2013, ഒക്‌ടോബർ 13, ഞായറാഴ്‌ച

എന്റെ കേരളം എത്ര സുന്ദരം

(മറുനാട്ടിൽ വളരുന്ന ഞങ്ങൾക്ക് നാട്ടിലെ വലിയ വലിയ ആഘോഷസമയങ്ങളെല്ലാം സുഹൃത്തുക്കൾ ഒത്തുചേരുന്ന സമയമാണ്. ആ സമയത്ത് ഞങ്ങൾ പലതരം കലാവിനോദങ്ങളിലും ഏർപ്പെടാറുണ്ട്. ഈ പറഞ്ഞപോലൊരു  ഓണ സമയത്ത് (ഓണം 2012) ഞങ്ങൾ ഞങ്ങളുടെ കൂട്ടത്തിലുള്ള എല്ലാ മുതിർന്ന കുട്ടികളോടും അവരുടെ മനസ്സിലുള്ള കേരളത്തെക്കുറിച്ചു ചില കാര്യങ്ങൾ പറയുവാൻ ചട്ടം കെട്ടി. അതിൽ എന്റെ മകളായ പാർവ്വതിക്ക്(2012 ൽ പ്രായം 8) പറയുവാൻ വേണ്ടി ഞാൻ എഴുതിക്കൊടുത്ത ഭാഗമാണ് താഴെ കൊടുത്തിട്ടുള്ളത്. )
 
ശ്രീ

കേരളം. കേരളം എന്റെ ജന്മ നാടാണ് . കേരളത്തിലെ തലശ്ശേരി എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തെ എനിക്ക് വളരെ ഇഷ്ടമാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു എനിക്ക് പരിചയമില്ലെങ്കിലും എനിക്കറിയാവുന്ന കേരളത്തെക്കുറിച്ച് കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ പറയാം.

അവിടെ എന്നെ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ട്. ഞാൻ അവിടെ എത്താൻ വേണ്ടി കാത്തു കാത്തിരിക്കുന്ന എന്റെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഉണ്ട്. എന്റെ അമ്മാവന്മാരുടെ മക്കളുണ്ട്. ഇതൊക്കെക്കൊണ്ട് കേരളത്തിൽ എത്തിച്ചേരുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തരം സന്തോഷം തോന്നാറുണ്ട്.

എന്റെ ജന്മ ദേശം വളരെ ഭംഗിയുള്ളതാണ്. അവിടുത്തെ മാവും പ്ലാവും പുളിയും, കവുങ്ങും തെങ്ങും ഒക്കെ കൂടി അതിനെ കൂടുതൽ മനോഹരമാക്കുന്നു. ദിവസവും ഇളനീര് കുടിക്കാൻ കിട്ടുന്ന വേറെ ഒരു സ്ഥലവും വേറെ ഇല്ല.

അവധിക്കു കേരളത്തൽ പോയാൽ മാങ്ങ തിന്നും ചക്ക തിന്നും കശുവണ്ടി പെറുക്കിയും ഒക്കെ തൊടിയിലൂടെ കണ്ണാരം പൊത്തിക്കളിക്കാനും ഓടിച്ചാടിക്കളിക്കാനും എനിക്ക് തിരക്കാണ്. അവിടെ ഞങ്ങളുടെ വീട്ടിലെ പൈക്കളോടൊത്തും പൂച്ചക്കുഞ്ഞുങ്ങളോടൊത്തും കിന്നാരം പറഞ്ഞു കളിക്കാൻ എനിക്ക് കൊതിയാണ്.

അവിടത്തെ പച്ചപ്പ്‌ നിറഞ്ഞ വിശാലമായ പാടങ്ങൾ കണ്ണിനു ഒരു കുളിർമയാണ്. രാവിലെ എഴുന്നേറ്റാൽ  തൊടിയിലെ അണ്ണാരക്കണ്ണനും മൈനയും വണ്ണാത്തിപ്പുള്ളും ഓലവാലൻ കിളിയും തത്തമ്മയും ഒക്കെ കൂടി വലിയ ബഹളമായിരിക്കും. അണ്ണാരക്കണ്ണന്റെ പിന്നാലെ ഓടിയാൽ അത് തിരിച്ചു വഴക്ക് പറയുന്നത് കേള്ക്കാൻ എനിക്കിഷ്ടമാണ്.

കേരളത്തിൽ ഞാൻ പോയിട്ടുള്ള മൂന്നാർ മനോഹരമായ ഒരു മലനാടാണ്. തേയിലത്തോട്ടങ്ങളും കോടമഞ്ഞും അരുവികളും പാറക്കൂട്ടങ്ങളും ഒക്കെയായി അവിടെ നിന്ന് തിരിച്ചു വരാൻ തോന്നില്ല.  കുട്ടനാട്ടിൽ പോയാലോ, തികച്ചും വ്യത്യസ്തമായ കാഴ്ചയായിരിക്കും. ചുറ്റുപാടും വെള്ളവും നീർകാക്കകളും കെട്ടുവഞ്ചിയും ഒക്കെയായി ഒരു മനോഹരമായ സ്ഥലം. പുരാതന ക്ഷേത്രങ്ങളും കോട്ടകളും പോലെ മനോഹരങ്ങളായ നിർമ്മിതികൾ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.

അവിടെ ഞങ്ങൾ ആഘോഷിക്കുന്ന ഓണവും വിഷുവും കൃസ്തുമസ്സും ഒക്കെ വളരെ വേറിട്ടതാണ്. അവിടുത്തെ സദ്യയെപ്പറ്റി ആലോചിച്ചാൽ നാവിൽ വെള്ളം ഊറാതെ തരമില്ല. ഓണത്തിന് പൂ പറിക്കാൻ പോകുന്നതും വിഷുവിനു രാവിലെ എഴുന്നേറ്റു കണി കണ്ടു മുത്തശ്ശനും മുത്തശ്ശിയും കൈനീട്ടം തരുന്നതും പൂത്തിരി കത്തിക്കുന്നതും ഒക്കെ എനിക്ക് ഈ അമേരിക്കയിൽ ഒരിക്കലും ഓർക്കാൻ കൂടി കഴിയില്ല.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മുത്തശ്ശൻ രാമായണം കഥ പറഞ്ഞു തരാറുണ്ട്‌. മുത്തശ്ശി പഴയ പാട്ടുകളും മുത്തശ്ശിക്കഥകളും ചൊല്ലിത്തരാറുണ്ട്. ആ കഥകളും പാട്ടുകളും ഞാൻ ഇന്നുവരെ മറന്നിട്ടില്ല.

ഇതൊക്കെ കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചു വരാറാകുമ്പോൾ വല്ലാത്ത ഒരു സങ്കടമാണു. മുത്തശ്ശന്മാരെയും  അമ്മാവന്മാരെയും അണ്ണാരക്കണ്ണന്മാരെയും ഒക്കെ വിട്ടു വരാൻ തീരെ മനസ്സ് തോന്നില്ല.

ഈ പറഞ്ഞതൊക്കെ കൂടിച്ചേർന്നാൽ എന്റെ മനോഹരമായ കേരളമായി. നന്ദി. നമസ്കാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ