ആദ്യമേ തന്നെ പറയട്ടെ, ഇത് വെറും ഒരു നേരമ്പോക്കായി മാത്രം എടുക്കുക!
2014 സെപ്റ്റംബർ 20 ന് കെ എ ജി ഡബ്ല്യു ഒരുക്കിയ ഓണാഘോഷ പരിപാടിയിലേക്കായി രസകരമായ എന്നാലും വൈവിധ്യമുള്ള ഒരു പരിപാടി അവതരിപ്പിക്കാൻ താല്പര്യമുള്ളതായി നമ്മുടെ സഹൃദയരായ സുഹൃത്തുക്കൾ ഹരി നമ്പ്യാരും ഡോക്ടർ: മധു നമ്പ്യാരും സൂചിപ്പിക്കുകയുണ്ടായി. മറ്റു പല പരിപാടികളുമായി എല്ലാവരും തിരക്കിലായതിനാൽ ഈ ഒരു കാര്യത്തിലേക്ക് ശ്രദ്ധ ചെലുത്തുവാൻ ആർക്കും വേണ്ടവിധം പറ്റിയില്ല.
ഞങ്ങൾ നല്ല ഒഴുക്കുള്ള കലാകാരന്മാരല്ലാത്തതിനാലും, ആയതുകൊണ്ട് പരിശീലനം കൂടാതെ അവതരിപ്പിക്കാൻ തല്പര്യമില്ലാതിരുന്നത് കൊണ്ടും, ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുവാൻ ഞങ്ങൾ (സജു കുമാറും ശ്രീജിത്ത് നമ്പ്യാരും ഞാനും) ആവും വിധം ശ്രമിച്ചെങ്കിലും സൌഹൃദത്തിന്റെ പേരിലും ബന്ധങ്ങളുടെ പേരിലും, അനാവശ്യമായ ബലംപിടുത്തമാണ് ഞങ്ങൾ മാറിനിൽക്കാനുള്ള കാരണമെന്ന് പറയാതിരിക്കാനും അവസാന നിമിഷം, അതിൽ മറ്റു സുഹൃത്തുക്കളോടൊപ്പം ഞങ്ങളും ഭാഗഭാക്കായി.
പരിപാടിയുടെ തലേന്ന് എങ്ങനെയൊക്കെയോ നാം ചെയ്യേണ്ട ഭാഗങ്ങൾ തീരുമാനിക്കുകയും പരിപാടിയുടെ തൊട്ടു മുന്നേ ഇത്തിരി പരിശീലിക്കുകയും ചെയ്താണ് അരങ്ങത്തെത്തിയത്.
ഹരി നമ്പ്യാർ നല്ല ഒരു ഗായകനും, ഗാനരചയിതാവും വാദ്യകലാകാരനുമാണ്. അദ്ദേഹത്തോടൊപ്പം 'അമേരിക്കൻ സ്റ്റാർ സിങ്ങർ' പദവി നേടിയ ഹരി കപ്പ്യൂർ 'ലൈവ്' ആയി 'കനക സിംഹാസനത്തിൽ' എന്ന ഗാനം അവതരിപ്പിക്കുകയും, ആ രംഗം കൊഴുപ്പിക്കാൻ മധു നമ്പ്യാർ രാജാവായും, ഞാൻ മന്ത്രിയായും സജു കുമാറും ശ്രീജിത്ത് നമ്പ്യാരും പരിചാരകരായും ഹർഷലും മാർഷലും രാജാവിന് അകമ്പടിക്കാരായും വേഷമിട്ടു.
അരങ്ങത്ത് പാട്ടുകാരൊഴിച്ച് ബാക്കിയുള്ള ഞങ്ങൾ ചെയ്തതിൽ മുക്കാൽ പങ്കും അരങ്ങിൽ മാത്രം സംഭവിച്ചതും ഒരിക്കലും പരിശീലിച്ചിട്ടില്ലാത്തതും ആയ സംഭവങ്ങളാണ്. ഞങ്ങളോട് ക്ഷമിക്കുക!