2024, ജനുവരി 15, തിങ്കളാഴ്‌ച

പ്രഭാവതിയുടെ ഭാർഗ്ഗവീനിലയം (പ്രേതാത്മസമ്പർക്കങ്ങൾ - 2)

(Picture Courtesy: Google)

ഈ പരമ്പരയിലെ ആദ്യഭാഗം വായിക്കാൻ ഇവിടെ അമർത്തുക: ഡ്രാക്കുളയും ഓജോ ബോർഡും (പ്രേതാത്മസമ്പർക്കങ്ങൾ - 1)

വ്യക്തിപരമായ ജാമ്യമെടുപ്പ്: ഈ കഥക്കോ കഥാപാത്രങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള സാമ്യങ്ങളോ താരതമ്യങ്ങളോ തോന്നിയെങ്കിൽ അത് യാദൃശ്ചികം മാത്രമാണ് 🙏🙂

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പ്രവാസജീവിതം തുടങ്ങിയ ആളാണ് ഞാൻ. അന്ന് മുതലേ, ഓരോ തവണത്തെ നാട്ടിലേക്കുള്ള യാത്രയും മനസ്സിൽ എന്തെന്നില്ലാത്ത ആവേശം നിറക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. പഴയ ഓർമ്മകൾ, മനസ്സിലേക്ക് തള്ളിക്കയറിവരുന്ന നിമിഷങ്ങൾ. മുപ്പത് വർഷങ്ങൾക്കിടയിലെ പ്രവാസജീവിതത്തിന്നിടയിൽ, താമസസ്ഥലങ്ങൾ മാറി മാറി ഇരുപത് വർഷങ്ങൾക്ക് മുന്നേ അമേരിക്കയിൽ എത്തിയതിന് ശേഷമാണ്, അത്തരം നിമിഷങ്ങൾക്ക് കൂടുതൽ ചാരുതയുണ്ടാകാൻ തുടങ്ങിയത്. നാട്ടിലേക്ക് പോകുന്നതിന്റെ ഇടവേളകൾ, മൂന്ന് വർഷങ്ങളിൽനിന്ന് രണ്ട് വർഷങ്ങളായും രണ്ട് വർഷങ്ങളിൽ നിന്ന് എല്ലാവർഷങ്ങളിലുമായി മാറി വന്നപ്പോഴാണ്, കൊറോണയുഗം ആരംഭിക്കുന്നത്. കൊറോണാഭീതിയൊക്കെ മാറി, ദൂരയാത്രകളൊക്ക തരപ്പെട്ട്, വീണ്ടും നാട്ടിലേക്ക് യാത്ര തിരിക്കുമ്പഴേക്കും, ആ ഇടവേള വീണ്ടും മൂന്ന് വർഷങ്ങളായി വളർന്നിരുന്നു.

അങ്ങനെ, കൊറോണക്ക് ശേഷം ആദ്യമായി നാട്ടിലെത്തിയ ഉടനെത്തന്നെ, മാസ്കിട്ടെന്നും ഇല്ലെന്നും വരുത്തി, സുഹൃദ് സന്ദർശനങ്ങളും കുടുംബസന്ദർശനങ്ങളുമൊക്കെയായി, പണ്ട് നടന്നിരുന്ന ഇടവഴികളിലൂടെയൊക്കെ മനസ്സ് മേഞ്ഞ് കൊണ്ടിരിക്കുന്ന സമയത്താണ്, അളിയന്റെ വീട്ടിലൊരു മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടാൻ നേർച്ചയുണ്ടായത്. 

അളിയന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിരുന്നു. ഞാൻ പോകുന്നതോ പോകട്ടെ, അവന്റെ പെങ്ങൾക്കും ആ ചടങ്ങിൽ പങ്കെടുക്കാൻ കൊറോണ സമ്മതിച്ചിരുന്നില്ല. ഏതായാലും ബാങ്കോക്കിലും വാഷിംഗ്ടണിലുമൊക്കെയുള്ള പെങ്ങന്മാരും അളിയന്മാരുമൊക്കെ അവധിക്ക് വരുന്ന നേരം നോക്കിയിട്ടാണ്, ഗൃഹപ്രവേശത്തോടനുബന്ധിച്ച് നേർന്ന മുത്തപ്പൻ വെള്ളാട്ടം ക്രമീകരിക്കപ്പെട്ടത്. 

ബാങ്കളൂരിൽ വിമാനമിറങ്ങി, ഒൻപത് മണിക്കൂറോളം ടാക്സിയിൽ യാത്ര ചെയ്ത്  കണ്ണൂരിലെ വീട്ടിലെത്തുമ്പഴേക്കും പുലർച്ചെ രണ്ട് മണിയായി. അതേ ദിവസം ഉച്ചക്ക് തന്നെ അളിയന്റെ വീട്ടിലെത്തിച്ചേർന്നു. വെള്ളാട്ടം പ്രമാണിച്ച്, കുറേ ബന്ധുക്കളും പരിസരക്കാരുമൊക്കെ അതിനകം തന്നെ അവിടെ ഭക്തിനിർഭരതയോടെ തമ്പടിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് അമ്മയുടെ നിർബന്ധത്തിന് ഉച്ചഭക്ഷണം കഴിച്ചിരുന്നെങ്കിലും, ഭാര്യാമാതാവിന്റെ നിർബന്ധപ്രകാരം, അളിയന്റെ വീട്ടിൽ വച്ച്, മൂന്ന് മണിയോടെ വീണ്ടും ഊണ് കഴിച്ചു. 

പുറത്ത് വന്നിരുന്ന് എല്ലാവരോടും കുശലം പറയുന്നതിന്റെ ഇടയിലാണ്, ഒരമ്മാവൻ, അവരുടെ വീട്ടിലൊരു പട്ടിയെ പുതിയൊരു അംഗമാക്കി ചേർത്തതിനെക്കുറിച്ചും അതിനോടനുബന്ധിച്ച് ലക്ഷങ്ങൾ ചിലവായതിനെക്കുറിച്ചും അഭിമാനത്തോടെ വാചാലനായത്. പട്ടിക്കൂടുണ്ടാക്കാനും പട്ടി പുറത്തേക്ക് ചാടിപ്പോവാതിരിക്കാൻ ഫെൻസിംഗിനും വേണ്ടിയൊക്കെയാണ് ലക്ഷങ്ങൾ ചിലവായത്. പണം പോയ സങ്കടമാണോ അതോ പട്ടിയോടുള്ള സ്നേഹമാണോ അതൊന്നുമല്ല ഒരു പട്ടിയുടെ 'പ്രൗഡ് ഓണറാ'ണെന്നുള്ള ഭാവമാണോ അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ നിഴലിച്ചതെന്ന് എനിക്ക് തീർത്ത് മനസ്സിലാക്കാനായില്ല. ഏതായാലും, സ്വന്തം മക്കളുടെ പഠനത്തിന് പോലും ആ പട്ടിക്ക് ചിലവാക്കിയത്ര പണം ചിലവാക്കിയിട്ടുണ്ടാവാൻ സാധ്യതയില്ലെന്ന് ഞാനൊരാഭിപ്രായം പറഞ്ഞപ്പോൾ വർത്തമാനം വേറെ വിഷയത്തിലേക്ക് അറിയാതെ മാറിപ്പോയി. പക്ഷേ, അദ്ധേഹത്തിന്റെ പെങ്ങൾ, പട്ടിമൂത്രത്തിൽ ചവിട്ടി മാർബിൾ തറയിൽ മലർന്നടിച്ച് വീണ്, രണ്ട് മൂന്ന് മാസക്കാലം ദുരിതം തെണ്ടിയതിന്, പെങ്ങളുടെ മക്കളോട് അദ്ദേഹത്തിന് മനസ്സിലിത്തിരി കെറുവുണ്ട്. അവധിക്ക് വന്ന പെങ്ങളുടെ മക്കൾ, ആഗ്രഹം മൂത്ത് ഒരു പട്ടിയെ വാങ്ങിയെങ്കിലും, അവധി കഴിഞ്ഞ് തിരിച്ച് അറബി നാട്ടിലേക്ക് പോയതോടെ പട്ടിഭാരം പെങ്ങളുടെ തലയിലായത്രെ!

അപ്പഴേക്കും വെള്ളാട്ടത്തിന്റെ ഭാഗമായി ചെണ്ടകൊട്ട് തുടങ്ങി. അതിനിടയിൽ ഭാര്യയുടെ കുഞ്ഞമ്മാവൻ എന്നെ ഇടത്തേ കണ്ണിറുക്കി അകത്തേക്ക് വിളിച്ചു. അദ്ദേഹമെന്നെ നേരെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി. എന്നേക്കാൾ പ്രായത്തിൽ കുറവാണെങ്കിലും കുഞ്ഞമ്മാമൻ നമ്മുടെ പ്രിയപ്പെട്ട അമ്മാമനാണ്. ഫ്രിഡ്ജ് തുറന്ന് ഒരു അടച്ച തൂക്ക്പാത്രം അദ്ദേഹം പുറത്തെടുത്തു. അത് തുറന്ന് കഞ്ഞിവെള്ളം പോലുള്ള ദ്രാവകം ഒരു ഗ്ളാസ്സിലൊഴിച്ചപ്പോഴാണ് അമ്മാവൻ വാക്ക് പാലിച്ചെന്ന ബോദ്ധ്യം എനിക്കുണ്ടായത്. വെള്ളാട്ടം പ്രമാണിച്ച് കള്ള് വാങ്ങിക്കുമ്പോൾ, ഒന്നുരണ്ട് ഗ്ലാസ്സ് കള്ള് എനിക്ക് വേണ്ടി മാറ്റിവെക്കാൻ നേരത്തേ അദ്ദേഹത്തോട് സ്വകാര്യമായി അഭ്യർത്ഥിച്ചിരുന്നു. ഞണ്ടിന്റെ മാളത്തിൽ വെള്ളമൊഴിക്കുന്നത് പോലെ രണ്ട് ഗ്ലാസ് കള്ള് അന്നനാളത്തിലൂടെ, ചുണ്ട് തൊടുവിക്കാതെ അതിവേഗത്തിൽ താഴോട്ടിറങ്ങി. തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ, വീടിന്റെ മുൻഭാഗത്തെ ഒരു മൂലയിൽ വീണ്ടും വന്നിരുന്നു.  

അവിടെ സന്നിഹിതരായിരുന്ന കുറച്ച് ബന്ധുക്കൾ അടുത്ത് വന്ന് പരിചയം പുതുക്കി. അളിയന്റെ വീട്ടിൽ എത്തിയതിന് ശേഷം, അത്രയും നേരത്തിനിടയിൽ, ഒരാൾ എന്റെ ശ്രദ്ധ ആകർഷിച്ചതായി ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്. അദ്ദേഹം അവിടെ പല കാര്യങ്ങൾക്കായി അകത്തോട്ടും പുറത്തോട്ടുമൊക്കെയായി ഓടിനടക്കുകയാണ്. മുത്തപ്പൻ സംഘക്കാർക്ക് വേണ്ട എല്ലാ കാര്യങ്ങളും അദ്ദേഹമാണ് ഏകോപിപ്പിക്കുന്നതെന്ന തോന്നൽ എനിക്കുണ്ടായി. മുത്തപ്പന്റെ പാനീയപാനസംബന്ധമായ ചില താളങ്ങൾ  അദ്ദേഹത്തിൻറെ ചലനങ്ങളിൽ കുറച്ചൊക്കെ പ്രകടമാണ്. പക്ഷേ, എന്റെ കല്യാണം കഴിഞ്ഞ് ഇരുപതോളം വർഷങ്ങൾ ആയെങ്കിലും ഇങ്ങനെയൊരു കഥാപാത്രത്തെ ഞാനെന്റെ ഭാര്യാഗൃഹത്തിലോ ഭാര്യാസംബന്ധിയായ മറ്റവസരങ്ങളിലോ കണ്ടിട്ടുള്ളതായി ഒരോർമ്മയും എനിക്ക് വന്നില്ല. അദ്ദേഹത്തെ ഞാൻ വീക്ഷിച്ച് കൊണ്ടേയിരുന്നു. അദ്ദേഹം ആരാണെന്നറിയാനുള്ള ആകാംക്ഷ നിയന്ത്രണാതീതമായപ്പോൾ, അടുത്തിരുന്ന ഭാര്യാസഹോദരീഭർത്താവിന്റെ കാതിലേക്ക് 'അദ്ദേഹം ആരാണെന്നറിയാമോ' എന്ന ചോദ്യം ഞാനെറിഞ്ഞു.

"ഓ... നിങ്ങൾക്ക് ആളെ മനസ്സിലായില്ലാ... ഇതല്ലേ നമ്മുടെ രാകേശമ്മാമൻ... ങ്ങള് ഇവരെ ഇതുവരെ കണ്ടിട്ടേയില്ല അല്ലേ..."

"ഓ... അദ്ദേഹമാണോ ഇദ്ദേഹം... ഇല്ല... ഞാനിതുവരെ കണ്ടിട്ടില്ല..." ഭാര്യാഗൃഹത്തിൽ എന്നേക്കാൾ രണ്ട് വർഷം ജൂനിയറായ എന്റെ കോബ്രദർ, ഇദ്ദേഹത്തെ എങ്ങനെ പരിചയപ്പെട്ടു എന്നത് എന്നിൽ അത്ഭുതമുളവാക്കി. 

"നീ അദ്ദേഹത്തെ എങ്ങനെ പരിചയപ്പെട്ടു...?"

"രശ്മിയുടെ തറവാട്ടിലെ ഏതോ ഒരു വർഷത്തെ തെയ്യത്തിന് പരിചയപ്പെട്ടതാണ്... പിന്നെ കാണുന്നത് ഇന്നാണ്..." 

ഭാര്യയുടെ അമ്മാവന്മാരിൽ, രണ്ടമ്മാവന്മാരെ നേരത്തെ നല്ലപോലെ അറിയാമെങ്കിലും, ഇങ്ങനെയൊരു മൂത്തമ്മാവൻ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അദ്ദേഹത്തെ ഞാനാദ്യായിട്ട് കാണുകയാണ്. ഞാനറിയാത്ത, എന്തോ ഏതോ ചെറിയ വലിയ കാരണങ്ങളാൽ എന്റെ കല്യാണത്തിനും കുറച്ച് വർഷങ്ങൾക്ക് മുന്നേ ബന്ധങ്ങളിലെ ചില ഗ്യാപ്പുകൾക്കിടയിൽ അവിടവിടെയായി തിരശ്ശീലകൾ തൂക്കിയ ആളാണ് കക്ഷി. എന്റെ കല്യാണത്തിന് ശേഷം നടന്ന ഭാര്യാസഹോദരിയുടെയോ, അളിയന്റെയോ, മറ്റ് ബന്ധുക്കളുടെയോ കല്യാണത്തിന്, ക്ഷണമുണ്ടായിട്ടും അദ്ദേഹം സന്നിഹിതനായിരുന്നില്ലെന്ന കാര്യം എനിക്കറിയാം. അതുകൊണ്ട് അദ്ദേഹത്തെ പരിചയപ്പെടാൻ ഒരു സാഹചര്യവും എനിക്ക് തുറന്ന് കിട്ടിയിരുന്നില്ല. 

നാലഞ്ച് വർഷങ്ങൾ മുന്നേ നടന്ന അദ്ദേഹത്തിൻറെ മകളുടെ കല്യാണത്തിനടുപ്പിച്ചാണ്, ബന്ധുത്വത്തിന്റെ, രക്തബന്ധത്തിന്റെ വേരുകളിൽ പിടിച്ചിരുന്ന പായലുകൾ കുറച്ചെങ്കിലും അഴുകിയില്ലാതായത്. എന്തായാലും, അദ്ദേഹത്തന്റെ മുഖസൗകുമാര്യം എന്റെ കണ്ണുകളിൽ പതിയാൻ, ഇങ്ങനെയൊരു സന്ദർഭം ഉണ്ടാകേണ്ടി വന്നു.

അങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ്,  പുഴുങ്ങിയ പയറും, കുറച്ച് വാഴയിലകളും  മൂന്ന്-നാല് ഉടച്ച നാളികേരങ്ങളുമായി  ഞാനിരിക്കുന്നിടത്തേക്ക് അദ്ദേഹം വന്നത്. പയറും തേങ്ങയും ഒരു മേശയിൽ വച്ച്, അദ്ദേഹം ഒരു പീച്ചാത്തിയുമെടുത്ത്, കഷണങ്ങളായി തേങ്ങാ പൂളിയെടുക്കാനുള്ള ശ്രമമാരംഭിച്ചു. എന്തോ, ശ്രമിക്കുന്നുണ്ടെങ്കിലും തേങ്ങാപ്പൂളുകൾ ശരിയായ രീതിയിൽ ആ പ്രവർത്തിയിൽ നിന്ന് പിറന്ന് വീഴുന്നുണ്ടായിരുന്നില്ല. 

"ഇതാരെങ്കിലും ഒന്ന് വേഗം ഒന്ന് ശരിയാക്കിയാട്ടെ... വരുന്നയാളുകൾക്ക് പ്രസാദമായി കൊടുക്കാനുള്ളതാണ്... ഈ വാഴയിലകൾ ചെറുതായി ചീന്തി വെക്കണം..." ആരോടെന്നില്ലാതെ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് അദ്ദേഹം എഴുന്നേറ്റ് പോയി. 

വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ടും, എന്തെങ്കിലുമൊക്കെ ചെയ്ത് എൻഗേജ്‌ഡ്‌ ആയിരിക്കാമെന്നുളത് കൊണ്ടും, ഞാനാ ശ്രമം ഏറ്റെടുത്തു. അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര് പിള്ളേരെയൊക്കെ കൂട്ടി, അവിടെയുണ്ടായിരുന്നവർക്കും വരുന്നവർക്കുമൊക്കെ പ്രസാദം കൊടുക്കേണ്ട ഏർപ്പാടുകൾ തുടങ്ങി. അദ്ദേഹം അറിഞ്ഞുകൊണ്ട് എന്റെ തലയിൽ ചാർത്തിയതാണോ എന്നറിയില്ലെങ്കിലും അദ്ദേഹം എന്നോടൊന്നും മിണ്ടിയിരുന്നില്ല. എന്തായാലും ചിരട്ടയിൽ നിന്ന് തേങ്ങാപ്പൂളുകൾ ചുരുണ്ട് ചുരുണ്ട് സ്പ്രിങ് രൂപത്തിൽ അടർന്ന് വീഴുന്നത് കണ്ട് ഞാൻ തന്നെ അതിശയിച്ചുപോയി. തേങ്ങാ പൂളിയിട്ട് കാലങ്ങൾ കഴിഞ്ഞെങ്കിലും എന്റെ ആ കഴിവ് നശിച്ച് പോയിട്ടില്ല എന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്.

ഇതിനിടയിൽ വെള്ളാട്ടം ചടങ്ങുകൾ പുരോഗമിക്കുന്നുണ്ട്. ചെണ്ടകൊട്ടും മുത്തപ്പന്റെ നൃത്തങ്ങളും തകൃതിയായി നടക്കുണ്ട്. മുത്തപ്പന്റെ വീത്തും, മറ്റുള്ളവർക്ക് മുത്തപ്പൻ കനിഞ്ഞരുളുന്ന വീത്തും ഒളിഞ്ഞ് നടക്കുന്ന വീത്തും ചടങ്ങുകൾക്ക് കൊഴുപ്പേകുന്നുണ്ട്. തുടക്കത്തിലെ ചടങ്ങുകൾക്കൊടുവിൽ മുറ്റത്ത് ആരൂഡ്ഢനായ മുത്തപ്പന് മുന്നിൽ, വന്നവർ വന്നവർ അനുഗ്രഹം വാങ്ങാൻ ക്യൂ നിൽപ്പ് തുടങ്ങി. ഓരോരും അവരവരുടെ വിഷമങ്ങൾ മുത്തപ്പനോട് പറയുന്നതും, മുത്തപ്പൻ ഭക്തരുടെ വിഷമങ്ങൾ സ്വയമറിഞ്ഞ് പ്രവചിക്കുന്നതും പ്രശ്നങ്ങൾക്ക് ചില പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതും കേൾക്കാൻ നല്ല രസമാണ്. ആടയാഭരണങ്ങളണിഞ്ഞ മുത്തപ്പനെയും മുത്തപ്പന്റെ പ്രകടനത്തെയും ആദ്യമായി വീക്ഷിക്കുന്ന എന്റെ കുട്ടികളുടെ മുഖത്ത്, ഭക്തിയും ഭീതിയും അമ്പരപ്പും ഒരുമിച്ച് വിളയാടുന്നത് ഞാൻ ശ്രദ്ധിച്ചു. 

ദൈവഭക്തി, ദൈവഭീതി എന്നൊക്കെയുള്ള രസങ്ങളും വികാരങ്ങളും എനിക്ക് നശിച്ചുപോയെങ്കിലും ഇത്തരം വിഷയങ്ങളെക്കുറിച്ചും അതിന്റെ യുക്തിയാഥാർഥ്യങ്ങളെക്കുറിച്ചുമൊക്കെ ഞാനെന്റെ മക്കളുമായി ചർച്ചകൾ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നാട്ടിൽ നടക്കുന്ന ഇത്തരം ആചാരങ്ങളും ആട്ടങ്ങളും വേഷം കെട്ടലുമൊക്കെ അവരും നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യണമല്ലോ. പോരാത്തതിന് ഇത്തരം കുടുംബസംഭവങ്ങളിൽ നിന്ന് യുക്തിയുടെ പേരും പറഞ്ഞ് മാറി നിൽക്കുന്നതും ഉചിതമാണെന്ന അഭിപ്രായം എനിക്കില്ല. അതുകൊണ്ട് തന്നെ  ഒരമ്പത് രൂപായുടെ ഒരു നോട്ട് എന്റെ മൂത്ത മകളുടെ കയ്യിൽ കൊടുത്ത്, കൈ പിടിച്ചുകൊണ്ടുള്ള മുത്തപ്പന്റെ പ്രവചനാനുഭവം അനുഭവിക്കാൻ അവളെ ക്യൂവിൽ നിർത്തിച്ചു.

സാധാരണ വെള്ളാട്ടം ചടങ്ങിന്, വീട്ടുമുറ്റത്ത് നടക്കുന്ന മുത്തപ്പൻ ദർശനം, ആ ആവീട്ടിലെ താമസക്കാർക്ക് പുറമെയുള്ളവർക്കാണ്. വീട്ടിലുള്ളവർക്കായി വേറെത്തന്നെ സെഷൻ ഉണ്ടായിരിക്കും. അത് നടക്കുന്നത് വീടിന്റെ ഉമ്മറത്ത് നിന്നും അകത്തേക്ക് കടക്കുന്ന വാതിൽപ്പടി തൊട്ടുരുമ്മിക്കൊണ്ട് പീഠം വച്ച്, അതിന്മേൽ ഇരുന്നുകൊണ്ടാണ്. അങ്ങനെ മുത്തപ്പൻ ഉമ്മറത്തും വീട്ടുകാരും അടുത്ത ബന്ധുക്കളും അകത്തുമായി നിന്നുകൊണ്ടാണ് ആ ദർശനം നടക്കുന്നത്. ഈ ചടങ്ങ് ദൂരെ നിന്ന് വീക്ഷിക്കാൻ നല്ല രസമാണ്. ഭയഭക്തിയാകാംക്ഷകൾ പലരുടെയും മുഖത്തിലായി സ്പുരിച്ച് വിടരുന്ന നിമിഷങ്ങൾ... മുത്തപ്പന്റേതായ ശൈലിയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും.

ചിലർ ഒറ്റക്കും മറ്റുചിലർ അവരുടെ കുടുംബങ്ങൾ ഒരുമിച്ചുമൊക്കെയായി ദർശനം തുടരവെയാണ് എന്റെ കെട്ട്യോൾടെ ഊഴം വന്നത്. അവൾ മക്കളെയും കൂട്ടി നേരെ മുത്തപ്പന്റെ മുന്നിൽ നിന്നു. അവരോട് മുത്തപ്പൻ എന്താണ് മൊഴിയുന്നതെന്ന് കേൾക്കാൻ ആകാംക്ഷയോടെ ദൂരെ മാറിയിരിക്കുകയായിരുന്നു ഞാൻ. ആ സമയത്താണ് നേരത്തെ പറഞ്ഞ നമ്മുടെ രാകേശമ്മാമൻ പെട്ടന്ന് അട്ടഹസിച്ചത്...

"വിധു എവിടെ...? ഏയ്.. നിക്ക് നിക്ക്... ഓനും കൂടി വരട്ടെ...' 

എന്റെ കെട്ട്യോൾക്ക് അറിയാം.. ഞാനീ കാര്യത്തിൽ തല്പരൻ അല്ല എന്നുള്ള കാര്യം. അതുകൊണ്ടാണ് എന്നോടൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ നേരെ മുത്തപ്പന്റെ അടുത്തേക്ക് പോയത്. 

"അതാരാ ഈ വിധു..." മുത്തപ്പൻ എന്റെ കെട്ട്യോളോട് ചോദിച്ചു. 

"എന്റെ ഭർത്താവാ..." ഭാര്യാമണി മുത്തപ്പനോട് ഭക്തിപൂർവ്വം മൊഴിഞ്ഞു. 

"എന്നിട്ട് അദ്ദേഹമെന്താ എന്റെ മുന്നിൽ വരാത്തെ...?" ഭാര്യ ഒന്നുംപറഞ്ഞില്ല. അവൾ തല താഴ്ത്തി നിന്നതേയുള്ളൂ. മുത്തപ്പൻ ചുറ്റും നോക്കുന്നുണ്ട്. അപ്പഴേക്കും രാകേശമ്മാമൻ എന്റെ അടുത്തെത്തി.

"നീയെന്താ ഇവിടെത്തന്നെ ഇരുന്ന് കളഞ്ഞത്...?" അപ്പോ അദ്ദേഹത്തിന് ഞാൻ ആരാണെന്നറിയാം എന്ന കാര്യം എനിക്ക് വ്യക്തമായി. പിന്നെ ഞാനും ഒട്ടും അമാന്തിച്ചില്ല. അദ്ദേഹത്തെ കുറേക്കാലമായി അറിയുന്നത് പോലെത്തന്നെ ഞാനും പെരുമാറി.

"ഇല്ല മാമാ... എനിക്ക് ഈ പരിപാടിയിൽ വല്യ താല്പര്യമില്ല..." അമ്മാമൻ ഒന്ന് ഞെട്ടി. 

"ഉയ്യന്റപ്പാ... ഞീയെന്നാ പറേന്ന്... പത്ക്കെ പറ... മുത്തപ്പൻ കേക്കണ്ട..." ഞാൻ മുത്തപ്പനെയും അമ്മാമനെയും മാറി മാറി നോക്കി. 

"ഞീ ബന്നേ പറ്റൂ... ഞീ നോക്ക്യാ... നിഷേം കുട്ട്യോളും നിന്നെ കാത്തിരിക്ക്യാ..."

"അല്ല മാമാ ഓർക്കറിയാം... ഞാൻ വരൂല്ലാന്ന്..."

"അതൊന്നും ശര്യാകൂല്ല... ഞീ വന്നേ പറ്റൂ..." ആകപ്പാടെ രംഗമൊന്ന് മോശമായിരിക്കുകയാണ്. അളിയന്റെ വീട്... ആ വീട്ടിലെ ഭക്തിനിർഭരമായ ചടങ്ങ്... ഭാര്യാപിതാവും മാതാവും അളിയനും മറ്റ് ബന്ധുക്കളും ഈ രംഗം നോക്കി നിൽക്കുകയാണ്. കൂടാതെ മറ്റുള്ള ബന്ധുക്കളും. അവരിൽ ചിലർക്കൊക്കെ എന്റെ നയമാറ്റം കുറച്ചൊക്കെ അറിയാം. രാകേശമ്മാമന് ഇതൊന്നും അറിയാൻ വഴിയില്ലല്ലോ. എന്നെ ആദ്യമായി കാണുകയല്ലേ? അദ്ദേഹം ബലം പ്രയോഗിക്കുകയാണ്.

"വാ..." അദ്ദേഹം എന്നെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഞാൻ വഴങ്ങുന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞ് പൊട്ടിത്തെറിച്ച് പോയാൽ, അത് ആ ചടങ്ങിനേൽക്കുന്ന വലിയ ആഘാതമായി മാറും. എഴുന്നേറ്റ് മുത്തപ്പന്റെ അടുത്ത് പോകാനാണെങ്കിൽ എനിക്ക് ഒട്ടുമേ താല്പര്യവുമില്ല. നമ്മുടെ ആവശ്യങ്ങൾക്കോ സങ്കടങ്ങൾക്കോ ദൈവത്തിനെ ഉപദ്രവിക്കേണ്ട എന്ന ഒരു ലൈനിൽ മനസ്സെത്തിയിട്ട് കാലമേറെ ആയെങ്കിലും, അത്തരത്തിലൊരു ഉറച്ച തീരുമാനം പരസ്യമായയെടുക്കാൻ തുടങ്ങിയിട്ട് ഏകദേശം എട്ട് വർഷങ്ങൾ ആയതേയുള്ളൂ. ആ തീരുമാനം ഒരു പത്രപ്പരസ്യമാക്കാത്തത് കൊണ്ട് പലർക്കും അറിയില്ലെന്ന് മാത്രം.

ഈ മുത്തപ്പൻ വെള്ളാട്ടത്തിൽ പണ്ട് പല തവണ ഞാൻ പങ്ക് കൊണ്ടിട്ടുള്ളതാണ്. എന്റെ വീട്ടിൽ പോലും വെള്ളാട്ടം നടന്നിട്ടുണ്ട്. അന്ന് മുത്തപ്പന്റെ അനുഗ്രഹവും വാങ്ങിയിട്ടുണ്ട്. ഇനി 'വെള്ളാട്ടം' പോരാ 'നായനാർ' തന്നെ വീട്ടിൽ കെട്ടിയാടിക്കണമെന്ന് എന്നെ ഉപദേശിച്ചതാണ്. പിന്നീട് എന്റെ വിശ്വാസങ്ങൾ മാറിപ്പോയത് കൊണ്ട് അതൊന്നും നടന്നില്ലെന്ന് മാത്രം.

എന്റെ ഭാര്യാപിതാവ് ഒരു തികഞ്ഞ സാത്വികനാണ്. അദ്ദേഹത്തിന്റെവിധ ഭാവങ്ങളിലുള്ള ഒരു നോട്ടം എന്റെ മേലെ പതിച്ചപ്പോ, പിന്നെയധികം എതിർക്കാൻ നിന്നില്ല. എന്നാലും മനസ്സിനൊട്ട് താല്പര്യവുമില്ലതാനും. രാകേശമ്മാവൻ എന്റെ കൈ പിടിച്ച് മുത്തപ്പന്റെ അടുത്തെത്തിച്ചു. ഈ രംഗമൊക്കെ സാകൂതം കേൾക്കുകയും വീക്ഷിക്കുകയും ചെയ്തിരുന്ന മുത്തപ്പൻ എന്റെ ഭാര്യയുടെ കൈ വിട്ട് എന്റെ കയ്യിൽ കേറിപ്പിടിച്ചു.

"ഹാഹാ... ഇദ്ദേഹത്തിന് എന്താ ഒരു മടി... ന്താ എന്നെ ഷ്ടല്ലാന്നുണ്ടോ...?" ഞാനെന്റെ മറുപടി ഒരു പുഞ്ചിരിയിൽ മാത്രമായി ഒതുക്കി.

"ന്താ... മറുപടിയൊന്നും ല്ലേ...? ഈ മുത്തപ്പനൊരു മിഥ്യയാണെന്ന ധാരണയുണ്ടോ..." അതിലും ഞാൻ മറുപടി പറഞ്ഞില്ല... ചുറ്റുമുള്ളവർ എന്നെ ആകാംക്ഷയോടെയും ഞാൻ ചുറ്റുമുള്ളവരെ ചിരിച്ചുകൊണ്ടും നോക്കുകയായിരുന്നു.

"ന്താ... അമേരിക്കയിലൊക്കെ പോയപ്പോ എന്നെയൊന്നും വേണ്ടാതായോ..." ഞാൻ ചുണ്ടടച്ചിരുന്നു. അപ്പോ മുത്തപ്പനും ഞാൻ അമേരിക്കയിലാണെന്നുള്ള കാര്യം അറിയാം. ദീർഘദർശിയാണ്.

"എല്ലാം തികഞ്ഞു എന്ന ഭാവമായിരിക്കും അല്ലേ...?" 

"അങ്ങനെയൊന്നുമില്ല മുത്തപ്പാ..."

"പിന്നെന്താ വിളിച്ചപ്പോ വരാനൊരു മടി...?" 

"വരാൻ തോന്നിയില്ല... അതാ...."

"ഹ ഹ ഹാ... ഭേഷ്.. ഭേഷ്... ന്റെ അനുഗ്രഹത്തിന് വേണ്ടി  ഇത്രയധികം ആൾക്കാര് ഇവിടെ കൂടിയിരിക്കുമ്പോ... കണ്ടില്ലേ ഇദ്ദേഹത്തിന്റെ അഹംഭാവം..." മുത്തപ്പൻ ചുറ്റും കണ്ണോടിച്ചുകൊണ്ട് ഒടുവിൽ അദ്ദേഹത്തിന്റെ കൈക്കാരോടായി പറഞ്ഞു.

"ഇതൊക്കെ നല്ലതിനാണെന്ന് തോന്നുന്നുണ്ടോ...?"

"വെറുതെ സമയം കളയണ്ടാന്ന് കരുതീട്ടാ..."

"ഇപ്പൊ ങ്ങനെയും ആൾക്കാരുണ്ട്.... ഇങ്ങനെയൊക്കെ ധിക്കരിക്കുന്നതാ ഇവരുടെയൊരു രീതി... ഇതൊന്നും താങ്കളെ ഉയരത്തിലെത്തിക്കൂല്ല..."

"അത് സാരല്യ മുത്തപ്പാ..."

"കൈക്കാരേ ഇദ്ദേഹത്തിനെ മുത്തപ്പൻ എന്താ... എങ്ങനെയാ പെരുമാറേണ്ടത്...?" മുത്തപ്പൻ, അദ്ദെഅഹത്തിന്റെ ഇടംവലങ്ങളിലുള്ള സഹായികളെ നോക്കി ദേഷ്യഭാവത്തിൽ ചോദ്യമെയ്തു.

മുത്തപ്പന്റെ ചോദ്യങ്ങൾക്കുത്തരമായി എന്റെ വായിൽ നിന്ന് ഇനി എന്തൊക്കെയാ വീഴുക എന്ന് എനിക്ക് തന്നെ നിശ്ചയമില്ലാതെ പോകുന്ന ഒരവസ്ഥ. എല്ലാവരും എന്നെത്തന്നെ തുറിച്ച്‌നോക്കുന്നതായി എനിക്ക് തോന്നി. സംഗതി വഷളാകാതെ നോക്കിയേ പറ്റൂ... ഞാൻ മുത്തപ്പന്റെ കൈ വിടുവിച്ച് തിരികെ നടന്നു. 

മുത്തപ്പൻ എന്നെക്കുറിച്ച് പിന്നെയൊന്നും സംസാരിച്ചില്ല. വേദനിപ്പിക്കണ്ട എന്ന് കരുതിയായിരിക്കണം, ഭാര്യയോടും എന്നെക്കുറിച്ചൊന്നും പറഞ്ഞില്ല. ഒന്നും സംഭവിക്കാത്തപോലെ മുത്തപ്പനടക്കം എല്ലാരും പെരുമാറിയപ്പോൾ  അവിടത്തെ താളം തെറ്റാതെ നിന്നു. പിന്നെയും ആരൊക്കെയോ ദർശനം തേടി. ആരുമാരും എന്നോടൊന്നും ചോദിക്കാത്തത് കൊണ്ട്, ഞാനും ചില തർക്കുത്തരങ്ങൾ കൊടുക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടു. പക്ഷേ ചിലരുടെയെങ്കിലും മനസ്സിൽ ചില ചോദ്യങ്ങൾ ഉണ്ടെന്ന് അവരുടെ നീക്കങ്ങളിൽ നിന്ന് മനസ്സിലാവാൻ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല താനും, പ്രത്യേകിച്ച് വളരെയടുത്ത കുടുംബാംഗങ്ങളിൽ നിന്ന്. 

പിറ്റേന്ന് രാവിലെ വിളക്കിന് മുന്നിൽ പ്രാർത്ഥിച്ച് വരുമ്പോൾ ഒരാളുടെ വക ഒരു കമന്റ് കേട്ടു:

"ഇപ്പോൾ ഇതൊരു ഫാഷനാ... ദൈവം ഒന്നും ഇല്ലാന്ന് പറയുന്നത്... ഇതൊക്കെ എന്തോ വല്യ കാര്യമാണെന്നാ അവർടെയൊക്കെ ഒരു വിചാരം... എന്നാലോ.. ഉള്ളിലെല്ലാം ഉണ്ടാവും..." പ്രാതൽ കഴിക്കുകയായിരുന്നെങ്കിലും ഞാനതിലൊന്നും കൊത്താതെ പിടിച്ച് നിന്നു. അങ്ങനെയൊരു യുദ്ധം ജയിച്ചിട്ട് നമുക്കൊന്നും നേടാനില്ലല്ലോ.

"മുത്തപ്പൻ അങ്ങനെയൊക്കെ പറഞ്ഞപ്പോ പേടിച്ച് പോയാ...?" എന്തോ ഒരു സാധനമെടുത്ത് അടുക്കളയിലേക്ക് പോകവേ, വേറൊരു സ്ത്രീബന്ധുവിന്റെ ചോദ്യം.

"ഒണങ്ങിയ പുല്ല് മൊളപ്പിക്കാൻ പറ്റാത്ത മുത്തപ്പനെ ഞാനെന്തിനാ പേടിക്ക്ന്ന്...?" ഞാനെന്റെ വഴിക്ക് പോയി.

ഒരാഴ്ച്ച കഴിഞ്ഞതേയുള്ളൂ. കുഞ്ഞമ്മാമന്റെ കണ്ണൂർ പട്ടണത്തിലുള്ള വീട്ടിൽ ഞങ്ങൾ ഒത്തുകൂടി. ഒരു ഫ്‌ളാറ്റിൽ, നാലാമത്തെ നിലയിലാണ് അദ്ദേഹത്തിന്റെ വീട്. എന്റെ കുടുംബവും ഭാര്യാസഹോദരിയും ഒക്കെയുണ്ട്. ഒന്ന് കൂടിയിരിക്കുന്നതിന്റെ ഭാഗമായി, വല്യ ബഹളമൊന്നും ഇല്ലാതിരിക്കാൻ വേണ്ടി, കുഞ്ഞമ്മാമൻ എല്ലാവരെയും അടുത്തുള്ള മാളിൽ പറഞ്ഞയച്ചു. ആ ഗ്യാപ്പിൽ പണ്ട് മുംബൈയിൽ ഒരുമിച്ച് താമസിച്ചപ്പോൾ മുതലുള്ള രസകരമായ കഥകൾ മുതൽ കപ്പൽ വഴിയുള്ള ചരക്ക് വ്യാപാരം വരെ ഞങ്ങൾ ചർച്ച ചെയ്തു. മർച്ചന്റ് നേവിക്കാരനാണല്ലോ നമ്മുടെ കുഞ്ഞമ്മാമൻ.

രണ്ടുമൂന്ന് മണിക്കൂറുകൾ കഴിയുമ്പഴേക്കും ഏകദേശം രാത്രി ഒൻപത് മണിക്കടുപ്പിച്ച്, മാളിൽ പോയവർ തിരിച്ചെത്തി. ഞാനും മാമനും ഏകദേശം നല്ല മൂഡിലായിരുന്നെങ്കിലും ഒന്നും സംഭവിക്കാത്ത രീതിയിൽ പെരുമാറേണ്ടതുണ്ടായിരുന്നു. മാമൻറ് ഭാര്യാമാതാവിനൊന്നും ഈ കാര്യം അറിയില്ലെന്നാണ് നമ്മുടെ വിചാരം. അവർ വരുമ്പഴേക്കും മീൻ മുള്ളുകളും മിക്സ്ചറിന്റെ ഒഴിഞ്ഞ പാക്കറ്റുകളും അച്ചാറിന്റെ കുപ്പികളുമൊക്കെ മാറ്റി വച്ച് മാന്യന്മാരായി ഞങ്ങളിരുവരും ഇരുന്നു.

കുടുംബാംഗങ്ങളൊക്കെ മാളിൽ നിന്ന് തിരിച്ച് വന്നതിന് ശേഷം, എല്ലാവരും അത്താഴത്തിനിരുന്നു. രസകരമായ ചർച്ചകളും സംഭാഷണങ്ങളും കുട്ടികളുടെ ബഹളവുമൊക്കെയായി അത്താഴം കൊഴുകൊഴുത്തു. വർത്തമാനങ്ങൾക്കിടയിൽ, ഉള്ളിൽ കയറിക്കൂടിയ രസികൻ, ഇടക്കിടെ അറിയാതെ തുളുമ്പിപ്പോകുന്നുണ്ടോയെന്ന് എനിക്ക് തോന്നാതിരുന്നുമില്ല.

അത്താഴത്തിന് ശേഷം, കുട്ടികളെല്ലാവരും ഒരു മുറിയിൽ ഒത്തുകൂടി എന്തൊക്കെയോ ചിരിച്ച് മറിഞ്ഞപ്പോൾ, പ്രായപൂർത്തിയായവർ ലിവിങ് ഏരിയയിൽ വട്ടം കൂടിയിരുന്ന് വെടിവട്ടങ്ങൾക്ക് വട്ടം കൂട്ടി. തുടക്കത്തിലെ ചെറിയ ചെറിയ നുറുങ്ങുകൾ, നിരുപദ്രവങ്ങളായ കുറ്റം പറച്ചിലുകളിലേക്കും ചില കുടുംബാംഗങ്ങളുടെ വ്യത്യസ്തങ്ങളായ സ്വഭാവസവിശേഷതകളിലേക്കും പടർന്നു. പക്ഷേ അതൊടുവിൽ എന്റെ പിരടിയിന്മേലുള്ള ഒരു പിടുത്തമാവുമെന്ന് ഞാനും കരുതിയില്ല.

"ങ്ങളുടെ ബാക്കിയെല്ലാ വർത്താനോം കൊള്ളാം... പക്ഷേ നിങ്ങളെങ്ങനെയാ ഒരു നിരീശ്വരവാദിയായത് എന്നാണ് ഞമ്മക്ക് മനസ്സിലാവാത്തെ... അതാ ഞമ്മക്ക് ങ്ങളോടുള്ള ഒരേയൊരെതിർപ്പ്..." എന്തൊക്കെയോ പറയുന്നതിനിടയിൽ എന്റെ വീട്ടിൽ നടക്കുന്ന ചില പ്രാകൃത ആർത്തവാചാരങ്ങളിൽന്മേൽ വർത്തമാനമെത്തിയപ്പോഴാണ് ഭാര്യാസഹോദരി ഇത്തരത്തിൽ മൊഴിഞ്ഞത്. 

മതവും ദൈവവുമൊക്കെ എനിക്ക് ഇഷ്ടപ്പെട്ട സംസാരവിഷയങ്ങളാണ്. പ്രത്യേകിച്ച്, വ്യത്യസ്‌ത അഭിപ്രായക്കാരാണെങ്കിലും, ഒരേ തരംഗദൈർഘ്യത്തിൽ പരസ്പരം മനസ്സിലാക്കിയുള്ള ചർച്ചകൾ ഇഷ്ടമാണ്. പക്ഷെ, ഇവിടെ അങ്ങനെയാകാൻ തരമില്ലല്ലോ. ആചാരങ്ങൾ എല്ലാം പാലിക്കണമെന്ന് പറയുമ്പോഴും, ഏതാചാരമായാലും, അവനവന് വിഷമങ്ങളുണ്ടാക്കുന്ന ആചാരങ്ങൾ പാലിക്കാൻ എല്ലാവർക്കും വിഷമമാണ്. അവനവൻ പാലിക്കുന്നിലെങ്കിലും, അത് മറ്റുള്ളവർ പാലിക്കണമെന്ന് ശഠിക്കുന്നവരാണ് ഏറെക്കുറെ നമ്മുടെ ഇടയിലുള്ള എല്ലാവരും. 

ശബരിമലയിൽ സ്ത്രീകൾ കയറുന്നതിനെ ആചാരപ്രകാരം എല്ലാവരും ശക്തിയുക്തം എതിർക്കും. പക്ഷേ എന്റെ വീട്ടിലെ ചില പ്രതിഷ്ഠകളുടെ പേരിൽ, അവിടെയുള്ള ആചാരമായ സ്ത്രീകളുടെ വിട്ടുനിൽക്കലിന്, അവിടേക്ക് ഞാനടക്കം കെട്ടിക്കൊണ്ട് വന്ന പെൺകുട്ടികൾക്ക് എതിർപ്പാണെങ്കിലും എന്റെ വീട്ടിൽ താമസിക്കാത്ത പലർക്കും ആ ആചാരത്തോട് യോജിപ്പാണ്! 

ശരിയാണ്, എന്റെ ചെറുപ്പത്തിൽ ഞാനീ ആചാരങ്ങളുടെയൊക്കെ ഭാഗമായിരുന്നു. അതൊക്കെ ശരിയാണെന്ന് വിശ്വസിച്ചിരുന്നു. തീണ്ടാരി ആയാൽ, വീടിന്റെ കിഴക്കും തെക്കും ഭാഗങ്ങളിൽ പോകരുത്, കിണറ്റിൽ നിന്ന് വെള്ളമെടുക്കരുത്, പശുവിനെ കറക്കരുത്, ഭക്ഷണം പാകം ചെയ്യരുത് എന്നൊക്കെയുള്ള കുറെ അരുതുകൾ. തീണ്ടാരിയായവരെ തൊടുന്നവർ വീണ്ടും കുളിച്ചിട്ട് വേണം, വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ. അവർ,  നാലാം ദിവസം, കിടന്ന പായയും അതുവരെ ഉപയോഗിച്ച വസ്ത്രങ്ങളുമടക്കം, അതിരാവിലെ സൂര്യോദയത്തിന് മുന്നേ ഏതെങ്കിലും കുളത്തിൽ പോയി മുങ്ങിവരണം, രാത്രി വീട്ടിൽ നിന്ന് മാറി അന്തിയുറങ്ങണം എന്നൊക്കെയുള്ള ചടങ്ങുകൾ വേറെയും. (ഇന്ന് ഈ ആചാരങ്ങൾ കുറേയേറെ മാറിയെങ്കിലും, ഇപ്പഴും രൂപഭാവവ്യത്യാസങ്ങളോടെ  ഉപദ്രവകാരിയായിത്തന്നെ നിലനിൽക്കുന്നുണ്ട്. അത് മാത്രമായിത്തന്നെ വലിയ കഥയാണ്.) തീണ്ടാരി സംബന്ധിച്ച് എന്റെ വീട്ടിലും മറ്റുള്ള വീടുകളിലുമൊക്കെ ആചരിക്കപ്പെട്ടിരുന്ന ആചാര  വൈവിധ്യങ്ങളാണ് ദൈവിക-മത-ആചാര കാര്യങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടക്കത്തിൽ എന്നെ പ്രേരിപ്പിത്. ഒടുവിൽ  മറ്റുപല നിരീക്ഷണങ്ങളും അനുഭവങ്ങളും വായനയുടെ കൂടെ മനസ്സിൽ കുത്തിമറിഞ്ഞപ്പോഴാണ്, ഈ ലോകത്ത് പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ദൈവത്തിന്റെ പേരിൽ നടമാടുന്ന നാടകങ്ങളുടെ ഭാഗമാകാതിരിക്കാൻ ഞാൻ നിരീശ്വരനായത്. എന്നോട് ദൈവം നേരിട്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുന്ന സമയത്ത് മാത്രമേ മറിച്ചാലോചിക്കാൻ ഇനി താല്പര്യമുള്ളൂ!

ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞും ഒരാഴ്ച മുന്നേ അളിയന്റെ വീട്ടിൽ നടന്ന മുത്തപ്പൻ സംഭവത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് പറഞ്ഞ് സംവാദം കാട് കയറി. ജീവിതത്തിലെ ഭാഗ്യങ്ങളൊക്കെ നേടിയതിന് ശേഷം ദൈവത്തെ തള്ളിപ്പറയുന്നത് അഹങ്കാരമാണെന്നുവരെയായി കാര്യങ്ങൾ. അത് തന്നെയാണല്ലോ മുത്തപ്പനും എന്നോട് പറഞ്ഞത്.

"ഇതൊന്നും നല്ലതിനല്ല കേട്ടാ... എല്ലാം തന്ന ദൈവം... ഇതിനെങ്ങനെയാ മറുപടി തര്വാന്ന് പറയാൻ പറ്റൂല്ല..."

"അതിന് ദൈവത്തിനെ ഞാൻ ഉപദ്രവിക്കാനൊന്നും പോയിട്ടില്ലല്ലോ... ദൈവത്തിനെ മണിയടിച്ചില്ലാന്നും പറഞ്ഞ് ഉപദ്രവിക്കാൻ വരുന്ന ദൈവം ഒരു ദൈവമാണോ..."

"ഇങ്ങനെ കുറേയാൾക്കാരെ ഞമ്മള് കണ്ടിറ്റ്ണ്ട്... വയസ്സാവുമ്പോ അവരൊക്കെ ഗീത വായിക്കാൻ തുടങ്ങും..."

"ഞാൻ ഇതിനകം തന്നെ ഗീതയും ബൈബിളും ഹദീസുകളുമൊക്കെ കുറച്ചൊക്കെ വായിച്ചിട്ടുണ്ട്... അപ്പോഴാണ് യഥാർത്ഥ കാര്യങ്ങൾ പിടി കിട്ടിയത്..."

"ങ്ങളോട് പറഞ്ഞട്ടൊന്നും കാര്യമില്ല... കിട്ടിയാലേ പഠിക്കൂന്ന് തീരുമാനിച്ചാപ്പിന്നെ വേറെന്താ പറയാ..."

"അതാണ്... പ്രാർത്ഥിച്ചില്ലെങ്കിൽ പണി തരുന്ന ദൈവം ദൈവമാണോ? ഒരാളെ ഞാൻ ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ അയാൾ എന്നെ തല്ലുന്നത് നീതിയാണോ..."

"ഞമ്മളൊന്നും പറേന്നില്ലപ്പാ... ങ്ങളോടൊന്നും പറഞ്ഞാൽ ഞമ്മക്ക് ജയിക്കാൻ പറ്റൂല്ല...  ഞമ്മക്കിതെല്ലാം പേടിയാ... എന്തായാലും മുത്തപ്പനോട് തട്ടിക്കേറിയത് ഒട്ടും ശരിയായില്ല..."

"അത് സാരല്ല... എനിക്ക് പേടിയൊന്നും ഇല്ല...."

"പേടിക്കേണ്ട സമയം വെരും... എങ്ങനെയാന്നൊന്നും പറയാൻ പറ്റൂല്ല..."

"അവര് പേടിപ്പിക്കാൻ വരട്ടെ... അപ്പോ വേണ്ടപോലെ ചെയ്യാം..." 

അങ്ങനെ എല്ലാവരും കൂടെ എന്നെ പേടിപ്പിക്കുകയായിരുന്നു! ഉള്ളിലൊരാൾ ദ്രാവകരൂപത്തിൽ നല്ല കട്ടക്ക് സപ്പോർട്ടുള്ളപ്പോൾ ഇങ്ങനെയൊക്കെ വർത്തമാനം പറയാൻ വളരെ രസമായിരുന്നു. ഏകദേശം അർദ്ധരാത്രിക്കടുപ്പിച്ച് എല്ലാവരും കിടന്നുറങ്ങാൻ തയ്യാറെടുത്തു. കുഞ്ഞമ്മാമന്റെ വീട്ടിൽ, സ്ഥലപരിമിതിയുള്ളത് കാരണം, ഞാനും കുഞ്ഞമ്മാമനും അദ്ദേഹത്തിന്റെ പതിനെട്ടുകാരനായ മകനും അതിന് തൊട്ടപ്പുറത്തെ ഒരു ഫ്‌ളാറ്റിലാണ് ഉറങ്ങാൻ പോയത്. ആ അയല്പക്കത്തെ ഫ്‌ളാറ്റിൽ ഒന്നൊന്നര വർഷങ്ങളായി ആൾതാമസമുണ്ടായിരുന്നില്ല.

ആ ഫ്‌ളാറ്റിനെക്കുറിച്ച് നേരത്തെത്തന്നെ അമ്മാമനും അമ്മായിയും ഒരു മുഖവുര തന്നിരുന്നു: അവിടെ പ്രായമായൊരു അങ്കിളും ആന്റിയുമായിരുന്നത്രേ താമസിച്ചിരുന്നത്.ഒരു സർക്കാർ ഏജൻസിയുടെ ജനറൽ മാനേജരായി റിട്ടയർ ചെയ്ത ആളായിരുന്നു ആ അങ്കിൾ. ആന്റിയും അഭ്യസ്തവിദ്യ ആയിരുന്നു. അവരുടെ ഒരു മകൻ ചെന്നൈയിൽ ഡോക്ടറാണ്. മറ്റൊരാൾ ഹൈദരാബാദിലും. മക്കൾ രണ്ടുപേരും വലിയ സെറ്റപ്പിലാണെങ്കിലും മാതാപിതാക്കൾക്ക് കണ്ണൂർ വിട്ടുപോകാൻ ഒട്ടുമേ താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഗ്രാമത്തിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് യാത്രാ സൗകര്യാർത്ഥം പട്ടണത്തിൽത്തന്നെ ഒരു ഫ്‌ളാറ്റെടുത്ത് കൊടുത്തത്. യാത്രക്കായി ഒരു കാറും വാങ്ങിച്ചു കൊടുത്തു. 

അങ്ങനെ കാലം പോകവേ, ഒരു ദിവസം സുപ്രഭാതത്തിൽ, ആ അങ്കിൾ ചോര വാർന്ന് കുളിമുറിയിൽ കമഴ്ന്ന് കിടന്ന് മരിച്ചതായാണ് കാണപ്പെട്ടത്. മൂത്രമൊഴിക്കാൻ പോയപ്പോൾ വീണ് മരിച്ചതായിരിക്കണം. ആ അങ്കിൾ മരിച്ചതിന് ശേഷവും ആന്റി മക്കളോടൊപ്പം പോകാൻ തയ്യാറായില്ല. അവരുടെ ഭർത്താവിന്റെ ഓർമയിൽ സ്വന്തം കാര്യങ്ങളൊക്കെ ചെയ്ത്, അവിടെത്തന്നെ കഴിഞ്ഞു കൂടി. പുറത്ത് പോകണമെങ്കിൽ  കുഞ്ഞമ്മായിയുടെ ഒപ്പം പോകും; കുഞ്ഞമ്മായി അവരുടെ ഓഫീസിൽ പോയിരിക്കുകയാണെങ്കിൽ, വാടകക്ക് ഡ്രൈവറെ വിളിക്കും. 

എല്ലാ ദിവസവും രാത്രി, കുഞ്ഞമ്മായിയുടെ അമ്മയും ആന്റിയും പത്ത്-പത്തര വരെ അവരുടെ ഫ്‌ളാറ്റിലിരുന്ന് ടിവി സീരിയലുകൾ കാണും. പ്രവർത്തി ദിവസങ്ങളിൽ, കുഞ്ഞമ്മായിയുടെ അമ്മ ഭക്ഷണമുണ്ടാക്കി അവർക്കെത്തിച്ച് കൊടുക്കും. വാരാന്ത്യങ്ങളിൽ അവരൊരുമിച്ചാണ് ഭക്ഷണത്തിനിരിക്കാറുള്ളത്. അത്രക്ക് ബന്ധമായിരുന്നു അവരും നമ്മുടെ കുഞ്ഞമ്മാമന്റെ കുടുംബവും തമ്മിൽ. അതുകൊണ്ട് തന്നെ ആന്റിയുടെ മക്കൾക്ക് വലിയ ആശ്വാസമായിരുന്നു. 

"എച്ചീ... വാതില് തൊറക്ക്.... വേഗം വാ... ഞാനാ ഖാദർ...." ഏതോ ഒരു ശനിയാഴ്‌ച, വീടൊക്കെ വൃത്തിയാക്കവേ, ആരോ ബഹളം വച്ചുകൊണ്ട് വാതിലിന്മേലുള്ള മുട്ട് കേട്ടപ്പോൾ കുഞ്ഞമ്മായി പരിഭ്രാന്തയായി. വാതില് തുറന്നപ്പോൾ അത് വാച്ച്മാൻ ഖാദറായിരുന്നു. 

"ഏച്ചീ... നമ്മുടെ പ്രഭയേച്ചി... അവര് താഴേക്ക് വീണു... ങ്ങള് വേഗം വാ..." കുഞ്ഞമ്മായിയും അവരുടെ അമ്മയും കേട്ടപാതി, താഴേക്കോടി. ലിഫ്റ്റ് ഉണ്ടായിരുന്നിട്ടും.. അതൊന്നും അവർ ഓർത്തില്ല. താഴെ എത്തിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് അവർക്ക് മനസ്സിലായത്. പ്രഭാവതിയാന്റി അവിടെ തറയിൽ ചോര വാർന്ന് കിടക്കുകയാണ്. മരിച്ചെന്നറിഞ്ഞിട്ടും, എല്ലാവരും കൂടെ അവരെ വാരിയെടുത്ത്, തൊട്ടപ്പുറത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും, പെട്ടന്ന് തന്നെ മൃതശരീരമായി തിരിച്ച് കൊണ്ടുവന്നു. പ്രഭയാന്റിക്കും ഭർത്താവിനും വീണുമരിക്കാനായിരുന്നു യോഗം. ഭർത്താവ് കുളിമുറിയിൽ വീണ് മരിച്ചപ്പോൾ, പ്രഭയാന്റി, നാലാം നിലയിൽ നിന്ന് താഴെ വീണു മരിച്ചു എന്ന വ്യത്യാസം മാത്രം. നാടൻ ഭാഷയിൽ പറഞ്ഞാൽ, അപമൃത്യുകൾ!

വാഷിങ് മെഷീനിൽ അലക്കിയ തുണികൾ, താഴേക്കിറങ്ങുന്ന കോണിപ്പടിയുടെ പുറത്തേക്ക് തള്ളിയ ഭാഗത്തായി കെട്ടിയിരുന്ന അയലിൽ ആറിയിടാൻ വന്നതായിരുന്നു പ്രഭയാന്റി. അരപ്പൊക്കത്തിലും മേലെ ഉയരത്തിൽ കൈവരിയുണ്ടെങ്കിലും വിശാലമായ വേഷ്ടിയും മുണ്ടും നിവർത്തി ആറിയിടാൻ ഏന്തിവലിഞ്ഞ് ശ്രമിച്ചതായിരിക്കണം, അവർ വീഴാനുണ്ടായ കാരണം. ആ കൈവരികൾ പഴയതും അവിടവിടെ പൊട്ടിപ്പൊളിഞ്ഞതുമായിരുന്നു. ആന്റിയുടെ വീടിന്റെ ഭാഗത്തുള്ള staircase ൽ അവരുടെ തുണികളൊക്ക ഒരു ബക്കറ്റിൽ കിടപ്പുണ്ടായിരുന്നു. വേഷ്ടി പകുതി നിവർത്തിയ രീതിയിൽ അയലിൽ കിടപ്പുണ്ടായിരുന്നു.  ബലപ്രയോഗം നടന്നതിനോ വേറെ ആരെങ്കിലും അവിടേക്ക് വന്നതിനോ ഒരു തെളിവുകളും ഉണ്ടായിരുന്നില്ല. അങ്ങനെ പ്രഭാവതിയാന്റിയും കാലയവനികക്കുള്ളിൽ മറഞ്ഞു. ഈ സംഭവത്തിന് ശേഷം, കുഞ്ഞമ്മായിക്കും അവരുടെ അമ്മക്കും ആ ഫ്‌ളാറ്റിൽ പോകാൻ ഭയമായിരുന്നു. 

പ്രഭയാന്റിയുടെ അന്ത്യകർമ്മങ്ങൾക്ക് ശേഷം, മക്കൾ ആ ഫ്‌ളാറ്റിന്റെ താക്കോലും അവരുടെ കാറിന്റെ താക്കോലും കുഞ്ഞമ്മാമന്റെ വീട്ടിൽ ഏല്പിച്ചു. ആകെ ഒരേയൊരു ആവശ്യമേ അവർക്കുണ്ടായിരുന്നുള്ളൂ. എന്ത് ആവശ്യത്തിനും അവരുടെ കാറ് ഉപയോഗിക്കണം. എപ്പഴെങ്കിലും ആരെയെങ്കിലും വിളിച്ച് വീട് ഒന്ന് വൃത്തിയാക്കിവെക്കണം. ആ ഫ്ലാറ്റ് വിൽക്കാൻ മക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. മാതാപിതാക്കൾ അവസാനകാലം താമസിച്ച വാസസ്ഥലം പെട്ടന്ന് തന്നെ കൈയ്യൊഴിയാൻ അവർക്ക് താല്പര്യമുണ്ടായിക്കാണില്ല. അവരുടെ അമ്മ മരിച്ചിട്ട് ഒന്നര വർഷങ്ങൾ  കഴിഞ്ഞിട്ടും ആ വീടിന്റെ കസ്റ്റോഡിയനായി നമ്മുടെ കുഞ്ഞമ്മാമനും കുഞ്ഞമ്മായിയും തുടരുകയാണ്. ആ വീട്ടിലാണ് ഞാൻ കിടക്കാൻ പോകുന്നത്.

"നിങ്ങൾക്കവിടെ ഉറങ്ങാൻ പേടിയൊന്നും ഇല്ലല്ലോ...?" കുഞ്ഞമ്മായി വെറുതെ എന്നോണം ചോദിച്ചു. 

"ഏയ്... എനിക്ക് പ്രത്യേകിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങൾ വലിയ താല്പര്യമാണ്... ആത്മാക്കളുമായി വർത്താനം പറയാലോ..."

"വെർതെ തമാശ പറയണ്ട... ചിലപ്പോൾ ങ്ങളെപ്പോലെയുള്ള ആൾക്കാരെ അവര് പേടിപ്പിക്കും സൂക്ഷിച്ചോ..."

"ഓ... അഥവാ പ്രഭയാന്റി വന്നാ... ഞാനവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തോളാം... പ്രേതത്തിനേം പിശാചിനേം എനക്ക് വല്യ ഇഷ്ടാ..."

"ഒറപ്പല്ലേ..."

"ഒറപ്പ്...  അപ്പൊ good night"

ഞങ്ങൾ പ്രഭയാന്റിയുടെ ഫ്‌ളാറ്റിലേക്ക് കടന്ന് വാതിലടച്ചു. കുഞ്ഞമ്മാമൻ ഒരു മുറിയിലും ഞാനും അദ്ദേത്തിന്റെ മകൻ അപ്പുവും വേറൊരു മുറിയിലുമാണ് കിടന്നത്. ഞങ്ങൾ കിടന്ന മുറിയിൽ മാത്രമായിരുന്നു അറ്റാച്ച്ഡ് ബാത്റൂം ഉണ്ടായിരുന്നത് എന്നതാണ് എന്നെ ആ മുറിയിൽ കിടത്താൻ കാരണം. കുറേക്കാലമായി ആരും ഉപയോഗിക്കാഞ്ഞതിനാൽ ഒരു പൂപ്പൽ മണം അവിടെ ഉണ്ടായിരുന്നു. പെട്ടന്ന് തന്നെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. രണ്ട് മിനുട്ടുകൾക്കുള്ളിൽത്തന്നെ കുഞ്ഞമ്മാമൻറെ കൂർക്കം വലി ഉയരാൻ തുടങ്ങി. അപ്പുവും പെട്ടന്ന് തന്നെ ഉറങ്ങി. ഉറക്കം വരാൻ സമയമെടുക്കാറുള്ള ഞാൻ, എപ്പഴോ ഉറങ്ങിപ്പോയി.

പുലർച്ചെക്കെപ്പഴോ ആണ് എനിക്ക് മൂത്രമൊഴിക്കാൻ തോന്നിയത്. പരിസരം പരിചയമില്ലാതിരുന്നത് കൊണ്ട് മൂത്രശങ്ക കുറച്ച് നേരം അടക്കിവെക്കാൻ ശ്രമിച്ചെങ്കിലും അത് ഉറക്കിനെ ബാധിക്കാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു. മുറിക്ക് പുറത്ത് ഒരു zero watt bulb കത്തുന്നത് കൊണ്ട് അകത്ത് കുറച്ചൊക്കെ വെളിച്ചം എത്തുന്നുണ്ട്. അപ്പു ഉണരും എന്നുള്ളത് കൊണ്ട് മുറിക്കുള്ളിലെ light bulb ഞാൻ ഓണാക്കിയില്ല. കിടക്കുന്നതിന് മുന്നേ കണ്ട പരിസരത്തിന്റെ ഒരോർമ്മ വച്ച് പതുക്കെ ബാത്റൂം ലക്ഷ്യമാക്കി നടന്നു.  ബാത്റൂം വാതിൽ തുറന്ന്, അതിനകത്തെ ലൈറ്റിട്ടു. ലൈറ്റ് അധികമായതിനാൽ, കണ്ണ് പാതിയടച്ചാണ് എന്റെ അനക്കങ്ങൾ.

പതുക്കെ toilet closet നടുത്തേക്ക് നീങ്ങി, കാലുകൾ അകത്തിവച്ച് കാര്യം സാധിക്കാൻ തുടങ്ങവേ ആയിരുന്നു അത് സംഭവിച്ചത്. നിന്ന നിൽപ്പിൽ മൂത്രമൊഴിപ്പ് തുടങ്ങാൻ വേണ്ടി വലത് കാൽ ഒന്ന് വലത്തോട്ട് നീക്കി ക്രമീകരിക്കാൻ തുടങ്ങിയതേയുള്ളൂ; ഞാനെന്റെ വലത് ഭാഗത്തോട്ട് ചെരിഞ്ഞ് മറിഞ്ഞ് തലയടിച്ച് വീണു. 'ത്ഥപ്പോ...' എന്ന ശബ്ദം എന്റെ കാതിൽ മുഴങ്ങി. കണ്ണിലൂടെ ഒരായിരം നക്ഷത്രങ്ങൾ പറന്നുപോയി. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല. ആകെയൊരു തരിപ്പ്. എന്റെ തല പൊട്ടിത്തെറിച്ച് പോയെന്നാണ് ഞാൻ കരുതിയത്. ആ കിടപ്പിൽത്തന്നെ ഞാൻ ഒന്നുരണ്ട് മിനുട്ടുകൾ കിടന്നു. മുന്നിൽ പ്രഭയാന്റി വന്ന് ചിരിക്കുന്നതായി എനിക്ക് തോന്നി. അവർ എന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണ്. അവർ എന്നെ തള്ളയിട്ടതാണത്രേ. എന്റെ അഹങ്കാരത്തിനുള്ള ശിക്ഷ.

"ഷിജി ഇന്നലെ നിനക്ക് വാണിങ് തന്നതല്ലേ..." അവരുടെ കണ്ണ് കൂടുതൽ ചെമന്ന് വന്നു. തലേന്ന് രാത്രി നടന്ന ചർച്ചകൾ മുഴുവൻ ഒരു ഫ്ലാഷ്ബാക്ക് പോലെ എന്റെ മുന്നിലൂടെ കടന്നുപോയി. 

"മുത്തപ്പനാണ് എന്നെ ഇങ്ങോട്ട് വിട്ടിരിക്കുന്നത്... നീ മാപ്പ് പറയുന്നോ ഇല്ലയോ...?" എന്റെ തൊണ്ടയിൽ നിന്ന് ഒന്നും പുറത്ത് വന്നില്ല. മുത്തപ്പനും പ്രഭയാന്റിയും മാറിമാറി എന്റെ മുന്നിൽ ഉറഞ്ഞ് തുള്ളി.

"ദൈവങ്ങൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് നിനക്ക് മനസ്സിലായോ...? നിനക്കിനി എന്റെ കൂടെയിരിക്കാം.... വാ..." 

പ്രഭാവതിയാന്റി എന്റെ കഴുത്ത് ഞെരിക്കാൻ വന്നപ്പോഴാണ് ഞാൻ പിടഞ്ഞെഴുന്നേറ്റത്. അപ്പോൾ മാത്രമേ എനിക്ക് ബോധമുണ്ടെന്നും ഞാൻ മരിച്ചിട്ടില്ലെന്നും എനിക്ക് മനസ്സിലായത്. എന്റെ വലത് കയ്യും, തലയുടെ വലത് ഭാഗവും വല്ലാതെ വേദനിക്കുന്നുണ്ട്. ആ സമയത്താണ് ഞാനെന്റെ കണ്ണുകൾ പൂർണ്ണമായും തുറന്ന് പിടിച്ചത്. എഴുന്നേറ്റ് നിന്നപ്പോൾ മുന്നിൽ കണ്ണാടിയുണ്ടായിരുന്നു. എന്റെ പ്രതിബിംബത്തിന് പകരം, എനിക്കൊട്ടുമേ അറിയാത്ത, ഞാൻ സങ്കല്പിച്ച പ്രഭാവതിയാന്റിയുടെ മുഖമാണോ കണ്ണാടിയിൽ കാണുന്നതെന്ന് ഞാൻ സംശയിച്ചു. തലയും കയ്യുമൊക്കെ നോക്കിയപ്പോൾ പൊട്ടലൊന്നും കണ്ടില്ല. ചോരയും ഇല്ല. ഇത്തിരി സമാധാനമായി.

പിന്നെയാണ് എന്താണ് സംഭവിച്ചതെന്ന് നോക്കാൻ ഞാൻ തുനിഞ്ഞത്. മൂത്രമൊഴിക്കാൻ തുടങ്ങുന്നതിന് മുന്നേ വലതുകാൽ വലത്തോട്ടൊന്ന് നീക്കിയ സമയത്താണ് ഞാൻ വീണത്. കാൽ നീക്കുമ്പോൾ മാത്രം എങ്ങനെയാണ് വീണത് എന്നറിയാൻ toilet ന്റെ താഴെ, തറയിൽ നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് മനസ്സിലായത്. 

Toilet ന് മുന്നിൽ എന്റെ വലത് ഭാഗത്തായി കുളിക്കുന്ന ഭാഗമാണ്. ആ ഭാഗം, toilet നിന്നിരുന്ന നിരപ്പിൽ നിന്നും രണ്ട് ഇഞ്ചുകൾക്ക് മേൽ താഴെ ആയിരുന്നു. കുളിക്കുന്ന സ്ഥലത്ത് വീഴുന്ന വെള്ളം, മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് ആ ഭാഗം കുറച്ച് താഴ്ത്തി വച്ചിട്ടുണ്ടാവുക. ഉറക്കച്ചടവിലായിരുന്നതിനാലും, ലൈറ്റ് അധികമായതിനാൽ കണ്ണ് മുഴുവൻ തുറക്കാത്തത് കൊണ്ടും, തറയിലെ ടൈലുകൾ toilet ന്റെ താഴ്ചയുള്ള ഭാഗത്ത് നിന്നും ഇടതും വലതുമായി കൃത്യമായ അകലം പാലിച്ചതിനാലും ആ താഴ്ച, എന്റെ പെട്ടന്നുള്ള ശ്രദ്ധയിൽ പെട്ടിരുന്നില്ല. വലത് കാൽ, ആ താഴ്ചയിൽ വെച്ചപ്പോഴായിരുന്നു, ഒരു പടുകുഴിയിൽ വീഴുന്നത് പോലെ പിടികിട്ടാതെ ഞാൻ വീണുപോയത്. ഭാഗ്യത്തിന്, വലത് ഭാഗത്തെ ചുമരിൽ ശക്തിയായി ഇടിക്കാതെ, തല ചുമരിൽ ഒന്നുരഞ്ഞ് മാത്രം താഴെ വീണത് ഒരനുഗ്രഹമായി. അല്ലെങ്കിൽ മുത്തപ്പനും പ്രഭാവതി ആന്റിയും ഒരുമിച്ച് എന്നെ മേൽപ്പോട്ടേക്ക് എടുത്തേനെ! പ്രഭാവതിയാന്റിയുടെ ഭർത്താവ് മരിച്ചുകിടന്ന അതേ സ്ഥലത്തായിരുന്നു ഞാനും വീണുകിടന്നത്!

മൂത്രമൊഴിക്കാൻ മുട്ടി നിൽക്കുന്ന സന്ദർഭത്തിൽ തലയിടിച്ച് വീണുപോയെങ്കിലും, അറിയാതെപോലും ആ വീഴ്ചയുടെ ആഘാതത്തിൽ എന്റെ മൂത്രം പുറത്ത് വന്നിരുന്നില്ല. അതുകൊണ്ട്, ശ്രദ്ധിച്ച് നിന്ന് മൂത്രമൊഴിച്ചതിന് ശേഷം, ഞാൻ പതുക്കെ പുറത്തേക്ക് കടന്നു. അപ്പോഴും കുഞ്ഞമ്മാമനും അപ്പുവും കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു; വെടി കൊണ്ടാലും ഞെട്ടാത്ത ഉറക്കം!

പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് ഞാനീ കഥ മറ്റുള്ളവരോട് വിവരിക്കുമ്പോൾ എല്ലാവരും ഒരുമിച്ച് വിളിച്ചു: "ന്റെ മുത്തപ്പാ...!"

ഞാനും കൂടി ആ വീട്ടിൽ വീണുമരിച്ചിരുന്നെങ്കിൽ, കുഞ്ഞമ്മാമനും അമ്മായിയും ആ ഭാർഗ്ഗവീനിലയത്തിന്റെ പരിസരത്ത് നിന്നും ഫ്‌ളാറ്റും വിറ്റ്, തിരിഞ്ഞ് നോക്കാതെ വേറെ എവിടേക്കെങ്കിലും ഓടിപ്പോയെനെ!

***

ഈ പരമ്പരയിലെ ആദ്യഭാഗം വായിക്കാൻ ഇവിടെ അമർത്തുക: ഡ്രാക്കുളയും ഓജോ ബോർഡും (പ്രേതാത്മസമ്പർക്കങ്ങൾ - 1)