2025, ഓഗസ്റ്റ് 17, ഞായറാഴ്‌ച

ഓ മൈരാ...

(Picture Courtesy: Google)

വളർന്നുവന്ന ഭാഷാ-സാമൂഹ്യ-സാസ്കാരികവ്യവസ്ഥിതി മൂലം ഇന്നലെ വരെ വിലക്കപ്പെട്ട ഒരു വാക്ക്, ഇനി മുതലെനിക്ക് ദിനേന ഉപയോഗിക്കേണ്ടി വരും. ഇങ്ങനെ കേൾക്കുമ്പോൾ ആർക്കെങ്കിലും ഒരുതരം കോൾമയിർ ഉണ്ടാകുന്നുണ്ടോ? അതെ തീർച്ചയായും കോൾമയിരുണ്ടാകണം; അല്ലെങ്കിൽ ഞാൻ ഇത് വായിപ്പിച്ച് ഉണ്ടാക്കിക്കും! ആരെയെങ്കിലും 'മൈരാ...' എന്ന് ഉച്ചത്തിൽ, പകൽ വെളിച്ചത്തിൽ ഒരു സങ്കോചവുമില്ലാതെ വിളിക്കുമ്പോൾ ഭൂരിപക്ഷം മലയാളികൾക്കും ഒരുതരം അറപ്പ് മൂലമുള്ള കോൾമയിർ ഉണ്ടാകാതിരിക്കുമോ?

കോൾമയിർ എന്ന വാക്ക് പാട്ടിലും പാഠപുസ്തകത്തിലുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും, ആ വാക്കിൽ നിന്ന് 'കോൾ' എടുത്തു മാറ്റിക്കഴിഞ്ഞാൽ അശ്ലീലമാകുന്നതെങ്ങനെയെന്ന് ആലോചിച്ച് ഞാൻ വണ്ടറടിച്ചിട്ടുണ്ട്! പറയുമ്പോൾ എല്ലാം പറയണമല്ലോ - ശബ്ദതാരാവലി പ്രകാരം 'മയിർ' ഉണ്ട് 'മൈര്' ഇല്ല! 'മയിരൻ' ഉണ്ട് 'മൈരൻ' ഇല്ല! പക്ഷേ ഇന്നത്തെക്കാലത്ത് പറഞ്ഞ് പറഞ്ഞും എഴുതിയെഴുതിയും 'മൈരും' 'മൈരനു'മാണ് കൂടുതലായും ഉപയോഗത്തിലുള്ളത്!

'മയിർപ്പടം' എന്നാൽ കമ്പിളിവസ്ത്രം. അങ്ങനെ വരുമ്പോൾ 'മയിർ' എന്നാൽ രോമം എന്ന് മാത്രമേ അർത്ഥമാക്കുന്നുള്ളൂ. 'മയിർവാൾ' എന്ന് പറഞ്ഞാൽ ക്ഷുരകന്റെ കത്തി എന്നാണർത്ഥം. ഇവിടെയും 'മയിർ' എന്നതിന് രോമം എന്ന അർത്ഥം എടുക്കാം. പക്ഷേ 'മയിർപ്പട്ടം' എന്നാകുമ്പോൾ അത് നെറ്റിപ്പട്ടമാകുന്നു! വാക്ക് വെറും 'മയിർ' മാത്രമാകുമ്പോൾ അർത്ഥം വെറും രോമം മാത്രമല്ലാതെ ഗുഹ്യരോമം മാത്രമായി ചുരുങ്ങുന്നു. അത് 'മയിരൻ' ആകുമ്പോൾ ഒന്നിനും കൊള്ളാത്തവനും! 'മയി' എന്ന് മാത്രം പറഞ്ഞാൽ അത് ശ്മശ്രു അഥവാ മുഖരോമം, പെൺകുതിര, പെൺഒട്ടകം, മഷി, ഇരുട്ട്, നോക്കുക എന്നൊക്കെയാണ് വിവിധ സന്ദർഭങ്ങളിൽ അർത്ഥം. 'ആനന്ദമയി' എന്നൊക്കെ കേട്ടിട്ടില്ലേ? ആനന്ദത്തോടെ നോക്കുന്നവൾ എന്നർത്ഥം.
 
Myra എന്ന പേരിൽ പുരാതനമായ ഒരു ഗ്രീക്ക് പട്ടണമുണ്ട്. ബൈബിളിൽ പരാമർശിക്കപ്പെട്ട ടൈറ്റസ് എന്ന കഥാപാത്രത്തിന്റെ ജന്മസ്ഥലം. ലാറ്റിൻ ഭാഷയിൽ, ഈ വാക്കിന്റെ തുടക്കം 'myrrha' എന്ന, 'myrrh' (a flammable stick with fragrant substance) എന്നർത്ഥമുള്ള വാക്കിൽ നിന്നാണത്രേ. ഗ്രീക്ക് വാക്കായ "myron" എന്ന 'മണമുള്ള ലേപനം' എന്നർത്ഥം വരുന്ന വാക്കിന്റെയും ഉറവിടം 'myrrha' ആണത്രേ! എന്തായാലും നമുക്ക് നമ്മുടെ 'മൈരി'ലേക്ക് തിരിച്ച് വരാം!

ഇന്നത്തെക്കാലത്ത് മലയാളത്തിൽ മൈര് (മയിർ) എന്ന് പറഞ്ഞാൽ വെറും അശ്ലീലം മാത്രമായാണ് കണക്കാക്കുന്നത്. പക്ഷേ തമിഴിൽ അതിന് രോമം എന്നാണ് കൂടുതലായും അർത്ഥം കേട്ടിട്ടുള്ളത്! ഇനി നമ്മൾ കേൾക്കാത്ത, കാണാത്ത മറ്റു വല്ല അർത്ഥങ്ങൾ ഉണ്ടോ എന്നൊന്നും അറിവില്ല. നമ്മൾ മലയാളികൾ ആയത് കൊണ്ട് 'മൈര്' എന്ന വാക്ക് കേൾക്കുന്നത് തന്നെ നമുക്ക് അറപ്പാണ്; പ്രത്യേകിച്ച് സ്ത്രീകൾക്ക് (ഇന്നത്തെ genz യിലെ പെൺകുട്ടികളുടെ കാര്യം എനിക്കറിയില്ല!). അത്രയ്ക്കധികം ഒരുവനോട് ദേഷ്യമോ മറ്റോ വരുമ്പോഴാണ് ഒരാളോട് 'നീ പോടാ മൈരാ...' എന്ന് വേറൊരാൾ ഉപയോഗിക്കുന്നത്. പക്ഷേ ഇന്നത്തെ കാലത്തെ സ്വകാര്യ-സൗഹൃദ സദസ്സുകളിൽ 'മൈരി'ന് മൈരിന്റെ പോലും വില കൽപ്പിക്കാതെ, ഒട്ടുമേ അറപ്പില്ലാതെ നിർലോഭം ഉപയോഗിച്ച് വരുന്നതും കണ്ടിട്ടുണ്ട്! അങ്ങനെ അറപ്പില്ലാതെ ഉപയോഗിച്ചുപയോഗിച്ച് അറപ്പില്ലാതാക്കിയ മറ്റ് രണ്ട് വാക്കുകളാണ് 'fu**' ഉം ഹിന്ദിയിലെ 'ബേൻചൂത്ത്' എന്ന വാക്കും. സ്വന്തം അച്ഛനും മകനും തമ്മിൽ വളരെ തമാശയായി 'ബേൻചൂത്ത്' ഉപയോഗിക്കുന്നത് സ്വന്തം കാതുകൊണ്ട് ആശ്ചര്യത്തോടെ കേൾക്കാൻ ഭാഗ്യമുണ്ടായിട്ടുള്ളൊരാളാണ് ഞാൻ! അയ്യോ... പറഞ്ഞ് വന്നത് മൈരിനെക്കുറിച്ചാണ്!

അങ്ങനെയിരിക്കെയാണ് എനിക്കൊരു പുതിയൊരു അയൽപക്കക്കാരനെ ലഭിക്കുന്നത്; ഇറാനികളായിരുന്ന പഴയ വീട്ടുകാർ മാറിപ്പോയപ്പോൾ പുതുതായി ആ വീട് വിലക്ക് വാങ്ങി താമസിക്കാൻ വന്നവരാണ്. ആദ്യത്തെ ദിവസം തന്നെ ഞങ്ങൾ അവരെ പരിചയപ്പെട്ടു; ചെറുപ്പക്കാരാണ്, കുടുംബ ജീവിതത്തിൽ തുടക്കക്കാരാണ്, ഹിന്ദിക്കാരാണ്. പുറത്തുള്ള ഡ്രൈവ് വേയിൽ വച്ചാണ് വർത്തമാനങ്ങളും പരിചയപ്പെടലുകളും നടന്നത്. ആദ്യത്തെ ദിവസം കുടുംബനാഥൻ മാത്രമേ കണ്ടുള്ളൂവെങ്കിലും രണ്ടാമത്തെ ദിവസം അദ്ദേഹത്തിൻറെ ഭാര്യയും അവരുടെ അഞ്ച് വയസ്സുള്ള മകളും രണ്ട് വയസ്സുള്ള മകനും പുറത്തേക്ക് വന്നു. അവിടത്തെ താമസത്തിന്റെ തുടക്കം മാത്രമായത് കൊണ്ട്, വീടിന്റെ ഉൾഭാഗം ഒട്ടും ക്രമീകരിക്കാതെ വച്ചതിനാലാണ് പരിചയപ്പെടൽ പുറത്ത് വച്ച് നടക്കുന്നത്. കൂടാതെ വീട്ടിനുള്ളിൽ കയറ്റാൻ പറ്റുന്ന വർഗ്ഗങ്ങളാണെന്ന് പരസ്പരം മനസ്സിലാകുകയും വേണമല്ലോ!

ഞാനും എന്റെ കുടുംബവും ഞങ്ങളുടെ പേരുകൾ പറഞ്ഞ് പരിചയം തുടങ്ങിയപ്പോൾ ഗൃഹനാഥന്റെയും നാഥയുടെയും പേരുകൾ അവർ ഞങ്ങളോടും പങ്കു വച്ചു. ഇനി മക്കളുടെ പേരറിയണം.
 
"മോളുടെ പേരെന്താ...?"
"മൈരാ... (MyRa)...."

'ക്യാ....' എന്ന് ചോദിക്കാനാണ് ആദ്യം തോന്നിയത്.  ഞാനും എന്റെ വാമഭാഗവും പരസ്പരം നോക്കി. കേൾക്കുന്നതിൽ തെറ്റ് പറ്റിയതാണോ? വീണ്ടും ചോദിച്ചു. അപ്പോൾ അവളുടെ അച്ഛനമ്മമാർ അത് ഒന്നുകൂടെ പറഞ്ഞ് ഉറപ്പിച്ചു. 'മൈരാ' എന്ന് തന്നെയാണ് അവളുടെ പേര്! ശരിക്കും പറഞ്ഞാൽ 'മൈരാ' യുമല്ല 'മൈറാ'യുമല്ല. പക്ഷേ 'മൈരാ' പോലെത്തന്നെയാണ് കേൾക്കുന്നത്!

"ഓ മൈരാ... സ്യാദാ ദൂർ മത് ജാ ബേട്ടാ..." മകൾ അവളുടെ കുഞ്ഞ് ബൈസൈക്കിളെടുത്ത് കുറച്ചകലെ പോകുമ്പോൾ അവളുടെ അച്ഛൻ വിളിച്ച് പറഞ്ഞു.

ആദ്യത്തെ ഒരമ്പരപ്പ് കഴിഞ്ഞ് ഞങ്ങളും ആ കുട്ടിയുമായി കൂടുതൽ അടുത്തു. അവളുടെ ബൈസൈക്കിളിന്റെ ചക്രങ്ങളിൽ ഞാൻ കാറ്റടിച്ചുകൊടുത്തു. അവളുടെ കൂടെ കളിച്ചു... ഒടുവിൽ അവൾ ഞങ്ങളുടെ ഗാരാജിനുള്ളിൽ കയറി വയർ ഷെൽഫിൽ വച്ചിരുന്ന കനമുള്ള ഗ്ലാസ്സിന്റെ ഒരു സാധനം വലിക്കാൻ തുടങ്ങിയപ്പോൾ ഞാനും വിളിച്ചു പറഞ്ഞു "ഓ മൈരാ... പൈർ മേ ഗിരേഗാ.... സംബാൽകെ...."
 
അങ്ങനെ വളരെ കൂളായി ഞാനിപ്പോൾ 'മൈരാ...' വിളി ആസ്വദിക്കുകയാണ്! ഇനി അവൾ എന്റെ അയൽവക്കമായിരിക്കുന്നത്രയും കാലം ഞാനിങ്ങനെ കൂളായി വിളിച്ചു കൊണ്ടേയിരിക്കും... 'ഓ... മൈരാ...'! ഈ വിളി കേൾക്കുമ്പോൾ എനിക്കുണ്ടാകുമായിരുന്ന അറപ്പ് മൂലമുള്ള കോൾമയിരുകൾ കുറച്ചുകാലത്തേക്കെങ്കിലും അടങ്ങിയിരിക്കും! ഏതൊരബദ്ധവും ഏതൊരു വാക്കും തുടർച്ചയിക്കഴിഞ്ഞാൽ ഒരു ശീലമായിക്കൊള്ളും! സ്വകാര്യതയിൽ മാത്രമേ അശ്ലീലതയുള്ളൂ!

***