ഇത് ഒരു വാട്സാപ്പ് കാലമാണല്ലോ.. വെറും കാലമല്ല... വാട്സാപ്പ് പ്രളയകാലം തന്നെയാണ്. എന്തിനും ഏതിനും വാട്സാപ്പിന്റെ ഒരു 'influence' ഉള്ള കാലം. വാട്സാപ്പ് ഗ്രൂപ്പുകൾ, നാട് അടക്കി വാഴുന്ന കാലം.വാട്സാപ്പിലാതെ ജീവിക്കാമെന്ന് വച്ചാ.. വീട്ടിൽ ഒരു കാളവണ്ടി തന്നെ വാങ്ങിവെക്കേണ്ടി വരും !
കാലത്തിന്റെ കിടപ്പ് ഇങ്ങനെയാണെന്നിരിക്കേ, ഞാൻ അംഗമായ കുടുംബത്തിനും ഒരു വാട്സാപ്പ് ഗ്രൂപ്പുണ്ടായി. അത് നമ്മളുടെ കുടുംബത്താവഴിയിലെ വലിയ കുടുംബസ്നേഹിയായ ഒരു കുഞ്ഞു പഹയന്റെ (എന്നേക്കാൾ, ഇരുപത് വയസ്സിന് നാല് വയസ്സ് കുറവുള്ള അനിയനാണ്) പരിപാടിയായിരുന്നു. അവന് ദുബായിൽ പണിയൊന്നുമില്ലാതിരുന്ന കാലത്ത് തുടങ്ങി വച്ച ഒരു സംരഭം. അത്, ഇന്ന് പടർന്ന് പന്തലിച്ച് ഒരു വലിയ കൂട്ടുകുടുംബം തന്നെയായി മാറി. ആ പഹയൻ ഇപ്പൊ, കുട്ടിത്തമൊക്കെ മാറ്റി പെണ്ണ് കെട്ടി സുഖിക്കാനുള്ള പ്രയത്നത്തിലാണ്.
ഈ പഹയൻ, വലിയ കുടുംബസ്നേഹിയാണെന്ന് പറയാൻ ഒരു കാരണം ഉണ്ട്. അവന്റെയടുത്ത് എന്തോ ഒരു ഉപകരണം ഉണ്ട്. അതിൽ ഒരു വിധം എല്ലാ കുടുംബക്കാരുടെയും, അപ്പൂപ്പന്മാർ തൊട്ട് കൊച്ചു കുട്ടികൾ വരെയുള്ളവരുടെ ജന്മത്തീയതികളും മരണത്തീയതികളും വിവാഹവാർഷികത്തീയതികളും ഉണ്ട്. ഈ കുടുംബഗ്രൂപ്പിൽത്തന്നെ നൂറുപേരോളം ഉണ്ട്. അപ്പോ കൂട്ടിക്കോളൂ.. ഓരോദിവസവും എന്തെങ്കിലുമൊക്കെയായി ഒരു തീയ്യതി പൊങ്ങിവരും. ഈ പഹയൻ ആ കാര്യത്തിലൊക്കെ കിറുകൃത്യമാണ്. അവൻ പല്ല് തേച്ചില്ലെങ്കിലും ഈ വഹ തീയ്യതികളുടെ 'alert' ഗ്രൂപ്പിൽ ഇട്ടിരിക്കും. പിന്നെ ഒരു പ്രവാഹമാണ്. ആശംസകളുടെ ഒരു കുത്തൊഴുക്ക്. അപ്പൊ, ഞാൻ ചിലപ്പോഴൊക്കെ ഇങ്ങനെയാലോചിക്കും, എങ്ങനെ?...അതിങ്ങനെയാണ്:
ഞാനിങ്ങനെ, എന്റെ വീടിന്റെയുമ്മറത്ത് ഒരു ചാരുകസേരയിൽ രാവിലത്തെ പത്രമൊക്കെ വായിച്ച് കൂടെ ഒരു ചായയും 'സിപ്പ്' ചെയ്തുകൊണ്ട് ഇരിപ്പാണ്. ആ സമയത്താണ് ഒരു ജാഥ വരുന്നത് കണ്ടത്. വല്ല രാഷ്ട്രീയ ജാഥയുമായിരിക്കും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ജാഥ കറങ്ങി എന്റെ വീടിന്റെ നടയിലേക്ക് കയറിയത്.
"എന്റമ്മോ പിരിവുകാരായിരിക്കും.." ഉള്ളിൽ നിന്ന് വാമഭാഗം വിളിച്ച് പറഞ്ഞു.
ഞാൻ പതുക്കെ എന്റെ കണ്ണടയൊന്ന് ഉയർത്തി നോക്കി. അപ്പഴല്ലേ സംഗതി പിടികിട്ടിയത്. മുന്നിൽ നിൽക്കുന്നത് നേരത്തെ പറഞ്ഞ പഹയനായിരുന്നു. മുഷ്ടിയൊക്കെ ചുരുട്ടി മുദ്രാവാക്യ സ്റ്റെയിലിലാണ് വരുന്നത്. അവൻ വിളിച്ച് പറയുന്നത് കൂടെയുള്ളവരൊക്കെ, എന്ന് വച്ചാ, അവന്റെ പിന്നിലുള്ളവരൊക്കെ ഏറ്റുവിളിക്കുന്നുണ്ടായിരുന്നു. ചിലയാളുകൾ 'പ്ലക്കാർഡു'കളൊക്കെ പിടിച്ചിട്ടുണ്ട്. ചിലയാളുകളുടെ കയ്യിൽ പൂക്കളുടെ കെട്ടുണ്ട്. ചിലയാളുകൾ എന്നെപ്പോലെ അലസമായി ഒരു പുകയൊക്കെവിട്ടുകൊണ്ട് വെറുതെ കൂട്ടത്തിൽ കൂടിയിട്ടുമുണ്ട്. ഒന്നു കൂടി ശ്രദ്ധിച്ചപ്പോ അവൻ വിളിക്കുന്നത് ആശംസകളുടെ മുദ്രാവാക്യമായിരുന്നു. അപ്പൊ എനിക്കോർമ്മ വന്നു 'ഓ... ശരിയാ... ഇന്നെന്റെ പിറന്നാളാണ്'. അവന്റെ പിന്നിലുള്ളവർ മൊത്തം എന്റെ കുടുംബക്കാരും ചില സുഹൃത്തുക്കളുമാണ്. എല്ലാ കുടുംബക്കാരെയും കണ്ടപ്പോ വാമഭാഗം ഓടി പടിക്കൽ വന്നു നിന്നു. വേഷ്ടിത്തുമ്പ് കൊണ്ട് വാ പൊത്തിപ്പിടിച്ച് അന്തം വിട്ടു നിന്നു.
"എന്റെ മുത്തപ്പാ... ഇതാരൊക്കെയാ... വാ വാ കേറിയിരിക്ക്" അവൾ തിരിഞ്ഞ് അടുക്കളയിലേക്കോടി..
"അയ്യോ ചായപ്പൊടീം പഞ്ചാരേം ഉണ്ടോന്നാർക്കറിയാം.. ഇത്രപ്പാട് ആൾക്കാര് വരൂന്ന് ഒട്ടും വിചാരിച്ചില്ല...." ഓടുന്ന ഓട്ടത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു... പക്ഷേ അതെനിക്ക് മാത്രമേ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നുള്ളൂ...
ഞാൻ ഒന്നെഴുന്നനിൽക്കാൻ ശ്രമിച്ചു... അപ്പൊ അവരെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു "വേണ്ടവേണ്ട.. നിങ്ങളവിടെ ഇരിക്ക്... ഞങ്ങളിവിടെവിടെയൊക്കെ ഇരുന്നോളാം "
എനിക്ക് എന്റെ കുടുംബക്കാരാരുടെ സ്നേഹവും ബഹുമാനവും കണ്ട് കോരിത്തരിപ്പുണ്ടായി.
വന്നവർ വന്നവർ എനിക്ക് ജന്മദിനാശംസകൾ നേർന്നു. പൂക്കൾ തന്നു. എന്നെ ഉമ്മവച്ചു.എന്റെ താടി പിടിച്ചു കുലുക്കി. കൂടെ നിന്ന് 'ഫോട്ടോ'യെടുത്തു. പഴയ കാര്യങ്ങൾ ഓർത്തോർത്ത് പറഞ്ഞു ചിരിച്ചു.. എന്നെ ചിരിപ്പിക്കാൻ ശ്രമിച്ചു. പണ്ട് ഞാൻ വഴക്ക് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇന്നീ നിലയിലെത്തിയത് എന്നൊക്കെ ഒരുത്തൻ പറഞ്ഞപ്പോൾ എന്റെ ജീവിതത്തിന് ഒരർത്ഥം ഉണ്ടായി എന്നൊക്കെ എനിക്ക് തോന്നി.
അതിനിടയിൽ വാമഭാഗം എവിടുന്നോ ഒരു കെട്ട് ലഡ്ഡു, ഒരു വലിയ താലത്തിൽ കൊണ്ടുവന്നു.ഞാൻ അഭുതപ്പെട്ടു. ഇത്ര പെട്ടന്ന് എങ്ങനെ ഇത്രയും ലഡ്ഡു കിട്ടി.. അതൊക്കെ ഇനി ഈ വന്നവരുടെ വായിൽ കിടന്ന് പൊട്ടുമല്ലോ എന്നൊക്കെ പെട്ടന്ന് ഞാൻ ആലോചിച്ചു പോയി. അല്ലെങ്കിലും അതങ്ങനെയാണ്... അവൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെ എല്ലാവരും ലഡ്ഡുവൊക്കെ പൊട്ടിച്ച് നുണഞ്ഞ്, പോകാനായി എഴുന്നേറ്റു. ഇനിം പലതും വരുന്നുണ്ടല്ലോ.. അപ്പൊ വീണ്ടും കാണാമെന്ന് പറഞ്ഞിറങ്ങി... ഞാൻ പെട്ടന്ന് ഒരു കൊല്ലത്തേക്ക് ഇങ്ങനെ വരുന്ന പല സന്ദർഭങ്ങളിലും വേണ്ടി വരുന്ന ലഡ്ഡുവിന്റെ കണക്ക് ഓർത്തുപോയി. എന്നാലും അവരൊക്കെ സ്നേഹവചനകൾ ഉരുവിട്ട് കൊണ്ട് ഒന്നുകൂടെ കെട്ടിപ്പിടിച്ച്, കുട്ടികൾ കാലൊക്കെ തൊട്ട് ഇറങ്ങിയപ്പോൾ.. വല്ലാത്തൊരു നിർവൃതി... കണ്ണട ഊരി, കണ്ണുകൾ തുടച്ചു. തിരിച്ചു പോകുമ്പോൾ ആരും മുദ്രാവാക്യം മുഴക്കിയില്ല. നിശ്ശബ്ദമായിരുന്നു.
ഓ... പറഞ്ഞുപറഞ്ഞ് കഥയിൽ നിന്ന് മാറിപ്പോയി... വീണ്ടും വാട്സാപ്പിലേക്ക് പോകാം...
അങ്ങനെയുള്ള എന്റെ കുടുംബത്തിന്റെ വാട്സാപ്പിലെ ആശംസാ പ്രവാഹത്തിന്റെ ദിവസമായിരുന്നു ഇന്ന്. എന്റെ കല്യാണവാർഷികം. നമ്മുടെ പഹയൻ തുടങ്ങി വെച്ചു... മറ്റുള്ളവർ ഒട്ടും സമയം പാഴാക്കാതെ ഏറ്റുവിളി തുടങ്ങി... ഞാൻ പല പല വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാണെങ്കിലും സന്ദേശങ്ങൾ അയക്കുന്നതിൽ വളരെ പിന്നോക്കമാണ്. സമയവും കിട്ടാറില്ല...പ്രത്യേകിച്ച് എന്റെ പൊന്നുകുടുംബക്കാർ മിക്കവാറും അങ്ങ് ദൂരെ ഇന്ത്യയിലായതിനാൽ സമയപ്പൊരുത്തവും കുറവാണ്. മാത്രമല്ല അരസികനായതിനാൽ, മറ്റുള്ളവരെ സന്ദേശങ്ങളുടെ പെരുമഴ സൃഷ്ടിച്ചുകൊണ്ട് പിടിച്ചിരുത്താനും പറ്റാറില്ല. ഹാപ്പി ബർത്ത് ഡേയും ആനിവേഴ്സറിയും ആവർത്തിച്ചാവർത്തിച്ച് പറയാൻ അഹംഭാവം സമ്മതിക്കാറുമില്ല. അതുകൊണ്ട് ഉൾവലിഞ്ഞിരിപ്പായിരിക്കും. എപ്പഴെങ്കിലും ഒന്ന് തല നീട്ടി എന്തിനെങ്കിലും ഒരു പൊട്ടൻ മറുപടിയും ഇട്ട് ഞാൻ ഇവിടൊക്കെത്തന്നെയുണ്ട് എന്നറിയിക്കാൻ മാത്രം ഒരു ശ്രമം നടത്തും. അത് മിക്കവാറും ചില അപകടങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്യും. അത്ര മാത്രം. എന്നാലും, കഴിയുന്നതും എല്ലാം വീക്ഷിക്കാനും മറ്റുള്ളവരെ കുറ്റപ്പെടുത്താനുമുള്ള വഴികൾ അതിലെന്തിലെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനും ശ്രമിക്കും. സ്വാഭാവമായിപ്പോയി എന്ത് ചെയ്യാനാ....
അപ്പൊ.. പറഞ്ഞു വന്നത്... ഇങ്ങനെ, കല്യാണവാർഷികസന്ദേശങ്ങൾ വാട്സാപ്പിൽ കുമിഞ്ഞുകൂടുന്നതിനിടയിൽ, ഞാൻ കരുതി, ഇന്ന് എന്തായാലും ഒരു നന്ദിപ്രകടനം നടത്തിക്കളയാം. അങ്ങനെയൊന്നും പറഞ്ഞില്ലെങ്കിൽ, നാളെ ഇവർ, ഈ ഏർപ്പാട് നിർത്തിക്കളഞ്ഞാലോ? ഞാൻ ചെയ്യാറില്ലെങ്കിലും അവർ ഇങ്ങനെ എന്നോട് ചെയ്യുമ്പോൾ ഞാൻ ആസ്വദിക്കുന്നുണ്ട് എന്നത് എനിക്ക് പുറത്ത് പറയാൻ പറ്റുമോ? അത്, എന്റെ ആത്മാഭിമാനത്തിന് ക്ഷതം തട്ടുന്ന കാര്യമാണ്. അങ്ങെനെ ഞാൻ എന്റെ കപടബുദ്ധിക്ക്, എന്തെങ്കിലും എപ്പഴെങ്കിലും എഴുതുന്ന ആളെന്നനിലയിൽ ചില സാഹിത്യങ്ങളൊക്കെ കൈയ്യിലുണ്ടെന്ന അഹങ്കാരത്തിൽ ഒരു കാച്ച് കാച്ചി... അതിങ്ങനെയായിരുന്നു:
"പതിനഞ്ച് കൊല്ലം മുൻപ് കല്യാണം കഴിച്ചതിന്റെ മധുരതരമായ ഓർമ്മകൾ തട്ടിയുണർത്തി, എന്നെ വീണ്ടും ഒന്നുകൂടി ഹർഷപുളകിതനാക്കാൻ സഹായിച്ച / പ്രേരിപ്പിച്ച, നിങ്ങളുടെയല്ലാവരുടെയും ആശംസകൾക്കും, ഇനി വരാൻ പോകുന്ന ആശംസകൾക്കും ഒരുപാടൊരുപാട് നന്ദി"
ഭംഗിയിൽ, സാഹിത്യത്തിൽ ഒരു നന്ദി പ്രകടനം നടത്തിയത്തിൽ സ്വയം അഭിമാനിച്ച് ഞാൻ സ്വയം മന്ദഹസിച്ചു. ശരിക്കും പറഞ്ഞാൽ.. 'എല്ലാ ആശംസകൾക്കും നന്ദി' എന്നുമാത്രം പറഞ്ഞാൽ മതി.. പക്ഷേ, എനിക്കങ്ങനെ പറയാൻ പറ്റുവോ..? എന്റെ ഒരു കടന്ന കൈ....
മഹാഭാരതത്തിലെ അഥവാ നമ്മുടെ ഇന്ത്യയിലെ 'ഇന്ന്', അമേരിക്കയിൽ കിടക്കുന്ന എനിക്ക് 'ഇന്നലെ'യായതിനാൽ, ഈ നന്ദിപ്രകടനം നടന്നത് എന്റെ ഇന്നലെ രാത്രിയായിരുന്നു. നന്ദി പ്രകടിപ്പിച്ച ഉടനെ ഞാൻ പള്ളിയറയിലേക്ക് കടന്നു. കണ്ണടയൊക്കെ ഊരിവച്ച് നെഞ്ചത്തു കയ്യും കൂടി വച്ച് എന്തൊക്കെയോ ആലോചിച്ചു കിടക്കുമ്പോൾ നമ്മുടെ വാമഭാഗം നീരാട്ടും കഴിഞ്ഞ് കിടപ്പറയിലെത്തി. കിടക്കുന്നതിന് മുന്നേയുള്ള ചടങ്ങായ വാട്സാപ്പ്പൂജ നടത്തി ഫേസ്ബുക്ക് മുത്തപ്പനെ മനസ്സിൽ ധ്യാനിച്ച് എന്റെ ഇടതു ഭാഗത്തായി കിടന്നു. പക്ഷേ ഒരുതരം.. ഒരു പതിവില്ലായ്മ എന്റെ ശ്രദ്ധയിൽ പെട്ടു. അവൾ കൂടെക്കൂടെ ദീർഘനിശ്വാസം വിടുന്നു. ഈ ദീർഘനിശ്വാസം എനിക്കെപ്പോഴും അശുഭലക്ഷണമാണ്. പണ്ട് എന്റെ നാട്ടിലെ വീട്ടിലുണ്ടായിരുന്ന ഒരു കറുത്ത പശു, നമ്മൾ കുട്ടികളെ കുത്താൻ ആയുന്നതിനിടയിൽ അത്തരം ശ്വാസശബ്ദം പുറപ്പെടുവിക്കുന്നത് എനിക്കോർമ്മവരും. എപ്പോഴൊക്കെ അവൾ ദീർഘനിശ്വാസം ഇത്തരം അവസരത്തിൽ പുറപ്പെടുവിച്ചിട്ടുണ്ടോ.. ആ ദിവസങ്ങളിലൊക്കെ എന്റെ മുഖം തെക്കോട്ടും അവളുടെ മുഖം വടക്കോട്ടും ആയി, കിടക്കയുടെ രണ്ടറ്റത്തായിട്ടാണ് കിടക്കാറ്.
അപ്പൊ എനിക്ക് ഉറപ്പായി... പതിനഞ്ചാമത്തെ വിവാഹവാര്ഷികവും പൊളിയാൻ പോകുന്നു. എന്തോ എവിടെയോ ഉടക്കിയിട്ടുണ്ട്... ഞാൻ എന്റെ ചെവി കൂർപ്പിച്ച് പിടിച്ചു.. കണ്ണ് ഇറുക്കിയടച്ചു. ഭാര്യയുടെ മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ എന്റെ ഹൃദയം തുടിച്ചു.
ഭാര്യ ചുണ്ടനക്കി.
"ഞാൻ ഒന്ന് ചോദിച്ചോട്ടെ?"
ഇതെന്ത് ചോദ്യം? ഞാൻ വേണ്ടാന്ന് പറഞ്ഞാലും നീ മൊഴിയാതിരിക്കുമോ? ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.
"പറയ്"
"നിങ്ങളെന്തിനാ അങ്ങനെയൊക്കെ മെസ്സേജ് ഇട്ടത്?"
"ഏത് മെസ്സേജ്?
"ഓ നിങ്ങൾക്ക് ഒന്നും അറിയില്ലല്ലോ.. ഇപ്പൊ നിങ്ങൾ കുടുംബത്തിലിട്ട ആ മെസ്സേജ്"
കിടക്കുന്നതിന് മുന്നേ വരെയുള്ള എല്ലാ മെസ്സേജുകളും അവൾ കണ്ടിരിക്കുന്നു ഹൃദിസ്ഥമാക്കിയിരിക്കുന്നു. ഇനി എന്ത് പറയും?
"ആ മെസ്സേജിലെന്താ കുഴപ്പം?"
"നിങ്ങൾക്ക് കിട്ടിയതൊന്നും പോരേ? മിനിയാന്ന് നിങ്ങളിട്ട മെസ്സേജിന്റെ പുകിലൊക്കെ ഒന്ന് അടങ്ങി വന്നിട്ടല്ലേ ഉള്ളൂ..."
ശരിയാണ് നമ്മുടെ കുടുംബത്തിന്റെ വാട്സാപ്പിൽ പ്രശ്നമില്ലാത്ത ഒരു പ്രശ്നം ഒന്ന് കെട്ടടങ്ങിയതേ ഉള്ളൂ.. അതിലും ഞാൻ ഭാഗഭാക്കാണ്. അതിവിടെ പറയണോ? വീണ്ടും ഞാൻ പറയാൻ വന്ന കഥയിൽ നിന്ന് പിന്നേം മാറിപ്പോകില്ലേ? ഒരു കാര്യം ചെയ്യാം ചുരുക്കിപറയാൻ ശ്രമിക്കാം...
ഞാൻ പറഞ്ഞല്ലോ.. ഞാൻ വാട്സാപ്പിൽ അപൂർവമായേ സന്ദേശിക്കാറുള്ളൂ എന്ന്. മിനിയാന്ന്.. ആപ്പീസിൽ ജോലിഭാരം കുറഞ്ഞുവന്ന സമയത്ത് വാട്സാപ്പ് നോക്കിയപ്പോ ഒരു കുടുംബക്കാരന്റെ ചോദ്യത്തിന് വേറൊരു കുടുംബക്കാരൻ നൽകിയ മറുപടിയിൽ കൗതുകം തോന്നി, ഞാനും ആ കൗതുകത്തിൽ ഏറ്റുപിടിച്ച് ഒരു തമാശ പോലെ ഒരു ചോദ്യം ചോദിച്ചു. എല്ലാവരും എന്നേക്കാൾ ഭയങ്കര തമാശക്കാരും 'സ്പോർട്സ്മാൻ സ്പിരിറ്റ്' ആൾക്കാരുമാണെന്നായിരുന്നു എന്റെ ധാരണ. ധാരണയല്ല, അങ്ങനെത്തന്നെയാണ്. എന്റെ ചോദ്യത്തിന് പിന്നെ വന്ന ഉത്തരം ഇങ്ങനെയായിരുന്നു:
"നിങ്ങള് പോയി കിടന്നുറങ്ങപ്പാ... കൊല്ലത്തിലൊരിക്കൽ വരും എന്നിട്ട് നൂറ്റെട്ട് ചോദ്യം ചോദിച്ച് മുങ്ങും"
"സംശയം ചോദിച്ചതാണ് സഹോദരാ.... ക്ഷമീര് " എന്ന് ഞാനും മറുപടി നൽകി, ആലോചിച്ച് ചിരിച്ച് കിടന്നുറങ്ങി..
പിറ്റേന്ന് കാലത്ത് എഴുന്നേറ്റപ്പോ വെള്ളം ചൂടാക്കി കുടിക്കുന്നതിനിടയിൽ വാട്സാപ്പ് പെട്ടി തുറന്നു. അപ്പോ ദാ കിടക്കുന്നു ഒരു മറുപടി സന്ദേശം
വേറൊരു കുടുംബക്കാരൻ, 'പോയിക്കിടന്നുറങ്ങപ്പാ...' എന്ന സന്ദേശത്തിന് മറുപടിയായി:
"മറ്റേ ഭായിയോടുള്ള എല്ലാ ബഹുമാനവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ... ഇത് കിടിലം ആയി... " പിന്നെ കയ്യും കാലും മുട്ടുന്ന ചിഹ്നങ്ങളും..
ഞാൻ ആലോചിച്ചു.. കുടുംബക്കാരുടെ ഇടയിൽ മേല്പറഞ്ഞ മാതിരി ഉത്തരം കിട്ടേണ്ടതരത്തിലാണോ ഈ കൂട്ടത്തിൽ എന്റെ സ്ഥാനം... ഇങ്ങനെ തന്നെയാകുമോ മറ്റുള്ളവരും ചിന്തിക്കുന്നത്... വാട്സാപ്പിൽ ഇടക്കിടക്ക് കയറി തമാശകളും ഫോർവാർഡുകളും അയച്ചില്ലെങ്കിൽ അതൊരു അക്ഷന്തവ്യമായ കുറ്റമാണോ... ഛായ്.. വെറുതെ ഓരോന്ന് ചിന്തിക്കുന്നു.. മനസ്സ് ശരിയല്ലാത്തത് കൊണ്ടാണ് ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത്. അവൻ തമാശ പറഞ്ഞത് തന്നെയാണ്.. അപ്പൊ ഞാൻ എന്ന പുനരാലോചനയില്ലാത്ത 'സാഹിത്യകാരൻ' വീണ്ടും ഉണർന്നു. തമാശ എന്ന തരത്തിൽ എന്റെ ഭാഗം വിവരിക്കാൻ ഒരു മെസ്സേജിട്ടു:
"വാട്സാപ്പിൽ മറ്റുള്ളവരെപ്പോലെ മുന്തിയ ജോലി ഇല്ലെങ്കിലും സമയവും സാഹചര്യവും ജോലിയും ഇല്ലാതായിപ്പോയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായ എന്നെപ്പോലുള്ളവരെ എന്തിനാ ഇങ്ങനെ വേദനിപ്പിച്ച് സന്തോഷിക്കണേ? ഹാജർ കുറവായത് കൊണ്ട് കമ്പനീന്ന് പുറത്താക്കി എന്റെ കഞ്ഞികുടി മുട്ടിക്കരുത്.. ജീവിച്ച് പൊക്കോട്ടെ.... "
എന്തൊരു തമാശ അല്ലെ? എനിക്ക് ഇത്രയേ പറയേണ്ടതുണ്ടായിരുന്നുള്ളൂ: '
എനിക്ക് നിങ്ങളെപ്പോലെ പലകാരണങ്ങൾ കൊണ്ടും വാട്സാപ്പിൽ കയറാൻ സമയം കിട്ടാറില്ല.. അതുകൊണ്ട് ദയവായി ക്ഷമിക്കുക. കുറ്റമായിക്കാണരുത് '. അതാണ് ഞാൻ വളച്ച് പിടിച്ചത്. ഓരോരോ സ്വഭാവം...
അത് കണ്ടു വേറൊരു കുടുംബക്കാരൻ ചോദിച്ചു:
"എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം"
"എന്ത് പ്രശ്നം? ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എനിക്ക് ജഗദീഷും കൊച്ചിൻ ഹനീഫയും ചേർന്നുള്ള ഒരു തമാശരംഗം ഓർമ്മ വന്നു.
വേറൊരു കുടുംബക്കാരി: "ഇന്ന് വല്യേട്ടന്റെ ദിവസമാണല്ലോ...."
പടച്ചോനെ.. പൊല്ലാപ്പായോ? തമാശക്ക് മേലെ തമാശ എന്ന തരത്തിൽ ഞാൻ വീണ്ടും തുടക്കം മുതൽ അതുവരെയുള്ള സംഭവങ്ങൾ കോർത്തിണക്കി ഒരു 'ഡയലോഗ്' രൂപത്തിൽ സംഭവങ്ങൾ ഒന്നുകൂടി അവതരിപ്പിച്ചു"
"ഞാൻ ഒരു സംശയത്തിന്റെ പേരിൽ വന്ന ഒരു സംശയത്തിന് സംശയം ചോദിച്ചു"
അപ്പൊ അയാള് പറഞ്ഞു : "എന്താ.. പോടാ, .. നിന്നെ ഇവിടെ കാണാറേയില്ലല്ലോ "
അപ്പൊ ഞാൻ പറഞ്ഞു: "സമയമില്ലാഞ്ഞിട്ടല്ലേ..."
അപ്പൊ അയാള് പറഞ്ഞു:"പോയിക്കിടന്നുറങ്ങടാ...."
അപ്പൊ ഞാൻ പറഞ്ഞു: "പറ്റൂല്ല"
അപ്പൊ അയാള് പറഞ്ഞു:"എന്ന ഇപ്പൊ ശരിയാക്കിത്തരാം"
"ഹെന്റമ്മോ"
"അപ്പൊ വേറൊരാള് എന്നെ കളിയാക്കി കൈ കൊട്ടിച്ചിരിച്ചു ..."
"ഞാൻ കൂക്കിവിളിച്ചു"
"അപ്പൊ ങ്ങള് പറ ന്താ ങ്ങളെ പ്രശ്നോന്ന്...."
കിലുക്കത്തിലെ രേവതി - മോഹൻലാൽ ഡയലോഗ് സ്റ്റയിലിൽ.... മാത്രോമല്ല, ഞാൻ എന്റെ സുഹൃത്തുമായി ചേർന്നൊരുക്കുന്ന ഒരു കഥയിലെ ഡയലോഗ് ഭാഗം എഴുതിക്കഴിഞ്ഞ അവസ്ഥയിലെ ഭൂതം എന്നെ പ്രലോഭിപ്പിച്ച അവസ്ഥയിലായിരുന്നു കൊണ്ട്, അപ്പോഴങ്ങനെ എഴുതാനാണ് തോന്നിയത്.
കൂനിന്മേൽക്കുരു എന്ന് പറഞ്ഞപോലായി എന്ന് പറഞ്ഞാൽ മതിയല്ലോ... ഈ അവസാനത്തെ ഡയലോഗിലെ 'പോടാ..', 'പോയിക്കിടന്നുറങ്ങടാ..' എന്ന് ഞാൻ ഡയലോഗിലെ ഭംഗിക്ക് മാറ്റി പ്രതിഷ്ഠിച്ചത് അത്ര ശരിയായി ആർക്കൊക്കെയോ തോന്നിയില്ല.. ഞാൻ മറ്റുള്ളവർ പറഞ്ഞത് വളച്ചൊടിച്ചു... എന്നൊക്കെയായി വാദം.. അത് വാമഭാഗം പറഞ്ഞതാണ്. കുടുംബത്തിന്റെ വാട്സാപ്പിൽ ശ്മാശാനമൂകത. കാറ്റു പോലും അനങ്ങുന്നില്ല. സാധാരണയായി ഏറ്റവും കൂടുതലായി ആളുകളെ കൈയ്യിലെടുക്കുന്ന ആളെ, എന്റെ പുന്നാര അളിയനെ, കുറച്ചു നേരത്തേക്ക് കാണാനേ ഇല്ല... എനിക്ക് പേടിയായി.. ന്റെ മയിലുള്ളിമൊട്ട ഭഗവതീ... എനിക്ക് ഒരു 'കുടുംബം കലക്കി' എന്ന പേര് വീഴുമോ? ഞാൻ തമാശ എന്ന് പറഞ്ഞ് പറയുന്ന തമാശ, ഒരു തമാശയേ അല്ലേ ? എന്നൊക്കെ ഞാൻ ചിന്തിച്ച് കൂട്ടി... എങ്ങനെയെങ്കിലും ഓടിപ്പോയി എന്ന് ഞാൻ പേടിച്ചയാൾ വാട്സാപ്പിൽ വന്നാ മതിയായിരുന്നു. മാത്രോമല്ല ഈ കഥയിൽ മെസ്സേജിട്ടതും അതിന് സപ്പോർട്ട് ചെയ്ത് മെസ്സേജിട്ടതും എന്റെ അളിയന്മാരാണ്... അതിലൊരാളിയനെയാണ് കുറച്ചുനേരമായി വാട്സാപ്പിൽ കാണാത്തത്.. ദൈവമേ.. എന്റെ കുടുംബം... മുത്തപ്പന് ഒരു കുപ്പിക്കള്ളുകൊണ്ട് വെള്ളാട്ടവും കഴിപ്പിക്കാം... ഞാൻ ഇനി തമാശ എന്ന് പറഞ്ഞു 'തമാശ' പറയുകയേയില്ല...
അങ്ങനെയിരിക്കെയാണ് എന്റെ വിവാഹവാർഷികത്തിന്റെ സന്ദേശം നമ്മുടെ പഹയൻ കൃത്യ സമയത്തിന് പുറത്തിറക്കുന്നത്. അവൻ അങ്ങനെയാണ്.. എപ്പോഴും തീയിൽ വെള്ളം കോരി ഒഴിച്ചുകൊണ്ടിരിക്കും. സ്വാഭാവികമായും ആളുകൾ ഇളകി... ജാഥ ഗംഭീരമായി പുറപ്പെട്ടു. എല്ലാവരും മെസ്സേജിട്ടു... ഞാൻ അതിന് മറുപടിയും ഇട്ടു... ഇനി നമുക്ക് ശരിക്കുമുള്ള കഥയിലേക്ക് വരാം.... അല്ലെങ്കിൽ കഥക്ക് ഉപകഥ പറഞ്ഞ് പറഞ്ഞ്, കഥ കഥയല്ലാതായിപ്പോകും.
എവിടെയാ പറഞ്ഞു നിർത്തിയത്... ഹാ... ഭാര്യ കിടന്നശേഷം വിവാഹവാർഷികസന്ദേശത്തെപ്പറ്റിപ്പറഞ്ഞത്...
"അത് കഴിഞ്ഞില്ലേ... അളിയൻ വാട്സാപ്പിൽ തിരിച്ചു വന്നല്ലോ... അവൻ നേരത്തെ ഉറങ്ങി, വൈകി എഴുന്നേറ്റത് കൊണ്ടാണ്, വാട്സാപ്പിൽ കുറച്ച് നേരത്തേക്ക് ഇല്ലാതിരുന്നത് എന്ന് എല്ലാവർക്കും മനസ്സിലായില്ലേ... എല്ലാം തമാശയായി എല്ലാവരും എടുത്തത് കൊണ്ട് രക്ഷപ്പെട്ടു."
"തമാശ.. നിങ്ങൾക്ക് തമാശ പറയാൻ അറിയോ മനുഷ്യാ... നിങ്ങളെന്തിനാ കല്യാണം കഴിഞ്ഞതിനെപ്പറ്റി മധുരതരം.. ഹർഷപുളകിതം.. ന്നൊക്കെ പറഞ്ഞത്... മറ്റുള്ളവർ എന്ത് കരുതും?... "
"ദൈവമേ..." ഞാൻ മാഹി മാതാവിന് ആയിരം മെഴുകുതിരി നേർന്നു.
"അത് ഞാൻ രസകരമായി സാഹിത്യം കലർത്തി എഴുതിയതല്ലേ.."
"സാഹിത്യം.. നിങ്ങളെ സാഹിത്യം മറ്റുള്ളവർക്ക് മനസ്സിലാകുമോ? പറയേണ്ടത് നേരെ അങ്ങ് വൃത്തിയിൽ പറഞ്ഞാപ്പോരേ"
"ഇതിൽ അത്ര വലിയ വളച്ചുകെട്ടൊന്നും ഇല്ലായിരുന്നല്ലോ"
"എന്നാലും പുളകം ന്നൊക്കെ പറയുന്നത് ഇത്തിരി കൂടുതലാ... പതിനഞ്ച് കൊല്ലം ആയില്ലേ"
"അതിന് നമ്മളിപ്പഴും ചെറുപ്പമല്ലേ?"
"അയ്യട... രണ്ടു കുട്ട്യോൾടെ അച്ഛനാണ്.... ചെറുപ്പമല്ലേന്ന്.. മധുരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാ... എന്നിട്ടും മധുരതരം പോലും."
എനിക്കപ്പഴും പൂക്കളിഷ്ടമാണെന്നും പൂക്കളെ മണക്കുന്നത് ഇഷ്ടമാണെന്നും പൂന്തേൻ കുടിക്കുന്നത് ആസ്വദിക്കുന്നുവെന്നും പറയാൻ തോന്നി. പക്ഷെ പറഞ്ഞില്ല... ഇനി ഈ പൂക്കൾക്ക് വിശേഷണങ്ങൾ വന്നാൽ പ്രശ്നമാകും. സത്യത്തിൽ ഞാൻ ഉദ്ദേശിച്ചത് നല്ല വാസനയുള്ള മുല്ലപ്പൂവ് തന്നെയായിരുന്നു. പക്ഷേ ഇവിടെ ഇപ്പോൾ പുളകമാണ് പ്രശ്നം.
"എന്നാ ഇനി എഴുതുമ്പോ 'പുളകം' എന്ന് എഴുതുന്നില്ല... ശ്രദ്ധിച്ചോളാം."
വിവാഹവാർഷികത്തലേന്നല്ലേ... എന്തിനാ വെറുതെ.... ഞാൻ ഇടത്തോട്ട് ഒന്ന് ചെരിഞ്ഞു കിടന്നു... ഒന്നു കൂടി അടുക്കുന്നതിനിടയിൽ പ്രതീക്ഷിക്കാതെ ദാ കിടക്കുന്നു അടുത്തത്..
"എന്നാപ്പിന്നെ അങ്ങനെ പറയുമ്പോ എന്നെക്കൂടി ചേർത്ത് പറഞ്ഞൂടെ?"
"എന്ന് വച്ചാ..?"
"നിങ്ങൾക്കെപ്പോഴും നിങ്ങൾ മാത്രം എന്ന വിചാരം മാത്രേ ഉള്ളൂ. കല്യാണം ഒറ്റയ്ക്ക് കഴക്കാൻ പറ്റൂല്ലല്ലോ... ഇപ്പൊ നിങ്ങളുടെ കൂടെ ഞാനും ഇല്ലേ ? അങ്ങനെ വരുമ്പോ, 'എന്നെ ഹർഷപുളകിതനാക്കിയ' എന്ന് പറയുന്നതിന് പകരം 'ഞങ്ങളെ ഹർഷപുളകിതനാക്കിയ' എന്ന് പറയാരുന്നില്ലേ...."
എന്റെ പുതുപ്പള്ളി ദേവാ... എന്നെ നീ ഇപ്പൊ, ഈ നിമിഷം അങ്ങോട്ടേക്ക് വിളിക്കണം. പക്ഷേ, ഒരു കാര്യത്തിൽ ഞാൻ ആശ്വാസം കൊണ്ടു. പുളകത്തിന്റെ മേലെയുള്ള വിയോജിപ്പ് അവൾക്ക് മാറിയിരിക്കുന്നു. അല്ലെങ്കിൽ ഇന്ന് പുളകം കൊണ്ടത് മുളക് കടിച്ചത് പോലെയായേനെ!
"ഞാൻ.. അത്.. അപ്പോൾ അങ്ങനെയൊന്നും ആലോചിക്കാതെ എഴുതിയതല്ലേ?"
"അതെ അത് തന്നെയാണ് പ്രശ്നം... നിങ്ങളൊരിക്കലും എന്നെ ഓർക്കാറില്ല.."
"സത്യത്തിൽ ഞാൻ 'എന്നെ...' എന്ന് എഴുതിയപ്പോൾ മനസ്സിൽ ഞങ്ങൾ രണ്ടു പേരും തന്നെയായിരുന്നു."
"അത് മറ്റുള്ളവർക്ക് മനസ്സിലാവുമോ?"
ശരിയാ... ഞാൻ ശ്രദ്ധിക്കണമായിരുന്നു. ഞാനെപ്പഴും എന്നെപ്പറ്റി മാത്രമേ ചിന്തിക്കാറുള്ളൂ... ഇനി കൂടുതൽ ശ്രദ്ധിക്കണം.
"ഇനി ഞാൻ അങ്ങെനെ എഴുതാൻ .ശ്രമിക്കാം. അഥവാ അറിയാതെ 'എന്നെ..' എന്ന് എപ്പഴെങ്കിലും എഴുതിപ്പോയെങ്കിൽ അത് അത്ര കാര്യമാക്കണ്ട.. നീ എപ്പോഴും മനസ്സിലുണ്ടാവും..."
ഞാൻ ഒരു മുന്കാലജാമ്യം എടുക്കാൻ ഒരു ശ്രമം നടത്തി. പുളകത്തിന്റെ പ്രശ്നം ഇല്ലാതായത് കൊണ്ട് ഞാൻ ഒന്ന് കൂടി അവളുടെ അടുത്തേക്ക് അടുത്തു.
"അപ്പൊ, അതാണ് നിങ്ങൾക്ക് മനസ്സിലായത്.." അതും പറഞ്ഞ് അവൾ വെള്ളത്തിൽ മറിയുന്നത് പോലെ ഒരു തിരിയലും പുതപ്പെടുത്ത് മൂടിയതും ഒരുമിച്ചായിരുന്നു .
ആകാശത്ത് പൊടുന്നനെ ഒരു മിന്നൽ പരന്നു. ഘോരമായ ഇടി മുഴങ്ങി. കനത്ത മഴയും. ഇടിയെ പേടിയുള്ള വാമഭാഗം വീണ്ടും മലർന്നു കിടക്കുമെന്ന് ഞാനാശിച്ചു. ഭാര്യയുടെ ഗർജ്ജനം ഇടിയേക്കാൾ ഉച്ചത്തിലുള്ളതായിരുന്നെന്ന് ഞാൻ ഉടനെത്തന്നെ മനസ്സിലാക്കി. ഞാനും കിടക്കയുടെ മറ്റേ അറ്റത്തേക്ക് നീങ്ങി. വാർഷികത്തലേന്ന്, ഭാര്യ അടുത്തുണ്ടായിട്ടും, തലയിലൊരു വലിയ ഭാരവുമായി ഞാൻ നിദ്രയെ മാത്രം പൂകാൻ ശ്രമിച്ചു.
ഇനി ഇതും പറഞ്ഞുകൊണ്ട്, ഈ എഴുതിയ പുകിലിന്റെ പേരിൽ, ഞങ്ങളെ ആരും വിളിക്കാനോ എന്താ പ്രശ്നമെന്ന് തിര ക്കാനോ വരണ്ട കേട്ടോ... സത്യത്തിൽ ഇവിടെ ഇപ്പൊ എന്താ പ്രശ്നം? എല്ലാം ഒരു കഥയല്ലേ.. വെറും കെട്ടുകഥ... എന്നാലൊരു കാര്യം പറയട്ടെ? പുകിൽ, ഇനി വരാൻ പോകുന്നേ ഉള്ളൂ. ഈ കള്ളക്കഥകളൊക്കെ വായിച്ചിട്ട് എന്റെ ഭാര്യയും അനിയനും അളിയന്മാരും എല്ലാവരും കൂടി എന്നെയിട്ട് ഒന്ന് മലർത്തിപ്പുഴുങ്ങും. എന്നിട്ട് നട്ടെല്ലിന്റെ ഇരുപത്തെട്ടാം കശേരുവിലൂടെ ഒരു വാഴനാര് കോർത്ത്, തെക്കുഭാഗത്തുള്ള പുളിമരത്തിന്റെ വടക്കോട്ട് പോയ ശിഖരത്തിൽ കെട്ടിത്തൂക്കും... അതുവരേക്കും ഞങ്ങളൊന്ന് ഉല്ലസിച്ച് വരട്ടെ. We are driving to Philadelphia today. നിങ്ങളും അടുത്ത പുകിലിന് മുന്നേ ആഘോഷിച്ചോളൂ.... :) :)
അടിക്കുറിപ്പ്: വാട്സാപ്പിൽ മെസ്സേജിടുമ്പോൾ സാഹിത്യം കലർത്തിയാൽ ഒന്ന് ഒതുങ്ങിയിരിക്കാൻ ശ്രമിക്കുക... ബിംബങ്ങൾക്കും പ്രതിബിംബം ഉണ്ടാകുമെന്നറിയുക... എല്ലാതെറ്റും എന്റേതാണ് എന്ന് (അങ്ങനെയല്ലെങ്കിൽക്കൂടി) പറയാൻ തയ്യാറായിരിക്കുക... അല്ലെങ്കിൽ ചിലപ്പോൾ കുടുംബം കലങ്ങിപ്പോവും :)
***