെ ബലമേറിയ കാലടികൾ പതിഞ്ഞ്, ടൗൺ ഹോമിന്റെ മൂന്നാം നിലയിലെ നിലവും, ഗോവണിപ്പടികളും കുലുങ്ങിയിളകി.
ഇതെങ്ങനെ സംഭവിച്ചു എന്ന്, എനിക്കൊരു പിടിയും കിട്ടിയില്ല. എന്നാലും, പണ്ട് ഷെർലക് ഹോംസ് കഥകൾ വായിച്ചതിന്റെ വെളിച്ചത്തിൽ, ചെറിയൊരന്വേഷണം നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു. അരമണിക്കൂറിനകം തന്നെ ഈ 'മാറിപ്പോകൽ പീഡനം' എങ്ങനെയാണ് സംഭവിച്ചത് എന്നതിന് വ്യക്തമായ ഉത്തരം കിട്ടുകയും ചെയ്തു.
വളരെ സൂക്ഷ്മമായ നിരീക്ഷണത്തിലാണ്, എനിക്കൊരു കാര്യം മനസ്സിലായത്; ഞാൻ പുതുതായി വാങ്ങിച്ച എന്റെ ബ്രഷിന്റേത് മാത്രമായ ബ്രഷ് ഹോൾഡർ, എന്റെ കുളിമുറിയിൽ കാണാനില്ല. ഞാനും സഹധർമ്മിണിയും ഒരുമിച്ച് ഉപയോഗിച്ചിരുന്ന പഴയ ബ്രഷ് ഹോൾഡർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
എന്റെ ബ്രഷ് ഹോൾഡർ എവിടെപ്പോയി എന്ന അന്വേഷണം എന്നെക്കൊണ്ടെത്തിച്ചത്, കുട്ടികളുടെ ബാത്റൂമിലായിരുന്നു.കുട്ടികളുടെ ചില്ലിന്റെതായ ബ്രഷ് ഹോൾഡർ, തലേന്ന് രാത്രിയിലെ അവരുടെ സ്ഥിരം രാത്രി കലാപരിപാടിയായ ബാത്റൂം അടിപിടിയിൽ എങ്ങനെയോ പൊട്ടിപ്പോയിരുന്നു. അത് പക്ഷേ ഞാനറിഞ്ഞിരുന്നില്ല. ബ്രഷ് ഹോൾഡർ പൊട്ടിപ്പോയതിൽ പരിഭ്രമിച്ച കുട്ടികൾ, ഞാനറിയാതെ, എന്റെ ബാത്‌റൂമിൽ നിന്നും, എന്റെ ബ്രഷ് ഹോൾഡർ എടുത്ത് കൊണ്ട്പോയി അവരുടെ ബാത്റൂമിൽ വച്ചതാണ്. എന്റെ ബ്രഷും ഓർഗാനിക് പേസ്റ്റും, ഞങ്ങളുടെ പണ്ടത്തെ ബ്രഷ് ഹോൾഡറിൽ എടുത്ത് വച്ചതിന് ശേഷമാണ് അതിനെ സ്ഥലം മാറ്റിയത്. വൈകുന്നേരം നേരത്തെ അത്താഴം കഴിച്ച്, ഏഴ് മണിയോടെ പല്ല് തേച്ച ഞാൻ ഈ വിവരം അറിഞ്ഞിരുന്നുമില്ല. പക്ഷേ, നല്ലപാതിക്ക് ഈ വിവരമൊക്കെ അറിയാമായിരുന്നു.
എന്തായാലും, രാവിലെ എഴുന്നേറ്റ്, 'ഡിം' വെളിച്ചത്തിൽ, തലേന്ന് നടന്ന കഥയൊന്നുമോർക്കാതെയാണ്, സോഫ്റ്റ്‌വേർ പ്രോഗ്രാം ചെയ്ത് നീങ്ങുന്നത് പോലെ, അവളുടെ കൈകൾ ബ്രഷ് ഹോൾഡറിൽ പോവുകയും, നോക്കുന്നുണ്ടെങ്കിലും, അവളുടേതാണെന്ന ഭാവത്തിൽ, എന്റെ ബ്രഷെടുത്ത്, പല്ല് തേപ്പ് ആരംഭിച്ചത്. അവളുടെ കണ്ണിന് എന്റെ ബ്രഷും അവളുടെ ബ്രഷും തമ്മിൽ തിരിച്ചറിയാതെ പോവാൻ വേറൊരു കാര്യമായ കാരണവും ഉണ്ടായിരുന്നു.
അവളുടെ ബ്രഷ്, മുഴുവനായും പിങ്ക് നിരത്തിലുള്ളതായിരുന്നു. എന്റെ ബ്രഷും പിങ്ക് നിരത്തിലുള്ളതായിരുന്നെങ്കിലും, അതിന്റെ പിൻഭാഗത്ത് വാലറ്റത്തായി, ഏകദേശം പകുതിയോളം നീളത്തിൽ പച്ച നിറമായിരുന്നു. ആ പച്ച നിറമായിരുന്നു, ഏക വ്യത്യാസം. ഒരു പാക്കറ്റ് ബ്രഷ് വാങ്ങുമ്പോൾ, ബ്രഷിന്റെ കളർ കോഡുകൾ തമ്മിൽ ചിലപ്പോൾ വലിയ വ്യത്യാസം കാണാറില്ല. അങ്ങനെ സംഭവിച്ചതാണ്; അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.
കഷ്ടകാലത്തിന്, അവളുടെ രാവിലെയുള്ള മങ്ങിയ നോട്ടത്തിൽ, എല്ലാം പിങ്ക് മയമായിരുന്നു. അങ്ങനെയാണ് അന്നത്തെ ദിവസം, ഭാര്യയുടെ കണ്ണ് മഞ്ഞളിച്ച് പോയതും, ബ്രഷുകൾ തമ്മിൽ മാറിപ്പോയതും. പക്ഷേ, ഇതിന് മുന്നിലത്തെ തവണ, വ്യക്തമായ നിറവ്യത്യാസങ്ങളുണ്ടായിട്ടും, എങ്ങനെയാണ് മാറിപ്പോയതെന്ന് ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ല, മാറിപ്പോയ കാര്യം, അവളൊട്ട് സമ്മതിച്ചിട്ടുമില്ല!
ഇരട്ടകളിൽ, ഒരേയൊരു തവണ, ആര് ആരാണെന്ന് മനസ്സിലാക്കിയാൽ, പിന്നീട് ഒരിക്കലും തമ്മിൽ തമ്മിൽ വളരെപ്പെട്ടന്ന് തിരിച്ചറിയുന്ന ആളാണ് എന്റെ സഹധർമ്മിണി. അത്, identical twins ആയാലും ശരി, അല്ലെങ്കിലും ശരി. പക്ഷേ നേരെ മറിച്ചാണ് എന്റെ കാര്യം. ഇരട്ടകളാണെന്ന് ഒരിക്കൽ മനസ്സിലായാൽ, identical twins അല്ലെങ്കിൽ പോലും, എനിക്ക് പരസ്പരം തിരിച്ചറിയാൻ സാധിക്കാറില്ല. എന്തോ എന്റെ മനസ്സിന്റെ പ്രോഗ്രാം അങ്ങനെയാണ്. ഇരട്ടകളിൽ ഒരാളെ കല്യാണം കഴിച്ച ആളിന്റെ അവസ്ഥ ആലോചിച്ച് എനിക്ക് ചിലപ്പോൾ തല ചുറ്റിപ്പോവാറുണ്ട്. ഇരട്ടകൾ, ഇരട്ടകളെത്തന്നെ കല്യാണം കഴിച്ചതിന് ശേഷം, പരസ്പരം മാറിപ്പോവുന്നത് സ്വപ്നം കണ്ട്, ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണരാറുണ്ട്. എന്നിട്ടും, ഇരട്ടകളെ സംബന്ധിച്ച്, എനിക്കുള്ളത് പോലുള്ള പ്രശ്നമില്ലാത്ത എന്റെ വാമഭാഗത്തിന്, ഇരട്ടകളെപ്പോലുള്ള ബ്രഷുകൾ തമ്മിൽ, പരസ്പരം മാറിപ്പോയത് എങ്ങനെയെന്ന് ആലോചിച്ച് എനിക്കൊരു പിടിയും കിട്ടിയില്ല. പ്രത്യേകിച്ച്, എന്റെ ബ്രഷിന്റെ വാൾ ഭാഗത്ത് പകുതിയോളം നീളത്തിൽ പച്ചനിറമായിരുന്നിട്ട് കൂടി! അറിയാതെ മാറിപ്പോയി എന്ന വ്യാജേന, എന്റെ ബ്രഷിനെ കടന്നാക്രമിച്ച് പീഡിപ്പിച്ചത് കരുതിക്കൂട്ടിത്തന്നെയായിരുന്നോ എന്നാണ് ഇപ്പോഴത്തെ എന്റെ സംശയം.
ഭൂമിയും വീടും കുലുക്കി താഴോട്ടേക്കിറങ്ങിപ്പോയ സഹധർമ്മിണി, ബേസ്മെന്റിലെ ബാത്റൂമിലാണ് അഭയം പ്രാപിച്ചത്. എന്റെ ബ്രഷിനോട് നടത്തിയ അതിക്രമം പച്ചയായി കണ്ടുപിടിക്കപ്പെട്ടതിലുള്ള അഭിമാനക്ഷതം കൊണ്ടാണോ എന്നറിയില്ല, ഇനിമുതൽ അവളുടെ പല്ല് തേപ്പ്, അവിടെ നിന്നായിരിക്കുമത്രേ! ശപഥമാണ് പോലും! എന്തായാലും, ആതീരുമാനം, എന്റെ ബ്രഷിന്റെ ചാരിത്യ്രത്തിന് കാവലിരിക്കേണ്ട അവസ്ഥയിൽ നിന്ന് എനിക്ക് മോചനം തരുമല്ലോ എന്നതായിരുന്നു എന്റെ ആശ്വാസം.
അന്വേഷണം കഴിഞ്ഞ്, തിരിച്ച് സ്വന്തം കുളിമുറിയിലേക്ക് വരാനെടുത്ത നേരമത്രയും, എന്റെ പ്രിയപ്പെട്ട ബ്രഷ്, ഭാര്യയുടെ പേസ്റ്റ് വെള്ളത്തിൽ കുളിച്ച്, വാഷ്ബേസിനിൽ മലർന്ന് നഗ്നയായി കിടക്കുകയായിരുന്നു.എന്റെ ഭാര്യയാണ് പീഡിപ്പിച്ചതെന്നുളത് കൊണ്ട്, കേസ് കൊടുക്കാൻ പോലും ഞാൻ അശക്തനായിരുന്നു. എന്റെ ബ്രഷിന് ആ വികാരം മനസ്സിലാവുമെന്ന അന്ധധാരണയിൽ, ഞാനെന്റെ ബ്രഷിനെ പതുക്കെ താങ്ങിയെടുത്ത് കുളിപ്പിച്ച് ശുദ്ധമാക്കി, ഇനി എന്ത് ചെയ്യുമെന്നറിയാതെ കുറച്ച് നേരം, അതിനെ പിടിച്ച് നോക്കിയിരുന്നു! ഇത്തരത്തിൽ മാറിപ്പോകുന്ന രോഗം ആർക്കും ഉണ്ടാവരുതേ എന്ന കണ്ണടച്ചുള്ള, ആത്മാർത്ഥമായ പ്രാർത്ഥന മാത്രം ബാക്കി!!
കുറിപ്പ്: ഈ സംഭവത്തിന് ശേഷം, ഇന്നുവരെ എന്റെ ബ്രഷിന് സല്ലപിക്കാൻ വേറൊരു ബ്രഷ് കൂടെയുണ്ടായിട്ടില്ല. എന്റെ വിശാലമായ കുളിമുറിയിൽ കൂട്ടില്ലാതെ വെറും ഒറ്റയാനായി ഇരിപ്പാണ്. വെറുതെ കിട്ടുന്ന WiFi മുഖാന്തിരം, താഴെ ബേസ്മെന്റിൽ കിടക്കുന്ന ഭാര്യയുടെ ബ്രഷുമായി അനാവശ്യമായി സംവദിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാൻ ഞാനിതുവരെ തുനിഞ്ഞിട്ടില്ല!
***