ശ്രീ
കുട്ടിക്കാലത്ത്, ജിമ്മി ജോർജ്ജ് നമ്മുടെയൊക്കെ രോമാഞ്ചമായിരുന്നു. വോളിബോൾ എന്ന കായികയിനത്തിൽ ഇന്ത്യയെ ലോകത്തിനുമുന്നിൽ ഒരു വലിയ പോരാളിയായി അവതരിപ്പിച്ചത് ജിമ്മിയായിരുന്നു. അദ്ദേഹത്തിൻറെ അപാരമായ സ്മാഷും, അദ്ദേഹത്തിന്റേതുമാത്രമായ ഉയരെ ചാടിയുള്ള സർവീസും അദ്ദേഹത്തെ ലോകത്തിനു പ്രിയപ്പെട്ടവനാക്കി. ജിമ്മിയുടെ അകാലത്തിലുള്ള നഷ്ടത്തിന് ശേഷം നമ്മുടെ ഭാരതം വോളീബാളിൽ വീണ്ടും ഒന്നുമല്ലാതായത് വേറൊരു ദുഃഖം.
2014 മെയ് മാസത്തിൽ, ജിമ്മിയുടെ ആദരാർത്ഥം വാഷിംഗ്റ്റണ്‍ ഡി സിയിൽ സംഘടിപ്പിച്ച വോളീബാൾ മത്സരത്തോടനുബന്ധിച്ച് ഞങ്ങൾ ഒരു സുവനീർ പ്രസിദ്ധീകരിച്ചിരുന്നു. അതിലേക്കുള്ള ഒരു സംഭാവനയായാണ് ഈ പാട്ട് എഴുതിയത്. അദ്ദേഹത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മയ്ക്ക് മുന്നിൽ ഈ പാട്ട് സമർപ്പിക്കുന്നു.
സഹ്യന്റെ താഴ്‍വരയിൽ താരകമുദിച്ചുയർന്നു
പന്തുകളിയിലുലകത്തിൽ പ്രഭ ചൊരിഞ്ഞു
വോളിബോളിൻ കലയിലവൻ ബലിഷ്ഠമാം കരങ്ങളാൽ
മാന്ത്രികമാം തന്ത്രങ്ങളാൽ തിലകമായി... പടയിൽ നായകനായി
അനന്തപുരിയും കഴിഞ്ഞവൻ ഹസ്തിനപുരി വാണരുളി
പിന്നെയും വിജയഭേരി കാഹളമൂതി
രഥചക്രം വീണ്ടുമോടി അശ്വമേധം നടത്തുവാൻ
ഭാരതവും കഴിഞ്ഞവൻ യാത്രയായി… കളിയിൽ
അജയ്യനായി
ലോകമാകെ കീഴടക്കി ത്രിവർണ്ണത്തിൻ യശസ്സുയർത്തി
ചക്രവർത്തിപ്പദമേറ്റാൻ ഭൂതലം വിങ്ങി
പട്ടാഭിഷേകവേളയെത്തും നേരമാവാൻ കൊതിയായി
വാനവർക്കസൂയ മൂത്തു അസഹ്യമായി... കുതന്ത്രം മെനയുകയായ്
ജിമ്മിയെന്ന രാജനെ യമരാജരാജൻ കീഴ്പ്പെടുത്തി-
യകാലത്തിൽ താരകത്തിൻ പ്രഭ കെടുത്താൻ
ജിമ്മിയിന്നും മനങ്ങളിൽ ചിരഞ്ജീവിപ്പദമേറി
പൂർണ്ണിമയായുലകത്തിൽ നിലകൊള്ളുന്നു… മനസ്സിലെന്നും
ജീവിക്കുന്നു
*****