(Picture Courtesy: Google)
പേടി... അതെ ഭയം... അനുഭവിച്ചറിഞ്ഞവർക്കേ ശരിക്കും ഭയം എന്താണെന്നറിയൂ. ആകാശത്ത് നിന്ന് വീഴുമ്പോൾ ഉണ്ടാകുന്ന ഭയമല്ല, ഒരു ആട് കുത്താൻ വരുമ്പോൾ ഉണ്ടാവുന്നത്. രാജൻ മാഷ് അടിക്കുമ്പോൾ ഉണ്ടാകുന്ന ഭയമല്ല രാജവെമ്പാല കടിക്കുമ്പോഴുണ്ടാകുന്നത്. ഇടിവെട്ടുമ്പോൾ ഉണ്ടാകുന്ന ഭയമല്ല, ഇരുട്ടുമ്പോൾ ഉണ്ടാവുന്നത്. അർബുദം വരുമ്പോഴുണ്ടാകുന്ന ഭയമല്ല അരിശസ്സ് വരുമ്പോഴുണ്ടാകുന്നത്. പക്ഷേ എല്ലാം ഭയങ്ങളാണ്. ഉയരഭയം, ചോരഭയം, നിശാഭയം, ഏകാന്തഭയം, പ്രേതഭയം എന്നിങ്ങനെ വേറെയും നൂറായിരം ഭയങ്ങൾ നിലവിലുണ്ട്. കാലക്രമേണ, ഒരാളുടെ ജീവിതത്തിൽ ചില ഭയങ്ങളെ യുക്തികൊണ്ട് മറികടക്കാൻ പറ്റിയെന്നിരിക്കാം, എന്നാലും ചില ഭയങ്ങൾ ഭയമായിത്തന്നെ, ചിലപ്പോൾ കൂടിയ അളവിൽ മരണം വരെ കൂടെയുണ്ടാകും.
ചെറുപ്പത്തിൽ ഞാനൊരു പേടിത്തൊണ്ടൻ തന്നെയായിരുന്നു. ഏകദേശം, പത്താംതരം വരെ പലതിനെയും പേടിച്ച് അരണ്ടുപോയ ജീവിതം തന്നെയായിരുന്നു അനുഭവിച്ച് തീർത്തത്. അച്ഛനെപ്പേടി, ഇരുട്ടിനെ പേടി, ഇംഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്നവരെ കണ്ടാൽ പേടി, ഇഞ്ചക്ഷൻ വെക്കുന്ന സൂചിയെപ്പേടി എന്നിങ്ങനെ പലപല പേടികൾ. എന്തിനധികം, പെൺകുട്ടികൾ അടുത്ത് വന്ന് സംസാരിക്കുന്നത് പോലും പേടിയായിരുന്നു. അച്ഛൻ കിഴക്ക് ഭാഗത്തിരിക്കുമ്പോൾ, ഞങ്ങൾ, കുട്ടികൾ, വീടിന്റെ വടക്ക് ഭാഗത്തായിരിക്കും ഉണ്ടാവുക. അച്ഛൻ ഞങ്ങളെ ഒന്ന് വിളിച്ചാൽ പോലും, അടിക്കാനാണ്, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിച്ച് അടിക്കാനുള്ള വഴിയുണ്ടാക്കാനാണ് ഞങ്ങളെ വിളിക്കുന്നുണ്ടാവുക എന്ന ഭയമായിരുന്നു. വളരെപ്പഴകിയ, വെറും ദ്വാരം പോലെ തോന്നിക്കുന്ന ജനാലകളായിരുന്നതിനാൽ അകം കൂരിരുട്ടായിരുന്ന ഒരു വീട്ടിലായിരുന്നു കുട്ടിക്കാലം എന്നുള്ളത് കൊണ്ട്, സ്വന്തം വീട്ടിനുള്ളിൽ ഒറ്റക്ക് കയറാൻ തന്നെ പേടിയായിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ, ശരീരത്തിന് പുറത്തായി, ഭയത്തിന്റെ ഒരു പുറംചട്ട ധരിച്ചായിരുന്നു സ്വതവേയുള്ള ബാല്യകാല ജീവിതം.
കാലം മുന്നോട്ട് കുതിക്കുന്തോറും, മറ്റുള്ള സമപ്രായക്കാർ വളരുന്നത് പോലെ ശരീരം വളരാത്തതും മീശ മുളക്കാത്തതും, ഉള്ളിലുണ്ടായിരുന്ന ആധികൾ പിന്നെയും കൂട്ടിക്കൊണ്ടേയിരുന്നു. വീടിന്റെ ചുറ്റുവട്ടങ്ങളിൽ ഭഗവതിയുടെയും ഗുളികന്റെയും വേറെ ആരുടേയുമൊക്കെയൊ 'വരവു'ണ്ടായിരുന്നതിനാൽ ഒറ്റപ്പെട്ട സമയങ്ങളിലും, രാത്രികാലത്ത് പ്രത്യേകിച്ചും പേടിയുടെ പെരുമ്പറ ഉള്ളിൽ മുഴങ്ങുന്നത് എനിക്ക് കേൾക്കാമായിരുന്നു.
വളർന്ന് വരുന്തോറും, ഈ പേടികൾ കാരണം, മറ്റുള്ളവരുടെ മുന്നിൽ സ്വയം നാണം കെടുന്ന അവസ്ഥ കൂടിക്കൂടി വന്നപ്പോഴാണ്, ആ അവസ്ഥ മറികടക്കാൻ, ഗൗതമബുദ്ധൻ ചിന്തിച്ചതിന്റെ നാനൂറിലൊരംശം ചിന്തിക്കാൻ ഞാനും തീരുമാനിച്ചത്. ആ ചിന്തകൾക്കൊടുവിൽ എനിക്കും ചില വെളിപാടുകൾ ഉണ്ടായി. ബോധിവൃക്ഷത്തിന് പകരം, കശുമാവിൻ മുകളിൽ വച്ചായിരുന്നു വെളിപാട് ഉണ്ടായത് എന്ന വ്യത്യാസം മാത്രം. 'ഇല്ലാത്ത ധൈര്യം, ഉണ്ടെന്ന് അഭിനയിക്കാൻ പഠിക്കുക' എന്നതായിരുന്നു ആ ദിവ്യമായ വെളിപാട്!
ആ വെളിപാടിനൊരു കാരണവും ഉണ്ട്. ഒരു ദിവസം, എന്റെ അച്ഛന്റെ ഒരു കസിൻ, അവരുടെ മൂന്ന് പെൺമക്കളെയും കൂട്ടി വീട്ടിൽ വന്നു. ആ പെൺകുട്ടികളെ, കുടുംബക്കാരായിരുന്നെങ്കിലും തീരെ മുൻപരിചയം ഉണ്ടായിരുന്നില്ല. തീർത്തും പരിചയമില്ലാത്ത പെൺകുട്ടികളെക്കാണുമ്പോൾ വിറയല് വരുന്ന എനിക്ക്, അന്നും പരവേശമായി. അവർ, കോണിപ്പടികൾ കയറി വീട്ടിലെ നടവഴിയിലേക്ക് പ്രവേശിച്ചതും, ഞാൻ എന്റെ കുടുക്ക് പൊട്ടിയ ട്രൗസർ, അരയിലെ നൂലിൽ തിരുകി, അടുക്കള വാതിലിലൂടെ വീടിന്റെ പിന്നാമ്പുറത്തുള്ള വിശാലമായ കാട്ടുപറമ്പിലേക്ക് ഓടിയൊളിച്ചു.
"മൂത്തോൻ ഏടപ്പോയി...?" അച്ഛന്റെ കസിന്റെ ചോദ്യം. പറമ്പിലെ കശുമാവിന്റെ മുകളിൽ നിന്ന് അവരുടെ ചോദ്യവും അമ്മയുടെ ഉത്തരവും എനിക്ക് വ്യക്തമായി കേൾക്കാം.
"നിങ്ങളെയൊക്ക കണ്ട് നാണിച്ചിട്ട്... ഓനങ്ങ് മീത്തലോട്ട് ഓടിപ്പോയീറ്റ്‌ണ്ട്..." കിണറ്റിൻകരയിൽ ഉണക്കാൻ വച്ചിരുന്ന കൊതുമ്പലുമായി, ചായ വെക്കാൻ അടുക്കളയിലേക്ക് പോകും വഴി, അമ്മയുടെ ചിരിച്ചോണ്ടുള്ള മറുപടി.
"ആഹാ... എന്നാപ്പിന്നെ ഓന്റെ നാണം ഒന്ന് മാറ്റണല്ലോ..." അതും പറഞ്ഞ് അച്ഛന്റെ കസിൻ നേരെ പറമ്പിലേക്ക് കയറി. കൂടെ ആ പെൺകുട്ടികളും. എന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയും എനിക്കില്ല. പൂച്ചയെപ്പോലെ വേഗത്തിൽ ഇറങ്ങാൻ പറ്റുന്ന ഉയരത്തിലുമായിരുന്നില്ല ഞാൻ.
എന്തിനധികം പറയുന്നു, അവരെന്നെ കണ്ടുപിടിക്കുക തന്നെ ചെയ്തു.
"ഇതെന്തൊരു നാണാണെടാ... ഇന്റെ സ്കൂളില് പെൺകുട്യോള് ഇല്ലേ... നീയൊരു ആങ്കുട്ടിയല്ലേ... " അച്ഛന്റെ കസിൻ അത് പറഞ്ഞതും, ആ ഭീകര ജീവികളായ പെൺകുട്ടികൾ ആർത്ത് ചിരിച്ചതും ഒരുമിച്ചായിരുന്നു.
അങ്ങനെ പിന്നെയും കുറേ ചോദ്യങ്ങൾ അവര് തൊടുത്ത് വിടുകയും, പെങ്കുട്ട്യോള് എന്നെ നോക്കി ആർത്തലച്ച് ചിരിക്കുകയും ചെയ്തു. പെൺകുട്ട്യോളായാൽ ഇങ്ങനെ ആൺകുട്ട്യോളെ കളിയാക്കാമോ എന്ന ചോദ്യങ്ങളൊക്കെ മനസ്സിൽ ഉണ്ടായപ്പോൾ, അവരുടെ തലക്ക് മീതെ എനിക്ക് തുപ്പാൻ തോന്നി. പക്ഷേ എന്ത് ചെയാൻ? ആണും പെണ്ണും കെട്ട അവസ്ഥയിലായിരുന്നു ഞാൻ. നാണം കൊണ്ട് ആ മരത്തിന്മേലിരുന്ന് മൂത്രമൊഴിച്ച് പോയില്ലെന്നേ ഉള്ളൂ. ശരിക്കും ചൂളിപ്പോയ അവസ്ഥ. ഞാനൊന്നിനും ഒരുത്തരവും കൊടുക്കാതെ എന്റെ മുകളിലുള്ള ആകാശം നോക്കി നിന്നതേ ഉള്ളൂ. കുറച്ച് നേരം എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കി അവർ മടങ്ങിപ്പോയെങ്കിലും, ആ അവസ്ഥ ഇനിയും ഉണ്ടാകാതെ മറികടക്കാനുള്ള തീരുമാനം എടുത്തത് അന്ന് ആ കശുമാവിൻ മുകളിൽ വച്ചായിരുന്നു!
അങ്ങനെ, കുറച്ച് കാലത്തിനുള്ളിൽ, ധൈര്യം അഭിനയിച്ചഭിനയിച്ച്, കൂരിരുട്ടുള്ള സ്വന്തം വീട്ടിൽ ഒറ്റക്ക് കയറാനും, പെൺകുട്ടികളോട് അങ്ങോട്ട് കയറി സംസാരിക്കാനും, വിശാലമായ, വീടിന് ചുറ്റുമുള്ള കാട്ടുപറമ്പിൽ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ ഒറ്റക്ക് കറങ്ങാനും, ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കുന്ന സമപ്രായക്കാരായ കുട്ടികളോട് 'പോയി നിന്റെ പണി നോക്കെടാ...' എന്ന് പറയാനും എനിക്ക് സാധിച്ചു. ചുരുക്കത്തിൽ, പത്താം തരം കഴിയുമ്പഴേക്കും, അച്ഛന്റെ മുന്നിൽ നിവർന്ന് നിൽക്കാനുള്ള പേടിയൊഴിച്ച്, ബാക്കിയെല്ലാ പേടികളും എന്റെ അഭിനയത്തിന് മുന്നിൽ തോറ്റുപോയി.
പ്രീഡിഗ്രി കാലത്താണ്, അച്ഛന്റെ ബൈനോക്കുലർ പരിധിയിൽ നിന്ന് ഞാൻ കുറച്ച് പുറത്തായത്. അങ്ങനെ കുറച്ച് പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാവുകയും, ക്ലാസ്സുകൾ ബഹിഷ്കരിക്കാനും കറങ്ങിയടിക്കാനും മറ്റുമുള്ള ധൈര്യം കൂടി എന്റെ നിഘണ്ടുവിൽ ചേർക്കപ്പെടുകയും ചെയ്തു. പ്രീഡിഗ്രി കോഴ്സ് തീരാറായ സമയമായപ്പഴേക്കും, അച്ഛന്, വീടിനടുത്തുള്ള സ്‌കൂളിൽ നിന്നും, പ്രധാനാദ്ധ്യാപകനായി, ദൂരെയുള്ളൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റമായി. തിങ്കളാഴ്ച രാവിലെ പോയാൽ, വെള്ളിയാഴ്ച സന്ധ്യക്ക് മാത്രം തിരിച്ചെത്തുന്ന, മനോഹരമായ അവസ്ഥ! എന്റെ നല്ല കാലം!
ആ സമയത്താണ്, വീടിനടുത്തുള്ള തെയ്യങ്ങൾക്കും, ഉത്സവങ്ങൾക്കും, സിനിമകൾക്കും, ഞങ്ങളുടെ കായിക ക്ലബ്ബിന്റെ കളികൾക്കും, കല്യാണങ്ങളുടെ തലേ രാത്രികളികളിലെ സഹായപ്രവർത്തനങ്ങൾക്കും മറ്റുമായി രാത്രികാലങ്ങളിലുള്ള എന്റെ സഞ്ചാരം തുടങ്ങിയത്. ഈ രാത്രികാല സഞ്ചാരങ്ങളിൽ, മിക്കതവണയും കൂടെ സുഹൃത്തുക്കൾ ഉണ്ടാകുമെങ്കിലും, എന്റെ വീടെത്തുന്നതിനും മുന്നേ പലവഴിക്കായി അവർ കൊഴിഞ്ഞുപോകും. അങ്ങനെ, പല രാത്രികളിലും ഒറ്റക്ക് വളരെ വിജനമായ സ്ഥലങ്ങളിലൂടെയും, ഇടുങ്ങിയ ഇടവഴികളിലൂടെയും, ഇടിഞ്ഞ വയൽവരമ്പുകളിലൂടെയും, കാട്ടുപറമ്പുകളിലൂടെയും, വെള്ളക്കെട്ടുകളിലൂടെയും മറ്റുമുള്ള കുറേ യാത്രകൾ കഴിഞ്ഞപ്പഴേക്കും, പേടി എന്ന എന്റെ അഭിനയം, തീർത്തും അഭിനയമല്ലാതായി മാറിക്കഴിഞ്ഞിരുന്നു. സ്ഥലപരിചയം കാരണം, ഏത് കൂനാക്കൂരിരുട്ടിലും, ഏത് ദുർഘട വഴികളിലൂടെയും, ഒരു തരി വെട്ടത്തിന്റെ പോലും ആവശ്യമില്ലാതെ, നടക്കാനുള്ള ധൈര്യം എനിക്ക് കിട്ടിയത്, എന്നെത്തന്നെ അത്ഭുതപ്പെടുത്തി.
അത്തരം രാത്രികാല നടത്തങ്ങളിൽ, ആരൊക്കെയോ തൂങ്ങി മരിച്ച മരങ്ങൾക്ക് കീഴിൽ കൂടെയും, ആരൊക്കെയോ മുങ്ങിമരിച്ച കുളങ്ങൾക്കരികിലൂടെയും മറ്റുമുള്ള നടത്തങ്ങളും പെടും. ചില നേരങ്ങളിൽ പല അപശബ്ദങ്ങളും, കാലൻ കോഴിയുടെ ഭീതിദ ഘോഷണങ്ങളും മറ്റും കേൾക്കാറുണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില വെളിച്ചങ്ങൾ കാണാറുണ്ടായിരുന്നത്, അവ എന്തായിരിക്കാം എന്നാലോചിച്ച്, സാകൂതം നോക്കി നിൽക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയുള്ള സ്ഥലങ്ങളെത്തുമ്പോൾ, ചില കൊച്ചുവർത്തമാനങ്ങൾ പറയാനെന്ന രീതിയിൽ അവിടെ കുറച്ച് നേരം നിന്ന്, പ്രേതമോ മറ്റോ ഉണ്ടോ എന്ന് തിരയുന്നത് എന്റെയൊരു രസകരമായ ഹോബിയായി മാറി. മിക്കവാറും ശബ്ദങ്ങളുടെ പിന്നിൽ വലിയ പെരുച്ചാഴികളോ കുറുക്കന്മാരോ ആയിരുന്നു. എന്നാലും, ചില രാത്രികാല വെളിച്ചങ്ങളുടെ സങ്കേതങ്ങൾ, എനിക്കിന്നുവരേയും മനസ്സിലായിട്ടില്ല. പാമ്പുകളൊക്കെ ധാരാളം ഉള്ള സ്ഥലങ്ങളായിരുന്നെങ്കിലും, എന്തുകൊണ്ടോ, പാമ്പ് കടിക്കുമെന്ന ഭീതി അന്നെനിക്കുണ്ടായിരുന്നില്ല. ഒറ്റക്ക് കറങ്ങുന്നതിന്റെ മത്ത് തലക്ക് പിടിച്ച സ്ഥിതിക്ക് എന്ത് പാമ്പ്! നല്ല കാലത്തിന്, രാത്രികാല സഞ്ചാരങ്ങളിൽ പാമ്പുകളും എന്നോട് സഹകരിച്ചത്, പാമ്പുകൾക്ക് ചീത്തപ്പേര് വീഴാതിരിക്കാൻ സഹായിച്ചു.
അങ്ങനെയൊരു രാത്രിയിൽ ഏകദേശം ഒരു മണിയോടടുപ്പിച്ച്, ഏതോ ഒരു പരിപാടിയും കഴിഞ്ഞ്, വീടിനടുത്തുള്ള ഒരു ഇടവഴിയിലൂടെ വരുമ്പോഴാണ്, ആട് അമറുന്നത് പോലെ ഒരു ശബ്ദം ഞാൻ കേട്ടത്. കൈയ്യിൽ ടോർച്ചൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂരിരുട്ടാണ്. ഞാൻ നിൽക്കുന്നതിനടുത്തുള്ള ഒരു മരം, ഒന്നുലയുന്നതിന്റെ ശബ്ദവും കൂടെ കേട്ടപ്പോൾ, ചിലപ്പോൾ മരപ്പട്ടിയുടെ രാത്രികാല സഞ്ചാരമാവുമെന്ന് കരുതി ഞാൻ മുന്നോട്ട് നടന്നു, അന്നേരമുണ്ടായ കുറുക്കൻ കൂട്ടങ്ങളുടെ ഓരിയിടലിൽ മറ്റ് ശബ്ദങ്ങളൊന്നും പിന്നെ കേട്ടതുമില്ല. വീട്ടിൽ വന്ന് ഇറയത്തുണ്ടായിരുന്ന വീതിയുള്ള ഡെസ്കിന്റെ മേലെ കയറി കിടന്നുറങ്ങി. രാവിലെ, തേങ്ങാ പറിക്കുന്ന വാസുവേട്ടൻ, വീടിന് മുന്നിലെ ഇടവഴിയിൽ നിന്ന് കൂകി ഒച്ചയുണ്ടാക്കി വിളിച്ചപ്പോഴാണ് ഉണർന്നത്. എന്താണെന്ന് ചോദിച്ചപ്പോൾ വാസ്വേട്ടൻ കാര്യം പറഞ്ഞു: പൊക്കായി കുഞ്ഞേട്ടൻ തൂങ്ങി മരിച്ചത്രേ. കുഞ്ഞേട്ടന്റെ വീടിന്റെ വടക്ക് ഭാഗത്തെ ഇടവഴിക്കരികിലെ കശുമാവിൻറെ മേലെയാണത്രേ അദ്ദേഹം തൂങ്ങിയത്. പല്ല് തേച്ചെന്നും വരുത്തി, ചെന്ന് നോക്കിയപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാൻ രാത്രി വരുമ്പോൾ ഉലഞ്ഞ അതേ മരം. അതിലാണ് കുഞ്ഞേട്ടൻ തൂങ്ങിയത്. ഞാൻ കേട്ടത്, അദ്ദേഹം തൂങ്ങിയപ്പോഴുള്ള വെപ്രാള ശബ്ദമായിരിക്കണം.
പിന്നെയുള്ള രണ്ട് മൂന്ന് വർഷങ്ങൾ പേടിയെ സംബന്ധിച്ചടുത്തോളം, ചില പരീക്ഷണങ്ങളുടേത് കൂടിയായിരുന്നു. കൂട്ടുകാരുമായുള്ള സമ്പർക്കങ്ങളിലൂടെ പകർന്ന് കിട്ടുന്ന ചില അറിവുകൾ; അവ ശരിയാണോ എന്നറിയാനുള്ള ചില രഹസ്യ ശ്രമങ്ങൾ!
ഹൊറർ സിനിമകളൊന്നും എന്നിൽ ഭീതി വിതക്കാറുണ്ടായിരുന്നില്ല. 'എക്‌സോർസിസ്റ്റ്' എന്ന മാരക ഹൊറർ സിനിമ പോലും എന്നെ ഭയപ്പെടുത്തിയില്ല. ധൈര്യമുണ്ടെന്ന് അഭിനയിച്ചഭിനയിച്ച്, ധൈര്യം കൂടുതലായിപ്പോയോ എന്ന സംശയം എനിക്കുണ്ടായതങ്ങനെയാണ്. അപ്പോഴാണ് ഒരു സുഹൃത്ത്, ഒരു ഐഡിയ തന്നത്. ഡ്രാക്കുള നോവൽ, രാത്രിയുടെ നിശ്ശബ്ദതയിൽ ഒറ്റക്കിരുന്ന്, വായിച്ചാൽ തീർച്ചയായും പേടിക്കും എന്ന് അവൻ പറഞ്ഞപ്പോൾ, ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
ആയിടയ്ക്ക് പല ദിവസങ്ങളിലും വീടിന്റെ വെളിയിൽ ഇറയത്താണ് ഞാൻ രാത്രി ഉറങ്ങാൻ കിടക്കാറുണ്ടായിരുന്നത്. ചില ദിവസങ്ങളിൽ അനുജനും കൂടെയുണ്ടാകും. ഓല മേഞ്ഞ ഞാലിക്ക് കീഴെ, ചുറ്റുപാടുമുള്ള പ്രകൃതിയെ വീക്ഷിച്ച്, തുറസ്സായി കിടക്കുന്നത് വളരെ സുഖമുള്ള ഒരനുഭവമാണ്. അത് തന്നെ പറ്റിയ അവസരം. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ്, എല്ലാവരും അകത്ത് ഉറങ്ങിയെന്ന് ഉറപ്പിച്ചതിന് ശേഷം, ഡ്രാക്കുള നോവലിന്റെ വായന തുടങ്ങും. ആ വായനയുടെ രീതി ഒന്ന് കൂടെ പൊലിപ്പിക്കാൻ, ഡെസ്‌കെടുത്ത്, വിശാലമായ മുറ്റത്തിന്റെ ഒത്ത നടുവിൽ വച്ച്, അതിന്റെ മീതെ ഒരു മണ്ണെണ്ണ വിളക്കും കത്തിച്ച്, വയറു കൊണ്ട് മെടഞ്ഞ ഒരു കീറിപ്പൊളിഞ്ഞ കസേരയിലിരുന്നാണ് വായന. വായന കുറച്ച് ദിവസം ഒരു കുഴപ്പവുമില്ലാതെ വായന കടന്ന് പോയി. അനുജൻ കൂടെയുണ്ടാകുന്ന ദിവസങ്ങളിൽ വായിക്കാറില്ലെങ്കിലും, ഡ്രാക്കുള വായന, ഭീതിയേതുമില്ലാതെ ഒരു സാധാരണ സംഭവം പോലെയായി മാറി. ഡ്രാക്കുളക്കും എന്നെ പേടിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് സുഹൃത്തിനോട് വീമ്പിളക്കാൻ എന്റെ മനസ്സ് വെമ്പി.
അങ്ങനെ ഒരു ദിവസം രാത്രി, ഡ്രാക്കുള വായന തുടരുകയാണ്. നോവൽ, പതുക്കെ അതിന്റെ ഭീതി പ്രസ്താവത്തിൽ മുറുകി വരുന്നുണ്ട്. നല്ല ത്രില്ലടിപ്പിക്കുന്ന വായന. നോവലിലെ സന്ദർഭങ്ങളിലൂടെ ജീവിച്ചുകൊണ്ടുള്ള വായന. സന്ദർഭങ്ങൾക്കനുസരിച്ച് കഥാപാത്രങ്ങൾ മാറി മാറി സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കപ്പെടുന്നത് ഞാൻ പോലും അറിയുന്നില്ല. ജോനാതൻ ഹാർക്കർ പാതിരാത്രിയിൽ, ഡ്രാക്കുളക്കോട്ടക്ക് അരികിലൂടെ, കുതിരപ്പുറത്ത്, കുതിരക്കുളമ്പടി ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ പാഞ്ഞ് പോവുകയാണ്. അദ്ദേഹത്തിന്റെ കറുത്ത കോട്ട് കാറ്റിൽ ഉലയുന്നുണ്ട്. കോട്ടക്കകത്ത് നിന്നും ഭീതിദമായ പലവിധ ശബ്ദങ്ങൾ കേൾക്കാം. കോട്ടയുടെ ഭിത്തിദ്വാരത്തിലൂടെ അദ്ദേഹത്തിന്റെ മേലേക്ക് ഇടയ്ക്കിടെ തീ തുപ്പുന്നുണ്ട്. ഇതുകൊണ്ടൊന്നും ഹാർക്കർ ഭയക്കുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം വേറൊന്നാണ്. പൊടുന്നനെ വിശാലമായ ചിറകുകൾ വിരിച്ച് ഒരു ഭീമൻ വവ്വാൽ ഹാർക്കറുടെ തലക്ക് മീതെ പറന്നു. അതിന്റെ ചിറകിലെ കൊളുത്ത് അദ്ദേഹത്തിന്റെ മുഖത്തിലൂടെ ഒരു വര വരഞ്ഞ് മുറിവുണ്ടാക്കി. ആ മുറിവിലെ ചോര തുടക്കുന്നതിന്റെ വിടവിലാണ് വേറൊരു വവ്വാൽ വന്ന്, അദ്ദേഹത്തിന്റെ കുതിരയുടെ കാഴ്ച മറയ്ക്കും വിധം, അതിന്റെ തലക്ക് മുന്നിലൂടെ പറന്നത്. കുതിരയും ഹാർക്കറും ഒരു കൊല്ലിയിലേക്കെന്നോണം വീഴുകയാണ്. കുതിരയുടെ ചിനപ്പ് ശബ്ദവും കൂടെ പാറകൾ ഉരുളുന്നതുമായ ശബ്ദവും. എന്റെ ഉള്ളിൽ ഒരു തരിപ്പ് കേറിക്കൂടിയത് ഞാനും അറിഞ്ഞില്ല. അതേ സമയത്ത് പെട്ടെന്നാണ് എന്റെ ഇടത് ഭാഗത്തായി 'ഥപ്പോ' ന്നും പറഞ്ഞു കൊണ്ട് ഒരു ഭയങ്കര ശബ്ദം ഞാൻ കേട്ടത്. ആ സമയത്ത് ഞാനും കുതിരപ്പുറത്തായിരുന്നല്ലോ. ഞാനും വീഴുകയാണെന്നുള്ള ഭീതിദമായ വിചാരത്തിൽ, അതി ഭീകരമായി ഞാനെന്റെ ശരീരത്തെ ഇളക്കി, വീഴ്ച്ചയിലെന്നത് പോലെ രക്ഷപ്പെടാൻ ശ്രമിച്ചു. ആ കുതറലിൽ, ഞാനിരുന്ന കസേരയും മുന്നിലുള്ള ഡെസ്കും അതിന്റെ മേലെയുള്ള വിളക്കും പലഭാഗങ്ങളിലേക്കായി മറിഞ്ഞു വീണു, കൂടെ ഞാനും. ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ലെങ്കിലും, പെട്ടന്ന് തന്നെ എഴുന്നേറ്റ് ചുറ്റുമൊന്ന് വീക്ഷിച്ച് കിതപ്പോടെ ദീർഘമായി ശ്വസിച്ചു.
"ഡോ... എന്താ... എന്താ വീണത്... ആന്താ.. ഒരൊച്ച..." ഡെസ്കും കസേരയും മറിഞ്ഞ് വീഴുന്നതിന്റെ ശബ്ദം കേട്ട്, അകത്ത് നിന്നും അച്ഛൻ ഉറക്കെ ചോദിച്ചു.
"ല്ലാ.. ഒന്നൂല്ലാ.... അത്... ഈർന്ന് വെച്ച പലക എങ്ങനെയോ ചെരിഞ്ഞ് വീണതാ..." അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. പിന്നെ അകത്ത് നിന്ന് ചോദ്യങ്ങളൊന്നും ഉണ്ടായില്ല. അച്ഛൻ പുറത്ത് വന്ന് നോക്കാത്തത്ത് കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. അപ്പഴേ എനിക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലായുള്ളൂ. ഞാനിരിക്കുന്നതിന്റെ ഇടത് ഭാഗത്തായി അലക്ക് കല്ലിനടുത്തുള്ള ഒരു പീറ്റത്തെങ്ങിൽ നിന്നും കൂമൻ കൊത്തിയ കരിക്ക് വീണതായിരുന്നു ആ ഭീതിതമായ 'ഥപ്പോ...' ശബ്ദം. ആ കരിക്കുരുണ്ട് മുറ്റത്തെത്തിയിരിക്കുന്നു. പൊട്ടിച്ചിരിക്കാൻ തോന്നിയെങ്കിലും രാത്രിയായതിനാൽ ഒച്ചയുണ്ടാക്കാതെ കുലുങ്ങിക്കുലുങ്ങി കുറച്ച് നേരം ചിരിച്ചു. പിന്നെ ഡെസ്കും കസേരയുമെടുത്ത് ഇറയത്ത് കൊണ്ട് വച്ചതിന് ശേഷം, അന്നത്തേക്കുള്ള വായനയൊക്കെ നിർത്തി കിടന്നുറങ്ങി. അതിന് ശേഷം, എന്തുകൊണ്ടോ, പകൽ വെളിച്ചത്തിരുന്നാണ് ഡ്രാക്കുളയുടെ ബാക്കി ഭാഗം വായിച്ച് തീർത്തത്!
ഡ്രാക്കുള വായിച്ച് തീർന്ന്, അതിന്റെ ലഹരി വിട്ടൊഴിയുന്നതിന് മുൻപേ തന്നെയാണ് ഓജോ ബോർഡ് എന്ന ഏടാകൂടത്തിനെക്കുറിച്ച് ഞാനറിയുന്നത്. സുഹൃത്തുക്കളിൽ ചിലർ അത് പരീക്ഷിച്ച്, ആത്മാക്കളെ കണ്ട് ഭയന്ന് വിറച്ചിട്ടുണ്ടത്രേ. ഹോസ്റ്റലുകളിൽ രാത്രി കാലങ്ങളിലാണ് അവരുടെ ഓജോ ബോർഡ് പരീക്ഷണങ്ങൾ നടക്കാറുണ്ടായിരുന്നത്. അതിലൊരു സുഹൃത്ത്, അവന്റെ വീട്ടിൽ നിന്ന് ഈ ഓജോ ബോർഡ് എക്സ്പിരിമെന്റ് നടത്തിയതിന് ശേഷം, അവന് കുറച്ച് കാലം ഒരു തരം മന്ദതയായിരുന്നു. ഓജോ ബോർഡിൽ വച്ച 25 പൈസാ നാണയം തനിയെ നീങ്ങി, പ്രേതം അതിന്റെ പേര് വെളിപ്പെടുത്തിയെന്നാണ് അവൻ പറഞ്ഞത്. RAHIM എന്നായിരുന്നത്രേ പ്രേതത്തിന്റെ അല്ലെങ്കിൽ ആ ആത്മാവിന്റെ പേര്. RAHIM എന്ന പേരിലെ അവസാനത്തെ അക്ഷരം കാട്ടിക്കൊടുക്കുന്നത് വരെ, എന്റെ സുഹൃത്ത് തല കറങ്ങാതെ പിടിച്ച് നിന്നു എന്നും, പേര് മുഴുവൻ മനസ്സിലായതോടെ അവന്റെ കിടപ്പ് മുറിയിൽ ബോധം കെട്ടു വീണു എന്നുമാണ് അവൻ പറഞ്ഞ കഥ.
ചില സുഹൃത്തുക്കൾ അവൻ പറഞ്ഞത് ശരിയായിരിക്കുമെന്നും, അവർക്കും അതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞപ്പോൾ, വേറെ ചില സുഹൃത്തുക്കൾ, അവനെ കൂകി കളിയാക്കി. ചിലപ്പോൾ ഹിന്ദുവായ എന്റെ സുഹൃത്ത് ഒരു ഹിന്ദു ആത്മാവിനെ പരതിയപ്പോൾ, പകരം ഒരു ഹിന്ദുവല്ലാത്ത ആത്മാവ് വന്നതായിരിക്കാം, അവൻ പേടിച്ച് പോകാൻ കാരണം. എന്തായാലും ഈ പുതിയ കുന്ത്രാണ്ടവും ഒന്ന് പരീക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
വീട്ടിലിരുന്ന്, നേരത്തെകേട്ടത് പോലുള്ള ഒരു ഓജോ ബോർഡ് ഞാനും ഉണ്ടാക്കി. പണ്ട്, നമ്മളൊക്കെ പരീക്ഷ എഴുതാൻ ഉപയോഗിച്ചിരുന്ന, നല്ല വീതിയും നീളവുമുള്ള, മടക്കിയാൽ നാല് പുറങ്ങളായി എഴുതാൻ കഴിയുന്ന, വരയില്ലാത്ത 'പായക്കടലാസി'ലാണ് ഈ ഓജോ ബോർഡ് ഉണ്ടാക്കിയത്. അതിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങളും, ഒന്ന് മുതൽ പൂജ്യം വരെയുള്ള അക്കങ്ങളും, ഇംഗ്ളീഷിലെഴുതിയ ഏഴ് നിറങ്ങളും, പിന്നെ മേല്പോട്ട്, കീഴോട്ട്, ഇടത്, വലത് എന്നിവ കാണിക്കാനുള്ള അടയാളങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടത്തിൽ കുറച്ച് വലുപ്പത്തിലായി രണ്ട് ചതുരക്കള്ളികളിൽ, 'YES' എന്നും 'NO' എന്നും നല്ല കട്ടിമഷിയിൽ, പേപ്പറിന്റെ താഴെയായി എഴുതിയിട്ടുണ്ട്. ചുരുക്കത്തിൽ, ഇഗ്ളീഷ് അറിയുന്ന ഒരു ആത്മാവിന് മാത്രമേ എന്നോട് ഈ ഓജോബോർഡിലൂടെ സംവദിക്കാൻ കഴിയുള്ളൂ. മലയാളം ഓജോ ബോർഡ് ഉണ്ടാക്കണോ എന്നൊക്കെ ശങ്കിച്ചെങ്കിലും, ഉണ്ടാക്കാൻ എളുപ്പം ഇംഗ്ലീഷ് ആയത് കൊണ്ടാണ്, ഇംഗ്ലീഷിൽത്തന്നെ ഓജോ ബോർഡ് ഉണ്ടാക്കിയത്. മലയാളം ഓജോ ബോർഡ് ആയിരുന്നെങ്കിൽ, സ്വരങ്ങളും, വ്യഞ്ജനങ്ങളും, ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും, വള്ളിയും, പുള്ളിയും ചന്ദ്രക്കലയുമൊക്കെ പരതിപ്പരതി, ആത്മാവ് ഒരു വഴിക്കായിപ്പോയേനെ!
ഇങ്ങനെ ഉണ്ടാക്കിയ ഓജോ ബോർഡ് ഒന്ന് പരീക്ഷിക്കണമല്ലോ. പണ്ട് ഡ്രാക്കുള നോവൽ വായിക്കാൻ ഒരുക്കിയ പോലുള്ള സാഹചര്യം ഒരുക്കണോ, അതല്ല വേറെയെന്തെങ്കിലും സങ്കേതം ഒരുക്കണോ എന്നൊക്കെ വളരെ ഗഹനമായിത്തന്നെ ചിന്തിച്ചു. ഒടുവിൽ, വീട്ടിൽ നിന്നുള്ള പരീക്ഷണങ്ങൾ ഒഴിവാക്കാൻ തന്നെ തീരുമാനിച്ചു. ഡ്രാക്കുള വായിക്കുമ്പോൾ ഉണ്ടായത് പോലുള്ള അനുഭവങ്ങൾ അഥവാ ഉണ്ടായാൽ ആരുമറിയാതെ ഒതുക്കണമെന്ന ചിന്തയാണ് അങ്ങനെയൊരു തീരുമാനത്തിൽ എന്നെയത്തിച്ചത്. പിന്നെ എവിടെ വച്ച്, എങ്ങനെ, എപ്പോഴാണ് ഓജോ ബോർഡ് പരീക്ഷണം നടത്തേണ്ടതെന്ന് കൂലങ്കഷമായി ആലോചിച്ചപ്പഴാണ്, രണ്ട് ഉപായങ്ങൾ മനസ്സിൽ തെളിഞ്ഞത്. രണ്ടിലും പക്ഷേ ശ്മശാനങ്ങളായിരുന്നു പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്.
ഒന്ന്, വീട്ടുപറമ്പിലെ തെക്കേ അതിരിലുള്ള തറവാട്ട് ശ്മശാനമായിരുന്നെങ്കിൽ, രണ്ടാമത്തേത്, വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെ, ആറാം മൈലിൽ, തലശ്ശേരി - മൈസൂർ റോഡിലുള്ള മൈതാനപ്പള്ളിയുടെ ശ്മശാനമായിരുന്നു. ശ്‌മശാനം ആത്മാക്കളുടെ വിഹാരരംഗമായിരിക്കുമെന്നതിനാൽ, ഓജോ ബോർഡ് മുഖാന്തിരം, അഥവാ സംഭവിക്കുകയാണെങ്കിൽ, ഏതെങ്കിലും ഒരു ആത്മാവുമായി പെട്ടെന്ന് സംവദിക്കാനുള്ള സാധ്യത കൂടുമല്ലോ എന്നതായിരുന്നു, പശ്ചാത്തലമായി ശ്‌മശാനം തിരഞ്ഞെടുക്കാൻ കാരണം.
പിന്നെ ഈ രണ്ട് ശ്മശാനങ്ങളിൽ ഏത് ശ്‌മശാനം വേണമെന്ന ശങ്കയായി. തറവാട്ട് ശ്‌മശാനം കാട് പിടിച്ച് കിടക്കുന്നതാണെങ്കിലും, പണ്ട്, അമ്പിളിയമ്മാവൻ മാഗസിനിൽ വരാറുണ്ടായിരുന്ന വേതാളകഥകളിൽ വരച്ചുകാട്ടപ്പെട്ടിരുന്ന ശ്മശാനത്തിന്റെയോ ശ്മശാനചുറ്റുപാടുകളുടെയോ ഗാംഭീര്യം അതിനില്ലായിരുന്നു. മൈതാനപ്പള്ളിയുടെ ശ്മശാനമാണെങ്കിൽ നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് സമൃദ്ധി പൂണ്ട്, പകൽ പോലും ഇരുട്ട് തോന്നിക്കുന്ന സ്ഥലമാണ്. മാത്രവുമല്ല അവിടെ, എന്റെ തറവാട്ട് വളപ്പിൽ സംസ്കരിച്ചതിനേക്കൾ കൂടുതലാളുകളെ സംസ്കരിച്ചിരിക്കാനും സാദ്ധ്യതയുണ്ട്. എന്നുവച്ചാൽ, ആത്മാക്കളുടെ ബാഹുല്യം, പള്ളിക്കാട്ടിലായിരിക്കും കൂടുതലെന്നർത്ഥം. ഈ രണ്ട് കാരണങ്ങൾ കൊണ്ട്, മൈതാനപ്പള്ളിയുടെ പള്ളിക്കാട്ടിലെ ചുടുകാട് (ചുടുന്ന കാടല്ലെങ്കിലും) തന്നെ നല്ലതെന്ന് ഞാൻ നിശ്ചയിച്ചു.
കേട്ട കഥകളൊക്കെ വച്ച് നോക്കുകയാണെങ്കിൽ, കറുത്ത നിറം മാത്രമുള്ള ഒരു കരിമ്പൂച്ചയെ തലക്കടിച്ച് കൊന്ന്, അതിനെ അതിന്റെ വാലിൽ പിടിച്ച് തൂക്കിക്കൊണ്ട് വേണം, ശ്മാശാനത്തിലേക്ക് കടക്കാനും, ഇത്തരം പരിപാടികൾ ചെയ്യാനും. വെള്ളിയാഴ്ചയാണെങ്കിൽ ഏറ്റവും നല്ലത്. എന്തായാലും, ഒരു ജീവിയെ കൊല്ലുന്നത് എനിക്കാവതല്ലായിരുന്നത് കൊണ്ടും, പൂച്ചകളെ എനിക്കിഷ്ടമായിരുന്നത് കൊണ്ടും, എന്റെ പരിസരത്തെങ്ങും കറുമുറെ കറുത്ത കരിമ്പൂച്ചകൾ ഇല്ലാതിരുന്നത് കൊണ്ടും, പൂച്ചയെ ഞാനൊഴിവാക്കി. പോരാഞ്ഞതിന്, RAHIM എന്ന ആത്മാവുമായി സംവദിച്ച സുഹൃത്തിന്റെ പരീക്ഷണസമയത്ത് ചത്ത കരിമ്പൂച്ച ചിത്രത്തിലേ ഉണ്ടായിരുന്നില്ലതാനും. എന്നിട്ടും അവന് ഫലസിദ്ധി കിട്ടിയിരുന്നല്ലോ.
അങ്ങനെ എന്റെ ആദ്യത്തെ ഓജോ ബോർഡ് പരീക്ഷണ ദിവസം വന്നെത്തി. എന്റെ പത്തൊൻപതാം പിറന്നാൾ കഴിഞ്ഞത്തിന്റെ ആദ്യത്തെ ഒരു വെള്ളിയാഴ്ച. അന്നും, വീടിന് പുറത്ത് ഇറയത്താണ് ഞാൻ ഉറങ്ങാൻ കിടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ ഞാൻ സാമഗ്രികളുമായി തയ്യാറായി. നല്ല ഇരുട്ടാണ്. ഓജോ ബോർഡ് മടക്കി കീശയിലിട്ട്, അതിന്റെ കൂടെ ഒരു മെഴുകുതിരിയും വച്ച്, ഏകദേശം പന്ത്രണ്ടരക്ക് പള്ളിക്കാട് ലക്ഷ്യമാക്കി ഞാൻ പതുക്കെ നടക്കാൻ തുടങ്ങി. വീട്ടിലെ പട്ടിയായ ടിങ്കു, എന്തോ കാരണത്താൽ അന്നവിടെത്തന്നെയുണ്ടായിരുന്നു. സാധാരണ രാത്രി സമയങ്ങളിൽ, അവൻ മറ്റ് പട്ടികളുമായി എവിടെയെങ്കിലും തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരിക്കും. പക്ഷേ, എന്തോ, ആ ദിവസം, അവൻ അവിടെത്തന്നെ ഉണ്ടായിരുന്നു. കൂട്ടുകാരുമായി എന്തെങ്കിലും പ്രശ്നമുണ്ടായിക്കാണണം. വീടിന്റെ മുന്നിലുള്ള തൊഴുത്ത് വരെ ടിങ്കു എന്നെ അനുഗമിച്ചു. പള്ളിക്കാട്ടിൽ പട്ടി കയറിയാൽ, അവിടത്തെ ആത്മാക്കൾക്ക് പ്രശ്നമാകുമോ എന്ന് വെറുതെ ശങ്കിച്ചു. ടിങ്കുവിനെ എങ്ങനെ ഒഴിവാക്കും എന്ന് ആത്മാർത്ഥമായി ആശിച്ചപ്പോഴാണ് അവന്റെ സുഹൃത്തായ ഏതോ പട്ടി, ഞങ്ങളുടെ വീട്ടുപറമ്പിലേക്ക് ഓടിക്കയറി, വടക്ക് പടിഞ്ഞാറ് ഭാഗത്തെ കൈതക്കാട് ഭാഗത്തേക്ക് ഒരു മിന്നായം പോലെ ഓടുന്നത് കണ്ടത്. ടിങ്കു, ഒട്ടും അമാന്തിക്കാതെ, യജമാനനായ എന്നെയും വിട്ട്, ആ പട്ടിയുടെ പിന്നാലെ വച്ചുപിടിച്ചു. കാണാൻ പോകുന്ന ആത്മാക്കൾക്ക് ഞാൻ നന്ദി പറഞ്ഞു.
കിഴക്ക് ഭാഗത്തെ അതിരിലൂടെ ഇടവഴിയിലേക്ക് ഇറങ്ങുമ്പോൾ, തൊഴുത്തിലുണ്ടായിരുന്ന വെള്ളച്ചിയും ചോക്കച്ചിയും 'എങ്ങോട്ടാ ഈ പാതിരാക്ക്...' എന്ന രീതിയിൽ എന്നെ നോക്കുന്നത്, ആ ഇരുട്ടത്തും അവയുടെ തിളങ്ങുന്ന കണ്ണുകളെ ദർശിച്ച് ഞാൻ കണ്ടു. ഇടവഴിയിലൂടെ തെക്കോട്ടേക്ക് നടന്ന്, നാണു ആശാരിയുടെ വീടിന് മുന്നിലൂടെ, ഹരിയേട്ടന്റെ കടയ്ക്കരികിലൂടെ, തീപ്പെട്ടിക്കമ്പിനിക്കരികിലുള്ള റോഡ് മുറിച്ച് കടന്ന്, പള്ളിക്കാട്ടിന്റെ പടിഞ്ഞാറ് ഭാഗത്തെത്തി. ആദ്യായിട്ടാണ് പള്ളിക്കാട്ടിലേക്ക് കാല് വെക്കുന്നത്. അതിനുള്ളിലെ മുൻപരിചയങ്ങളൊന്നും എനിക്കില്ല. ഇനിയങ്ങോട്ടുള്ളത് എല്ലാം പരിചയമില്ലാത്ത പുതുവഴികളാണ്. ഒരു എമർജൻസി സാഹചര്യം ഉണ്ടായാൽ, വൃത്തിയിൽ ഓടാൻ പോലും പറ്റില്ല.
എന്തായാലും ഒരുമ്പെട്ടു. മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തെ പറമ്പിന്റെ ചെരിവിലൂടെ ഞാൻ പള്ളിയുടെ പിന്നാമ്പുറത്തുള്ള പറമ്പിലേക്ക് കയറി. ആ കാലത്ത്, ആ പറമ്പിൽ ഒന്നോ രണ്ടോ വീടുകളേ ഉണ്ടായിരുന്നുള്ളൂ. കുറച്ച് കൂടി മുന്നോട്ട് പോയി വലത് മതിൽ കയറിയിറങ്ങിയാലാണ് പള്ളിക്കാട്ടിലേക്ക് കയറാൻ സാധിക്കുക. ഒരു കള്ളന്റെ എല്ലാ ചലനങ്ങളോടും കൂടെ വളരെ പതുക്കെയാണ് അവിടം മുതൽ എന്റെ നടപ്പ്. അവിടം വരെയുള്ള നടപ്പ് പെരുവഴിയിലൂടെ ആയിരുന്നെങ്കിൽ, അപ്പോൾ നിന്നിരുന്നത് തീർത്തും സ്വകാര്യ സ്ഥലത്താണ്. ആരെങ്കിലും കണ്ടാൽ തീർച്ചയായും പ്രശ്നമാകും. ഓജോ ബോർഡ് കാണിച്ചത് കൊണ്ടോ, എന്റെ പരീക്ഷണത്തെക്കുറിച്ച് പറഞ്ഞത് കൊണ്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല. പിടിച്ചാൽ, നാട്ടുകാർ നന്നായി പെരുമാറുമെന്ന് നൂറ് ശതമാനം ഉറപ്പ്. അതിനടുത്തൊന്നുമുള്ള വീടുകളിലോ വഴികളിലോ ഒന്നും ഒരു പട്ടികളെപ്പോലെ കാണാഞ്ഞതും അഥവാ ഉണ്ടായിരുന്ന പട്ടികൾ ഉറക്കത്തിലായിരുന്നത് പോലെ കുരക്കാതിരുന്നതും ശരിക്കും ഭാഗ്യമായി.
ഒടുവിൽ, അവിടെ അടക്കിയ എല്ലാ ആത്മാക്കളോടും അനുവാദം ചോദിച്ച്, മടക്കിപ്പിടിച്ച ഓജോ ബോർഡുമായി ഞാൻ പള്ളിക്കാട്ടിൽ കയറുക തന്നെ ചെയ്തു. അപരിചിതമായ സ്ഥലം. അങ്ങിങ്ങായി ചില തലക്കല്ലുകൾ പൊന്തക്കാടുകൾക്കിടയിൽ നിന്നും പൊങ്ങി നിൽക്കുന്നത്, ഇരുട്ടിൽ അത്രയും നേരം നിന്നതിന്റെ തഴക്കത്താൽ കാണുന്നുണ്ടായിരുന്നു. കുറേ നേരം ഇരുട്ടിൽ നിന്നാൽ, ഇരുട്ടിലും ചില വെളിച്ചങ്ങൾ കാണാൻ സാധിക്കും!
എവിടെ ഇരിക്കും എന്നതായിരുന്നു പിന്നത്തെ എന്റെ ചിന്ത. കുറച്ചെങ്കിലും കാടില്ലാത്ത സ്ഥലംകിട്ടിയാലല്ലേ വൃത്തിയിൽ അമർന്നിരിക്കാൻ പറ്റുകയുള്ളൂ. പതുക്കെ പരിസരം വീക്ഷിച്ചപ്പോഴാണ്, ഒന്ന് രണ്ടാഴ്ചക്കുള്ളിൽ ആരെയോ സംസ്കരിച്ച സ്ഥലം പോലെ ഒരു ഭാഗത്ത് നല്ല മണ്ണ് കണ്ടത്. വീണ്ടുമൊന്ന് പരിസരം വീക്ഷിച്ചശേഷം, ആരുടേയും തലയിലും നെഞ്ചത്തും ചവിട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച്, നേരെ അവിടെപ്പോയി, ആ മണ്ണിനടിയിൽ അന്തിയുറങ്ങുന്ന ആത്മാവിനെ മനസാ ഒന്ന് വണങ്ങി. മടക്കി വെച്ചിരുന്ന ഓജോ ബോർഡ് ആ കുഴിമാടത്തിന്റെ മുകളിൽ നിവർത്തി വച്ച്, അതിന്റെ ഒരു ഭാഗത്തായി കുനിഞ്ഞിരുന്നു. കൈയ്യിൽ കരുതിയ കുഞ്ഞ് മെഴുകുതിരി, ഓജോ ബോർഡിന്റെ മുകൾഭാഗത്തായി മണ്ണിൽ ആഴ്ത്തിയിട്ട് കത്തിച്ചു വച്ചു. മെഴുകുതിരിയുടെ വെട്ടം വീണെങ്കിലും, പെട്ടന്ന് വീണ വെളിച്ചമാകയാൽ, അതിലെ അടയാളങ്ങൾ തെളിഞ്ഞ് കാണാൻ ആ ഇരുട്ടിൽ അര മിനുട്ടോളം സമയമെടുത്തു. വെള്ളക്കടലാസിൽ നീല മഷികൊണ്ട് എഴുതിയതിനാൽ, അതിന്റെ ഇരുട്ടിലെ കാഴ്ച കൂടുതൽ ഭംഗിയുള്ളതാക്കി.
ഹൈവേയിലൂടെ ഇടക്ക് ലോറികളും അപൂർവ്വമായി ഓട്ടോറിക്ഷകളും പോകുന്നുണ്ട്. പ്രകൃതിയുടെ രാത്രികാല ശബ്‌ദതാളങ്ങൾക്ക് പുറമേ, വണ്ടികളുടെ ഇരമ്പലുകൾ മാത്രമായിരുന്നു അപ്പോളവിടെ കാതുകൾക്ക് ശരിയായ രീതിയിൽ കേൾക്കാൻ പാകത്തിലുണ്ടായിരുന്ന ശബ്ദവിന്യാസങ്ങൾ. ഷർട്ടിന്റെ കീശയിൽ നിന്ന് ഒരു ഇരുപത്തഞ്ച് പൈസാ നാണയം ഞാൻ പുറത്തെടുത്തു. തറയിൽ ചമ്രം പടിഞ്ഞിരുന്നശേഷം കുറച്ച് നേരം രണ്ട് കൈകളും കത്തുന്ന മെഴുകുതിരിയുടെ മേലെ പിടിച്ച് കണ്ണടച്ച് ധ്യാനിച്ച്, ഇരുപത്തഞ്ച് പൈസാ നാണയം ഞാൻ ഓജോ ബോർഡിൽ വച്ചു. പിന്നെയും കണ്ണടച്ച് അവിടെ സന്നഹിതരായിരിക്കുന്ന ഏതെങ്കിലും നല്ല ആത്മാക്കളുണ്ടെങ്കിൽ അടുത്ത് വരാനും എന്റെ ചോദ്യങ്ങൾക്ക് ഓജോ ബോർഡിലെ അടയാളങ്ങളിലൂടെ ഉത്തരം പറയാനും മനസാ നിർദ്ദേശിച്ചു.
"ആരെങ്കിലും എന്റെയടുത്ത് ഉണ്ടോ ?" പതുങ്ങിയ ശബ്ദത്തിൽ പലവട്ടം ചോദിച്ചു. YES ന്റെയും NO യുടെയും മദ്ധ്യത്തിലായി വച്ച നാണയം ഒരു കളത്തിലേക്കും മാറുന്നില്ല.
"എന്താണ് പേര്" ആദ്യത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെങ്കിലും വെറുതേയെന്നോണം വേറൊരു ചോദ്യം ചോദിച്ചു. ഒരു രക്ഷയുമില്ല. നാണയം അനങ്ങുന്നില്ല.
എന്റെ ഭാഷ മനസ്സിലാകാത്തത് കൊണ്ടാണോ, അതോ എന്നെ ഭയന്നിട്ടാണോ, അല്ലെങ്കിൽ എന്റെ വിശ്വാസത്തെ സംശയിച്ചിട്ടാണോ ഇത്രയടുത്തുണ്ടായിട്ടും ആത്മാക്കൾ എന്നോട് മിണ്ടാത്തതെന്ന് ഞാൻ സംശയിച്ചു.
"Any soul present here? Please show YES or NO..." അറിയാവുന്ന ആംഗലേയത്തിൽ പറഞ്ഞു നോക്കി... ഒരനക്കവും കാണുന്നില്ല.
"കൊയി ആത്മാ ഹേ യഹാ..." ഹിന്ദിയിൽ ചോദിച്ച് നോക്കി. ഹിന്ദി പഠിപ്പിച്ച പ്രേമവല്ലി ടീച്ചറെ ഓർമ്മ വന്നതല്ലാതെ നാണയം അനങ്ങിയില്ല.
ഞാൻ തന്നെ നാണയത്തിന്റെ മേലെ വിരല് വച്ച്, എന്റെ വിരലുകളെ ആരെങ്കിലും നീക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ എന്ന്, എന്നെ തോന്നിക്കുന്നുണ്ടോ എന്ന് സ്വയം ശ്രദ്ധിച്ച് നോക്കി. അങ്ങനെയുള്ള ഒരു തോന്നലും എനിക്ക് ഉണ്ടായില്ല. എനിക്ക് എന്തൊക്കെയോ തോന്നുന്നുണ്ടെന്ന് വിശ്വസിപ്പിക്കാൻ സ്വയം ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
എന്റെ ശ്വാസനിശ്വാസങ്ങളുടെ ഒച്ച എനിക്ക് വ്യക്തമായി കേൾക്കാം. ആ പള്ളിക്കാട്ടിൽ അന്തിയുറങ്ങിയിരുന്ന ആത്മാക്കളൊക്കെ കുംഭകർണ്ണന്മാരാണോ, അതോ ബധിരമൂകരന്മാരാണോ എന്നെനിക്ക് തോന്നിപ്പോയി. പിറുപിറുത്തുകൊണ്ട്, ഒട്ടും അടുക്കും ചിട്ടയുമില്ലാതെ പിന്നെയും ചില ചോദ്യങ്ങളൊക്കെ ചോദിച്ചെങ്കിലും ഒരു കാര്യവും ഉണ്ടായില്ല. അപ്പോൾ അവിടെ വീശിയ ഇളം തെന്നലിൽ, മെഴുകുതിരിനാളം വശ്യമാർന്ന നൃത്തം വെച്ചു. കുറേ നേരം ആ നൃത്തം നോക്കി നിന്നപ്പോൾ അവിടെ ഒരു കൂട്ടം മെഴുകുതിരികൾ കത്തിച്ച് വെച്ചതായി എനിക്ക് തോന്നി. ചുറ്റുപാടും നോക്കിയപ്പോൾ ഇടയ്ക്കിടെ എന്തോ മിന്നുന്നത് കണ്ടത്, അത് മെഴുകുതിരിയാണോ, മിന്നാമിന്നിയാണോ അതൊന്നുമല്ല ചൂളിക്കൂട്ടയാണോ എന്നെല്ലാമുള്ള സന്ദേഹങ്ങൾ മനസ്സിലൂടെ കയറിക്കേറി മറിഞ്ഞു. ശ്മശാനത്തിലെ നീങ്ങുന്ന തീനാളങ്ങളാണ് ചൂളിക്കൂട്ടകൾ. അസ്ഥികളൊക്കെ അടങ്ങുന്ന ഭൂമിക്കടിയിൽ നിന്നും വമിക്കുന്ന സൾഫർ ഗ്യാസ്, ഇളം കാറ്റിന്റെ ഘർഷണത്താൽ കത്തുന്നതാണ് ചൂളിക്കൂട്ടകൾ എന്നൊക്കെ സുഗുണൻ മാഷ് പഠിപ്പിച്ചത് ഓർമ്മ വന്നെങ്കിലും, പ്രേതങ്ങളുടെ പ്രത്യക്ഷ രൂപങ്ങളായി എനിക്ക് ചുറ്റും ചൂളിക്കൂട്ടകൾ നീങ്ങുന്നതായി എനിക്ക് തോന്നി. എന്നിട്ടുമെന്തേ, അതിലൊരൊറ്റ പ്രേതം പോലും എന്റെ ഓജോ ബോർഡിനെ തിരിഞ്ഞ് നോക്കുന്നില്ല?
"ഏതെങ്കിലും ആത്മാവിന് ധര്യമുണ്ടെങ്കിൽ, മുന്നിലുള്ള ഈ കത്തുന്ന മെഴുകുതിരി ഊതിക്കെടുത്തി കാണിക്ക്..."സഹികെട്ട്, ഒരു തരം നീരസത്തോടെ പറഞ്ഞ് നോക്കി. തിരിനാളം ഇടംവലം ആടിയതല്ലാതെ വേറൊന്നും സംഭവിച്ചില്ല.
പിന്നെ, ദേഷ്യം കാരണം, എന്റെ വായിൽ വന്നത് സംസ്‌കൃതമാണ്. പക്ഷേ ആ സംസ്‌കൃതം, ഞാനവിടെ പുറത്തെടുത്തില്ല.
അപ്പഴേക്കും ഏകദേശം ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ച് കാണും, ഇനിയും കൂടുതൽ സമയം നിന്നാലും ഒരാത്മാവും എന്നെ നോക്കാൻ വരില്ലെന്ന് എനിക്ക് തീർച്ചയായി. പിന്നെ ഒട്ടും വൈകിയില്ല. ഇരുപത്തഞ്ച് പൈസയെടുത്ത് കീശയിലിട്ട ശേഷം, ദേഷ്യത്തോടെ ഓജോ ബോർഡ് ചുരുട്ടിക്കൂട്ടി. എന്റെ വലത് ഭാഗത്തായി, രണ്ടാത്മാക്കളുറങ്ങുന്നതിന്റെ ഇടയിലായി, ഒരു ചുള്ളിക്കമ്പ് കൊണ്ട് ഒരു കുഴികുത്തി, ചുരുട്ടിക്കൂട്ടിയ ഓജോബോർഡ് അതിലിട്ട് മൂടി. ഒരാത്മാക്കളാലും ഊതിക്കെടുത്താൻ കഴിയാത്ത മെഴുകുതിരി, ഓരൊറ്റ ഊത്തിന് ഞാനൂതിക്കെടുത്തി. പിന്നെ തീർത്തും തിരിഞ്ഞ് നോക്കാതെ മടക്കയാത്ര ആരംഭിച്ചു.
കാലം, അതിന്റെ കറക്കത്തിൽ മുപ്പതാണ്ടുകളോളം എന്നെ പിന്നെയും കറക്കി. ജീവിതം വ്യത്യസ്തമായ വിവിധതരം സാഹചര്യങ്ങളിലൂടെ കടന്നുപോയി. ആ കറക്കത്തിൽ, എന്റെ ചിന്തകളും വായനകളും കുറച്ച് കൂടെ വിശാലമായി. അതിന്റെ കൂടെ അനുഭവങ്ങളും നിരീക്ഷണങ്ങളും കൂടിയായപ്പോൾ, പ്രേതവും ആത്മാവും എന്നൊക്കെയുള്ളത്, ദൈവത്തിന്റെ കഥയെന്നത് പോലെയുള്ള വെറും മണ്ണാങ്കട്ടക്കഥകളാണെന്നത് ബോധ്യമായി. പക്ഷേ 2022 ൽ നാട്ടിൽ പോയപ്പോൾ, അവിടെ നടത്തിയ ഒരു യാത്രക്കിടയിലുണ്ടായ അനുഭവം, വീണ്ടും പ്രേതകഥകളെ ഓർക്കാൻ എന്നെ നിർബന്ധിതമാക്കി. ആ രസകരമായ കഥ അടുത്ത ഭാഗത്തിൽ!
അടുത്ത ഭാഗം: പ്രഭാവതിയുടെ ഭാർഗ്ഗവീനിലയം
***