2013, നവംബർ 28, വ്യാഴാഴ്‌ച

ഉത്സവം

പ്രണയത്തെക്കുറിച്ചു പറഞ്ഞപ്പോൾ, നമ്മുടെ നാട്ടിലെ ഒരു അമ്പലത്തിലെ ഉത്സവത്തെപ്പറ്റിയും പറഞ്ഞിരുന്നല്ലോ. ഉത്സവത്തിന്റെ മേളത്തിൽ പ്രണയം മുങ്ങിപ്പോകാതിരിക്കാൻ ഉത്സവത്തിനെ ഒന്നു വേറിട്ടു നിർത്തുകയായിരുന്നു. ഇനി നമുക്ക് ആ ഉത്സവത്തിന് ഒരു കൊടിയേറ്റം നടത്തിയാലോ? :)



ഈ കവിത കുട്ടികളെക്കൊണ്ട് പാടിക്കണമെന്ന എന്റെ ആഗ്രഹപ്രകാരം എന്റെ സഹധർമിണി എന്റെ മൂത്തമകളായ പാർവ്വതിയെ ഈ കവിത പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അമേരിക്കയിൽ വളരുന്ന എന്റെ മക്കൾക്ക്‌ എങ്ങനെയെങ്കിലും മലയാളത്തിൽ ഇത്തിരി അറിവും ഉച്ഛാരണ ശുദ്ധിയും ഉണ്ടാവട്ടെ എന്ന് കരുതിയാണ് അങ്ങനെ ഒരു കടുംകൈ ചെയ്തത്. അതുപ്രകാരം പാർവ്വതി, ഈ കവിത പഠിക്കുകയും ഞങ്ങൾ എല്ലാ മൂന്നു മാസക്കാലം കൂടുമ്പോൾ ചേരുന്നതുമായ ഒരു സാഹിത്യ സംഗീത വേദിയിൽ അവൾ(അവളാൽ ആവുന്ന രീതിയിൽ) ഈ കവിത അവതരിപ്പിക്കുകയും ചെയ്തു(12 ഒക്ടോബർ 2013). അതിന്റെ ഒരു ചലച്ചിത്രരേഖ താഴെ കൊടുക്കുന്നു.


മുകളിലത്തെ ചലച്ചിത്രരേഖ പ്രവർത്തിക്കുന്നില്ലെങ്കിൽ യുട്യൂബിൽ കേൾക്കുക

                                                                             ശ്രീ

പറന്നു വന്നൂ മാനത്തമ്പിളി
കറങ്ങി നിന്നൂ ആകാശം
പൊട്ടിച്ചിതറി താരകളെല്ലാം
കെട്ടിവലിഞ്ഞൂ ഭാസ്കരനും

ഇരമ്പി വരുന്നൂ കോടികളായി
നിറഞ്ഞു  കിടക്കും മുറ്റത്ത്
ഇന്നാണല്ലോ ഉത്സവമേളം
ജനാഭിമാനക്ഷേത്രത്തിൽ

ഹര ഹര ശിവ ശിവ  ഗാനമുയർന്നു
പരവശനായ് ഞാനെത്തുമ്പോൾ
അണിഞ്ഞു വരുന്നൂ പുതുവസ്ത്രങ്ങൾ
പിണഞ്ഞു വരുന്നൂ മിഥുനങ്ങൾ

ഉയരുന്നൂ കൊടിതോരണമാലകൾ
പതയുന്നൂ ജനമാനങ്ങൾ
ചിതറുന്നൂ പ്രഭ ചൊരിയുന്നൂ
കെടാവിളക്കുകളോരോന്നും

ആടുന്നൂ ജനമോടുന്നൂ
ആടിപ്പാടിത്തിമർക്കുന്നൂ
പീപ്പി വിളിച്ചു നടപ്പൂ കുട്ടികൾ
പമ്പരമട്ടു കറങ്ങുന്നൂ

തഴുകാൻ വെമ്പൽ കൊള്ളുന്നൂ
യുവ കൈകൾ പലതും തമ്മാമ്മൽ
വിൽക്കുന്നൂ പല തട്ടുകളായി
നൽകുന്നൂ വള ഹാരങ്ങൾ

നിരന്നു നിന്നൂ ഗജവീരന്മാർ-
ക്കടുത്തു നിന്നൂ പാപ്പാൻ‌മാർ
വീശറികളായീ ഭീമൻ ചെവികൾ
വീശുകയായി ചാമരവും

ചെണ്ടയിടക്കയിലത്താളങ്ങൾ
കൊമ്പും കുഴലും മദ്ദളവും
ഉയരുന്നൂ ഘടവാദ്യാദികളാൽ
ഉയരുന്നൂ ലയതാളങ്ങൾ

സ്വയം മറന്നു നടക്കുന്നൂ
ആസ്വാദകരാം ലക്ഷങ്ങൾ
കെട്ടുന്നൂ പല വേദികളായി
കഥകളി നാടകനൃത്തങ്ങൾ

ഉയരുന്നൂ ശരകിരണം പോലെ
വിടരുന്നൂ പല പുഷ്പം പോൽ
മാനത്തങ്ങനെ വിതറുന്നൂ പ്രഭ
ചൊരിയുന്നൂ വെടി വഴിപാടാൽ

എല്ലാം കൊണ്ടും ഉത്സവമായി
നാടും വഴിയും ഒരുപോലെ
മടങ്ങിവരുമ്പോൾ തോന്നീടുന്നൂ
ചടങ്ങുകളൊന്നും തീരാഞ്ഞാൽ

തളർന്നുറങ്ങീ കുട്ടികളിപ്പോൾ
വളർന്നു വന്നൂ സമയങ്ങൾ
അമിട്ടു പൊട്ടീ ഉച്ചത്തിൽ ഉടൻ
അന്തം കണ്ടൂ മേളങ്ങൾ

                                                                *********************
കുറിപ്പ്: ആസ്വാദകരും അല്ലാത്തവരും അവരവരുടെ മനസ്സിൽ തോന്നുന്ന അഭിപ്രായങ്ങൾ വളച്ചുകെട്ടില്ലാതെ ഇവിടെ കുറിക്കുവാൻ മറക്കരുതേ ! നിങ്ങളുടെ അഭിപ്രായങ്ങൾ എനിക്ക് ഒരു പുതിയ അറിവും ചിലപ്പോൾ ഒരു പ്രചോദനവും ആയിരിക്കും.
                                                                  ******************

2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

പഞ്ചഭൂതങ്ങളും സ്ത്രീയും

(വാഷിങ്ങ്ടണ്‍ ഡി സി യിലെ മലയാളി സംഘടനയായ കെ സി എസ്,  2013 ഏപ്രിലിലെ 'സമ്മർ ഡ്രീംസ്' എന്ന കാര്യപരിപാടിയിലേക്ക് നിശ്ചയിച്ച ആശയം 'പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും' എന്നതായിരുന്നു. ഈ ആശയത്തോടനുബന്ധിച്ച് സുഹൃത്തായ ശ്രീമതി. മഞ്ജുള ദാസ്, ഒരു നൃത്തരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചു. ആ നൃത്തരൂപത്തിന്റെ ആശയം 'പഞ്ചഭൂതങ്ങളും സ്ത്രീയും' എന്നതായിരുന്നു. ഈ നൃത്തരൂപത്തിന് വേണ്ടി ഒരു ആമുഖവും ഒരു സമാപന പദശൃംഖലയും തയ്യറാക്കിത്തരുവാൻ  മഞ്ജുള ദാസ് എന്നോട് അഭ്യർത്ഥിച്ചു. പക്ഷേ പഞ്ചഭൂതങ്ങളെപ്പറ്റി എനിക്കറിയാവുന്ന സംഭവങ്ങളൊക്കെയും തിരഞ്ഞു കിട്ടിയതൊക്കെയും 'പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും' എന്ന മുഖ്യ ആശയത്തിന് വേണ്ടി കൊടുത്ത് കഴിഞ്ഞതു കാരണം വേറെ ഒന്നും പുതുതായി എന്റെ കൈയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ദിവസം ഒരു സായാഹ്നത്തിൽ ഇത്തിരി മധുപാനത്തിന്റെ അകമ്പടിയോടെ വാഗ്ദേവതയെ ധ്യാനിച്ച് എഴുതിയതാണ് താഴെക്കാണുന്ന  'പഞ്ചഭൂതങ്ങളും സ്ത്രീയും' എന്ന എന്റെ ഈ സൃഷ്ടി  :) )

ശ്രീ

നൃത്താവിഷ്കാരത്തിനു മുന്നേ:

പഞ്ചഭൂത സമന്വയേ, സർവ്വ നിർമാണകാരണേ 
നമസ്തേ പ്രകൃതി സമ്പൂർണേനാരീ സർവ്വ ജന്മ ദായികേ 
പഞ്ചഭൂത പരംബ്രഹ്മഃപ്രകൃതം അംഗനാബലം
നമസ്തേ വനിതേ ലോലേ ഗേഹ മംഗള ദായികേ 

(നിലവിലുള്ള ഏതൊരു പുരാണങ്ങളിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഈ ശ്ലോകം നിങ്ങൾക്ക് ദർശിക്കാൻ കഴിയില്ല. പേടിക്കേണ്ട, ഈ ശ്ലോകവും എന്റെ തന്നെ സൃഷ്ടിയാണ് !)

അതെ അതാണ്‌ സ്ത്രീ! സ്ത്രീ അമ്മയാണ്. ഗൃഹത്തിന്റെ ശ്രീ ആണ്. പ്രപഞ്ചത്തിലെ എല്ലാ  നിർമ്മിതികൾക്കും അവസ്ഥകൾക്കും പഞ്ചഭൂതങ്ങൾ കാരണമായതു പോലെ നമ്മുടെ ഒക്കെ ജനനത്തിനും ദൈനംദിന ജീവിതത്തിലെ താളത്തിനും സർവ്വോപരി ഗൃഹാന്തരീക്ഷം സ്വർഗ്ഗ സമാനമാക്കുന്നതിനും സ്ത്രീ കാരണമാകുന്നു. നമ്മുടെ കർമ്മങ്ങൾ പഞ്ചഭൂത അനുപാതത്തെ മാറ്റിമറിച്ചാൽ പ്രകൃതിക്ഷോഭം ഉണ്ടാകുന്നതുപോലെ കുഞ്ഞായും പ്രണയിനിയായും അമ്മയായും സർവ്വംസഹയായും ഉള്ള സ്ത്രീഭാവങ്ങൾ പ്രകോപിതമായാൽ അവനവന്റെ സർവ്വനാശം ഫലം. 

ആ സ്ത്രീയുടെ നാട്യഭാവങ്ങളിൽ കൂടി നമുക്ക് പഞ്ചഭൂതഭാവങ്ങളെ ഒന്ന് കണ്ടുനോക്കാം. ആകാശഭാവങ്ങളെ നമ്മുടെ സ്വന്തം കഥകളിയിലൂടെയും വായുവിന്റെ ഭാവങ്ങളെ മോഹിനിയാട്ടത്തിലൂടെയും അഗ്നിഭാവങ്ങളെ ഭാരതനാട്യത്തിലൂടെയും ജലത്തിന്റെ ഭാവങ്ങളെ ഒഡീസ്സിരൂപത്തിലൂടെയും അവസാനമായി സർവ്വം സഹയായ ഭൂമിയുടെ ഭാവങ്ങളെ കുച്ചിപ്പുടിരൂപത്തിലൂടെയും കോർത്തിണക്കിയുള്ള ഒരു നയനമനോഹരമായ ദൃശ്യാവിഷ്കാരം. 

 നൃത്താവിഷ്കാരത്തിനു ശേഷം:

“ദേവി”,  "ഭാരതീയനാരി" എന്നൊക്കെ സ്ത്രീ സങ്കല്പമുള്ള നമ്മുടെ ഭാരതത്തിൽ സ്ത്രീകൾ ഇന്ന് സുരക്ഷിതരാണോ? എന്തിനു നമ്മുടെ ഭാരതം മാത്രം, ഈ ലോകമൊട്ടുക്കും സ്ത്രീകൾക്ക് വേണ്ടവിധം പരിരക്ഷ നല്കുന്നുണ്ടോ? സ്ത്രീ സംരക്ഷണനിയമങ്ങൾ ഉണ്ടെങ്കിലും അവ ശരിയായി പരിപാലിക്കപ്പെടുന്നുണ്ടോ?

അബല എന്ന് മുദ്രകുത്തപ്പെട്ട സ്ത്രീ ശരിക്കും അബല ആണോ? സ്ത്രീ സ്വയം അവളുടെ ശക്തി തിരിച്ചറിയാതിരിക്കുകയും  അവർ സംരക്ഷിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ എവിടെ നിന്നെങ്കിലും ഒരു തിരിനാളം അവൾക്ക് ശക്തി പകരാൻ, നാളെയിലേക്ക് ആളിപ്പടരാൻ  കൊളുത്തേണ്ടിയിരിക്കുന്നു. 

ഈ വസന്തത്തിലെ പഞ്ചഭൂതസന്ധ്യയിൽ പഞ്ചഭൂതങ്ങളുടെ പല ഭാവങ്ങളും ആവിഷ്കരിച്ചതു നിങ്ങൾ കണ്ടു. മനസ്സിന്റെ ഘടന പോലെ തെളിഞ്ഞ ആകാശവും കാർമേഘം മൂടിയ ആകാശവും കണ്ടു. വായുവിനെ നമ്മെ തഴുകുന്ന ഇളം തെന്നലായും എല്ലാം പിഴുതെറിയുന്ന കൊടുങ്കാറ്റായും കണ്ടു. അഗ്നിയെ നമുക്ക് വെളിച്ചം തരുന്ന ദീപനാളമായും സർവ്വതും ചുട്ടെരിക്കുന്ന അഗ്നിഗോളമായും കണ്ടു. 

അതുപോലെ ജലത്തെ ദാഹജലമായും അരുവിയായും  എന്നാൽ കോപിഷ്ഠയായാൽ പ്രളയമായും പേമാരിയായും ദർശിച്ചു. നാം വസിക്കുന്ന ഭൂമിയെ സർവ്വംസഹയായും പ്രകോപിതമായാൽ ഭൂകമ്പമായും കണ്ടു. ഈ അവസ്ഥാന്തരങ്ങളെ അതാതിന്റെ തീവ്രമായ ഭാവങ്ങളിൽ സ്ത്രീയിൽ സമ്മേളിച്ചിരിക്കുന്നു. അവൾ അത് അവസരോചിതമായി പ്രകടിപ്പിക്കുന്നു. 

മകളായും കാമുകിയായും അമ്മയായും മുത്തശ്ശിയായും സ്നേഹവാൽസല്യം ചൊരിയുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഒരോരുത്തരുടെയും കടമയാണ്. അവളെ കാളിയോ ദുർഗ്ഗയോ ആക്കാതിരിക്കുക. അതിനു മുന്നോടിയായി നിങ്ങളെ ഓരോരുത്തരെയും പ്രേരിപ്പിക്കുവാൻ ഈ പഞ്ചഭൂതനൃത്താവിഷ്കാരം ഈ ഭൂമിയിലെ ഓരോ സ്ത്രീ ജന്മത്തിനും സമർപ്പിക്കുന്നു.

സർവ്വംസഹയായ ദേവീ ഉണരുക! നിങ്ങളെ ഉപദ്രവിക്കുന്നവരെ ഉന്മൂലനാശനം ചെയ്യാൻ മഹിഷാസുരമർദ്ദിനിയെപ്പോലെ ശക്തിയാർജ്ജിക്കുക! 

***********

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും

(വാഷിങ്ങ്ടണ്‍ ഡി സി യിലെ മലയാളി സംഘടനയായ കെ സി എസ്,  2013 ഏപ്രിലിലെ 'സമ്മർ ഡ്രീംസ്' എന്ന കാര്യപരിപാടിയിലേക്ക് നിശ്ചയിച്ച ആശയം 'പഞ്ചഭൂതങ്ങളും മനുഷ്യജീവിതവും' എന്നതായിരുന്നു. ഈ ആശയത്തെ ഒന്ന് വിപുലീകരിച്ചു കൊടുക്കുവാൻ സംഘടനയുടെ വിനോദസമിതി അദ്ധ്യക്ഷനും എന്റെ സുഹൃത്തുമായ  ശ്രീ. സുരേഷ് നായർ എന്നോട് ആവശ്യപ്പെടുകയുണ്ടായി. ഞാൻ പഞ്ചഭൂതത്തെപ്പറ്റി എനിക്കറിയാവുന്ന വിവരങ്ങളും ചില പുസ്തകങ്ങൾ വായിച്ചും ഗൂഗിൾ എന്ന മഹാസാഗരം തിരഞ്ഞും ക്രോഡീകരിചു തയ്യാറാക്കിയ ചില വിവരങ്ങൾ:)

ശ്രീ


ഭാരതീയ സംസ്കൃതിയും പുരാണങ്ങളും പ്രകാരം പ്രപഞ്ചത്തിലെ എല്ലാ  നിർമ്മിതികൾക്കും അവസ്ഥകൾക്കും കാരണഹേതുക്കളായിരിക്കുന്നത്  പഞ്ചഭൂതങ്ങൾ ആണ്. നമ്മുടെ പ്രപഞ്ചം പഞ്ചഭൂതങ്ങളുടെ ഒരു സന്തുലിത സമ്മേളനമാണ്. നമ്മുടെ ശരീരവും ഭൂമിയും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്ശരീരത്തിലെ പേശികളും എല്ലുകളും മണ്ണിനെ അഥവാ ഭൂമിയെ പ്രതിനിധാനം ചെയ്യുന്നു. രക്തവും മറ്റു സ്രവങ്ങളും ജലത്തിനെ പ്രതിനിധാനം ചെയ്യുന്നു. ശരീരത്തിന്റെ ഊഷ്മാവ് അഗ്നിയെയും പ്രാണവായു വായുവിനെയും ആത്മാവ് ആകാശത്തെയും പ്രതിനിധാനം ചെയ്യുന്നു

നമ്മുടെ  മനുഷ്യ ശരീരത്തിലെ പഞ്ചേന്ത്രിയങ്ങളിലോരോന്നിനും പഞ്ചഭൂതങ്ങളിലെ ഓരോ ഘടകങ്ങളുമായി പരസ്പര ബന്ധം ഉണ്ട്, പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിനും പഞ്ചഭൂതങ്ങളിൽ അതിന്റെ പ്രതിരൂപങ്ങളുണ്ട്

പഞ്ചഭൂതങ്ങളും അതിന്റെ മനുഷ്യശരീര  പ്രതിരൂപങ്ങളും:

കാത് ആകാശത്തിന്റെ പ്രതിരൂപമാകുന്നു. കാരണം ആകാശം പ്രപഞ്ച ശബ്ദങ്ങളുടെ മാധ്യമം ആകുന്നു പ്രപഞ്ചത്തിലെ തരംഗങ്ങളെ ശരീരത്തിൽ സന്നിവേശിപ്പിക്കാൻ കാതു കൂടാതെ പറ്റില്ല

തൊലി വായുവിന്റെ പ്രതിരൂപമാകുന്നു. മന്ദമാരുതന്റെ സ്പർശം അറിയാൻ തൊലി തന്നെ വേണമല്ലോഅന്തരീക്ഷത്തിലെ ചൂടും തണുപ്പും അറിയാനുള്ള മാധ്യമം തൊലിയാണ്. അന്തരീക്ഷവുമായി ശരീരം സംവദിക്കുന്നത് തൊലിയിലൂടെയാണ്

 കണ്ണ് അഗ്നിയുടെ പ്രതിരൂപമാകുന്നു. കണ്ണിലൂടെ മാത്രമേ പ്രകാശത്തെ കാണാനാവൂ. കണ്ണിലൂടെ നമ്മുടെ ഉള്ളിലുള്ള പ്രകാശത്തെ നമുക്ക് മറ്റുള്ളവരിലേക്ക് പല രീതിയിൽ പ്രതിഫലിപ്പിക്കാൻ സാദ്ധ്യമാകുന്നു

നാക്ക് ജലത്തിന്റെ പ്രതിരൂപം. ഉമിനീരില്ലാതെ നമുക്ക് രുചിച്ചു നോക്കാൻ പറ്റുമോ?  വറ്റി വരണ്ട നാക്കിനു പ്രസക്തിയില്ലാത്തത് പോലെ ജലം ഇല്ലാതെ നമുക്ക് നിലനില്പില്ല

മൂക്ക് ഭൂമി യുടെ പ്രതിരൂപമാകുന്നു. ഭൂമിയെ അഥവാ മണ്ണിനെ മണത്തു നമുക്ക് അറിയാൻ പറ്റുന്നുമണ്ണിലെ പ്രതലത്തെ മൂക്കിന്റെ കിടപ്പിനെയും രൂപത്തെയും വളരെ അർത്ഥവത്തായ രീതിയിൽ താരതമ്യം ചെയ്യാം. വാസന നമ്മിൽ ചിന്തകൾ ഉദ്ദീപിപ്പിക്കുന്ന പോലെ താമസിക്കുന്ന ഭൂമിയും നമ്മിൽ പല മാറ്റങ്ങളും ഉണ്ടാക്കുന്നു

പഞ്ചേന്ദ്രിയങ്ങളും പഞ്ചഭൂതങ്ങളും തമ്മിലുള്ള ആശയവിനിമയത്തിലൂടെ നാം നമ്മുടെ പ്രപഞ്ചത്തെ അറിയുന്നു. പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥയിൽ മാറ്റങ്ങളുണ്ടാവുമ്പോൾ  ഭൂമിയിൽ അനർഥങ്ങളും ശരീരത്തിൽ രോഗങ്ങളും ഉണ്ടാകുന്നു

പഞ്ചഭൂതങ്ങളും അതിന്റെ ഭാവങ്ങളും:

ആകാശം ഒഴിച്ചുള്ള എല്ലാ പഞ്ചഭൂത ഘടകങ്ങളെയും നമുക്ക് രണ്ടായി തരംതിരിക്കാം. നിത്യവും അനിത്യവും. പരമാണുവിനെ നമുക്ക് നശിപ്പിക്കാൻ അസാദ്ധ്യമാണ്. പക്ഷെ പരമാണു കൊണ്ട് പ്രവർത്തിയിലൂടെ ഉണ്ടാക്കിയെടുത്ത വസ്തുക്കളെ നമുക്ക് നശിപ്പിക്കാൻ പറ്റും

ഭൂമിയുടെ രൂപങ്ങളായ കല്ല്കൊണ്ടും പാറകൾ കൊണ്ടും നാം ശില്പങ്ങൾ പണിയുന്നു. എന്നാൽ അവയ്ക്കൊക്കെ ഒരു കാലശേഷം നിലനില്പ്പ് ഇല്ലാതാകുന്നു. അത് തകർന്നു വീണ്ടും മണ്ണായി അതിന്റെ മൂലകണമായി മാറുന്നുഅത് പോലെ നമ്മുടെ ശരീരം നശ്വരമാണ്. പക്ഷെ മരണ ശേഷം ശരീരം അനശ്വരമായ അതിന്റെ പൂർണ സ്ഥിതി വിശേഷമായ പരമാണുക്കളായി വിഘടിച്ചു പോകുന്നു. അത് വീണ്ടും പുഴുക്കാളായും പാറ്റകളായും മാറി  വരുന്നു

ജലത്തിന് അതിന്റെ പ്രവർത്തിയിൽ അഥവാ കർമപഥത്തിൽ  പല രൂപങ്ങള   ഉണ്ടാകുന്നു. അത് നദിയായും തടാകമായും കടലായും മാറുന്നു. അത് നശ്വരമാണ്. എന്നാൽ അതിന്റെ മൂലഘടകത്തിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല. കുളത്തിലെയും കടലിലെയും ജലം നീരാവിയായി കാർമേഘമായി മഴയായി വീണ്ടും രൂപം പ്രാപിക്കുന്നു

വായുവിനെ നമുക്ക് ശ്വാസമായും കാറ്റായും കൊടുങ്കാറ്റായും അറിയാൻ കഴിയുന്നു. പക്ഷെ അതൊക്കെ താൽക്കാലികമാകുന്നു. പുരാണങ്ങളിൽ 49 തരം കാറ്റുകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതിനെക്കുറിച്ച് എത്ര പേർക്കറിയാം

അഗ്നിയുടെ സ്വഭാവം തന്നെ ഊഷ്മാവ് ഉണ്ടാക്കുകയാണ്. നമ്മുടെ ശരീരം നിലനില്ക്കാൻ ഒരു നിശ്ചിത അളവിൽ ഊഷ്മാവ് ആവശ്യമാണെന്ന് ഇന്ന് ഏതു കുഞ്ഞിനും അറിയാം. സൂര്യന്റെ നാളങ്ങളും ഊഷ്മാവും ഇല്ലാതെ നമ്മുടെ ആകാശഗംഗയാകുന്ന ബ്രഹ്മാണ്ഡത്തിനു നിലനിൽപ്പില്ല. അഗ്നിയുടെ അതിന്റെ കാഴ്ച രൂപമായ നാളങ്ങൾ നശ്വരമാകുന്നുഎന്നാൽ അത് ഉല്പാദിപ്പിക്കുന്ന ചൂട് മറ്റു പല പ്രവർത്തനങ്ങൾക്കും കാരണമാകുന്നു. വിശ്വാസ പ്രകാരം അഗ്നി അഷ്ടദിക്പാലകന്മാരിൽ ഒന്നാകുന്നു. തെക്ക് കിഴക്കേ മൂലയുടെ കാവൽക്കാരനാകുന്നു. ഭൂമിക്കടിയിലെ അഗ്നി ചിലപ്പോൾ അഗ്നി പർവ്വതമായി പുറത്തു വരുന്നു. നമ്മുടെ ഉള്ളിലെ അഗ്നി വിശപ്പായി തീരുന്നു. ആകാശത്ത് അത് മിന്നലാകുന്നു

ആകാശത്തിനു നിത്യമായ അനശ്വരമായ അവസ്ഥ മാത്രമേ ഉള്ളൂ. പ്രണവാകാരമായ ഓംകാരവും മഹാമുനിമാർ കേൾക്കുന്ന ആശരീരികളും ഒക്കെ ആകാശചരണികളാകുന്നു. മന്ത്രങ്ങൾ അഥവാ പലതരത്തിലുള്ള ശബ്ദവീചികൾ ആകാശത്തിലൂടെ സഞ്ചരിച്ചു നമ്മുടെ ഉള്ളിൽ മനസ്സിന്റെ ഉള്ളിൽ പല തരത്തിലുള്ള വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു

പഞ്ചഭൂതങ്ങളും അതിന്റെ പ്രതിഫലനങ്ങളും:

പഞ്ചഭൂതങ്ങളെ അതിന്റെ പ്രകടമായും സൃഷ്ടിപരമായും നിഗൂഢപരമായും ഉള്ള അർത്ഥത്തിൽ എടുക്കേണ്ടതാണ്. അർത്ഥം മറ്റൊന്നും അല്ല, എല്ലാം ഒന്നാണെന്നുള്ള പരമാർത്ഥം, എല്ലാം ഒരു പരമാണുവിൽ നിന്ന് ഉണ്ടാകുന്നതാണെന്ന ലോകസത്യം

നമുക്ക് പഞ്ചഭൂതങ്ങളിലെ ഓരോ ഘടകങ്ങളും നമ്മുടെ ജീവിതത്തിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ച് ഒന്ന് സൂക്ഷിച്ചു നോക്കാം.  

ഭൂമി എന്നത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് ഭൂമിയുടെ കാഠിന്യമുള്ള  പ്രതലങ്ങളെപ്പറ്റിയോ ശരീരത്തിലെ പേശികളെപ്പറ്റിയോ മാത്രമല്ല ചിന്തിക്കേണ്ടത്. ദൃഢതയുള്ള മനസ്സിനെയും മനസ്സിന്റെ സദാചാര സമ്പന്നതയെയും എകാഗ്രതയെയും അത് അർത്ഥമാക്കുന്നു

ജലം എന്നത് കൊണ്ട് പ്രവാഹത്തെ ക്കൂടി അർത്ഥമാക്കുന്നു. ക്രിയാത്മകമായ വിചാരങ്ങളെ  ഉള്ളിലേക്ക് ആവാഹിക്കാനും വിചാരങ്ങളെ ശേഖരിച്ചു വെക്കാനുമുള്ള  മനസ്സിന്റെ കഴിവ്

അഗ്നികൊണ്ട് പ്രകൃതിയിലെ ഊർജ്ജത്തെ അർത്ഥമാക്കുന്നു. ഊഷ്മാവ് പ്രവഹിപ്പിച്ച് പ്രകാശം പരത്താനും മനസ്സിലെ അന്ധകാരത്തെ ഇല്ലായ്മ ചെയ്യാനും അതു മൂലം ഹൃദയത്തിൽ സന്തോഷം ഉണ്ടാക്കുവാനും ഉള്ള കഴിവ്, തിന്മകളെ തിരിച്ചറിഞ്ഞു നന്മകളിലൂടെ ബുദ്ധിപരമായി  പ്രകാശത്തെ പരത്തുവാനുള്ള കഴിവ്

വായു സുതാര്യതയും ചലനത്തേയും സൂചിപ്പിക്കുന്നു. അത് പ്രപഞ്ചത്തിന്റെ സഞ്ചാരത്തിനെ നിയന്ത്രിക്കുന്നു. ശരീരത്തിലെ രക്തയോട്ടത്തെയും മാലിന്യങ്ങളെ പുറന്തള്ളുന്ന ചലനമായും താരതമ്യം ചെയ്യാം

ആകാശം എല്ലാത്തിനെയും സ്പർശിക്കുന്നു. അത് നമ്മുടെ മനസ്സിന്റെ ബോധമണ്ഡലമാകുന്നു. ഹൃദയത്തിൽ അത് സ്നേഹമാകുന്നു. മറ്റു ചിലപ്പോൾ അത് സഹായം ആവശ്യമുള്ളവരോടുള്ള ദയ ആകുന്നു. പ്രശ്നജടിലമായ ജീവിതത്തിൽ അത് വിവേകമാകുന്നു

തരത്തിൽ പഞ്ചഭൂതങ്ങളെ നാം നമ്മുടെ മനസ്സിൽ പ്രതിഷ്ഠിച്ചാൽ  നാം ഓരോരുത്തർക്കും നന്നാവാനും ലോകത്ത് നന്മകൾ നിറക്കുവാനും സാധിക്കും. തരത്തിലുള്ള ഒരു ലോകം അവസരത്തിൽ നമുക്ക് സ്വപ്നം കാണാം
 
***********