2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

മലായാണ്മ


മലയാളം ആവോളം വാനോളം
മമ കേരളത്തിന്റെ സ്വരമേളം (മലയാളം)
മാതൃത്വമാകുന്നൊരമ്മിഞ്ഞപ്പാലുപോൽ
മധുരമാം തേനൂറും മൊഴിരൂപം (മലയാളം) !

മാതൃഭാഷ നാമെന്നും മൊഴിയണം
മാലോകരോടൊത്ത് മിണ്ടീടണം
മോദം തരുന്നൊരീ മലയാളമില്ലെങ്കിൽ
മനുജനാമീജന്മം പാഴല്ലയോ !

(മലയാളം ആവോളം വാനോളം...) 

മലകളുമടവിയും പാടങ്ങളും
മന്ദമായൊഴുകുന്ന പുഴമേളവും 
മാരുതൻ തഴുകുന്ന കടലോരവും
മലയാളമണ്ണിന്റെ മേനിയല്ലോ !

(മലയാളം ആവോളം വാനോളം...) 

മീട്ടുക കൂട്ടരേ മലയാള വീണകൾ 
മൃദുലമനോഹര ധാരയിലായ് 
മതജാതിഭേദങ്ങളില്ലാതെ വാഴുന്ന 
മാവേലിരാജ്യത്തെ മാനവർ നാം ! 

(മലയാളം ആവോളം വാനോളം...)

എന്റെ അനുജനായ ശ്രീജേഷ്, അവന്റെ ഗാംഭീര്യമുള്ള ശബ്ദത്തിൽ (A male voice version) പാടിയ വീഡിയോ ചുവടെ കൊടുക്കുന്നു:



[വളരെ അവിചാരിതമായാണ് ഈ കവിതയുടെ രചനാനിർവ്വഹണം നടന്നത്. വാഷിംഗ്ടൺ ഡിസിയിലെ കേരള കൾച്ചറൽ സൊസൈറ്റി നടത്തുന്ന മലയാളം കളരിയുടെ, സൗത്ത് റൈഡിങ് ബ്രാഞ്ചിലെ അദ്ധ്യാപകനായ ശ്രീ ഷിനോ കുര്യൻ, 2020 നവംബർ ഒന്നിലെ കേരളപ്പിറവിയുടെ ഭാഗമായി, സൗത്ത് റൈഡിങ് കളരി നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ ഭാഗമായി, മലയാളത്തെയും കേരളത്തെയും കുറിച്ച് ഒരു കവിത തേടിപ്പിടിച്ച് കണ്ടെത്തിത്തരാമോ എന്ന ചോദ്യത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. 

ഒരു ദിവസം രാത്രി ഒമ്പത് മണിയോടടുപ്പിച്ച്, ഷിനോ ചോദിച്ച പ്രകാരമുള്ള ഒരു കവിത തേടിയിറങ്ങിയ എനിക്ക്, കാര്യമായൊന്നും തടഞ്ഞില്ല. കണ്ടുകിട്ടിയ കവിതകളാവട്ടെ, ഇതിനകം തന്നെ, ഇവിടത്തെ കളരിക്കുട്ടികൾക്ക് പരിചയമുണ്ടായിരുന്നവയായിരുന്നു താനും.

അപ്പോഴാണ്, എന്റെ സഹധർമ്മിണി, എന്തോ ഒരു കാര്യവും കഴിഞ്ഞ് അടുക്കളയിലേക്ക് പോകുന്ന വഴിക്ക് ഒരു 'കമന്റ്' പാസാക്കിയത്. "നിങ്ങളുദ്ദേശിക്കുന്ന രീതിയിൽ ഒന്നും കിട്ടുന്നില്ലെങ്കിൽ, നിങ്ങൾക്ക് തന്നെ ഒരു പുതിയ കവിതയങ്ങ് എഴുതിക്കൂടേ...?" - എന്റെ മനസ്സിൽ, ആ ചോദ്യം അവിചാരിതമായി പാകിയത്, ഈ കവിതയുടെ വിത്തായിരുന്നു. അരമണിക്കൂറിനകം തന്നെ ആ വിത്ത് പൊട്ടിമുളച്ച്, ഈ രൂപത്തിലായത്, ഈ കവിതയുടെ അന്തഃസ്സത്ത കുറച്ച് കളഞ്ഞോ എന്ന സംശയം ഉളവാക്കിയെങ്കിലും, അധികം ആലോചിക്കാതെ പിറ്റേന്ന് കാലത്ത് തന്നെ, ഷിനോ കുര്യന് അയച്ചു കൊടുത്തു. 

അദ്ദേഹത്തിനും, മറ്റുള്ള കളരി അദ്ധ്യാപകർക്കും കവിത ഭാഗ്യവശാൽ ഇഷ്ടമായത് കൊണ്ട്, എന്റെ മകളായ ദേവകിയോട് തന്നെ പാടാൻ പറയുകയും, കളരി ദിനത്തിൽ (2020 ഒക്ടോബർ 31), ശ്രീ കാവാലം ശ്രീകുമാറിന്റെ സാന്നിദ്ധ്യത്തിൽ, ദേവകിക്ക്, ഈ കവിത പാടാൻ അവസരം ഉണ്ടാവുകയും ചെയ്തു. 

മക്കളായ പാർവ്വതിയും ദേവകിയുമാണ് വീഡിയോ ഉണ്ടാക്കിയത്.  സഹധർമ്മിണിയായ ജിഷയാണ് പാട്ടിന് ഈണം നൽകിയത്! ]

ഞാനെഴുതിയ മറ്റ് മലയാളം / കേരളം വാഴ്ത്ത് പാട്ടുകൾ:
***