2016, മാർച്ച് 25, വെള്ളിയാഴ്‌ച

ഹാസ്യഹ്രസ്വചിത്രത്രയം

2015 ലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, പരിപാടികളുടെ ഇടവേളകളിൽ കാണികളെ കാണിക്കുന്നതിന് 'ക്രിസ്തുമസ് നുറുങ്ങുകൾ' എന്ന പേരിൽ ഹാസ്യാത്മകമായി രണ്ട് മൂന്ന് ഹ്രസ്വചിത്രങ്ങൾ ഒരുക്കാൻ ഭാരവാഹികൾ തീരുമാനിച്ചു. ഭാരവാഹികളുടെ അഭ്യർത്ഥനയെ ഒരു പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്തുകൊണ്ട്, പ്രസാദ് നായരുടെ ഹ്രസ്വ-നർമ്മ-തിരക്കഥകളെ; സാജു കുമാറിന്റെ സംവിധാനത്തിൽ, വിജിൽ ബോസിന്റെ ക്യാമറയിലൂടെ എട്ട് മണിക്കൂർ നേരത്തെ ചടുലമായ പ്രവർത്തനം കൊണ്ട് ഞങ്ങളുടെ ഒരു  കൂട്ടായ്മ ഒപ്പിയെടുത്തതാണ് ഈ ചലച്ചിത്രോല്പന്നം !


അഭിനയിച്ചവർ
സീനിയേഴ്സ്: ശ്രീ. ബോസ് വർഗ്ഗീസ്, സ്ത്രീശബ്ദം: ശ്രീമതി. ജിഷ രവീന്ദ്രൻ.
ക്ലസ്സ്മേറ്റ്സ്: ശ്രീമതി. പ്രിയാ നായർ, ശ്രീ. പ്രബീഷ് പിള്ള
സേവിംഗ്സ്: ശ്രീ. സുരേഷ് പി എം, ശ്രീ. സുജിത് കുമാർ, പിന്നെ ഞാനും  :)

ഇതിന് സർവ്വവിധ സഹായങ്ങളും ചെയ്തു തന്ന ശ്രീ ബിന്നി ചെറിയാനോടും 2015 ലെ കെ സി എസ് പ്രസിഡന്റ്  ശ്രീ ജിനേഷ് കുമാറിന്റെ സംഘത്തിനോടും ഞങ്ങളുടെ കടപ്പാട് അറിയിച്ചു കൊള്ളുന്നു. 

പോരായ്മകളോട് നിരന്തരം പോരാടാൻ നിങ്ങളുടെ അഭിപ്രായങ്ങൾഞങ്ങളെ സഹായിക്കുന്നതായിരിക്കും.

***

2016, മാർച്ച് 1, ചൊവ്വാഴ്ച

അനശ്വരം ഈ കാവ്യസപര്യ - ശ്രീ: ഒ എൻ വിക്ക് ഒരു ബാഷ്പാഞ്ജലി


വ്യോമസിംഹാസനം, ആമ്പൽപ്പൂക്കളാലലങ്കരിച്ച സ്വർണ്ണത്താലത്തിൽ, കർണ്ണികാരത്തിന്റെ മാലയണിയിച്ച്, ദിവ്യമായ കാവ്യശോഭയോടെ മലയാളക്കരക്ക് സമ്മാനിച്ച ഒ എൻ വി എന്ന ത്രയാക്ഷരകാവ്യമൂർത്തിയെ, നിയതി, അതിന്റെ അനിവാര്യതയാൽ നമ്മിൽ നിന്നും തിരിച്ചെടുത്തിരിക്കുന്നു. 'ഒക്കെയും ഭസ്മാന്തം' എന്ന് കൈരളിയോട് പറഞ്ഞ, ഓരോ മലയാളിയുടെയും മാനസദർപ്പണത്തിൽ ചിരപ്രതിഷ്ഠ നേടിയ കവിശ്രേഷ്ഠന് നമുക്ക് അശ്രുബിന്ദുക്കളാൽ ഉദകം പകരാം. 'ശാന്തികവാടം' എന്ന് അദ്ദേഹം തന്നെ ഓമനപ്പേരിട്ട് വിളിച്ച, അനന്തപുരിയിലെ തൈക്കാട് ശ്മശാനത്തിൽ തീർത്ത, ജീവിതാന്ത്യത്തിലെ ഹോമകുണ്ഡത്തിൽ ഹവിസ്സായി അർപ്പിച്ച അദ്ദേഹത്തിന്റെ ദിവ്യദേഹത്തിൽനിന്നുയർന്ന ഗന്ധച്ചുരുളുകൾ നമ്മുടെ ചക്രവാളങ്ങളിൽ എന്നുമെന്നും തങ്ങിനിൽക്കുമാറാകട്ടെ.

മഞ്ഞൾപ്രസാദമണിഞ്ഞ കവിതകളുടെ സാഗരത്തിൽ മാണിക്യവീണയുടെ സർഗ്ഗസംഗീതത്തിന്റെ നുരമാലകളാൽ കുന്നിമണിച്ചെപ്പ് പൊട്ടിച്ചിതറിയപ്പോൾ പൂന്തിങ്കളിനെ നിളയിൽ നീരാടിച്ച് മലയാളികളെ പാടിയുണർത്തിയ മഹാകവിയായിരുന്നു ഒ എൻ വി. കാൽപനികതയുടെ മൂർത്തരൂപമണിഞ്ഞ് ദുന്ദുഭി നാദം മുഴക്കുന്നതോടൊപ്പം അതീവഭാവസാന്ദ്രവും ആഡ്ഢ്യപദപ്രയോഗങ്ങളാൽ പ്രൗഡ്ഡഗംഭീരവും ഒപ്പം ലളിതവും ആയ അദ്ദേഹത്തിന്റെ കവിതകൾ ജനനത്തിൽത്തന്നെ അതിന്റെ അന്തിമമായ ഇമ്പമ്മാർന്ന ഈണവും താളവും കൈക്കൊണ്ടിരുന്നു. അലങ്കാരങ്ങളും വൃത്തങ്ങളും പ്രാസങ്ങളും അദ്ദേഹത്തിന്റെ ഹ്രസ്വമായ ചലച്ചിത്രഗാനഗളിൽ പോലും ഇടതിങ്ങിനിന്നിരുന്നു.

ഒ എൻ വിക്ക് കവിത എന്നത് എന്നും അനർഗ്ഗളമായി ഒഴുകിക്കൊണ്ടിരിക്കുന്ന, വെള്ളാരംകല്ലുകളിൽ തട്ടിച്ചിതറി സൂര്യശോഭയിൽ അനേകായിരം മാരിവില്ലുകൾ തീർക്കുന്ന രമണീയമായ ഒരു കാട്ടുചോലയായിരുന്നു. ഒ എൻ വിയുടെ കവിതകൾ വായിക്കുമ്പോൾ / കേൾക്കുമ്പോൾ, അത് നമ്മളറിയാതെ തന്നെ ആ കവിതകളുടെ അർത്ഥഗർഭങ്ങളിലേക്ക് നമ്മുടെ ചിന്തകളെ ഊളിയിടുവിക്കുന്നു. ഒരാന്തരലോകത്തിൽ നിന്ന് വരുന്ന കവിതകളിലെ അർത്ഥഗർഭങ്ങളുടെ അഗാധതയിലൂടെ സഞ്ചരിക്കുമ്പോൾ മാസ്മരികതയുടെ ഒരു അത്ഭുതലോകം തന്നെ നമ്മുടെ മുന്നിൽ തുറക്കപ്പെടുന്നു.

ഇരുപത്തൊന്നോളം കാവ്യ സമാഹാരങ്ങളും ആറിലധികം ഗദ്യകൃതികളും തൊള്ളായിരത്തോളം ചലച്ചിത്രഗാനങ്ങളും ഒ എൻ വിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. പത്മാ പുരസ്കാരങ്ങളും, പരമോന്നതമായ ജ്ഞാനപീഠം ഉൾപ്പെടെയുള്ള അനേകം സാഹിത്യപുരസ്കാരങ്ങളും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും മറ്റ് സ്വകാര്യസ്ഥാപനങ്ങളുടെയും അനേകം ചലച്ചിത്ര പുരസ്കാരങ്ങളും നേടിയ കവി, അവയൊക്കെ തൽക്കാലം 'ഇന്ദീവര'ത്തിൽ സൂക്ഷിക്കാനേല്പിച്ച്, സ്വയം രാകി മാറ്റ് കൂട്ടി, ഒരു വട്ടം കൂടി തിരിച്ചുവരാൻ ഗന്ധർവ്വലോകത്തിലേക്ക് യാത്രയായതാവാം. "ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു" എന്ന് കാറൽ മാർക്സിനെക്കുറിച്ചുള്ള മുഖവുരക്കവിതയിൽ ഒ എൻ വി എഴുതിയത് അദ്ദേഹത്തെക്കുറിച്ച്തന്നെയും അന്വർത്ഥമാകുന്നു. മലയാളത്തിന് ശ്രേഷ്ഠപദവി കിട്ടാൻ അക്ഷീണം യത്നിച്ച് അതിൽ വിജയിച്ച കവിയുടെ ആത്മാവിന് തീർച്ചയായും അഭിമാനിക്കാം.

ഒ എൻ വി ഒരിക്കൽ പറഞ്ഞു: ''കവിത എനിക്ക് ഉപ്പാണ്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്‍ വാറ്റി പരൽരൂപത്തിൽ ഉരുവായിത്തീർന്ന ഉപ്പ്. അത് പാകത്തിന് ചേർത്ത് ഞാൻ എന്റെ സഹയാത്രികർക്ക് നൽകുന്ന പാഥേയം മാത്രമാണ് പാട്ട്.'' ആ പാഥേയത്തിന്റെ സ്വാദ് ഉള്ളിൽത്തട്ടി നിർവൃതികൊള്ളാത്ത ഏതെങ്കിലും മലയാളി ഇന്ന് നമ്മുടെയിടയിലുണ്ടാകുമോ?

"പുനർജ്ജന്മമെന്നത് മിഥ്യയ്യെന്നാകിലും
നിനച്ചുപോം ആരോ നിന്നെ, ഗർഭം പേറുന്ന പോൽ
ജനിച്ചില്ലയെങ്കിൽ ഞാനെന്തുമേ ചെയ്യുവാ-
നെൻ തൂലികയാകിലോ വറ്റി വരണ്ടു പോയ്
എങ്കിലും മനതാരിലാശകൾ കൂടുന്നു 
ശങ്കകൾ മാറ്റി ഞാൻ പോംവഴി കണ്ടിടും
വണ്ടായി നീ പോയ വഴികൾ ഞാൻ താണ്ടിടും
വീണ്ടുമാ, മധുവൂറും മഷിയുറ്റ വരികൾ സേവിക്കുവാൻ"

ഈ വരികൾ ആ പാദങ്ങളിൽ ഉദകം ചെയ്ത് ഞാനും എന്റെ ബാഷ്പാഞ്ജലി അർപ്പിക്കട്ടെ.

[കുറിപ്പ്: ഏകദേശം ഒരു വർഷത്തോളമായി ഞാനെന്റേതായി ഒരെഴുത്തും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. മറ്റു പല കാരണങ്ങളുടെയും കൂടെ മടി എന്ന അവസ്ഥയും കൂടിച്ചേർന്നപ്പോൾ  പല എഴുത്തുകളും പാതി വഴിക്ക് നിന്നുപോയി. ഈയ്യവസ്ഥയിൽ നിന്ന് മുക്തിയെന്നോണം എന്നെ, കെ എ ജി ഡബ്ല്യൂ  വിന് വേണ്ടി ഈ കുറിപ്പെഴുതാൻ പ്രേരിപ്പിച്ച പ്രതിഭ ശ്രീജിത്തിനോട് എന്റെ അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.]

***