ആദ്യഭാഗം വായിക്കാൻ താഴെ ക്ലിക്ക് ചെയ്യുക:
ഉറഞ്ഞ് തുള്ളിയ കുടൽമാലകൾ (അലാക്കിന്റെ യാത്ര - 1)
ബാംഗ്ളൂർ എന്ന വലിയ നഗരത്തിലെ മാർത്തഹള്ളി എന്ന പട്ടണത്തിലാണ് അളിയനും കുടുംബവും താമസം. അവിടെയെത്തിയ രാത്രിയിൽ തന്നെ ഡോക്ടറെ കാണിച്ചാലോ എന്ന് ഞാൻ അന്വേഷിച്ചു. ഈ വൈകിയ സമയത്ത് ക്ലിനിക്കുകളൊക്കെ അടച്ച് കാണുമെന്നും, ഇനി ആശുപത്രിയിൽ തന്നെ പോകേണ്ടി വരുമെന്നും വലിയ കുഴപ്പം ഒന്നും ഇല്ലെങ്കിൽ അടുത്ത ദിവസം പോകാമെന്നും എല്ലാവരും പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. ജീവനുണ്ടെങ്കിൽ പോയാൽ മതിയല്ലോ എന്നാണ് ആദ്യം ചിന്തിച്ചതെങ്കിലും, അടുത്ത ദിവസം എങ്ങനെ പുലർത്തിയെടുക്കാമെന്നായി പിന്നെയുള്ള ചിന്ത. നല്ല ചൂടുള്ള കഞ്ഞിവെള്ളവും ഇത്തിരി വറ്റും മാത്രം വാരിക്കുടിച്ച് ഞാൻ വീണ്ടും കിടന്നു. ഒന്ന് കുളിക്കാനനുള്ള ത്രാണി പോലും എനിക്കുണ്ടായിരുന്നില്ല.
എന്തായാലും രാത്രിയിൽ ഛർദ്ദിക്കാനൊന്നും തോന്നിയില്ല. എന്നാലും ഉറക്കം വളരെക്കുറവായിരുന്നു. ഏകദേശം രണ്ട് ദിവസങ്ങളായി ശരിക്കും ഉറങ്ങിയിട്ടില്ല. ഒടുവിൽ, എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു.
അന്ന് ഉച്ചക്ക് എന്റെ മൂത്ത മകൾ പാറുവിന്റെ ബാഗ്ലൂർ വെർഷൻ പിറന്നാൾ ആഘോഷത്തിന് അളിയൻ ജിതേഷ് പ്ലാനിട്ടിരിക്കുകയായിരുന്നു. അതിനായി, ബാംഗളൂരിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളെയൊക്കെ അവൻ ക്ഷണിച്ചിട്ടുണ്ട്. ആരെയൊക്കെ ക്ഷണിച്ചു എന്നെനിക്കറിയില്ലെങ്കിലും ആ ഒരു അന്തരീക്ഷത്തിൽ അങ്ങനെയൊരു പിറന്നാളാഘോഷം വേണോ എന്ന ശങ്കയിലായിരുന്നു ഞാൻ. അവൻ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെങ്കിലും, മോൾക്ക് വേണ്ടി പുത്തനുടുപ്പ് വാങ്ങിച്ചിട്ടുണ്ടെങ്കിലും, കുട്ടികളൊക്കെ ആഘോഷത്തിന് കാത്തിരിക്കുകയാണെങ്കിലും, ഞാൻ വെറുതെ ചോദിച്ചു: "നമുക്ക് ഈ പരിപാടി ക്യാൻസൽ ചെയ്തുകൂടേ...ക്ഷണിച്ചിട്ടുള്ളവരോട് എന്റെ അസുഖം കാരണമായി പറഞ്ഞാൽ പോരേ..."
എനിക്കാരെയും കാണണമെന്നേ ഉണ്ടായിരുന്നില്ല. അവരൊക്കെ വന്നാൽ അവരുടെ കൂടെയിരുന്ന് സംസാരിക്കാനും സല്ലപിക്കാനുമുള്ള മനഃസ്ഥിതി എനിക്കൊട്ടും ഉണ്ടായിരുന്നില്ല. എന്തായാലും ക്യാൻസൽ ചെയ്യാനുള്ള എന്റെ ആഗ്രഹമൊന്നും നടന്നില്ല. പക്ഷേ അതിനിടയിൽ, എന്നെ സംബന്ധിച്ചടുത്തോളം നല്ലൊരു കാര്യമാണെങ്കിലും മോശമായൊരു കാര്യം നടന്നു. പാറു വീണ്ടും ഛർദ്ദിച്ചു. പിറന്നാൾകാരിക്ക് തന്നെ അസുഖമാവുമ്പോഴെങ്കിലും പിറന്നാൾ പരിപാടി ഉപേക്ഷിക്കുമെന്ന് ഞാനാശിച്ചു. ഞാൻ വീണ്ടും എന്റെ ആഗ്രഹം പറഞ്ഞെങ്കിലും എല്ലാവർക്കും വിമുഖതയായിരുന്നു. പക്ഷേ എന്റെ ഭാര്യാപിതാവിന്റെ മുഖത്ത് ഒട്ടും ഉത്സാഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഇടയ്ക്കിടെ എന്റെയടുത്ത് വന്നിരിക്കും. എങ്ങനെയുണ്ടെന്ന് ചോദിക്കും, നെറ്റിയിൽ കൈ വെക്കും. പുറത്ത് പോയി കുറച്ചിരുന്നതിന് ശേഷം വീണ്ടും വന്ന് അതേ കാര്യം ആവർത്തിക്കും.
ഒന്ന് ഛർദ്ദിച്ചെങ്കിലും പാറു വീണ്ടും ഉന്മേഷവതിയായി. അവൾ പിന്നെയും ഭക്ഷണം കഴിച്ചു. നല്ല കാര്യം തന്നെയാണെങ്കിലും എന്റെ കാര്യം അങ്ങനെയല്ലല്ലോ. ക്ഷണിച്ചവരോട് വരണ്ട എന്ന് വിളിച്ച് പറഞ്ഞ്, അവിടെയുള്ള ആളുകൾ മാത്രമായി പരിപാടി ചുരുക്കാൻ പറ്റുമോ എന്ന ശ്രമവും പൊളിഞ്ഞു.
പെട്ടന്ന് ഒരു ഡോക്ടറെ കാണാനായിരുന്നു എന്റെ ഉത്സാഹം. അവരൊക്കെ സാധാരണയായി കാണിക്കുന്ന ഡോക്ടർ തിങ്കളാഴ്ചയെ ഉണ്ടാവൂ എന്ന കാര്യം അപ്പോഴാണ് അളിയൻ പറഞ്ഞത്. തിങ്കളാഴ്ച ആവണമെങ്കിൽ ഒരു രാത്രി കൂടി പുലരണം. അതുവരെ പിടിച്ച് നിൽക്കാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അതിനടുത്ത് ഒരു ക്ലിനിക്കുണ്ട്. പക്ഷേ അവിടത്തെ ഡോക്ടർമാരെക്കുറിച്ച് ആർക്കും വലിയ അഭിപ്രായം പോരാ. എന്ത് വന്നാലും ശരി, വൈകുന്നേരം, പിറന്നാൾ പരിപാടിക്ക് ശേഷം, ആ ക്ലിനിക്കിൽ പോയി കാണിക്കാം എന്ന് ജിതേഷുമായി സംസാരിച്ച് ഉറപ്പിച്ചു. ജിതേഷില്ലെങ്കിൽ എനിക്കവിടെ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.
എന്നിരുന്നാലും എന്റെ പ്രശ്നങ്ങൾ അതേ തീവ്രതയിൽ മറ്റുള്ളവരെ കാണിക്കാതിരിക്കാൻ ഞാൻ അഭിനയിച്ചു കൊണ്ടിരുന്നു. അതുകൊണ്ടായിരിക്കാം, ഞാൻ ഡോക്ടറെ കാണിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നപ്പോഴും അവിടെയുണ്ടായിരുന്നവർ അതിന് വലിയ പ്രാധാന്യം കൊടുക്കാതിരുന്നത്.
ഉച്ചയോടടുപ്പിച്ച്, ബന്ധുക്കൾ ഓരോരുത്തരായി എത്താൻ തുടങ്ങി. വന്നയുടനെ എല്ലാവരും അന്വേഷിക്കുന്നത് എന്നെയാണ്. എനിക്കാണെങ്കിൽ നടക്കാനുള്ള ആരോഗ്യം പോലും നഷ്ടപ്പെട്ടത് പോലെയാണ്. അവരൊക്കെ വരുമ്പോൾ, ഞാനൊന്ന് ഹാളിൽ പോയി ഇരിക്കും; പിന്നെ സുഖമില്ലെന്ന് പറഞ്ഞ് വീണ്ടും വന്ന് കിടക്കും. എല്ലാവരും എന്നെക്കുറിച്ച് സഹതപിച്ചു. അതിനിടയിൽ അവിടെ വന്ന ഒരാൾ എന്നെ മുന്നേ കണ്ടിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും, ഞാനൊരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹത്തോട് കട്ടായം പറഞ്ഞ് മിണ്ടാതിരുന്നു. അദ്ദേഹത്തെ ഞാൻ മുന്നേ കണ്ടിട്ടുണ്ടോ എന്നൊന്നും ചിന്തിക്കാനോ, എപ്പഴാണ് തമ്മിൽ കണ്ടതെന്ന് ചോദിക്കാനോ എനിക്ക് തോന്നിയില്ല. എന്നിരുന്നാലും 'ഇവനെന്ത് പറ്റി' എന്ന തരത്തിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ തുറിച്ച് നോക്കിയത് ഞാൻ ഒരു കോണിൽക്കൂടെ കണ്ടു.
അവസാനം, കേക്ക് മുറിക്കുന്ന സമയമെത്തി. എല്ലാവരും അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. വയ്യാതിരിക്കുന്ന ഞാനും ഒരു ജീൻസും ടിഷർട്ടും ധരിച്ച്, ചുണ്ടിൽ പുഞ്ചിരിയുണ്ടെന്ന് വരുത്തി, മോളുടെ കൂടെ കുടുംബ സമേതം ഇരുന്നു. പല തരത്തിൽ, പല കോമ്പിനേഷനുകളിൽ ഫോട്ടോ എടുക്കേണ്ടതുണ്ടല്ലോ. കേക്ക് മുറിയും ബർത്ത്ഡേ പാട്ട് പാടലും കേക്ക് എല്ലാവരുടെ ചുണ്ടുകളിൽ വച്ചുകൊടുക്കുകയും ചെയ്യുന്ന പരിപാടികളൊക്കെ കഴിഞ്ഞു. എല്ലാവരും ഭക്ഷണം കഴിക്കാനായി കൈയ്യിൽ പ്ളേറ്റുകളെടുത്തു. ഞാനും വേഗത്തിൽ എന്തോ കഴിച്ചെന്നും വരുത്തി, പെട്ടന്ന് തന്നെ അകത്ത് പോയിക്കിടന്നു. അധികമാരും സംസാരിച്ച് വിഷമിപ്പിക്കാൻ വരാഞ്ഞത്, എനിക്ക് ശരിക്കും അനുഗ്രഹമായിരുന്നു.
അതിനിടയിൽ, ജിഷയുടെ ഒരു അടുത്ത ബന്ധുവും ഭാര്യയും ഉള്ളിലേക്ക് വന്നു. "വേണുവേട്ടനും ജീഷേച്ചിക്കും ഈ ബുധനാഴ്ച വൈകുന്നേരം വീട്ടിൽ വരാൻ പറ്റുവോ?"
"എടാ.. ഈ അവസ്ഥയിൽ ഞാൻ അമേരിക്കയിലേക്ക് തന്നെ പോവോന്ന് സംശയാ... എന്നിട്ടാ ഇനി നിന്റെ വീട്..." ഇവനൊക്കെ എങ്ങനെയെങ്കിലും അവിടുന്ന് ഒന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു എനിക്ക്. എന്നാലും പറ്റുന്ന പോലെ നോക്കാം എന്ന് ഞാൻ അവന് ഉറപ്പ് കൊടുത്തു. മടങ്ങിപ്പോകുന്ന പോക്കിൽ, ജിഷയോടും, ജിതേഷിനോടും അവന്റെ ഭാര്യയും എന്റെ മൂത്തമ്മാമന്റെ ഇളയ മകളുമായ മായയോടുമൊക്കെ, 'നിങ്ങളെല്ലാരും ചിക്കൻ കഴിക്ക്വല്ലോ... വേണുവേട്ടൻ മീൻ കഴിക്കില്ലേ... അപ്പോ മീൻ കറി റെഡ്യാക്കാം... മുട്ട കഴിക്കുന്നതിൽ പ്രശ്നോന്നുല്ല്യാലോ...' എന്നൊക്കെ ചോദിച്ച് ഉറപ്പ് വരുത്തുന്നത്, ഞാൻ അകത്ത് കിടന്നു കൊണ്ട് കേട്ടു. എന്തായാലും ബുധനാഴ്ച രാത്രിയിലെ അത്താഴം, ജിഷയുടെ കസിൻ അനിയന്റെ വീട്ടിൽ സെറ്റായി.
"വേണുവേട്ടന് ഇനി മ്മളെ വീട്ടിലൊക്കെ വരാൻ ബുദ്ധിമുട്ടാവും ല്ലേ..." യെലഹങ്കയിൽ താമസിക്കുന്ന മൂത്തമ്മാമന്റെ മൂത്ത മകൾ പ്രിയയും ഭർത്താവ് ജയ്‌ദീപും വന്ന് പറഞ്ഞപ്പോൾ "ഒന്നും അറിഞ്ഞൂടാ... സാധ്യതയൊട്ടും കാണുന്നില്ല" കൂടുതലും ആംഗ്യഭാഷയിലായിരുന്നു പ്രതികരണം.
"ന്നാ സൗകര്യം പോലെ വരാൻ നോക്ക്... അല്ലെങ്കിൽ അടുത്ത വരവിൽ കാണാം..." എന്നും പറഞ്ഞ് അവരും ഇറങ്ങി.
അങ്ങനെ എന്റെ കസിൻ സന്ദീപും ഭാര്യ സനിനയും, ഭാര്യയുടെ കസിൻ സന്ദീപും ഭാര്യ മഞ്ജുഷയും, മഞ്ജുഷയുടെ അച്ഛനമ്മമാരും ഒന്ന് തല കാണിക്കാൻ വന്ന് മടങ്ങിപ്പോയി. അപ്പോഴാണ് നേരത്തേ എന്നെ അറിയാമെന്ന് പറഞ്ഞയാൾ, ജിഷയുടെ കസിന്റെ ഭാര്യാപിതാവാണെന്ന് എനിക്ക് മനസ്സിലായത്. അതെ, അദ്ദേഹത്തെ എനിക്കറിയാം, നേരത്തെ കണ്ടിട്ടുണ്ട്. പക്ഷേ ക്ഷമാപണത്തിനൊന്നും അപ്പോൾ സ്കോപ്പുണ്ടായിരുന്നില്ല. സനൂപും ഷൈനിയും കുട്ടികളെയെല്ലാം കൂട്ടി അവരുടെ വീട്ടിലേക്കും പോയി. ജിതേഷിന്റെ വീടിന്റെ തൊട്ടപ്പുറത്ത് തന്നെയാണ് അവരുടെ വീട്.
അങ്ങനെ എല്ലാവരും പോയപ്പോൾ, ഞാൻ ജിതേഷിനോട് 'ഒന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാമോ' എന്ന് ചോദിച്ചു. എന്റെ മുഖത്തെ ദൈന്യത കണ്ടിട്ടാവണം, അവൻ ഉടനെത്തന്നെ അടുത്തുള്ള ക്ലിനിക്കിൽ പോകാമെന്ന് പറഞ്ഞു. ഞാനുടനെത്തന്നെ തയ്യാറായി, അവന്റെ കൂടെ കാറിൽ ക്ലിനിക്കിലേക്ക് പോയി.
നോക്കുമ്പോൾ അവിടെ വലിയ തിരക്കൊന്നുമില്ല. അവിടെയിരുന്നപ്പോൾ, അവിടെയുണ്ടായിരുന്ന വെള്ളക്കോട്ടിട്ട സിസ്റ്റർമാരുടെ കൂടെ ഒരു പയ്യൻ എന്തൊക്കെയോ കൊഞ്ചിക്കൊണ്ട് നടക്കുന്നത് കണ്ടു. ഒടുവിൽ ആ പയ്യൻ അപ്രത്യക്ഷനായി.എന്റെ ടോക്കൺ വിളിച്ചു. ഞങ്ങൾ ഉള്ളിൽ കയറി. നോക്കുമ്പോഴതാ, ആ പയ്യൻ അവിടെ ഒരു സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കിയിരിക്കുന്നു. അവന്റെ ഡ്രസ്സ് സംവിധാനം നേരത്തെ കണ്ടപ്പോൾ തോന്നിയത്, അവൻ അവിടത്തെ ഏതോ ഓഫീസ് സ്റ്റാഫായിരിക്കുമെന്നാണ്. എന്തായാലും എംബിബിഎസ് പാസായിട്ട് അധിനാളൊന്നുമായിരിക്കില്ല. പ്രവർത്തിപരിചയം തീരെയുണ്ടാവാനിടയില്ലാത്ത ഒരു ഡോക്ടർ!
എന്തായാലും ഞാനെന്റെ അസുഖം പറഞ്ഞു. നാട്ടിൽ നിന്ന് വാ തുറക്കാൻ പറ്റാത്തത് മുതലുള്ള എല്ലാ കഥയും. എങ്ങനെയെങ്കിലും മോർഫിൻ പോലുള്ള എന്തെങ്കിലുമൊരു ഇഞ്ചക്ഷൻ കിട്ടി വേദന കുറഞ്ഞാൽ മതി എന്നായിരുന്നു ഞാനപ്പോൾ ചിന്തിച്ചത്. സശ്രദ്ധം എന്നെ ശ്രവിച്ച അദ്ദേഹം, ഇത് വെറും അസിഡിക്-ഗ്യാസ്ട്രിക് പ്രശ്നമാണെന്ന് പ്രഖ്യാപിച്ചു. എന്ത് പണ്ടാരമായാലും എനിക്ക് പെട്ടന്ന് ആശ്വാസം വേണമെന്ന് ഞാനദ്ദേഹത്തോട് കേണു. മൂന്ന് ദിവസങ്ങൾ കഴിഞ്ഞാൽ യുഎസ്സിലേക്ക് പറക്കേണ്ടയാളാണ്. എന്നാലും ഇഞ്ചക്ഷൻ വേണമെന്ന് ഞാൻ തുറന്ന് പറഞ്ഞില്ല.
അദ്ദേഹം പ്രസ്‌ക്രിപ്‌ഷൻ എഴുതാൻ തുടങ്ങി, പിന്നെ അത് വിശദീകരിക്കാനും. ഒരു അന്റാസിഡ് ഗുളികയും വേറെന്തോ ഗുളികയുമുണ്ട്. പിന്നെ ഒരു ഇഞ്ചക്ഷനും! അത് അവിടെത്തന്നെ എടുക്കാം. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്ന്! എന്തായാലും ഇഞ്ചക്ഷനെടുത്തൽ പെട്ടന്നൊരു ആശ്വാസം കിട്ടുമല്ലോ എന്നോർത്ത് ഞാനാശ്വസിച്ചു.
ജിതേഷ് ഉടനെ ഫാർമസിയിൽ പോയി മരുന്നുകൾ വാങ്ങി വന്നു. ഇഞ്ചക്ഷൻ മരുന്നെവിടെ എന്ന് ചോദിച്ച് വന്നത് നേരത്തെ ഡോക്ടറുമായി കൊഞ്ചിയിരുന്ന ഒരു മാലാഖയായിരുന്നു. വേറെ രോഗികൾ ആരും ഇല്ലാതിരുന്നതിനാൽ ഡോക്ടർ വീണ്ടും പുറത്ത് ഉലാത്താൻ തുടങ്ങി. ജിതേഷ് ഇഞ്ചക്ഷൻ മരുന്നെടുത്ത് മാലാഖക്ക് കൊടുത്തു. എന്നോട് കിടക്കാൻ പറഞ്ഞു. ഇഞ്ചക്ഷൻ ചന്തിക്ക് വെക്കാനായിരിക്കും എന്നോട് കിടക്കാൻ പറഞ്ഞതെന്ന് ഞാൻ കരുതി. പക്ഷേ അവൾ എന്റെ വലത് കൈയ്യായിരുന്നു ഇഞ്ചക്ഷൻ വെക്കാനായി തിരഞ്ഞെടുത്തത്. കൈയ്യിൽ ഇഞ്ചക്ഷൻ വെക്കാൻ എന്തിനാണ് കിടക്കുന്നതെന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല. വേദനയുണ്ടാവുമോ എന്ന് ഞാൻ ഭയന്നെങ്കിലും, ആ മാലാഖ വളരെ സമർത്ഥമായി ഒരു പോറൽ വേദന പോലും അറിയിക്കാതെയായിരുന്നു ഇഞ്ചക്ഷൻ വച്ചത്. വളരെ സന്തോഷത്തിൽ അവരോട് നന്ദി പറഞ്ഞ് അവിടെനിന്നും ഇറങ്ങി, നേരെ വീട്ടിലേക്ക്.
വീട്ടിൽ വന്നപ്പഴേക്കും വൈകുന്നേരം ആറരയായി.രാത്രി കഴിക്കേണ്ടിയിരുന്ന മരുന്നുകൾ ഇത്തിരി നേരത്തേ കഴിച്ച് ഞാൻ വീണ്ടും കിടന്നു. ഇഞ്ചക്ഷൻ വച്ചതിന് ശേഷം, ചെറിയ ആശ്വാസം തോന്നിയത്, അവിടെയുണ്ടായിരുന്ന എല്ലാവരിലേക്കും പടർന്നിരുന്നു.
ആശ്വാസം ഉണ്ടെന്ന പ്ലാസിബോ ഇഫക്ടിൽ ഏകദേശം ഒരു മണിക്കൂറോളം ഞാൻ മയങ്ങിക്കാണണം, വല്ലാത്തൊരു വിമ്മിട്ടത്തോടെ ഞാൻ എഴുന്നേറ്റു. എനിക്ക് വല്ലാതെ പരവേശം കൂടിയിരിക്കുന്നു. എഴുന്നേറ്റിരിക്കാനും വീണ്ടും കിടക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇഞ്ചക്ഷൻ വെറും പച്ചവെള്ളമായിരുന്നോ എന്ന് ഞാൻ ചിന്തിച്ച് പോയി. നാണം കൊണ്ട് എന്റെ വെപ്രാളനാട്യങ്ങൾ കുറച്ചൊക്കെ ഒതുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഒളിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്റെ പരവേശം കണ്ട്, ഭാര്യാപിതാവ് പോയി വേറൊരു കട്ടിലിൽ കമഴ്ന്ന് വീണു.
"അഥവാ എനിക്ക് വരാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ യുഎസ് യാത്ര മുടക്കേണ്ട.. കേട്ടോ.. പാറൂന്റെ കോളജ് ഓറിയന്റേഷൻ പ്രോഗ്രാം ഒക്കെയുള്ളതല്ലേ... ഞാൻ ഇതൊക്കെ ഒന്ന് സുഖപ്പെട്ടതിന് ശേഷം പിന്നെ വന്നോളാം..." ഞാൻ അടുത്തിരുന്ന ജിഷയോട് പറഞ്ഞു. അവൾ എന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ആ സമയത്ത് ഷൈനിയും സനൂപും അവിടേക്ക് വന്നു.
"നമുക്ക് ഏതെങ്കിലും എമർജെൻസിയിൽ പോയാലോ... ഇതിങ്ങനെ പോയാ ശരിയാകുന്ന ലക്ഷണമില്ല... ഇങ്ങനെ ശരിയാകൂല്ല..." ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.
"എന്നാപ്പിന്നെ നമുക്ക് മണിപ്പാൽ ഹോസ്പിറ്റലിൽ പോയാലോ..." സനൂപ് അതും പറഞ്ഞ് ഹോസ്പിറ്റൽ നമ്പർ കറക്കിക്കൊണ്ട് പുറത്തേക്ക് പോയി.
"കുറച്ച് എക്സ്പൻസീവ് ഹോസ്പിറ്റലാണ്... ഏത് സമയത്തും നമുക്ക് പോവാം..." കുറച്ച് കഴിഞ്ഞ് സനൂപ് വന്നു പറഞ്ഞു.
ഈ സമയത്ത് വീട്ടിലെ എല്ലാ പെണ്ണുങ്ങളും ആണുങ്ങളും എന്റെ ചുറ്റിലുമായുണ്ട്. ഇടക്ക് എനിക്ക് ചൂട് വെള്ളം കൊണ്ടത്തരും..
"ഇപ്പൊ വേദന എങ്ങനെയുണ്ട്.... "
"കുറച്ച് കുറവുണ്ട്..."
പിന്നെ കുറച്ച് കഴിഞ്ഞ് ജീരക വെള്ളം കൊണ്ടുവരും.
"ഇപ്പൊ നേരത്തെയുള്ള വേദനയേക്കാൾ എത്ര കുറവുണ്ട് ?"
"അറിയില്ല ന്നാലും വേദന പോയീട്ടില്ല.."
ഇടക്ക് ജിഷ വയറിൽ തടവിത്തന്നു.
"ഇപ്പൊ വേദന എന്തായാലും കുറഞ്ഞിട്ടുണ്ടാവും..."
"ഇല്ല.. വലിയ കുറവൊന്നും ഇല്ല..."
ഇങ്ങനെ ഓരോ അഞ്ച് മിനുട്ടിലും ഓരോരോ തരത്തിൽ അവിടെക്കൂടിയിരുന്ന പെണ്ണുങ്ങൾ ഊഴം വച്ച് ഊഴം വച്ച് എന്നോട് ചോദിച്ചു കൊണ്ടിരുന്നത് എനിക്ക് തീർത്തും അസഹ്യമായിത്തോന്നി. ഉത്തരം പറഞ്ഞ് ഞാൻ മടുത്തു. മാത്രവുമല്ല സംസാരിക്കാൻ പോലും ശക്തിയില്ലാത്ത അവസ്ഥയാണല്ലോ.. സ്നേഹത്തിൽ പൊതിഞ്ഞ നിർദ്ദോഷകരമായ ചോദ്യങ്ങളാണെങ്കിലും ആ അവസ്ഥയിലും എനിക്ക് ചൊടിപ്പ് തോന്നിത്തുടങ്ങി.
ഇടക്ക് ആരോ വയറിന് ചൂട് പിടിപ്പിച്ചു.
"ഇപ്പോ വേദന തീർച്ചയായും കുറഞ്ഞിട്ടുണ്ടാവും... പത്തിന്റെ സ്കെയിലിൽ എത്രയുണ്ടാവും?" ചോദ്യം സ്മിതയുടേതായിരുന്നു.
"അളന്ന് നോക്കീട്ടില്ല... അളന്നിട്ട് പിന്നെ പറയാം... സ്കെയിൽ ആദ്യം കൊണ്ടുവാ... " എനിക്ക് പെട്ടന്ന് അങ്ങനെ പറയാനാണ് തോന്നിയത്.
"എനിക്ക് കിട്ടേണ്ടത് കിട്ടി... ഞാൻ പോവ്വാ..." അതും പറഞ്ഞ് കൊണ്ട് സ്മിത പുറത്തേക്ക് പോയി.
വയറ്റിലെ വൈക്ലബ്യം അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ, ഞാനെന്റെ കാലൊക്കെ മേൽപോട്ടുയർത്തി ആശ്വാസം കണ്ടെത്താൻ ശ്രമിച്ചു തുടങ്ങി. ഇതൊക്കെ കണ്ട്, അടുത്തുണ്ടായിരുന്നവർ പരിഭ്രമിച്ച് കാണണം. പക്ഷേ അവർ പരിഭ്രമിക്കുമെന്ന് കരുതി, എനിക്ക് എന്റേതായ രീതിയിൽ ആശ്വാസം കണ്ടെത്താതിരിക്കാനാവുമോ?
അതിനിടയിൽ ജിതേഷ്, മണിപ്പാൽ ഹോസ്പിറ്റലിലെ ഹെഡ് നഴ്‌സിനെ വിളിച്ചു. ഒരു ശാരദച്ചേച്ചി; ജിതേഷിന് അറിയുന്ന ആളാണ്. ഞങ്ങളുടെ നാട്ടുകാരിയാണ്. ഏകദേശം പന്ത്രണ്ട് വർഷങ്ങളായി മണിപ്പാൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നഴ്‌സാണ്. ജിതേഷ് കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. ഇപ്പോൾ അവിടെ വന്നാൽ എങ്ങനെയൊക്കെയാവും കാര്യങ്ങൾ, ആയപ്പോൾ അവർ ഡ്യൂട്ടിയിലുണ്ടോ... അല്ലെങ്കിൽ അറിയുന്ന ആരോടെങ്കിലും പറയുവാൻ പറ്റുമോ എന്നൊക്കെയായിരുന്നു അവന്റെ ചോദ്യങ്ങൾ.
ശാരദച്ചേച്ചി അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല. ജിതേഷിന്റെ അടുത്ത് നിന്നും കാര്യങ്ങൾ ഗ്രഹിച്ച ശാരദച്ചേച്ചി പക്ഷേ കുറച്ച് കാര്യങ്ങൾ ജിതേഷിനോട് പറഞ്ഞു.
"ലക്ഷണങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിൽ വല്യ കുഴപ്പം ഉണ്ടാകില്ല. ഈ സമയത്ത് ഇങ്ങനെയുള്ള ലക്ഷണങ്ങൾ പലർക്കും ഉണ്ട്. നേരത്തെ കാണിച്ച ഡോകട്ർ പറഞ്ഞത് പോലെ അസിഡിക്-ഗ്യാസ്ട്രിക് കുഴപ്പം തന്നെയായിരിക്കും. കുറച്ച് നേരം ഇങ്ങനെയൊക്കെ തോന്നും. ഈ രാത്രി തൽക്കാലം ആശുപത്രിയിൽ പോകാതിരിക്കുന്നതാണ് നല്ലത്. അവരെ ശരിക്കും അറിയുന്നത് കൊണ്ട് പറയുവാണ്, അവർ ലോകത്തുള്ള സകല ടെസ്റ്റും ചെയ്യിപ്പിക്കും... പോരാത്തതിന് രാത്രി സീനിയർ ഡോക്ടർമാരാരും ഡ്യൂട്ടിയിൽ ഉണ്ടാവില്ല... ഏതെങ്കിലും ജൂനിയർ ഡോക്ടർമാരേ ഉണ്ടാവൂ... വേറെ വലിയ പ്രശ്നമൊന്നുമില്ലെങ്കിൽ, രാവിലെ മാത്രം ഹോസ്പിറ്റലിൽ പോയാ മതി"
കൂടാതെ ശാരദച്ചേച്ചി ഇതും കൂടെ പറഞ്ഞു:
"നിങ്ങൾക്ക് കഴിയുമെങ്കിൽ നമ്മുടെ നാട്ടിലൊക്കെ പണ്ട് ചെയ്യുന്നത് പോലെ വയറ്റിൽ കുറച്ച് ചൂട് പിടിപ്പിക്ക്. പിന്നെ പൊക്കിളിൽ(നാഭിയിൽ) കുറച്ച് കായം ഉരുക്കിയൊഴിച്ച്, വയറ്റിൽ വല്ല അമൃതാഞ്ജൻ പോലുള്ള വല്ല ബാമും പുരട്ടിക്കൊടുത്ത് നോക്ക്.. ചിലപ്പോൾ കുറവ് വന്നേക്കും... അതായിരിക്കും നല്ലത് ..."
ജിതേഷ് ഫോൺ കട്ട് ചെയ്തതിന് ശേഷം, നേരെ വന്ന് എനിക്ക് ചുറ്റുമിരിക്കുന്ന ആളുകളോട് ഈ കാര്യം പറഞ്ഞു. പിന്നെയൊരു ബഹളമായിരുന്നു. ജിഷയുടെ അമ്മയാണ് കമാൻഡർ. അവർ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ടാസ്കുകൾ നൽകപ്പെട്ടു. 'ഇപ്പ ശര്യാക്കിത്തരാം' എന്ന ടോണായിരുന്നു അമ്മായിയമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നത്. കൂട്ടത്തല്ലും അക്രമവും നടക്കുന്ന സ്ഥലത്ത്, പോലീസ് സൂപ്രണ്ട് 'ഫയർ..... ...' എന്നൊക്കെ വിളിച്ചലറുമ്പോലെ! കമാൻഡറിന്റെ ഓർഡറുകൾ അനുസരിച്ച്, മായ കായം പരതാൻ പോയി... ഷൈനി ഹോട്ട്പാക്ക് കൊണ്ടുവരാൻ പോയി. കമാണ്ടർ സ്വയം അമൃതാഞ്ജൻ എവിടെയാണെന്ന് നോക്കാൻ പോയി. ജിഷ എന്റെ കൂടെത്തന്നെയായി അവിടെയിരുന്നു.
ഇന്നത്തെ ആശുപത്രികളുടെ അവസ്ഥ നോക്കുമ്പോൾ ആശുപത്രിയിലെ ചികിത്സയുടെ കാര്യങ്ങളെക്കുറിച്ച് ശാരദച്ചേച്ചി പറഞ്ഞ കാര്യങ്ങൾ ശരിയാവാനേ വഴിയുള്ളൂ. രോഗി എന്നത് ആശുപത്രി എന്ന ഫാക്ടറിയിലെ വെറും അസംസ്‌കൃത വസ്തുവാണ്. വരുമാനം കൂട്ടാൻ ആ അസംസ്‌കൃത വസ്തുവിനെ ഏതുവിധേനയും ഉപയോഗിച്ചെന്ന് വരാം. എന്നാലും ആധുനിക ശാസ്ത്രം പഠിച്ച ഒരാൾ, വയറുവേദനക്ക്, നാഭിയിൽ കായം ഉരുക്കി ഒഴിക്കാൻ പറഞ്ഞത് എനിക്കത്ര ബോധിച്ചില്ല. നാട്ടിൽ പത്തിരുപത്തിരണ്ട് വർഷങ്ങളോളം തുടർച്ചയായി കഴിഞ്ഞ കാലത്തൊന്നും ഞാനെങ്ങനെയൊന്നും കേട്ടിട്ടില്ല. ഇതെന്താ ഈ നാഭി എന്ന് പറയുന്നത് വയറ്റിലേക്കിറക്കിവച്ച ഒരു നാളം ഒന്നും അല്ലല്ലോ. ഈ ഉരുക്കിയൊഴിക്കുന്ന കായം, ആ നാളത്തിൽക്കൂടി, നേരെ കുടൽമാലകൾക്ക് മേലെ വീഴുമെന്നാണോ ഇവരുടെയൊക്കെ ധാരണ? അങ്ങനെയാണെങ്കിൽ
"അമ്മാ... നമ്മുടെ കറിക്കായം തന്നെയാണോ.. അതോ മരുന്നിനൊക്കെ എടുക്കുന്ന ചെറുകായം എന്ന് പറയുന്ന കായം ആണോ ?..." മായക്ക് സംശയം. എന്റെ പൊക്കിളിൽത്തന്നെ കായം കണ്ടേക്കാമെന്ന് പറയാൻ തോന്നിയെങ്കിലും നാക്ക് പൊങ്ങിയില്ല.
"ആ... നീ അവിടെയുള്ള ഏതെങ്കിലും കായം എടുത്ത് വെക്ക്.. ഞാനീ അമൃതാഞ്ജനം ഒന്ന് എവിടെയാണെന്ന് നോക്കട്ടെ..." അമ്മ മൊഴിഞ്ഞു.
"സ്മിതേ... നീ നിന്റെ ആ പച്ചമരുന്ന് ഇങ്ങെടുക്ക്.. അമൃതാഞ്ജനമൊന്നും ഞാൻ കാണുന്നില്ല..." സ്മിത തായ്‌ലൻഡിൽ നിന്നും കൊണ്ടുവന്ന, വളരെ പ്രത്യേകമായ ഒരു മണമുള്ള, അവിടത്തെ ലോക്കൽ ബാമായ ഒരു മരുന്നാണ് ഈ പച്ചമരുന്ന്.
"'അമ്മേ... ഈ കായം എങ്ങനെയാണ് ഉരുക്കേണ്ടത്..." മായക്ക് പിന്നെയും സംശയം. അമ്മ ഉടനെ അടുക്കളയിൽ പോയിക്കാണണം, അതിന് മറുപടിയൊന്നും കേട്ടില്ല.
കട്ടിലിൽ മലർന്ന് കിടന്നുകൊണ്ട് ഞാനീ സംഭാഷണങ്ങളെല്ലാം കേൾക്കുകയാണ്. സ്മിത പച്ചമരുന്നുമായി മുറിയിൽ എത്തി. അപ്പഴേക്കും എവിടുന്നോ അമൃതാഞ്ജനവും അവിടെയെത്തി. ജിഷ അമൃതാഞ്ജനമെടുത്ത് വയറിൽ തടവുന്നിതിനിടയിലാണ് ഉരുക്കിയ കായവുമായി അമ്മായിയമ്മ മുറിയിലേക്ക് കടന്ന് വന്നത്. പിന്നെ നടന്നത് തികച്ചും ഒരു കൂട്ടമായ ആക്രമണമായിരുന്നു, കൈയ്യേറ്റമായിരുന്നു.
പിന്നെ എനിക്ക് എന്റെ വയറ്റിലോ എന്റെ ശരീരത്തിലോ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ഷൈനിയും മായയും സ്മിതയും ജിഷയും അമ്മായിയമ്മയും എന്റെ കട്ടിലിന് ചുറ്റും ഇരിക്കുകയോ നിൽക്കുകയോ ആണ്. അതിനിടയിൽ അമ്മായിയപ്പൻ ഒന്നെന്നെയെത്തി നോക്കി, എന്നെക്കാൾ ക്ഷീണത്തിൽ തിരിച്ച് പോയത്, ഒരു മിന്നായം പോലെ ഞാൻ കണ്ടു.
ഞാൻ ധരിച്ച ടി-ഷർട്ട് ഏകദേശം മുഴുവനായും നെഞ്ചിന് മുകളിൽ കയറ്റി വച്ചിരിക്കുകയാണ്. അമ്മായിയമ്മ ഉരുക്കിയ കായം എന്റെ നാഭിയിൽ ഒഴിക്കാൻ തുടങ്ങുമ്പോൾ എനിക്ക് ആ അവശതയിലും ചിരിയും തമാശയുമാണ് തോന്നിയത്.
"എന്റെ നാഭിയിൽ ഒഴിക്കാൻ കുറച്ചൊന്നും കായം പോരാ... ചിലപ്പോ അതീത്തന്നെ കുറച്ച് കായം കാണും..." എന്റെ നാഭിക്കുഴി ആഴവും വീതിയുമുള്ളതായിരുന്നു എന്നുള്ളതായിരുന്നു അങ്ങനെയൊരു ഡയലോഗടിക്കാൻ കാരണം.
എന്റെ ഡയലോഗ് കേട്ട് കൂടിയിരുന്നവർ പൊട്ടിച്ചിരിച്ചെങ്കിലും, എന്റെ നാഭിയിൽ ചൂടുള്ള കായം വീഴുന്നത് ഞാനറിഞ്ഞു. പിന്നെ എന്റെ വയറിന്റെ മേലെ നടന്നത്, വയലിൽ ഉഴവ് കാളകളെക്കൊണ്ട് ഉഴവിക്കും പോലെയോ, ഗുസ്തിഗോദയിൽ മല്ലയുദ്ധം നടത്തുന്നത് പോലെയോ ഉള്ള പ്രവർത്തനങ്ങളായിരുന്നു. ആരോ അമൃതാഞ്ജൻ പുരട്ടുന്നു, ആരോ തായ്‌ലൻഡിലെ പച്ചമരുന്ന് പുരട്ടുന്നു, പുരട്ടിയതിന് ശേഷം തിരുമ്മിത്തടവുന്നു, തടവലിനിടയിൽ ആരോ ഇടയ്ക്കിടെ ഹോട്ട് പാക്ക് വയറിന് മേലെ വെക്കുന്നു... അങ്ങനെ എന്തെല്ലാമോ എന്റെ വയറിന് മേലെ പരീക്ഷിക്കുകയാണ്. അഞ്ചും ആറും കൈകളുടെ ഒരുമിച്ചുള്ള പരാക്രമം! ഇതിന് മാത്രം എന്റെ വയറിന് വീതിയുണ്ടോ എന്ന് ഞാൻ ശങ്കിച്ചു. ഇത്രയും കൈകൾ എന്റെ വയറിന് മേലെ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ശരിക്കും എനിക്ക് ശ്വാസം മുട്ടാൻ തുടങ്ങി. ശ്വാസം മുട്ടുന്നെന്ന് ഞാൻ വിളിച്ച് പറയുമ്പോൾ അമ്മായിയച്ഛൻ വീണ്ടും പേടിച്ചതല്ലാതെ, എന്റെ വയറിന്റെ മേലെയുള്ള പ്രവർത്തനങ്ങൾ തീരെ നിലച്ചിരുന്നില്ല. അവർക്കൊക്കെ ഭ്രാന്ത് പിടിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. ഒന്നുകിൽ ഞാൻ മരിക്കും, അല്ലെങ്കിൽ മോഹാലസ്യപ്പെടും. ആ സമയത്ത്, എന്റെ വയറിന് മേലെ തെർമോമീറ്റർ വച്ച് ചൂട് നോക്കിയിരുന്നെങ്കിൽ, തെർമോമീറ്ററിലെ മെർക്കുറി പൊട്ടിയൊലിച്ച്, അതും എന്റെ നാഭിക്കുഴിയിൽ വീണ്, കായത്തിന്റെ കൂടെ കലർന്നേനെ! ചൂട് പിടിച്ചും പല കൈകളാൽ ഒരുമിച്ച് തിരുമ്മിയും തടവിയും എന്റെ വയറിന്റെ ചൂട് അത്രക്കും ഉയർന്നിരുന്നു.
എനിക്കൊന്ന് അനങ്ങാൻ പോലും വയ്യാത്ത വിധത്തിലായിരുന്നു അമ്മായിയമ്മയുടെ നേതൃത്വത്തിൽ എന്റെ ഉദരരോഗ ചികിത്സയുടെ ആസൂത്രണവും പ്രയോഗവും നടന്നുകൊണ്ടിരുന്നത്. കുരുക്ഷേത്രയുദ്ധഭൂമി പോലെ എന്റെ വയറങ്ങനെ പരന്നു കിടന്നു. മലർന്ന് കിടന്നുകൊടുക്കുക എന്നത് മാത്രമേ എനിക്കപ്പോൾ കരണീയമായിട്ടുണ്ടായിരുന്നുളളൂ. വയറ് കുത്തിക്കീറിയെടുത്ത് എന്റെ കുടൽമാലകൾ കഴുത്തിലണിഞ്ഞ് അമ്മായിയമ്മയും സംഘവും കോമരങ്ങൾ തുള്ളുമ്പോലെ ഉറഞ്ഞ് തുള്ളിക്കളയുമോ എന്ന് ഒരു വേള ഞാൻ ഞാൻ ഭയപ്പെട്ടു. ഈ ഭീതിദമായ രംഗം കാണാൻ വയ്യാഞ്ഞിട്ടായിരിക്കണം, ജിതേഷിനെയോ സനൂപിനെയോ ഞാനവിടെ ദർശിച്ചില്ല, ചുരുങ്ങിയത്, അവരുടെ ശബ്ദം പോലും ഞാൻ കേട്ടില്ല!
"മതിയായേ.. എന്റെ വേദന പോയേ..." ഒടുവിൽ എനിക്ക് അങ്ങനെ ഉച്ചത്തിൽ അലറിപ്പറയേണ്ടി വന്നു.
"ഇപ്പൊ എങ്ങനെയുണ്ട്?" എല്ലാവരുടെയും ചോദ്യം ഏകദേശം ഒരുമിച്ചായിരുന്നു. ഇതുവരെയുള്ള ജീവിതത്തിൽ ഒരു പക്ഷെ അവർ ചെയ്ത പ്രവർത്തികളിൽ ഏറ്റവും വിജയകരമായതും ചാരിതാർത്ഥ്യം നൽകിയതുമായി പ്രവർത്തി ഇതാണെന്നുള്ള ഒരു ഭാവം അവരിൽ ഉണ്ടായിരുന്നെന്ന് എനിക്ക് തോന്നി. ഒരു യുദ്ധം കഴിഞ്ഞത് പോലെ. ഞാനും അവരും ഒരുപോലെ കിതക്കുകയായിരുന്നെങ്കിലും, അവരിൽ ഒരു മന്ദഹാസം സ്ഫുരിച്ച് മുഖത്ത് നിഴലിച്ചിരുന്നു. ആ സമയത്തെങ്കിലും 'മതിയായേ...' എന്ന് ഞാൻ അലറിയില്ലായിരുന്നെങ്കിൽ, അവർ തീർച്ചയായും അമ്മിക്കുട്ടി കൊണ്ടുവന്ന് എന്റെ വയറ്റിലിടിച്ചേനെ!
ഞാൻ അവരോട് കൈ കൂപ്പിയതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല. ഇപ്പോ വേദന കുറഞ്ഞെന്ന് അവരെ ആംഗ്യഭാഷയിൽ അറിയിച്ചു. വേദന മാറിയില്ലെന്ന് പറഞ്ഞാൽ അവർ വീണ്ടും എന്റെ വയറിന് മേലെ നൃത്തം ചെയ്യുമെന്ന് ഞാൻ ഭയന്നു.
സത്യത്തിൽ ഞാൻ മോഹാലസ്യത്തിലേക്ക് വഴുതുകയായിരുന്നു. അറിയാതെ ഞാൻ ഉറങ്ങിപ്പോയി. പിന്നെ ഉറക്കമുണർന്നപ്പഴേക്കും സമയം പാതിരാ കഴിഞ്ഞു കാണണം, മറ്റുള്ളവർ ഉറക്കമായിരുന്നു. പക്ഷേ അപ്പഴേക്കും എന്റെ വയറ്റിലെ പ്രശ്നം പമ്പ കടന്ന് പോയിരുന്നു. കായമാണോ, അതോ അമൃതാഞ്ജനമാണോ, തായ്‌ലൻഡിലെ പച്ചമരുന്ന് ബാം ആണോ, അതോ അവരുടെ കൈപ്രയോഗങ്ങളായിരുന്നോ, അതോ അവയുടെ ആകത്തുകയായിരുന്നോ എന്താണ് പ്രവർത്തിച്ചതെന്നറിയില്ല, എന്റെ വേദന പോയിരിക്കുന്നു. അമ്മായിയമ്മയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണം കാരണം, പേടിച്ചവശരായ കുടൽമാലകൾ യഥാസ്ഥാനത്ത് വീണ്ടും ശാന്തരായി ഇരുന്നുപോയിക്കാണണം; ഞാൻ വീണ്ടും വയറിന് മേലെ പതുക്കെ തടവിക്കൊണ്ട് മിണ്ടാതെ കിടന്നു.
പിറ്റേന്ന് കാലത്ത് മറ്റുള്ളവർ എഴുന്നേൽക്കും മുന്നേ ഞാൻ എഴുന്നേറ്റ് പ്രഭാതകർമ്മങ്ങൾ നിർവ്വഹിച്ചു. ശരീരത്തിന് നല്ലൊരു സുഖം തോന്നുന്നുണ്ട്. മൂന്ന് നാല് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ കക്കൂസിലേക്ക് എന്തെങ്കിലുമായി ദാനം ചെയ്യുന്നത്. തലേ ദിവസം പ്രവർത്തിച്ചത് പോലെ ആരെങ്കിലും വയറിന് മേലെ പ്രവർത്തിക്കുകയാണെങ്കിൽ, ഏത് തരം ശോധനക്കുറവുള്ളവരും ഇത്തരത്തിൽ ദാനശീലരായിപ്പോകുമെന്ന് അന്നെനിക്ക് മനസ്സിലായി.
പതുക്കെ മറ്റുള്ളവരും എഴുന്നേറ്റു. കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ മുഖത്ത് കാര്യമായ ഒരു പ്രസാദം വന്നത് അവരെ എല്ലാവരെയും സന്തോഷവാന്മാരാക്കിയിരുന്നു.
"വയറ്റിലെ പ്രശ്നങ്ങൾ പോയെന്നാണ് തോന്നുന്നത്" എല്ലാരേയും മാറി മാറി നോക്കി, ഞാനെന്റെ തത്സമയ സ്വാസ്ഥ്യത്തെക്കുറിച്ച് അറിയിച്ചു. കുറച്ച് പേർ അടുക്കളയിലും, കുറച്ച് പേര് തീൻ മേശക്ക് ചുറ്റുമായി രാവിലെ ചായ കുടിക്കുകയാണ്. മായയും അമ്മായിയമ്മയും, പ്രാതൽ ഉണ്ടാക്കാനുള്ള തിരക്കിലുമാണ്.
"ഓ എന്തായിരുന്നു ഇന്നലത്തെ അവസ്ഥ... ഞങ്ങളൊക്കെ ശരിക്കും പേടിച്ച് പോയിരുന്നു... ന്തായാലും ഇപ്പൊ വേദന പോയല്ലോ..." ജിഷയുടെ അച്ഛൻ ആശ്വാസമുതിർത്തു.
"ഞാനും പേടിച്ച് പോയിരുന്നു... പക്ഷേ ഇവരൊക്കെക്കൂടി എന്നെ ഞെക്കിക്കൊന്നുകളയുമോ എന്നായിരുന്നു എന്റെ പേടി" ഈ അവസ്ഥയിൽ വേറെന്ത് പറയാനാണ്?
"അങ്ങനെ ചെയ്തില്ലെങ്കില് ഇപ്പൊ നീ ആസ്പത്രീല് കെടക്ക്വായിരിക്കും... നിനക്ക് ഇങ്ങനെയുള്ള ചികിത്സകളിലൊന്നും വിശ്വാസമില്ലല്ലോ... ന്തായാലും ഇപ്പൊ സമാധാനം ണ്ടല്ലോ... " ദോശ ചുടുന്നതിനിടയിൽ അമ്മായിയമ്മ പറഞ്ഞു. ഞാനൊന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
"വേണുവേട്ടൻ മെലിഞ്ഞിരിക്കാൻ വേണ്ടി ഭക്ഷണം കണ്ട്രോള് ചെയ്ത് കഴിക്കുന്നത് കൊണ്ടാ ഈ വയറ്റിലെ പ്രശ്നങ്ങള്... ഇത്തിരി ചോറല്ലേ ഇപ്പോ കഴിക്കലുള്ളൂ... കുട്ടികള് പോലും ഇതിനേക്കാൾ കഴിക്കും..." ഷൈനി അവളുടെ ഒരഭിപ്രായം പറഞ്ഞു.
"അങ്ങനെയാണെങ്കില് എന്റെ അമ്മക്ക് വയറ്റിൽ പ്രശ്നങ്ങൾ വന്നതോ, പാറുവിന് വയറ്റിൽ ഉരുണ്ട് കൂടിയതോ... അവരൊക്കെ എന്നേക്കാൾ ഭക്ഷണം കഴിക്കുന്നവരല്ലേ... ഞാനൊരിക്കലും പട്ടിണി കിടക്കാറില്ല... വാരിവലിച്ച് കഴിക്കാറില്ലെന്നേ ഉള്ളൂ... ഇരുന്ന് ജോലി ചെയ്യുന്ന എനിക്കെന്തിനാ ഒരു പ്ളേറ്റ് നിറച്ചും ചോറ്?" ഞാൻ എന്റെ ന്യായം നിരത്തി.
" ചിലപ്പോ ഏതെങ്കിലും ഭക്ഷണം കഴിച്ചിട്ടായിരിക്കും. ചെറുപയറോ അല്ലെങ്കിൽ കിഴങ്ങോ .. അങ്ങനെയെന്തെങ്കിലും..." മായയും അവളുടെ ഒരു നിഗമനം അറിയിച്ചു.
"നിങ്ങളൊക്കെ കഴിച്ച സാധനങ്ങളല്ലേ ഞാനും കഴിച്ചുള്ളൂ... ഇതൊക്കെ പണ്ടേ കഴിക്കുന്നതല്ലേ..."
"അല്ല.. ചിലപ്പോ വേണുവേട്ടന് ചില സാധനങ്ങൾ ഇപ്പോൾ പിടിക്കുന്നുണ്ടാവില്ല..."
"അങ്ങനെയാണെങ്കിൽ, പാറൂനും ദേവൂനും വയറ്റിൽ പ്രശ്നം ഉണ്ടായതോ..."
"അവർക്ക് നിങ്ങളെപ്പോലെ പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ..."
"ഒരാഴ്ച മുന്നേ വരെ ഞാനെല്ലാ സാധനങ്ങളും കഴിച്ചിരുന്നല്ലോ... അപ്പോഴൊന്നും ഈ പ്രശ്നം ഉണ്ടായിരുന്നില്ലല്ലോ.... ഇതൊക്കെ ഈ നാശം പിടിച്ച വൈറൽ പനിയുടെ ലക്ഷണങ്ങൾ തന്നെയായിരിക്കണം... ഓരോരുത്തർക്കും ഓരോ തരത്തിൽ.. അല്ലേങ്കില്ലെന്തെങ്കിലും ഫുഡ് പോയിസൻ..." അല്ല പിന്നെ... ഞാനെന്ന അരോഗഗാത്രന് അത്രപെട്ടെന്ന് ഇത്തരം രോഗങ്ങൾ വരുമെന്ന് സമ്മതിച്ച് കൊടുക്കാൻ പറ്റുമോ?
"ഓ... ഇന്നലെ എന്നോടെന്തായിരുന്നു ദേഷ്യം... വേദന എങ്ങനെയുണ്ട് ന്ന് മാത്രേ ചോദിച്ചുള്ളൂ..." സ്മിത ചിരിച്ച് കൊണ്ട് പറഞ്ഞു. കൂടെ എല്ലാവരും ചിരിച്ചു.
അങ്ങനെ ഞാൻ പതുക്കെ പഴയ ജീവിതക്രമത്തിലേക്ക് ചുവടുകൾ വച്ചു. ഞങ്ങൾ അവിടെയുള്ളത് കൊണ്ട്, മായയുടെയും ഷൈനിയുടേം കുട്ടികൾ സ്‌കൂളിൽ പോയില്ല. ആ തിങ്കളാഴ്ച ഞാൻ മുഴുവനായി വിശ്രമിച്ചു. പിറ്റേന്ന് ജിതേഷ് കുട്ടികളെയും കൂട്ടി മാളിൽ പോയപ്പോൾ, ഞാനും കൂടെപ്പോയെങ്കിലും കുറച്ച് ക്ഷീണം തോന്നാതിരുന്നില്ല, അവിടെ നിന്ന് കുട്ടികൾ പലതും വാങ്ങിക്കഴിച്ചു. കൂട്ടത്തിൽ പിസയും. പിസയും വിഴുങ്ങി വന്ന പാറുവിന് അന്ന് രാത്രി വീണ്ടും വയറ് വേദന വന്നു. ഒരാൾക്കല്ലെങ്കിൽ വേറൊരാൾക്ക് പ്രശ്നങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച യുഎസ്സിലേക്ക് പോകുന്നതിന് മുൻപായെങ്കിലും എല്ലാവരുടെയും ആരോഗ്യം ശരിയാവേണ്ടതുണ്ട്. പിറ്റേന്ന്, ബുധനാഴ്ച തന്നെ അവളെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങി. ആ മരുന്ന് കഴിച്ചപ്പോൾ അവൾക്ക് കുറച്ച് ആശ്വാസമായി.
ഈ ബുധനാഴ്ച ദിവസമാണ്, ജിഷയുടെ അടുത്ത ബന്ധുവെന്ന് നേരത്തെ പറഞ്ഞ യുവാവും ഭാര്യയും ഞങ്ങളെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഞാനെന്തായാലും വരുന്നില്ലെന്ന് ജിഷയോട് പറഞ്ഞു. എന്തായാലും 'അവൻ കല്യാണൊക്കെ കഴിഞ്ഞതിന് ശേഷം ആദ്യായിട്ട് വിളിച്ചതല്ലേ... പോവ്വാതിരിക്കുന്നത് മോശല്ലേ...' എന്നും പറഞ്ഞ് ബാക്കിയുള്ളവർ വൈകുന്നേരം, രാജമംഗലയിലേക്ക് പോകാൻ പദ്ധതിയിട്ടു.
വൈകുന്നേരം, ഞാനും ജിഷയുടെ അമ്മയും അച്ഛനും ഒഴിച്ചുള്ളവർ, രാജമംഗലയിലേക്ക് പുറപ്പെട്ടു. യാത്രാസമയവും ട്രാഫിക് ജാമും, കുശലഭാഷണവും സദ്യയും ഒക്കെ കഴിഞ്ഞ് വരുമ്പോൾ, രാത്രി നന്നേ വൈകുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ ഏകദേശം രണ്ട് മണിക്കൂറുകൾ കഴിഞ്ഞ് അവരെയൊന്ന് വിളിച്ച് നോക്കിയപ്പോൾ, അവർ, അവരുടെ മടക്ക യാത്ര തുടങ്ങിയിരുന്നു. ഭക്ഷണം വഴിയിൽ വച്ച് കഴിച്ച് വരുമ്പഴേക്കും വൈകുമെന്നും അറിയിച്ചു. സ്വന്തം അനിയനെപ്പോലെ മനസ്സിൽ കൊണ്ടുനടക്കുന്നവന്റെ വീട്ടിൽ ആദ്യമായി പോയിട്ട്, അതും കാര്യമായി ക്ഷണിച്ചതിന് ശേഷം പോയിട്ട്, ഭക്ഷണം കിട്ടിയില്ലേ എന്ന് ഞാൻ വെറുതേ ചോദിച്ചപ്പോൾ ജിഷ ഒന്നും മിണ്ടിയില്ല. മീൻ കഴിക്കുമോ, ചിക്കൻ കഴിക്കുമോ എന്നൊക്കെ അവൻ ചോദിച്ചതാണല്ലോ എന്ന് ഞാൻ വീണ്ടും ഓർമ്മിപ്പിച്ചപ്പോഴും അവളൊന്നും മിണ്ടിയില്ല.
ജിഷയുടെ അന്തരംഗത്തിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. ആങ്ങള പെങ്ങന്മാരും മക്കളും മാത്രമല്ല, എന്റെ പെങ്ങളെയും കൂട്ടി 'വാ നമുക്ക് പ്രിയപ്പെട്ട അനുജന്റെ വീട്ടിൽ പോയി ചാപ്പാട് കഴിച്ചേച്ചും വരാം' എന്നും പറഞ്ഞ് കൂട്ടിപ്പോയിട്ട്, അവിടെ നിന്ന് വെറും ബേക്കറി ഉണ്ടയേ കിട്ടിയുള്ളൂ എന്ന് വച്ചാൽ ഇത്തിരി ഗദ്ഗദം ചിലപ്പോൾ ഊർന്ന് വന്നിട്ടുണ്ടാകാം. അങ്ങോട്ട് ഫോൺ വിളിച്ചാൽ മാത്രം കണക്ഷൻ കിട്ടുന്ന 'ന്യൂജൻ' ബന്ധുവാണെങ്കിലും ഇങ്ങനെയൊരു പ്രതീക്ഷാനൊമ്പരം എന്റെ അളിയനും ജിഷയും പ്രതീക്ഷിച്ച് കാണില്ല. നവദാമ്പത്യമധുരം പറന്ന് നടന്ന് ആഘോഷിക്കുന്നതിനിടയിൽ, ചിലപ്പോൾ അതിഥികൾ വന്നിരിക്കുന്ന അവസ്ഥയിൽ പോലും പരസ്പരം മൊബൈൽ കളികളിൽ ഏർപ്പെട്ട് പോയത് കൊണ്ടാവാം ഭക്ഷണം പാചകം ചെയ്യാനോ അല്ലെങ്കിൽ, ചുരുങ്ങിയത് 'ന്യൂജൻ' സ്റ്റൈലിൽ പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യാനോ സഹോദരസമാനദമ്പതികൾ മറന്നുപോയത്! അല്ലെങ്കിൽ, 'നീ ചെയ്യ്.. അല്ല.. നീ ചെയ്യ്...' എന്ന് പരസ്പരം പറഞ്ഞ് സമയം പോയിക്കാണണം! എന്തായാലും കുടലുമാലകളുടെ നൃത്തം എന്നെ രക്ഷിച്ചു. അല്ലെങ്കിൽ 'എന്റെ മീൻകറി എവിടെയെടാ...' എന്ന് അവിടെ വച്ച് തന്നെ ചിലപ്പോൾ ഞാൻ ചോദിച്ചേക്കുമായിരുന്നു.
പിന്നെ ജിഷയോട് ഞാനൊന്നും ചോദിക്കാൻ പോയില്ല... അവളുടെയും അവളുടെ അനിയന്റെയും കാര്യമല്ലേ... പോകട്ടും.
എന്തായാലും രാത്രി പതിനൊന്ന് മണിക്ക് അവർ തിരിച്ച് വരുമ്പഴേക്കും വേറൊരു വാർത്തയും ചെവിയിലെത്തി. അവരുടെ കൂടെ പോയിരുന്ന എന്റെ ഇളയ പുത്രി ദേവുവിനും വയറു വേദന! ഇനി എന്ത് ചെയ്യും? രാത്രി വൈകിയിരിക്കുന്നു. പിറ്റേന്ന് വൈകുന്നേരം വിമാനം കയറേണ്ടവരാണ്... ഇരുപത്തിനാല് മണിക്കൂറോളം യാത്ര ചെയ്യേണ്ടവരാണ്.... യാത്രക്കിടയിലും ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ...? ആർക്കും ഒരു ഉത്തരവും ഉണ്ടായിരുന്നില്ല. ചോദ്യങ്ങൾ ഓരോരുത്തരുടെയും മനസ്സിലായിരുന്നു.
"അവൾക്കും പാറുവിന്റെ മരുന്ന് കൊടുത്താലോ..." ജിഷ തീർത്തും ഉന്മേഷമില്ലാതെ ചോദിച്ചു.
"അത് ശരിയാവുമോ? രണ്ടും ഒരേ പ്രശ്നമാണെന്ന് നമുക്കെങ്ങനെയാ അറിയുക..?" എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല.
"എനിക്ക് ചെയ്തത് പോലെ കായം പുരട്ടി നോക്ക്..." കേട്ടവരൊക്കെ അറിയാക്കാതെ ചിരിച്ചുപോയി.
എന്തായാലും, ഭൂരിപക്ഷാഭിപ്രായം പ്രകാരം, പാറുവിന്റെ അതേ മരുന്നുകൾ ദേവുവും കഴിച്ചു. വ്യാഴാച പ്രഭാതം പൊട്ടിവിടർന്നു. ഇനി ആരും വയറുവേദന എന്നൊന്നും പറയല്ലേ... ആരും ഛർദ്ദിക്കല്ലേ എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഭാഗ്യം നമ്മളെ തുണച്ചിരിക്കണം. ആർക്കും ഒരു കുഴപ്പവും അന്ന് ഉണ്ടായില്ല. എല്ലാവരും സാധാരണ പോലെ ഭക്ഷണം കഴിച്ചു. മൂന്ന് മണിക്ക് രണ്ട് കാറുകളിലായി ദേവനഹള്ളിയിലുള്ള എയർപോർട്ടിലേക്ക് പുറപ്പെട്ടു. ചെക്കിങ്ങിനും സെക്യൂരിറ്റി ക്ലിയറൻസിനും ശേഷം, എയർപോർട്ടിൽ നിന്നും എല്ലാവരും പാവ് ബാജിയും കഴിച്ചു. എട്ടേ മുക്കാലിന്, സ്മിതയും മോളും ബാങ്കോക്കിലേക്കും, ഒൻപതേകാലിന്, ഞങ്ങൾ, ട്രാൻസിറ്റ് സ്റ്റോപ്പായ ദുബായിലേക്കുമുള്ള വിമാനങ്ങൾ കയറി. അലാക്കിന്റെ ബാഗ്ലൂർ യാത്ര അവസാനിച്ചതിന് ശേഷം, എന്നെ രക്ഷിച്ച കായത്തിന്റെ ഓർമ്മകളോടെ, തീർത്തും ശാന്തരായ കുടലുമാലകളോടെ പുതിയൊരു യാത്രയുടെ തുടക്കം!
***