ഈ വർഷത്തെ (2014) വിഷു ആഘോഷത്തിന്, വാഷിങ്ങ്റ്റണ്‍ ഡി സി യിലെ നായർ സർവീസ് സൊസൈറ്റിയുടെ ഭാരവാഹികളായ രതീഷ് നായരും അരുണ്‍ സുരേന്ദ്രനാഥും എന്നോട് ഒരു വിഭിന്ന രീതിയിലുള്ള ഒരു ആശയം അവതരിപ്പിക്കാമോ എന്ന് ആരാഞ്ഞതിന്റെ ഫലമായിട്ടാണ് ഈ ഒരു സംഭവം അരങ്ങിൽ കയറിയത്. ഈ വർഷത്തെ പ്രത്യേക പരിപാടിയായിരുന്ന, തിരുവരങ്ങ് - ന്യൂ ജേഴ്സി അവതരിപ്പിച്ച നാടകത്തിന് (എം ടി യുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിക്കൊണ്ടുള്ള നാടകം - വിരാടം) ഒരു ചാക്യാറിനെ ആവശ്യമായിരുന്നു. ആയതിനാൽ ഞാനും എന്റെ ആശയം അവതരിപ്പിക്കാൻ പൂർണമായി ചാക്യാർ കൂത്തായിട്ടല്ലെങ്കിലും ആ ഒരു ഉദ്യമത്തിന് മുതിർന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രബീഷ് പിള്ളയാണ് എന്റെ വസ്ത്രാലങ്കരത്തിൽ ഈ വിഷയം അരങ്ങത്ത് അവതരിപ്പിച്ചത്. ഇത് അവതരിപ്പിക്കാൻ ധൈര്യം കാട്ടിയ അദ്ദേഹത്തിൻറെ മനസ്സിനെ ഈ അവസരത്തിൽ സ്മരിച്ചു കൊള്ളട്ടെ.
വിഷുവുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾക്ക്: വിഷു - കൂടുതൽ അറിവുകൾ
വിഷുവിനെക്കുറിച്ച്
സാമാന്യ ജനത്തിന് ചില അറിവുകൾ നല്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇതിലൂടെ
ശ്രമിച്ചിട്ടുള്ളത്. ഇതിന് നാല് ഭാഗങ്ങളുണ്ട്. അവസാനത്തെ (അഞ്ചാമത്തെ) ഭാഗം വിരാടം
എന്ന നാടകത്തെക്കുറിച്ചുള്ളതാണ്. ആദ്യത്തെ നാല് ഭാഗങ്ങൾക്കും അവയുടെ ചലച്ചിത്ര
രേഖകളും കൊടുത്തിട്ടുണ്ട്. വിരസത തോന്നുമെങ്കിലും കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം
അറിയിക്കുക.
1. വിഷു എന്താണ്?
നാരായണ നാരായണ... സുഹൃത്തുക്കളേ
കലാസ്നേഹികളേ... നിറഞ്ഞു നില്ക്കുന്ന ഈ ഒരു സദസ്സിനു മുന്നിൽ നിൽക്കുമ്പോൾ
എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നു. നാരായണ നാരായണ... നിങ്ങൾക്ക് എന്നെ
കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ടോ? ആവോ.. നാരായണ നാരായണ...
നല്ല ശാപ്പാടൊക്കെ കഴിച്ച് കുടവയറൊക്കെ നിറച്ച് ഇരിക്കുന്ന അവസ്ഥയിൽ സന്തോഷമല്ലാതെ
മറ്റെന്താ.. അല്ലേ? ആ കൂട്ടത്തിൽ ഞാൻ, നിങ്ങളെ, നിങ്ങളുടെ
മനസ്സ് കുളിർക്കുന്ന ചില കാഴ്ച്ചകളിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാം. അതോടൊപ്പം
ഇത്തിരി വിജ്ഞാനം കൂടിയായാലോ? റോക്കറ്റ്
ശാസ്ത്രമൊന്നുമല്ല കേട്ടോ... എന്നാലും വിജ്ഞാനത്തിന്റെ ചെറിയ ചെറിയ ഗുളികകൾ ഞാൻ
ഉരുട്ടി അങ്ങട്ട് എറിഞ്ഞു തരാം.... എന്താ?
നമ്മൾ
ഇന്ന് ഇവിടെ എന്തിന്റെ പേരിലാണ് ഇവിടെ കൂടിയിരിക്കുന്നത്? വിഷു.. അല്ലേ? വിഷു എന്ന്
പറഞ്ഞാൽ എന്താണ്? ആർക്കെങ്കിലും ഒന്ന് പറഞ്ഞു തരാൻ പറ്റ്വോ?
വിഷു എന്ന് പറഞ്ഞാൽ... നല്ല കുപ്പായം വാങ്ങിച്ചുടുക്കുക, കണി കാണുക, കൈ നീട്ടം വാങ്ങുക അല്ലെങ്കിൽ
കൊടുക്കുക.. പിന്നെ ശട പടോന്നു പടക്കം പൊട്ടിക്കുക, പിന്നെ
നല്ല ശാപ്പാടടിക്കുക.. അല്ലേ? ഇതൊക്കെ ആയാൽ നമ്മുടെ
വിഷുവിജ്ഞാനമായി. എല്ലാവരുടെയും കാര്യമല്ല കേട്ടോ... എന്നാലും ഇത്തിരി ഭൂരിപക്ഷം
ആയിരിക്കാം... എന്ന് വച്ചു നിങ്ങൾ തിരിച്ചിങ്ങോട്ട് ചോദ്യമൊന്നും ചോദിച്ചു കളയരുത്
കേട്ടോ...ഞാൻ സർവജ്ഞനൊന്നുമല്ല... എനിക്കറിയുന്ന ചില വിവരങ്ങൾ പങ്കു
വെക്കാം... വിരോധല്ല്യല്ലോ?...
എന്താണ് വിഷു എന്ന വാക്കിന്റെ
അർത്ഥം? 'വി ആർ ഷൂ' എന്നാണോ? ഹും....
വിഷു എന്നാൽ 'തുല്യം' എന്നാണ് സംസ്കൃതത്തിൽ
അർത്ഥം. വിഷുവിന് എന്താണ് തുല്യം?
ആണും
പെണ്ണും ആയിരിക്കും :) എന്നാൽ അല്ല. വിഷു ആഘോഷിക്കുന്ന ദിവസം രാത്രിയും
പകലും ഏകദേശം തുല്യമായിരിക്കും. മീനരാശിയിൽ നിന്ന് മേടരാശിയിലേക്കുള്ള സൂര്യന്റെ
പ്രയാണമാണ് (നാടൻ ഭാഷയിൽ സംക്രമം എന്ന് പറയും) വിഷു. ഏകദേശം അതേ സമയത്ത് തന്നെ
നമ്മുടെ ഈ (ചൂണ്ടി) അശ്വതിയുടെ... അല്ല അശ്വതി നക്ഷത്രത്തിന്റെ ആരംഭവും
കുറിക്കുന്നു.. ശകവർഷത്തിലെ ചൈത്രമാസത്തിലാണ്
വിഷു കൊണ്ടാടപ്പെടുന്നത്. അതുകൊണ്ട് തന്നെ വിഷുവിനെ ചൈത്രവിഷു എന്നും
പറയും. ഭാരതീയ സംസ്കാര പ്രകാരം സൂര്യൻ മേടരാശിയിലേക്ക് കടക്കുന്ന സന്ദർഭമാണ്
പുതുവർഷമായി കൊണ്ടാടപ്പെടുന്നത്. പക്ഷേ നമ്മൾ മലയാളികൾക്ക് ഇന്നും ചിങ്ങമാസ്സം ആണോ
മേടമാസം ആണോ ആദ്യത്തെ മാസം എന്ന സംശയം ഇന്നും നിലനിൽക്കുന്നു. ഇല്ലേ?? നാരായണ
നാരായണ...
അപ്പോളെന്താണീ രാശി? ജ്യോതിഷികളൊക്കെ
നമ്മളെ പറഞ്ഞു പറ്റിക്കാനുപയോഗിക്കുന്ന വാക്ക്, അല്ലെ? എന്നാൽ, ഭൂമിക്ക്
ചുറ്റും സാങ്കല്പികമായി കണക്കാക്കിയിട്ടുള്ള 360 ഡിഗ്രി
യുള്ള വൃത്തത്തെ 12 ഭാഗമായി കൃത്യമായിട്ട് വിഭജിച്ചാൽ കിട്ടുന്ന ഓരോ 30 ഡിഗ്രി
ഭാഗത്തെയുമാണ് രാശി എന്ന് പറയുന്നത്. മേട രാശി, ഋഷഭ രാശി, തുടങ്ങി 12 എണ്ണം. ക്രിസ്തുവിനും
2500 വർഷങ്ങൾക്ക് മുന്നേ അഗസ്ത്യമഹർഷിയും ഭൃഗുമഹർഷിയുമൊക്കെ
ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇന്നത്തെ ആധുനിക
ബഹിരാകാശ ശാസ്ത്രമൊക്കെ വരുന്നതിന്ന് എത്രയോ മുന്നേത്തന്നെ, നമ്മോടടുത്തു
കിടക്കുന്ന ഗ്രഹങ്ങളെക്കുറിച്ചും അവയുടെ ചലനങ്ങളെക്കുറിച്ചുമൊക്കെ നമ്മുടെ
ഋഷിവര്യന്മാർ വളരെയധികം പഠിച്ച് ഭാരതീയ ജ്യോതിശാസ്ത്രം എന്ന ശാസ്ത്രശാഖ
ആവിഷ്കരിച്ചിരുന്നു. പണ്ടത്തെ നമ്മുടെ കാരണവന്മാർ ഇതൊന്നും വെറുതെയങ്ങ്
പറഞ്ഞതല്ലെന്ന് മനസ്സിലായില്ലേ? അവരൊക്കെ കാലങ്ങളെടുത്ത്
പലതും നിരീക്ഷിച്ച് പഠിച്ചതിനു ശേഷമാണ് ഇതൊക്കെ പറഞ്ഞു വച്ചിട്ടുള്ളത്. പിന്നെ
അതിന്റെ കൂട്ടത്തിൽ ഉറങ്ങിക്കിടക്കുന്ന ജനങ്ങളെ ഒന്ന് ഉന്മേഷവാൻമാരാക്കാനും അതിന്റെയൊക്കെ കൂടെ കൃഷികൾ ഒക്കെ ഒന്ന്
ഉഷാറാക്കാനും ചില ആഘോഷങ്ങളുടെയൊക്കെ ഒരു മേമ്പൊടി കൂട്ടിചേർത്തെന്നേ ഉള്ളൂ.. ആ സമയത്തെ
ഓരോ സ്ഥലത്തെ കാലാവസ്ഥക്കും പ്രകൃതിക്കും അനുസരിച്ചു ആഘോഷങ്ങൾ
മാറിയിരിക്കും... പക്ഷെ ഒരു തട്ടിപ്പും
ഇതിനു പിന്നിൽ ഇല്ല. വളരെ നഗ്നമായ ശാസ്ത്രം തന്നെയാണ് വിഷുവിന്ന് പിന്നിലെ കാതൽ. അല്ലേ, വിശ്വസിക്കാൻ
കൊള്ളില്ലേ? നാരായണ നാരായണ...
അങ്ങനെ വന്നു വന്ന് ഈ സൂര്യന്റെ
രാശി മാറ്റം ഒക്കെ നാം മലയാളികൾക്ക് മാത്രമേ ഉള്ളോ? എന്നാലല്ല, നമ്മുടെ അയൽപക്കമായ
തമിഴ്നാട്ടിൽ അത് 'പുത്താണ്ട്' ആണ്. കർണാടകത്തിലും
ആന്ധ്രയിലും ഈ സമയം 'ഉഗാദി' ആണ്. മഹാരാഷ്ട്രയിൽ 'ഗുഡി
പദ് വാ' ആണ്... ആസ്സാമിൽ ബിഹു, പഞ്ചാബിൽ ബൈസാഖി, അങ്ങനെ
ഇന്ത്യയൊട്ടാകെ ഈ സമയം പല പേരിലും അറിയപ്പെടുന്നുണ്ട്. ഇങ്ങനെ വല്ലതും നിങ്ങൾ
കേട്ടിട്ടുണ്ടോ? നാരായണ നാരായണ...
ഈ
രാശിയെയും ഞാറ്റുവേലയെയും നക്ഷ്ത്രങ്ങളെയും കുറിച്ചൊക്കെ ഒരു ക്ളാസ് തന്നെയങ്ങ്
എടുത്താൽ നിങ്ങൾക്ക് ദാഹിക്ക്വോ? കൂട്ടത്തിൽ കുറച്ചു
കവടി നിരത്തി ജ്യോതിഷവും പറയാം എന്താ ...? പറ്റുമെങ്കിൽ
ജാതകം തന്നാൽ അതും നോക്കാം..... എന്നിട്ട് വേണം
നിങ്ങളെന്നെ കല്ലെറിയാൻ ... J നാരായണ നാരായണ...
എന്തായാലും ഈ വിഷുവിന്, വിഷുവിനെക്കുറിച്ച്
കുറെ പുതിയ കാര്യങ്ങൾ പഠിച്ചില്ലേ? ഇനിയും നമ്മൾ ചില പുതിയ
പുതിയ രസകരമായ അറിവുകളുമായി വരാം. അതുവരേക്കും നിങ്ങളുടെ കണ്ണിനും കാതിനും കുളിർമ
തരാൻ ഇവിടെ ചില പരിപാടികളൊക്കെയുണ്ട്.. അപ്പഴേക്കും ഞാൻ ഒന്ന് വിശ്രമിച്ചിട്ട്
വരാം... നാരായണ നാരായണ...
(ആദ്യത്തെ
കലാപരിപാടികളുടെ ഗണം ആരംഭിക്കുന്നു.)
2. കണിക്കൊന്നയുടെ കഥ.
(കാഥികൻ
വീണ്ടും അരങ്ങത്തേക്ക് വരുന്നു. കാണികളെ ഒക്കെ നോക്കി ചിരിച്ച് ...
സന്ദർഭത്തിനനുസരിച്ച് ചില പൊടിക്കൈകൾ പ്രയോഗിക്കാം)
നാരായണ
നാരായണ...എങ്ങനെയുണ്ടായിരുന്നു നമ്മുടെ കലാകാരന്മാരുടെ കലാവിരുന്നുകൾ? മോശം
പറയാൻ പറ്റ്വോ? ഹലോ.. എല്ലാവരും ഉഷാറ് തന്നെയല്ലേ? അല്ലേ? (ചെറിയ
കാത്തിരിപ്പ്) നമ്മൾ നേരത്തെ വിഷു എന്താണെന്നൊക്കെ പറഞ്ഞു... വിഷുവിന്റെ
ചടങ്ങുകളെക്കുറിച്ചൊക്കെ നിങ്ങൾക്ക് പലർക്കും പരിചയം ഉണ്ടാകും... എന്റെയൊക്കെ
ചെറുപ്പത്തിൽ, വിഷുക്കാലം വന്നാൽ നമ്മളൊക്കെ മാവിന്റെ മോളിലും
പുളിമരത്തിന്റെ മോളിലും ഒക്കെയായിരിക്കും. ഇഷ്ടം പോലെ മാങ്ങയും ചക്കയും ഒക്കെ
തിന്ന്, തൊടി മുഴുവൻ ഓടി നടന്ന്... എന്താ പറയാ.. ഒരു വളരെ നല്ല
കാലം... നമ്മുടെ ഇവിടുത്തെ കുട്ടികൾക്ക്, ഇതൊക്കെ ചിലപ്പോ കേട്ടുപോലും
പരിചയം കാണില്ല... (ആരെയെങ്കിലും ചൂണ്ടി) നിനക്ക് മരം കേറാനറിയോ? നാരായണ
നാരായണ...
അതൊക്കെ അവിടെ നിക്കട്ടെ.. ഞാൻ
പറഞ്ഞു വന്നത്, വിഷുക്കാലത്ത് നമ്മൾക്ക് വേറെ ഒരു മരംകയറ്റജോലിയും കൂടി
ഉണ്ടായിരുന്നു. എന്താന്നറിയോ? കണിക്കൊന്നപ്പൂവ്
പറിക്കാൻ ... കണിക്കൊന്ന കണ്ടിട്ടില്ലേ.... മനോഹരമായി മഞ്ഞനിറത്തിൽ കുലകുലയായി
തൂങ്ങി നിൽക്കുന്ന പൂവ്.. കണിക്കൊന്നക്ക് വേറൊരു പ്രസിദ്ധമായ പേരും കൂടിയിണ്ട്...
അറിയാമോ നിങ്ങൾക്ക് ? 'കർണ്ണികാരം' .. കേട്ടിട്ടില്ലേ.. 'കർണ്ണികാരം
പൂത്തു തളിർത്തു...' പിന്നെ 'കർണ്ണികാര തീരങ്ങൾ
കഥകളിയുടെ പദമാടി...കർപ്പൂരക്കുളിർകാറ്റ് കളിവഞ്ചിപ്പാട്ടായി'... ഇതിന്റെ ബാക്കി വരികൾ ഒന്നും ചോദിക്കരുത് കേട്ടോ... നാരായണ നാരായണ...
നമ്മളെന്താ
പറഞ്ഞു വന്നത്? കണിക്കൊന്നയെപ്പറ്റി അല്ലേ? ... ആർക്കെങ്കിലും കണിക്കൊന്നയുടെ പുറകിലുള്ള രസകരമായ കഥയറിയോ? ചിലവർക്ക്
അറിയാമായിരിക്കും.. എന്നാലും അറിയാൻ പാടില്ലാത്തവർക്ക് വേണ്ടി,
ഞാനാ കഥ ഇവിടെ പറയാം. കഥ കേൾക്കാൻ
ഇഷ്ടല്ലേ? നാരായണ നാരായണ...
അപ്പൊ
ദാ കഥ കേട്ടോളൂ...
ഈ കഥ നമ്മുടെ സാക്ഷാൽ ഭഗവാൻ
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ശരിയായ ആത്മീയതയുടെ ആന്തരിക ഭംഗിയെയാണ്
കണിക്കൊന്ന പ്രതിനിദാനം ചെയ്യന്നത്. ഈ കണിക്കൊന്നപ്പൂവ് വളരെ ഭംഗിയുള്ളതാണെങ്കിലും
എന്റെ അച്ഛൻ കൊന്നമരം വെട്ടിക്കളയുമായിരുന്നു. എന്തിനാണെന്നറിയോ? അച്ഛൻ
പറയും കൊന്നമരം മണ്ണിലെ വളം വല്ലാണ്ടങ്ങ് വലിച്ചെടുക്കും, അതുകൊണ്ട്
തെങ്ങിൽ കായ്പ് കുറയും എന്നൊക്കെ.... കഷ്ടം അല്ലേ ? അപ്പൊ നമ്മളെന്താ പറഞ്ഞു
വന്നത്? ഓ.. കൊന്നപ്പൂവിന്റെ ഐതിഹ്യം.... നാരായണ നാരായണ... ശരി
കേട്ടോളൂ.
ഒരു സ്ഥലത്ത് ഒരു പാവപ്പെട്ട
വീട്ടിൽ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു ... (ഒരു 10 വയസ്സുള്ള ഏതെങ്കിലും ഒരു
ആണ്‍കുട്ടിയെ ചൂണ്ടിക്കാണിച്ച് ദാ.. ഇവനെപ്പോലെയിരിക്കും) ആ പയ്യനാണെങ്കിലോ ഒരു
പരമ കൃഷ്ണഭക്തൻ... അവൻ വീടിനടുത്തുള്ള ഒരു കൃഷ്ണന്റെ അമ്പലത്തിൽ ദിവസവും പോയി
പ്രാർത്ഥിക്കും... ഈ കുട്ടിക്കാണെങ്കിൽ അത്യാഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.
ആകെപ്പാടെ ഉണ്ടായിരുന്ന ഒരു ആഗ്രഹം കൊച്ചു ഗോപാലകൃഷ്ണനെ ഒന്ന് നേരിൽ കാണണം എന്നത്
മാത്രം... കഷ്ടം അല്ലേ ? ഒരു കോടി ഡോളർ ഒക്കെ ആഗ്രഹിച്ചൂടെ ഈ കുട്ടിക്ക് അല്ലേ? പക്ഷെ
ഈ കുട്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ആകെ
ചോദിക്കുന്നത്.. കൃഷ്ണാ... നീ ഒന്ന് ഒരു കൊച്ചു കൃഷ്ണനായി എന്റെ മുന്നിൽ ഒന്ന്
വര്വോ' എന്ന് മാത്രം... എന്നാലും പണത്തിനു ചോദിക്കില്ല. :)
നാരായണ നാരായണ...
അങ്ങനെ ഒരു ദിവസം ഈ കുട്ടിയുടെ
ഭക്തിയിൽ നമ്മുടെ ഭഗവാൻ കൃഷ്ണൻ സംപ്രീതനായി. കുട്ടിയുടെ മുന്നിൽ (ആരെയെങ്കിലും
ചൂണ്ടിക്കാണിച്ചുകൊണ്ട് ..ദാ ഇവനെപ്പോലെ ) ഒരു കൊച്ചു കള്ളകൃഷ്ണനായിട്ട്
പ്രത്യക്ഷപ്പെട്ടു. ഇത് കണ്ടമാത്രയിൽ നമ്മുടെ പയ്യൻ ഒരു മരത്തൂണ് പോലെ അങ്ങ്
സ്തബ്ധനായിപ്പോയി.. കണ്ണിൽ നിന്ന് കുടുകുടാ കണ്ണുനീരങ്ങോട്ട് പ്രവഹിക്കാൻ
തുടങ്ങി... പേടിച്ചിട്ടല്ല കേട്ടോ.. ആനന്ദാശ്രു... ആനന്ദാശ്രു.. നാരായണ നാരായണ...
കൃഷ്ണൻ
പറഞ്ഞു... ഞാൻ നിന്നിൽ സംപ്രീതനായിരിക്കുന്നു.. നിന്റെ ഏതാഗ്രഹവും പറഞ്ഞോളൂ..
നമ്മുടെ കുഞ്ഞ് കരഞ്ഞോണ്ട്
പറഞ്ഞു... കൃഷ്ണാ എന്റെ ഏറ്റവും വലിയ ആഗ്രഹം ഇതിനകം തന്നെ സാധിച്ചിരിക്കുന്നു.
ഞാനെന്റെ കണ്‍ കുളിർക്കെ നിന്നെ കണ്ടൂലോ... ഇനി എനിക്ക് വേറെ ആഗ്രഹങ്ങളൊന്നും
തന്നെയില്ല. ഈ മറുപടി കൃഷ്ണനങ്ങ് ഇഷ്ടപ്പെട്ടു. കൃഷ്ണൻ ഉടനെ അരയിലുള്ള
സ്വർണ്ണത്തിന്റെ അരഞ്ഞാണമഴിച്ച് നമ്മുടെ പയ്യൻസിന് കൊടുത്തു. എന്നിട്ട്
അപ്രത്യക്ഷനായി. നാരായണ നാരായണ...
നമ്മുടെ ഈ കുട്ടി
സന്തോഷപരവശനായിട്ട് നേരെ അവന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടി. എന്നിട്ട്
സംഭവിച്ച കാര്യങ്ങളൊക്കെ അണുവിട നൽകാതെയങ്ങട് വിവരിച്ചു. പക്ഷേ അവന്റെ ഒരു
കൂട്ടുകാരനും ഈ കഥ വിശ്വസിച്ചില്ല. ഒരാൾ പറഞ്ഞു ഈ അരഞ്ഞാണം സ്വർണ്ണമേയല്ല...
മറ്റൊരുത്തൻ പറഞ്ഞു ഇത് മുക്കാണ്.. എന്നൊക്കെ.. ഇത് കേട്ട് നമ്മുടെ പയ്യനാകെ
സങ്കടമായി. നാരായണ നാരായണ...
അടുത്ത
ദിവസം അമ്പലത്തിലെ പൂജാരി പൂജയ്ക്ക് വേണ്ടി ശ്രീകോവിൽ തുറന്നപ്പോളെന്താ കഥ...
ഭഗവാന്റെ മൂർത്തിയുടെ അരയിലെ അരഞ്ഞാണം കാണ്മാനില്ല. പൂജാരി... ഭഗവാന്റെ അരഞ്ഞാണം
കാണാനില്ലാ എന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി ..
നാട്ടുകാരൊക്കെ വിവരം അറിഞ്ഞു. കാട്ടുതീപോലെ വിവരം പരന്നു. അന്വേഷണത്തിൽ നമ്മുടെ
പയ്യന് അരഞ്ഞാണം കിട്ടിയ കഥ നാട്ടുകാരറിഞ്ഞു. നാരായണ
നാരായണ...
ഒട്ടും വൈകാതെ എല്ലാവരും ഈ
കുട്ടിയുടെ വീട്ടിലെത്തി. അവര് കള്ളാ... അരഞ്ഞാണക്കള്ളാ എന്നൊക്കെ അലറി വിളിച്ചു
കൂവുന്നുണ്ട്. സ്വന്തം മകനെ കള്ളാ കള്ളാ എന്നൊക്കെ ആവർത്തിച്ച് വിളിക്കുന്നത് കുട്ടിയുടെ അമ്മക്ക് തീരെ
സഹിച്ചില്ല. എന്റെ മകൻ കളവു ചെയ്യാനോ?ഒരിക്കലുമില്ല..
എന്തൊക്കെ കരഞ്ഞു പറഞ്ഞിട്ടും നാട്ടുകാർ ചെവിക്കൊണ്ടില്ല. അവസാനം സങ്കടവും
ദേഷ്യവും സഹിക്കാതെ ആ അമ്മ നമ്മുടെ കൊച്ചു കുട്ടിയെ പൊതിരെയങ്ങട് തല്ലി. എന്നിട്ട്
അവന്റെയടുത്തുനിന്ന് അരഞ്ഞാണം എടുത്തിട്ട് ഒരൊറ്റയേറ്... ആ അരഞ്ഞാണം നേരെ പോയി ഒരു
മരത്തിൽ തങ്ങി. എന്തൊരതിശയം.. ഉടനെ ആ മരത്തിൽ, ഇലകൾക്ക് പകരം വളരെ
മഹോഹരങ്ങളായ പുഷ്പങ്ങൾ വിരിഞ്ഞു. ആ പൂവാണത്രേ നമ്മുടെ കൊന്നപ്പൂവ്.. ഊൗ.. ഇനി ഈ കഥ
കേട്ട് നിങ്ങളാരും നിങ്ങളുടെ അരഞ്ഞാണോം എടുത്തോണ്ട് പുറത്തുള്ള മരത്തിലോട്ടു
എറിയരുത് കേട്ടോ :) നാരായണ നാരായണ...
കണിക്കൊന്നയുടെ
കഥ പറഞ്ഞ് സമയം പോയി.... ഇനി കുറച്ച് നയനോന്മേഷകരമായ കലാപരിപാടികൾ കാണാം ... അത്
കഴിഞ്ഞു ഞാൻ വേറെ ചില കാര്യങ്ങൾ പറയാം. നാരായണ
നാരായണ...
(ഇത്
കഴിഞ്ഞ് അടുത്ത കൂട്ടം കലാപരിപാടികളുടെ ഊഴം )
3. വിഷുക്കണിയും അതിന്റെ
ഉദ്ദേശ്യങ്ങളും
നാരായണ നാരായണ... നമ്മൾ നേരത്തെ
കേട്ട കണിക്കൊന്നക്കഥ എങ്ങനെയുണ്ടായിരുന്നു? നിങ്ങൾ ഈ കഥ ആദ്യായിട്ട്
കേട്ടതാണോ? (ചെറിയ കാത്തിരിപ്പ്) നമ്മൾ കണിക്കൊന്നയുടെ കാര്യം പറഞ്ഞത്
എന്തിനായിരുന്നു?... ആ.. നമ്മൾ വിഷുക്കണിയെപ്പറ്റി തുടങ്ങിയതായിരുന്നു.
അല്ലേ... ശരി... നമ്മൾ എന്തിനാണ് വിഷുക്കണിയൊരുക്കുന്നത് ? തമാശക്കാണോ? ഒരു
രസം അല്ലേ.... നമ്മൾ പണിപ്പെട്ട്.. കഷ്ടപ്പെട്ട് ഇല്ലാത്ത ഉറക്കം കളഞ്ഞ് പുലർച്ചെ
കണി കാണുന്നതെന്തിനാണ് ? ഈ കണി എന്ന് പറഞ്ഞാലെന്താ? വല്ല എലിക്കെണിയോ മറ്റോ
ആണോ? (പുഞ്ചിരി) :) നാരായണ നാരായണ...
കണി
എന്ന് പറയുന്നത്, നമ്മൾ ഒരു ദിവസം കാണുന്ന ആദ്യത്തെ
കാഴ്ചയാണ്. പുതുവർഷാരംഭത്തിന്റെ ശുഭാരംഭത്തിൽ തന്നെ
ആദ്യം നമ്മൾ ഒരു നല്ല കാഴ്ച കണ്ടാൽ, ആ വർഷം മുഴുവൻ അതിന്റെ പ്രതിഫലനം നിലനിൽക്കും എന്നതിനെ പ്രതീകാത്മകമായി
കൊണ്ടാടുന്ന ചടങ്ങാണ് വിഷുക്കണി. അപ്പോപ്പിന്നെ ഈ ആർക്കും ഒരു വിഷമവും ഉണ്ടാക്കാത്ത, എന്നാലും പുത്തൻ
പ്രതീക്ഷകൾ തരുന്നതുമായ ഈ ചടങ്ങ് നമ്മൾ വേണ്ടെന്ന് വെക്കണോ? :) നാരായണ നാരായണ...
അതിരിക്കട്ടെ, ഒരു
വിഷുക്കണി വെക്കാൻ നമ്മൾ എന്തൊക്കെ ചെയ്യണം? അതിൽ തീർച്ചയായും
ചെയ്യേണ്ട ചില കാര്യങ്ങളുണ്ടോ? അതിന് സത്യത്തിൽ ഉത്തരം എന്റെയടുത്തില്ല :) എന്നാലും
നമ്മൾ, നമ്മൾക്ക് നല്ലത് എന്ന് തോന്നുന്ന ചില കാഴ്ചകൾ ഒരുക്കുക.
അതായിരിക്കും അതിന്റെ ശരി. എന്നാലും കാലാകാലങ്ങളായി പിന്തുടർന്നു പോരുന്ന ചില
കാര്യങ്ങളെപ്പറ്റി പറയാം. നാരായണ നാരായണ...
അപ്പൊ വിഷുക്കണി വെക്കുന്ന കാര്യം.
ആദ്യം നമ്മളെന്ത് ചെയ്യും? നമ്മൾ വലിയ ഒരു ഉരുളിയെടുക്കും അല്ലേ ? ഈ
ഉരുളിക്ക് ശരിക്കും എന്തെങ്കിലും അർത്ഥതലങ്ങൾ ഉണ്ടോ? എന്റെ അറിവ് പ്രകാരം, നമ്മൾ
ഇന്ന് കാണുന്ന ഓടിന്റെ ഉരുളി ആയിരുന്നില്ല മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്.
പഞ്ചലോഹപ്പാത്രം ആയിരുന്നു. പഞ്ചലോഹത്തെ വളരെ ദൈവികമായിട്ടായിരുന്നു
കരുതിപ്പോന്നിരുന്നത്. പഞ്ചലോഹത്തിന്റെ പ്രസക്തിയെന്താണ്? പഞ്ചലോഹത്തിലൂടെ
പ്രതിനിദാനം ചെയ്യുന്നത്, പഞ്ചഭൂതങ്ങളെയും അതിലൂടെ ഈ ലോകത്തിനെത്തന്നെയുമാണ്. ഈ ലോകത്തിനെ നമുക്ക്
ഉരുളിയിൽ കാണാൻ പറ്റുമെന്നാണോ? :) നാരായണ നാരായണ... അതിലൂടെ
അർത്ഥമാക്കുന്നത്, ഈ ലോകത്തിലുള്ള സകല നല്ല കാര്യങ്ങളെയും നാം ആ
പാത്രത്തിലൊരുക്കുന്ന പല രൂപങ്ങളിൽ ദർശിക്കുന്നതായിട്ടാണ്. നാരായണ നാരായണ...
ഈ പഞ്ചലോഹവും പഞ്ചഭൂതങ്ങളും എന്താണ്? ഭൂതങ്ങൾ
അഞ്ചു ലോഹങ്ങൾ പിടിച്ചിരിക്കുന്നു എന്നാണോ? :) സ്വർണ്ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, നാകം
(ഇവയുടെയൊക്കെ പീര്യോഡിക് ടേബിളിലെ പേരുകൾ എല്ലാവർക്കും അറിയോ?) ഇവ ചേർന്നതാണ്
പഞ്ചലോഹങ്ങൾ. ഭൂമി, ജലം, അഗ്നി, വായു, ആകാശം
(അഥവാ അനന്തത) കൂടിയതാണ് പഞ്ചഭൂതങ്ങൾ. അല്ലാതെ രാക്ഷസ ഭൂതങ്ങൾ അല്ല. :)
പഞ്ചഭൂതങ്ങളാണ് ഭാരതീയ ശാസ്ത്രപ്രകാരം എല്ലാ വസ്തുക്കളുടെയും നിർമാണത്തിന്ന് ആധാരമായിട്ടിരിക്കുന്നത്. 'പഞ്ചഭൂത സമന്വയേ സർവ്വ നിർമ്മാണ കാരണേ'... നാരായണ നാരായണ...
വിഷുക്കണിയിലേക്ക് തിരിച്ചു വരാം. അപ്പോൾ പഞ്ചലോഹത്തിന്റെ
പാത്രത്തിൽ നമ്മൾ എന്തെല്ലാം വെക്കും?
അക്ഷതം - അതെന്താ? മഞ്ഞളും തവിട് പോകാത്ത
അരിയും കൂടിയുള്ള ഒരു മിശ്രിതം. മഞ്ഞൾ ഒരു രക്ത ശുദ്ധീകരണിയായി കരുതപ്പെടുന്നു.
അരിക്ക് എന്തെങ്കിലും തരത്തിലുള്ള ഒരു പ്രതീകാത്മകത വേണ്ടതുണ്ടോ? അത്
നമ്മുടെ അന്നം തന്നെയാണ്. പിന്നെ..
നവധാന്യങ്ങൾ
- എതെങ്കിലും ഒൻപത് ധാന്യങ്ങൾ എടുക്കാം. അത് നവ ഗ്രഹങ്ങളെ പ്രതിനിധാനം ചെയ്യുന്നു.
പിന്നെ..
ജലം - ജലം ജീവന്റെ തന്നെ
അമൃതാണെന്ന് കേട്ടിട്ടില്ലേ? പിന്നെ വേറെന്താ...
സ്വർണ്ണം അഥവാ പണം - സ്വർണ്ണം സത്യത്തിൽ സമ്പത്തിനെയും
അഭിവൃദ്ധിയെയുമാണ് കാണിക്കുന്നത്. അല്ലാതെ ആർഭാടത്തെയല്ല. അത് കഴിഞ്ഞ്...
ദീപം
- ദീപം പ്രകാശത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. അതിലൂടെ ആന്തരികമായ
അറിവിനെയും അത് ബോധവൽക്കരിക്കുന്നു. അന്ധകാരം ഇല്ലാത്ത ഒരവസ്ഥ. പിന്നെ...
പുസ്തകം
- വിദ്യാഭ്യാസത്തെ അഥവാ അറിവിനെ പ്രതിനിധീകരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള
വിദ്യ കൈയ്യിലില്ലെങ്കിൽ നമ്മളെല്ലാം പൊട്ടന്മാരായിപ്പോയേനെ അല്ലെ? :)
പിന്നെയൊരു
കണ്ണാടി കൂടി വെക്കാം - കണ്ണാടിയിലൂടെ നാം നമ്മത്തന്നെ
കാണുന്നതോടൊപ്പം ഈ ഒരുക്കിവച്ചതിനെയൊക്കെ നമ്മിലേക്ക് പ്രതിഫലിപ്പിക്കുന്നതായി
കാണിക്കുന്നു. അതിലൂടെ എല്ലാ നന്മകളും നമ്മിലേക്ക് ആവാഹിച്ച് ഒരു നല്ല മനുഷ്യനായി ജീവിക്കാനുള്ള ഉദ്ദേശശുദ്ധി നമ്മിൽ ഉണ്ടാവട്ടെ
എന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാരായണ നാരായണ...
പിന്നെ
നമുക്ക് നല്ലത് എന്ന് തോന്നുന്ന എന്തും വെക്കാം. പച്ചക്കറികളും പഴങ്ങളും പൂക്കളും
മധുരവുമൊക്കെ വെക്കാം. എല്ലാം കൂടെ ഈ ലോകത്തിലെ സകല
നന്മകളെയും വർഷാരംഭത്തിൽത്തന്നെ കാണുകയും അവ നമ്മിലേക്ക് തന്നെ
പ്രതിഫലിപ്പിക്കുകയും ചെയ്യുക എന്നതാണ് വിഷുക്കണിയുടെ ഉദ്ദേശ്യം.
ഹൂ.... ഞാൻ പറഞ്ഞു തളർന്നു. ഇത്തിരി
വെള്ളം കുടിച്ചിട്ട് ബാക്കി പറയാം.... ഇനി
കൂടുതലൊന്നുമില്ല കേട്ടോ... അത് വരേയ്ക്കും കുറച്ചു കൂടി കലാപരിപാടികൾ ആസ്വദിക്കൂ... നാരായണ നാരായണ...
(അടുത്ത
ഭാഗത്തെ കലാപരിപാടികൾ. )
4. കണി കാണുന്നതും ചില്ലറ
തത്വശാസ്ത്രവും
(ഈ ഭാഗത്ത് പ്രായോഗികമായ
ചില തത്വശാസ്ത്രങ്ങളെയാണ് ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുള്ളത്. ആഖ്യാതാവ് വീണ്ടും
അരങ്ങത്ത്)
നാരായണ
നാരായണ... എന്നെക്കണ്ട് കണ്ടങ്ങ് മടുത്തോ? ഏതായാലും ഇവിടെ നിങ്ങൾക്കാർക്കും
വിരസത തോന്നുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ പ്രസന്ന മുഖം കണ്ടാൽ
അറിയില്ലേ... നമ്മൾ നേരത്തെ എവിടെ വച്ചാണ് നിർത്തിയത്?... ഹാ.. അങ്ങനെ നമ്മൾ
വിഷുക്കണിയൊരുക്കി അല്ലേ ? സാധാരണ വീട്ടിലെ ഗൃഹനാഥനും
കുട്ടികളും ഒക്കെ കൂർക്കം വലിച്ചു ഉറങ്ങുമ്പോഴായിരിക്കും ഗൃഹനാഥ, വിഷുദിനപ്പുലർച്ചയിലേക്കായി വിഷുക്കണിയൊരുക്കി വെക്കുന്നത്. പാവം.. ഈ
ആണുങ്ങൾ എപ്പഴും അങ്ങനെയാ... സുഖിയന്മാരാ അല്ലെ? നാരായണ
നാരായണ...
അങ്ങനെ നേരത്തെ പറഞ്ഞപോലെ ഈ
ഒരുക്കിവച്ചിരിക്കുന്ന കണി കാണാൻ, വിഷുവിന്റെ അന്ന്
പുലർച്ചെ വീണ്ടും നമ്മുടെ ഗൃഹനാഥ തന്നെ
ആദ്യം എഴുന്നേറ്റ്, മൂത്തവയസ്സിൽ നിന്ന് തുടങ്ങി, വീട്ടിലെ
ആൾക്കാരെയൊക്കെ വിളിച്ചുണർത്തി കണ്ണ് പൊത്തിക്കൊണ്ട് വന്ന് കണി കാണിക്കും.... ഹാ
എന്തൊരു രസം.... എന്നാലും ഉറക്കം പോയതിൽ സങ്കടം കാണും. പക്ഷെ ഈ കണി കാണുന്ന മാതിരി
ആ വർഷത്തെ ഫലം വന്നാലോ? അത് നഷ്ടപ്പെടുത്താൻ ആർക്കെങ്കിലും പറ്റ്വോ? അല്ലേ.. അപ്പൊ ഉറക്കം
പോയാലും സാരല്യ.. ഭാവി നന്നാവട്ടെ... എന്നിട്ട് ചില സുഖിയന്മാർ പോയി വീണ്ടും
കിടന്നുറങ്ങും.. നാരായണ നാരായണ...
പക്ഷേ നമ്മുടെ കുഞ്ഞുങ്ങളെ കണി
കാണിക്കുന്ന കാര്യമാണ് കഷ്ടം... അല്ലേ... നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?... ചില ആളുകൾ അവരുടെ കുഞ്ഞുങ്ങളെ നിദ്രാവസ്ഥയിൽത്തന്നെ എടുത്തു കൊണ്ട്
വന്ന് കണിക്ക് മുന്നിലിരുത്തി മുട്ടിയും തട്ടിയും ഒക്കെ വിളിക്കും...
പിള്ളേരാണെങ്കിൽ വാവിട്ട് നിലവിളിക്കും... പിള്ളമനസ്സിൽ കള്ളം ഇല്ലല്ലോ.. അവർക്ക്
ഭാവി ശോഭാനമായാലെന്ത് അല്ലെങ്കിലെന്ത്? കുഞ്ഞുങ്ങൾ എന്തോ
ഭീകരാവസ്ഥ നോക്കുന്നപോലെയാണ് വിഷുക്കണി നോക്കുക. കുറ്റം പറയാൻ പറ്റ്വോ?....
എന്നുവച്ച്
അവരെ കാണിക്കാതിരിക്കാൻ പറ്റ്വോ? ചുളുവിൽ കിട്ടുന്ന
അവരുടെ ശോഭനമായ ഭാവി കളയാൻ ഒക്ക്വോ?.... ഇല്ല,... അപ്പൊ അവർക്ക് ഇഷ്ടപ്പട്ടില്ലെങ്കിലും സാരല്ല്യ....
അവരുടെ കണ്ണ് കുത്തിത്തുറന്ന് കാണിക്കുക തന്നെ... നാരായണ നാരായണ...
ഇങ്ങനെയൊക്കെ
നിർബന്ധിച്ച് കണി കാണിച്ചതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ? പിള്ളേരുടെ
കാര്യം പോകട്ടെ... ചുരുങ്ങിയത് ഇങ്ങനെ പല സംഭവങ്ങളും നമ്മുടെ ഇടയിലുണ്ടെന്നു അവരെ
അറിയിക്കാൻ പറ്റും... പക്ഷെ വലിയവരുടെ കാര്യമോ?... പൊരുളറിയാതെ കണി
കണ്ടിട്ട് വല്ല കാര്യോം ഉണ്ടോ? ആ പൊരുൾ ജീവിതത്തിൽ
പകർത്താതെ എന്താ കാര്യം? നാരായണ നാരായണ...
നമ്മൾ വ്രതം നോൽക്കുന്നതു
പോലെത്തന്നെയാണ് ഇതും... നമ്മളധികം പേരും പല വ്രതവും നോൽക്കുന്നവരല്ലേ.. ഏകാദശി
വ്രതം, ശിവരാത്രി വ്രതം..., തിങ്കളാഴ്ച വ്രതം....
അങ്ങനെ പലതും.. ശിവരാത്രി വ്രതത്തിന് ഉറക്കം വരാതിരിക്കാൻ ചീട്ടുകളി എന്ന ഉപാധി
സ്വീകരിച്ചവരാണ് നമ്മൾ :) 365 ദിവസങ്ങളുള്ള ഒരു വർഷത്തിൽ ഒന്നോ രണ്ടോ ദിവസം വ്രതം
നോറ്റാൽ നമ്മൾ പൂർണ്ണ ശുദ്ധൻമാരായി എന്നാണ് നമ്മളുടെ വിശ്വാസം.... ബാക്കിയുള്ള
ദിവസങ്ങളിൽ പോത്തിനെയും തിന്ന് കള്ളും
കുടിച്ച് കൈക്കൂലിയും വാങ്ങി നാട്ടുകാരുടെ
മേൽ കുതിരകയറും... ഇതാണ് ഇക്കാലത്തെ ശരാശരി നമ്മൾ. സത്യത്തിൽ ഇതിന്റെ നേർവിപരീതമായാണ് നാം
പ്രവർത്തിക്കേണ്ടത്. രണ്ടോ മൂന്നോ ദിവസം കള്ളുകുടിച്ച് ചീട്ടുകളിച്ചാലും, ബാക്കി
363 ദിവസം നന്നായി ജീവിച്ചാൽ നേരത്തെ പറഞ്ഞതിലും നല്ലതല്ലേ? പറഞ്ഞൂന്നേ
ഉള്ളൂ ട്ടോ... ഇനി ഞാൻ രണ്ടു ദിവസം കള്ള് കുടിക്കാൻ പറഞ്ഞൂന്നും പറഞ്ഞു എന്നെ
കോടതി കേറ്റരുത്! നാരായണ നാരായണ...
അപ്പോൾ വ്രതം നോൽക്കുന്നതിലോ കണി
കാണുന്നതിലോ അല്ല കാര്യങ്ങൾ.. അതൊക്കെ പ്രതീകാത്മകമാണ്... അതിന്റെയൊക്കെ പൊരുൾ
ജീവിതത്തിൽ പകർത്താതെ, സ്വാംശീകരിക്കാതെ എന്ത് ചെപ്പടി വിദ്യ കാണിച്ചിട്ടും ഒരു
കാര്യോം ഇല്ല. ഭക്തിയും യുക്തിയും ഒരുമിച്ചു പോകുമോ? ഇല്ല... ഭക്തിയും
ബുദ്ധിയും ഒരുമിച്ചു പോകുമോ? കുറച്ച് ബുദ്ധിമുട്ടാണ്.
അതുപോലെ പണവും സാമാന്യബുദ്ധിയും ഒരുമിച്ചുണ്ടാവാൻ ഇത്തിരി പാടുപെടും. പക്ഷെ
യുക്തിയും ബുദ്ധിയും തീർച്ചയായും ഒരുമിച്ചു പോകും യുക്തിയും ഭക്തിയും ബുദ്ധിയും
നിങ്ങൾക്ക് ഒരുമിച്ചു കൊണ്ടുപോകാൻ പറ്റിയാൽ തീർച്ചയായും നിങ്ങൾക്ക്
ശാന്തിപൂർണ്ണമായ ഒരു ജീവിതം ഉണ്ടാകും.
കണി കണ്ടു കഴിഞ്ഞിട്ട് കൈനീട്ടം
എന്നൊരു പരിപാടിയുണ്ട്. ആളുകളുടെ ധാരണ എത്ര വലിയ കൈനീട്ടം കിട്ടുന്നോ അതോ
കൊടുക്കുന്നോ അത്ര വലുപ്പത്തിൽ സമ്പത്ത് ഉണ്ടാകുമെന്നാണ്. 100 രൂപ കൈനീട്ടം
കൊടുത്ത അമ്മാവനെ പുകഴ്ത്തിയും 1 രൂപ കൈനീട്ടം കൊടുത്ത മുത്തച്ഛനെ ഇകഴ്ത്തിയും
സംസാരിക്കാൻ നമ്മൾ പഠിച്ചു കഴിഞ്ഞു. അല്ലേ? പക്ഷേ ഇതും പ്രതീകാത്മകം
തന്നെയാണ്. കൊടുത്ത പണത്തിലല്ല, അതിന്റെ അർത്ഥങ്ങൾക്കാണ്
നാം വില കൊടുക്കേണ്ടത്. അർത്ഥങ്ങളറിയാതെ, കഴിയുന്നതും കാര്യങ്ങൾ
ചെയ്യാതിരിക്കുന്നതാണ് ബുദ്ധി.. കാരണം ആ സമയം പാഴാക്കാതെ അതിനു വേണ്ടി കാശ്
ചെലവാക്കാതെ നാലഞ്ച് പുത്തനുണ്ടാക്കുന്ന വല്ല കാര്യോം ചെയ്യാലോ?! നാരായണ
നാരായണ...
ഇതൊക്കെ
പോകട്ടെ... വടക്കേ മലബാറിൽ പശുക്കളെ വിഷുക്കണി കാണിക്കുന്ന ഒരു ചടങ്ങുണ്ട്. പശുവിന്
ഈ കാണിക്കുന്നത് വിഷുക്കണിയാണോ അതോ മറ്റുവല്ലതും ആണോ എന്നൊക്കെയുള്ള അറിവുണ്ടാകുമോ
എന്നെനിക്കറിയില്ല. പുലർച്ചേ തന്നെ വിളക്കും പച്ചക്കറികളുമൊക്കെയായി കണി കാണിക്കാൻ
തൊഴുത്തിൽ പോകും. പശുവാണെങ്കിലോ, ആകെ
പരിഭ്രമിച്ചെഴുന്നേറ്റ് ചാണകമൊക്കെ ഇട്ട്, മൂത്രമൊക്കെ ഒഴിച്ച്,
കൊച്ചുകുട്ടികൾ മിഴിച്ചു നോക്കുന്നത് പോലെ നോക്കും.
പക്ഷെ ഒരു കാര്യത്തിൽ പശു സന്തോഷിക്കും, കാരണം കണി വച്ച
ചക്കയും വെള്ളരിക്കയുമൊക്കെ പശുവിനുള്ളതാണ്. ഇതിലൊക്കെ വല്ല കാര്യോം ഉണ്ടോ?
കാര്യം ഇല്ലാതില്ല. നമുക്ക് പാലും ചാണകവുമൊക്കെത്തരുന്ന സാധുമൃഗമായ
പശുവിനോട് ബഹുമാനം കാണിക്കാനുള്ള ഒരു ചടങ്ങായെങ്കിലും കണ്ടുകൂടെ? പശുവിനോട് ബഹുമാനം കാണിച്ചാൽ മനുഷ്യന്റെ മാനം പോകുമോ? കണി കാണുന്ന സമയത്ത് മാത്രം ഭഗവദ്ഗീത വായിക്കുന്ന എത്രയോ പേര് ഉണ്ട്.
എന്നിട്ട് വീമ്പടിക്കും ഞാനും ഗീത വായിച്ചിട്ടുണ്ടെന്ന് !... ഇതാണ് ഇന്നത്തെ ലോകം... നാരായണ നാരായണ...
അയ്യോ...
വിഷുക്കണി കാണുന്നതിനെപ്പറ്റി പറയാനാണ് ഞാൻ വന്നത്... എന്നിട്ട് കാട് കേറി തത്വ
ശാസ്ത്രം പറഞ്ഞോണ്ടിരിക്ക്വാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടാകും... :) പറയേണ്ടതത്രയും പറഞ്ഞിട്ട് ഇനി
മാപ്പപേക്ഷിച്ചിട്ടെന്താ കാര്യം... പറഞ്ഞു പോയില്ലേ :)
അപ്പൊ ഇനി കണി കാണുമ്പോ ചെയ്യേണ്ട കാര്യങ്ങൾ പറയാം.. കണി
കാണാൻ ഇരുന്നാൽ, കണി വച്ച എല്ലാ
സാധനങ്ങളെയും എന്റെ ജീവിതത്തിൽ കിട്ടുമാറാകണേ എന്നൊന്നും പ്രാർത്ഥിച്ച് കളയരുത് അതൊക്കെ
വിഡ്ഡിത്തമാണ്. വാൽക്കണ്ണാടി മുന്നിൽ
കണ്ടു എന്ന് വച്ച് ചീർപ്പ് എടുത്ത് മുടി ചീകാൻ തുനിയരുത്. J ചെയ്യേണ്ടത് ഇതാണ്… സർവ്വ ഐശ്വര്യങ്ങളും
മനസ്സമാധാനവും പ്രദാനം ചെയ്യണേ എന്ന് ഉള്ളു തുറന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി.
മാത്രവുമല്ല ഈ പുതുവർഷാരംഭം തൊട്ട് ഞാൻ നല്ലത് മാത്രമേ ചെയ്യൂ എന്ന്
പ്രതിജ്ഞയെടുക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. വേറൊരു മന്ത്രം
ചൊല്ലിയില്ലെങ്കിലും 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന് കൂടി
ഉരുവിട്ടാൽ വളരെ നന്ന്. കാരണം മനുഷ്യന് ഒറ്റക്ക് ഒരു ജീവിതം ഇല്ല
തന്നെ. മറ്റുള്ളവർക്ക് സുഖം ഇല്ലാത്തിടത്തോളം നമുക്കും ശരിയായ സുഖം ഉണ്ടാവില്ല.
നാരായണ നാരായണ...
എന്നാൽ
പിന്നെ കണി കണ്ടില്ലേ... വേഗം പോയി പടക്കം പൊട്ടിച്ചോളൂ....
അല്ലെങ്കിൽ .വേണ്ട.. കലയുടെ മാലപ്പടക്കത്തിന് തീ കൊടുക്കാൻ ചില കലാകാരന്മാർ
തയ്യാറായി നിപ്പുണ്ട്...ആസ്വദിക്കൂ ട്ടോ..... നാരായണ
നാരായണ...
(വീണ്ടും
കലാപരിപാടികൾ....)
5. വിരാട സംഗ്രഹം
(കാഥികൻ
അവസാനവട്ടം അരങ്ങത്തു വരുന്നു. ഇവിടെ അവസാനത്തെ പരിപാടിയായ 'വിരാടം' എന്ന നാടകത്തെക്കുറിച്ച്
ഒരു സംഗ്രഹം കൊടുക്കുന്നു.)
അങ്ങനെ
നിങ്ങൾ കണിക്കൊന്ന പറിച്ചു, കണി വെച്ചു, കണി കണ്ടു.... പടക്കം പൊട്ടിച്ചു... കുറെ പുതിയ അറിവുകൾ നേടി... ഇനിയെന്താ
എന്ന് എന്നോട് വല്ല ചോദ്യവും ഉണ്ടോ? എന്തായാലും ഇനിയാണ് പ്രധാനപ്പെട്ട സദ്യ വരാൻ പോകുന്നത്. എന്താ ദ് കഥ...
എന്നാണോ? സദ്യ
ഇപ്പൊ കഴിച്ചതല്ലേ ഉള്ളൂ.. വീണ്ടും ശാപ്പാടോ എന്നായിരിക്കും... J എന്നാൽ
ശപ്പാടല്ല... ഈ വർഷം നിങ്ങൾക്കായി ഒരു പ്രത്യേക വിരുന്ന് തന്നെ നമ്മൾ
ഒരുക്കിയിട്ടുണ്ട്. ആകാംക്ഷയുണ്ടോ? ... ഞാൻ പറയാം അതാണ് 'വിരാടം'. തിരുവരങ്ങ് - ന്യൂ ജെഴ്സി, അണിയിച്ചൊരുക്കുന്ന
നാടകം.
ഈ
നാടകത്തിന്റെ കഥാസംഗ്രഹം നിങ്ങൾക്കറിയോ? കഥയറിയാതെ ആട്ടം കാണണോ? J കഥ മുഴുവൻ
അറിഞ്ഞാൽ പിന്നെ ആട്ടം എന്തിനാ കാണുന്നെ അല്ലെ? J നിങ്ങൾക്ക് കഥ നന്നായി മനസ്സിലാകുവാൻ, സംഭവം കൂടുതൽ
ഗ്രഹിക്കാൻ, ഞാൻ കഥ ചുരുക്കി പറയാം. ഈ കൂടിയിരിക്കുന്നവരിൽ ആരൊക്കെ എം. ടി യുടെ 'രണ്ടാമൂഴം' എന്ന നോവൽ
വായിച്ചിട്ടുണ്ട്? എം ടിയെ അറിയാമായിരിക്കുമല്ലോ... എം ടി വാസുദേവൻ നായർ. മലയാളത്തിൽ ഉണ്ടായിട്ടുള്ള
ഒരു മഹത്തായ നോവലാണ് രണ്ടാമൂഴം. എന്താണ് രണ്ടാമൂഴത്തിന്റെ പ്രത്യേകത? അവിടെയാണ് എം ടി യുടെ
പ്രസക്തി. നമ്മുടെ ഇതിഹാസങ്ങളെയും ചരിത്രത്തെയും ഇത്രയേറെ വേറിട്ട വീക്ഷണകോണിൽ
വീക്ഷിച്ച ഒരു സാഹിത്യകാരൻ മലയാളത്തിലോ ഇന്ത്യയിൽത്തന്നെയോ വേറെയില്ല.
രണ്ടാമൂഴത്തിൻറെ ഏറ്റവും മഹത്തായ വിജയം അത് വായനക്കാരനെ ചിന്തിക്കാൻ
പ്രോഹത്സാഹിപ്പിക്കുന്നു എന്നിടത്താണ്.
മഹാഭാരതത്തിലെ
ചില ഏടുകളെ, പ്രത്യേകിച്ച് പാണ്ഡവരുടെ
അജ്ഞാതവാസക്കാലത്തെ വിരാടരാജ്യത്തുള്ള ഒരു ഭാഗത്തെ, പഞ്ചപാണ്ഡവരിൽ
രണ്ടാമനായ ഭീമന്റെ വീക്ഷണകോണിലൂടെ അവതരിപ്പിക്കുകയാണ് എം ടി രണ്ടാമൂഴത്തിൽ
ചെയ്യുന്നത്. രണ്ടാമന്റെ ഊഴമാണ് രണ്ടാമൂഴം. മറ്റൊരാളും കാണാത്ത, ചിന്തിക്കാത്ത ഒരു അന്വേഷണ ചാതുര്യത്തോടെയാണ് എം
ടി രണ്ടാമൂഴം തുടങ്ങുന്നത്. ആസ്വാദക മനസ്സുകകളെ ഉദ്ദീപിപ്പിക്കുകയും സ്വന്തം മനസാക്ഷിക്ക്
നേരെ ചോദ്യങ്ങൾ എറിയാൻ ഉതകുന്ന കഥാസന്ദർഭങ്ങളും ഈ നോവലിൽ ഉടനീളം ഉണ്ട്.
എം
ടിയുടെ കണ്ണിൽ, നമ്മുടെ ഭീമന്റെ അവസ്ഥ സത്യത്തിൽ
ദുഃഖം നിറഞ്ഞതായിരുന്നു. ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ഠന് മാറ്റി
വച്ചിട്ടുള്ളതാണ് എന്ന അറിവോടെ തന്നെ വളരുന്ന ഭീമന്‍. സ്വയം എടുത്തണിഞ്ഞ മന്ദന്‍
പരിവേഷം… കഴിവുണ്ടെങ്കിലും, തേരോട്ടത്തിലോ
അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്ത, അതില്
പരിശീലിപ്പിക്കാത്ത ഗുരു... തടിയന്‍
മന്ദന്‍ ഗദ പഠിച്ചാല്‍ മതി... , ഷണ്ഡൻ പാണ്ഡുവിൻറെ മകൻ
എന്നൊക്കെയുള്ള വ്യക്തിത്വപ്രതിസന്ധി
അനുഭവിക്കുന്ന കൌമാരം.... ആരോടും പരിഭവം പറയാതെ മന്ദന്‍ വേഷം സ്വയം ഏറ്റെടുക്കുന്ന ഭീമന്റെ.. ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ട
ഭീമന്റെ.. വേറിട്ട ഒരു വ്യക്തിത്വം ഇവിടെ കാണാൻ പറ്റും...
പാഞ്ചാലിയുടെ ആഗ്രഹപൂരീകരണത്തിന്ന് കല്യാണസൌഗന്ധികം തേടിപ്പോയതും, പാഞ്ചാലിയുടെ ശപഥം നിറവേറ്റാൻ കുരുക്ഷേത്രയുദ്ധത്തിൽ ദുഃശ്ശാസനന്റെ മാറ് പിളർന്നു ചോരയോഴുക്കിയതും, അവസാനം, കൌരവരാജാവ് ദുര്യോധനനെ കൊന്ന് രാജ്യം തിരിച്ചു പിടിച്ചതുമൊക്കെ ഭീമനാണെങ്കിലും വീരസ്യം കാണിക്കാതെ വെറും രണ്ടാമനായി ഒതുങ്ങിക്കൂടുകയായിരുന്നു ഭീമൻ.
പാഞ്ചാലിയുടെ ആഗ്രഹപൂരീകരണത്തിന്ന് കല്യാണസൌഗന്ധികം തേടിപ്പോയതും, പാഞ്ചാലിയുടെ ശപഥം നിറവേറ്റാൻ കുരുക്ഷേത്രയുദ്ധത്തിൽ ദുഃശ്ശാസനന്റെ മാറ് പിളർന്നു ചോരയോഴുക്കിയതും, അവസാനം, കൌരവരാജാവ് ദുര്യോധനനെ കൊന്ന് രാജ്യം തിരിച്ചു പിടിച്ചതുമൊക്കെ ഭീമനാണെങ്കിലും വീരസ്യം കാണിക്കാതെ വെറും രണ്ടാമനായി ഒതുങ്ങിക്കൂടുകയായിരുന്നു ഭീമൻ.
കാലങ്ങളായി
മലയാളിയുടെ മനസ്സിലുണ്ടായിരുന്ന ചന്തുവിൻറെ പ്രതിച്ഛായ മാറ്റി വരച്ച എം ടി, ഭീമന്റെ
പ്രതിച്ഛായയും ഇവിടെ ഭംഗിയായി മാറ്റിമറിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള ഭീമന്റെ വേറിട്ട
വ്യക്തിത്വത്തിന്റെ നടകാവിഷ്കാരമാണ് 'വിരാടം'. നിങ്ങൾ തീർച്ചയായും ആസ്വദിക്കും..
കണ്ടു നോക്കൂ.... J
***ശുഭം***