ഒരാണിന് ഒരു പെണ്ണ് എന്ന് പറയുന്നത് പോലെ, ഒരാൾക്ക് ഒരു ബ്രഷ് എന്നത് കർശനമായും പാലിക്കേണ്ടതുണ്ടോ? ഒരു ടൂത്ത്ബ്രഷിന് ഒരു വായിൽ മാത്രമേ കേറാൻ പാടുള്ളോ? അതല്ല ഒരേ ടൂത്ത്ബ്രഷ്, കഷ്ടകാലത്തിന് ഒന്നിലധികം 'വാ'കളിൽ കേറിപ്പോയാൽ വല്ലതും സംഭവിക്കുമോ? സയൻസ് വല്ല പൊട്ടത്തരവുമൊക്കെ പറഞ്ഞേക്കാം. റാഡിക്കലായിട്ട് ചിന്തിച്ചാൽ, വിശ്വാസമല്ലേ എല്ലാം! പ്രാക്ടിക്കലായിട്ട് അനുഭവിച്ചവൻ, ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ, സയൻസ് ഭക്തർ മൂക്കത്ത് വിരൽ വെക്കുമെങ്കിലും, ഫ്രഞ്ച്കിസ്സ് ചെയ്യുന്നവർ, ഇനി പറയുന്ന കാര്യങ്ങൾ കേട്ടാൽ ആനന്ദത്തോടെ കേട്ടുനിൽക്കുമെന്ന് എനിക്ക് തീർച്ചയുണ്ട്. ആദ്യമേ തന്നെ പറയട്ടെ... ഇനി കേൾക്കാൻ പോകുന്ന കഥ കേട്ട് വികൃതമായ താരതമ്യങ്ങൾക്ക് ആരും മുതിരരുത്! സാഹചര്യത്തിനനുസരിച്ച് മാത്രം തമാശകൾ ആസ്വദിക്കുക!
ഇരുപതിലേറെ കൊല്ലങ്ങൾക്ക് മുൻപാണ്. മുംബൈയിൽ താമസിക്കുന്ന സമയം. ബാച്ചിലറാണ്. എന്റെ ഒരു അകന്ന ബന്ധുവിന്റെ ഔദാര്യത്തിൽ, സർക്കാർവകയായ അദ്ദേഹത്തിന്റെ വാസസമുച്ചയത്തിലാണ് താൽക്കാലികമായുള്ള താമസം. ഗ്രാമപ്രദേശത്ത് നിന്ന് നാട് വിട്ട് വന്നതിന് ശേഷം, അറേബ്യൻ നാട്ടിലും, സായിപ്പിന്റെ നാട്ടിലുമൊക്കെപ്പോയി ചില പരിഷ്കാരങ്ങളൊക്കെ ചിന്തയിലും ചന്തത്തിലുമൊക്കെ അറിയാതെ സംഭവിച്ചിട്ടുണ്ട്. താമസസൗകര്യം അനുവദിച്ച് തന്ന ബന്ധുവിന് സീനിയോറിറ്റി കൂടിയപ്പോൾ, ആദ്യമുണ്ടായിരുന്ന ഒന്നാം നിലയിലെ സെറ്റപ്പുകൾക്ക് പുറമേ, വേറൊരു മുറി കൂടി അനുവദിച്ച് കിട്ടിയിരുന്നു. പക്ഷേ പുതുതായി അനുവദിച്ച് കിട്ടിയ മുറി നാലാം നിലയിലായിരുന്നു. ആ നാലാം നിലയിലെ പുതിയ മുറിയിലായിരുന്നു എന്റെ താമസം. ബന്ധുവും കുടുംബവും താമസിക്കുന്ന ഒന്നാം നിലയിൽ പോയാൽ, പ്രാതലും ഊണും അത്താഴവുമൊക്കെ കിട്ടുകയും ചെയ്യും.
അങ്ങനെയുള്ള ആ താമസ സ്ഥലത്തേക്ക്, ഞങ്ങളുടെ ബന്ധുക്കാളായ പലരും വാരാന്ത്യങ്ങളിൽ വന്നു ചേരും. ആ കൂട്ടത്തിൽ, പൂനെയിൽ നിന്നുള്ള കമ്പ്യൂട്ടർ എഞ്ചിനീയറായ, ശാസ്ത്രബോധമുള്ള, ചെറുപ്പത്തിലേ പട്ടണത്തിന്റെ ശീലങ്ങളൊക്കെയുള്ള ഒരു കസിൻ ഒരു സ്ഥിരം കക്ഷിയാണ്. ആ വീട്ടിലെ വീട്ടമ്മ, രുചികരമായ ശാപ്പാട് ഒരുക്കുമെന്നുള്ളതാണ് അവിടേക്ക് ആകർഷിക്കപ്പെടാനുള്ള മുഖ്യ കാരണം. കൂടാതെ സർക്കാർ ഉദ്യോഗസ്ഥനായ ബന്ധുവുന്റെ കൂടെ സരസമായ മധുപാനസദസ്സിലും പങ്കെടുക്കാം.
അങ്ങനെയുള്ള ഒരു വെള്ളിയാഴ്ച സായാഹ്നം. നമ്മുടെ കസിൻ, പൂനെയിൽ നിന്ന് നേരത്തെ തന്നെ ബസ്സ് കേറി, വൈകുന്നേരം ഏഴരയാവുമ്പഴേക്കും നവിമുംബൈയിലെ ഞങ്ങളുടെ ആസ്ഥാനത്തെത്തി. ആനന്ദകരമായ സോമരസപാനത്തിനും, ഉല്ലാസകരമായ സംഭാഷണങ്ങൾക്കും, കുശാലായ ശാപ്പാടിനും ശേഷം, രാത്രി വളരെ വൈകി, എല്ലാവരും നിദ്രപൂകാനുള്ള തയ്യാറെടുപ്പിലായി. ഞാനും, കുഞ്ഞ് ബാക്ക്പാക്കും തൂക്കി കസിനും നാലാം നിലയിലുള്ള എന്റെ താൽക്കാലിക കിടപ്പറയിലെത്തി.
കള്ള് കുടിച്ചാലുമില്ലെങ്കിലും, കിടക്കുന്നതിന് മുന്നേ പല്ല് തേക്കുന്നത് എന്റെയൊരു ശീലമാണ്. എന്റെ ബ്രഷെടുത്ത്, ഞാൻ പല്ല് തേച്ചു. നാളെ രാവിലെ എല്ലാം കൂടി ഒരുമിച്ച് തേക്കാം എന്നും പറഞ്ഞ്, കസിൻ നേരെ കട്ടിലിൽ കയറിക്കിടന്നു. സാധാരണഗതിയിൽ, രാത്രിയിൽ പല്ല് തേക്കാറുണ്ടെങ്കിലും, അന്ന്, പല്ല് തേക്കാനുള്ള ക്ഷമയൊന്നും അവൻ കാണിച്ചില്ല. ഒടുവിൽ, പല്ല് തേച്ച് വന്ന ഞാനും, വീതി കുറഞ്ഞ ആ കട്ടിലിൽ അഡ്ജസ്റ്റ് ചെയ്ത്, നാളത്തെ പുലർകാലം കാണുമെന്ന പ്രതീക്ഷയോടെ മലർന്ന് കിടന്നു.
മുകളിൽ നിന്ന് ശകടരൂപത്തിൽ കറങ്ങുന്ന പങ്ക കണ്ടപ്പോൾ, മധുപാനമേൽപിച്ച മത്തിന്റെ വീര്യം കുറച്ചധികമായതായി തോന്നി. ഞങ്ങളുടെ കിടപ്പറ സംഭാഷണങ്ങൾ, എവിടെയോ വച്ച്, അർദ്ധവിരാമത്തിൽ മുറിഞ്ഞ്, ഞങ്ങൾ രണ്ടുപേരും ഉറങ്ങിപ്പോയി.
പിറ്റേന്ന് പ്രഭാതം കണ്മുന്നിലെത്തിയത്, എട്ട് മണിക്കാണ്. രാവിലെ ഏഴിനും ഒമ്പതിനും മദ്ധ്യേ മാത്രമേ, ആ വീട്ടിൽ പൈപ്പിലൂടെ വെള്ളം ലഭിക്കുമായിരുന്നുള്ളൂ. അതുകൊണ്ട്, ഒൻപത് മണിക്ക് മുന്നേ പ്രഭാതകർമ്മങ്ങൾ തീർത്ത്, ഒന്നാം നിലയിലേക്ക് പ്രാതലിന് പോകണം. ഞങ്ങൾ രണ്ടു പേരും കണ്ണ് തിരുമ്മി, ആർക്കോവേണ്ടിയെന്നപോലെ മടിച്ച് മടിച്ച് എഴുന്നേറ്റു. കസിൻ, അവന്റെ ബാക്ക്പാക്ക് തപ്പി നോക്കിയപ്പോഴാണ്, വരുന്ന തിരക്കിനിടയിൽ ടൂത്ത്ബ്രഷ് മറന്നുപോയി എന്ന കാര്യം അവനോർത്തത്. ഇനി എന്ത് ചെയ്യും? പത്ത് മിനുട്ടോളം നടന്നാൽ ഒരു കടയുണ്ട്. അവിടെപ്പോയാൽ പുതിയ ടൂത്ത്ബ്രഷ് വാങ്ങിക്കാം. എന്ന് വച്ചാൽ, പോയി തിരിച്ച് വരാൻ കാൽമണിക്കൂറിലധികം എടുക്കും.
എഴുന്നേറ്റിട്ടും വിട്ടുമാറാത്ത ഉറക്കച്ചടവും, അതിന് മേമ്പൊടിയായി മടിയും കൂടിയപ്പോൾ, അവന് കടയിലേക്ക് രാവിലെത്തന്നെ പോകാൻ മടി.
"നീയൊന്ന് പോയി ഒരു ബ്രഷ് വാങ്ങിക്കൊണ്ടുവരാമോ ?" കോട്ടുവാ ഇട്ടുകൊണ്ട് ദയനീയമായായിരുന്നു അവന്റെ ചോദ്യം. എനിക്കാണെങ്കിൽ അവനെക്കാൾ മടി. എന്റെ ബ്രഷ് അവിടെയുള്ളപ്പോൾ, ഞാനെന്തിന് തുറക്കാത്ത കണ്ണുകളുമെടുത്ത് രാവിലെത്തന്നെ ആരാന് വേണ്ടി കടയിൽപ്പോകണം?
"എനിക്ക് വയ്യ... നിനക്ക് വേണെങ്കിൽ... നിനക്ക് ഓക്കാനിക്കൂല്ലെങ്കിൽ, എന്റെ ബ്രഷെടുത്ത് തേച്ചോ... അല്ലെങ്കിൽ ചൗധരിക്കടയിൽ പോയി പുതിയത് വാങ്ങിച്ചോണ്ടാ..."
അതും പറഞ്ഞ്, ഞാൻ നേരെ കക്കൂസിലേക്ക് ഓടിക്കയറി വാതിലടച്ചു. എന്റെ പ്രഷറും കുറക്കാം, അവന്റെ ബ്രഷ് കൺഫ്യൂഷനിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.
ഒന്നുരണ്ട് മിനിറ്റുകൾക്കുള്ളിൽ, കക്കൂസിൽ നിന്നും പാട്ടും പാടി വേസ്റ്റ് പുറന്തള്ളുന്നതിനിടയിൽ, ബ്രഷുകൊണ്ട് പല്ല് തേക്കുന്നതിന്റെ ഒച്ച താളത്തിൽ അവിടെ ഉയർന്നത് എന്നിൽ അമ്പരപ്പ് ഉണ്ടാക്കി. കൊണ്ടുവരാൻ മറന്നുപോയി എന്നു പറഞ്ഞ ബ്രഷ് അവന്റെ ബാഗിൽത്തന്നെയുണ്ടായിരുന്നോ? അതോ, കടയിൽ പോയി പുതിയ ബ്രഷ് കൊണ്ടുവന്നോ? ഏയ്... എന്തായാലും രണ്ട് മിനിട്ടുകൾക്കുള്ളിൽ പുതിയത് വരാൻ ഒരു സാധ്യതയുമില്ല. അല്ല, പറഞ്ഞ് പറഞ്ഞ്, അവൻ എന്റെ ബ്രഷ് തന്നെ എടുത്തായിരിക്കുമോ പണി പറ്റിക്കുന്നത്?
"എടാ.... നീ എന്റെ ബ്രഷെടുത്തിട്ടാണോ തേക്കുന്നത്?..." ഉള്ളിൽ നിന്നും ഞാൻ വിളിച്ച് ചോദിച്ചു.
"എടാ... ബ്രഷിന്റെ മേലെ പേസ്റ്റെടുത്ത് തേച്ചാൽ കുഴപ്പമൊന്നും ഉണ്ടാവൂല്ല... അത് എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കും... ഫ്ലൂറൈഡല്ലേ സാധനം... പോരാഞ്ഞതിന് ഒന്നുകൂടെ നന്നായി കഴുകീട്ടാണ് ഞാനെടുത്തത്... ഇനീം കഴുകും..."
അതെ അവനത് ചെയ്തിരിക്കുന്നു. ലോകത്ത് ആദ്യമായി ഒരു ബ്രഷ് രണ്ട് 'വാ'കളിലെ പല്ലുകൾ വൃത്തിയാക്കിയിരിക്കുന്നു.
"എടാ... ഭയങ്കരാ... നീ ആള് കൊള്ളാലോ..." വേസ്റ്റ് തള്ളുന്നത് മതിയാക്കി ഹസ്തപ്രക്ഷാളനം ചെയ്ത്, തിടുക്കത്തിൽ ഞാൻ പുറത്ത് വന്നു. ആദ്യായിട്ടാണ് എന്റെ ഒരു ബ്രഷ്, വേറൊരുത്തൻ കൂളായി ഉപയോഗിക്കുന്നത്! 'വേണെങ്കിൽ... നിനക്ക് ഓക്കാനിക്കൂല്ലെങ്കിൽ, എന്റെ ബ്രഷെടുത്ത് തേച്ചോ' എന്ന് വെറും തമാശക്കായിരുന്നു അവനോട് പറഞ്ഞത്, അവനതെടുത്ത് പല്ല് തേച്ച് പീഡിപ്പിക്കുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.
ഞാൻ പുറത്ത് വരുമ്പോൾ, അവൻ പല്ലൊക്കെ തേച്ചതിന് ശേഷം, കാർക്കിച്ച് തുപ്പി, എന്റെ ബ്രഷ് വീണ്ടും കഴുകി വെക്കുകയാണ്; ഒന്നും സംഭവിക്കാത്തത് പോലെ.
"ഇനി ഞാനെങ്ങനെയാ പല്ല് തേക്കുക...?" കസിനാണെങ്കിലും എന്റെ നീരസം ആ വാക്കുകളിൽ ഞാൻ പ്രകടമാക്കി.
"നിനക്ക് നിന്റെ ബ്രഷില്ലേ... പിന്നെയെന്താ...? ഞാനുപയോഗിച്ചൂന്നും വച്ച്, അതിനൊന്നും സംഭവിച്ചിട്ടില്ല..." അവിടെയുണ്ടായിരുന്ന കുഞ്ഞ് കത്രിക കൊണ്ട് അവന്റെ മീശക്ക് മുകളിൽ ലക്ക് കെട്ട് വളർന്ന കളരോമങ്ങൾ കത്രിച്ച് കൊണ്ട് അവൻ മൊഴിഞ്ഞു.
"പോടാ..." എന്നും പറഞ്ഞ്, ഞാൻ നേരെ കട്ടിലിൽ പോയി ഇരുന്നു. എന്റെ മാത്രം സ്വന്തമായിരുന്ന ബ്രഷിനെ ബലാൽക്കാരം ചെയ്തതിൽ ഞാൻ തീർത്തും ഖിന്നനായിരുന്നു. ഇനി രണ്ട് ഓപ്‌ഷൻസ് മാത്രമേ എന്റെ മുന്നിലുള്ളൂ... ഒന്നുകിൽ, ചൗധരിക്കടയിൽ പോയി പുതിയത് വാങ്ങുക, അല്ലെങ്കിൽ, എന്റെ സ്വന്തം ബ്രഷ്, കസിൻ എടുത്ത് ഉപയോഗിച്ച ബ്രഷ് തന്നെ ഉപയോഗിച്ച് പല്ല് തേക്കുക. കടയിൽ പോകാനാണെങ്കിൽ വല്ലാത്ത മടി.
രണ്ട് മിനുട്ട് ആലോചിച്ചതിന് ശേഷം, ഞാൻ വ്യക്തമായ ധാരണയിലെത്തി. ഏതായാലും, മൂന്നാല് മാസക്കാലം ഞാനുപയോഗിച്ച ബ്രഷ്, ഒരൊറ്റ നേരത്തേക്ക് എന്റെ കസിൻ ഉപയോഗിച്ചു എന്നുള്ളത് കൊണ്ട് അതിനെ വലിച്ചെറിയണോ? അത്രക്ക് നിർദ്ദയനാണോ ഞാൻ! അതിനെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചാൽ, ഇനി വരുന്ന ബ്രഷുകൾ പോലും എന്നോട് പൊറുക്കുമോ? അവൻ ഒരു നേരത്തേക്ക് മാത്രമായി ഉപയോഗിച്ച ആ ബ്രഷ്, ഞാൻ വീണ്ടും ഉപയോഗിച്ചാൽ, എന്റെ പല്ലിളകി വീഴുമോ? അവനും എനിക്കും ഇതുവരെ പല്ലിന് ഒരു കുഴപ്പവും ഇല്ലതാനും. അവിടെക്കിടക്കുന്ന എന്റെ സ്വന്തം ബ്രഷ് ഉപയോഗിക്കുക തന്നെയാണ് ഉചിതം. എന്റെ ബ്രഷിനെ സംരക്ഷിക്കേണ്ടത്, ഞാൻ സ്നേഹിച്ച ബ്രഷിനെ ഇനിയെങ്കിലും കരുതലോടെ കാക്കേണ്ടത് എന്റെ കടമയാണ്!
പതുക്കെ എഴുന്നേറ്റ്, വാഷ്ബേസിന്റെ അടുത്ത് ചെന്ന്, ചാരിത്ര്യം നഷ്ടപ്പെട്ട എന്റെ സ്വന്തം ബ്രഷിനെ ഞാൻ സങ്കടത്തോടെ കൈയ്യിലെടുത്തു. അതിനെന്തെങ്കിലും പോറലുകൾ സംഭവിച്ചിട്ടുണ്ടോ എന്നോർത്ത് വെറുതെ തിരിച്ചും മറിച്ചും നോക്കി. അത് വരെ, എന്റെ വാ മാത്രം കണ്ടിട്ടുള്ള ബ്രഷാണ്. അവനെടുത്ത് തേക്കുമ്പോൾ, കക്കൂസിലായിപ്പോയത് കൊണ്ട്, എനിക്ക് തടയാൻ കഴിഞ്ഞിരുന്നില്ല. ആ ബ്രഷ് ഒച്ചവച്ച് കരഞ്ഞിരുന്നെങ്കിൽ കക്കൂസിന്റെ വാതിൽ തല്ലിപ്പൊളിച്ചെങ്കിലും പുറത്ത് വന്ന് കസിനെ തടഞ്ഞേനെ എന്ന് വെറുതെ ആലോചിച്ചു. എന്നെക്കുറിച്ച് ബ്രഷെന്ത് വിചാരിക്കുമെന്നോർത്ത് എനിക്ക് സങ്കടം വന്നു. പ്രതികരണശേഷിയില്ലാത്തവന്റെ കൂടെയായിരുന്നല്ലോ ഇത്രയും നാൾ കഴിഞ്ഞതെന്ന് ബ്രഷ് കരുതിക്കാണുമോ? സത്യത്തിൽ, അവൻ പല്ല് തേക്കുന്ന ശബ്ദം കേട്ടയുടനെത്തന്നെ പുറത്ത് വന്ന് അത് തടയേണ്ടതായിരുന്നു. ബ്രഷിന്റെ മൂക-നിസ്സഹായാവസ്ഥയെക്കുറിച്ച് ഞാൻ ഓർക്കേണ്ടതായിരുന്നു. പക്ഷേ, അവന്റെ ബ്രഷാണോ, എന്റെ ബ്രഷാണോ, പുതിയ ബ്രഷാണോ എന്നൊക്കെയുള്ള ശങ്കയിൽ കുറച്ച് നേരം ആലോചിച്ച് ഇരുന്നുപോയി. പുറത്ത് വരുമ്പഴേക്കും സംഭവിക്കേണ്ടത് സംഭവിച്ച് കഴിഞ്ഞിരുന്നു. ബ്രഷിനെ പതുക്കെ തലോടിക്കൊണ്ട്, ചെയ്ത തെറ്റ് മനസ്സിലാകാതെ എന്നെ നോക്കിച്ചിരിക്കുന്ന എന്റെ കസിനെ ഞാൻ ക്രുദ്ധനായി നോക്കി.
ഒടുവിൽ, പേസ്റ്റെടുത്ത് അതിന്റെ മുകളിൽ തേച്ച്, ഇത്തിരി കണ്ണീര് പൊടിഞ്ഞെങ്കിലും, വായിലേക്കിട്ട് പതുക്കെ പല്ല് തേപ്പ് ആരംഭിച്ചു. എന്തൊക്കെയോ അരുചി തോന്നുന്നുണ്ടോ എന്ന തോന്നൽ എനിക്ക് വന്നു. ഒന്ന് രണ്ട് തവണ വായിലൂടെ ഇടത്തോട്ടും വലത്തോട്ടും പോയപ്പോൾ, എനിക്ക് പുതുതായൊന്നും തോന്നിയില്ല. സാധാരണപോലെ പല്ല് തേപ്പ് കഴിഞ്ഞെങ്കിലും, സാധാരണയിൽ കവിഞ്ഞ്, ഞാനെൻറെ വാ കൂടുതൽ കഴുകി. കാർക്കിച്ച് തുപ്പുന്നതിന് കൂടുതൽ ആക്കം ഉണ്ടായിരുന്നു. കസിനോടുള്ള ദേഷ്യം മുഴുവൻ, കാർക്കിച്ച് തുപ്പിത്തീർത്തു. അപ്പോഴും, എന്റെ മഹാനായ കസിൻ, എന്നെ നോക്കി ചിരിക്കുകയായിരുന്നു. അവനിട്ട് രണ്ട് പൊട്ടിക്കാൻ എന്റെ മനസ്സ് വെമ്പിയെങ്കിലും കസിനായത് കൊണ്ട് സ്വയം നിയന്ത്രിച്ചു.
"വാ... നമുക്ക് താഴെ പോയി വല്ലതും കഴിക്കാം... നേരം വൈകി..." ഞങ്ങൾ രണ്ടുപേരും ഒന്നാം നിലയിലേക്ക് പ്രാതൽ ലക്ഷ്യം വച്ച് കൊണ്ട് പടികളിറങ്ങി. എന്തായാലും, വൈകുന്നേരം, ഇത്തിരി ആൽക്കോഹോൾ വായിലിട്ട് കുലുക്കുഴിഞ്ഞ് തുപ്പണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു.
"എടാ... നിനക്കെന്തിനാ സങ്കടം...?" എന്റെ മൂകത കണ്ട് എന്നെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ്.
"നാണമില്ലല്ലോ വേറൊരുത്തന്റെ ബ്രഷെടുത്ത് തേക്കാൻ... നിന്റെ തുപ്പലും മറ്റും എന്റെ ബ്രഷിലാക്കീട്ട്... നാണം കെട്ട പട്ടി... പത്തിരുപത്തെട്ട്‍ വയസ്സായല്ലോ..." ഞാനവനെ തുറിച്ച് നോക്കി. അവനപ്പോഴും ചിരിക്കുകയായിരുന്നു. അവൻ കരുതിക്കൂട്ടി ഒപ്പിച്ച പണിയാണോ എന്ന് ഞാൻ സംശയിച്ചു. വായിൽ അസാധാരണമായി എന്തെങ്കിലും തോന്നുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായത് കൊണ്ട്, നാക്ക് കൊണ്ടൊന്ന് ഉഴിഞ്ഞ്, ആരുടേയും തലയിലേക്ക് വീഴുന്നില്ല എന്നുറപ്പിച്ച്, താഴേക്കുള്ള ഇറക്കത്തിനിടയിൽ, സ്റ്റെയർ കേസിന്റെ തിരിവിൽ വച്ച് താഴേക്ക് നീട്ടിത്തുപ്പി.
"എടാ... ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരുടെ തുപ്പലുകൾ അങ്ങോട്ടുമിങ്ങോട്ടും പോവൂല്ലേ... ഇത് അത്ര പോലുമില്ലല്ലോ... നീ കഴുകി വച്ച ബ്രഷ്...ഞാൻ വീണ്ടും കഴുകി... ടൂത്ത്പേസ്റ്റ് എടുത്തിട്ടാണ് തേച്ചത്... തേച്ചതിന് ശേഷം വീണ്ടും കഴുകി... അത് പിന്നേം കഴുകിയിട്ടല്ലേ നീ ഉപയോഗിച്ചത്? അതിൽ എന്റെ തുപ്പലെവിടെയാണ് ഉണ്ടാവുക?... അല്ലെങ്കിൽ, ഈ കഴുകൽ എന്ന ചടങ്ങിന് എന്താണർത്ഥം...?"
"അപ്പോ ഞാൻ നിനക്കൊരു ഫ്രഞ്ച് കിസ്സ് തരട്ടേ... നിനക്ക് ഒക്കെയാണോ ?" അപ്പഴേക്കും ഞാനും ഒന്നയഞ്ഞിരുന്നു. കാലപ്പഴക്കം ദുഃഖങ്ങളുടെ തീവ്രത കുറക്കുമല്ലോ!
"നിനക്ക് ഞാൻ പറഞ്ഞത് ഇപ്പഴും മനസ്സിലായിട്ടില്ല... ഇതിലൊന്നും വല്യ കാര്യമില്ല..." അവൻ പിന്നേം ചിരിക്കുകയാണ്.
"വേറൊരു കുളിമുറി കഴുകിയ ബ്രഷെടുത്ത് ഉപയോഗിക്കുന്നത് പോലെയാണോ ആരാന്റെ ടൂത്ത്ബ്രഷെടുത്ത് ഉപയോഗിക്കുന്നത്...?"
"വേണേങ്കി... കുറച്ച് നേരം നിന്റെ ബ്രഷ് ഡെറ്റോളിലിട്ട് മുക്കി വച്ചോ..."
"ഇങ്ങനെയാണെങ്കിൽ നീ ആരാന്റെ കോണകവും എടുത്ത് ചാർത്തിക്കളയുമല്ലോ...? നിന്റെ ഉണ്ടക്കാലിൽ എന്റേത് കേറാത്തത് ഭാഗ്യം..."
"ഹഹഹ... ഹ്ഉം... പോട്ടെ... പോട്ടെ... ഇനി ഇതിന്റെ പേരിൽ അഥവാ നിന്റെ ഏതെങ്കിലും പല്ല് പോയാൽ ഞാനെന്റെ പല്ല് പറിച്ച് തന്നേക്കാം പോരേ.... എന്തായാലും സംഭവിച്ച് പോയി... ഇനി പറഞ്ഞിട്ടെന്താ... അല്ലെങ്കിൽ നിനക്ക് പോയി വേറെ ബ്രഷ് വാങ്ങിക്കൂടായിരുന്നോ... നിനക്ക് OK ആയത് കൊണ്ടല്ലേ നീ പുതിയത് വാങ്ങിക്കാഞ്ഞതെ അത് തന്നെ എടുത്ത് തേച്ചത്... എനിക്കൊരു പ്രശ്നോം ഇല്ല... ഈ ബ്രഷിനെ ഞാൻ കൊണ്ടുപോയിക്കോളാം..."
ഞാനവനെ അടിക്കാനോങ്ങിയപ്പഴേക്കും (തമാശയായി) ഞങ്ങൾ ഒന്നാം നിലയിലെത്തിയിരുന്നു. അവൻ പൊട്ടിച്ചിരിച്ച് കൊണ്ട് ഓടി അകത്തേക്ക് കയറി. അറിയാതെ എന്നോടും ചിരിച്ച് പോയി. എന്താണ് പ്രശ്നമെന്ന് ഞങ്ങളുടെ ബന്ധുവും സഹധർമ്മിണിയും ചോദിച്ചെങ്കിലും, ബ്രഷ് പീഡിപ്പിക്കപ്പെട്ട വിവരം ഞങ്ങൾ രണ്ടുപേരും ആരോടും പറഞ്ഞില്ല.
ഒരു തവണ അടിമപ്പെട്ടാൽ, പിന്നെ ശീലമായിക്കൊള്ളും എന്ന് പറഞ്ഞത് പോലെ, ഇതേ തരത്തിൽ വീണ്ടും ബ്രഷ് മറന്നുപോയ ചില അപൂർവ്വ അവസരങ്ങളിൽ, എന്റെ ബ്രഷിന് പിന്നെയും കുറച്ച് തവണ കൂടി പരഗമനം നടത്തേണ്ടി വന്നു. മറന്നുപോകുന്ന പ്രശ്നം എന്നെന്നേക്കുമായി പരിഹരിക്കാൻ, അവന്റേതായ ഒരു 'ചിന്ന ബ്രഷ്' വാങ്ങി എന്റെ വാസസ്ഥലത്ത് വെക്കാൻ, അവനോ ഞാനോ ഒരിക്കലും മിനക്കെട്ടതുമില്ല. പിന്നീടുള്ള സന്ദർഭങ്ങളിൽ പക്ഷേ, ആദ്യത്തെ തവണയിൽ നിന്ന് വ്യത്യസ്തമായി, ബ്രഷിനോ എനിക്കോ എന്റെ കസിനോ പ്രത്യേകമായി ഒന്നും തോന്നിയിരുന്നില്ല! ഞങ്ങളുടെ മൂന്നുപേരുടെയും നാണം അപ്പഴേക്കും തീർത്തും മാറിയിരുന്നു!! പരിഷ്കാരങ്ങളുടെ പോക്ക് അപാരം തന്നെ!!!
ലോകത്താദ്യമായി, ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം നഷ്ടപ്പെട്ട കഥ വായിച്ച് വിശ്വസിച്ച്, 'അയ്യേ' എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഒരു കാര്യം ഓർമ്മയിരിക്കട്ടെ. സ്വന്തം ബ്രഷിനെ മറ്റുള്ളവരിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്! ജാഗ്രതൈ!
ഈ കഥയെ ആധാരമാക്കി, ഇനി മുതൽ 'നാരായത്തിന്റെ ബ്രഷാകാൻ താല്പര്യമുണ്ടോ' എന്ന്, താല്പര്യമുള്ള ആളുകളോട് വ്യംഗ്യാർത്ഥത്തിൽ ചോദിച്ച് ചോദിച്ച്, അതൊരു പുതിയ ചൊല്ലോ ശൈലിയോ ആക്കി ആരും മാറ്റിക്കളയരുത്. അഥവാ അങ്ങനെ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കിൽ, അവരെ കുനിച്ച് നിർത്തി, ആരെക്കൊണ്ടെങ്കിലും ഇടിപ്പിക്കേണ്ടിവരും!!
ഈ കഥ ഇവിടെ എഴുതാൻ പ്രേരിപ്പിച്ച വേറൊരു ദുരന്തകഥയുമായി ഒരു തവണ കൂടി കാണാം: മാറിപ്പോകുന്ന രോഗം (ടൂത്ത്ബ്രഷിന്റെ ചാരിത്ര്യം - 2)
***