2019 ജനുവരി 7, തിങ്കളാഴ്‌ച

തമസോമാഃ ജ്യോതിർ ഗമയഃ

അങ്ങനെ എന്തായാലും നവോത്ഥാനത്തിന് നാന്ദി കുറിച്ചു. തീർച്ചയായും വേണ്ടത് തന്നെയായിരുന്നെങ്കിലും, ഭരണാധികാരിക്ക് ഇത്തിരി അഹങ്കാരം കൂടിയതിനാൽ, ഒരു വേറിട്ട വഴിയിലൂടെ, ഹിന്ദുവിന്റെ പള്ളയിലൂടെ കറുത്ത തുണി ചുറ്റി പിൻവാതിലിലൂടെ ശബരിമലയിൽ യുവതികളെ കയറ്റി തുടക്കമിട്ടു.... ക്രമേണ അവരുടെ എണ്ണം കൂടുമായിരിക്കും... വാർഷിക വരുമാനവർദ്ധനവിനും തീർച്ചയായും നല്ലതാണ്. കൂടാതെ ഒരഞ്ഞൂറേക്കർ കാടെങ്കിലും, പരിസരത്ത് വൃത്തിയില്ലെങ്കിലും നമുക്ക് കൂടുതലായി വെളുപ്പിക്കാനും പറ്റും. സുപ്രീം കോടതി അടിച്ച വടി തിരിച്ചെടുത്ത് കളയുമോ എന്നാണ് ഇനിയുള്ള പേടി.
നവോത്ഥാനം ഇവിടെയങ്ങ് നിർത്താമോ? നോനോ... ഇനി എന്തൊക്കെ ബാക്കി കിടക്കുന്നു.... ദൈവത്തിനോട് വളരെയടുത്ത് നിൽക്കുന്ന മുസ്‌ലിം സഹോദരന്മാരിലും നമുക്ക് ഒരു മാറ്റമൊക്കെ ഉണ്ടാക്കണ്ടേ? പർദ്ദയിട്ട് കണ്ണിന് മാത്രം കാറ്റ് കൊള്ളിക്കുന്ന മഹിളകളും അത്യാവേശത്തോടെ മതിലിലെ വിള്ളലുകളിൽ കയറിക്കൂടി ഓട്ടയടക്കുന്നത് നമ്മൾ കണ്ടതല്ലേ? ശബരിമലയുടെ പശ്ചാത്തലത്തിൽ കെട്ടിയ നവോത്ഥാനമതിലിൽനിന്ന് തുടങ്ങിയതിനാൽ മുസ്‌ലിം വനിതകളുടെ നവോത്ഥാനവെടിക്കെട്ട് വാവർ പള്ളിയിൽ നിന്ന് തുടങ്ങിയാലോ? മടക്കിവച്ച കിത്താബിൽ അമർന്ന് പോയ സ്ത്രീ ബാങ്ക് വിളിയും വേണമെങ്കിൽ അവിടെ നിന്ന് തന്നെ തുടങ്ങാം, പക്ഷേ നിർബന്ധമില്ല കേട്ടോ... ആ പിന്നെ എവിടുന്നോ എടുത്ത് കൊണ്ടുവന്ന ആ തിരുമുടിയില്ലേ... അത് തീർച്ചയായും കത്തിച്ച് നോക്കണം. അമ്മയാണേ സത്യം... ആ മുടി, മുടി തന്നെയാണെങ്കിൽ, അത് കത്തിയില്ലെങ്കിൽ പിണറായി മുഖ്യമന്ത്രിയാണേ സത്യം.... ഞാനും എന്റെ കുടുംബവും... അല്ലേ വേണ്ട കുടുംബം സ്വയം തീരുമാനിക്കട്ടെ.... ഞാൻ മുറിമംഗലം കഴിച്ച് മുസ്ലീമാകാൻ പൊന്നാനിയിൽ വരും..... പിന്നെ മതം ബാക്കിയുള്ളവരിൽ പടർത്താൻ അഹോരാത്രം പണിയെടുക്കും.. ഇത് കൊക്കോടന്റെ വാക്കാണ് 🙂
ക്രിസ്ത്യാനികളെയും അങ്ങനെ വിടാമോ.... അങ്ങേയറ്റം പുരോഗമിച്ച മതമെന്ന് ക്രിസ്ത്യാനികൾ സ്വയം അഭിമാനം കൊള്ളുന്ന അവിടെയും ചിലതൊക്കെ ബാക്കിയില്ലേ? ആദ്യം തന്നെ ക്രിസ്ത്യാനികൾ എന്നവകാശപ്പെടുന്ന നൂറ്റെട്ട് വിഭാഗക്കാരും ബൈബിൾ തന്നെയാണോ അവരുടെ അടിസ്ഥാനം എന്ന് ഉറപ്പിക്കണം. ബൈബിൾ തന്നെയാണ് അടിസ്ഥാനമെങ്കിൽ ചിതറിക്കിടക്കുന്ന നൂറ്റെട്ട് വിഭാഗങ്ങളും യോജിച്ച് ഒരു കുടക്കീഴിൽ അണിനിരക്കണം. അല്ലെങ്കിൽ ബൈബിളിന്റെ നൂറ്റെട്ട് വിവിധപതിപ്പുകളിറക്കണം. അല്ലെങ്കിൽ പിന്നെ 'പുരോഗമിച്ചു' എന്ന മാനസികാവസ്ഥ പിൻവലിക്കണം. ഈ നൂറ്റെട്ട് ബൈബിളിന്റെ കാര്യം നൂറ്റെട്ട് ഖുറാനായി മുസ്ലീമുകൾക്കും ബാധകമാണ് കേട്ടോ.... ഓ ക്രിസ്ത്യാനിക്ക് വേണ്ടി മാറ്റിവച്ച ഖണ്ഡികയാണ്... അപ്പോ ക്രിസ്ത്യാനികൾ മിനിമം ഒരു കാര്യം കൂടി ചർച്ചക്കെടുക്കണം. സ്ത്രീ കുർബാനകുമ്പസാരങ്ങൾ കൂടി നടത്തിയാൽ സ്വർഗ്ഗവാതിലിൽ വിള്ളലുകൾ ഉണ്ടാവുമോ എന്ന് കൂടി പരിശോധിക്കണം.
അപ്പോ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. അല്ലേ... അല്ലെങ്കിൽ ഇപ്പോ നവോത്ഥാനത്തിന് തുടക്കമിട്ട ഹിന്ദുക്കൾ ആരാകും... ആരാകും.... അങ്ങനെയാക്കരുത് കേട്ടോ. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും അങ്ങ് നന്നായാൽ ബാക്കി ബുദ്ധജൈനസിക്ക് മതങ്ങൾ നന്നായില്ലെങ്കിലും നമുക്കങ്ങ് വെറുതെ വിട്ടുകളയാൻ... വെറും ചെറീയ ശതമാനമല്ലേ ഉള്ളൂ.. പാവങ്ങൾ,, എങ്ങനെയെങ്കിലും ജീവിച്ച് തുലയട്ടെ !!

വേണ്ട സമയത്ത് കാര്യഗൗരവബോദ്ധ്യങ്ങളുണ്ടായിരുന്നെങ്കിൽ...

വേണ്ട സമയത്ത് കാര്യഗൗരവബോദ്ധ്യങ്ങളുണ്ടായിരുന്നെങ്കിൽ...
എന്തൊക്കെയായായലും, ഏതൊക്കെ തരത്തിലുള്ള ആളുകൾ അന്യായം കൊടുത്തിട്ടായാലും, ഭാരതീയ ദൈവസങ്കല്പവിധികൾ എങ്ങനെയായിരുന്നാലും, എല്ലാ ആചാരാനുഷ്ഠാനങ്ങളിലും യുക്ക്തിയുണ്ടാവണമെന്ന് നിർബന്ധമില്ലെങ്കിലും, പത്ത് പന്ത്രണ്ട് വർഷങ്ങളോളം കാര്യങ്ങളുടെ സ്ഥിതി വിശകലനം ചെയ്തതിന് ശേഷം, നാലഞ്ച് കാര്യവിവരമുള്ളവർ ജനാധിപത്യ സംവിധാനത്തിലെ പരമോന്നതനീതിപീഠത്തിന്റെ മേൽവിലാസത്തിൽ എടുത്ത ഒരു തീരുമാനം, യുക്തിപരമായി ചിന്തിച്ചാൽ ശരിയാണെന്ന് ആചാരവാദികൾ പോലും സമ്മതിക്കുന്ന ഒരു തീരുമാനം, മറ്റു മതസ്ഥർ അവരുടെ ദുരാചാരങ്ങൾ മാറ്റാത്തത് കൊണ്ട് മാത്രം ആചാരവാദികൾ സമ്മതിച്ച് തരാത്ത ഒരു തീരുമാനം, ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു തീരുമാനം, ആർത്തവം അടിസ്ഥാനമാക്കിയുള്ള നൈഷ്ഠികബ്രഹ്മചര്യമെന്നത് ഒരുതരം ഭോഷ്കാണെന്ന തീരുമാനം, സാക്ഷാൽ ദൈവസങ്കല്പം പോലും അംഗീകരിക്കുമെന്ന് ഉറപ്പുള്ള ഒരു തീരുമാനം, ആദ്യക്ഷണത്തിൽത്തന്നെ സ്വമേധയാ വിശ്വാസികളെന്ന് മുറവിളി കൂട്ടുന്ന സമൂഹം അംഗീകരിച്ചിരുന്നെങ്കിൽ... ശനി ശിംഗ്‍നാപ്പൂരിലെ മാതൃക ഇവിടെയും കടുംപിടുത്തം കൂടാതെ, പേശി പെരുപ്പിക്കാതെ സ്വീകരിച്ചിരുന്നുവെങ്കിൽ....
സ്വീകരിച്ചിരുന്നുവെങ്കിൽ, അംഗീകരിച്ചിരുന്നെങ്കിൽ... ആറെസ്സെസ്സിനും ബിജെപിക്കും കോൺഗ്രസ്സിനും മാറിമാറി ഭക്തരുടെ ആർദ്രവികാരങ്ങളുടെ മൂർച്ച കൂട്ടിക്കൂട്ടി കുരങ്ങ് കളിപ്പിച്ച് പത്ത് വോട്ടും നാല് സീറ്റും തരപ്പെടുത്താമെന്ന മോഹം ഉദിക്കില്ലായിരുന്നു... ഇസ്‌ലാമിന്റെയടുത്തും ക്രിസ്ത്യാനികളുടെയടുത്തും പ്രീണനം നടത്തി, ഹിന്ദു എന്ന സ്വതന്ത്രനിർവ്വികാരജീവികളെ ജാതിയുടെ പേരിലും ഗോത്രത്തിന്റെ പേരിലും വിഭജിച്ച്, ഹിന്ദുവിന്റെ മാത്രം ദുരാചാരങ്ങളെ മാത്രം ഭൂതക്കണ്ണാടിയിലൂടെ കണ്ട്, ഹിന്ദുവിന്റെ മേൽ കുതിരകയറി നാല് വോട്ട് നാല്പതാക്കാമെന്ന വിചാരം സിപിഎമ്മിന് ഉണ്ടാകില്ലായിരുന്നു... കയ്യിൽ കിട്ടിയ ശവങ്ങൾ കാണിച്ച് അഞ്ചാറ് ഹർത്താലുകൾ ഉണ്ടാകില്ലായിരുന്നു... ശരണം വിളിക്കുന്ന നാക്ക് കൊണ്ട് ഭക്തസമൂഹം തെറി വിളിക്കില്ലായിരുന്നു... ഭക്തികൊണ്ട് സാത്വികത കൂടിയ ഭക്തർക്ക് ആസുരസ്വഭാവം കൈവരില്ലായിരുന്നു... ഇരുമുടി ചുമലിലൂടെ ഉരുണ്ട് താഴേക്ക് വീഴില്ലായിരുന്നു... 'ജയ് ശ്രീരാം' എന്നത് മുദ്രാവാക്യമായി മാറിയത് പോലെ 'സ്വാമി ശരണ'വും നാമജപവും ഒരു മുദ്രാവാക്യമായി മാറില്ലായിരുന്നു... വനിതകളുടെ ഉന്നമനത്തിന് വകയിരുത്തിയ പണം, ലാപ്സായിപ്പോകുമെന്ന പൊട്ടന്യായം പറഞ്ഞ്, വനിതകളുടെ നവോത്ഥാനത്തിനെന്ന പേരിൽ, അടിമത്തത്തിന്റെ / അടിച്ചമർത്തലിന്റെ മുദ്രയായ പർദ്ദകളണിഞ്ഞ വനിതകളെ തെരുവിൽ കൈകോർത്ത് പിടിപ്പിച്ച്, വേർതിരിവിന്റെ പര്യായമായ മതിൽ കെട്ടിക്കാൻ പിണറായി മുതിരില്ലായിരുന്നു... ബിജെപിയുടെ മസിൽ പിടുത്തത്തിന് ബദലായി, അന്ധകാരത്തിന്റെ മറവിൽ പെണ്ണുങ്ങളെ മുഖവും രൂപവും മാറ്റി, കള്ളന് കഞ്ഞി വെക്കുന്നതിനെന്നപോലെ, സന്നിധാനത്ത് എത്തിക്കേണ്ട സ്ഥിതി ഉണ്ടാകില്ലായിരുന്നു... തെരുവിൽ 'ദൈവത്തിന്റെ' പേര് പറഞ്ഞ് കലാപമുണ്ടാകില്ലായിരുന്നു... ഇതിലൊന്നും ഭാഗഭാക്കാകാതിരിക്കുന്നവന് അനാവശ്യനഷ്ടങ്ങൾ ഉണ്ടാകില്ലായിരുന്നു... ജീവനുകൾ പൊലിയില്ലായിരുന്നു... ഭക്തിയുടെ പേരിൽ ആത്മാഹുതികൾ ഉണ്ടാകില്ലായിരുന്നു... യൗവ്വനയുക്തകളായ പെണ്ണുങ്ങൾ കയറി അശുദ്ധമാക്കിയ തിരുസ്ഥലം, തന്ത്രിക്ക് നടയടച്ച് അരമണിക്കൂർ 'നീണ്ട' 'ശുദ്ധികലശം' നടത്തേണ്ടിവരില്ലായിരുന്നു... ഇനി മുസ്‌ലീം പള്ളികളിലും സ്ത്രീകൾ ഉടനെ കയറിയേക്കാം എന്ന ഭീതി യാഥാസ്ഥിതികന്മാർക്ക് ഉണ്ടാകുമായിരുന്നു... വെള്ളത്തിലിട്ടു കുതിർത്ത് വച്ച തിരുമുടി തിരുകിക്കയറ്റി പള്ളിയുണ്ടാക്കാൻ കാന്തപുരം ഒന്ന് കൂടി ആലോചിക്കുമായിരുന്നു... പള്ളിയിൽ ബാങ്ക് കൊടുക്കാൻ കിത്താബിന് കൂടുതൽ സ്വീകരണം ഉണ്ടാകുമായിരുന്നു... സിസ്റ്റർ ലൂസിയെപ്പോലെ, സിസ്റ്റർ അനുപമയെപ്പോലെ കൂടുതൽ കന്യാസ്ത്രീകൾ ആവേശത്തോടെ സഭയുടെ അടിച്ചമർത്തലുകൾക്കെതിരേ അരങ്ങത്ത് വരുമായിരുന്നു... ഫ്രാങ്കോമാർക്കെതിരേ പ്രത്യക്ഷത്തിൽ നടപടികൾ ഉണ്ടാകുമായിരുന്നു... ഇതരന്മാർ മാറിയില്ലെങ്കിലും ഇതരന്മാർക്ക് മാതൃകയാകാമായിരുന്നു... കുർബ്ബാന നടത്താനും കുമ്പസാരം നടത്താനും സ്ത്രീകൾ മുന്നോട്ട് വരുമായിരുന്നു... യൂണിഫോം സിവിൽ കോഡിലേക്ക് നമുക്ക് കൂടുതലെളുപ്പത്തിൽ എത്താമായിരുന്നു...
എല്ലാം തുലഞ്ഞില്ലേ... തുലച്ചില്ലേ... ആചാരങ്ങൾ അനാചാരങ്ങളായാലും അല്ലാതായാലും ആചാരം തന്നെയാണ്... മതം തന്നെയാണ്, ഇല്ലാത്ത ദൈവം തന്നെയാണ് വലുതെന്ന് ഓരോമനസ്സിലും വിത്തിടുകയല്ലേ ചെയ്യുന്നത്? മനുഷ്യന്റെ ക്ഷേമമോ... കർഷകന്റെ ആത്മഹത്യയോ... മറ്റ് ജീവജാലങ്ങളുടെ നിലനില്പോ... കൂരയില്ലാത്തവന്റെ പാർപ്പിടമോ... ആഗോള താപനമോ.. അടിസ്ഥാന വികസനമോ... സ്വച്ഛഭാരതമോ... ഭാവി തലമുറയെ വാർക്കലോ.. ഒന്നുമല്ല നമ്മുടെ പ്രധാന വിഷയം എന്ന് നമ്മൾ ഓരോ ശ്വാസത്തിലും വിളിച്ച് പറയുകയല്ലേ ചെയ്യുന്നത്....?... യുക്തിയും തത്വചിന്തയും വിവരാന്വേഷണവും പുരോഗമനവും വിളിച്ചു പറയുന്നവർ കൂടുതൽ ഒറ്റപ്പെടുകയല്ലേ ചെയ്യുന്നത്? ആര് ആരോടാണ് യുദ്ധം ചെയ്യുന്നത്? ആര് എന്താണ് നേടുന്നത്? പൊതു ജനത്തിന് ഇനിയും മനസ്സിലായില്ലേ ഈ രാഷ്ട്രീയവും മതവും ജാതിയും പറഞ്ഞ് നേതാവാകുന്നവർ എന്താണ് ചെയ്യുന്നതെന്ന്? പരസ്പരം താൻപോരിമയും വാശിയും കാണിച്ച് തന്ത്രജ്ഞതയോ ദീർഘവീക്ഷണമോ ഇല്ലാത്ത നേതാക്കളുടെ വെറും വാഗ്ധോരണികളാൽ വശംവദരാകുന്ന, ഇഷ്ടപ്പെടുന്ന നേതാവിന്റെ തോന്ന്യാസങ്ങളെ വിന്യാസങ്ങളാക്കുന്ന ഭക്തന്മാരേ, പ്രളയം വന്നിട്ടും കാര്യം പഠിക്കാത്ത നിങ്ങൾ എന്ന് സത്യങ്ങൾ തിരിച്ചറിയും?
അല്ല... ആത്മാഹുതി ചെയ്യാൻ തീരുമാനിച്ചവനെ, കാര്യം മനസ്സിലാക്കാതെ പിന്തിരിപ്പിച്ചിട്ടെന്ത് കാര്യം? അല്ലേ... ?? രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും കലക്കിക്കലക്കി കാര്യങ്ങൾ കൂടുതൽ കലക്കട്ടെ... നമുക്ക്, അവർക്ക് രുചിക്കാൻ പാകത്തിൽ ഇടക്കിടക്ക്, ഊഴം വച്ച്, ആ കലക്കലിൽ തെന്നി വീണെന്ന ഭാവേന, അവർക്ക് രുചികരമായ വിഭവമായി മാറിടാം... അവരെങ്കിലും കൊഴുക്കട്ട... ചുരുങ്ങിയത്, നമുക്ക് വിവരമുണ്ടെന്നുള്ള വിചാരമെങ്കിലും ഉണ്ടല്ലോ.. അത് മതി ! ഇതൊക്കെ കാണുമ്പോഴാണ് 'മതവും രാഷ്ട്രീയവും കൊടികുത്തി വാഴുന്നിടത്ത് സമാധാനമില്ല, സമാധാനമുള്ളിടത്ത്, മതവും രാഷ്ട്രീയവും 'കൊടികുത്തി'ക്കാണില്ല' എന്ന സംഹിതയോട് കൂടുതൽ അടുത്തുപോകുന്നത് !!
കുറിപ്പ്: ആർഷഭാരതക്ഷേത്രസംസ്കാരത്തിൽ, ക്ഷേത്രം പ്രാർത്ഥനാസ്ഥലമല്ലെന്നനും ദേവന്റെ സ്വകാര്യസ്ഥലമാണെന്നും, വേണ്ടവർ മാത്രം അവിടെ പോയാൽ മതിയെന്നും, ആർത്തവം നൈഷ്ഠികബ്രഹ്മചര്യത്തിന് അടിസ്ഥാനമല്ലെന്നും ഉള്ള വാദങ്ങൾ മനസ്സിലാക്കിത്തന്നെ പറയട്ടെ, ദൈവം പൊറുക്കില്ല ഈ വാദങ്ങളോട്.
Published on Naaraayam FB on: 

ഹർത്താലിൽ കുടുങ്ങിയ ശബരിമല

മാറ്റം നല്ലതാണെന്ന് ബോദ്ധ്യമുണ്ടായിട്ടും മറ്റുള്ളവർ തിരുത്താത്തത് കൊണ്ട് മാത്രം സ്വയം മാറാത്തത് മൂഡ്ഡമാണ്. സാഹചര്യങ്ങളൊരുങ്ങുമ്പോൾ മറ്റുള്ളവരെ നോക്കാതെ തിരുത്തിത്തിരുത്തി മുന്നേറാം. സമയമെടുത്താണെങ്കിലും നാം കണ്ടില്ലെങ്കിലും, ഇന്ന് തിരുത്താത്തവരും ഒരു ദിവസം തിരുത്തും. കാലം തിരുത്തിക്കും.. നല്ലൊരു തിരുത്തിന് അറിയാതെയെങ്കിലും വിധേയമായെങ്കിൽ അതിൽ സന്തോഷിക്കുക.. കാലചക്രം പിന്നിലോട്ടു തിരിക്കാനോ, മുന്നിലോട്ടു കറങ്ങുന്നത് പിടിച്ച് നിർത്താനോ വേണ്ടി പേശികൾ പെരുപ്പിക്കുന്നവർ ആദ്യം മുന്നേറുമെന്ന് തോന്നിക്കുമെങ്കിലും പിന്നീട് വിയർത്ത് പിന്മാറും. കൂട്ടിലടച്ച തത്ത തുറന്ന് വിടപ്പെട്ടാൽ ആദ്യം ഒന്നറച്ച് നിൽക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ മനസ്സിലാക്കി തീർച്ചയായും അതിന്റെ സ്വാതന്ത്ര്യത്തിലേക്ക് പറക്കും. പർദ്ദയിട്ട തത്തകളും നാളെ കൂടെപ്പറക്കും. കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരുന്നവരും ലാഭം മോഹിച്ച് വരുന്നവരും ഒരു ദിനം മറ്റുള്ളവരാൽ തിരുത്തപ്പെടും. ഒരേ പന്തിയിൽ പലതരക്കാർക്ക് പലതരം ഭോജനങ്ങൾ വിളമ്പുന്ന ഭരണാധികാരിയെയും കാലം ചിലത് പഠിപ്പിക്കും. മാതൃക കാട്ടാൻ സ്വന്തം സ്വത്വത്തിന് ഇത്തിരി ധൈര്യം വേണമെന്ന് മാത്രം. കഴുകന്മാർ വളരാൻ വേണ്ടി നമ്മുടെ മനസ്സുകൾ ഉപയോഗിക്കപ്പെടാതിരിക്കാൻ ഇത്ര മാത്രമേ നമുക്ക് ചെയ്യാൻ പറ്റൂ..., അതെ, പറഞ്ഞു വന്നത് വീണ്ടും ഹർത്താലിൽ കുടുങ്ങിയ ശബരിമല യുവതീപ്രവേശനത്തെക്കുറിച്ചാണ്.

Published on Naaraayam FB on: January 2 at 9:54 PM

അസ്ഥിക്ക് പിടിച്ച ആചാരസംരക്ഷണം

കേരളത്തിലെ ആചാര സംരക്ഷണക്കാർക്ക് കർണ്ണാടകത്തിലെ ഉഡുപ്പിയിലേക്ക് സ്വാഗതം. അവിടത്തെ ശ്രീകൃഷ്ണക്ഷേത്രത്തിൽ, നൂറ്റാണ്ടുകളായി നിലനിന്ന ഒന്ന് രണ്ട് ആചാരങ്ങൾ അങ്ങട് നിർത്തി... കുറേക്കാലമായി കുറേ വൃത്തികെട്ട പുരോഗമനക്കാർ നിർത്തണമെന്ന് പറഞ്ഞിരുന്ന ആചാരങ്ങളായ 'മഡെ സ്നാന'യും (ബ്രാഹ്മണരുടെ എച്ചിൽ ഇലയിൽ അയിത്ത / കീഴ് ജാതിക്കാർ ഉരുളുന്ന ആചാരം) പിന്നെ 'എഡെ സ്നാന' യും (നിവേദ്യച്ചോറിട്ട ഇലയിൽ അയിത്ത / കീഴ് ജാതിക്കാർ ഉരുളുന്ന ആചാരം). തന്ത്ര സമുച്ചയവും ശേഷ സമുച്ചയവും സ്വർണ്ണപ്രശ്നവും ഒന്നും ഉണ്ടായില്ലെന്നാണ് അറിവ്. പേജാവർ മഠാധിപതിയുടെ ഉപദേശപ്രകാരം ഈ ആചാരങ്ങൾ അങ്ങ് ഉപേക്ഷിക്കുകയായിരുന്നു.
കേരളത്തിലെ കണക്ക് വച്ച്, ഇനി ദൈവനിന്ദയോ ദൈവകോപമോ അതോ ബ്രാഹ്മണകോപമോ എന്താണ് ഉണ്ടാവുക എന്നറിയില്ല.. ഞങ്ങൾക്ക് എച്ചിലിലയിൽ ഉരുണ്ടേ ഒക്കൂ എന്നും പറഞ്ഞ് ഇനി അയിത്തജാതിക്കാർ സമരത്തിന് വരുമോ എന്നും അറിയില്ല... ആചാരം വീണ്ടെടുക്കാൻ, വിശ്വാസസമൂഹമോ രാഷ്ട്രീയക്കാരോ മുന്നോട്ട് വരുമോ എന്നറിയില്ല... ഇതിന്റെ പേരിൽ ആത്മാഹുതികളോ ശ്രീകൃഷ്ണജപഘോഷയാത്രകളോ നടക്കുമോ എന്നും അറിയില്ല...
ചിലത് അങ്ങനെയാണ്. ഭാരതത്തിൽ ഏറ്റവും കൂടുതൽ അക്ഷരാഭ്യാസികളും വിദ്യാഭ്യാസവിചക്ഷണരും സാമൂഹികപ്രബുദ്ധരും കൂടുതലുണ്ടെന്ന് പറയപ്പെടുന്ന കേരളത്തിലേക്കാൾ സംഭവങ്ങൾ വൈജ്ഞാനികരീതിയിൽ നടക്കുന്നത് കേരളത്തിന് പുറത്താണ്. കാനേഷുമാരി കണക്കുകളിലൊന്നും കാര്യമില്ല... ഓരോരുത്തന്റെയും ഉള്ളിലെ പൊള്ളത്തരത്തിന്റെ ഏറ്റക്കുറച്ചലികളിലാണ് കാലഗതിനിയന്ത്രണത്തിന്റെ പങ്കായം ഇരിക്കുന്നത്.

യഥാ പ്രജാഃ തഥാ രാജാഃ !

ആത്മാഹുതി പുണ്യം സ്ത്രീ ദർശനം തടയാൻ 
ഹർത്താലിന് വഴികാട്ടിയ ശരണം വിളി മരണം.
ജപമന്ത്രം അവതാരം പൊൻ മുദ്രാവാക്യം 
നവനാടിന് പുതുദർശനമീവിധമായ് നൽകും.
(Published on Naaraayam FB on: December 13, 2018 at 9:29 PM)

സ്വജനപക്ഷപാതവും അഴിമതിയും ന്യൂനപക്ഷപ്രീണനവും മൂലം, മടുത്തിട്ട്, മുന്നിൽക്കിട്ടിയ മറുപക്ഷത്തിന്, ഭൂരിപക്ഷപ്രീണനമെന്ന ഭീതിയെ മറന്നെന്നോണം സമ്മതിദാനം നൽകിയപ്പോൾ, ആ മറുപക്ഷം ഭരണപക്ഷത്തിന്റെ രൂപത്തിൽ, ഒരിക്കൽ മനം മടുത്ത ജനതയെ, വിഭിന്നമായ രീതിയിൽ, കൂടുതൽ മനം മടുപ്പിക്കുമ്പോൾ, ജനത ആഗ്രഹിച്ച് പോകുന്നു.... ഭ്രാന്തനെന്ന് മുദ്രകുത്തപ്പെട്ടെങ്കിലും, കഷ്ടപ്പെട്ട് കല്ലുരുട്ടി മലയിൽക്കയറ്റി പിടിവിട്ടപ്പോൾ, അതിവേഗം താഴേക്ക് പതിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കല്ലിന്റെ പിന്നിലുള്ള തത്വശാസ്ത്രമെങ്കിലും ഈ പക്ഷങ്ങൾ മനസ്സിലാക്കിയെങ്കിൽ...
നാടിന്റെ നന്മയ്ക്കുള്ള അസ്ത്രങ്ങൾ ആവനാഴിയിലില്ലാതെ വരുമ്പോൾ, കുംഭകർണ്ണന്റെ ശാപമെന്നോണം, കുറേക്കാലത്തേക്ക് കുംഭകർണ്ണസേവയിലായിരുന്ന ശ്രീരാമൻ വീണ്ടും ഉണരുന്ന ലക്ഷണം കാണുന്നുണ്ട്. ഇടക്കിടക്കിങ്ങനെ മയങ്ങിവീഴുമ്പോൾ, ശ്രീരാമൻ പോലും മറന്നു പോകുന്നു... രാമായണം എന്തായിരുന്നു, എന്തിന് വേണ്ടിയുള്ളതായിരുന്നു എന്നത്...
സ്വാമിശരണം വിളിച്ചുകൊണ്ട് എന്തോ കാരണത്താൽ ആത്മഹത്യ ചെയ്‌തവന്റെ ശവവും പേറി ഹർത്താലുകൾ നടത്തി ജനങ്ങളെ കൂച്ച് വിലങ്ങിടുമ്പോൾ, തത്വമസിയുടെ പൊരുൾ തേടി നാമജപമുരുവിട്ടുകൊണ്ട്, പൂങ്കാവനം വിട്ട് അയ്യപ്പൻ അറബിക്കടലിലെ പവിഴപ്പുറ്റിലേക്ക് ഊളിയിടുന്നു...
മാറി മാറി കണ്ണിൽ പൊടി വീഴുമെന്നാവർത്തിച്ചറിഞ്ഞിട്ടും, വീണ്ടും പൊടിവീഴാൻ വേണ്ടി കണ്ണ് കാണിച്ച് കൊടുക്കുന്ന സ്തുതിപാഠകരായ പ്രജകളോട് ഒന്നേ പറയാനുള്ളൂ... യഥാ പ്രജാഃ തഥാ രാജാഃ !

2018 ഡിസംബർ 12, ബുധനാഴ്‌ച

ജാതകദോഷം



പ്രണയവല്ലരി  പൂത്തൊരു കാലം
പരിണയഗാനം പാടി നടന്നു
പ്രാണനിലെന്നോ സിരകളിലെന്നോ
പരാഗരേണു തണുത്തു വിറച്ചു.

ചന്ദ്രിക തേടിയലഞ്ഞു നടക്കും
ഇന്ദ്രിയങ്ങളിതൊന്നു പറഞ്ഞു
തന്ത്രികൾ നീട്ടിയ തംബുരു മീട്ടിയ
മന്ത്രകോടിയിതെന്തിനു വേണ്ടി ?

അനുരാഗതീരം സുന്ദരമാക്കിയ
മനസാ കോറിയ ഛായാ ചിത്രം
അനിലാദികളാൽ അലമാലകളാൽ
മൌനമായിട്ടലിയുവതെന്തേ ?

പ്രമദമേ നീ മായുകയാണോ
സമയമേ നീ തീരുകയാണോ
ജീവിതസാഗരസമാന്തരപാതയിൽ
ജാതകദോഷം തീർക്കാനാമോ ?

ഒർമ്മയിലെന്നും നീയൊരു രാഗം
സ്മരണയിലെന്നും രോമാഞ്ചം !
പ്രണയമേ നീ വാഴുക വാനിൽ
പ്രണവമാകെ പ്രാസാദം !!

2018 ഡിസംബർ 1, ശനിയാഴ്‌ച

സർഗ്ഗസൃഷ്ടികൾ മോഷ്ടിക്കപ്പെടുമ്പോൾ...

അതെ... വിഷയം മോഷണമാണ്.... അതും സർഗ്ഗസൃഷ്ടി മോഷണം.... ഒരു വിവരവുമില്ലാത്തവൻ അവന്റെ വയറ്റിപ്പിഴപ്പിന് വേണ്ടി മോഷ്ടിച്ചതൊന്നുമല്ല. ആരെയൊക്കെയോ എന്തോക്കെയോ ആണെന്ന് സ്വയമറിയിക്കാൻ വേണ്ടി നടത്തിയ 'സ്മാർട്ട് പ്ളേ' അതായിരുന്നു ആ 'കച്ചവടക്കളവ്'.

ഒരദ്ധ്യാപിക... നവോത്ഥാന (ഈ വാക്ക് പറയാൻ ഇപ്പൊ ഒരു മടിയാണ്) നായിക... പുരോഗമന ചിന്താഗതിക്കാരിയെന്ന ലേബലുള്ളവൾ... ഇടതുപക്ഷമെന്ന പക്ഷത്തിന്റെ സഹയാത്രിക.... എഴുത്തുകാരിയെന്ന പ്രഭാവലയമുള്ളവൾ.... സാമൂഹ്യരാഷ്ട്രീയ രംഗത്ത് സമകാലിക പ്രശ്നങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്നവൾ..... അതായിരുന്നു (കുറച്ച് പേർക്കെങ്കിലും) .... ഇന്നലെ വരെ കേരളവർമ്മ കോളജിലെ അദ്ധ്യാപിക ദീപാ നിശാന്ത്.

അവർ കവിത മോഷ്ടിച്ചോ?... ഇല്ലെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്... പക്ഷേ കവിത വാങ്ങുകയായിരുന്നു... സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ. വാങ്ങിയത്, ഒരു അറിയപ്പെടുന്ന, സാംസ്കാരിക നായകാനാണെന്ന് മേനി നടിക്കുന്ന, സുഹൃത്തിന്റെ അടുത്ത് നിന്നും... അതും ഒരു 'കുത്തി'ല്ലാതിരിക്കാൻ അവന്റെ സമ്മതം വാങ്ങിക്കൊണ്ട് തന്നെ... പക്ഷേ ആ കവിത, ഈ പറഞ്ഞ സുഹൃത്ത് പച്ചക്ക് മോഷ്ടിച്ചതാണെന്ന്, ഏത് കീറപ്പുസ്തകവും വേണ്ടാതെ വായിക്കുന്ന ആരോ ഒരാൾ കണ്ടു പിടിച്ചുകളഞ്ഞു. ഈ പരന്ന കവിതാവായനക്കാരനെയൊക്കെ പച്ചക്ക് കത്തിക്കണം.... ഈയാളൊന്നും ഇതൊന്നും വായിച്ചില്ലെങ്കിൽ ദീപ നിശാന്തും സാംസ്കാരികനായകനായ സുഹൃത്ത് ശ്രീചിത്രനും പിടിക്കപ്പെടുമായിരുന്നില്ലല്ലോ....

പക്ഷേ അതിലും രസം ആ അദ്ധ്യാപികയുടെ ന്യായീകരണക്കുറിപ്പുകളാണ്. - "കലേഷിന്റെ (ശരിക്കും കവിത എഴുതിയ ആൾ) വിഷമം ഒരു അദ്ധ്യാപികയെന്ന രീതിയിലും എഴുത്തുകാരി എന്ന നിലയിലും എനിക്ക് മറ്റാരേക്കാളും ശരിക്ക് മനസ്സിലാകും.... ഇവിടെ ഞാൻ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു.... ആ സത്യം എനിക്ക് വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ട്.... മലയാളം അദ്ധ്യാപികയായ ഞാൻ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന് നിങ്ങൾ തെറ്റിദ്ധരിക്കും.... മറ്റൊരാളുടെ കവിത എന്റെ പേരിൽ പ്രസിദ്ധീകരിക്കുന്നത് എനിക്ക് ഒരു ലാഭവും തരില്ല, മറിച്ച് നഷ്ടങ്ങൾ സമ്മാനിക്കാനേ സാധ്യതയുള്ളൂ... ഞാൻ നിരന്തരമായി സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയ ആവുന്നയാളാണ്....എന്റെ ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന ബോദ്ധ്യം എനിക്കുണ്ട്.... എന്റെ എതിരാളികൾ ഈ സംഭവം, എന്നെ കരിവാരിത്തേക്കാൻ ഉപയോഗിക്കും... "

ടീച്ചറേ.... ടീച്ചർക്ക് ഒരു ബോധവുമില്ലെന്നുള്ളതാണ് സത്യം.... എന്താണ് ചെയ്തത്.. അല്ലെങ്കിൽ ചെയ്തതിന്റെ വ്യാപ്തി എന്താണ് എന്നൊക്കെ ടീച്ചർക്ക് ബോദ്ധ്യമുണ്ടോ എന്ന് തീർച്ചയായും സംശയമുണ്ട്... കണ്ടുപിടിക്കപ്പെട്ടതിലുള്ള അമർഷവും സങ്കടവും മാത്രമേ ടീച്ചർക്കുള്ളൂ... കട്ടെഴുതിയില്ലെങ്കിലും വാങ്ങിച്ചെഴുതി സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ല എന്നാണ് ടീച്ചർ പറഞ്ഞു വെക്കുന്നത്... കഷ്ടകാലത്തിന് ആരുടെയടുത്ത് നിന്ന് വാങ്ങിച്ചുവോ, അയാൾ കട്ടു എന്നുള്ളതാണ് ടീച്ചറുടെ പ്രശ്നം.... അദ്ധ്യാപികയെന്ന തരത്തിലോ എഴുത്തുകാരി എന്ന തരത്തിലോ ഒരു സത്യസന്ധതയും ടീച്ചർ ഇവിടെ കാണിച്ചിട്ടില്ല... മറ്റുള്ളവർക്ക് ചെറിയ രീതിയിലെങ്കിലും മാതൃകയാവേണ്ടവരാണ് എഴുത്തുകാർ... പുതിയ തലമുറയെ നല്ല രീതിയിൽ വാർക്കേണ്ടവരാണ് അദ്ധ്യാപകർ... 'എന്റെ ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന ബോദ്ധ്യം എനിക്കുണ്ട്' എന്ന് പറയുന്ന ടീച്ചർ തന്നെ ഒരു ശങ്കയും കൂടാതെ കവിത വാങ്ങി, സ്വന്തം ചിത്രവും കൊടുത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നു... കഷ്ടം.

ടീച്ചർ പിന്നെയും പറയുന്നു: "ഇനിയും കലേഷിനും എനിക്കും എഴുതാൻ കഴിയും.. താല്പര്യമുള്ളവർ അത് വായിക്കും.... വേണ്ടത് തള്ളാനും കൊള്ളാനുമുള്ള ശേഷി വായനക്കാർക്ക് ഉണ്ട്... അവരത് നിർവ്വഹിക്കും..."

"ഇനിയും എനിക്കും എഴുതാൻ കഴിയും" - എന്നതൊഴിച്ച് ബാക്കി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്... വായനക്കാരൻ എന്നനിലയിൽ , ടീച്ചറേ ഒന്ന് പറഞ്ഞോട്ടെ.... ടീച്ചർ ഇനി എഴുതണ്ട... കലേഷ് എഴുതിക്കോട്ടെ... ഇനി ടീച്ചർ എന്തെങ്കിലും എഴുതി 'ജ്ഞാനപീഠം' കിട്ടിയാൽ 'ജ്ഞാനപീഠം' എന്ന അവാർഡിന്റെ 'വെയ്‌റ്റ്' പോകുമെന്നല്ലാതെ വേറെരു കാര്യവുമുണ്ടാകില്ല.... ഇനി ടീച്ചർ എഴുതുന്നത് ഒരു സാമാന്യവായനക്കാരനും വായിക്കാൻ പോകുന്നില്ല.... സത്യത്തിൽ കുട്ടികളെ പഠിപ്പിക്കാൻ പോലുമുള്ള ഒരു ധാർമ്മികതയും ടീച്ചർക്ക് ഇനി ബാക്കിയില്ല.... ടീച്ചർ ഇനി അടങ്ങി ഒതുങ്ങി എവിടെയെങ്കിലും ഇരുന്ന് പഴയ സിനിമകൾ കാണുന്നതായിരിക്കും ഭംഗി... കുറച്ചെങ്കിലും സ്വയം ന്യായീകരിക്കുന്നതിന് പകരം സ്രാഷ്ടാംഗം തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ടീച്ചർക്ക് വീണ്ടും മുളച്ച് വരാനുള്ള എന്തെങ്കിലും ഒരു നാമ്പെങ്കിലും ബാക്കി അവശേഷിച്ചേനെ... ടീച്ചർ ആ നാമ്പ് പോലും സ്വയം കരിച്ചുകളഞ്ഞിരിക്കുന്നു.

സ്വയം ആലോചിച്ച് മനസ്സിലിട്ട് മഥിച്ച് പുറത്ത് വരുന്ന എഴുത്തിനോളം സുഖം കട്ടതും വാങ്ങിച്ചതുമായ ഒരു സൃഷ്ടിക്കും തരാൻ കഴിയില്ല.. എഴുതിയതിന്റെ സാംഗത്യവും മേന്മയും വായനക്കാരുടെ പ്രതികരണങ്ങളും എന്തുമോ ആയിക്കൊള്ളട്ടെ... കാക്കക്ക് തൻകുഞ്ഞ് തന്നെയാണ് എപ്പോഴും പൊൻകുഞ്ഞ്... അടിസ്ഥാനമില്ലാതെ ഉണ്ടാക്കപ്പെട്ട ഏത് പുറംചട്ടയും ഒരു കാലത്ത് പൊളിയും. മാർക്കോണിയും ജഗദീഷ് ചന്ദ്ര ബോസും പരസ്പരമറിയാതെ ഒരേ സമയത്ത് റേഡിയോ കണ്ട് പിടിച്ചത് പോലെയല്ല എഴുത്ത്. ഒരേപോലെയുള്ള എഴുത്ത് ഒരിക്കലും രണ്ടുപേരുടെ മനസ്സുകളിൽ നിന്ന്പുറത്ത് വരില്ല... അതാണ് എഴുത്തിന്റെ മാഹാത്മ്യം. മനസ്സ് നൊന്ത് പുറത്ത് വന്ന എഴുത്ത് മറ്റൊരാളുടെ പേരിൽ വരുന്നത് ഏതൊരു എഴുത്തുകാരനും ഹൃദയഭേദകം തന്നെയാണ്. ദീപ ടീച്ചർക്ക് അതിനിയും മനസ്സിലായിട്ടില്ല. വായനക്കാർ ടീച്ചറേക്കാളും വായിക്കുന്നുണ്ട് എന്നുള്ളതെങ്കിലും ടീച്ചർക്ക് മനസ്സിലായിക്കാണുമോ ആവോ....

ആരുമറിയാതെയുണ്ടാക്കപ്പെട്ട ചില വിഗ്രഹങ്ങളുടെ ചൈതന്യത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നറിയാൻ ഇത്തരത്തിലുള്ള സ്വാഭാവിക വെളിപ്പെടലുകൾ കാരണമാകുമെന്നത് തന്നെയാണ് ഒരേയൊരാശ്വാസം.


***