"നമസ്കാരം സുഹൃത്തുക്കളേ... എല്ലാവർക്കും നാരായത്തിന്റെ നമോവാകം... പതിവിന് വിപരീതമായി, എന്റെ സുഹൃത്ത് ഗോപുവാണ് ഇന്ന് നിങ്ങളോട് ഒരു കഥ പറയാൻ വരുന്നത്... ഞാൻ അദ്ദേഹത്തിന് മൈക്ക് കൈമാറാം... അദ്ദേഹത്തിന്, ആദ്ദേഹത്തിന്റെ ഭാഷയിൽ പറയാനുള്ളത് ദയവായി കേൾക്കുക..."
"നമസ്കാരം... എന്റെ പേര് ഗോപു... ഒരു ബ്ലൗസ്, എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ പൊല്ലാപ്പിനെക്കുറിച്ചാണ് പറയാൻ വരുന്നത്.. ആദ്യമേ തന്നെ ഒരു കാര്യം പറഞ്ഞേക്കാം. തലവാചകം കണ്ട് ആരും വേണ്ടാത്തതൊന്നും ചിന്തിച്ച് തല പുണ്ണാക്കരുത്... കേട്ടോ.. ചിലപ്പോൾ 'ഗ്യാസ് ട്രബ്ൾ' എന്നത് 'ബ്ലൗസ് ട്രബ്ൾ' ആയി തെറ്റി എഴുതിപ്പോയതാണോ എന്ന സംശയം നിങ്ങൾക്ക് ഉണ്ടായേക്കാം. സത്യത്തിൽ അങ്ങനെയല്ല... പിന്നെ, ആരുടെയെങ്കിലും ഉണങ്ങാനിട്ട ബ്ലൗസ് കാക്ക കൊത്തിക്കൊണ്ട് പോയതായിരിക്കുമോ, ഭാര്യയുടെ തയ്ച്ച് കിട്ടിയ ബ്ലൗസിന് ഇറക്കം കുറഞ്ഞതായിരിക്കുമോ, , ആരുടെയെങ്കിലും മുന്നാലെയുള്ള പെണ്ണ്, തിരക്ക് പിടിച്ച് ബസ്സിൽ കയറുമ്പോൾ, അവളുടെ ബ്ലൗസ് സൈഡിൽ കൊളുത്തിക്കീറിയത്, സംശയിച്ച് പ്രശ്നമായതായിരിക്കുമോ എന്നൊക്കെയുള്ള അന്തഃർധരാമുൻവിധികളോടെ കഥയെ നിങ്ങൾ സമീപിക്കുന്നതിൽ ഞാൻ കുറ്റം പറയില്ല. ഉദ്വേഗഭരിതമായ ആകാംഷാപ്രതീക്ഷകൾ കഥ കേൾക്കുമ്പോൾ തീർച്ചയായും ഉണ്ടാകണം. പക്ഷേ, ബ്ലൗസെന്ന് കേട്ടയുടനെ ചില ആക്രാന്തമുഗ്ദ്ധലാവണ്യചിന്തകളുമായി ചെന്തമിഴിൽ ചിന്തിക്കുന്നവരുടെ ചന്തിക്ക്, നല്ല ചന്തത്തിൽ, ചാന്ത് വടി കൊണ്ട്, ചോര ചിന്തിയ പോലെ, ചെന്താമര വിരിയിക്കാൻ, ചന്തയിൽ നിന്നൊരാളെ ഞാൻ ഏർപ്പാട് ചെയ്യും. പറഞ്ഞില്ലെന്ന് വേണ്ട. ചിന്താസ്വാതന്ത്ര്യമുണ്ടെന്ന് കരുതി, എന്തെങ്കിലും ചിന്തിച്ച് കൂട്ടരുത്. അത് ശരിയല്ലല്ലോ.. അല്ലേ.. നല്ലപോലെ സഭ്യമായി, അശ്ലീലമൊന്നുമില്ലാത്ത, എന്നാൽ അനുഭവിച്ചവന്, മറക്കാത്ത അനുഭവം സമ്മാനിച്ച ഒരു കഥയാണ് പറയാൻ പോകുന്നത്. ജാഗ്രതൈ !! അപ്പോൾ കഥയിലേക്ക് കടക്കാം.
സംഭവം നടന്നിട്ട് അഞ്ചാറ് കൊല്ലങ്ങളായി. ഞാനും കുടുംബവും അന്ന് മേരിലാന്റിലെ ക്രോഫ്റ്റൺ എന്ന സ്ഥലത്തെ ഒരു അപ്പാർട്മെന്റിലാണ് താമസം. ഒരു ദിവസം രാത്രി, ഞങ്ങളൊക്കെ ഉറങ്ങാൻ കിടന്നതിന് ശേഷം, മയക്കത്തിലേക്ക് വഴുതി വീഴാൻ പോകുന്ന സമയം. എന്റെ മൊബൈൽ ഫോൺ ചിലക്കാൻ തുടങ്ങി. രാത്രി ഉറങ്ങാൻ കിടന്നതിന് ശേഷം ചിലക്കുന്ന ഫോണിനെക്കണ്ടാൽ എനിക്ക് പ്രാന്താകും... ഞാൻ മൈൻഡ് ചെയ്യാറില്ല... 'കുറച്ച് നേരം ചിലച്ചിട്ട് തനിയെ അടങ്ങിക്കോളും' എന്ന ഫിലോസഫിയാണ് എന്റേത്.
"നിങ്ങൾക്ക് അങ്ങനെ, എങ്ങനെ ചിന്തിക്കാൻ കഴിയുന്നു, ഇവിടെ നിന്ന് തന്നെയോ, അല്ലെങ്കിൽ നാട്ടിൽ നിന്നോ മറ്റോ അത്യാവശ്യത്തിന് ആരെങ്കിലും വിളിക്കുന്നതാണെങ്കിലോ" എന്നൊക്കെയുള്ള ഭാര്യയുടെ ഭയാശങ്കകൾക്ക് ഞാൻ ചെവി കൊടുക്കാറില്ല. 'രാത്രി ഉറങ്ങാൻ കിടന്നാൽ ആർക്കും അത്യാവശ്യങ്ങൾ പാടില്ല'' എന്ന ഫിലോസഫി, ഞാനപ്പോൾ ചിന്തയിലൂടെ പ്രയോഗിക്കും. പൊതുവേ, കിടന്നാലൊന്ന് ഉറങ്ങിക്കിട്ടാൻ നല്ല സമയമെടുക്കുന്ന ഒരാളാണ് ഞാൻ. അങ്ങനെ കിടന്ന് ഉറക്കം പിടിച്ച് വരുമ്പോഴാണ് മൊബൈലിന്റെ ചിലപ്പ്. പ്രാന്ത് വരാതിരിക്കുമോ? ഞാൻകേട്ട ഭാവം നടിച്ചില്ല.
'തലയിണയിൽ തലതട്ടിയാലുടനെ മയക്കം' എന്ന പോളിസിയിൽ, മുഖത്തിന്റെ വാതിൽ തുറന്ന് അന്തരീക്ഷശുദ്ധീകരണം നടത്തിക്കൊണ്ട്, മോട്ടോറിന്റെ ക്രമീകരിച്ച രീതിയിലുള്ള ശബ്ദം പുറപ്പെടുവിച്ച് കൊണ്ട്, മോഹനനിദ്രയിലാണ്ട് കിടന്ന ഭാര്യ, മൊബൈലിന്റ ചിലപ്പ് കേട്ട്, സ്ഥലകാലവിഭ്രാന്തിയോടെ സടകുടെഞ്ഞെഴുന്നേറ്റു. "നിങ്ങളിത് കേൾക്കുന്നില്ലേ മനുഷ്യാ, മനുഷ്യനെ മര്യാദക്കൊന്നുറങ്ങാനും സമ്മതിക്കില്ല....പണ്ടാരം..." എന്നൊക്കെ പിറുപിറുക്കുന്നുണ്ട്. ഞാനിതൊന്നും അറിഞ്ഞ ഭാവം നടിക്കുന്നില്ല... 'ഹിഹിഹി...' എന്ന് ഉള്ളിൽ ചിരിച്ച് കൊണ്ട് ഞാൻ ചരിഞ്ഞ് കിടപ്പാണ്...
സാധാരണയായി രാത്രിയിൽ, ഉറങ്ങാൻ കിടന്നതിന് ശേഷം ഫോൺ ശബ്ദിച്ചാൽ, എന്റെ സഹധർമ്മിണിക്ക് ഭയാശങ്കകൾ കൂടും... ഒറ്റച്ചിന്തയിൽത്തന്നെ മരണസങ്കടവേലിയേറ്റസുനാമിത്തിരകളടങ്ങിയ ഒരു ട്രാജഡി സിനിമയുടെ സ്ക്രിപ്റ്റ് മുഴുവൻ എഴുതിക്കളയും. വേറൊരുതരത്തിൽ പറഞ്ഞാൽ, നമ്മുടെ നാട്ടിൽ പണ്ട് 'കമ്പി വന്നു' എന്ന് പോസ്റ്റുമാൻ വന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ചില ചിന്തകൾ പോലെ.
ഭാര്യ പിറുപിറുത്തുകൊണ്ട് ഒന്നെഴുന്നേറ്റിരുന്നു... മുടിയും കെട്ടി, ലൈറ്റും ഇട്ട് "നാട്ടിൽ നിന്നായിരിക്കും" എന്നും പറഞ്ഞു കൊണ്ട്, ഫോണിന്റെ അടുത്തേക്കൊരു ചാട്ടമോ ഓട്ടമോ എന്തോ ആയിരുന്നു. അപ്പഴേക്കും ഫോൺ മൂന്നാമതും ചിലച്ച് അടങ്ങിയിരുന്നിരുന്നു. ഫോണെടുത്ത് നോക്കി പറഞ്ഞു... "ഓ... ഏതോ സിന്ധുവാണ്.. ഇവർക്കൊന്നും ഉറങ്ങണ്ടേ.. വിളിക്കാനൊന്നും വേറൊരു സമയോം കിട്ടിയില്ലേ.. ? തിരിച്ച് വിളിക്കണോ?"
സിന്ധുവോ? ഞാൻ മനസ്സിലോർത്തു ഇതെന്തിനാണ് ഇവളിപ്പം വിളിക്കുന്നത് ?
"ഏത് സിന്ധുവാ...? "
എന്റെ മനസ്സിൽ ആകെ ഒരു സിന്ധുവേ ഉള്ളൂ.. അത് ന്യൂയോർക്കിലുള്ള എന്റെ ഒരു കസിൻ (കസിൻ എന്നൊക്കെപ്പറഞ്ഞാൽ... നേരിട്ടുള്ള മാതൃ-പിതൃ കസിനല്ല.. കുറച്ച് വളവുകളും തിരിവുകളുമുള്ള കസിൻ ബന്ധമാണ്.. എന്നാലും ഇടപെടലുകൾ കൊണ്ട് അടുത്ത ബന്ധമാണ്) സിന്ധുവാണ്. അവളെന്തിനാണ് ഈ പാതിരാത്രി വിളിക്കുന്നത്?
"മോഹനേട്ടന്റെ* സിന്ധു ആയിരിക്കും... അല്ലാതെ വേറെയാരാ...."
"അവിടെയെന്തെങ്കിലും.... നാട്ടിലാർക്കെങ്കിലും..... എന്തെങ്കിലും..." ഭാര്യ പകുതിക്ക് നിർത്തി.
"എന്തെങ്കിലും സീരിയസ്സാണെങ്കിൽ വീണ്ടും മൊബൈൽ റിങ് ചെയ്യും.. നീ സമാധാനത്തിൽ അടങ്ങിക്കിടക്ക്" ഞാൻ കുഴഞ്ഞുമറിഞ്ഞമട്ടിൽ മൊഴിഞ്ഞു. ഭാര്യയുടെ ശ്വാസമിടിപ്പിന്റെ പെരുമ്പറ ശബ്ദം ഒഴിവാക്കിയാൽ, പൂർണ്ണ നിശ്ശബ്ദത...
"ക്രീം... ക്രീം..." മൊബൈൽ നാലാമതും ചിലച്ചു. ഞാൻ തന്നെ എഴുന്നേറ്റു. ഭാര്യയും എഴുന്നേറ്റു. ഞാൻ പിന്നെ ഒട്ടും അമാന്തിച്ചില്ല.. നേരെ കാൾ ആക്സെപ്റ്റ് ചെയ്തു.
"ഹലോ... ഹാ.. സിന്ധൂ... എന്താ.... ഈ സമയത്ത്?"
"ഹലോ.... ആ.. ഇതാരാ..."
ഹേ.. ഇതെന്ത് കഥ.... സിന്ധു എന്നെ വിളിച്ചിട്ട് എന്നോട് ചോദിക്കുന്നു.. ഞാനാരാണെന്ന്... അതും പാതിരാത്രിക്ക്... 'തേന്മാവിൻ കൊമ്പത്ത് ' എന്ന സിനിമ ഞാൻ കണ്ടിട്ടില്ലായിരുന്നെങ്കിൽ, അതിൽ കുതിരവട്ടം പപ്പുച്ചേട്ടൻ മോഹൻലാലിനോട് പറഞ്ഞത് പോലുള്ള ഒരു ഡയലോഗ് ഞാൻ സിന്ധുവോട് കാച്ചിയേനെ...
"സിന്ധൂ.. ഇത് ഗോപു ആണ്... മെരിലാന്റിലെ... പഴയേടത്തെ അനന്തൻമാഷിന്റെ മോൻ... പ്രേമേച്ചിയുടെ വല്യമ്മയുടെ മോന്റെ മോൻ..."
വന്നു വന്ന് പാതിരാത്രിയിൽ സിന്ധു പിച്ചും പേയും മറ്റോ പറയുകയാണോ എന്ന സംശയത്താലാണ് അത്ര നീട്ടി വിസ്തരിച്ച് ബന്ധം പറഞ്ഞ് അവളുടെ സംശയനിവാരണം നടത്താൻ ശ്രമിച്ചത്. പക്ഷെ അവൾക്ക് എന്നെ ഉടനെത്തന്നെ പിടികിട്ടി.
"ഓ.. ഗോപേട്ടനായിരുന്നോ?... ഉം.... ഉം.... അത്.... പിന്നെ...."
എനിക്കും സംശയമായി.. ഇത് ഞാൻ തന്നെയല്ലേ.... അല്ല ഞാൻ തന്നെയാണ്.... അവൾ എന്തോ പരുങ്ങുന്നത് പോലെ...
"എന്താ... ഈ നേരത്ത്... വിളിക്കാൻ മാത്രം എന്തുണ്ടായി?"
"ഉം... അത്...."
പാതിരാത്രി വിളിച്ചിട്ടും സിന്ധു കാര്യം പറയാൻ പരുങ്ങുന്നത് കണ്ട് എന്റെ നല്ലപാതിയുടെ ചങ്ക് മിടിക്കുന്നത് ഉച്ചസ്ഥായിയിലായി... സത്യത്തിൽ എന്റെ ചങ്കും പതുക്കെപ്പതുക്കെ കെട്ട്യോളുടെ ചങ്കിന്റെ താളത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് ഞാനും ഭയന്നു.
"കാര്യം പറയ് സിന്ധൂ...."
"അത് പിന്നെ ഗോപേട്ടാ.... അത്... ഞാനെപ്പഴാ നിങ്ങൾക്ക് ബ്ലൗസ് തന്നത്?"
'എന്റമ്മേ...' ഞാൻ ഇന്നസെന്റിനെ ഓർത്ത് പോയി... ഇവളെന്താ ഈ പറയുന്നത്? ബ്ലൗസോ? എന്ത് ബ്ലൗസ്...? ആരുടെ ബ്ലൗസ്.. ?
അത് വരെ എന്റെ ചെവിക്കരികിൽ ചെവി പിടിച്ച് നിന്ന്, അപ്പുറത്ത് നിന്ന് പറയുന്നത് കാതോർത്തിരുന്ന ഭാര്യയുടെ ഭാവം ഒന്ന് മാറി... അവൾ എന്നോട് ആംഗ്യഭാവത്തിൽ ശബ്ദം താഴ്ത്തിഉത്തരവിട്ടു:
"സ്പീക്കറിലിട്... സ്പീക്കറിലിട്...."
ഞാൻ തികച്ചും ത്രിശങ്കുവിലാണ്.... സിന്ധു പറയുന്നത് കേൾക്കാനോ... സ്പീക്കറിലിടണോ... ഈ ബ്ലൗസ്, ആരുടെ ബ്ലൗസാണ്... അറിയാതെ ഞാൻ.... എന്തെങ്കിലും.... ആകപ്പാടെ കൺഫ്യൂഷൻ.... എന്തായാലും എന്റെ മനസ്സിൽ ആ സമയത്ത് ഒളിക്കാനായിട്ട് കാരണങ്ങളൊന്നും തോന്നാഞ്ഞത് കൊണ്ടും ഭാര്യയുടെ ഭാവമാറ്റത്തെ പേടിച്ചും അറിയാതെ വിരൽ സ്പീക്കർ ഫോൺ ബട്ടണിൽ അമർന്നു...
"ഏത് ബ്ലൗസിന്റെ കാര്യമാണ് സിന്ധൂ നീയീ പറയുന്നത്? "
"ഗോപേട്ടനല്ലേ ഇങ്ങോട്ട് വിളിച്ച് പറഞ്ഞത്.. രണ്ട് ബ്ലൗസുകൾ ജനീഷിന്റെയടുത്ത് കൊടുത്ത് വിട്ടിട്ടുണ്ട്... റീനക്ക് കൊടുക്കണം ന്നോ മറ്റോ ഒക്കെപ്പറഞ്ഞ്...."
'അപ്പൊ സിന്ധുവിന് മാത്രമല്ല.... റീനക്കും..... ബ്ലൗസ് കൊടുത്തിട്ടുണ്ട്...' ഭാര്യയുടെ മുഖം കണ്ടപ്പോ, അവൾ അങ്ങനെയായിരിക്കും ചിന്തിക്കുന്നുണ്ടാവുക എന്നാണ് എനിക്ക് തോന്നിയത്.
പാതിരാത്രി ആയത് കൊണ്ടോ, ഉറക്കച്ചടവിലായത് കൊണ്ടോ.. ഭാര്യയുടെ നോട്ടം കണ്ടിട്ടാണോ എന്നറിയില്ല... എനിക്ക് ഒരു നിമിഷത്തേക്ക് ഒന്നും ഓർമ്മ വന്നില്ല... ഒരുതരം അർദ്ധബോധാവസ്ഥയിലുള്ള മരവിപ്പ്....
"ഞാനെപ്പഴാ അങ്ങനെ നിന്നോട് വിളിച്ച് പറഞ്ഞത് സിന്ധൂ...?
"അല്ല ഞങ്ങൾ നേരിട്ട് സംസാരിച്ചില്ല... പക്ഷെ ഗോപേട്ടൻ എന്നെ വിളിച്ച് ഒരു മെസ്സേജ് ഇട്ടില്ലേ.. അതാ പറഞ്ഞത്....."
ഹാവൂ... എനിക്കിപ്പോ പിടികിട്ടി.... എന്റെ തലയിലൂടെ ഗംഗാധരന്റെ ജട ലീക്കായി ഗംഗ ഊർന്ന് ഒഴുകിയത് പോലെ ഒരു കുളിർമ്മ പടർന്നു.... പക്ഷേ ഭാര്യക്ക് ഇപ്പഴും ഒന്നും പിടികിട്ടിയിട്ടില്ലല്ലോ... ഒന്നും മിണ്ടുന്നില്ലെങ്കിലും അവൾ പലതും ഉച്ചത്തിൽ പറയുന്നുണ്ടെന്ന് എനിക്ക് തോന്നി... ഈ ബ്ലൗസ് ഞാൻ സ്ഥിരം ഉപയോഗിക്കാത്ത സാധനമായത് കൊണ്ടും... ഉറക്കച്ചടവ് കയറിയ പാതിരാത്രിയിൽ പെട്ടെന്നുണ്ടായ ചില സാഹചര്യസമ്മർദ്ദങ്ങൾ കൊണ്ടും മറ്റും... ഈ ബ്ലൗസ് സംഭവം ഞാൻ മറന്നേ പോയിരുന്നു...
"ഹ ഹ ഹാ... അതാണോ... അയ്യോ.... നിന്നെയായിരുന്നോ ഞാൻ വിളിച്ചത്.... അയ്യോ.. സത്യത്തിൽ ആള് മാറിപ്പോയതാണ് കേട്ടോ... വേറൊരു സിന്ധു ഉണ്ട്... മാറിപ്പോയതാണ്..."
കെട്ട്യോളിപ്പഴും അന്തിച്ച് നിൽക്കുകയാണ്... ഒരു സിന്ധുവിന്റെ കൺഫ്യൂഷൻ തീർന്നെങ്കിലും ഈ രണ്ടാമത്തെ സിന്ധു ഏതാണ്? ഈ ബ്ലൗസിന്റെ ചക്രക്കുടുക്ക് അവളെ സംബന്ധിച്ചടുത്തോളം ഇനിയും അഴിഞ്ഞിട്ടില്ല...
"ഓ.. അങ്ങനെയാണോ.... ഗോപേട്ടാ.. സത്യത്തിൽ ഞാനും പേടിച്ച് പോയി... എന്ത് ബ്ലൗസിന്റെ കാര്യമാണ് നിങ്ങള് എന്നോട് പറഞ്ഞ് വരുന്നത് എന്നാലോചിച്ചിട്ട്...."
"സോറി.. സിന്ധൂ... സത്യത്തിൽ ഞാനീക്കാര്യം തന്നെ മറന്ന് പോയിരുന്നു.. അതാ കുറച്ച് നേരത്തേക്ക് കൺഫ്യൂഷനായിപ്പോയത് "
"സത്യത്തിൽ ഗോപേട്ടന്റെ നമ്പർ.. ഞാൻ.. എന്റെ മൊബൈലിൽ സ്റ്റോറ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നില്ല... സജീവേട്ടനല്ലേ സാധാരണ വിളിക്കാറ്... അതുകൊണ്ട് ആരാ വിളിച്ചത് എന്ന് മനസ്സിലായില്ല... ജലദോഷം പിടിച്ചത്പോലെ ശബ്ദമായത് കൊണ്ട് എനിക്കും ആളെ മനസ്സിലായില്ല.. "
"ഓ... അത് ശരി..."
"ഒരാഴ്ചയായി ഞാൻ ഫോൺ നോക്കാറേ ഉണ്ടായിരുന്നില്ല... ഇന്ന് വൈകുന്നേരം സജീവേട്ടനാണ് ഈ മെസ്സേജ് കണ്ടത്.... സത്യത്തിൽ ഇവിടെയും കുറേ നേരത്തേക്ക് പ്രശ്നങ്ങളായിരുന്നു...."
"അയ്യോ.. എന്ത് പറ്റി... "
"സജീവേട്ടൻ ചൂടായത് പോലെയൊക്കെയായി... ആരാണ് ഞാനറിയാതെ ഈ ബ്ലൗസ് നിനക്ക് കൊടുത്ത് വിട്ടത് എന്ന മട്ടിലായിരുന്നു ചോദ്യങ്ങൾ..... ഹ ഹ.."
"എനിക്കൊന്നും അറിഞ്ഞു കൂടാന്ന് ഞാനും പറഞ്ഞു... അപ്പൊ ഈ മെസ്സേജ് വിട്ടതാരാ.. എന്നൊക്കെയായി... കുറേ ചോദ്യങ്ങളായിരുന്നു... കുറച്ചെന്തൊക്കെയോ പറഞ്ഞ് പുള്ളി ശാപ്പാടും കഴിച്ച് മേലെപ്പോയി കിടന്നു.."
"നിനക്ക് സജീവേട്ടന്റെ മുന്നിൽ നിന്ന് തന്നെ എന്റെയീ നമ്പറിൽ നേരത്തെ വിളിച്ചൂടായിരുന്നോ?"
"ആ സമയം കുട്ടികളൊക്കെ ഭക്ഷണത്തിനും മറ്റും ബഹളം വച്ചതിനാൽ പറ്റിയില്ല.... എന്തായാലും എന്റെ കൺഫ്യൂഷൻ തീർന്നു"
ഭാര്യയുടെ കൺഫ്യൂഷനാണ് ഇനി ബാക്കി.... അത് തീർത്തില്ലെങ്കിൽ....
"സോറി സിന്ധൂ.... "
"അയ്യോ എന്തിനാ സോറിയൊക്കെ... ഇവിടെയിപ്പോ ഒന്നും നടന്നില്ലല്ലോ.. ഒന്നും സംഭവിച്ചില്ലല്ലോ...."
"അത് ശരിയാ... ന്നാലും സജീവേട്ടന്... പെട്ടന്ന് ഒന്നും മനസ്സിലായിട്ടുണ്ടാവില്ലല്ലോ.... വെറുതെ ഓരോരോ പ്രശ്നങ്ങള്...."
"ആ അത് ശരിയാ.... അത് ഞാൻ പറഞ്ഞോളാം.. എന്നാലും.... ഈ ബ്ലൗസിന്റെ കഥ എന്താണ് ഗോപേട്ടാ.... ഹിഹിഹി...."
എനിക്കും അതാണ് വേണ്ടത്... ആ ചോദ്യത്തിന് ഉത്തരം പറഞ്ഞാലേ ഇവിടെയുള്ള ഗദ്ഗദപെരുംപറയുടെ മുഴങ്ങുന്ന കൊട്ട് നിലക്കുകയുള്ളൂ... മനുഷ്യർക്ക് ചെവി അനക്കാൻ പറ്റുകയില്ലെന്ന് എനിക്ക് നന്നായറിയാമെങ്കിലും, ക്യൂരിയോസിറ്റി മൂലം ഭാര്യയുടെ ചെവി പൂച്ചയുടെയോ പശുവിന്റെയോ ചെവി പോലെ അനങ്ങി വട്ടം പിടിക്കുന്നത് എനിക്ക് കാണാമായിരുന്നു.
"അതൊരു നീണ്ട കഥയാണ് സിന്ധൂ... എന്തായാലും സംഭവം ഇത്രത്തോളമായ സ്ഥിതിക്ക് എനിക്ക് പറഞ്ഞല്ലേ പറ്റൂ..."
ഞാനത് അവിടെ വച്ച് തന്നെ പറഞ്ഞില്ലെങ്കിൽ സജീവേട്ടന്റെ മനോധർമ്മവിചാരത്തിൽ ഇവിടെ വേറൊരാളും വീണേക്കും.
"പറയ്... കേക്കട്ടെ.."
"ഹഹാ,.... നിനക്ക് നമുക്കിവിടെ മലയാളി അസോസിയേഷൻ ഒക്കെയുള്ള കാര്യം അറിയാലോ.. നമ്മളൊക്കെ അതിന്റെ പരിപാടികളിൽ നമ്മുടേതായ കലാപരിപാടികൾ നടത്താറുണ്ട്..."
"രണ്ടാഴ്ച മുന്നിലത്തെ 'സമ്മർ ഡ്രീംസ്' പരിപാടിയിൽ ഞാനും എന്റെ ചങ്ങാതിമാരും ഒരു സ്കിറ്റ് ആയിരുന്നു അവതരിപ്പിച്ചത്..."
ഇത്രയും കേട്ടപ്പഴേക്കും സുഖസുഷുപ്തി പൂണ്ട് സ്വപ്നരാജ്യങ്ങളിൽ വിരാജിച്ച് നടന്നിരുന്ന എന്റെ മക്കൾ പോലും ഞെട്ടിയെഴുന്നേൽക്കത്തക്കതരത്തിൽ സർവ്വ മൗനവും ഭഞ്ജിച്ചുകൊണ്ട് ഒരു ചിരിയുടെ മാലപ്പടക്കം മുഴങ്ങി... കുട്ടികൾ ഒന്നനങ്ങി വീണ്ടും ഉറങ്ങി... ഇത്രയും നേരം വീർപ്പ്മുട്ടി ഉദ്വേഗസംഭ്രമസംഘർഷാവസ്ഥയിൽ മൗനിയായി നിന്നിരുന്ന ഭാര്യാമണിയുടെ സന്തോഷവിസ്ഫോടനമായിരുന്നു ആ കേട്ടത്. ഞാനും ആ ചിരിയിൽ അറിയാതെ പങ്ക് ചേർന്നു... സിന്ധുവും ചരിച്ചു... ഒരുതരം കൂട്ടച്ചിരി.... സിന്ധുവിന് ബ്ലൗസിന്റെ കഥ മനസ്സിലായില്ലെങ്കിലും ഇവിടെയൊരു ഐസ്ബർഗ് അടർന്ന് വീണ്, അതിന്റെ മേലെ ഒലീവില കൊണ്ട് വീശിയ കാറ്റിന്റെ തണുപ്പ് അവൾക്ക് അവിടെ അനുഭവപ്പെട്ടു കാണും. സത്യത്തിൽ എന്റെ ഭാര്യക്ക് ഈ വഹ എല്ലാകാര്യങ്ങളും എന്നേക്കാൾ ഓർമ്മയുണ്ടായിരിക്കാറുള്ളതാണ്. ഈ സിന്ധു അല്ല ആ സിന്ധു എന്ന് മനസ്സിലായപ്പോൾ തന്നെ ഭാര്യാമണിക്ക് സ്പാർക്ക് കിട്ടേണ്ടതായിരുന്നു... പക്ഷേ... എന്തോ... തികച്ചും അപ്രതീക്ഷിതമായി അവളുടേതല്ലാത്ത ബ്ലൗസിനെക്കുറിച്ച് പാതിരാത്രിയിൽ കേട്ടത് കൊണ്ടാണോ... എന്റെ മാനസിക ചുറ്റിക്കളികളെപ്പറ്റി നല്ലധാരണയുള്ളത് കാരണമാണോ എന്നറിയില്ല.... അവൾ സിന്ധുക്കളെ ചുറ്റിപ്പറ്റിയുള്ള ചിന്തകളിൽ കുരുങ്ങിപ്പോയി.... രണ്ടാമത്തെ സിന്ധുവിനെ പുതുതായി പരിചയപ്പെട്ട് വരുന്ന സമയമായതിനാൽ, ചിലപ്പോൾ ആ സിന്ധു എന്റെ ഭാര്യയുടെ ഹാർഡ് ഡിസ്‌കിൽ സ്റ്റോറായിക്കാണാതിരിക്കാനും സാധ്യതയുണ്ട്...
"ഓ.. ആ ബ്ലൗസ് ആണോ?...." ഭാര്യ തേനൂറും ഭാവത്തിൽ മൊഴിഞ്ഞു.
"അതെ.. അല്ലാതെ ഞാൻ ഏത് ബ്ലൗസെടുത്തിടാനാണ്?.." ഞാനെന്റെ മുഖഭാവം ഒന്ന് മാറ്റി.. എന്നെക്കൊണ്ട് അത്രയൊക്കെയല്ലേ പറ്റൂ....
"നിങ്ങള് ബ്ലൗസിന്റെ കഥ പറയ് ഗോപേട്ടാ....എനിക്കൊന്നും മനസ്സിലായില്ല..."
"ആ... സിന്ധൂ... ഹഹ..ഹാ.. നമ്മൾ കഴിഞ്ഞ പരിപാടിക്കൊരു സ്കിറ്റ് ചെയ്തു എന്ന് പറഞ്ഞില്ലേ?... ഒരു തമാശ നാടകം... അതിൽ ഞാനും എന്റെ വേറൊരു സുഹൃത്തും രണ്ട് പഴയകാല ക്രിസ്ത്യാനി പെണ്ണുങ്ങളുടെ വേഷമായിരുന്നു കെട്ടിയത്.. ചട്ടയും മുണ്ടും. അതിന് വേണ്ടിയുള്ള ഇറക്കമുള്ള ബ്ലൗസ് ആണ് താരം.... "
"ഓ.. നിങ്ങൾ പെൺ വേഷം കെട്ടിയോ?.... ഹഹ ഹാ... എന്നിട്ട്..?"
"അതെ.. പെൺ വേഷം കെട്ടിയാൽ എങ്ങനെ ഉണ്ടാകുമെന്ന് നോക്കാലോ.. ഹഹ... ഹും... ആ രണ്ട് ബ്ലൗസുകൾ റീന എന്ന ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്നായിരുന്നു ഞങ്ങൾ തരപ്പെടുത്തിയത്... സ്കിറ്റ് കഴിഞ്ഞപ്പോൾ എന്റെ സുഹൃത്ത്, അവൻ സ്കിറ്റിന് വേണ്ടിയിട്ട ബ്ലൗസ് എന്റെയടുത്ത് തന്നു..."
"ഉം...ഉം"
"അങ്ങനെ ആ രണ്ട് ബ്ലൗസുകളും റീനയുടെ അടുത്ത് തിരിച്ചെത്തിക്കാനുള്ള വഴി നോക്കിയിരിക്കയായിരുന്നു ഞാൻ.. റീനയുടെ വീട് കുറച്ച് ദൂരെയാണ്"
"പരിപാടിയുടെ അന്ന് തന്നെ തിരിച്ച് കൊടുത്താൽ മതിയായിരുന്നു.. പക്ഷേ പല തിരക്കിനിടയിലും സാധിച്ചില്ല..."
"ഉം.. ഉം... എന്നിട്ട്...?"
"റീനക്ക് പെട്ടെന്നെന്തോ.. വേറൊരു പരിപാടിക്ക്, മാർഗ്ഗം കളിക്കോ മറ്റോ ഈ ബ്ലൗസിന്റെ ആവശ്യം വന്നു. റീനയുടെ ഓഫീസിൽ ഒരു 'സിന്ധു സജീവ്' ജോലി ചെയ്യുന്നുണ്ട്. ആ സിന്ധുവിന്റെ കൈയ്യിൽ സാധനം എത്തിച്ചാൽ മതിയെന്ന് പറഞ്ഞു..."
"ഉം.. ഉം.... ഹ ഹ ഹാ... മനസ്സിലായി മനസ്സിലായി... ഹ ഹാ..."
"ആ... അങ്ങനെയിരിക്കെയാണ് ഇവിടത്തെ സിന്ധുവിന്റെ അയൽവാസിയെ ഞാൻ വേറൊരു പരിപാടിക്ക് കണ്ടുമുട്ടുന്നത്... കാറിൽ ത്തന്നെ ബ്ലൗസ് കിടപ്പുള്ളതിനാൽ, ബ്ലൗസെടുത്ത് സിന്ധുവിന്റെ സുഹൃത്തായ ജനീഷിന് കൊടുത്തു... സിന്ധുവിനെ ഏൽപ്പിക്കാൻ ഏർപ്പാടാക്കി..."
"ഉം.. ഉം... ഹഹ ഹാ... അപ്പൊ ആ സിന്ധുവാണെന്ന് വിചാരിച്ചാണ് എന്നെ വിളിച്ചത് അല്ലെ?"
"അതെ... യതേ... പറ്റിപ്പോയതെന്താണെന്ന് വച്ചാൽ... നിന്റെ കണവനും സജീവാണ്.. ഈ പറഞ്ഞ പുതിയ സിന്ധുവിന്റെ കണവന്റെ പേരും സജീവാണ്.... നിങ്ങളുടെ രണ്ടാളുടെ പേരും എന്റെ മൊബൈലിൽ 'സിന്ധു സജീവ്' എന്നാണ് സ്റ്റോർ ചെയ്തിട്ടുള്ളത്....
"ഓ... ഓ... ഹഹ ഹാ....."
"ഒന്ന് Sindhu Sajeev മറ്റേത് Sindhu Sajiv... ഇതിൽ ഏത് സിന്ധുവാണ് നീയെന്ന് എനിക്കറിഞ്ഞൂടായിരുന്നു.... 'sin..' എന്ന് സെർച്ച് ചെയ്തപ്പോ കിട്ടിയ ആദ്യത്തെ പേരിൽ മറ്റൊന്നും ആലോചിക്കാതെ, ഒരു സംശയവുമില്ലാതെ വിളിച്ചതാണ്... മാത്രോമല്ല... വോയിസ് മെയിലിൽ പോകുന്നതിന് മുന്നേ നിന്റെ റെക്കോർഡഡ് ശബ്ദവും കേട്ടില്ല.. അതുകൊണ്ട്, ഞാൻ എനിക്ക് പറയേണ്ടത് VM ആയി വിട്ടു...... അതിത്ര പൊല്ലാപ്പാകുമെന്ന് വിചാരിച്ചില്ല..."
സിന്ധു അട്ടഹസിച്ച് ചിരിക്കുകയായിരുന്നു... സമയം രാത്രി പന്ത്രണ്ടര... അവളുടെ ചിരി കേട്ട് ഉറക്കത്തിൽ നിന്ന് സജീവേട്ടനും എഴുന്നേറ്റ് വന്നു....
"സജീവേട്ടൻ എഴുന്നേറ്റു വരുന്നുണ്ട്..."
"സജീവേട്ടന് ഫോൺ കൊടുക്ക്... "
"സ്പീക്കർ ഫോണിലാണ്...."
"ഹലോ ഗോപാ.. ആ.. എന്താ നടന്ന് കൊണ്ടിരിക്കുന്നേ..."
"സജീവേട്ടാ.. അതെന്റെ ബ്ലൗസായിരുന്നു കേട്ടോ...ബ്ലൗസിന്റെ ശരിയായ കഥ സിന്ധു പറയും.. എല്ലാം പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്... ഇപ്പോ പാതിരയായില്ലേ... ബാക്കി നമുക്ക് പിന്നെപറയാം... ശരി ഗുഡ് നൈറ്റ്.. ഗുഡ് നൈറ്റ് സിന്ധൂ..."
"ആ ആ.. എന്നാ അങ്ങനെയാവട്ടെ... ഗുഡ് നൈറ്റ്.."
"ഗുഡ് നൈറ്റ് ഗോപേട്ടാ.. ഗുഡ്നൈറ്റ് നിഷാ...."
ലൈറ്റുമണച്ച് വീണ്ടും ഉറങ്ങാൻ കിടന്നതേയുണ്ടായിരുന്നുള്ളൂ... അന്തരീക്ഷത്തിന് ആ സമയം, ബാരോമീറ്ററിൽ, മർദ്ദം വളരെ കുറവായതായി തോന്നി... അപ്പോഴേക്കും എന്റെ ഇടത് ഭാഗത്ത് സംസാരദ്വാരമുപയോഗിച്ചുള്ള അന്തരീക്ഷശുദ്ധീകരണം വീണ്ടും തുടങ്ങിക്കഴിഞ്ഞിരുന്നു... അഭൗമസുഗന്ധസൗഭകസ്വപ്നങ്ങളിലേക്ക് പറന്നുയർന്നിരിക്കുന്നു... വളരെ ശാന്തമായി... ഇവിടെ ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ !! പിന്നെ മറ്റൊന്നുമാലോചിക്കാതെ ഞാനെന്റെ കാടൻ ചിന്തകളിലേക്കും കയറിപ്പോയി !!!
ഞാൻ പറയാൻ വന്ന കഥ ഇവിടെ തീർന്നു. അതുകൊണ്ട് മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക.. ഒന്ന്, ഒരേ പോലെ പേരുള്ളവരെ (പ്രത്യേകിച്ച് ഭാര്യയുടെയും ഭർത്താവിന്റെയും പേര് ഒരേപോലുള്ളവരെ), ഒന്നുകിൽ അങ്ങനെയുള്ളവരെ കൂടെക്കൂട്ടരുത്... അല്ലെങ്കിൽ ഉറക്കത്ത് പോലും അവരെ തിരിച്ചറിയാൻ നിങ്ങളുടെ മൊബൈലിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കുക... രണ്ട്, ആണുങ്ങൾ ബ്ലൗസ് എടുത്ത് കളിക്കരുത്... മൂന്ന്, ജലദോഷം പിടിച്ച് ശബ്ദം മാറിയിട്ടുണ്ടെങ്കിൽ, ആർക്കും വോയിസ് മെസ്സേജ് അയക്കരുത് !! എന്റെയീ കഥ നിങ്ങളോട് പറയാൻ അരങ്ങൊരുക്കിത്തന്ന നാരായത്തിന് നന്ദി. മൈക്ക് തിരിച്ച് നാരായത്തിനെ ഏല്പിക്കാം... "
അനുവാചകരേ... ഈ കഥ കേട്ടവർ ഇനി പറയൂ... ഇത്തരം അനുഭവം നിങ്ങൾക്കാണ് ഉണ്ടായതെങ്കിൽ, കഴിഞ്ഞ ആഴ്ച ഞാനെഴുതിയ 'നാമജോഡിസന്ദേഹം' (ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം) നിങ്ങളാണെങ്കിലും എഴുതിപ്പോകില്ലേ?
***
കുറിപ്പ്: ഈ കഥയ്ക്ക്, ഒരു സംഭവകഥയുടെ പ്രചോദനം ഉണ്ടെങ്കിലും, ഇതിൽ വിവരിച്ചിരിക്കുന്ന എല്ലാ സംഭവങ്ങളും അതേപടി യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുകയോ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത്, ചില സംഭവങ്ങൾ, കഥാകൃത്ത് , കഥാഗതിക്കനുസരിച്ച് തികച്ചും യാദൃശ്ചികമായി, അദ്ദേഹത്തിൻറെ മനോധർമ്മത്തിനനുസരിച്ച് കൂട്ടിച്ചേർത്തത് കൊണ്ട് മാത്രമാണ് !! അഞ്ച് മിനിറ്റിനുള്ളിൽ നടന്ന, മേല്പറഞ്ഞത് പോലുള്ള സംഘർഷങ്ങളൊന്നുമില്ലാതെ നടന്ന ഒരു ഫോൺ സംഭാഷണത്തെ, കഥാകൃത്ത്, അദ്ദേഹത്തിൻറെ ചിന്താപ്രക്രിയയിലൂടെ പൊലിപ്പിച്ചെടുത്തതാണ് ഈ കഥ.
* സിന്ധുവിന്റെ അച്ഛൻ കഥാപാത്രത്തിന്റെ പേരാണ് മോഹൻ.