'ഇതെന്താടാ, ചട്ടിക്കട്ടാണോ' എന്നത്, വളരെ ചെറുപ്പത്തിൽ എനിക്ക് അരിശവും സങ്കടവും ഒരേ സമയത്ത് വരുന്ന ഒരു ഡയലോഗായിരുന്നു. ഏകദേശം രണ്ട് മാസങ്ങൾ കൂടുമ്പോൾ ഈ ഡയലോഗ് കൂട്ടുകാരുടെ ഇടയിൽ നിന്നും കുടുംബക്കാരുടെ ഇടയിൽ നിന്നും ആവർത്തിച്ച് കേൾക്കേണ്ടിയും വന്നിരുന്നു.
മൂന്നാം ക്‌ളാസ്സ് വരെ അച്ഛാച്ഛനായിരുന്നു ഞങ്ങളുടെ വീട്ടിലെ ആൺപിള്ളാരുടെ മുടിവെട്ട് കോൺട്രാക്ട് ഏറ്റെടുത്തിരുന്നത്. എല്ലാദിവസവും ഞങ്ങളുടെ മുടിവളർച്ച കൃത്യമായി തിട്ടപ്പെടുത്തിക്കൊണ്ടിരുന്ന അച്ഛാച്ഛൻ, 'വാടാ... നമുക്ക് കുടുമ മുറിച്ച് വരാം...' എന്നും പറഞ്ഞ്, ഏതെങ്കിലും ഒരു ശനിയാഴ്ചയായിരിക്കും ഞങ്ങളെ കൂട്ടത്തോടെ വേറ്റുമ്മലിലെ ഭാസ്കരേട്ടന്റെ ബാർബർ ഷാപ്പിലേക്ക് തെളിച്ച് കൊണ്ടുപോവുക. അവിടെയെത്തിയാൽ ഞങ്ങൾക്ക് 'ബച്ചൻ കട്ടും' 'സ്റ്റെപ്പ് കട്ടും' ഒക്കെവേണമെന്ന് പറഞ്ഞ് കരഞ്ഞാലും നിലത്ത് കിടന്ന് ഉരുണ്ടാലും അച്ഛാച്ഛനും ഭാസ്കരേട്ടനും നിശ്ചയിച്ചുറപ്പിച്ചതേ നടക്കാറുള്ളൂ. അതാണ് 'ചട്ടിക്കട്ട്'!
ഭാസ്കരേട്ടന്റെ അടുത്ത്, ഒരു ഞണ്ടിന്റെ ആകൃതിയിലുള്ള ഒരു പഴഞ്ചൻ ട്രിമ്മർ ഉണ്ട്. അദ്ദേഹം അതുവച്ച് ഒരു പിടി പിടിക്കും. ആ ട്രിമ്മർ തലയിലൂടെ ഓടുമ്പോൾ ശരീരം ആകമാനം വിറയ്ക്കുന്ന തരത്തിലുള്ള ഉരു ഇക്കിളി അനുഭവപ്പെടും. ഇക്കിളി വന്ന് ചിരിച്ചുകൊണ്ട് നമ്മൾ തലയനക്കുമ്പോൾ, ഭാസ്കരേട്ടൻ നമ്മുടെ കഴുത്തിന് മുറുക്കിപ്പിടിക്കും. തലയുടെ ഉച്ചിയിൽ മാത്രം ഇത്തിരി മുടി ബാക്കിവച്ച്, ബാക്കിഭാഗമൊക്കെ ഏകദേശം മൂർന്നു കഴിഞ്ഞ നെൽപ്പാടം പോലെ തരിശാക്കി വെക്കുന്നതായിരുന്നു ഭാസ്കരേട്ടന്റെ സ്റ്റൈൽ! ഏറിയാൽ ഒരാൾക്ക് ഒരഞ്ച് മിനുട്ട്.. അത്രവേഗത്തിൽ അദ്ദേഹം കാര്യം സാധിക്കും. ട്രിമ്മർ നമ്മളെ ഇക്കിളിപ്പെടുത്തി ചിരിപ്പിക്കുമെങ്കിലും, ഞാനും മച്ചുനനും അനിയനും ഒക്കെ കൂട്ടായി കരഞ്ഞു കൊണ്ടാവും അവിടെ നിന്ന് ഇറങ്ങുക. ആകെയൊരാശ്വാസം, അതിന് തൊട്ടടുത്ത വാസുവേട്ടന്റെ ചായക്കടയിൽ നിന്ന് എന്തെങ്കിലും ഒരു പലഹാരം വാങ്ങിച്ച് തരും എന്നതാണ്. എന്നാലും, സ്‌കൂളിൽ പോയാൽ ഞങ്ങൾക്ക് ഞങ്ങളുടെ തല തന്നെ കൂട്ടുകാരുടെ മുന്നിൽ പ്രദർശിപ്പിക്കേണ്ടതുണ്ടല്ലോ! മറ്റുള്ള കുട്ടികളൊക്കെ പുതിയ രീതിയിലും ഭംഗിയിലും മുടിവെട്ടി വരുമ്പോൾ, ഞങ്ങൾ, കറുകറുത്ത മീൻചട്ടി, തലയിൽ കമഴ്ത്തി വച്ചത്പോലെയായിരുന്നു, മുടി കുറച്ച് വളരുന്നത് വരെയെങ്കിലും നടന്നിരുന്നത്.
നാലാം ക്ലാസ്സിൽ എരുവട്ടിയിലെ തറവാട് വീട്ടിലേക്ക് താമസം മാറ്റിയപ്പോൾ മുതൽ, ഞങ്ങളുടെ മുടിവെട്ട് കരാർ അച്ഛൻ ഏറ്റെടുത്തു. അത് പ്രശ്നം കൂടുതൽ വഷളാക്കുകയേ ചെയ്തുള്ളൂ. വീട്ടിൽ മര്യാദക്കുള്ള ഒരു കണ്ണാടി പോലും ഉണ്ടായിരുന്നില്ല. എന്നാലും ചുമരിൽ തൂക്കിയ ഒരു പൊട്ടിയ കണ്ണാടിയും നാട്ടിലെ ഒരു കൊല്ലന്റെ മൂശയിൽ ഉണ്ടാക്കിയ ഒരു യമണ്ടൻ കത്രികയും ചീപ്പുമെടുത്ത്, പറമ്പിലെ ഏതെങ്കിലും ഒരു തെങ്ങിൻ തടത്തിന്റെ കരക്ക് ഒരു പലകൈയെടുത്തിട്ട് അച്ഛൻ ഇരിക്കും. എന്നിട്ട് ഞങ്ങളെ ഓരോരുത്തരായിട്ട് അവിടേക്ക് വിളിക്കും. ജയിൽപ്പുള്ളികൾ പോലീസുകാരന്റെ മുന്നിലേക്ക് പോകുന്നത് പോലെ, അച്ഛന്റെ മുന്നിൽ ഞങ്ങൾ ഇരുന്ന് കൊടുക്കും. അച്ഛൻ കത്രികയെടുത്ത് എന്തൊക്കെയോ ചെയ്യും. കുറേ മുടി താഴെപ്പോകും. 'കഴിഞ്ഞു, എഴുന്നേറ്റ് പോയി കുളിച്ചോളൂ...' എന്ന് പറയുന്നതിന് മുന്നേ ഞങ്ങളുടെ മുഖം കണ്ണാടിയിൽ കാണിച്ച് തരും. അപ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും കണ്ണിൽ നിന്ന് കണ്ണീർ കുടുകുടാ താഴെ വീഴും! വല്ല പെരുച്ചാഴിയോ മറ്റോ ഞങ്ങളുടെ മുടി കരണ്ട് തിന്നത് പോലെ, അവിടെയും ഇവിടെയുമായി കയറ്റിറക്കങ്ങളും കുഴികളുമൊക്കെയായി ഒരു വ്യവസ്ഥയും ഇല്ലാതെയായിരിക്കും ആ നിഷ്ഠൂരമായ കർമ്മം നടന്നിട്ടുണ്ടാവുക. ഭാസ്കരേട്ടൻ എത്രയോ ഭേദമായിരുന്നു എന്ന് ഞങ്ങൾക്ക് അപ്പോഴായിരുന്നു മനസ്സിലായത്.
നാലാം ക്ലാസ്സിൽ നിന്നും ഏഴാം ക്ലാസ്സിലായിട്ടും ഈ ആചാരം തെറ്റിക്കാൻ അച്ഛൻ കൂട്ടാക്കിയില്ല. അമ്മയെക്കൊണ്ട് ശുപാർശ ചെയ്യിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. ഒരു ദിവസം മുടിവെട്ടിയതിന് ശേഷമുള്ള എന്റെ തലയുടെ കോലം കണ്ട് ഞാൻ അലറിക്കരഞ്ഞു. അനിയനും അപ്പുറത്ത് കരഞ്ഞുകൊണ്ട് ഇരിപ്പുണ്ട്. ഞാൻ അവസാനത്തെ ആളായതിനാൽ എന്റെ മുടിവെട്ടിയതിന് ശേഷം ഒരു ബീഡിയും കത്തിച്ച് പിടിച്ച്, പശുവിനെയും അഴിച്ച് അച്ഛൻ വയലിലേക്ക് ഇറങ്ങിയിരുന്നു. പൊട്ടിയ കണ്ണാടിയിൽ എന്റെ കോലം കണ്ട് സഹികെട്ട ഞാൻ, എന്തൊക്കെയോ പുലമ്പുന്നതിനിടയിൽ, അന്ന് എനിക്കറിയുന്ന ഒരു വലിയ പുലഭ്യവാക്ക്, അച്ഛനെതിരെ പ്രയോഗിച്ചു. അനിയൻ അടുത്തുണ്ടായിരുന്നത് എന്റെ വികാരത്തള്ളിച്ചയിൽ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾത്തന്നെ അവൻ അതിന്റെ മേലെ ചാടിപ്പിടിച്ചു. 'അച്ഛൻ വന്നാൽ ഞാനന്നേരം തന്നെ പറഞ്ഞുകൊടുക്കും...' എന്ന് പറഞ്ഞ് അവൻ എന്നെ ഭീഷണിപ്പെടുത്തി. ഒടുവിൽ ഒരുവിധം അവന്റെ കാല് പിടിച്ചാണ് ഞാനന്ന് രക്ഷപ്പെട്ടത്. എന്ത് തന്നെയായാലും, എന്റെ അച്ഛനായിരുന്നു ഞാനേറ്റവും വെറുത്തുപോയ ബാർബർ!
കാലം പോകപ്പോകെ, അച്ഛനെപ്പേടിച്ച് ഞങ്ങൾ അമ്മയെക്കൊണ്ട് മുടിവെട്ടിക്കാൻ തുടങ്ങി. തീർച്ചയായും, അച്ഛനേക്കാൾ നല്ല ബാർബർ അമ്മയായിരുന്നു. ചുരുങ്ങിയത്, ഒരു സംഭാഷണത്തിന്റെ സാഹചര്യം അവിടെ ഉണ്ടായിരുന്നു. പതുക്കെപ്പതുക്കെ, അച്ഛൻ മുടിവെട്ട് ഉദ്യമത്തിൽ നിന്നും പിന്മാറിത്തുടങ്ങി. ബാർബറുടെ കടയിൽപ്പോയി മുടി വെട്ടാൻ പൈസ തരാത്തത് കൊണ്ട്, അമ്മ തന്നെയായിരുന്നു ആശ്രയം. ഏകദേശം ഒൻപതാം ക്ലാസ്സിലായപ്പോൾ, അമ്മയുടെ മുടിവെട്ടിനും ഭംഗി തോന്നാതിരുന്നപ്പോഴാണ്, ഞാനാദ്യമായി സ്വയം മുടിവെട്ട് പരിശീലിക്കുന്നത്. രണ്ട് കണ്ണാടിക്കഷണങ്ങൾ രണ്ട് മരങ്ങളുടെ ഇടയിൽ, എന്റെ ഉയരത്തിന്റെ കണക്കിൽ വച്ച്, ചരിഞ്ഞും മറിഞ്ഞും നോക്കിയുള്ള ആ മുടിവെട്ട് ഒരുവിധം വളരെ ബുദ്ധിമുട്ടുള്ള ഏർപ്പാടായിരുന്നെങ്കിലും, ആ ശിരോവിദ്യ രണ്ടുമൂന്ന് തവണത്തെ മുടിവെട്ടുകൊണ്ട്, എന്നെ തൃപ്തിപ്പെടുത്തും വിധം ഞാൻ പഠിച്ചെടുത്തു.
പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ മുതലാണ്, പലതരം സമ്മർദ്ദങ്ങൾക്കൊടുവിൽ, ബാർബർ ഷാപ്പിൽ നിന്ന് മുടിവെട്ടാൻ ഹെഡാപ്പീസിൽ നിന്ന് അനുമതി കിട്ടിയത്. രണ്ട് മാസം കൂടുമ്പോൾ പോലും ആ തുക അനുവദിച്ച് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു എന്ന് മാത്രം. അത്തരം സന്ദർഭങ്ങളിൽ അച്ഛന്റെ കീശയിൽ നിന്നും, അമ്മ പാലുൽപ്പന്നങ്ങൾ വിറ്റ് കിട്ടിയ പണം സൂക്ഷിക്കുന്ന ചെറിയ മരപ്പെട്ടിയിൽ നിന്നും നടത്തുന്ന ചെറിയ മോഷണങ്ങൾ വലിയ അനുഗ്രഹമായിരുന്നു. ചില സമയങ്ങളിൽ മുടി വെട്ടാതെ നടന്ന് പ്രതിഷേധിക്കലൊക്കെ പതിവായിരുന്നെങ്കിലും, മുഖസൗന്ദര്യം വാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
വിദ്യാഭ്യാസം മതിയാക്കി ജീവിതാഭ്യാസം തുടങ്ങാൻ മുംബൈയിലേക്ക് ചേക്കേറിയപ്പോൾ മുടിവെട്ട് കൂടുതൽ പണച്ചിലവുള്ളതായി മാറി. അപ്പോൾ വഴിയരികിൽ നിന്ന് തുച്ഛമായ കൂലിക്ക് മുടി വെട്ടിത്തരുന്ന ബാർബർമാരായിരുന്നു തുണക്കെത്തിയത്. ആ സമയത്തൊന്നും സ്വയം മുടിവെട്ട് നടത്താൻ ഒരു ഘടകവും പ്രേരിപ്പിച്ചിരുന്നില്ല. ജോലിയിൽ ഒരു സ്ഥിരതയൊക്കെ കൈവരിച്ച ശേഷമാണ് വീണ്ടും ബാർബർ ഷാപ്പിൽ കയറിത്തുടങ്ങിയത്.
കാലങ്ങൾ കടന്നുപോയി. ജോലി സംബന്ധമായി ലണ്ടനിൽ പോയപ്പോഴാണ്, വീണ്ടും 'സ്വയം മുടിവെട്ട്' പരീക്ഷിക്കാൻ പരിസരങ്ങൾ വീണ്ടും സന്ദർഭമൊരുക്കിയത്. ആദ്യത്തെ നാലഞ്ച് മാസങ്ങൾ കുഴപ്പമില്ലാതെ പോയെങ്കിലും പിന്നീട് കടുത്ത സാമ്പത്തികമാന്ദ്യം വന്നു ഭവിച്ചത് ജോലിയെയും ജീവിതത്തെയും കാര്യമായി ബാധിച്ചു. ജോലി നഷ്ടപ്പെട്ട അവസ്ഥയിൽ ചിലവ് ചുരുക്കൽ പ്രാവർത്തികമാക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും സ്വയം കത്രികയെടുത്തത്. ഒന്നുരണ്ട് മണിക്കൂർ സമയമെടുക്കുമെങ്കിലും അഞ്ച് പൗണ്ടോളം ലാഭിക്കാൻ പറ്റുമെന്നത് വലയ കാര്യയമായിരുന്നു.
എന്റെ സ്വയം മുടിവെട്ട് മോശമല്ലാത്ത ഒരു ഏർപ്പാടായിരുന്നു എന്ന് മനസ്സിലായാക്കിയ എന്റെ സഹമുറിയന്മാരാണ് വേറൊരാശയം മുന്നിൽ വച്ചത്. സാമ്പത്തികമാന്ദ്യം അവരെയും പിടികൂടിയിരിക്കുകയാണല്ലോ. അങ്ങയാവുമ്പോ അവരുടെ തലമുടി കൂടി ഞാൻ വെട്ടിക്കൊടുത്താൽ അവർക്ക് ഒരു സഹായമാവും. ഒടുവിൽ അവരുടെ അഭ്യർത്ഥനകൾ സ്വീകരിച്ച്, ഞാനാദ്യമായി സ്വയം തൊഴിൽ കണ്ടെത്തി. ഒരു മുടിവെട്ടിന് ഒരു പൗണ്ട് മാത്രം! അങ്ങനെ മൂന്ന് നാല് മാസങ്ങളോളം അവരുടെ മുടിവെട്ട് നടത്തിയ വകയിൽ ഏകദേശം ഇരുപത് പൗണ്ടോളം ആ സാമ്പത്തികമാന്ദ്യകാലത്തും ഞാൻ സമ്പാദിച്ചു.
പിന്നീടാണ് ജോലിസംബന്ധമായി അമേരിക്കൻ ഐക്യനാടുകളിൽ എത്തിപ്പെടുന്നത്. ഫ്ലോറിഡയുടെ തലസ്ഥാനമായ 'ടാലാഹാസീ' എന്ന പട്ടണത്തിനായിരുന്നു എന്റെ അധിഭാരം താങ്ങേണ്ടി വന്നത്. അമേരിക്കയിൽ എത്തിയപ്പോഴാണ് ബാർബർഷാപ്പിൽ പോയി മുടിവെട്ടുക എന്നത് എന്റെ ശൈലിക്ക് ഒട്ടും ചേർന്ന ഏർപ്പാടാടല്ല എന്ന കാര്യം മനസ്സിലായത്. ഒട്ടുമിക്ക ബാർബർ ഷാപ്പുകളിലും കയറിയിറങ്ങിയ ഞാ ആകെ വശംകെട്ടു. ഞാൻ എന്തൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും, അത് ആൺ ബാർബറായാലുംപെൺ ബാർബറായാലും, അവർ, അവർക്കിഷ്ടമുള്ളത് പോലെയേ വെട്ടിത്തരുമായിരുന്നുള്ളൂ. ഞാൻ പറഞ്ഞത് അവർക്ക് മനസ്സിലാവാഞ്ഞിട്ടോ എന്താണെന്നറിയില്ല, അവർ, അവരുടെ കൈയ്യിലുള്ള ട്രിമ്മർ കൊണ്ട് തലയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും കുറെ നേരം ഉന്തിയിട്ട്, ഒടുവിൽ Done എന്ന് പറയും. കത്രിക എന്ന സാധനം തന്നെ അവർ കൈ കൊണ്ട് തൊടുന്നത് വളരെ വിരളമാണ്. ഈ ട്രിമ്മർ കൊണ്ട് തലയിലൂടെ ഉന്തുക എന്ന പരിപാടി എനിക്കും ചെയ്യാൻ അറിയാലോ. പിന്നെന്തിനാണ് ഇവന്മാരുടെ മുന്നിൽ കുനിഞ്ഞിരിക്കുന്നത് എന്ന് ചിന്തിച്ചിരിക്കുന്ന സമയത്താണ്, അടുത്തുള്ള ബാർബർ ഷാപ്പിലെ ഒരു മെക്സിക്കൻ പെണ്ണിന് ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാവാൻ തുടങ്ങിയത്. അങ്ങനെ കുറേക്കാലം അവളുടെ കരവലയങ്ങൾക്കുള്ളിൽ എന്റെ തല വച്ചുകൊടുത്ത്, മുടിവെട്ടുന്ന സമയങ്ങളിൽ ഞാൻ മനോരാജ്യങ്ങളിൽ മുഴുകി.
ഫ്ലോറിഡയിൽ നിന്ന് മാറി വാഷിംഗ്ടൺ ഡിസി പ്രദേശത്ത് എത്തിച്ചേർന്ന ശേഷം, ഞാൻ ശരിക്കും ആ മെക്സിക്കൻ പെണ്ണിനെ മിസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു. അങ്ങനെയൊരു പെണ്ണിനെ ഞാൻ താമസിക്കുന്ന സ്ഥലത്തിന്റെ നാലുപാടുമുള്ള ബാർബർഷാപ്പുകളിൽ പരതിയെങ്കിലും ആരെയും കിട്ടിയില്ല. എന്റെ തലമുടി വെട്ടേണ്ട നിർദ്ദേശങ്ങൾ മനസ്സിലാകുന്ന ആരെയും കാലം എന്റെ മുന്നിൽ എത്തിച്ചുമില്ല. അങ്ങനെയാണ് വീണ്ടും സ്വയം മുടിവെട്ട് ആരംഭിച്ചത്. കെട്ട്യോൾടെയും കുട്ട്യോൾടെയും മുടിത്തുമ്പുകൾ ഇടയ്ക്കിടെ വെട്ടി ഞാനെന്റെ പരിശീലനം തുടർന്നു. ആയിടക്ക് അമേരിക്കൻ സന്ദർശനത്തിനെത്തിയ എന്റെ പിതാവിന്റെയും ഭാര്യാപിതാവിന്റെയും തലമുടി വെട്ടിക്കൊടുത്ത് ഞാൻ അവരുടെ പ്രശംസ നേടിയെടുത്തു. ഓരോമാസവും ബാർബർ ഷാപ്പിൽ പോയി മുടിവെട്ടിയാൽ ചിലവാകുന്ന തുക ഏകദേശം ഇരുപത് ഡോളർ ആണെന്ന് കണക്കാക്കി, അത് മാസാമാസം കൊടുക്കുന്ന അമ്പത് ഡോളർ ചാരിറ്റി കണക്കിലേക്ക് വരവ് വച്ചു.
ഡിസിയിൽ എത്തിയതിന് ശേഷമുള്ള എന്റെ സ്വയം മുടിവെട്ട് മുടങ്ങാതെ തുടർന്നിട്ട് ഇപ്പോൾ പതിനേഴ് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. നാട്ടിൽ പോയാൽ മാത്രമാണ്, പ്രിയപ്പെട്ട സുഹൃത്ത് കൃഷ്ണന്റെ ആറാം മൈലിലെ ബാർബർ ഷാപ്പിൽ കയറി ഇപ്പോൾ മുടിവെട്ടാറുള്ളത്. അങ്ങനെ അജയ്യമായി എന്റെ സ്വയം മുടിവെട്ട് പുരോഗമിക്കേയാണ്, മുടിവെട്ട് വിദ്യയിൽ, ജീവിതത്തിൽ ആദ്യമായി ഒരു കൈയ്യബദ്ധം ഇന്നലെ പിണഞ്ഞത്. മുടിവെട്ടാനുള്ള ഒരുക്കങ്ങളെല്ലാം ബാത്റൂമിൽ പൂർത്തിയാക്കി ട്രിമ്മറെടുത്ത് വലത് ചെവിക്ക് മുകളിലൂടെ ഓടിച്ചതിന് ശേഷം, താഴേക്ക് വീണ മുടിയുടെ അളവ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഇത്രയധികം മുടി എങ്ങനെയാണ് താഴെ വീണത് എന്നാലോചിച്ച് വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്. സാധാരണ ഞാൻ മുടി വെട്ടാൻ തുടങ്ങുന്നത്, മൂന്നാം നമ്പർ ക്ലിപ്പ് ട്രിമ്മറിന്മേൽ കുടിക്കിവച്ചിട്ടാണ്. പക്ഷേ ഇത്തവണ, ക്ലിപ്പ് കുടുക്കിവെക്കാൻ ഞാൻ മറന്നുപോയിരിക്കുന്നു. എങ്ങനെയാണ് ഈ അബദ്ധം സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല. കണ്ണട ധരിക്കാൻ തുടങ്ങിയതിന് ശേഷം മുടിമുറിക്കൽ പണിക്ക് കഷ്ടത ഏറിയിട്ടുണ്ടെങ്കിലും, മുടിവെട്ട് സമയത്ത് വേറെന്തോ വേണ്ടാതീനം ആലോചിച്ച് കാണണം. മുരുമുരുപ്പുള്ള നാക്കു കൊണ്ട് പുലി നക്കിയത് പോലെ വലിയ വീതിയിൽ ഒരു ഭാഗത്ത് മുടി പോയിക്കഴിഞ്ഞാൽപ്പിന്നെ വേറെന്ത് ചെയ്യാനാണ്! അതേപോലെ മറുഭാഗത്തും ചെയ്യുക! പിന്നെ അതിനനുസരിച്ച് ബാക്കി ഭാഗം ക്രമീകരിക്കുക! അങ്ങനെ ക്രമീകരിച്ച് ക്രമീകരിച്ച് ഞാനൊരു സ്റ്റൈൽ കണ്ടെത്തി. ആ ക്രമീകരണം അവിചാരിതമായി അവസാനിച്ചത് പണ്ടത്തെ ഭാസ്കരേട്ടന്റെ മുടിവെട്ടിന്റെ സ്റ്റൈലിലായിരുന്നു. അതെന്റെ മനസ്സിനെ വേറ്റുമ്മലിൽ പണ്ടുണ്ടായിരുന്ന ഭാസ്കരേട്ടന്റെ ബാർബർഷാപ്പിലെത്തിച്ചു!
ഞാൻ പണ്ട് വെറുത്തിരുന്ന 'ചട്ടിക്കട്ടു' മായി കുളിമുറിയിൽ നിന്ന് പുറത്തിറങ്ങിയ എന്നെക്കണ്ട കെട്ട്യോളും കുട്ട്യോളും ആർത്ത് ചിരിച്ചു. കെട്ട്യോൾ എന്നോട് ചോദിക്കുവാ: 'ഇതെന്താ... എന്ത് പറ്റി...? തലയിൽ ഇപ്പോ ഒരു കരിഞ്ചട്ടി കമഴ്ത്തി വച്ചത് പോലുണ്ടല്ലോ...'! അവൾ അങ്ങനെയേ പറയൂ... എന്റെ മുടിവെട്ടിനെക്കുറിച്ച് അവൾക്ക് പരിഹാസമാണ്. കാരണം, ഞാൻ അവളെക്കൊണ്ട് മുടിവെട്ടുന്ന സമയത്ത് ഒരു സഹായവും സ്വീകരിക്കാറില്ല. പണ്ടൊരുതവണ കഴുത്തിന് മുകളിലെ മുടി ഒരു നേർവരയിൽ ക്രമീകരിക്കാൻ പറഞ്ഞിട്ട്, വളഞ്ഞ വര വരച്ചത് മുതൽ ഞാനവളെ ഇപ്പോൾ മുടിവെട്ടിൽ സഹകരിപ്പിക്കാറേയില്ല. അതിന്റെ ഒരു ചൊരുക്ക് അവൾക്കെന്നോടുണ്ട്. അവൾ എന്തെങ്കിലും തെറ്റ് എന്റെ തലയിൽ കാണിച്ചാൽ എനിക്കത് സഹിക്കൂല്ല! ഇതിപ്പോ ഞാൻ തന്നെ വരുത്തിവച്ച വിനയല്ലേ... അതെനിക്ക് സഹിച്ചേപറ്റൂ... വീണിടത്ത് തന്നെയുരുണ്ടുരുണ്ട്, ഒന്നും മിണ്ടാതെ പൊട്ടനെപ്പോലെ ചിരിക്കുക തന്നെ!!
അടിക്കുറിപ്പ്: തലക്ക് പിന്നിൽ കാണുന്ന ചെറിയ ചെറിയ വെള്ളപ്പൊട്ടുകൾ പോലുള്ള മുടിയില്ലാ ഭാഗങ്ങൾ, എന്റെ മുടിവെട്ട് കൊണ്ടുണ്ടായതല്ല. പണ്ട് ചിക്കൻ പോക്സ് വന്നതിന്റെ ഭാഗമായി മുടി നഷ്ടപ്പെട്ടതാണ്!
***
😀😀😀
മറുപടിഇല്ലാതാക്കൂ😄😄
മറുപടിഇല്ലാതാക്കൂരസകരമായ ഒരു മുടിവെട്ടു epic.
മറുപടിഇല്ലാതാക്കൂവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം 👐
ഇല്ലാതാക്കൂBack ഇൽ നിന്ന് നോക്കുമ്പോൾ വൃത്തികേട് ആണെങ്കിലും front ഇൽ നിന്ന് നോക്കുമ്പോൾ വൃത്തികേട് കുറവ് ഇല്ലായ്ക ഇല്ല. എന്തായാലും മുടി പുരാണം കലക്കി. ഒരു കൈയബദ്ധം ഒരു നല്ല രചനക്ക് വളമായി.
മറുപടിഇല്ലാതാക്കൂവായിച്ച് അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി, രജീവ്. പിന്നാമ്പുറത്തെ ആ വൃത്തികേടിന്റെ കാരണം, അടിക്കുറിപ്പിൽ പറഞ്ഞിട്ടുണ്ട് - രണ്ടര ദശാബ്ദത്തിന് മുന്നിലെ ഒരു ചിക്കൻ പോക്‌സാണ് കാരണക്കാരൻ 😃
ഇല്ലാതാക്കൂ