2015, മാർച്ച് 27, വെള്ളിയാഴ്‌ച

സ്വപ്നാടനം

പ്രണയത്തെ ഓർമ്മത്തോണിയിലേറ്റി തുഴയുന്ന സമയത്ത് അവിചാരിതമായി വന്നുപെട്ട പ്രളയത്തിൽ, സ്വജീവൻ പണയം വച്ച്, പ്രണയത്തെ രക്ഷിച്ച സാഹസം. പ്രളയം തോറ്റുപോയ പ്രണയം


ഈ മഴക്കാറിന്റെ പിന്നിലായിട്ടൊരു
ചില്ലിന്റെ കൊട്ടാരമായിരുന്നു
മഴക്കാറിനാം മതിലിന്റെ മദ്ധ്യത്തിലായിട്ട്
മഴവില്ലിൻ മോഹകവാടമായി

നക്ഷത്രങ്ങളാം കുസുമങ്ങളുള്ളൊരു
മോഹനോദ്യാനവുമായിരുന്നു
അനർഗളമായുള്ള ജലധാരയായിട്ടി-
വിടെയായി ഉറവകളായിരുന്നു

ഇതിന്നും മുകളിലായ് ചിത്രശലഭങ്ങൾ
പാറിപ്പറന്നു കളിച്ചിരുന്നു
അനുഭൂതി പകരുന്ന ശീതളഛായയിൽ
മാരുതൻ മന്ദമായ് സ്പന്ദനമായ്‌

ഉദ്യാനത്തിന്റെ തെക്കിനിക്കുള്ളിലായ്
വള്ളിയൂഞ്ഞാലിൽ കളിച്ചിരുന്നു
ജലധാരച്ചുറ്റിലെ തടാകത്തിനുള്ളിലായ്
വർണ്ണമത്സ്യങ്ങൾ തിമർത്തിരുന്നു

പൂങ്കാവനത്തിന്റെ ഉള്ളിലായ് വിലസിടും
സാധൂമൃഗങ്ങളുമായിരുന്നു
കൊട്ടാരത്തിന്റെ ഉള്ളിലായിട്ടെന്റെ
മാനസം കാത്തിട്ടു വച്ചിരുന്നു
ഞാനുമീ പൂങ്കാവനത്തിൽ നടന്നിരുന്നു

തഴുകുന്ന കാറ്റിൽ പറന്നു നടന്നു
സ്നേഹ സുഗന്ധ പരാഗണങ്ങൾ
സായാഹ്ന സൂര്യന്റെ ലോലമാം രശ്മിയിൽ
പടരുന്നു സ്നേഹപ്രകാശനങ്ങൾ
ആനന്ദദായക സ്പർശനങ്ങൾ

ഈ സ്നേഹതീരത്തിൻ പൂഴിപ്പരപ്പിലായ്
സൌഗന്ധികങ്ങൾ പരന്നിരുന്നു
സ്നേഹത്തിൻ സാഗര തീരത്തു വഞ്ചിയിൽ
യുഗ്മഗാനങ്ങൾ ലയിച്ചിരുന്നു

നീലാകാശത്തിൻ മേഘങ്ങളിൽ കേറി
ഭാസുര ഭൂമിയെ നോക്കി നിന്നൂ
മാറ്റുകൾ കൂട്ടി കണ്ണോട്ടമേല്പിച്ച്
പ്രതലത്തിൻ ഭംഗികളാസ്വദിച്ചൂ

ചിപ്പികളാകുന്ന പേടകത്തിൽ കേറി
സമുദ്രാന്തരങ്ങളിൽ ഊളിയിട്ടൂ
പവിഴപ്പുറ്റുകളാകുന്ന മായാ-
പ്രപഞ്ചത്തെ നോക്കി മയങ്ങി നിന്നു

ഒരു നാൾ പൊടുന്നനെ പൂങ്കാവനത്തിലെ
ആകാശമേഘം കറുത്തിരുണ്ടു

മേഘങ്ങൾ കീറിപ്പിളർന്നൂ
മിന്നൽ തെന്നിയടർന്നൂ
മേഘങ്ങൾ നാദം പൊഴിച്ചൂ
ഉദ്യാനവായു വിരണ്ടൂ

മന്ദമാരുതൻ കൊടുങ്കാറ്റായീ
ജലധാര പേമാരിയായീ
വർണ്ണമത്സ്യങ്ങൾ തിമിംഗലമായീ
പൂമ്പാറ്റകൾ ജടായുക്കളായീ

ഊഞ്ഞാലുകൾ കൊലക്കയറുകളായീ
സാധൂ മൃഗങ്ങൾ ജന്തുക്കളായീ
സ്നേഹതീരത്തിൽ കടൽ കയറി
പൂങ്കാവനത്തിൽ പ്രളയമായി

കാറിൻ മതിലുകൾ മലർന്നു വീണു
ഉദ്യാന രംഗം പൊലിഞ്ഞൂ
ചില്ലുകൊട്ടാരം പൊളിഞ്ഞു വീണു
മാരീ വില്ല്  ഒടിഞ്ഞു വീണു

പ്രളയത്തിൻ മദ്ധ്യേ കണ്ടൊരു വഞ്ചിയിൽ
ഞാനെന്റെ പ്രണയത്തെ കുടിയിരുത്തി
വഞ്ചിയിൽ കയറുന്ന നേരത്തെനിക്കെന്റെ
തളരുന്ന കാലുകൾ തെന്നി മാറീ

എത്ര ശ്രമിച്ചിട്ടുമെത്ര വിയർത്തിട്ടു-
മെൻ ദേഹമെന്തോ തളർന്നു പോയീ
വഞ്ചിയിലാക്കിയ പ്രണയത്തെ ഞാനെന്റെ
മിഴിനീരോഴുക്കി യാത്രയാക്കി

പ്രളയത്തിൽ മുങ്ങി മരിക്കുന്ന നേരത്ത്
എൻ നിദ്ര ഞെട്ടിത്തെറിച്ചു വീണു
നിലാവിൽ കണ്ടൊരു മോഹന സ്വപ്നത്തെ
തിരിഞ്ഞൊന്നു നോക്കുവാൻ യാത്രയായീ

നിരന്തരമായുള്ള ചിന്തകൾ പിന്നെയും
മനതാരിൽ അരുവികൾ തീർത്തുവെച്ചു
അരുവിതൻ തീരത്തെ വെള്ളാരംകല്ലുമേൽ
രാമച്ചമെത്തയിൽ ഞാൻ കിടന്നൂ

നിലാവിനാൽ നീലിച്ച ഗഗനത്തെ നോക്കി ഞാൻ
മലർവാടിയാക്കിയെൻ മാനസത്തെ
അരുവിതൻ കളകള നാദം ശ്രവിച്ചു ഞാൻ
നഷ്ടമാം നിദ്രയെ പുല്കിടട്ടെ

*****

2015, മാർച്ച് 8, ഞായറാഴ്‌ച

ചേലാകർമ്മവും മറ്റ് തുളയ്ക്കലുകളും

ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു പോസ്റ്റ്: 'ചേലാകർമ്മം ശാസ്ത്രീയമോ? ഈ കാരണം കൊണ്ട് മതം എന്തിന് എതിർക്കപ്പെടണം? ഈ വിഷയത്തിൽ 2105 മാർച്ച് 15ന് തിരൂർ സാംസ്കാരിക സമുച്ചയത്തിൽ യുക്തിവാദി സംഘത്തിന്റെ നേതൃത്ത്വത്തിൽ പ്രമുഖർ സംസാരിക്കുന്നു.



എന്താണ് ചേലാകർമ്മം? പലയാളുകൾക്കും ഈ സംഭവത്തെക്കുറിച്ച് അറിയാമെങ്കിലും 'ചേലാകർമ്മം' എന്ന പേരിൽ കേട്ടിട്ടുണ്ടാവില്ല. ചേലാകർമ്മം എന്തായാലും ചേലയുടുക്കുന്ന ചടങ്ങല്ല. മുസ്ലീം മതവിശ്വാസികൾ ലോകത്താകമാനവും മറ്റു ചില സമുദായക്കാരും ചില ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരും (ചില ഗോത്ര വർഗ്ഗക്കാർ പെണ്‍കുട്ടികളിലും (Female genital mutilationIslam Question and Answer) ചേലാകർമ്മം നടത്തുന്നുണ്ട്), അവർക്കിടയിലുള്ള ആണ്‍പ്രജകളുടെ ജനനേന്ത്രിയത്തിന്റെ ആഗ്രചർമ്മം മുറിച്ചു കളയുന്നതാണ് 'ചേലാകർമ്മം' അഥവാ circumcision. ഈ കർമ്മത്തിന്റെ ശാസ്ത്രീയത എന്തായിരുന്നാലും (കാരണം എന്റെ ശാസ്ത്രത്തിലുള്ള അജ്ഞത തന്നെ) പ്രായോഗികബുദ്ധിയോടെയും, സാമാന്യ ബോധത്തോടെയും ഈ ചടങ്ങിനെ ഒന്ന് നിരീക്ഷിച്ചാൽ, ഇന്നത്തെക്കാലത്ത് ഇതൊരു പാഴ്ച്ചടങ്ങാണെന്ന് പറയേണ്ടി വരും. ഈ പറഞ്ഞതിന്റെ പേരിൽ, ഇനി എന്റെ ചേലാകർമ്മം ആരെങ്കിലും നടത്തിക്കളയുമോ ആവോ. എന്നാലും, ആവുമ്പോലെ 'സംരക്ഷിച്ച്' എന്റെ ചിന്തകൾ പങ്ക് വെക്കാം. ഈ കർമ്മത്തിന്റെ ആവശ്യകതയില്ലായ്മയെ പറ്റിയായിരിക്കും മേൽപറഞ്ഞ ചർച്ചയിൽ അല്ലെങ്കിൽ പ്രസംഗങ്ങളിൽ പ്രമുഖർ അവഗാഹത്തോടെ സംസാരിക്കുക എന്ന് നമുക്ക് ത്യാശിക്കാം. ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിക്കാൻ മലപ്പുറം പോലുള്ള സ്ഥലം തിരഞ്ഞെടുത്തതിന് യുക്തിവാദി സംഘം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

സത്യത്തിൽ ശുചിത്വമാണ് പ്രധാനം. ശുചിത്വം സൂക്ഷിക്കാൻ ജലം ആവശ്യമാണ്‌. ജലം ധാരാളമില്ലാത്ത മരുപ്രദേശങ്ങളിലും മറ്റും ചേലാകർമ്മം നടത്തുന്ന സ്ഥലത്ത് ശുചിത്വം പാലിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും എന്നുള്ളത് നേരാണ്. അതുകൊണ്ട് ആ പ്രദേശങ്ങളിൽ താമസിക്കുന്നവർ, ചേലാകർമ്മഭാഗം വരണ്ടതായിരിക്കുവാൻ അഗ്രചർമ്മം മുറിച്ചുകളയും. അങ്ങനെയായിരിക്കാം ഇങ്ങനെയൊരാചാരം തുടങ്ങിയത്. പക്ഷേ ജലമില്ലാത്ത അവസ്ഥയിൽ ആഗ്രചർമ്മ ഭാഗം മാത്രമല്ല, ഗുഹ്യഭാഗവും എന്തിന്, വാ പോലും വൃത്തിയാക്കാൻ പറ്റില്ല. എന്ന് വച്ച് ആ ഭാഗങ്ങൾ നമ്മൾ വ്യത്യാസം വരുത്തുകയോ ഇല്ലാതാക്കുകയോ ഒന്നും ചെയ്യുന്നില്ലല്ലോ. ചവയ്ക്കുമ്പോൾ നാക്ക് കടിച്ചുപോകുന്നു എന്ന് വച്ച് നാക്ക് മുറിച്ചു കളയാൻ പറ്റുമോ? ഭക്ഷണം കഴിക്കുമ്പോൾ പല്ലിനിടയിൽ ആഹാരാംശങ്ങൾ കേറുന്നു എന്ന് വച്ച് പല്ല് കൊഴിച്ചു കളയാൻ പറ്റുമോ?

ചില പ്രത്യേക കാരണങ്ങൾ കൊണ്ട് ആഗ്രചർമ്മം മുറിക്കേണ്ടി വന്നേക്കാം. അത് ശാസ്ത്രീയം തന്നെയാണ്. അങ്ങനെയുള്ള പ്രത്യേക കാരണങ്ങളൊന്നുമില്ലങ്കിൽ, ശുചിത്വം പാലിക്കാനറിയാമെങ്കിൽ, ഈയൊരു ചടങ്ങ് തീർച്ചയായും അനാവശ്യമാണ്. പക്ഷേ, ഇന്നത് ഒരു മതത്തിന്റെ ചടങ്ങായി മാറിയിരിക്കുന്നു. ഒരു കാരണവുമില്ലാതെ വെറുമൊരു ചടങ്ങിന് വേണ്ടി മാത്രമുള്ള ചടങ്ങായി മാറിയിരിക്കുന്നു. എന്തിനാണ് ഇതൊരു മത ചടങ്ങായി ആചരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അതും പെണ്‍കുട്ടികളിൽ ഈ കർമ്മം നടത്തുന്നതിനെ അനുകൂലിക്കുന്നവർ, അതിന് നിരത്തുന്ന ന്യായങ്ങൾ കേട്ടാൽ, അറിയാതെ തന്നെ അത് കേൾക്കുന്നവരുടെ തൊലി ഉരിഞ്ഞു പോകും. അങ്ങനെയാണെങ്കിൽ, ഈ ചടങ്ങ് നടത്താത്ത ഇതര മതക്കാരും മതമില്ലാതവരും മറ്റും മോശക്കാരാവുമോ? അഗ്രചർമ്മം മുറിക്കാത്തത് കൊണ്ട് അവരുടെ ജനനേന്ത്രിയങ്ങൾ തകരാറിലാകുന്നുണ്ടോ?

പണ്ട്, എന്റെ വീടിന്റെ അയലത്തുള്ള, സുഹൃത്തായ  മമ്മാലിയുടെ  'മുറിമംഗലം' നടത്തിയതോടെയാണ് ഈ സംഭവത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിഞ്ഞത്. ചടങ്ങും കഴിഞ്ഞ് ആദ്യത്തെ മൂന്ന് നാല് ദിവസം അവന് നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പതുക്കെ കാലകത്തിവച്ച് നടന്നു. രണ്ടാഴ്ച കഴിഞ്ഞാണ് അവനൊന്ന്, ഞങ്ങൾ സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞത്. അന്ന് അവൻ ചേലാകർമ്മചടങ്ങിക്കുറിച്ച് വിവരിച്ച രീതി കേട്ട്, ഞങ്ങളുടെ ചർമ്മവും പോയപോലെയുള്ള തോന്നൽ ഞങ്ങൾക്കുണ്ടാവുകയും നിലവിളിച്ചുപോകുകയും ചെയ്തത് ഇന്നും ഓർക്കുന്നു. ബാന്റുമേളത്തിന്റെ അകമ്പടിയോടെയും ചുറ്റും കൂടി നില്ക്കുന്ന ആളുകളുടെ ആരവങ്ങൾക്കിടയിലും, കത്തിയെടുത്ത് കർമ്മക്കാരൻ ചർമ്മച്ഛേദം ചെയ്യുമ്പോൾ, മമ്മാലിയുടെ അലർച്ചയും നിലവിളിയും, വീടിന്റെ അതിരിൽ നിന്നുകൊണ്ട് ആകാംക്ഷയോടെ ചടങ്ങുകൾ വീക്ഷിച്ചിരുന്ന ഞങ്ങളും കേട്ടില്ല.

എന്റെ അഭിപ്രായത്തിൽ മനുഷ്യനും മറ്റു ജീവികളും അവർക്ക് ആവശ്യമില്ലാത്ത ഒരു അവയവങ്ങളുമായും ജനിക്കുന്നില്ല. മനുഷ്യശരീരത്തിലുള്ള മുടിയടക്കമുള്ള എല്ലാ അവയവങ്ങൾക്കും അവയുടേതായ രീതിയിലുള്ള എന്തെങ്കിലും പ്രാധാന്യങ്ങൾ ഉണ്ട്. മുടി മുറിക്കുന്നതും, നഖം മുറിക്കുന്നതും താടി വടിക്കുന്നതുമൊക്കെ മനസ്സിലാക്കാം. പക്ഷേ, ചേലാകർമ്മത്തിന്റെയത്ര ഭീകരതയില്ലെങ്കിലും കാത് തുളക്കുന്നതും മൂക്ക് തുളക്കുന്നതും, പുരികവും മുലക്കണ്ണും നാഭിയും നാക്കും എന്തിനേറെ, ജനനേന്ത്രിയം പോലും തുളച്ച് ആഭരണങ്ങളിട്ട് സൌന്ദര്യം കൂട്ടുന്നതും  മനസ്സിലാക്കാൻ പ്രയാസമുണ്ട്. എന്റെ മക്കളുടെ കാത് കുത്തേണ്ട എന്ന് പറഞ്ഞപ്പോൾ പുരികം ചുളിക്കാൻ കുറേപേരുണ്ടായിരുന്നു. ആഭ്യന്തര കലഹം ഒഴിവാക്കാൻ ഞാൻ കണ്ണടച്ചത് കൊണ്ട് എന്റെ രണ്ടു പെണ്മക്കളുടെയും കാത് തുളഞ്ഞത് ഇന്നും എന്റെ സ്വകാര്യ സങ്കടമായി അവശേഷിക്കുന്നു.

കാത്‌ തുളയ്ക്കൽ ലോകത്താകമാനം അംഗീകരിച്ച കർമ്മമാണ്‌. സ്ത്രീകൾ കാത് കുത്തി ആഭരണങ്ങളിട്ടില്ലെങ്കിൽ അവരുടെ ഒരു അവയവം തന്നെ നഷ്ടപ്പെട്ട ഒരു പ്രതീതിയാണ് മറ്റുള്ളവരിൽ അത് ഉണ്ടാക്കുന്നത്. കാത് മാത്രം തുളച്ചവൾ മൂക്ക് കുത്തിയവളേയും കാതും മൂക്കും തുളച്ചവൾ പുരികം തുളച്ചവരേയും കുറ്റം പറയുന്നതാണ് ഇന്നത്തെ അവസ്ഥ. ഇതിൽ ശരിക്കും ഏതാണ് ശരി? കാത് തുളച്ചാൽ ബുദ്ധി കൂടുമോ? ഏതെങ്കിലും നാഡി അതിപ്രസരത്തോടെ പ്രവർത്തിക്കുമോ? ഇതൊക്കെ ഓരോരുത്തരുടേയും അവകാശമാണെന്ന് പറയാമെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ അക്ഷരപ്പിശകുകൾ ഉണ്ടെന്നതിൽ സംശയമില്ല.

ഇന്നത്തെ കാലത്ത് കാത് തുളക്കുന്നതിൽ ലിംഗ-മതവ്യത്യാസങ്ങൾ കാര്യമായില്ലെങ്കിലും, പെണ്‍കുട്ടികളെ അവരുടെ ബുദ്ധിയുറക്കുന്നതിലും മുന്നേതന്നെ അവരുടെ കാതും മൂക്കും കുത്തി അച്ഛനമ്മമാരുടെ സൌന്ദര്യബോധത്തിനനുസരിച്ച് അവരെ ആഭരണങ്ങളണിയിച്ച്, ചെറുപ്പത്തിൽത്തന്നെ അവരെ ആഭരണപ്രിയക്കളാക്കുകയാണ് ഇന്ന് ചെയ്യുന്നത്. ബുദ്ധിയുറക്കുമ്പഴേക്കും കമ്മലും മൂക്കുത്തിയും ജനിക്കുമ്പഴേ അവർക്കുണ്ടെന്നും അവയൊക്കെ ശരീരത്തിന്റെ ഒരു ഭാഗമാണെന്നുമുള്ള തരത്തിൽ അവരുടെ ബുദ്ധി 'പ്രോഗ്രാം' ചെയ്യപ്പെടുന്നു. ഇതിന് അന്ധമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും പിൻബലവും വിശ്വാസവും മനുഷ്യർ വച്ചു പുലർത്തുന്നു. ആഭരണങ്ങൾ ധരിച്ചില്ലെങ്കിൽ സ്ത്രീ പൂർണ്ണയല്ല എന്ന ഒരു അധമ വിശ്വാസം ലോകം മുഴുവൻ നിലനിൽക്കുന്നുണ്ടെങ്കിലും ഭാരതീയരെപ്പോലെ ആഭരണപ്രിയന്മാർ വേറെയുണ്ടാവുമെന്ന് തോന്നുന്നില്ല. ആഭരണനിർമ്മാതാക്കളുടെ തട്ടിപ്പിന് വശംവദരായി  ആഭരണങ്ങൾ അണിയണമെന്ന് നിർബന്ധമാണെങ്കിൽ മാലയും വളയും അണിയുന്നപോലുള്ള അംഗഭംഗം ആവശ്യമില്ലാത്ത തരത്തിൽ കാര്യങ്ങൾ നിവൃത്തിച്ച് കൂടേ?

ഈ ആധുനികയുഗത്തിലും മതങ്ങളുടെ പേരിൽ മണ്ടനായ മനുഷ്യൻ ഇനിയെന്നാണാവോ വളരെ ലഘുവായ ഇത്തരം കാര്യങ്ങളുടെ യഥാർത്ഥ പൊരുളുകൾ മനസ്സിലാക്കുക? കണ്ടിച്ചും തുളച്ചും അവൻ വീണ്ടും വീണ്ടും സ്വയം മണ്ടനായിക്കൊണ്ടിരിക്കുന്നു ! ആരെങ്കിലും ഏതോ കാലത്ത് എന്തോ അജ്ഞാത കാരണത്താൽ നടത്തിയ ചില കാര്യങ്ങൾ, അതിൽ പൊരുളില്ലെന്ന് മനസ്സിലായാൽ പോലും അന്ധമായി, അതൊരു നിർബന്ധ ആചാരമായി ആചരിക്കുന്ന മനുഷ്യൻ വളരെ ബുധിമാനാണെന്ന് സ്വയം കരുതിപ്പോരുന്നു ! ഹേ മനുഷ്യാ നീ മാത്രം ശരി !

അള്ളാ... ഗുരുവായൂരപ്പാ... !!

*****