(Picture Courtesy: Google)
ദേവുവിന് കണക്ക് ക്‌ളാസ്സ് കഴിഞ്ഞിട്ട് എട്ടര മുതൽ ഒൻപതര വരെ ബാസ്കറ്റ്ബാൾ പരിശീലനവുമുണ്ട്. സാധാരണ എട്ടരയ്ക്ക് തീരുന്ന കണക്ക് ക്ലാസ്സിൽ നിന്ന് പത്ത് മിനുട്ട് മുന്നേ പുറത്തേക്ക് വരാം എന്ന് ദേവു പറഞ്ഞിട്ടുമുണ്ട്. 8:20 നെങ്കിലും പുറപ്പെട്ടാലേ എട്ടരയ്ക്ക് ബാസ്കറ്റ് ബാൾ ക്ളാസ്സിനെത്തുകയുള്ളൂ.
മൊബൈൽ കിട്ടാത്തത് കൊണ്ടും, എന്തായാലും നേരം വൈകാൻ പാടില്ല എന്നുള്ളത് കൊണ്ടും, ഓട്ടം നിർത്തി പാർക്ക് ചെയ്ത കാറിനടുത്തേക്ക് തിരിച്ച് പോന്നു. ചിലപ്പോൾ മൊബൈൽ കാറിനകത്ത് മറന്ന് വെക്കാനും സാധ്യതയുണ്ടല്ലോ. കാർ തുറന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടിയുടെ ക്ളോക്കിൽ സമയം എട്ടേകാൽ കാണിക്കുന്നുണ്ട്. അപ്പോൾ, നേരം വൈകിയിട്ടില്ല. കൃത്യസമയത്ത് തന്നെയാണ് ഓട്ടം നിർത്തി തിരിച്ച് വന്നിരിക്കുന്നത്. കാറിൽ എത്ര പരതിനോക്കിയിട്ടും മൊബൈൽ മാത്രം കാണാനില്ല. സാധാരണ ഗതിയിൽ വണ്ടി സ്റ്റാർട്ട് ചെയ്ത ഉടനെ മൊബൈലിന്റെ ബ്ലൂടൂത്തുമായി തനിയെ കണക്ട് ആയി പാട്ടുകൾ കേക്കാറുള്ളതാണ്. മൊബൈൽ കണക്ട് ആയിട്ടില്ലെന്ന് മനസ്സിലായത് ഡാഷ്ബോർഡിലെ ഡിസ്പ്ളേയിൽ നോക്കിയപ്പോഴാണ്; 'No device connected'. എന്നുവച്ചാൽ ആ കാറിന്റെ പരിസരത്തെങ്ങും എന്റെ മൊബൈൽ ഇല്ലെന്ന് ചുരുക്കം. ഫോൺ വീട്ടിലുണ്ടോ എന്ന് വിളിച്ച് ചോദിക്കാനും പറ്റില്ല.
അപൂർവ്വമായി ചിലയിടങ്ങളിൽ മൊബൈൽ ഇതിനുമുൻപൊക്കെ മറന്നുവച്ചിട്ടുണ്ടെങ്കിലും, മൊബൈൽ നഷ്ടപ്പെട്ടത് പോലെ തോന്നിയത് ഇതാദ്യമായാണ്. വീട്ടിൽ നിന്ന് എടുത്തില്ലേ എന്നൊരു സംശയം സന്തോഷം നൽകിയെങ്കിലും ആ സന്തോഷം നീണ്ടുനിന്നില്ല. കാരണം, വീട്ടിൽ നിന്ന് പുറപ്പെട്ട് കുറച്ച് നേരം വണ്ടിയിൽ നിന്ന് പാട്ട് കേട്ടതാണ്. 'മുജ്‌കോ ഭി തോ ലിഫ്റ്റ് കാരാ ദോ...' എന്ന ഹിന്ദിപ്പാട്ടിന് കാറിന്റെ സ്റ്റീയറിങ്ങിൽ വിരലുകൾ കൊണ്ട് താളം പിടിച്ചത് നല്ല ഓർമ്മയുണ്ട്. അപ്പോൾ വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ മൊബൈൽ എന്റെ കൂടെയുണ്ട്. അങ്ങനെയാണെങ്കിൽ ഓടുമ്പഴോ മറ്റോ വീണുപോയതാണോ? ഞാനൊരുമാതിരി വല്ലാതായി.
അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോൾ ദേവു കണക്ക് ക്ലാസ്സും കഴിഞ്ഞ് വണ്ടിയിലേക്ക് കയറി. എന്റെ മുഖം കണ്ടപ്പോൾത്തന്നെ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ കയറിയ ഉടനെത്തന്നെ ബാസ്കറ്റ് ബാൾ പരിശീലനം നടക്കുന്ന 'ലിറ്റിൽ റിവർ' എലിമെന്ററി സ്‌കൂളിലേക്ക് ഞാൻ വണ്ടി തിരിച്ചു.
"എന്താ അച്ഛാ പ്രശ്നം... എന്താ ഇങ്ങനെ പരതിക്കൊണ്ടിരുന്നത്...?"
ഉണ്ടായ കാര്യങ്ങൾ ചുരുക്കി, അവളോട് കാര്യം പറഞ്ഞു.
"അച്ഛാ പാനിക് ആവല്ല കേട്ടോ... മൊബൈൽ നമുക്ക് കിട്ടും... ഇവിടെത്തന്നെ എവിടെയെങ്കിലും ഉണ്ടാവും... Don't be panic... ചിലപ്പോൾ മൊബൈലിന്റെ ചാർജ്ജ് തീർന്നതാണെങ്കിലോ...." അവളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വീട്ടിലെ മറ്റാരെങ്കിലുമാണ് ഇതുപോലെ എന്തെങ്കിലും മറന്ന് വന്നിരിക്കുന്നതെങ്കിൽ, അവരോട് കയർക്കാറുള്ള കാര്യം ഞാനോർത്തു. ആ കുഞ്ഞ് മനസ്സ് വളർന്നത് പോലെ എനിക്ക് തോന്നി.
അവളുടെ സംശയം ന്യായമാണ്. പക്ഷേ വീട്ടിൽ നിന്നിറങ്ങുമ്പോൾ 85% ചാർജ്ജ് ഉണ്ടായിരുന്നു എന്ന് എനിക്ക് നല്ല ഓർമ്മയുണ്ട്. തണുപ്പ് ഉള്ള സമയത്ത് ചാർജ്ജ് വേഗത്തിൽ തീരുമെങ്കിലും മുഴുവൻ ചാർജ്ജും തീർന്നുപോകാൻ എന്തായാലും സമയമായിട്ടില്ല.
ദേവുവിനെ 'ലിറ്റിൽ റിവർ' എലിമെന്ററി സ്‌കൂളിന്റെ ജിംനേഷ്യത്തിന് മുന്നിൽ ഇറക്കി. സാധാരണ, അവളുടെ പരിശീലനം തീരുന്നത് വരെ അവരുടെ കളി കണ്ട് ഇരിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും വായിച്ചിരിക്കുകയോ ആണ് പതിവെങ്കിലും, ഇത്തവണ അതിനൊന്നും സമയമില്ലല്ലോ. മൊബൈൽ എവിടെയാണെന്ന് കണ്ടുപിടിക്കലാണല്ലോ മുഖ്യം. മൊബൈൽ വീട്ടിലുണ്ടോ എന്ന് നോക്കിയിട്ട് ഒൻപതരയ്ക്ക് കൂട്ടിക്കൊടുപോകാൻ വരാം എന്നും പറഞ്ഞ്, അവിടെ നിന്നും കാർ നേരെ വീട്ടിലേക്ക് വിട്ടു.
ഈ നഷ്ടപ്പെട്ടിരിക്കുന്ന മൊബൈൽ എന്റെ കയ്യിലെത്തിയിട്ട്, ആറ് വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഏഴാമത്തെ വർഷമാണ്. ആദ്യായിട്ടായാണ് ഇത്രയും കാലം ഒരു മൊബൈൽ ഞാനുപയോഗിക്കുന്നത്. ഫാഷനനുസരിച്ചും പുതിയ മൊബൈൽ വേർഷനുകൾ പുറത്ത് വരുന്നതിനനുസരിച്ചും ഞാൻ മൊബൈലുകൾ മാറ്റാറില്ല. ഉപയോഗപ്രദമാണെങ്കിൽ പ്രായം പരിഗണിക്കാതെ ഉപയോഗിക്കുക എന്നതാണ് പ്രഖ്യാപിത മുദ്രാവാക്യം. ഈ മൊബൈൽ ഇതുവരേക്കും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഴ് വർഷം പ്രായമുള്ള അതിന്റെ മേൽക്കുപ്പായം ഇത്തിരി അവിടെയും ഇവിടെയും പൊട്ടിയിട്ടുണ്ടെന്നുള്ളതല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ ഫോണിനെ എന്റെ സുഹൃത്തുക്കൾ വെറുതെ കളിയാക്കാറുണ്ട്. പുതിയ ഫോൺ വാങ്ങാത്ത എന്റെ പിശുക്കിനെ തരം കിട്ടുമ്പോഴൊക്കെ അവർ കൊട്ടിഘോഷിക്കാറുണ്ടെങ്കിലും എനിക്കിപ്പോഴും അത് പ്രിയപ്പെട്ടഫോൺ തന്നെയാണ്.
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ വേർഷനുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാറുണ്ടെങ്കിലും ഡാറ്റ ബാക്ക് അപ് ചെയ്ത്, കൃത്യമായി റീസ്റ്റോർ വേർഷനുകളായി സൂക്ഷിക്കാറുണ്ടായിരുന്നില്ല. ഇതിനൊക്കെ ആർക്കാണ് സമയം. ഫേസ്ബുക്കും വാട്സാപ്പും ഫോൺവിളികളും കൃത്യമായി നടക്കണം അത്ര മാത്രം.
അഥവാ ഈ ഫോൺ നഷ്ടപ്പെടുകയാണെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് വെറുതെ ചിന്തിച്ചു. ഇനി ഒരു പുതിയ ഫോൺ തരപ്പെടുത്തി വരുമ്പഴേക്കും ഒരാഴ്ചയെങ്കിലും സമയമെടുക്കും. കോണ്ടാക്ടുകളും മറ്റും കുറെ നഷ്ടപ്പെടും. പൂർണ്ണമായും പഴയ രീതിയിലായാകുമോ എന്ന കാര്യം തന്നെ സംശയമാണ്. റീസ്റ്റോർ പ്രോസസ്സ് ചെയ്യാത്ത എന്റെ ശീലത്തെ സ്വയം ശപിച്ചു. ഒരാഴ്‌ച ഫോൺ ഇല്ലാതെയിരിക്കുന്ന കാര്യം ചിന്തിക്കാൻ പോലുമാകുന്നില്ല. കഞ്ഞി കിട്ടിയില്ലെങ്കിലും സാരമില്ല, ഫോൺ എന്തായാലും വേണം. സങ്കടവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ച് ഉള്ളിൽ പെരുകാൻ തുടങ്ങി. നഷ്ടപ്പെട്ടിടത്ത് നിന്ന് ആരെങ്കിലും എടുത്ത് പോയിക്കാണുമോ എന്ന ഭീതി ഉടലെടുത്ത് തുടങ്ങിയെങ്കിലും, ഫോൺ എങ്ങനെയെങ്കിലും കണ്ടുപിടിക്കാൻ മനസ്സ് കൊതിച്ചു.
ചിന്തകൾ ഷെർലക് ഹോംസിന്റെ നോവലുകളിലൂടെ ഊളിയിടാൻ തുടങ്ങി. വീട്ടിൽ നിന്നിറങ്ങുമ്പോൾ ഫോൺ ഉണ്ടായിരുന്നു. വഴിക്ക് വച്ച് കുറച്ച് നേരം പാട്ട് കേട്ടതാണ്. അതിനിടയിൽ ദേവുവുമായി സോക്കർ വേൾഡ് കപ്പ് കളിക്കുന്ന ടീമുകളെക്കുറിച്ചും ആ രാജ്യങ്ങളെക്കുറിച്ചുമൊക്കെ ഉണ്ടായ ചർച്ചയിൽ, പാട്ടിനെക്കുറിച്ചുള്ള കാര്യങ്ങളൊക്കെ മറന്നുപോയി. എത്ര ദൂരം വരെ പാട്ട് കേട്ടിരുന്നു എന്നതിനെക്കുറിച്ചൊന്നും നിശ്ചയമില്ല. ഇതിനെല്ലാം പുറമേ ഓടുന്നതിനിടയിലാണോ വീണുപോയത് എന്നും ഉറപ്പില്ല.
വീട്ടിലെ ഡ്രൈവ് വേയും കടന്ന്, വണ്ടി ഗാരാജിലേക്ക് കയറി. തണുപ്പായതിനാൽ ഗാരാജ് വാതിൽ ഉടനെത്തന്നെ താഴ്ത്തി. ഓടി വീട്ടിനുള്ളിലേക്ക് കയറി. എന്റെ ഓട്ടം കണ്ട്, വീട്ടിനുള്ളിലെ ഭാനുമതി ഭയചകിതയായി.
"എന്താ... എന്താണ് ഉണ്ടായത്...."
"ന്റെ ഫോൺ കാണുന്നില്ല... വീണുപോയീന്നാ തോന്നുന്നേ..."
"ഓ അതെങ്ങാനും എന്റെ കൈയ്യിൽ നിന്നോ മറ്റോ ആയിരുന്നെങ്കിൽ...." അവൾ നെടുവീർപ്പിട്ടു. ഫോൺ കാണാതായ സങ്കടത്തിനിടയിലും അവൾ ആശ്വസിക്കുകയാണ്... എന്നെ കുത്തുകയാണ്.
എന്തായാലും അവൾ പിന്നീടെന്തോക്കെയോ പറഞ്ഞത് ഞാൻ ശരിക്കും കേട്ടില്ല. നേരെ എന്റെ ലാപ്ടോപ്പ് തുറന്ന്, ആപ്പിൾ ക്ലൗഡിലെ 'Find My Device' ഫീച്ചർ തുറക്കാൻ ശ്രമിച്ചു. ഭാനുമതി എന്റെ പിന്നിൽ വന്ന് നിൽപ്പുണ്ട്. അവളെടുത്തുണ്ടോ ഇല്ലയോ എന്നൊന്നും ഗൗനിക്കാതെ ലോഗിൻ ചെയ്യുമ്പോഴാണ്, ആപ്പിൾ അക്കൗണ്ട് പാസ്‌വേഡ് ചോദിക്കുന്നത്. അല്ലെങ്കിൽ തന്നെ പാതി ടെൻഷനിലും പാതി ബോധത്തിലുമാണ് ഞാനപ്പോൾ ഉണ്ടായിരുന്നത്. ഈ പാസ്‌വേഡ് അങ്ങനെ പതിവായി ഉപയോഗിക്കേണ്ട ആവശ്യം വരാറില്ല. ഇതുവരെ പാസ്‌വേഡുകളൊന്നും എവിടെയും എഴുതി വച്ചിട്ടുമില്ല. ഈ പണ്ടാര പാസ്‌വേഡ് മറന്നുപോയി എന്ന് അപ്പോഴാണ് മനസ്സിലായത്. ഇടയ്ക്കിടെ പല പാസ്‌വേർഡുകളും മറന്നുപോകുന്ന ഭാനുമതിയെ വഴക്ക് പറയാറുള്ളത് കൊണ്ട്, അവിടെയും മൗനം പാലിക്കേണ്ടി വന്നു. ആലോചിച്ച് മിനക്കെടാൻ അധികം സമയമില്ലല്ലോ. 'Reset Password' ഫീച്ചർ ഉപയോഗിക്കുക തന്നെ.
"എന്താ ചെയേണ്ടതെന്ന് നമുക്ക് പാറൂനോട് ചോദിക്കാം... അവളുടെ എയർപോഡ് കളഞ്ഞ് പോയപ്പോൾ അവളെന്തോ ചെയ്തിട്ടാണല്ലോ അത് ഈ വീട്ടിൽത്തന്നെ എവിടെയോ ഉണ്ടെന്ന് മനസ്സിലായത്..." അവൾ ഹോസ്റ്റലിൽ ഉള്ള മൂത്ത മകളെ റിങ് ചെയ്തു.
"അത് തന്നെയല്ലേ ഞാനും ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നത്..." അവളുടെ മേലെ കുതിര കയറാൻ കിട്ടിയ സാഹചര്യം ഞാനുപയോഗിച്ചു. പല്ലും കടിച്ചുള്ള എന്റെ ഉത്തരം കേട്ടിട്ടാവണം, പാറുവിനെ വിളിച്ച വിളി അവൾ 'cut' ചെയ്ത്, മിണ്ടാതെ കൈയും കെട്ടി നിന്നു.
ഇമെയിലും കൊടുത്ത് 'Reset Password' അമർത്തി. അപ്പോഴാണ് മനസ്സിലാവുന്നത് അതിന്റെ വെരിഫിക്കേഷൻ കോഡ് വരുന്നത് എന്റെ മൊബൈലിലാണ്. അതും തപ്പിക്കൊണ്ടാണല്ലോ ഞാനിരിക്കുന്നത്. എവിടെയോ ഇരിക്കുന്ന മൊബൈലിൽ വെരിഫിക്കേഷൻ കോഡ് വന്ന് വീണിട്ടെന്ത് കാര്യമാണ്. അപ്പോഴാണ് 'Send the code in other device' എന്ന ഉപായം കാണുന്നത്. പക്ഷേ ആ ഡിവൈസ് എന്റെ ആപ്പിൾ ലോഗിൻ ആയിരിക്കണം. ഭാനുമതിയുടെ ഫോൺ അവളുടെ സ്വന്തം ലോഗിൻ ആണ്. ഞാനുമായി ഒരു .ബന്ധവും ഇല്ല. ബില്ലിംഗ് എന്റെ അക്കൗണ്ടിലൂടെയാണെന്ന് മാത്രം. ഒരു iPad ഉണ്ട്. അതും ഭാനുമതിയുടെ ലോഗിൻ ആണ്. എന്തായാലും കണ്ണും പൂട്ടി 'Send the code in other device' ഓപ്ഷൻ സെലക്ട് ചെയ്തു.
"ക്ളിങ്..." എവിടെ നിന്നോ ഒരു ശബ്ദം. ഭാഗ്യം. ഏതോ ഒരു ഡിവൈസിൽ കോഡ് വീണിരിക്കുന്നു. എന്റെ പിന്നാമ്പുറത്ത് കൈയ്യും കെട്ടി നിന്നിരുന്ന ഭാനുമതി, ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. ഞാനും പിന്നാലെ ഓടി. നോക്കുമ്പോൾ ഒരു പഴയ ഫോണായിരുന്നു. ദേവു, വീട്ടിലുള്ള സമയത്ത് അവളുടെ കൂട്ടുകാരുമായി ടെക്സ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്ന ഒരു പഴയ iPhone6. പാണ്ടിലോറി കയറിയിറങ്ങിയ പോലെയാണ് അതിന്റെ സ്‌ക്രീൻ ഇപ്പോഴിരിക്കുന്നത്. മൂത്ത പുത്രിയുടെ പഴയ ഫോൺ. വെറും രണ്ട് വർഷങ്ങൾ മാത്രം ഉപയോഗിച്ച് ഒരായിരം തവണ നിലത്ത് വീണ് പൊട്ടിച്ചിതറിയ ഫോൺ! ആ സ്‌ക്രീൻ കണ്ട് ദേഷ്യം വന്നെങ്കിലും, ഞാൻ സമന്വയം പാലിച്ചു! ഒരബദ്ധം പിണഞ്ഞ് നിൽക്കുമ്പോൾ അധികാരസ്വരങ്ങൾ പുറപ്പെടുവിക്കാതിരിക്കുന്നതാണ് ഉത്തമം !! ഏഴ് വർഷങ്ങളായിട്ടും എന്റെ ഫോണിന്റെ സ്‌ക്രീൻ പ്രൊട്ടക്ടറിന് പോലും ഒരു പോറൽ പറ്റിയിട്ടില്ലെങ്കിലും, ഒരു ഫോൺ തന്നെ കളഞ്ഞ് നിൽക്കുന്ന ഈ അവസ്ഥയിൽ, രണ്ട് വർഷങ്ങൾക്കിടയിൽത്തന്നെ മൊത്തം പൊട്ടിപ്പൊളിഞ്ഞ ഫോണിനെക്കുറിച്ചാണെങ്കിൽ പോലും മിണ്ടാതിരിക്കുന്നതാണ് ഉചിതം.
എന്തായാലും ആ പൊട്ടിയ ഫോൺ ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിൽ ഞാനാഹ്ളാദിച്ചു. ആ അവസ്ഥയിലും ഒരുപകാരത്തിനെത്തിയല്ലോ. ആ പൊളിഞ്ഞ ഫോണിനെ 'Make as a new phone' ഫീച്ചർ ഉപയോഗിച്ച് എന്റെ ആപ്പിൾ ലോഗിനിൽത്തന്നെ നിലനിർത്തിയത് ഒരു കണക്കിന് നന്നായി.
ആ ഫോണെടുത്ത് നോക്കുമ്പഴേക്കും കഷ്ടകാലത്തിന് ആ ഫോൺ ലോക്കായി. ഇനി അത് തുറക്കാനുള്ള പിൻ നമ്പർ ഏതാണെന്ന് നോക്കണം. പിൻ നമ്പർ ശരിക്കും അറിയുന്ന ദേവുവാണെങ്കിൽ ബാസ്കറ്റ് ബാൾ പരിശീലനത്തിലാണ്. കൂനിന്മേൽ കുരു എന്ന പോലെ പ്രശ്നങ്ങൾ പെരുകുകയാണ്. ഞാൻ എന്റെ ഓർമ്മയിൽ നിന്ന് ഒരു പിൻ കുത്തി നോക്കി. നോ രക്ഷ. വൃത്തികെട്ട പിന്നുകൾ അധികം കുത്തിയാൽ ഫോൺ കൂടുതൽ സമയത്തേക്ക് ലോക്കായിപ്പോകുമല്ലോ എന്നോർത്ത് ആ ഫോൺ തന്നെ കുത്തിപ്പൊട്ടിച്ച് കളഞ്ഞാലോ എന്നാലോചിച്ച് നെടുവീർപ്പിട്ടിരിക്കുമ്പോഴാണ് ഭാനുമതി ആ ഫോൺ ബലമായി പിടിച്ച് വാങ്ങിയത്. സ്വന്തം പാസ്‌വേർഡുകൾ പോലും ഓർമ്മയില്ലാത്ത ഇവളാണ് ഇനി ദേവു മാനേജ് ചെയ്യുന്ന ഈ ഫോണിന്റെ പിൻ നമ്പർ ശരിയായി ടൈപ്പ് ചെയ്യാൻ പോകുന്നതെന്നോർത്ത്, ഞാനാ സമയത്തും ഉള്ളിൽ ചിരിച്ചു.
ഭാനുമതിക്ക് ഒരു മേൽക്കോയ്മ സ്ഥാപിക്കാൻ കിട്ടിയ അവസരമാണ്. അതിന്റെ അഹങ്കാരവും അവളുടെ മുഖത്തുണ്ടെന്ന് എനിക്ക് തോന്നി. അവൾ വളരെ ഉറപ്പിച്ച രീതിയിൽ ഒരു പിൻ നമ്പർ ചടപടാന്ന് കുത്തിക്കയറ്റി. "Wrong PIN Number"! അവളുടെ അഹങ്കാരം ഇത്തിരിയൊന്ന് താഴ്ന്നു. ഫോൺ കണ്ടുപിടിക്കാനുള്ള വെപ്രാളത്തിനിടയിലും എനിക്ക് ചുമ്മാ ഒരു സന്തോഷം തോന്നി! സ്വന്തം പാസ്‌വേഡ് മറന്നുപോയിട്ടാണ് ഈ കളികളെല്ലാം കളിക്കുന്നത് എന്ന കാര്യം സ്വകാര്യപൂർവ്വം ഞാൻ മറന്നു!
"ഒരാവശ്യത്തിന് എന്തെങ്കിലും എപ്പഴെങ്കിലും ഓർമ്മയുണ്ടാകുമോ... അതിങ്ങോട്ട് കൊണ്ട്വാ..." ആ ഫോൺ പിടിച്ച് വാങ്ങാൻ എന്റെ കൈ മുന്നോട്ട് തുനിഞ്ഞു. പക്ഷെ അവൾ തന്നില്ല. വീര്യത്തോടെ അവൾ രണ്ടാമതും ഒരു പിൻ നമ്പർ ആഞ്ഞ് കുത്തി. ഫോണിന്റെ സ്‌ക്രീൻ തുറന്നു. ഭാനുമതിയുടെ മുഖം അപ്പോൾ നോക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല. അതിൽ തെളിഞ്ഞ വെരിഫിക്കേഷൻ കോഡിൽ മാത്രമായിരുന്നു ഞാൻ ശ്രദ്ധിച്ചത്. അത്രയേ എനിക്ക് പറ്റുമായിരുന്നുള്ളൂ.
ആ വെരിഫിക്കേഷൻ കോഡും എടുത്ത് ലാപ്ടോപ്പിലെ ആപ്പിൾ ബ്രൗസറിൽ ചാർത്തിയപ്പോൾ 'Find My Device' ഓപ്‌ഷനിലേക്ക് കടക്കാൻ പിന്നെ അധികം താമസമുണ്ടായില്ല. പക്ഷേ എന്റെയടുത്ത് നിന്ന് എന്തെങ്കിലും അബദ്ധങ്ങൾ എനിക്ക് പിണയുന്നുണ്ടോ എന്ന് സാകൂതം നോക്കി നിൽക്കുന്നത് പോലെ നിന്ന ഭാനുമതിയുടെ നിൽപ്പ്, അപ്പോഴും എനിക്ക്അ സ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു!
എന്റെ ഫോൺ നമ്പരും വേണ്ട മറ്റ് വിവരങ്ങളും കൊടുത്തപ്പോൾ, എന്റെ മുന്നിലെ സ്‌ക്രീനിൽ ഭൂലോകത്തിന്റെ മാതൃക പരന്നു വിടർന്നു. എന്റെ ഫോൺ അവസാനമായി ഇരിക്കുന്ന പ്രദേശത്തിന്റെ GPS കോർഡിനേറ്റ്സും തപ്പി കുറച്ച് നിമിഷം കണ്ണടച്ച് ധ്യാനിക്കുന്നത് പോലെ ആ ബ്രൗസർ അനങ്ങാതെ നിശ്ചലമായി നിന്നു. ആപ്പിൾ ക്ലൗഡിൽ കാർമേഘം കയറിയത് കൊണ്ടായിരിക്കാം, സിസ്റ്റത്തിന് ഫോണിന്റെ കോർഡിനേറ്റ്സ് കിട്ടാൻ സമയമെടുക്കുന്നതെന്ന് ആശ്വസിച്ച് ഞാൻ ശ്വാസമടക്കി കണ്ണും തുറിപ്പിച്ച് ഇരുന്നു. എന്തായാലും ഏകദേശം മുക്കാൽ മിനുട്ടോളം സമയമെടുത്ത്, എന്റെ ബ്രൗസറിൽ ഫോണിരിക്കുന്നയിടം വിടർന്ന് വിടർന്ന് വരാൻ തുടങ്ങി. വിടർന്ന് വികസിച്ച്, ഒടുവിൽ ഒരു പോയിന്റിൽ അത് നിന്നു. ഭൂപടത്തിൽ ഒരു സ്ഥലത്ത് ഒരു പച്ച വട്ടപ്പൊട്ടും കാണാം. ആ വട്ടപ്പൊട്ടാണ് നമ്മുടെ സൂചിക. അവിടെയാണ് എന്റെ ഫോൺ കിടക്കുന്നതെന്നാണ് 'Find My Device' പറയുന്നത്. പക്ഷേ സൂചിക തീർത്തും ശരിയാണെന്ന് പറയാൻ പറ്റില്ല. 'Tall Cedars Road' നെ 'Riding Center Drive' മുറിച്ച് കടക്കുന്ന കവലയിൽ, Route 50 യിലേക്ക് പോകുന്ന ഭാഗത്തെ സിഗ്നൽ ബാറിന് കീഴെയാണ് സൂചിക നിൽക്കേണ്ടത്. കാരണം ഞാൻ പോയത് ആ ആവഴിക്കാണ്. പക്ഷേ സൂചിക നിൽക്കുന്നത് ആ ഭാഗത്ത് നിന്നും കുറച്ച് പടിഞ്ഞാറ് മാറി റോഡിൻറെ വശഭിത്തികളും കഴിഞ്ഞുള്ള ഒരു കുറ്റിക്കാട്ടിലാണ്. എന്റെ മനസ്സ് അങ്ങനെ സിസ്റ്റത്തിനെ തിരുത്തിയെങ്കിലും, ആരെങ്കിലും എന്റെ ഫോൺ ആ കുറ്റിക്കാട്ടിൽ എറിഞ്ഞതായിരിക്കുമോ എന്ന് ഞാൻ ഭയന്നു.
എങ്ങനെയായാലും എന്തായാലും ഒരു കാര്യം ഉറപ്പാണ്. ചാർജ്ജ് ഉണ്ടെങ്കിൽ, ഫോൺ ആ പരിസരത്ത് തന്നെ എവിടെയോ ഉണ്ട്. ഇപ്പോൾത്തന്നെ ഏകദേശം രണ്ട് മണിക്കൂറിലധികമായി, അനാഥനായി, ഫോൺ വഴിയിൽ തണുപ്പും കൊണ്ട് കിടക്കുകയാണ്. അധികമൊന്നും ആലോചിക്കാതെ, മലനിരകൾക്ക് മുകളിലെ ക്യാംപിങ്ങിന്റെ സമയത്തും വളരെ അപൂർവ്വമായി രാത്രിയിലെ ഓട്ടവ്യായാമത്തിനുമൊക്കെയായി ഉപയോഗിക്കുന്ന ഹെഡ് ലാമ്പും എടുത്ത്, വീണ്ടും വണ്ടി സ്റ്റാർട്ടാക്കി, ഗാരാജും തുറന്ന് കമ്പ്യൂട്ടറിലെ സൂചിക ലക്ഷ്യമാക്കിയ സ്ഥലം ലാക്കാക്കി പുറപ്പെട്ടു.
അപ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു, ഫോൺ എങ്ങനെയായിരിക്കും ആ സ്ഥലത്ത് വീണുപോയിട്ടുണ്ടായിരിക്കുക? കാറിന്റെ വാതിലുകളൊന്നും സൂചിക കാണിച്ച സ്ഥലത്ത് വച്ച് തുറന്നിട്ടില്ല. കാറിന്റെ വിൻഡോ ഗ്ലാസും താഴ്ത്തിയിട്ടില്ല. അല്ലെങ്കിലും ആ മാമരം കോച്ചുന്ന തണുപ്പിൽ, ഏത് പിരാന്തനാണ് അങ്ങനെ ചെയ്യുക? പിന്നെ ഫോൺ എങ്ങനെ അവിടെ വീണു?
കമോൺ മിസ്റ്റർ ഷെർലക് ഹോംസ്... എന്റെ മനസ്സിലെ ഡോക്ടർ വാട്സൺ മുന്നിൽ അജ്ഞാതനായി ഇരിക്കുന്ന ഡിക്റ്ററ്റീവ് ഹോംസിനോട് കാര്യങ്ങൾ ആരാഞ്ഞു. ദേവുവിനെയും കൊണ്ട് കണക്ക് ട്യൂഷൻ ക്ലാസ്സിലേക്ക് പുറപ്പെടുന്ന സമയത്ത് മനസ്സ് ശേഖരിച്ച് വച്ച ചലച്ചിത്രങ്ങളിലേക്ക്, എന്റെ അന്തരംഗം ഊളിയിട്ടു.
തണുപ്പ് താങ്ങാനുതകുന്ന വസ്ത്രാലങ്കാരങ്ങളോടെ ഞാൻ ഗാരാജിലേക്ക് പ്രവേശിക്കുന്നു. കൈയ്യിൽ ഫോൺ പിടിച്ചിട്ടുണ്ട്. ദേവുവിന്റെ ക്ലാസ്സ് നടക്കുന്ന സമയത്ത് പുറത്ത് റോഡ് വക്കിലൂടെ രാത്രി ഓടാൻ തീരുമാനിച്ചതിനാൽ, ഫ്ലൂറസെന്റ് റിഫ്‌ളക്‌ഷൻസ് ഉള്ള ജാക്കറ്റ് ഇടേണ്ടതുണ്ട്. ജാക്കറ്റ്, ഗാരേജിന്റെ മച്ചിൽ, ഒരു ഹുക്കിൽ തൂങ്ങിക്കിടക്കുകയാണ്. ജാക്കറ്റെടുത്ത് ധരിക്കുന്ന സമയത്ത്, കൈയ്യിലിരുന്ന ഫോൺ, കാറിന്റെ എഞ്ചിൻ ബോക്സിന്റെ മുകളിലായി വച്ചു. ജാക്കറ്റ് ധരിച്ചതിന് ശേഷം, തലയിൽ തൊപ്പിയും കഴുത്തിൽ Neck Scarf ഉം അണിഞ്ഞു. ചെവിയെ തണുത്ത കാറ്റിൽ നിന്ന് രക്ഷിക്കാൻ Ear Muff ഉം ഫിറ്റ് ചെയ്തതിന് ശേഷം, Running Shoe ഉം ധരിച്ച്, Winter Gloves ഉം കൈയ്യിലെടുത്ത് വണ്ടിക്കകത്തേക്ക് കയറി, വണ്ടി സ്റ്റാർട്ടാക്കി. ബ്ലൂടുത്ത് കണക്ടായി. അപ്പഴേക്കും ദേവു അവളുടെ ബാഗും ബാസ്കറ്റ് ബാളും എടുത്ത് മുൻഭാഗത്തെ പാസഞ്ചർ സീറ്റിൽ വന്നിരുന്നു. "Let's Go... " വണ്ടി റിവേഴ്‌സ് എടുത്ത്, പാട്ടിനനുസരിച്ച് സ്റ്റീയറിങ് വീലിൽ താളം പിടിച്ച്, ഒപ്പം, ലോകകപ്പ് ഫുട്ബാളിനെക്കുറിച്ച് ചില ചർച്ചകളും നടത്തിക്കൊണ്ടാണ് ഞങ്ങൾ യാത്രയാരംഭിച്ചത്.
എനിക്കൊരു വൃത്തികെട്ട ദുശ്ശീലമുണ്ട്. ഗാരാജിൽ നിന്നുകൊണ്ട്, കാറിന്റെയടുത്ത് നിന്ന് ഷൂസിടുകയോ, എന്തെങ്കിലും സാധനങ്ങളെടുക്കുകയോ മറ്റോ ചെയ്യേണ്ടിവരുന്ന സന്ദർഭങ്ങളിൽ, കൈയ്യിൽ എന്തുണ്ടായിരുന്നാലും അതെടുത്ത് കാറിന്റെ മുകളിൽ വെക്കുക എന്നതാണത്. അങ്ങനെ സാധനങ്ങൾ കാറിന്റെ പുറത്ത് വച്ചിട്ടുള്ള സമയത്തൊക്കെ, സാധാരണഗതിയിൽ തിരിച്ചെടുക്കാറുമുണ്ട്. പക്ഷേ പ്രശ്നം പറ്റുന്നത്, എവിടേക്കെങ്കിലും യാത്ര പുറപ്പെടുന്ന സമയത്ത് ഇങ്ങനെ സംഭവിക്കുമ്പോഴാണ്. അത്തരം ചില സന്ദർഭങ്ങളിൽ മെയിൽ ബോക്സിൽ നിന്നെടുത്ത കത്തുകളും മറ്റനുബന്ധ കടലാസുകളും എനിക്ക് വീടിന്റെ മുന്നിലെ റോഡിൽ നിന്ന് പെറുക്കേണ്ടി വന്നിട്ടുണ്ട്. ഒരു തവണ, ഒരു കണ്ണട കാണാതായിട്ടുണ്ട്. രണ്ടോ മൂന്നോ തവണ, വീടിന് മുന്നിലെ പൂന്തോട്ടത്തിൽ വെള്ളം നനച്ചതിന് ശേഷം, Garden Hose Nozzle എനിക്ക് പൂർണ്ണമായും നഷ്ടപ്പെട്ടിണ്ട്. ഒരു തവണ വഴിക്കരികിൽ, ഏതോ വണ്ടി കയറി ചതഞ്ഞരഞ്ഞ ഒരു Nozzle ന്റെ ശവശരീരം കണ്ടപ്പോഴാണ് എവിടേക്കാണ് എന്റെ Nozzle കൾ പോയിമറയുന്നത് എന്ന എന്റെ ചോദ്യത്തിന് ഉത്തരമായത്! ആ ശവശരീരം കണ്ടത് മുതൽ, ഇനി മുതൽ ഒരിക്കലും കാറിന്റെ മുകളിൽ അത്തരത്തിൽ സാധനങ്ങൾ വെക്കില്ല എന്ന് ഞാൻ ദൃഡ്ഢപ്രതിജ്ഞയെടുത്തതായിരുന്നു. ആ പ്രതിജ്ഞ ഫോൺ നഷ്ടപ്പെടുന്ന ദിവസം വരെ പാലിച്ചിരുന്നത് കൊണ്ട്, മനസ്സിന്റെയുള്ളിൽ അത്തരത്തിലുള്ള സംശയമേയില്ലായിരുന്നു!
കാറോടിച്ച് പോകുന്ന വഴിക്ക് ഷെർലക് ഹോംസാണ് ഈയൊരു വഴിക്ക് എന്നെ ഒന്നുകൂടി ചിന്തിപ്പിച്ചത്. അപ്പോൾത്തന്നെ ഞാനെന്റെ തലക്കിട്ട് രണ്ട് കിഴുക്ക് വച്ചുകൊടുത്തു. ഇനി ഈ ജന്മത്തിൽ ഇത്തരത്തിൽ പെരുമാറരുതെന്നും പറഞ്ഞ് ഡോക്ടർ വാട്സൺ എന്നെക്കൊണ്ട് മനസ്സിൽ ഏത്തവുമിടുവിച്ചു.
കാർ ഏകദേശം, കമ്പ്യൂട്ടർ ഭൂപടത്തിൽ കാണിച്ചിരുന്ന സ്ഥലത്തെത്തി. റോഡിന്റെ ഒരു ഭാഗത്ത്, ഷോൾഡറോട് ചേർന്ന്, എമർജൻസി ഫ്ലാഷ് ലൈറ്റുകൾ കത്തിച്ച് വണ്ടി പാർക്ക് ചെയ്തതിന് ശേഷം, ഇരുവശവും നോക്കി സുരക്ഷ ഉറപ്പ് വരുത്തി, ഹെഡ് ലാമ്പുമെടുത്ത് കാറിൽ നിന്ന് പുറത്തിറങ്ങി. ഹെഡ് ലാമ്പ് കത്തിച്ച്, റോഡിന്റെ മീഡിയന് മുകളിലൂടെ, ഫോൺ ഏകദേശം ഇരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നടന്നു. സമയം ഏകദേശം രാത്രി ഒൻപത് മണിയായത് കൊണ്ട് ഗതാഗതം കുറച്ച് കുറവായിരുന്നു. പത്തോ പതിനഞ്ചോ കാലടികൾ മുന്നോട്ട് വച്ചുകാണും. അതാ കിടക്കുന്നു എന്റെ ആപ്പിൾക്കുട്ടി; ആ ഇരുണ്ട ടാറിട്ട പ്രതലത്തിൽ, Route 50 യിലേക്ക് പോകുന്ന ഇടത്തേ ട്രാക്കിന്റെ നടുവിലായി, മലർന്ന് കിടക്കുകയാണവൾ. വണ്ടികൾ വരുന്നുണ്ടോയെന്ന് പോലും നോക്കാതെ ഓടിച്ചെന്ന് ഞാനവളെ ഇരുകൈകളും കൊണ്ട് കോരിയെടുത്തു. ഹെഡ് ലാമ്പ് അവളുടെ ശരീരത്തോട് ചേർത്ത് തെളിയിച്ച്, അവൾക്ക് വന്നിട്ടുണ്ടാകാവുന്ന പരിക്കുകളെക്കുറിച്ച് വികാരാധീനനായി.
ഭാഗ്യത്തിന്, അവളുടെ സ്‌ക്രീനിന് ഒരു പോറലും ഉണ്ടായിരുന്നില്ല. പക്ഷേ അവളുടെ ട്രാൻസ്പരന്റ് കവർ, വണ്ടികളുടെ ടയറുകൾ കയറിയിറങ്ങിയത് കൊണ്ടുണ്ടാകാവുന്ന ക്ഷതങ്ങൾ കാരണം, ചതുങ്ങിപ്പോയിട്ടുണ്ട്. കുപ്പായത്തിന് മാത്രമേ പരിക്കുകളുള്ളൂ, ശരീരത്തിനില്ല. വണ്ടികളുടെ കയറ്റിറക്കങ്ങൾ അവളുടെ നെഞ്ച് താങ്ങിയിരിക്കുന്നു.
നോക്കുമ്പോൾ അവൾക്ക് 2% ജീവനുണ്ട്. അൺലോക്ക് ചെയ്ത് തുറന്ന് നോക്കിയപ്പോൾ, ആപ്പിളയച്ച പഴയ വെരിഫിക്കേഷൻ കോഡ് വെറുതെയാണെങ്കിലും അവളെനിക്ക് സമ്മാനിച്ചു. സ്വന്തം ജീവൻ നിലനിർത്താൻ അപ്പോഴും ആ കോഡ് അവൾ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഒരു തുള്ളി കണ്ണീർക്കണം എന്റെ നയനങ്ങളിൽ നിന്ന് ഉതിർന്നത് പോലെ തോന്നിച്ചു. അവളെ ഭംഗിയായി ഒന്ന് തുടച്ച് വൃത്തിയാക്കിയതിന് ശേഷം, വിന്റർ കോട്ടിന്റെ പോക്കറ്റിലിട്ട്, ഞാൻ വീണ്ടും കാറിനുള്ളിലേക്ക് കയറി. ബ്ലൂടൂത്ത് വീണ്ടും കണക്ടായി.
"പൽ പൽ ദിൽ കെ പാസ് തും രഹ്തി ഹോ..." !!
വാൽക്കഷ്ണം: ആപ്പിൾ മോൾക്ക് പരിക്കൊന്നും പറ്റിയില്ല എന്നായിരുന്നു പ്രാഥമിക നിരീക്ഷണമെങ്കിലും, ഒളിഞ്ഞിരുന്ന ഒരു വലിയ പരിക്ക്, കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് വെളിവായത്. ആപ്പിൾകുട്ടിയുടെ വീഡിയോ കാൾ പ്രവർത്തികൾ ഇപ്പോൾ നടക്കുന്നില്ല. വിദഗ്ദ്ധപരിശോധനക്കിടെയാണ് അതിന്റെ കാരണം വെളിവായത്. അവളുടെ മുൻഭാഗത്തെ കണ്ണ് (Front camera) പ്രവർത്തനരഹിതമായിരിക്കുന്നു. പ്രശ്നം അപരിഹാര്യമത്രേ. ഇനി പിന്നാമ്പുറത്തെ കണ്ണ് മാത്രമാണ് അവളുടെ കാഴ്ച നില നിർത്തുന്നത്. ഇനി എന്റെ സെൽഫി എടുത്ത് തരാൻ അവൾക്ക് കഴിയില്ല എന്നൊരു ദുഃഖം അവളെങ്ങനെ താങ്ങുമെന്നറിയില്ല. മുൻഭാഗത്തെ കണ്ണ് നിശ്ചലമായ പരിസ്ഥിതിയുമായി, വളരെ ബദ്ധപ്പെട്ട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ് അവളിപ്പോൾ!
***