അതെ, 'നമ്പ്യാർ' കൊഴിഞ്ഞു പോയിരിക്കുന്നു; എന്റെ മക്കളുടെ പേരിൽ നിന്ന്.
എന്റെ മുഴുവൻ പേരിലും എന്റെ ഭാര്യയുടെ പേരിലും ജാതിപ്പേരില്ലെങ്കിലും എന്റെ അച്ഛനടക്കമുള്ള പൂർവ്വികന്മാരുടെ പേരിൽ 'നമ്പ്യാർ' എന്ന ജാതിപ്പേര് ഉണ്ടായിരുന്നു; ഇപ്പോഴും ഉണ്ട്. പക്ഷേ ഞങ്ങളുടെ മക്കളുടെ പേരിൽ ജാതിവാലുകൾ എങ്ങനെ വീണു എന്നതിനുള്ള ഉത്തരം ഒരു വാക്യത്തിലോ ഒരു ഖണ്ഡികയിലോ ഒതുക്കാൻ പ്രയാസമാണ്.
ജാതി വ്യവസ്ഥ എന്നത് എന്താണ്, അതെങ്ങനെയുണ്ടായി, അതിന്റെ അവസ്ഥാന്തരങ്ങൾ എന്തൊക്കെയാണ്, അതിന് സമൂഹത്തിലുള്ള പ്രസക്തിയെന്താണ്, അത് സമൂഹത്തിലും കുടുംബങ്ങളിലുമൊക്കെ എന്തൊക്കെ തരത്തിലുള്ള വിടവുകൾ ഉണ്ടാക്കുന്നു, ജാതി വ്യവസ്ഥകൾ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നെന്ന് പറയുമ്പോഴും ജാതി ചിന്തകൾ ഇല്ലെന്ന് ഓരോരുത്തരും പ്രത്യക്ഷത്തിൽ പറയുമ്പോഴും ജാതി വ്യവസ്ഥ പണ്ടത്തേക്കാൾ കൂടുതലായി ഇന്നും എങ്ങനെ നിലനിൽക്കുന്നു എന്നൊക്കെയുള്ള ചോദ്യങ്ങൾക്കൊന്നും ഇവിടെ ഉത്തരം പറയാൻ ഞാനാഗ്രഹിക്കുന്നില്ല. പകരം, ഈ ജാതിവാല് കൊഴിച്ച് കളഞ്ഞതിനെ ചുറ്റിപ്പറ്റി ചില കാര്യങ്ങൾ പറയാം.
ഞാൻ ഹൈസ്‌കൂളിലും പ്രീഡിഗ്രിക്കുമൊക്കെ പഠിക്കുന്ന സമയത്ത് പല പല ജാതിവാലുകളെക്കുറിച്ച് കേട്ടിരുന്നെങ്കിലും ഞങ്ങൾ പല ജാതിക്കാരായ കൂട്ടുകാരുടെ ഇടയിൽ അതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ചില സുഹൃത്തുക്കൾക്ക് മാർക്കുകൾ കുറവായിട്ടും ചില സ്‌കോളർഷിപ്പുകൾ അവർക്ക് എങ്ങനെ കിട്ടുന്നു എന്ന ചിന്തകൾ മനസ്സിനുള്ളിൽ കയറി വന്നിട്ടുണ്ടെങ്കിലും ചങ്ങാത്തത്തിന്റെ ദൃഢത കാരണം അതിനെക്കുറിച്ചൊന്നും അന്വേഷിക്കാൻ ഒട്ടും തുനിഞ്ഞിരുന്നുമില്ല. ആരും ആരുടെ ജാതിയും ചോദിച്ചിരുന്നില്ല. അഥവാ ആരുടെയെങ്കിലും പേരിൽ ജാതിവാൽ ഉണ്ടെങ്കിൽ പോലും ആരും അതിനെ ഒട്ടും ഗൗനിച്ചിരുന്നുമില്ല; ജാതിവാലിന്റെ ഉടമ പോലും!
1990 ൽ ശ്രീമാൻ വിപി സിംഗ് മണ്ഡൽ കമ്മീഷൻ എന്നൊരു സാധനം ഇന്ത്യൻ പാർലിമെന്റിൽ അവതരിപ്പിച്ചത് മുതലാണ് ഞങ്ങളുടെ ചുറ്റുവട്ടങ്ങളിൽ ചില ചർച്ചകളൊക്കെ തുടങ്ങിയത്; കൂടുതൽ ആഴങ്ങളിലേക്ക് മത-ജാതി വ്യവസ്ഥകളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. അന്ന് ഞങ്ങളുടെ വീട്ടിലും കുടുംബ വീടുകളിലുമൊക്കെ അതിനെക്കുറിച്ച് ഘോരഘോരം ചർച്ചകൾ നടന്നിരുന്നു. 'ഞങ്ങളൊക്കെ ജാതി വേണ്ട എന്നൊക്കെ തീരുമാനിച്ചിരിക്കുമ്പോൾ സർക്കാർ വീണ്ടും ഞങ്ങളെക്കൊണ്ട് ജാതി പറയിപ്പിക്കുകയാണ്', 'ഇനി മക്കളുടെ പേരിൽ ജാതിവാല് വെക്കുന്നത് കൊണ്ട് ഇനി ആർക്കാണ്... എന്താണ് ചേതം' എന്നൊക്കെയുള്ള ഡയലോഗുകളൊക്കെയായിരുന്നു അന്ന് മുഴങ്ങിക്കേട്ടത്.
എന്റെ എല്ലാ സുഹൃത്തുക്കളുടെയും ജാതി എന്താണെന്നുള്ളത് ആ കാലത്തായിരുന്നു ഞാൻ മനസ്സിലാക്കിയത്. ഓരോരുത്തരും ഏതൊക്കെ കാറ്റഗറിയിൽ പെടും, അവർക്ക് എന്തൊക്കെ ഗുണഗണങ്ങൾ അതുകൊണ്ട് കിട്ടും, ചിലർക്ക് എന്തൊക്കെ നഷ്ടപ്പെടും എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് ഓരോരുത്തരും കൂടുതൽ ബോധവാന്മാരാകാൻ തുടങ്ങി. എന്റെ ഒട്ടുമിക്ക സുഹൃത്തുക്കളും സാങ്കേതികമായി പിന്നാക്കക്കാരായിരുന്നെങ്കിലും എന്നെക്കാൾ സൗകര്യങ്ങളിൽ ജീവിക്കുന്നവരായിരുന്നു. അങ്ങനെയുള്ള പല സുഹൃത്തുക്കളും ഒരു സർക്കാർ ജോലിയുടെ കാര്യം വരുമ്പോൾ എന്നെക്കാൾ മുന്നിലാണെന്ന കാര്യം ഞാനും പതുക്കെ മനസ്സിലാക്കി.
ഞാനറിയാതെ പിറന്നു വീണ ജാതിയെക്കുറിച്ചും, മറ്റുള്ളവരുടെ ജാതിയെക്കുറിച്ചുമൊക്കെ കൂടുതൽ അറിയാൻ മനഃപൂർവമല്ലാത്ത ശ്രമങ്ങൾ നടത്തി. ഒരോരുത്തരുടെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സാമ്യതകൾ ഉണ്ടെങ്കിലും വ്യത്യസ്തങ്ങളാണെന്നും ഓരോരുത്തരും അറിയാതെയെങ്കിലും അവരവരുടെ ജാതിയിൽ അഭിമാനം കൊള്ളുന്നുണ്ടെന്നുമുള്ള കാര്യം ഒരു തിരിച്ചറിവായിരുന്നു. അതേ സമയത്ത് തന്നെ ചില ജാതിക്കാർക്ക് അവരുടെ മേൽജാതിക്കാരോട് അടങ്ങാത്ത പകയുമുണ്ടെന്നുള്ള കാര്യവും മനസ്സിലാക്കി. അപ്പോഴും ഒരേ യോഗ്യതകൾ ഉണ്ടായിരുന്നിട്ടും, ചിലപ്പോൾ എന്നേക്കാൾ മാർക്കുകൾ കുറവായിരുന്നിട്ടും എന്നേക്കാൾ സൗകര്യങ്ങളിൽ ജീവിക്കുന്നവരുമായ ചില സുഹൃക്കൾക്ക് എന്നെക്കാൾ ചില കാര്യങ്ങളിൽ മുൻഗണന എന്തിന് കൊടുക്കുന്നു എന്ന ചിന്ത എന്നിൽ നുരഞ്ഞുകൊണ്ടിരുന്നു.
ആ സമയത്താണ് ശ്രീ പി. കെ. ബാലകൃഷ്ണന്റെ 'ജാതിവൃവസ്ഥിതിയും കേരളചരിത്രവും' എന്ന പുസ്തകം വായിക്കാൻ ഇടയായത്. ആ വായന സമ്മാനിച്ച ചില ചിന്താവ്യതിയാനങ്ങളാണ് എന്നെ മേല്പറഞ്ഞ സംഘർഷങ്ങളിൽ നിന്ന് മോചിപ്പിച്ചതും ഇത്തരം വിഷയങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാൻ പ്രേരിപ്പിച്ചതും. പുരാണങ്ങളും ആധുനികമായ വിശകലനങ്ങളുമൊക്കെ വായിക്കുന്നതോടൊപ്പം 'പറയി പെറ്റ പന്തിരുകുലം' എന്ന കഥയുടെ തന്തു കൂടി മനസ്സിൽ കേറിയതോടെ ജാതിവ്യവസ്ഥയുടെ പൊരുൾ വെറും പൊള്ളയാണെന്ന് മനസ്സിലാക്കാൻ പിന്നെ അധികമായി ചിന്തിക്കേണ്ടി വന്നില്ല.
'ജാതി സംവരണം' എന്നത് എന്താണെന്നും അതിനെ രാഷ്ട്രീയപ്പാർട്ടികൾ എങ്ങനെ ഉപയോഗിക്കുന്നെന്നും എന്നൊക്കെയുള്ള കാര്യങ്ങൾ പിന്നീടുള്ള വർഷങ്ങളിൽ മനസ്സിലായിക്കൊണ്ടേയിരിക്കുന്നു. ഓരോരുത്തരും അവരവരുടെ ജാതി സംഘടനകൾ ഉണ്ടാക്കുന്നതും, അതിന്റെ തലപ്പത്തെത്താൻ പരസ്പരം തമ്മിലടിക്കുന്നതും, ജാതി സംഘടനകൾ പരസ്പരം ചെളി വാരിയെറിയുന്നതും, ചില അവകാശങ്ങൾക്ക് വേണ്ടി രാഷ്ട്രീയ ചായ്‌വുകളിലേക്ക് തല ചായ്ക്കുന്നതും, കിട്ടുന്ന അപ്പക്കഷ്ണങ്ങൾ ജാതികളിലെ വരേണ്യക്കാർ മാത്രം പങ്കിട്ടെടുക്കുന്നതുമൊക്കെ കണ്ടുകൊണ്ടേയിരുന്നു. ഇതൊക്കെ കണ്ടിട്ടും 'അപ്പക്കഷ്ണം' ഇപ്പം കിട്ടും എന്ന രീതിയിൽ അണികൾ ജാതിമേലാളന്മാർക്ക് വേണ്ടി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടേയിരുന്നു. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു!
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഇത്തിരി ജാതി ചിന്തകൾ എന്റെ മനസ്സിലും കോറിയിട്ടിരുന്നെങ്കിലും, പിന്നീട് നടന്ന വായനകൾ എന്നെ ഒരു മനുഷ്യനെന്ന രീതിയിൽ കൂടുതൽ കൂടുതൽ നന്നാവാൻ സഹായിച്ചുകൊണ്ടേയിരുന്നു (അങ്ങനെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്!). അങ്ങനെ വായിച്ചും ചിന്തിച്ചും ചോദ്യങ്ങൾ ചോദിച്ചും വളരുന്നതിനിടയിലാണ്, ചിന്താധാരകൾ തമ്മിലുള്ള മത്സരങ്ങൾ മനസ്സിൽ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് എന്റെ കല്യാണം നടക്കുന്നത്.
എന്റെ കല്യാണം നടക്കുന്ന സമയമായപ്പഴേക്കും (2002) ആ കാലങ്ങളിൽ മുന്നോക്കരാണെന്ന് അഭിമാനിക്കുന്ന മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികളുടെ പേരുകളിൽ ജാതിവാലുകൾ വീണ്ടും മുളച്ച് തുടങ്ങിയിരുന്നു. ഇടക്കാലത്ത് പലകുട്ടികൾക്കും മതരഹിതമായ പേരുകൾ (ഉദാ: ഷാജി, ഷൈജ, ലോല...) കൊടുത്തിരുന്നതും പെട്ടന്ന് മതം പിടികിട്ടാത്ത (പ്രത്യേകിച്ച് ഹിന്ദു-ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ) തരത്തിലുള്ള പേരുകൾ (ഉദാ: വിനോദ്, സന്തോഷ്, റീന...) കൊടുത്തിരുന്നതുമൊക്കെ നിർത്തി പുരാണങ്ങൾ അടിസ്ഥാനമാക്കിപേരുകൾ കൊടുക്കുന്നതുമൊക്കെയായ രീതിയിലേക്ക് കാര്യങ്ങൾ മാറിയിരുന്നു.
ഈ അവസരത്തിലാണ് എനിക്ക്, അല്ല ഞങ്ങൾക്ക് ഞങ്ങളുടെ മൂത്ത പുത്രി ജനിക്കുന്നത്. അവൾ ജനിച്ചത് തലശ്ശേരിയിലാണ്. എന്റെ മൂത്ത പുത്രി ജനിക്കുന്നതിനും ഒരു ദിവസം മുന്നേയായിരുന്നു എന്റെ അനുജനും അവന്റെ ഭാര്യക്കും ഒരു പുത്രി പിറന്നത്. ആ സമയത്ത് ഞങ്ങളുടെ കുട്ടികൾക്ക് പേരിടുന്നതിന്റെ പേരിലുണ്ടായ ചർച്ചകൾ രസകരങ്ങളും ചിന്തോദ്ദീപകങ്ങളുമായിരുന്നു.
മകളുടെ ജനനം നാട്ടിലായത് കൊണ്ട് തന്നെ ചില ആചാരങ്ങൾ പാലിക്കേണ്ടതായിട്ടുണ്ട്. 28 ന്റെ അന്നാണ് പേരിടേണ്ടത്. പേരിടുന്നതിന് തൊട്ട് മുന്നേ വര ചർച്ചകൾക്ക് പ്രസക്തിയുണ്ട്. അച്ഛന്റെയും മൂത്ത കാരണവന്മാരുടെയും നിർദ്ദേശങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഒടുവിൽ ഞങ്ങൾ അവൾക്ക് പേരിട്ടു - പാർവതി. പാർവതി ജനിക്കുന്നതിന് രണ്ട് മാസങ്ങൾ മുന്നേയാണ് എന്റെ അച്ഛന്റെ അമ്മമ്മ അവരുടെ 107 ആം വയസ്സിൽ മരണപ്പെട്ടുപോയത്. അതായിരുന്നു ഞങ്ങളുടെ പുത്രിക്ക് ആ പേരിടാനുള്ള മുഖ്യ കാരണം.
ആ പേരിട്ട് കഴിഞ്ഞതിന് ശേഷമാണ് സാങ്കേതികമായ കാര്യങ്ങൾ മുന്നിൽ വരുന്നത്. മകളുടെ പേര് രജിസ്റ്റർ ചെയ്യണം. ജനനപത്രം ഉണ്ടാക്കണം. അതിൽ എന്ത് പേര് വെക്കണം എന്നതിനെക്കുറിച്ച് ഞാനും എന്റെ അന്തർജ്ജനവും തമ്മിൽ കൂലംകഷമായ ചർച്ചകൾ നടന്നു. മക്കളുടെ പേരിലെ Last Name അച്ഛന്റെ First Name ആയി വെക്കുന്ന കാലമാണ്. ജാതിപ്പേര് Middle Name ആയോ Last Name ആയോ വെക്കുന്ന കാലമാണ്. ചിലയാളുകൾ അമ്മയുടെ പേരും അച്ഛന്റെ പേരും മക്കളുടെ പേരിൽ വെക്കുന്ന കാലമാണ്. അങ്ങനെ വെക്കുമ്പോഴും അച്ഛന്റെ പേര് മാത്രമേ Last Name ആയി വെക്കുകയുള്ളൂ എന്ന കാര്യവും നിലവിലുണ്ട്. ( First, Middle, Last Name ആശയങ്ങൾ തന്നെ നമ്മുടെ ഇടയിൽ വന്ന് തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല!)
ഞങ്ങൾ കുടുംബപരമായി അമ്മയുടെ തറവാട്ട് പേരാണ് First Name ന്റെ കൂടെ initial ആയി ചേർക്കാറുള്ളത്. അങ്ങനെയാണെങ്കിൽ എന്റെ ഭാര്യയുടെ തറവാട്ട് പേരാണ് കൊടുക്കേണ്ടത്. പക്ഷേ എന്റെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്നത് അവളുടെ അച്ഛന്റെ പേരും അച്ഛന്റെ തറവാട്ട് പേരുമായിരുന്നു (എന്നെ കല്യാണം കഴിച്ചതിന് ശേഷം അവളുടെ പേരിൽ എന്റെ പേര് ചേർത്തുവച്ച് മാറ്റിയിട്ടില്ല) . ആ തെറ്റ് ഞങ്ങൾ അവിടെ വച്ച് തന്നെ തിരുത്താൻ തയ്യാറായി. മോളുടെ മുഴുവൻ പേരിൽ അവളുടെ ശരിയായ തറവാട്ട് പേര്ചേർക്കാൻ ഭാര്യയും സന്നദ്ധയായി.
പക്ഷേ പ്രശം അവിടെ തീർന്നില്ല. നേരത്തെ പറഞ്ഞത് പോലെ, ആ സമയത്ത് കുഞ്ഞുങ്ങൾക്ക് ജാതിവാലുകൾ വെക്കുന്ന സമയം ആയിരുന്നല്ലോ. ആയിടെ ഞങ്ങളുടെ കുടുംബത്തിൽ ജനിച്ച പല കുഞ്ഞുങ്ങളുടെ പേരിലും ജാതി വാലുകൾ ഉണ്ടായിരുന്നത് എന്റെ ഭാര്യയേയും മോഹിപ്പിച്ച് കാണണം. കുഞ്ഞ് എന്റേത് മാത്രമല്ലാത്തതിനാലും, ചില കാര്യങ്ങളുടെ പേരിൽ അഭിപ്രായ വ്യത്യാസം ഉള്ളതിനാലും ആ അഭിപ്രായവ്യത്യാസം മാനിക്കേണ്ടിയിരുന്നതിനായാലും (ഇത്തിരി പ്രയാസം / ദേഷ്യം / ഈർഷ്യ എന്നിവയൊക്കെ മനസ്സിലുണ്ടായിരുന്നെങ്കിലും) എന്റെ ഭാര്യയുടെ ആ ആഗ്രഹം നടന്നു. അങ്ങനെ എന്റെ പുത്രിയുടെ പേരിൽ നാല് കഷണങ്ങൾ ഉണ്ടായി. First Name ൽ ഒരു കഷണം, Middle Name ൽ ജാതിവാലായ 'നമ്പ്യാർ' അടക്കം രണ്ട് കഷണങ്ങൾ, Last Name ൽ ഒരു കഷണം.
അന്ന് മുതലേ 'നമ്പ്യാർ' എന്ന വാല് അവളുടെ പേരിൽ നിന്ന് മാറ്റണം എന്ന ചിന്ത എന്നിലുണ്ടായിരുന്നു, പക്ഷേ അതിന് എന്റെ ഭാര്യയുടെ കൂടി മനസ്സറിഞ്ഞുകൊണ്ടുള്ള, കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടുള്ള സമ്മതം ആവശ്യമായിരുന്നു. അങ്ങനെയിരിക്കേ എന്റെ ഭാര്യ വീണ്ടും ഗർഭിണിയായി. ഈ സമയത്ത് ഞങ്ങൾ മേരിലാന്റിലായിരുന്നു. ഞങ്ങളെ പല കാര്യങ്ങളിലും നിയന്ത്രിക്കാൻ ഞങ്ങളുടെ മാതാപിതാക്കൾ അടുത്തില്ലാത്ത സമയം. ഞങ്ങൾക്ക് ഞങ്ങളുടേതായ രീതിയിൽ തീരുമാനങ്ങളെടുക്കാനുള്ള അവസരം.
അങ്ങനെ രണ്ടാമത്തെ പുത്രിയും ജനിച്ചു. അമേരിക്കയിൽ ഒരു കുഞ്ഞ് ആശുപത്രിയിൽ ജനിച്ചാൽ, വീട്ടിൽ പോകുന്നതിന് മുന്നേ തന്നെ കുട്ടിയുടെ പേര് കൊടുക്കണം. അതും ജനിച്ച് ഒന്നുരണ്ട് ദിവസങ്ങൾക്കുള്ളിൽത്തന്നെ. ഞങ്ങൾ രണ്ടുപേരും ചിന്തിച്ചു, ചർച്ചകൾ ചെയ്തു. 'ഇനിയെങ്കിലും നമുക്ക് 'നമ്പ്യാർ' എന്ന പേര് പുതിയ മോളുടെ പേരിൽ വേണോ' എന്ന ചോദ്യത്തിന്, 'മൂത്ത മകളുടെ മകളുടെ പേരിൽ എന്തായാലും 'നമ്പ്യാർ' എന്ന പേര് ഉണ്ടല്ലോ... അപ്പോൾ ഇനി ഇവളുടെ പേരിലായിട്ടെന്തിനാ ഒഴിവാക്കുന്നത്' എന്ന തരത്തിലുള്ള ഒരു ഉത്തരമായിരുന്നു ഭാര്യയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ആശുപത്രിയിൽ നമുക്ക് അധികം ചർച്ച ചെയ്യാനൊന്നും സമയമുണ്ടായിരുന്നില്ല. രണ്ടാമത്തെ ദിവസം ഡിസ്ചാർജാണ്. എന്തായാലും പേര് ഇടണം. അങ്ങനെ കൂടുതൽ ചിന്തിക്കാതെ രണ്ടാമത്തെ മകൾക്കും ഞങ്ങൾ പേരിട്ടു - ദേവ്‍കി.
മൂത്ത മകൾക്ക് എന്റെ അച്ഛന്റെ അമ്മയുടെ പേരായിരുന്നതിനാൽ, രണ്ടാമത്തെ മകൾക്ക് ഭാര്യയുടെ അമ്മമ്മയുടെ അമ്മയുടെ പേരായിരുന്നു ഇട്ടത്! കൂടെ മൂത്തമകളുടെ പേരിൽ ഉണ്ടായിരുന്ന 'നമ്പ്യാർ' എന്ന പേരടങ്ങുന്ന ബാക്കി ഭാഗങ്ങളും. പക്ഷേ ഇവിടെ പാർവതിയുടെ പേരിന്റെ ഘടനയിൽ നിന്ന് ദേവ്‍കിയുടെ പേരിന്റെ ഘടനയിൽ ഒരു വ്യത്യാസം വന്നു. 'നമ്പ്യാർ' എന്നത് പാർവതിയുടെ Middle Name ന്റെ ഭാഗമായിരുന്നെങ്കിൽ, ദേവ്‍കിയുടെ പേരിൽ 'നമ്പ്യാർ' എന്നത് അവളുടെ First Name ന്റെ തന്നെ ഭാഗമായിട്ടാണ് കാര്യങ്ങൾ സംഭവിച്ചത്.
'നമ്പ്യാർ' എന്ന ഭാഗം മക്കളുടെ പേരിൽ നിന്ന് മാറ്റണം എന്ന ചിന്ത മനസ്സിൽ കുരുങ്ങിത്തന്നെ കിടന്നു. കാലങ്ങൾ കടന്നു പോയി. ഞങ്ങളും വളർന്നു. വീട്ടിൽ ലോകത്തിലെ സകലമാന കാര്യങ്ങളെക്കുറിച്ചും ചർച്ചകളുണ്ടായി. ഞങ്ങളുടെ വായനകളും അനുഭവങ്ങളും കൂടി വന്നു. മക്കൾ വളർന്നപ്പോൾ അവരും പലവിധ ചർച്ചകളിൽ പങ്ക് ചേർന്നു. മതങ്ങളും ജാതികളും ഒക്കെ എന്താണെന്നും അവയുടെ ഉത്ഭവങ്ങൾ എങ്ങനെയൊക്കെയാണെന്നുമുള്ള കാര്യങ്ങളിൽ ഭാര്യക്കും മക്കൾക്കും പുനർവിചിന്തനങ്ങൾ ഉണ്ടായി. ഞാൻ പല പല പടികൾ കടന്ന് ജാതിയിൽ നിന്നും മതത്തിൽനിന്നും രാജിവെക്കുകയും ദൈവത്തിനോട് Good Bye പറഞ്ഞ് ആ കാര്യം ധൈര്യസമേതം പരസ്യമായി വിളിച്ച് പറയുകയും ചെയ്തു.
എന്റെ ആ പ്രഖ്യാപനം ആദ്യകാലങ്ങളിൽ ഭാര്യക്ക് അപ്രിയമായിരുന്നെങ്കിലും കാലം പോകപ്പോകെ അവളും ചില കാര്യങ്ങൾ മനസ്സിലാക്കുന്നതിന് സഹായിച്ചു. സമയമെടുത്തെങ്കിലും വീട്ടിൽ നടന്ന പല ചർച്ചകളും അവളേയും ചിന്തിപ്പിച്ച് കാണണം, പല കാര്യങ്ങളിൽ ഇന്നും ഭിന്നാഭിപ്രായക്കാരാണെങ്കിലും അവളും ഞാനും ചില കാര്യങ്ങളിലെങ്കിലും ഒരേ അഭിപ്രായക്കാരായി മാറി. ആ കൂട്ടത്തിൽ ജാതിയുടെയും ജാതിവാലിന്റെയും കാര്യത്തിലും ഞങ്ങൾ ഒരേ അഭിപ്രായത്തിലെത്തിച്ചേർന്നു! ഞങ്ങൾ രണ്ടുപേരും മാത്രമല്ല ഞങ്ങൾ നാല് പേരും!!
എങ്ങനെയാണ് പേര് മാറ്റം നടത്തുക എന്ന കാര്യത്തിലായിരുന്നു പിന്നീടുള്ള എന്റെ ഗവേഷണം. അങ്ങനെയിരിക്കവേ കഴിഞ്ഞ വർഷമായിരുന്നു (2025) ഞങ്ങളുടെ അമേരിക്കൻ പൗരത്വം സംബന്ധിച്ച അവസാനവട്ട പ്രക്രിയകൾ നടന്നിരുന്നത്. പൗരത്വം മാറുന്നതിന്റെ കൂടെ പേരും മാറ്റാനുള്ള ഒരു സാധ്യത ഇവിടെ ഉണ്ട്. അതുകൊണ്ട് തന്നെ പാർവതിയുടെ പേരിലെ 'നമ്പ്യാർ' ഇല്ലാതാക്കാനുള്ള ആഗ്രഹവും കൂടി പൗരത്വ അപേക്ഷയിൽ കൂട്ടിച്ചേർത്തു. ആ പ്രക്രിയ കോടതിയിലൂടെ പോകേണ്ടത് കൊണ്ട് കുറച്ച് സമയം അധികം എടുത്തെങ്കിലും കാര്യം സാധിച്ചെടുത്തു. അങ്ങനെ പാർവതിയുടെ പേരിൽ നിന്ന് 'നമ്പ്യാർ' കൊഴിഞ്ഞു പോയി.
ഇനി ദേവകിയുടെ ഊഴമാണ്. അവൾ ജനനം കൊണ്ട് തന്നെ അമേരിക്കൻ പൗര ആണ്. അവളുടെ പേര് മാറ്റണമെങ്കിൽ കോടതിയിലൂടെ തന്നെ ഞങ്ങളായിട്ട് കാര്യങ്ങൾനീക്കണം. പാർവതിയുടെ കാര്യത്തിൽ പൗരത്വ അപേക്ഷയുടെ കൂടെ കാര്യങ്ങൾ നടന്നത് കൊണ്ട് എനിക്ക് പ്രത്യേകിച്ച് കോടതി വ്യവഹാരവുമായി ബന്ധപ്പെടേണ്ടിയിരുന്നില്ല. ഒരു പേര് മാറ്റത്തിന് കോടതിയിൽ പോകണമോ എന്ന ശങ്ക ഞങ്ങളിൽ ഉണ്ടായി. നല്ലത് വിചാരിച്ച് കോടതിയിൽ പോയിട്ട് കാര്യങ്ങൾ അബദ്ധത്തിലായിപ്പോകുമോ എന്നൊരാശങ്കയും ഉടലെടുത്തു. കഴിവതും പോലീസ്/കോടതി വ്യവഹാരങ്ങൾ ഒഴിവാക്കണമെന്ന് പണ്ടേ അച്ഛൻ പറയാറുള്ളതാണ്! കുറച്ച് മാസങ്ങൾ മടിച്ച് നിന്നെങ്കിലും രണ്ടും കല്പിച്ച് 2026 ജനുവരിയിൽ ഞങ്ങൾ കോടതിയിൽ പോയി. പേര് മാറ്റം എന്നത് വക്കീലൊന്നും ഇല്ലാതെ സ്വയം ചെയ്യാൻ മാത്രം എളുപ്പമുള്ള കാര്യമായിരുന്നെന്ന് അപ്പോൾ മാത്രമാണ് മനസ്സിലായത്. അങ്ങനെ ദേവ്‍കിയുടെ പേരിൽ നിന്നും 'നമ്പ്യാർ' കൊഴിഞ്ഞു പോയി.
കോടതിയിൽ നിന്ന്അ പേര്തി മാറിക്കൊണ്ടുള്ള ഓർഡർ മാത്രം പോരല്ലോ. അതിന്റെ അനുരണനങ്ങൾ മറ്റ്പ ലസ്ഥലങ്ങളിലുംഎത്തേണ്ടതുണ്ട്. സ്‌കൂളിലും കോളജിലും ബാങ്കിലും പേര് മാറ്റത്തിന് അപേക്ഷ കൊടുക്കണം. SSN ൽ പേര് മാറ്റണം. കൂടാതെ പാസ്‌പോർട്ട്, OCI കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയൊക്കെ പുതുക്കിയാലേ പേര് മാറ്റം പൂർത്തിയാകുകയുള്ളൂ. ഒടുവിൽ, മൂത്ത പുത്രിക്ക് 22 വയസ്സാവുന്ന സമയമാവുമ്പഴേക്കും എന്റെ ഒരു ചിരകാല അഭിലാഷം സഫലമായി!
ഇനി ഇത് വായിക്കുന്നവർക്ക് പല പല അഭിപ്രായങ്ങളും ഉണ്ടായേക്കാം. പേര് എന്നത് വെറും ഒരു സാങ്കേതികമായ കാര്യമല്ലേ, പേര് മാറ്റിയത് കൊണ്ട് ജാതി ചിന്ത പോകുമോ, 'നമ്പ്യാർ', 'നായർ', 'മേനോൻ', നമ്പൂതിരി', 'പിള്ള', 'പണിക്കർ' എന്നിങ്ങനെയൊക്കെയുള്ളത് പേരിന്റെ ഒരു ഭാഗം തന്നെയല്ലേ, അതിൽ പലതും പണ്ട് രാജാക്കന്മാർ കല്പിച്ച് കൊടുത്തിരുന്ന പദങ്ങളല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഓരോരുത്തരും ചോദിച്ചേക്കാം.
എന്തായാലും എന്റെ മനസ്സിലാക്കലിൽ 'നമ്പ്യാർ' എന്നത് ഒരു ജാതി വാൽ തന്നെയാണ്. 'നമ്പ്യാർ' എന്ന് ഒരു പേരിന്റെ കൂടെ കേൾക്കുമ്പോഴും കേൾക്കാതിരിക്കുമ്പോഴും ആ പേര് കേൾക്കുന്ന ആളുകളിൽ ഉണ്ടാക്കുന്ന ചിന്തകൾ വിഭിന്നമാണ്. 'നമ്പ്യാർ' ആയതുകൊണ്ട് സ്വയം 24 കാരറ്റ് ആണെന്ന് അഭിരമിച്ച് നടക്കുന്ന നമ്പ്യാന്മാരെ എനിക്ക് നേരിട്ടറിയാം. നിറം ഇത്തിരിയധികം കറുത്തുപോയ ഒരു നമ്പ്യാരെക്കണ്ട്, 'ഇവനെയൊക്കെ കണ്ടാൽ നമ്പ്യാരാണെന്ന് ആരെങ്കിലും പറയുമോ' എന്ന് ചോദിച്ച ഒരു നമ്പ്യാരെ എനിക്കറിയാം. വളരെ secular ആണെന്ന് സ്വയം പറയുകയും പക്ഷേ വിഭിന്ന ജാതിക്കാരുടെ, പ്രത്യേകിച്ച് വീട്ടിൽ ജോലിക്ക് വരുന്ന താഴ്ന്ന ജാതിക്കാരുടെ വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന ചില നമ്പ്യാന്മാരെയും നായന്മാരെയും എനിക്കറിയാം. മുന്തിയ ജാതി ചിന്തകളിൽ അഭിരമിച്ച് നടന്നിരുന്ന ഒരു അടുത്ത ബന്ധു, അദ്ദേഹത്തിൻറെ സ്വന്തം മകൻ താഴ്ന്ന ജാതിയിലുള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചപ്പോൾ സങ്കടപ്പെട്ടതും പിന്നീട് ആ പെൺകുട്ടി അടങ്ങുന്ന കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ നായരുടെ മഹത്വം വർണ്ണിക്കുന്ന ഒരു വീഡിയോ അറിഞ്ഞോ അറിയാതെയോ പോസ്റ്റ് ചെയ്തുപോയതും അറിയാം.
കൂടുതൽ വിദ്യാഭ്യാസം നേടി അമേരിക്കയിൽ വന്നിട്ടും ജാതികൾ തിരിച്ചുള്ള സംഘടനകൾ ഇവിടെ കൂണ് പോലെ മുളച്ച് പൊന്തുകയാണ്. അത്തരം സംഘടനകൾ വളർച്ചയുടെ പാതയിൽ കേരള കോൺഗ്രസ് പിളരുന്നത് പോലെ പിളർന്ന് വളരുന്നതും കാണുന്നുണ്ട്. പിളർന്ന് മാറിയ വിഭാഗങ്ങൾ ഒരേ സമയത്ത് തന്നെ ചില പരിപാടികൾക്ക് വിളിക്കുമ്പോൾ എങ്ങോട്ട് പോകണമെന്നുള്ള സംഘർഷം എന്നിൽ ഉടലെടുത്തിട്ടുണ്ട്. ഇവിടത്തെ നായർ സംഘടനയിലെ യുവാവിഭാഗത്തെ മൂത്ത നായന്മാർ 'Proud Nair Boys and Girls' എന്നൊക്കെ അഭിസംബോധന ചെയ്യുന്നതൊക്കെ കണ്ട് ഞാനും കുളിരു കോരിയിട്ടുണ്ട്. മനസ്സിൽ അയിത്തമില്ലാത്തത് കൊണ്ട്, തീണ്ടലുകൾ ഇല്ലാത്തതുകൊണ്ട്, ഇവരെല്ലാം വെറും മനുഷ്യരാണെന്ന ചിന്തകൾ മാത്രമാണ് ഇവരുടെയെല്ലാവരുടെയും കൂടെ സഹകരിക്കാനും ഇടപഴകാനും എന്നെ സഹായിക്കുന്നത്.
എന്റെ അച്ഛൻ പോലും കുടുംബത്തിലെ ജാതിമാറി കഴിക്കുന്ന കല്യാണങ്ങളിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്ന ആളാണ്. ജാതി മാറി കല്യാണം കഴിക്കുന്നത് ഇന്നത്തെ കുട്ടികളുടെ ഒരുതരം ഫാഷൻ ആണെന്നാണ് അച്ഛന്റെ അഭിപ്രായം. സ്വന്തം മക്കളുടെ വിവാഹകാര്യങ്ങൾ നടക്കുമ്പോഴാണ് ഓരോരുത്തരുടെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ജാതിക്കുരുകൾ പൊട്ടിയൊലിക്കാൻ തുടങ്ങുന്നത്. കല്യാണത്തിന്റെ സമയത്ത്, മുഖ്യമായും അതിൽ പങ്കാളികളാകുന്നവർക്ക് സമാധാനത്തിൽ ജീവിച്ചുപോകാനുള്ള ത്രാണിയും മാനസികവികാസവും ഉണ്ടോ എന്ന് നോക്കുന്നതിന്ഒ പകരം ഒരേ ജാതി ആയി വന്നാൽ എല്ലാം ശുഭം എന്ന ചിന്തയാണ് മിക്കവർക്കും. അഥവാ ഒരേ ജാതിയിൽ പെട്ടവരല്ല വിവാഹം കഴിക്കുന്നതെങ്കിൽ, മാതാപിതാക്കളും കാരണവന്മാരും ഒരുമിച്ച് നിന്ന് അവരുടേത് മാത്രമല്ല, ബാക്കിയുള്ളവരുടെയും സമാധാനം ജീവിതാവസാനം വരെ കെടുത്തിക്കളയും!
ഞാൻ എന്റെ മക്കളുടെ പേരിൽ നിന്ന് ജാതിവാൽ മാറ്റാനുള്ള കരുക്കൾ നീക്കിത്തുടങ്ങിയ അതേ സമയത്താണ് ഞാൻ വേറൊരു നമ്പ്യാരെ പരിചയപ്പെടുന്നത്. അദ്ദേഹം പക്ഷേ ഞാൻ നടത്തുന്നതിന്റെ നേർവിപരീതമായിട്ടുള്ള കരുക്കൾ നീക്കി വിജയിച്ച ആളായിരുന്നു. എന്ന് വച്ചാൽ, 'നമ്പ്യാർ' എന്ന ജാതിപ്പേര് മുഴുവൻ പേരിന്റെ കൂടെ ഇല്ലാതിരുന്ന അദ്ദേഹം, പിന്നീട് നിയമപരമായി 'നമ്പ്യാർ' എന്ന വാല് അദ്ദേഹത്തിൻറെ പേരിന്റെ കൂടെ കൂട്ടിച്ചേർക്കുകയായിരുന്നു. 'നമ്പ്യാർ' എന്നത് ഒരു identity ആണെന്നാണ് അദ്ദേഹം പറയുന്നത്. വർത്തമാനങ്ങളിലും കാര്യങ്ങളുടെ സമ്പർക്കങ്ങളിലും അദ്ദേഹം വളരെ secular ആണെന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നതെങ്കിലും കേരളം വിട്ട് അന്യസംസ്ഥാനത്തിലെ ഒരു മെട്രോസിറ്റിയിൽ ജനിച്ച് ജീവിച്ചത് കൊണ്ടാവാം, 'നമ്പ്യാർ' എന്നത് അദ്ദേഹത്തിന് ഒരു identity ആയി തോന്നുന്നത്! 'നമ്പ്യാർ' എന്ന Last Name വിളിക്കുമ്പോഴാണത്രേ അദ്ദേഹത്തിന് അദ്ദേഹത്തെ തന്നെയാണ്, അദ്ദേഹത്തെ മാത്രമാണ് വിളിക്കുന്നതെന്ന തോന്നലുണ്ടാവൂ എന്ന് കേട്ടപ്പോൾ എനിക്കും അറിയാതെ രോമാഞ്ചം വന്നുപോയി!!
എന്റെ മക്കളുടെ പേരിൽ നിന്ന് ജാതിവാൽ മാറ്റിയത് കൊണ്ട് ഇവിടെ വിപ്ലവമൊന്നും നടക്കാൻ പോകുന്നില്ലെന്ന് ഞാൻ മനസ്സിലാക്കുന്നുണ്ട്. എന്നിരുന്നാലും ഈയൊരു ശ്രമം ഒരു നല്ല കാര്യത്തിലേക്കുള്ള ചവിട്ടു പടിയാണ്, അല്ലെങ്കിൽ മറ്റുള്ളവരെ ചിന്തിച്ച് തുടങ്ങാൻ പ്രേരിപ്പിക്കുന്നതാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ജാതി ചിന്തകൾ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണമെന്ന് സർക്കാരുകളും സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും ഓരോ ശ്വാസത്തിൽ പറയുമ്പോഴും ജാതി ചിന്തകൾ വർദ്ധിപ്പിച്ച് ഒരു കൂട്ടമായി നിന്ന് എന്തെങ്കിലും നേടാനാവുമോ, അല്ലെങ്കിൽ ജാതിയെ ഉപയോഗിച്ച് അധികാരത്തിൽ എത്താനാവുമോ എന്നൊക്കെയുള്ള കാര്യങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്.
ഒരു കാര്യം കൂടി ഇവിടെ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. ഞാൻ ജാതി സംവരണത്തിന് പൂർണ്ണമായും എതിരാണ്. അത്തരം സംവരണം നിലനിൽക്കുന്ന കാലത്തോളം ജാതി എന്നത് കൂടുതലായി തെളിഞ്ഞ് നിലനിൽക്കുകയേ ഉള്ളൂ. ജാതി സംവരണം കൊണ്ട് എന്തെങ്കിലും മെച്ചം കിട്ടുന്നത് അത്തരം ജാതികളിലെ മേൽത്തട്ട് വിഭാഗക്കാർക്ക് മാത്രമാണ്. ജാതികളിലെ കീഴാളന്മാർക്ക് ഇന്നും സംവരണത്തിന്റെ ഗുണം അന്യമാണ്. സർക്കാർ അപേക്ഷകളിൽ നിന്ന് ജാതിക്കോളങ്ങൾ പൂർണ്ണമായും ഒഴിവാക്കിയേ തീരൂ. അഥവാ സംവരണം കൊടുക്കുന്നുണ്ടെങ്കിൽ അത് വിദ്യാഭ്യാസത്തിന് വേണ്ടിയും രണ്ട് നേരത്തെ ഭക്ഷണം കഴിക്കാൻ വേണ്ടിയും അത്തരം ആളുകളെ മറ്റുള്ള ആളുകളുമായി മത്സരിക്കുന്ന രീതിയിലേക്ക് എത്തിച്ചേർക്കാനും വേണ്ടിയും മാത്രമായിരിക്കണം. സംവരണം എന്നത് ഒരു മരുന്നായിരിക്കണം. മരുന്ന് എന്നുള്ളത് എല്ലാ കാലവും കൊടുക്കാനുള്ളതോ അല്ലെങ്കിൽ കാലങ്ങൾ കടന്ന് പോകുമ്പോൾ ഡോസ് കൂട്ടി കൊടുക്കാനുള്ളതോ ആയിരിക്കരുത്, പകരം, സംവരണം എന്നുള്ളത് കാലങ്ങൾ കഴിയുമ്പോൾ ഇല്ലാതാവുന്ന ഒന്നായിരിക്കണം.
കാലങ്ങൾ കടന്നുപോകുമ്പോൾ മനുഷ്യൻ കൂടുതൽ നന്മകളിലേക്കും യുക്തിപരമായ ചിന്തകളിലേക്കും കടക്കുന്നതിന് പകരം, ആയിരത്തഞ്ഞൂറും രണ്ടായിരവും അയ്യായിരവും വർഷങ്ങൾക്കപ്പുറത്തുള്ള കാലമായിരുന്നു നല്ലത്, ആ കാലഘട്ടത്തിലുള്ള ആചാരങ്ങളിലേക്ക് നമ്മളെല്ലാവരും തിരിച്ച് പോകണം എന്നൊക്കെ പറയുന്നതിൽ എന്താണ് യുക്തി എന്ന് എനിക്ക് മനസ്സിലാവുന്നേയില്ല. സയൻസിലെ തിയറങ്ങൾ പോലും പുതുക്കപ്പെടുന്ന ഇക്കാലത്ത്, ഒരിക്കലും തിരുത്തപ്പെടാൻ പറ്റാത്ത തിയറങ്ങൾ നൂറ്റാണ്ടുകൾക്ക് മുന്നേ മനുഷ്യന് വെളിപാടുണ്ടായി എന്ന് പറയുന്നതിനോളം ഭോഷ്ക് വേറെയുണ്ടോ? ഇന്ന് നാം അനുഭവിക്കുന്ന സംസ്കാരത്തോളം നല്ല ഒരു സംസ്കാരം നമ്മുടെ ഭൂമിയിൽ പ്രാചീനമായ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്ന സത്യം മനസ്സിലാക്കാതെ മതിലുകളും വേർതിരിവുകളും തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയുമൊക്കെ നിലനിന്നിരുന്ന പണ്ടത്തെക്കാലമാണ് നല്ലത്, അന്നത്തെ കാലത്തെപോലെ തന്നെയാണ് നമ്മൾ ഭാവിയിലേക്കും തുടരേണ്ടത് എന്നൊക്കെ ചിന്തിക്കുന്നവരോട് നമുക്ക് സഹതാപത്തോടെ സംവദിച്ച് കൊണ്ടേയിരിക്കാം.
ജാതി ഇല്ലാതാക്കാൻ ഒരു മാർഗ്ഗമേയുള്ളൂ; കൂടുതൽ വർണ്ണ സങ്കരങ്ങൾ ഉണ്ടാവുക അഥവാ ജാതികളും മതങ്ങളും തമ്മിൽ തമ്മിൽ കലരുക. കലികാലത്തിൽ വർണ്ണസങ്കരങ്ങളുണ്ടാകുമെന്ന് പറയുന്നെങ്കിലും അത് ഒരു തെറ്റായാണ് ഭാരതീയ മിത്തോളജിയിൽ പറയുന്നത്. ഈ മിത്തോളജി പൊക്കിപ്പിടിക്കുന്ന ഓരോരുത്തരും സൗകര്യപൂർവ്വം മറന്നുപോകുന്ന കുറേ കാര്യങ്ങളുണ്ട്. പരാശരമുനിക്ക് വേദവ്യാസൻ ജനിച്ചതും, ശാന്തനുമഹാരാജാവിന് ചിത്രാംഗദൻ, വിചിത്രവീര്യൻ എന്നിവർ ജനിച്ചതും, യയാതിക്ക് പൂരു ജനിച്ചതും, ഒടുവിൽ ധൃതരാഷ്ട്രരും പാണ്ഡുവും ഉണ്ടായതുമൊക്കെ വർണ്ണസങ്കരങ്ങളായിത്തന്നെയല്ലേ? പക്ഷേ ഇത്തരം കഥകളൊന്നും പുരാണങ്ങളിൽ അഭിരമിക്കുന്ന ആരും ഓർക്കാറില്ല!
നമുക്ക് നമ്മുടെ ഭൂതകാലത്തെ, പൂർവ്വികരെ ഒരിക്കലും തിരുത്താൻ സാധിച്ചെന്ന് വരില്ല. പാരമ്പര്യമായ കെട്ടുപാടുകളുള്ളത് മൂലം, ചിലപ്പോൾ നമുക്കും പൂർണ്ണമായി മാറാൻ സാധിച്ചെന്ന് വരില്ല. പക്ഷേ കാര്യങ്ങൾ മനസ്സിലാക്കി മാറിത്തുടങ്ങാനുള്ള അവസരങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും; നമ്മുടെ അടുത്ത തലമുറയിലേക്ക് ധൈര്യം പകരാൻ സാധിക്കും. നമ്മൾ പേറുന്ന വിഷങ്ങൾ പുതുതലമുറയിലേക്ക് പടരുന്നത് തടയാൻ സാധിക്കും. അതിലേക്കുള്ള ചെറിയൊരു ശ്രമം മാത്രമാണ് ഈ നമ്പ്യാരുടെ കൊഴിഞ്ഞ് പോക്ക്!
കുറിപ്പ്: കേരളത്തിലെ എല്ലാ ജാതി-മത വിഭാഗങ്ങളിലെയും ജീൻ ഘടനയെക്കുറിച്ച് പഠനം നടന്നപ്പോൾ കണ്ടത്, ആദിവാസി വിഭാഗം ഒഴിച്ചുള്ള ബാക്കി എല്ലാ വിഭാഗത്തിന്റെയും ജീൻ ഘടന 98 ശതമാനത്തോളം സമാനതകളുള്ളതാണ്.
ഇനി ജാതി സംഘടനകൾ എന്നെ കോടതി കയറ്റുമോ ആവോ!
***
