ജലദോഷം പിടിച്ചാലും ഇത്രയും തുടർച്ചയായി തുമ്മിക്കൂട്ടുന്ന ശീലം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനും മുന്നേ ഇത്രയും തുടർച്ചയായി തുമ്മിയത്, പണ്ട് കോളജിൽ പഠിക്കുമ്പോഴായിരുന്നു. ആരോ കൊണ്ടുവന്ന ഒരു യുനാനി മൂക്കിൽ പൊടി, ക്ലാസ്സിലെ മിക്ക ആൺകുട്ടികളും വലിച്ചതായിരുന്നു അന്നത്തെ തുമ്മലിനുള്ള കാരണം. അതിന് ശേഷം, അതേപോലെ വീണ്ടും തുമ്മുകയാണ്... അല്ല തുമ്മിക്കൊണ്ടിരിക്കുകയായിരുന്നു. അറിയാതെ പൊടിയോ പുകയോ ഒന്ന് ശ്വസിച്ചതായി ഓർക്കുന്നുമില്ല. പിന്നെ എന്താവും കാരണം?
കൊടിയ തണുപ്പത്തും ഓടുന്ന ശീലക്കാരനാണ് ഞാൻ. 15f ലും 20f ലുമൊക്കെ അതും രാത്രികാലത്ത് അഞ്ചാറ് മൈൽ ഓടുമ്പോൾ എനിക്കൊരു രസമാണ്. പക്ഷേ വീട്ടിലെ പ്രധാനമന്ത്രി വഴക്ക് പറയും! 'ഈ തണുപ്പത്ത് ഓടിയിട്ട് വല്ല അസുഖവും വിളിച്ച് വരുത്തണ്ട' എന്നൊക്കെ പ്രധാനമന്ത്രി എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നതായിരുന്നു ഞാനഭിമുഖീകരിച്ചിരുന്ന അസുഖം. പക്ഷേ അവിചാരിതമായി തുമ്മൽ തുടങ്ങിയപ്പോൾ, തലേന്ന് രാത്രിയിലെ കൊടും തണുപ്പിൽ, അതും ശക്തിയായ കാറ്റുള്ളപ്പോൾ ഓടിയതായിരിക്കുമോ കാരണം എന്ന് ശങ്കിച്ചു. പക്ഷേ പനിക്കോളൊന്നും തോന്നാഞ്ഞതിനാൽ ആ ശങ്കയും മാറ്റി വച്ചു.
മൂക്കിൽ എന്തോ കയറിപ്പോയിട്ടുണ്ടോ എന്ന സംശയമായി പിന്നെ. നേരെ പോയി കണ്ണാടിയിൽ ചെരിഞ്ഞും മറിഞ്ഞും മൂക്കിലേക്ക് നോക്കി. തുറിച്ച് നോക്കുന്ന രോമങ്ങളല്ലാതെ വേറൊന്നും കാണുന്നില്ല. മൊബൈലിലെ ഫ്ലാഷ്ലൈറ്റ് ഓൺ ചെയ്ത്, കണ്ണിന്റെ മൈക്രോസ്കോപ്പിക് ഫങ്ക്ഷൻ ട്രിഗർ ചെയ്ത് വീണ്ടും അഗാധമായ ഗഹനതയോടെ മിഴിച്ച് നോക്കുമ്പോഴാണ് ഒരു സംശയം തോന്നിയത് - മൂക്കിലെ ഒരു രോമം, ഇടത്തേ നാസാദ്വാരത്തിന്റെ, അതും അതിന്റെ തുമ്പിനടുത്തുണ്ടായിരുന്ന ഒരു രോമം വളഞ്ഞ് മൂക്കിനകത്തേക്ക് കയറിയിട്ടുണ്ടോ എന്ന ശങ്ക കലശലായത്.
കഴിഞ്ഞ ഒരു വർഷമായി കഴുത്തിന് മുകൾ ഭാഗത്തുള്ള രോമങ്ങളെ അവയുടെ ഇഷ്ടത്തിന് വളരാൻ അനുവദിച്ചിരിക്കുകയായിരുന്നു ഞാൻ! അങ്ങനെ മുഖരോമങ്ങളും ചെവി രോമങ്ങളും തല രോമങ്ങളുമൊക്കെ നീണ്ട് വളർന്ന് കുറേക്കാലമായി ആള് കയറാത്ത വീട്ടുമുറ്റം പോലെയായി തീർന്നിട്ടുണ്ടായിരുന്നു. ചെവിരോമം കൊമ്പ് പോലെ രണ്ട് ഭാഗത്തും വളർന്ന് നിൽപ്പുണ്ട്. തലരോമത്തെ ഒതുക്കാൻ റബർ ബാൻഡും ലോഹ വളയങ്ങളും ഉപയോഗിക്കാൻ ഇതിനകം തന്നെ ശീലിച്ചിട്ടുണ്ട്.
പക്ഷേ ഈ രോമവളർച്ചക്കിടയിൽ ശല്യക്കാരായിരുന്നു മൂക്കിലെയും, മേൽമീശയിലേയും കീഴ്താടിയിലെയും രോമങ്ങൾ. മൂക്കിലെ രോമങ്ങൾ നീണ്ട് വന്ന് പന്നിയുടെ തേറ്റ പോലെയായി തോന്നുന്നത് കൊണ്ട് അവറ്റകളെ ഒരതിര് വിട്ട് വളരാൻ ഞാൻ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല. മേല്മീശരോമങ്ങളും അങ്ങനെത്തന്നെ. അവയാണെങ്കിൽ ഭക്ഷണം നീട്ടിപ്പിടിക്കാനെന്ന ഭാവേന, നീണ്ട് വളഞ്ഞ് വായ്ക്കുള്ളലേക്ക് കയറാനുള്ള തിടുക്കത്തിലായിരുന്നു. അവയെയും ഞാൻ നിഷ്കരുണം തടഞ്ഞു; അല്ല, വെട്ടിയൊതുക്കി അടക്കിയിരുത്തി. കീഴ്ത്താടിരോമങ്ങളാണെങ്കിൽ സ്പ്രിങ് പോലെ വലഞ്ഞുലഞ്ഞ് വളർന്ന്, പരസ്പരം കെട്ടുപിണഞ്ഞ് സ്വയം കുടുക്കുകൾ തീർത്തുകൊണ്ടിരുന്നു. ആ കുടുക്കുകൾ കാരണം, എത്ര ക്രീം പുരട്ടിയിട്ടും ചീകിയൊതുക്കാൻ ബുദ്ധുമുട്ടായിരുന്നു. അതുകൊണ്ട്, അവയുടെ തുമ്പുകളും ഇടയ്ക്കിടെ വെട്ടേണ്ടി വന്നിരുന്നു.
ഇങ്ങനെ കൃത്യമായ ഇടവേളകളിൽ വെട്ടിയൊതുക്കിക്കൊണ്ടിരുന്നതിനാൽ, മൂക്കിലെ രോമം ഈ അതിക്രമം കാണിക്കാൻ സാധ്യതയില്ലെന്നാണ് ഞാൻ കരുതിയത്. എന്നാലും ഒരു പ്രശ്നം വന്നാൽ... ഒരു സംശയം വന്നാൽ... അത് തീർക്കേണ്ടതുണ്ടല്ലോ. ഞാനൊരു കത്രികയെടുത്ത് വിടർത്തി, അതിന്റെ ഒരു കാല് ഉള്ളിലേക്ക് കയറിയിട്ടുണ്ടോ എന്ന് സംശയിക്കുന്ന രോമത്തിന്റെ ചുവടിൻറെ അടിയിലൂടെ പതുക്കെ കയറ്റി പുറത്തോട്ട് വലിക്കാൻ ശ്രമിച്ചു. അപ്പോൾ നിരീക്കാതെ ഉണ്ടായ ശക്തമായ തുമ്മലിൽ കത്രിക തെറിച്ച് കണ്ണാടിയിൽ കൊണ്ട് പൊളിഞ്ഞ് വീഴേണ്ടതായിരുന്നു! അത്രയ്ക്കും ശക്തമായാണ് ഞാനപ്പോൾ തുമ്മിയത്. ശരിയായിരുന്നു... എന്റെ കണ്ടു പിടുത്തം ശരിയായിരുന്നു... കത്രിക കൊണ്ട് വലിക്കാൻ ശ്രമിച്ച രോമം മൂക്കിനുള്ളിലേക്ക് കയറിയിട്ടുണ്ട്. അത് മൂക്കിനുള്ളിൽക്കൂടി വലിഞ്ഞപ്പോഴാണ് ഞാൻ ശക്തമായി തുമ്മിയത്!
ആ രോമം എങ്ങനെ വളഞ്ഞ് ഉള്ളിലേക്ക് കയറിയെന്ന് ഞാനതിശയപ്പെട്ടു. മൂക്കിൽ നീണ്ട് വരുന്ന രോമങ്ങൾ യഥാസമയങ്ങളിൽ കത്രിച്ചിട്ടും ഈ രോമം മാത്രം എങ്ങനെ ഒഴിഞ്ഞു പോയി എന്നതിന് ഒരു ന്യായയീകരണവും കിട്ടിയില്ല. പോരാഞ്ഞതിന്, മൂക്കിന്റെ തുമ്പിനോട് അടുത്തുണ്ടായിരുന്നിട്ടും, പുറത്തേക്ക് വളരുന്നതിന് പകരം എന്റെ എല്ലാ നോട്ടത്തെയും കബളിപ്പിച്ച് ഉള്ളിലേക്ക് എപ്പോൾ കയറിപ്പോയിരിക്കാം എന്നാലോചിച്ച് കത്രികയും പിടിച്ച് ഇത്തിരി നേരം അന്തിച്ചിരുന്നു.
തുമ്മൽ ഒന്നടങ്ങിയപ്പോൾ, വീണ്ടും കത്രികയുമായി അകത്ത് അതിക്രമിച്ച് കയറിയവനെ പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. പതുക്കെ വലിച്ച് സമയമെടുത്താൽ വീണ്ടും തുമ്മൽ ആരംഭിക്കുമോ എന്ന സംശയം ഉള്ളതിനാൽ കുറച്ച് കൂടി വേഗതയിൽ കത്രികയുടെ കാലു കൊണ്ട് തിക്കി വലിച്ചു. വലിക്കുമ്പോൾ വീണ്ടും തുമ്മുന്നുണ്ട്... ഓരോ തവണ വലിക്കുമ്പോഴും 'ഇപ്പോൾ തീരും... ഇപ്പോൾ തീരും...' എന്ന വിചാരം ഉണ്ടായെങ്കിലും അതിന്റെ നീളം എന്നെ പരിഭ്രമപ്പെടുത്തി. എന്നിരുന്നാലും നിരന്തരമായ പരിശ്രമത്തിനൊടുവിൽ ആ മഹാനായ കുഞ്ഞ് രോമം ഒടുവിൽ മുഴുവനായും പുറത്തെത്തിച്ചേർന്നു. എന്റെ കണ്ണ് ഞാനറിയാതെ തന്നെ മിഴിച്ച് വന്നു... ഏകദേശം പതിനഞ്ച് സെന്റീമീറ്ററോളം നീളമുണ്ടായിരുന്നു ആ രോമത്തിന്! ഇന്ന് എന്റെ തലയിലുള്ള ഏറ്റവും നീളം കൂടിയ മുടിയുടെ മുക്കാൽ ഭാഗത്തോളം വരും! എന്നുവച്ചാൽ, ചുരുങ്ങിയത് കഴിഞ്ഞ എട്ടൊൻപത് മാസങ്ങളായി കത്രികവെട്ടിൽ നിന്നും രക്ഷപ്പെട്ട് ഒളിച്ചിരിക്കുകയായിരുന്നു പഹയൻ! ഇത്രയും നീളത്തിൽ ഉള്ളിൽ കയറിയിട്ടും ഇത്ര നാളും എന്തുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി!! അത് വളർന്ന് ശ്വാസകോശം വരെ നീണ്ട് വളരുന്ന കാര്യം, ഒരു പുലി നഖം നെഞ്ചിലൂടെ കയറുന്നത് പോലെ അറിയാതെ ആലോചിച്ച് പോയി!!
ആ നീളൻ രോമാക്രമി പുറത്തെത്തിയതിൽ സന്തോഷമുണ്ടായിരുന്നെങ്കിലും, മൂക്കിലേക്ക് അതിക്രമിച്ച് കയറി എന്റെ ശ്വാസം എന്നെന്നേക്കുമായിത്തന്നെ നിർത്തിക്കുന്ന രീതിയിൽ ആക്രമിച്ച് വളർന്ന ആ രോമത്തോട് അടങ്ങാത്ത ദേഷ്യമായിരുന്നു അതിനെ കണ്ടമാത്രയിൽ എനിക്കുണ്ടായത്. ആ രോമം ഒരു ജീവിയായിരുന്നെങ്കിൽ അതിന്റെ മൂക്കിൽ ഒരു കമ്പെടുത്ത് തുളച്ച് കയറ്റി ഞാനതിനെ ചുട്ട് കൊന്നേനെ! പക്ഷേ ഇത് ഒരു രോമമായിപ്പോയി; വെറും രോമം. രോമത്തിന് ശരീരത്തിന്റെ പല ഭാഗങ്ങളിൽ പല പല പേരുകളാണെങ്കിലും ദേഷ്യം വന്നാൽ ഇന്നത്തെ സാധാരണ ജനം അറിയാതെ പറഞ്ഞുപോകുന്ന ഒരു വാക്ക് എന്റെ മനസ്സിലും തികട്ടി വന്നു... അതെ... അത് തന്നെ... 'തൈരി'ലെ 'ത' യ്ക്ക് പകരം 'മ' ചേർത്ത് പറയുന്ന വാക്ക്!
പണ്ട്, ചാണക്യൻ വഴിയിലൂടെ നടക്കുന്ന സമയത്ത് കാലിൽ തുളഞ്ഞ് കയറിയ കൂർത്ത ഉണക്കപ്പുല്ലുകളെ അദ്ദേഹം കൈകാര്യം ചെയ്ത രീതി എനിക്കോർമ്മ വന്നു. അതുപോലെ തന്നെ ഈ ഉപദ്രവകാരിയായ രോമപ്പുല്ലിനെയും കൈകാര്യം ചെയ്യണമെന്ന് മനസ്സിലതിയായി ആഗ്രഹിച്ചു. പക്ഷേ ഞാനാര്... ചാണക്യനാര് എന്ന താരതമ്യചിന്തയിൽ എന്റെ വലുപ്പത്തെക്കുറിച്ച് വ്യക്തമായ ധാരണ വന്നത് കൊണ്ട് അധികമൊന്നും ചിന്തിക്കാതെ ആ നീളൻ മൂക്കൻ രോമത്തെ വലിച്ചിഴച്ച് കച്ചറ ഡബ്ബയിലിട്ട് മൂടി!
***